Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

പ്രവാചകന്റെ ജീവിതോപാധികള്‍

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

         മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അവരുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും മാറ്റിയത് പ്രവാചകന്‍ ആവിഷ്‌കരിച്ച മുഹാജിര്‍-അന്‍സ്വാര്‍ സാഹോദര്യമെന്ന ആശയമായിരുന്നു. അതായത്, എല്ലാം നഷ്ടപ്പെട്ട് മക്കയില്‍ നിന്ന് അഭയാര്‍ഥിയായി വന്നയാളെ(മുഹാജിര്‍) മദീനയില്‍ നേരത്തെ സ്ഥിരതാമസമുള്ള വിശ്വാസികള്‍(അന്‍സ്വാര്‍) സഹായിക്കണം, അവര്‍ അഭയാര്‍ഥികളായി വന്നവരെ സ്വന്തം സഹോദരന്‍മാരായി കാണണം. അങ്ങനെ മദീനയിലെ ഓരോ കുടൂംബവും അഭയാര്‍ഥികളും തദ്ദേശവാസികളും ചേര്‍ന്ന കൂട്ടുകുടുംബമായിത്തീര്‍ന്നു. ഈ ഓരോ കൂട്ടു കുടുംബവും ഒന്നിച്ച് താമസിക്കുകയും ഒന്നിച്ച് തൊഴിലെടുക്കുകയും ചെയ്തു. അപ്പോള്‍ ഒരു ചോദ്യം ഉയരാം: എങ്ങനെയാണ് പ്രവാചകന്‍ ജീവിച്ചത്? അദ്ദേഹത്തിന്റെ ജീവിതമാര്‍ഗങ്ങള്‍ എന്തായിരുന്നു?

  ഒരു സ്വീഡിഷ് ഓറിയന്റലിസ്റ്റ് ഇങ്ങനെ എഴുതുകയുണ്ടായി: ''മുസ്‌ലിംകള്‍ വളരെ ദരിദ്രരായിരുന്നു. അവര്‍ കൊള്ളകള്‍ നടത്തി. ഭക്ഷിക്കാനൊന്നും ഇല്ലാതിരുന്നതിനാല്‍ അവര്‍ കച്ചവട സംഘങ്ങളെ ആക്രമിച്ചു. ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ പ്രവാചകന്‍ ആളുകളെ അയക്കാറുണ്ടായിരുന്നു''. ധാര്‍മിക വീക്ഷണകോണിലൂടെ നോക്കിയാല്‍ ഇസ്‌ലാമിനെതിരെ നടത്തിയ അതീവ ഗുരുതരമായ ഒരു ആരോപണമാണിത്. ഇസ്‌ലാം ജനങ്ങളോട് നീതി പുലര്‍ത്താനും സത്യസന്ധരാവാനും ആഹ്വാനം ചെയ്യുന്നു; പക്ഷെ അതിന്റെ അനുയായികള്‍ കൊള്ള ഉള്‍പ്പെടെ സകല വേണ്ടാവൃത്തികളും ചെയ്തിരുന്നു എന്നാണല്ലോ ഇതിന്റെ അര്‍ഥം. ഈ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. മദീനയിലെ തദ്ദേശീയരായ മുസ്‌ലിംകള്‍ക്ക് അവരുടേതായ ജീവിതമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നാം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. കൃഷി ചെയ്യാന്‍ അവര്‍ക്ക് ഭൂമിയുണ്ടായിരുന്നു, അവര്‍ക്ക് തോട്ടങ്ങളുണ്ടായിരുന്നു. മക്കയില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവര്‍ ഇവരുടെ മാതൃക പിന്തുടര്‍ന്നു. കൈത്തൊഴിലുകളില്‍ നൈപുണി ഉണ്ടായിരുന്നവര്‍ ചെരുപ്പുകുത്തികളായോ ആശാരിമാരായോ മൂശാരിമാരായോ ഒക്കെ ജോലി ചെയ്തു. അക്കാലത്ത് പ്രവാചകന്റെ ഉപജീവനമാര്‍ഗങ്ങള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളെല്ലാം മൗനം പാലിക്കുകയാണ്. അതിനാല്‍ ആദ്യം ആ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

മക്കയില്‍ നിന്ന് പ്രവാചകന്‍  മദീനയിലെത്തിയപ്പോള്‍ ആദ്യം താമസിച്ചിരുന്നത് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഖുബ എന്ന സ്ഥലത്തായിരുന്നു. ചില ചരിത്രകാരന്‍മാരുടെ വിവരണ പ്രകാരം അദ്ദേഹം അവിടെ മൂന്ന് ആഴ്ച താമസിച്ചിട്ടുണ്ട്. മറ്റൊരു ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുള്ളത് നാല് ദിവസമേ അവിടെ താമസിച്ചിട്ടുള്ളു എന്നാണ്. നാം ഈ അഭിപ്രായമാണ് സ്വീകരിക്കുന്നത്. അദ്ദേഹം അവിടെ ഒരു തിങ്കളാഴ്ച എത്തി, വെള്ളിയാഴ്ച വരെ തങ്ങുകയും ചെയ്തു. വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ശേഷം അവിടെ നിന്ന് ബനുന്നജ്ജാര്‍ ഗോത്രക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടെ താമസിക്കാനായി തെരഞ്ഞെടുത്തത് അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ വീടാണ്.

ഖുബയില്‍ താമസിച്ച ദിവസങ്ങളില്‍ വളരെ ആദരവോടെയും ആവേശത്തോടെയുമാണ് തദ്ദേശീയര്‍ പ്രവാചകന് ആതിഥ്യമരുളിയത്. പിന്നെ അദ്ദേഹം ബനുന്നജ്ജാര്‍ കോളനിയിലെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തെ സ്വീകരിച്ചത് സ്വന്തം പിതാമഹന്റെ ഉമ്മയുടെ കുടുംബക്കാര്‍. അതായത് നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ മാതാവ് മദീനയിലെ ബനുന്നജ്ജാര്‍ കുടുംബക്കാരിയായിരുന്നു. ഇങ്ങനെയൊരു കുടുംബ ബന്ധം പ്രവാചകന് മദീനക്കാരുമായി നേരത്തെ ഉണ്ട്. പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ മരണശേഷം ഈ കുടുംബവുമായി പ്രവാചകന്റെ കുടുംബം അടുത്ത ബന്ധം പുലര്‍ത്തിവരികയും ചെയ്തിരുന്നു.പ്രവാചകന്റെ പിതൃസഹോദരന്‍ അബ്ബാസ് വടക്കോട്ടേക്ക്(സിറിയയിലേക്കും മറ്റും) യാത്ര പോകുമ്പോഴോ അല്ലെങ്കില്‍ മക്കയിലേക്ക് തിരിച്ച് വരുമ്പോഴോ മദീനയിലിറങ്ങുകയും ഈ കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്യാറുണ്ടായിരുന്നു.    

ഇത് 'സ്വഹീഹ് ബുഖാരി'യില്‍ വന്ന കാര്യമാണ്. ഇമാം ബുഖാരി മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്. ബനുന്നജ്ജാറിലെത്തി പ്രവാചകന്‍ അബൂഅയ്യൂബില്‍ അന്‍സ്വാരിയുടെ വീട്ടില്‍ താമസിച്ചത് അദ്ദേഹം തന്റെ പിതാമഹിയുടെ കുടുംബക്കാരില്‍ ഒരാളായത് കൊണ്ടാണ്. പ്രവാചകന്‍ താമസിക്കുന്നത് തന്റെ കുടുംബക്കാരുടെ കൂടെയാണെങ്കില്‍ അവിടുന്ന് ജീവിതച്ചെലവുകള്‍ക്ക് എങ്ങനെ മാര്‍ഗം കണ്ടു എന്ന ചോദ്യം ഉത്ഭവിക്കുന്നില്ലല്ലോ. മഹാനായ ഒരു അതിഥി തങ്ങളോടൊപ്പം താമസിക്കുന്നത് വലിയൊരു ആദരവും ബഹുമാനവുമായിട്ടാവും അവര്‍ കണ്ടിട്ടുണ്ടാവുക.

ഏതാനും മാസങ്ങളാണ് പ്രവാചകന്‍ ഈ വീട്ടില്‍ താമസിച്ചത്. അപ്പോഴേക്കും ഒരു വലിയ പള്ളി ഉണ്ടാക്കാന്‍ അദ്ദേഹം നിര്‍ദേശം കൊടുത്ത് കഴിഞ്ഞിരുന്നു. മദീനയിലുടനീളം മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. താന്താങ്ങളുടെ നാട്ടിലെ പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നവര്‍ വരെ പ്രവാചകന്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന മദീനാപള്ളിയിലേക്ക് ഒഴുകാന്‍ തുടങ്ങി. ആയതിനാല്‍ ചെറിയ പള്ളി പണിതാല്‍ മതിയാവുകയില്ല. അതിനാലാണ് സാമാന്യം വലിയ പള്ളി തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഈ പള്ളിയില്‍ പ്രവാചകന് താമസിക്കാനായി ചില മുറികള്‍ സൗകര്യപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ മുഴുവന്‍ കുടുംബവും പ്രവാചകനോടൊപ്പം ഉണ്ടായിരുന്നില്ല. ഭാര്യ സൗദ മാത്രമായിരുന്നു ആദ്യം ഒപ്പമുണ്ടായിരുന്നത്. പിന്നീട് മറ്റൊരു ഭാര്യയായ ആഇശ എത്തിച്ചേര്‍ന്നു. രണ്ട് പേര്‍ക്കും വെവ്വേറെ മുറികള്‍ സൗകര്യപ്പെടുത്തി. നബിയുടെ പെണ്‍മക്കളായ റുഖിയ്യക്കും ഫാത്തിമക്കും ഒരു മുറി നല്‍കി.പിന്നെയും പ്രവാചകന്‍ വിവാഹങ്ങള്‍ ചെയ്തതിനാല്‍ ആ ഭാര്യമാര്‍ക്കുള്ള സൗകര്യവും മദീനാപള്ളിയില്‍ തന്നെ ഏര്‍പ്പെടുത്തി. മാരിയത്തുല്‍ ഖിബ്തിയ്യ, സൗദ എന്നീ ഭാര്യമാര്‍ക്ക് പള്ളിയില്‍ നിന്ന് അല്‍പ്പം മാറി പ്രത്യേക താമസസൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

പ്രവാചകന്റെ ജീവിതമാര്‍ഗങ്ങള്‍ എന്തായിരുന്നു? ഇതാണല്ലോ നാം ചര്‍ച്ച ചെയ്ത് വന്നത്. മദീനയില്‍ പ്രവാചകന്റെ സഹായികളായി നിന്നവര്‍ (അന്‍സ്വാര്‍) മിക്കവരും സമ്പന്നരായ കര്‍ഷകരായിരുന്നു. അവര്‍ അവരുടെ തോട്ടത്തിലെ ഒരു ഫലവൃക്ഷം (ഈന്തപ്പന) പ്രവാചകന് വേണ്ടി മാറ്റിവെച്ചിരുന്നു. പ്രവാചകന്റെ അനുവാദത്തോടെ തന്നെയായിരുന്നു ഇങ്ങനെ ചെയ്തത്. ഈ ഈന്തപ്പനകളില്‍ നിന്ന് വിളവെടുപ്പ് കാലത്ത് ലഭിക്കുന്ന കാരക്കകള്‍ പ്രവാചകന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കും. കാരക്കകള്‍ വീട്ടാവശ്യത്തിനുള്ളതിനേക്കാള്‍ കൂടുതലുണ്ടെങ്കില്‍ പാവങ്ങള്‍ക്കോ അതിഥികള്‍ക്കോ വിതരണം ചെയ്യും. 'ഞങ്ങളുടെ വീട്ടില്‍ ചിലപ്പോള്‍ മാസങ്ങളോളം കാരക്കയും വെള്ളവും മാത്രമായിരിക്കും ഭക്ഷണം, അപ്പോള്‍ അടുപ്പിലൊന്നും പാചകം ചെയ്യാറില്ല' എന്ന് നബി പത്‌നി ആഇശ പറഞ്ഞതായി ചരിത്രകാരന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്. തനിക്ക് വേണ്ടി നീക്കിവെച്ച ഈന്തപ്പനകളില്‍ നിന്നുള്ള കാരക്കകളല്ലാതെ മറ്റൊരു വരുമാനവും പ്രവാചകന് ഇല്ലാത്ത ഒരു സന്ദര്‍ഭത്തെക്കുറിച്ചായിരിക്കാം ആ പരാമര്‍ശം. പ്രവാചകന്റെ കുടുംബം വലുതാകുന്നതിനനുസരിച്ച് വീട്ടാവശ്യങ്ങളും കൂടിവന്നു. പ്രവാചകന്‍ വീട്ടാവശ്യത്തിന് ഏതാനും ആടുകളെ വാങ്ങിയിരുന്നതായി  ചരിത്രത്തില്‍ വന്നിട്ടുണ്ട്. ചിലപ്പോള്‍ ഈ ആടുകളെ പ്രവാചകന്‍ വാങ്ങിയതായിരിക്കില്ല, അനുയായികളാരെങ്കിലും സമ്മാനമായി നല്‍കിയതായിരിക്കാം. ചില സമ്മാനങ്ങള്‍ പ്രവാചകന്‍ സ്വീകരിക്കാറുണ്ടായിരുന്നു.

തുടക്കത്തില്‍ പ്രവാചകന്ന് ഒരാടാണ് ഉണ്ടായിരുന്നത്. പിന്നീടത് പത്തെണ്ണമായി. ഒരു പെണ്ണൊട്ടകവും ഉണ്ടായിരുന്നു. അതിന്റെ എണ്ണം പിന്നീട് നാലായി ഉയര്‍ന്നു. മദീനാ പ്രാന്തത്തില്‍ കാലികള്‍ക്ക് മേയാന്‍ പ്രത്യേക സ്ഥലമുണ്ടായിരുന്നു. ഈ കാലികളെ പ്രവാചകന്റെ ഒരു അനുചരന്‍ സ്വമേധയാ മേയ്ക്കുകയും അവയുടെ പാല്‍ പ്രവാചകന്റെ വീട്ടില്‍ എത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബനുന്നജ്ജാര്‍ ഗോത്രത്തിലെ പ്രവാചകന്റെ അടുത്ത ബന്ധു സഅ്ദ് ബ്‌നു ഉബാദ സ്ഥിരമായി പച്ചക്കറികള്‍, മാംസം പോലുള്ള ഭക്ഷണസാധനങ്ങള്‍ പ്രവാചക ഭവനത്തില്‍ എത്തിക്കാറുണ്ടായിരുന്നു. നല്ല പണക്കാരനായിരുന്നു സഅ്ദ് ബ്‌നു ഉബാദ. ചിലപ്പോള്‍ എണ്‍പതാളുകളെ വരെ അദ്ദേഹം തന്റെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു.

ഒറ്റക്ക് ആഹരിക്കുന്നത് പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.  അപ്പോള്‍ ഹാജരുള്ള എല്ലാവരെയും അദ്ദേഹം ഭക്ഷണത്തിന് ക്ഷണിക്കും. കാരക്കയും വീട്ടില്‍ വെച്ച് പാകം ചെയ്തതോ അനുയായികള്‍ കൊടുത്തയച്ചതോ ആയ ഭക്ഷണവുമാണ് വിളമ്പുക. അല്‍പ്പം കഴിഞ്ഞപ്പോള്‍ മറ്റൊരു ധനാഗമ മാര്‍ഗം കൂടി പ്രവാചകന് തുറന്ന് കിട്ടി. ഹിജ്‌റ രണ്ടാം വര്‍ഷം മുതല്‍ ശത്രുക്കളുമായി ഇടക്കിടെ യുദ്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. യുദ്ധം വഴി ലഭിക്കുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് സ്റ്റേറ്റ് ട്രഷറിയിലേക്ക് പോകും, ബാക്കി അഞ്ചില്‍ നാല് ഭാഗവും പട്ടാളക്കാര്‍ക്കിടയില്‍ വീതിക്കുകയാണ് ചെയ്തിരുന്നത്. മിക്ക യുദ്ധങ്ങളിലും പ്രവാചകന്‍ നേരിട്ട് തന്നെ പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ രണ്ട് വരുമാന സ്രോതസ്സുകള്‍ ഇവിടെ പ്രവാചകന് ലഭിക്കുന്നുണ്ട്. യുദ്ധത്തില്‍ പങ്കെടുത്ത ഭടന്‍ എന്ന നിലക്കുള്ള വിഹിതം മറ്റേത് ഭടനെയും പോലെ അദ്ദേഹത്തിനുമുണ്ടാവും. രാഷ്ട്ര നായകനെന്ന നിലക്ക് ട്രഷറിയിലേക്ക് വരുന്ന അഞ്ചിലൊന്ന് വിഹിതമാണ് മറ്റൊന്ന്. തനിക്ക് കിട്ടുന്ന വിഹിതം മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷെ പൊതു ഖജനാവില്‍ നിന്ന് ഒരു പൈസയും അദ്ദേഹം സ്വന്തം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടില്ല. പൊതുഖജനാവിലെ തുകയത്രയും രാജ്യരക്ഷ പോലുള്ള കാര്യങ്ങള്‍ക്ക് നീക്കിവെക്കുകയായിരുന്നു. ഇനി പ്രവാചകന്റെ വീട്ടാവശ്യങ്ങള്‍ക്കും മറ്റും പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കേണ്ടതായി വന്നാല്‍ പ്രവാചകന്റെ അനുമതി പ്രകാരം യുദ്ധമുതലില്‍ നിന്ന് നീക്കിവെച്ച ഭാഗമായിരിക്കും അതിന് വേണ്ടി ഉപയോഗിക്കുക.

സകാത്ത് ഫണ്ടുകള്‍ ഒരു കാരണവശാലും പ്രവാചകന്റെയോ കുടുംബത്തിന്റെയോ ബനൂ ഹാശിം, ബനുല്‍ മുത്ത്വലിബ് പോലുള്ള വിശാല കുടുംബത്തിന്റെയോ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നില്ല. ഇസ്‌ലാമല്ലാത്ത മറ്റൊരു സിദ്ധാന്തവും സ്‌റ്റേറ്റിന്റെ വരുമാനം ഭരണാധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് പറയുന്നില്ല. തന്റെ വിഹിതമായി ലഭിച്ച യുദ്ധമുതലുകളില്‍ നിന്ന് മാത്രമാണ് പ്രവാചകന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത്. 'യുദ്ധമുതലുകള്‍ അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാണ്' എന്ന് ഖുര്‍ആന്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ടല്ലോ (8:1). പൊതുഖജനാവല്ല അവിടെ ഉദ്ദേശിച്ചത്, 'യുദ്ധമുതലുകള്‍ മാത്രമാണ്. യുദ്ധമുതലുകളില്‍ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ ദൂതന്നും ആവശ്യക്കാര്‍ക്കും വഴിപോക്കര്‍ക്കും.....' എന്ന് മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നുണ്ട് (8:41). യുദ്ധമുതലിന്റെ ഒരംശം മാത്രം തന്റെ ആവശ്യങ്ങള്‍ക്കായി ചെലവിടുന്ന പ്രവാചകന്‍ സകാത്തില്‍ നിന്ന് യാതൊന്നും സ്വീകരിക്കുമായിരുന്നില്ല.

   ഇങ്ങനെ വളരെ അരിഷ്ടിച്ചാണ് പ്രവാചകന്‍ മദീനയില്‍ കഴിഞ്ഞ് വന്നത്. മക്കാജീവിത കാലത്ത് ഇതായിരുന്നില്ല സ്ഥിതി. മക്കയില്‍ അദ്ദേഹത്തിന് അനന്തരാവകാശമായി കുറച്ച് സ്വത്ത് ലഭിച്ചിരുന്നു;  ഭാര്യ ഖദീജയുടെയും സ്വത്ത് അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹം സ്വയം ഒരു കച്ചവടക്കാരന്‍ കൂടിയായിരുന്നല്ലോ. മദീനയില്‍ ഈ അവസ്ഥക്ക് വലിയ മാറ്റമുണ്ടായി. മദീനാവാസത്തിന്റെ ആദ്യദിനങ്ങളില്‍ അദ്ദേഹം ഒരു അതിഥിയായിരുന്നു. പിന്നെ ഈന്തപ്പനകളും മറ്റും അദ്ദേഹത്തിന് വേണ്ടി നീക്കിവെക്കപ്പെടാന്‍ തുടങ്ങിയതോടെ ആ നിലക്ക് ചില്ലറ വരുമാനങ്ങള്‍ ഉണ്ടായി. യുദ്ധമുതലുകളായിരുന്നു മറ്റൊരു വരുമാനമാര്‍ഗം. മുഖയ്‌രിഖ് എന്ന ജൂതനെക്കുറിച്ച് മുസ്‌ലിം ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം തന്റെ വില്‍പത്രത്തില്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ടായിരുന്നു: യുദ്ധത്തില്‍ താന്‍ കൊല്ലപ്പെടുന്ന പക്ഷം തന്റെ തോട്ടങ്ങളെല്ലാം പ്രവാചകന് നല്‍കണം. അദ്ദേഹത്തിന് ഏഴ് തോട്ടങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിലെ വരുമാനവും പ്രവാചകന് ലഭിച്ചു. ആദ്യകാല മദീനാവാസത്തിന്റെ സാമ്പത്തിക കഷ്ടപ്പാടുകളില്‍ നിന്ന് കരകയറിയത് ഇങ്ങനെയെല്ലാമാണ്.

(തുടരും)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം