Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

ഉയിഗൂര്‍ വംശത്തിന്റെ ആത്മകഥ

മുഹമ്മദ് അനീസ്/ പുസ്തകം

         ചൈനയുടെ വടക്കുപടിഞ്ഞാറ് സിന്‍ചിയാങ് പ്രവിശ്യയിലാണ് ഉയിഗൂറുകള്‍ ഭൂരിപക്ഷവും ജീവിക്കുന്നത്. തുര്‍ക്കി, കസാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പെ ചൈനയിലെത്തിയവരാണ് ഉയിഗൂര്‍ വംശജരുടെ പൂര്‍വ്വപിതാക്കള്‍. പ്രത്യേക ആചാരങ്ങളും സാംസ്‌ക്കാരിക അടയാളങ്ങളും കാത്ത് സൂക്ഷിക്കുന്ന ഇവര്‍ വിശ്വാസപരമായി അധികപേരും മുസ്ലിംകളാണ്. ഇവര്‍ക്കെതിരെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും, അവരുടെ അകമഴിഞ്ഞ പിന്തുണയോടെ ഹാന്‍ വംശീയവാദികളും നടത്തുന്ന അതിക്രമങ്ങള്‍ ഇടവേളകളില്‍ മാത്രം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നു. ഉയിഗൂറുകളുടെ സമാധാനപരമായ പോരാട്ടത്തിന് ആഗോള നേതൃത്വം നല്‍കുന്നത് ഇപ്പോള്‍ അമേരിക്കയിലെ വാഷിങ്ടണില്‍ കഴിയുന്ന റബിയ ഖദീര്‍ എന്ന സ്ത്രീയാണ്.
അനാഥ ബാലികയായി വളര്‍ന്ന്, അലക്ക് ജോലികള്‍ ചെയ്ത്, തന്റെ ചുറ്റുമുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി, വന്‍ വ്യവസായ ശൃംഖലകളുടെ അധിപയായും, കഷ്ടപെടുന്ന തന്റെ ജനതയുടെ പ്രയാസങ്ങളെ ദൂരീകരിക്കാന്‍ അവരുടെ വിശ്വാസവും പ്രതീക്ഷയും ചുമലിലേറ്റിയതു വഴി അവരുടെ അനിഷേധ്യ നേതാവായും ഉയര്‍ന്ന ആ ധീരവനിതയുടെ ആത്മകഥയാണ് DRAGON FIGHTER One Woman's Epic Struggle for Peace With China (വ്യാളി പോരാളി: ചൈനയുമായി സമാധാനത്തിനു വേണ്ടി ഒറ്റയാള്‍ സ്ത്രീയുടെ ഐതിഹാസിക സമരം).
അധിനിവേശം, രാഷ്ട്രീയ നേതാക്കളുടെ തിരോധാനം, ഹാന്‍ വംശജരുടെ അനധികൃത കുടിയേറ്റം, ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള വിലക്ക് എന്നിങ്ങനെ പല രീതിയില്‍ കമ്യൂണിസ്റ്റ് ഭരണകൂടം ഉയിഗൂര്‍ ജനതയെ ദശാബ്ദങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ദലൈ ലാമക്ക് നോബല്‍ സമ്മാനം നല്‍കിയും വൈറ്റ് ഹൗസില്‍ സ്വീകരണം നല്‍കിയും തിബത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അമേരിക്കയും ഇതര പാശ്ചാത്യരാഷ്ട്രങ്ങളും ചിലതെങ്കിലും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉയിഗൂര്‍ വംശജരുടെ കാര്യത്തില്‍ സമാനമായതൊന്നും സംഭവിച്ചില്ല. ഈ പുസ്തകത്തിലൂടെ അനാവൃതമാവുന്നത് കഴിഞ്ഞ ആറ് ദശാബ്ദങ്ങളിലായി കമ്യൂണിസ്റ്റ് ചൈനയില്‍ നടമാടുന്ന നെറികേടുകളാണ്.
ഭരണകൂട രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആറു വര്‍ഷത്തെ ഏകാന്ത തടവുശിക്ഷ അനുഭവിച്ചതിനു ശേഷം 2005-ല്‍ അവര്‍ നേരിട്ട വിചാരണയുടെ വിവരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ''എനിക്കുള്ള ശിക്ഷ നേരത്തേ തീരുമാനിക്കപ്പെട്ടതാണെന്നറിയാം. എന്റെ വിചാരണയും മറ്റേതൊരു ഉയിഗൂറിനെയും പോലെ പ്രഹസനമായിരിക്കും. എന്റെ ജനങ്ങളുടെ പ്രതീക്ഷയുടെ അടയാളമാവാന്‍ ഞാന്‍ മരിക്കാന്‍ തയാറാണ്. ഞാന്‍ നിര്‍ഭയയായിരിക്കും- എനിക്ക് വേണ്ടിയല്ലെങ്കില്‍, എന്റെ കുടുംബത്തിനും ജനതക്കും വേണ്ടി.''
രഹസ്യവിചാരണയില്‍ പ്രതിയുടെ വാദങ്ങളന്വേഷിച്ച കോടതിയോട് അവരുടെ പ്രതികരണം പുസ്തകത്തിലിങ്ങനെ വായിക്കാം: ''എന്റെ വിശ്വാസത്തില്‍ നീതിയുടെ ജീവിതമാണ് ഞാന്‍ നയിച്ചത്. ചൈനയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ചൈനക്കാരും ഉയിഗൂറുകളുമായ പാവപ്പെട്ടവരെയും അനാഥരെയും ഞാന്‍ സാമ്പത്തികമായി പിന്തുണച്ചിട്ടുണ്ട്. ഇരുമ്പ് ഉള്‍പ്പെടെ രാജ്യത്തിനവശ്യമാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഞാന്‍ ഇറക്കുമതി ചെയ്തു. ഒരുപാട് ചൈനീസ് കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കി അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്തി. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയില്‍ ഉയിഗൂര്‍ സാധാരണക്കാരുടെ ആവശ്യങ്ങളും ആശങ്കകളും സര്‍ക്കാരിനെ അറിയിച്ചു. ഉയിഗൂര്‍ ജനത അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഞാനും അനുഭവിക്കുന്നതാണ്. ഇന്ന് ഞാന്‍ ഈ കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നത് ഉയിഗൂറുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാകുമെന്ന് എനിക്കുറപ്പുണ്ട്.''
വധശിക്ഷ പ്രതീക്ഷിച്ചിരുന്നതെങ്കിലും, അമേരിക്കയുടെയും മറ്റും നയതന്ത്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന്, തടവുശിക്ഷയായി ലഘൂകരിക്കപ്പെടുകയായിരുന്നു. പിന്നീട് പല രീതിയിലുള്ള സമ്മര്‍ദങ്ങളാല്‍ അവരെ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും, റബിയയുടെ അടങ്ങാത്ത ഇഛാശക്തിക്കു മുന്നില്‍ അവയൊന്നും വിലപ്പോയില്ല. അവരുടെ പതിനൊന്ന് മക്കളില്‍ രണ്ട് ആണ്‍കുട്ടികള്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ ചൈനയില്‍ തടവ് ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തലമുറകളായി പകര്‍ന്ന് കിട്ടിയ ഊര്‍ജവും ധൈര്യവുമാണ് ഈ പെണ്‍കരുത്തിലൂടെ പ്രവഹിക്കുന്നതെന്ന് തങ്ങളുടെ തലമുറകളുടെ ചരിത്രം അവര്‍ പറയുമ്പോള്‍ നമുക്ക് മനസ്സിലാകും.
നിരന്തരമായ പലായനങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ഉയിഗൂറുകളുടേത്. റബിയയുടെ പൂര്‍വപിതാക്കളും രാഷ്ട്രീയ അസ്വാരസ്യങ്ങളെ തുടര്‍ന്ന് കോത്താനില്‍ നിന്ന് ഗുല്‍ജയിലേക്ക് പലായനം ചെയ്ത് എത്തിയവരാണ്. റബിയയുടെ പിതാവാകട്ടെ ഉയിഗൂര്‍ എപ്പോഴൊക്കെ അധിനിവേശം ചെയ്യപ്പെട്ടോ, അപ്പോഴൊക്കെ അധിനിവേശ പോരാട്ടങ്ങളിലേര്‍പ്പെട്ടു. കൂടാതെ തന്റെ മക്കള്‍ക്ക് ആണ്‍-പെണ്‍ വിവേചനമില്ലാതെ പോര്‍കഥകള്‍ ചൊല്ലികൊടുത്ത് ആവേശം പകര്‍ന്നു. കൂട്ടത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇപര്‍ഹാന്‍ എന്ന ചരിത്രവനിതയുടെ കഥ തന്റെ പിതാവ് പറഞ്ഞുകൊടുത്തത് റബിയ ഉദ്ധരിക്കുന്നുണ്ട്: കശ്ഗര്‍ എന്ന ഉയിഗൂര്‍ നേതാവിന്റെ മകളായി ജനിച്ച ഇപഹാര്‍, സുന്ദരിയായിരുന്നു. ശരീരത്തിന് ദിവ്യസുഗന്ധമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന അവര്‍ക്ക് പുരുഷന്മാരെ വെല്ലുന്ന ആര്‍ജവമായിരുന്നു. ഉയിഗൂര്‍ മേഖല അധിനിവേശം നടത്തിയ മാഞ്ചു സൈനികരെ അവര്‍ സധൈര്യം നേരിട്ടു. യുദ്ധത്തില്‍ കീഴടക്കപ്പെട്ട അവരെ ബീജിങ്ങിലെ കൊട്ടാരത്തിലെ അന്തപുരത്തിലെത്തിച്ചെങ്കിലും മാഞ്ചു രാജാവായ ഖിആങ്‌ലോങിന് അവരെ പ്രാപിക്കാനായില്ല. വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച കഠാര കൊണ്ട് തന്നെ അപായപ്പെടുത്താന്‍ വന്നവരെയൊക്കെ ഇപര്‍ഹാന്‍ വകവരുത്തി. കൊട്ടാരസംഗീതജ്ഞരെയും നൃത്തക്കാരെയും കാഴ്ചവെച്ച് വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.രാജാവിന്റെ എല്ലാ സമ്മാനങ്ങളും നിരാകരിച്ച് അവര്‍ ഒടുവില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മരണം വരിക്കാന്‍ തീരുമാനിച്ചു. തീരെ അവശനിലയിലായ അവരുടെ മനോധൈര്യം കണ്ട് മനസ് പതറിയ രാജാവ് ഒടുവില്‍ അവരുടെ അന്ത്യാഭിലാഷം ആരാഞ്ഞു. അവര്‍ പറഞ്ഞു: എന്റെ മൃതദേഹം എന്റെ പരമ്പരാഗത വസ്ത്രം കൊണ്ട് പൊതിയുക, എന്റെ മാതൃരാജ്യത്ത് സംസ്‌കരിക്കുക. രാജാവ് അവരുടെ ആഗ്രഹം സഫലീകരിച്ചുവെന്നും അവരുടെ ശവകുടീരം അബാഗ് ഹോജയില്‍ ഇന്നും ഉണ്ടെന്നുമാണ് കഥ.
ഇപര്‍ഹാന്റേതിനു സമാനമോ, അതിനേക്കാള്‍ സാഹസികമോ ആണ് റബിയ ഖദീറിന്റെ ജീവിതമെന്നതിന് ഈ ആത്മകഥ തെളിവ്. വധശ്രമങ്ങളും, ഭീഷണികളും അവര്‍ നേരിട്ടു. മക്കളെയും ഭര്‍ത്താവിനെയും അടിച്ചമര്‍ത്തല്‍ ഭരണകൂടം തടവിലാക്കി. പക്ഷേ ഉയിഗൂറിനോടുള്ള തന്റെ പ്രതിബദ്ധത വ്യക്തിപരമായ എന്തുതന്നെ നഷ്ടം സംഭവിച്ചാലും മാറ്റിവെക്കാനാവുന്നതല്ലെന്ന് അവര്‍ ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ''ലോകത്തുടനീളമുള്ള 20 കോടി ഉയിഗൂറുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്... ഉയിഗൂറുകളുടെ മാതാവാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരുടെ അസുഖത്തിന് ശമനമാവാന്‍, അവരുടെ കണ്ണീരൊപ്പുന്ന കൈലേസാവാന്‍, പേമാരിയില്‍ നിന്നും അവരെ രക്ഷിക്കുന്ന കവചമാവാന്‍. എന്റെ പേരു റബിയ ഖദീര്‍.''
അധികാരശക്തികള്‍ എത്ര തന്നെ ശ്രമിച്ചിട്ടും റബിയയെ നിശ്ശബ്ദയാക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് കിട്ടുന്ന ഏതു പ്രശസ്തിയും ചൈനീസ് ഭരണകൂടം ഭയന്നു. 2000-ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അവാര്‍ഡിനും, 2004-ല്‍ റാഫ്‌റ്റോ ഫൗണ്ടേഷന്‍ അവാര്‍ഡിനും അര്‍ഹയായ അവര്‍ 2000-ലും പല വര്‍ഷങ്ങളിലും നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് അവാര്‍ഡ് ലഭിക്കാതിരുന്നത് ചൈനീസ് അധികൃതര്‍ അവാര്‍ഡ് നിര്‍ണേതാക്കളുടെ മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതു കൊണ്ടാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. റബിയയുടെ പുസ്തകത്തിന് അവതാരിക എഴുതിയ ദലൈ ലാമക്ക് നൊബേല്‍ ലഭിച്ചപ്പോള്‍ തിബത്തന്‍ ജനതയുടെ പീഡന പര്‍വങ്ങള്‍ ലോകമറിഞ്ഞു. അപ്പോഴും, അതിനു ശേഷവും ആരും ഉയിഗൂര്‍ ജനതയെ ഗൗനിച്ചില്ല. ഈ വിവേചനത്തെ കുറിച്ച് പുസ്തകത്തില്‍ പറയുന്നു: ''രാഷ്ട്രീക്കാരും മനുഷ്യാവകാശ സംഘടനകളും തിബത്തിനു വേണ്ടി സജീവമായിരുന്നു. ഉയിഗൂറിലെ സ്ഥിതിയും അതിനു തുല്യമായിരുന്നു. പക്ഷേ, ചൈനീസ് അധിനവേശത്തിനു കീഴിലുള്ള, ഒരേ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായിരുന്നിട്ടും രണ്ടു കൂട്ടരോടുമുള്ള വിദേശസമീപനം രണ്ടു തട്ടിലാവുക അസാമാന്യം തന്നെ.''
സമാധാന പോരാട്ടങ്ങളുടെ ഈ റാണി തന്റെ ജീവിതത്തില്‍ അതിജീവിച്ച പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും വായിക്കുമ്പോള്‍, നമ്മിലും ആ പ്രത്യാശ മുളപൊട്ടും; ഉയിഗൂര്‍ തങ്ങളുടെ സ്വതന്ത്ര അസ്തിത്വം പ്രഖ്യാപിക്കുന്ന ഒരു കാലം വരികതന്നെ ചെയ്യുമെന്ന്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം