Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

അവകാശങ്ങളെ ഓര്‍ക്കുമ്പോള്‍ ബാധ്യതകളെ മറക്കാതിരിക്കുക

മുഹമ്മദുല്‍ ഗസ്സാലി/ ലേഖനം

         സ്വന്തത്തോടുള്ള പ്രേമം മനുഷ്യനില്‍ ആഴത്തില്‍ വേരുറച്ചതാണ്. അതവനില്‍ സ്ഥായിയായി നിലനില്‍ക്കുന്നു. ചിലര്‍ കരുതുന്ന പോലെ, അതൊരു ദുഷിച്ച സ്വഭാവമല്ല. നാഗരിക വളര്‍ച്ചയുടെയും പുരോഗതിയുടെയുമെല്ലാം വേര് ചെല്ലുന്നത് അതിലേക്കാണ്. ആനന്ദമുണ്ടാക്കുന്നവ ഇഷ്ടപ്പെടുക, ദുഃഖമുണ്ടാക്കുന്നവ വെറുക്കുക, നേട്ടങ്ങള്‍ അന്വേഷിക്കുക, ഉപദ്രവങ്ങള്‍ ഒഴിവാക്കുക എന്നാണതിന്റെ മനഃശാസ്ത്രം. വളര്‍ച്ചയുടെയും ശാസ്ത്രപുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും പിന്നിലെ രഹസ്യവും അതാണ്.
എന്നാല്‍, സ്വന്തത്തെക്കുറിച്ച തോന്നലുകള്‍ പരിധിവിട്ടാല്‍ അപകടമാണ്. അത് മറ്റുള്ളവരില്‍ നിന്ന് അവനെ മറച്ചുകളയും. ലോകം തനിക്ക് സ്വന്തമാണെന്ന് അവന്‍ വിചാരിക്കും. തന്റെ കാര്യങ്ങള്‍ വലുതും മറ്റുള്ളവരുടേത് നിസ്സാരവും എന്നു തോന്നും. ദുരഭിമാനത്തിന്റെയും ആര്‍ത്തിയുടെയും തടിച്ച ചങ്ങലകള്‍ അവന്റെ ചിന്തകളെ വലയം ചെയ്യും. അങ്ങനെ തന്‍പോരിമ വളര്‍ന്നുവലുതാകും. പിന്നീടത് ചീഞ്ഞൊലിക്കുന്ന വ്രണമാകും. ഒടുവില്‍ അവന്‍ പറയും, 'ഞാനാണ് നിങ്ങളുടെ രക്ഷിതാവ്.'
സ്വന്തത്തോടുള്ള സ്‌നേഹം പരിധിവിട്ടാല്‍ അത് നാശത്തിലേക്കാണ് മനുഷ്യനെ എത്തിക്കുക. അങ്ങനെയുള്ളവര്‍ അധികാരത്തിലും ഉന്നത സ്ഥാനങ്ങളിലുമെത്തിയാല്‍ സാംസ്‌കാരികമായ അധഃപതനമായിരിക്കും ഫലം. ഞാനെന്ന ഭാവം മൃഗതുല്യമായ ഒരു അലങ്കാരമാണ്. ദുരഭിമാനികള്‍ ഏതൊരു സമൂഹത്തിനും ശാപമായി ഭവിക്കും. ഉല്‍കൃഷ്ട സ്വഭാവങ്ങളും നന്മകളും ആ അഗ്നിയില്‍ കത്തിച്ചാമ്പലാകും. വ്യക്തിയെയും സമൂഹത്തെയും അത് ഉരുക്കിക്കളയും.
'ഞാന്‍' എന്ന് പ്രയോഗിക്കേണ്ടിവരും ചിലപ്പോള്‍. ചില യാഥാര്‍ഥ്യങ്ങള്‍ ചിന്തയില്‍ ഉറപ്പിക്കാന്‍ അത് നല്ലതാണ്. അപ്പോഴത് സ്വാര്‍ഥതയോ വെറുപ്പോ ഉണ്ടാക്കുന്നില്ല. ഇഷ്ടത്തോടാണ് അത് ചേര്‍ന്ന് നില്‍ക്കുന്നത്. കുടുസ്സായ ഒന്നുമായും അതിന് ബന്ധമുണ്ടാവുകയില്ല. അല്ലാഹു പറഞ്ഞു: ''താങ്കള്‍ അവരോട് തീര്‍ത്തുപറഞ്ഞേക്കുക: എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നു'' (യൂസുഫ് 108). പ്രവാചകന്‍ പറഞ്ഞു: ''ഞാന്‍ പ്രവാചകനാണ്, കളവ് പറയില്ല. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണ്'' (ബുഖാരി). ഇവിടെ 'ഞാന്‍' എന്ന പദം സത്യത്തിന് പിന്‍ബലമേകാനും വിശ്വാസത്തിന് ശക്തിപകരാനുമാണ് ഉപയോഗിച്ചിരിക്കുന്നത്. താന്‍ ബാധ്യത നിര്‍വഹിക്കും എന്ന കരാറിന്റെ പുതുക്കലാണത്. ഒരു ഹദീസിലിങ്ങനെ കാണാം: ''നിങ്ങളില്‍ അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും അറിയുന്നവനും ഞാനാകുന്നു'' (ബുഖാരി, മുസ്‌ലിം). ഇവിടെ 'ഞാന്‍' അഹങ്കാരത്തിന്റെയോ തന്‍പോരിമയുടെയോ പ്രകടനമല്ല. അങ്ങനെയൊരു അര്‍ഥം അതിന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. ഉദാത്ത മാതൃകയായി അവലംബിക്കാവുന്ന ഒരു കേന്ദ്രത്തെ നിര്‍ണയിച്ച് തരികയാണ് ഇവിടെ.
യഥാര്‍ഥ മുസ്‌ലിം, സമൂഹത്തിന് പ്രയോജനപ്പെടുന്നവനായിരിക്കും. അഹന്തയും ദുരഭിമാനവും അവനില്‍ ഉണ്ടാവുകയില്ല. നന്മകളാല്‍ നിറഞ്ഞിരിക്കും അവന്റെ ജീവിതം. അവനെപ്പോഴും സത്യത്തിന്റെ കിരണമാകും. അനുഗ്രഹത്തിന്റെയും പുണ്യത്തിന്റെയും താങ്ങാകും. അകന്നവനെ അടുപ്പിക്കും. പ്രയാസങ്ങള്‍ ദൂരീകരിക്കും. മറ്റുള്ളവര്‍ക്ക് താങ്ങും തണലുമാകും. മനസ്സില്‍ മറ്റുള്ളവരോട് സ്‌നേഹം നിറഞ്ഞൊഴുകും.
പ്രവാചകന്‍ പറഞ്ഞു. ''ഒരോ മുസ്‌ലിമിനും ദാനം നിര്‍ബന്ധമാണ്. സദസ്യര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ദാനം ചെയ്യാനൊന്നും കിട്ടിയില്ലെങ്കിലോ? അവിടുന്ന് പറഞ്ഞു: ജോലി ചെയ്യൂ. എന്നിട്ട് സ്വന്തമാവശ്യത്തിന് ഉപയോഗിക്കുകയും പിന്നീടതില്‍ നിന്ന് ദാനം നടത്തുകയും ചെയ്യൂ. അവര്‍ ചോദിച്ചു: അതിനും കഴിഞ്ഞില്ലെങ്കിലോ? പ്രവാചകന്‍ പറഞ്ഞു: സഹായം ആവശ്യമുള്ളവര്‍ക്ക് അത് ചെയ്തുകൊടുക്കട്ടെ. അവര്‍ പറഞ്ഞു: അതിനും കഴിയാത്തവരാണെങ്കിലോ? പ്രവാചകന്‍ പറഞ്ഞു: നന്മ പ്രവര്‍ത്തിക്കുകയും തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യട്ടെ. നിശ്ചയം അതും സ്വദഖയാണ്'' (ബുഖാരി).
നന്മ കാംക്ഷിക്കാത്തവനും തന്റെ തിന്മകളില്‍നിന്ന് സമൂഹത്തിന് പൊറുതി കൊടുക്കാത്തവനുമാണ് ഏറ്റവും വലിയ ദുഷ്ടന്‍. സത്യവിശ്വാസി ഒരിക്കലും അങ്ങനെയാകില്ല. അല്ലാഹുവുമായുള്ള ബന്ധം അവനെ നന്മ കാംക്ഷിക്കുന്നവനും തിന്മയില്‍ നിന്ന് സമൂഹത്തിന് നിര്‍ഭയത്വം നല്‍കുന്നവനുമാക്കും. സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവനും അംഗീകരിക്കുന്നവനുമാണ് വിശ്വാസി.
സത്യവിശ്വാസികളെ ഈന്തപ്പനയോട് പ്രവാചകന്‍ ഉപമിച്ചിട്ടുണ്ട്. കാരണം, ആ വൃക്ഷം ആസകലം നന്മയുള്ളതാണ്. ഏത് ചുറ്റുപാടിലും സത്യവിശ്വാസിയില്‍ നിന്ന് നന്മയല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ''അല്ലാഹു പരിശുദ്ധ വചനത്തെ എന്തിനോടാണുദാഹരിച്ചതെന്ന് താന്‍ കാണുന്നില്ലേ?. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു. ഒരു വിശിഷ്ട വൃക്ഷം. അതിന്റെ വേര് മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് തന്റെ രക്ഷിതാവിന്റെ ഹിതപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു''(ഇബ്‌റാഹീം 24,25).
'സുര്യനുദിക്കുന്ന ഒരോ ദിവസവും ഒരോ മനുഷ്യനും ദാനം ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു' എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അബൂദര്‍റ് (റ) ചോദിച്ചു: 'അല്ലയോ പ്രവാചകരേ, ഞങ്ങള്‍ക്ക് സമ്പത്തില്ലല്ലോ, പിന്നെയെങ്ങനെയാണ് ദാനം ചെയ്യുക?' പ്രവാചകന്‍ പറഞ്ഞു: ''തക്ബീറും തസ്ബീഹും തഹ്മീദും തഹ്‌ലീലും ചൊല്ലുന്നത്, അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നത്, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നത്, വഴിയില്‍ നിന്ന് മുള്ളും എല്ലും കല്ലും നീക്കം ചെയ്യുന്നത്, അന്ധന് വഴി കാണിച്ചു കൊടുക്കുന്നത്, ബധിരരും മൂകരുമായവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കല്‍, വഴി അന്വേഷിക്കുന്നവന് അതു കാണിച്ചുകൊടുക്കല്‍, വിഷണ്ണരും നിര്‍ധനരുമായവരെ സഹായിക്കുന്നത്, ദുര്‍ബലര്‍ക്കുവേണ്ടി കൈ ഉയര്‍ത്തുന്നത് ഇതെല്ലാം ദാനങ്ങള്‍ തന്നെ. നിനക്കുവേണ്ടി നിന്നില്‍ നിന്നുള്ള ദാനങ്ങള്‍'' (മുസ്‌നദ് അഹ്മദ്).
നോക്കൂ, മറ്റുള്ളവരെ സഹായിക്കുന്നതിലും സമാശ്വസിപ്പിക്കുന്നതിലും വരെ എത്തിനില്‍ക്കുന്ന പ്രവര്‍ത്തനമേഖലയുടെ വിശാലത! ആരോഗ്യമുള്ള മനുഷ്യ ശരീരത്തെ ധാരാളം ബാധ്യതകളുമായി അല്ലാഹു ബന്ധിപ്പിച്ചിട്ടുണ്ട്. അവശര്‍ക്കും ദുരിതബാധിതര്‍ക്കും ആശ്വാസവും സമാധാനവും നല്‍കുന്നത് ബാധ്യതയായി വിശ്വാസിയെ ഏല്‍പിച്ചിട്ടുണ്ട്. അമൂല്യമാണ് മനുഷ്യന്റെ ആരോഗ്യം. അധികപേരുമത് തെറ്റായ വിധത്തിലാണ് ഉപയോഗിക്കുന്നത്. അവര്‍ ആ അനുഗ്രഹത്തെ നിസ്സാരമായി കാണുന്നു.
പ്രവാചകന്‍ പറഞ്ഞു: ''സല്‍കര്‍മം, ദുഷിച്ച പതനത്തില്‍ നിന്ന് നിന്നെ കാത്തുരക്ഷിക്കും. ദാനധര്‍മം ദൈവകോപം ഇല്ലാതാക്കും. കുടുംബബന്ധം ചേര്‍ക്കല്‍ ആയുസ്സ് വര്‍ധിപ്പിക്കും. എല്ലാ സല്‍ക്കര്‍മങ്ങളും ദാനമാണ്. ഐഹികലോകത്ത് നന്മ പ്രവര്‍ത്തിക്കുന്നവര്‍ പാരത്രിക ലോകത്തും നന്മ പ്രവര്‍ത്തിക്കുന്നവരാകും. ഐഹികലോകത്ത് തിന്മ പ്രവര്‍ത്തിക്കുന്നവര്‍ പാരത്രികലോകത്തും തിന്മ പ്രവര്‍ത്തിക്കുന്നവരാകും. സ്വര്‍ഗത്തില്‍ ആദ്യമായി പ്രവേശിക്കുന്നവര്‍ നന്മ പ്രവര്‍ത്തിക്കുന്നവരാണ്'' (ത്വബ്‌റാനി).
മനുഷ്യശരീരത്തില്‍ ചില അടയാളങ്ങളുണ്ട്; ശരീര ഊഷ്മാവും നാഡീസ്പന്ദനങ്ങളും ഗ്രാഹ്യശക്തിയും പോലെ. മനസ്സിലെ വിശ്വാസം സൂചിപ്പിക്കുന്നതിനും ചില അടയാളങ്ങളുണ്ട്; നിര്‍ബന്ധ ബാധ്യതകളും ഉത്തരവാദിത്വവും നിര്‍വഹിക്കാനുള്ള ഉത്സാഹവും താല്‍പര്യവും പോലെ. പ്രവാചകന്‍ പറഞ്ഞു: ''നിന്റെ സല്‍ക്കര്‍മങ്ങള്‍ നിന്നെ സന്തോഷിപ്പിക്കുകയും ദുഷ്‌കര്‍മങ്ങള്‍ പ്രയാസപ്പെടത്തുകയും ചെയ്താല്‍ നീ സത്യവിശ്വാസിയാണ്.'' സല്‍ക്കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ഉന്മേഷവും താല്‍പര്യവും തിന്മകള്‍ ചെയ്യുമ്പോള്‍ ഉന്മേഷരാഹിത്യവും വെറുപ്പുമുണ്ടെങ്കില്‍ അവന്റെ മനസ്സിനെ ഏതോ ഒരാശയം കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണത്. തിന്മകളിലകപ്പെടുമ്പോള്‍ പ്രയാസം തോന്നാത്തവന്‍ ചത്ത മനസ്സുള്ളവനെപ്പോലെയാണ്.
പരസ്പരം സഹായം ചെയ്യാതിരിക്കുക, സാമൂഹികമേഖലകളെ പരിഗണിക്കാതിരിക്കുക, രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ അമാന്തം കാണിക്കുക തുടങ്ങിയവ വിശ്വാസ ദൗര്‍ബല്യത്തിന്റെയും കാപട്യത്തിന്റെയും ലക്ഷണങ്ങളാണ്. ഉഹുദില്‍ നിന്ന് പിന്തിരിഞ്ഞവരുടെ മനസ്സിനെ വരിഞ്ഞുമുറുക്കിയ ദുരഭിമാനവും അഹന്തയും അല്ലാഹു വിവരിക്കുന്നുണ്ട്: ''മറ്റൊരു വിഭാഗമാകട്ടെ, അവര്‍ക്ക് തങ്ങള്‍തന്നെയായിരുന്നു സര്‍വപ്രധാനം. അവര്‍ അല്ലാഹുവിനെക്കുറിച്ച് സത്യവിരുദ്ധമായ പലതരം മൂഢധാരണകള്‍ വെച്ചുപുലര്‍ത്തി. ഇപ്പോള്‍ അവര്‍ ചോദിക്കുന്നു: ഈ കാര്യം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ? അവരോട് പറയുക: (ആര്‍ക്കും ഒരു പങ്കുമില്ല) അതിന്റെ സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു'' (ആലു ഇംറാന്‍ 154).
ഭൂരിപക്ഷമാളുകളും സ്വന്തം താല്‍പര്യങ്ങള്‍ക്കകത്താണ് ജീവിതം. അവയുടെ പിന്നാലെയാകും അവരുടെ സഞ്ചാരം. ഒരു സംഗതി തങ്ങള്‍ക്കുള്ളതാണെന്ന് കണ്ടാല്‍ മറ്റുള്ളവര്‍ക്ക് അതിലൊന്നും ലഭിക്കാതിരിക്കാന്‍ അവര്‍ കിണഞ്ഞുശ്രമിക്കും. ചിലപ്പോള്‍ ശ്രമം പരിധിവിടുകയുംചെയ്യും. ഇനി അത് അവര്‍ക്കെതിരാണങ്കിലോ, അവര്‍ അശ്രദ്ധരായി കഴിഞ്ഞുകൂടും. നിര്‍ബന്ധിച്ചെങ്കില്‍ മാത്രമേ അവര്‍ അനങ്ങൂ. ഇനി അതു ചെയ്യുകയാണെങ്കില്‍ തന്നെ അനവസരത്തിലും അപൂര്‍ണമായിട്ടും ആയിരിക്കും.
ഇത്തരം അത്യാര്‍ത്തികളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസക്കുറവ് നിമിത്തമാണ് ഈ ദുര്‍ഗുണമുണ്ടാകുന്നത്. അളവിലും തൂക്കത്തിലും കുറവുണ്ടാകുന്നതുപോലെയാണിത്. തീരുമാനം തനിക്കനുകൂലമാകുമ്പോള്‍ സ്വീകരിക്കുകയും, പ്രതികൂലമാണെങ്കില്‍ നീതിയും പൊതുതാല്‍പര്യവും പരിഗണിക്കാതെ അതില്‍ നിന്ന് തെന്നിമാറുകയും ചെയ്യുന്നവരെ സംബന്ധിച്ച് അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നു. ''അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിക്കപ്പെട്ടാല്‍ അവരിലൊരു കൂട്ടരതാ ഒഴിഞ്ഞുമാറിപ്പോകുന്നു. എന്നാല്‍, ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ, അപ്പോഴവര്‍ താഴ്മയോടെ ദൂതന്റെ അടുക്കല്‍ വന്നെത്തുന്നു''(നൂര്‍ 48-50).
ഈ ദുസ്സ്വഭാവം സമുദായത്തിന് ഒന്നടങ്കം കളങ്കവും നാശവുമാണ്. താല്‍പര്യങ്ങള്‍ മാത്രം നോക്കി നടക്കുന്നവര്‍ രാജ്യത്തിനും ജനങ്ങള്‍ക്കും അപമാനമാണ്. ശമ്പള വര്‍ധനവ് ചിന്താ വിഷയമായവരെക്കൊണ്ട് രാജ്യം എത്രയാണ് ബുദ്ധിമുട്ടുന്നത്. അവര്‍ക്ക് ജോലിയെക്കുറിച്ചോ ചുമതലകളെക്കുറിച്ചോ യാതൊരു ചിന്തയുമില്ല. അവകാശത്തെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്ത. സമൂഹത്തോടുള്ള ബാധ്യതകള്‍ അവരുടെ വിഷയമേ അല്ല.
ഉത്തമ സമൂഹം അല്ലാഹുവിനോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ മനസ്സിലാക്കിയവരായിരിക്കും. ആ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ അവരെപ്പോഴും വ്യാപൃതരായിക്കും. സമൂഹത്തിലെ ഒരാളെയും അവര്‍ പ്രയാസപ്പെടുത്തില്ല. ദുരഭിമാനികളുടെ കുടുസ്സായ ചിന്തകള്‍ മത കാര്യങ്ങളില്‍ ആധിപത്യം ചെലുത്തുമ്പോള്‍ അതിലെ നന്മകള്‍ അപ്രത്യക്ഷമാകും. സ്വാര്‍ഥതയും വ്യക്തിതാല്‍പര്യങ്ങളും വ്യാപകമാകും. നന്മകളും പുണ്യങ്ങളും ഉദ്‌ഘോഷിക്കുന്ന മതപ്രമാണങ്ങളെ അവര്‍ വികലമാക്കും. വാക്കുകളെ യഥാര്‍ഥ സ്ഥാനത്ത് നിന്ന് തെറ്റിക്കും. കര്‍മങ്ങള്‍ ചെയ്യാതെ പുണ്യം തരുന്ന, കൃഷി ചെയ്യാതെ ഫലം കായ്ക്കുന്ന ഒന്നായാണ് ഇവര്‍ മതത്തെ മനസ്സിലാക്കിയിരിക്കുന്നത്.
ഒരാള്‍ എന്നോട് ചോദിച്ചു: ''നമ്മുടെയെല്ലാം മടക്കസ്ഥലം സ്വര്‍ഗമല്ലേ? 'ആരെങ്കിലും അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു' എന്ന പ്രവാചക വചനം സത്യപ്പെടുത്തിയ മുസ്‌ലിംകളാണ് ഞങ്ങള്‍.'' ഞാന്‍ അയാളെ സൂക്ഷിച്ചുനോക്കി. അയാളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം അളന്നു. അവക്കിടയിലെ അന്തരം വളരെ വലുതാണെന്ന് മനസ്സിലാക്കി. തന്റെ ഉദാസീനതക്ക് സഹായകരമായതല്ലാതെ മറ്റൊന്നും ഇസ്‌ലാമില്‍ നിന്ന് അയാള്‍ മനസ്സിലാക്കിയിട്ടില്ലെന്നും എനിക്ക് ബോധ്യമായി.
ഞാന്‍ ചോദിച്ചു: ''പ്രവാചക വചനങ്ങളില്‍ ഇതല്ലാത്ത മറ്റൊന്നും നിങ്ങള്‍ക്ക് അറിയില്ലേ? പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ 'ഏഷണി പറയുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (ബുഖാരി); 'കുടുംബബന്ധം വിഛേദിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (ബുഖാരി); 'ഹൃദയത്തില്‍ അണുതൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (മുസ്‌ലിം).
മനുഷ്യബാധ്യതകളെ ഉണര്‍ത്തുന്ന ഈ പ്രവാചക വചനങ്ങളത്രയും നിങ്ങള്‍ മറന്നോ? സ്വര്‍ഗത്തെ സംബന്ധിച്ച് മാത്രമാണ് നിങ്ങള്‍ ആലോചിക്കുന്നത്. യാതൊരു വിലയും നല്‍കാതെ അത് നിങ്ങള്‍ക്ക് കിട്ടുകയും വേണം. സ്വന്തത്തിന്റെ വന്‍വീഴ്ചകള്‍ അവരുടെ കണ്ണില്‍ പെടുന്നില്ല. പാപമോചനത്തിന് അര്‍ഥിച്ചും നിസ്സാര നന്മകള്‍ ചെയ്തും പാപങ്ങള്‍ മായ്ച്ചുകളയാം എന്നവര്‍ ധരിക്കുന്നു. വിവേകശാലികള്‍ പാപമോചനത്തിന് പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്കുള്ള ഖുര്‍ആന്റെ മറുപടി കാണുക: ''എനിക്ക് വേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്ക് വേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാന്‍ അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാകുന്നു''(ആലു ഇംറാന്‍: 195).
വന്‍പാപങ്ങള്‍ യാതൊരുവിധ ശുദ്ധീകരണം നടത്താതെയും ഉറക്കമിളക്കാതെയും പ്രയാസങ്ങള്‍ സഹിക്കാതെയും സ്വയം അലിഞ്ഞുപോകുമെന്നാണ് ചിലയാളുകള്‍ ധരിച്ചിരിക്കുന്നത്. അവകാശങ്ങളോടൊപ്പം ബാധ്യതകളും ചേര്‍ന്നതാണ് ഇസ്‌ലാമിക ജീവിതം. ബാധ്യതകള്‍ നിര്‍വഹിക്കുക; ഉത്തരവാദിത്വത്തില്‍ നിന്നു ഒളിച്ചോടാതിരിക്കുക. ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ മാത്രമാണ് അവകാശങ്ങള്‍ പ്രതീക്ഷിക്കാനാവുക. എന്നാല്‍, ഉത്തരവാദിത്വങ്ങളൊന്നും നിര്‍വഹിക്കാതെ 'എനിക്ക് ധാരാളം ലഭിക്കുമോ' എന്ന ചിന്തയോടെ ഐഹികലോകത്ത് കഴിഞ്ഞുകൂടുന്നത് അപകടമാണ്. അത് ഐഹികമോ പാരത്രികമോ ആയ ജീവിതത്തിന് സഹായകരമായിരിക്കില്ല.

വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം