Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

യുക്രയ്‌നും 'അധ്വാനിക്കുന്ന തൊഴിലാളികള്‍' വീതം വെച്ച ക്രീമിയയും

മുഹമ്മദ് സ്വഫ്‌വാന്‍ ജൂലാഖ്/ കവര്‍‌സ്റ്റോറി

         ലോകശ്രദ്ധ ക്രീമിയയില്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്ന സന്ദര്‍ഭമാണിത്.. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ യുക്രയ്‌ന്റെ ഭാഗമായിരുന്ന ക്രീമിയ റഷ്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സമര്‍ഥമായ ചില രാഷ്ട്രീയ കരുനീക്കങ്ങളാണ് പുടിന്‍ നടത്തുന്നത്. പ്രധാനമായും അതിന്റെ ലക്ഷ്യങ്ങള്‍ രണ്ടാണ്. ഒന്ന്, റഷ്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുക. രണ്ട്, 'പാശ്ചാത്യ അനുകൂല യുക്രയ്‌ന്റെ' ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ വല്ല വഴിയുമുണ്ടോ എന്നന്വേഷിക്കുക. ക്രീമിയയില്‍ പുടിന്‍ നടത്തിയ വിജയകരമായ രാഷ്ട്രീയ നീക്കം യുക്രയ്‌ന്റെ മറ്റു ഭാഗങ്ങളിലും ആവര്‍ത്തിക്കുമോ എന്ന് യുക്രയ്‌നിലെ പുതിയ ഭരണകൂടം ഭയക്കുന്നുണ്ട്. യുക്രയ്‌ന്റെ തീരദേശ നഗരങ്ങളില്‍ അതിനുള്ള സാധ്യത നിലനില്‍ക്കുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം കരിങ്കടലുമായുള്ള യുക്രയ്‌ന്റെ ബന്ധം അറുത്തുമാറ്റപ്പെടും. റഷ്യയുടെ സൈനിക നീക്കത്തെ ഒരു നിലക്കും തടുക്കാനുള്ള ശേഷി യുക്രയ്‌നിന് ഇല്ലതാനും. റഷ്യയുടെ സൈനിക-രാഷ്ട്രീയ നീക്കങ്ങളുടെ അപകടം അമേരിക്കയും യൂറോപ്യന്‍ യൂനിയനും നന്നായി തിരിച്ചറിയുന്നുണ്ട്. ക്രീമിയയിലും കരങ്കടലിന്റെ വടക്ക് ഭാഗത്തും റഷ്യ നങ്കൂരമുറപ്പിച്ചത് ഈ പാശ്ചാത്യ മുന്നണി അത്ര എളുപ്പത്തില്‍ അംഗീകരിച്ചുകൊടുക്കുകയില്ല. അത് ശീതയുദ്ധത്തിലേക്കോ ബിനാമി(proxy)യുദ്ധത്തിലേക്കോ ആയിരിക്കും വഴിതുറക്കുക. അതേസമയം, യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങള്‍ മിക്കതും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റഷ്യയുടെ എണ്ണയും പ്രകൃതി വാതകവുമില്ലെങ്കില്‍ അവക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. ഇരുപക്ഷത്തിനും കാര്യമായി ക്ഷതമേല്‍ക്കാത്ത ഒരു രാഷ്ട്രീയ പരിഹാരത്തിനായിരിക്കും ആ രാഷ്ട്രങ്ങള്‍ ശ്രമിക്കുക.
         യുക്രയ്‌നില്‍ ഭരണകൂടം സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളെച്ചൊല്ലിയാണ് പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. യൂറോപ്യന്‍ യൂനിയനുമായാണ് യുക്രയ്ന്‍ സാമ്പത്തിക കരാറുകള്‍ ഉണ്ടാക്കേണ്ടതെന്നും റഷ്യയുടെ ആശ്രിതത്വത്തില്‍ നിന്ന് മുക്തമാകണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. അതിനെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. അങ്ങനെ മോസ്‌കോ അനുകൂല വിക്ടര്‍ യാങ്കോവിച്ച് ഭരണകൂടം നിലംപൊത്തുകയും യൂറോപ്യന്‍ യൂനിയന്‍ അനുകൂലികള്‍ അധികാരത്തിലെത്തുകയും ചെയ്തു. അത് യുക്രയ്‌നിലെ മാത്രമല്ല മൊത്തം മേഖലയിലെയും രാഷ്ട്രീയ സമവാക്യങ്ങളെ പിടിച്ചുകുലുക്കി. സ്വാഭാവികമായും ആ പ്രശ്‌നം കേവലം ഭരണമാറ്റം എന്ന നിലവിട്ട് ഒരു അന്താരാഷ്ട്ര പ്രതിസന്ധിയായി രൂപം മാറി. ഒരുവശത്ത് റഷ്യ, മറുവശത്ത് മറ്റു പാശ്ചാത്യ രാഷ്ട്രങ്ങള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രീമിയയില്‍ നടന്നുവരുന്ന സംഭവങ്ങള്‍- ആദ്യം റഷ്യന്‍ സൈനിക നീക്കം, പിന്നെ റഫറണ്ടം ഉയര്‍ത്തിപ്പിടിച്ച് യുക്രയ്‌നില്‍ നിന്നുള്ള പിരിഞ്ഞുപോക്കും റഷ്യയുടെ ഭാഗമായിത്തീരലും- ഒരു ശീതയുദ്ധത്തിനുള്ള സകല കോപ്പുകളും സമ്മാനിക്കുന്നതായിരുന്നു. ഇതിനിടക്ക് ഇരു കൂട്ടരും തമ്മില്‍ പൊരിഞ്ഞ വാഗ്‌സമരങ്ങളും നടന്നു. ആഴ്ചകള്‍ മുമ്പേ റഷ്യന്‍ സേന ക്രീമിയ അധിനിവേശപ്പെടുത്തിയിരുന്നു എന്ന ആരോപണത്തെ റഷ്യ തള്ളിക്കളഞ്ഞെങ്കിലും അതായിരുന്നു വസ്തുത. ക്രീമിയയുടെ തെക്ക് പടിഞ്ഞാറുള്ള സെവാസ്തപോള്‍ തുറമുഖത്ത് നങ്കൂരമിട്ട റഷ്യന്‍ കപ്പല്‍പടയിലെ സൈനികരാണ് ക്രീമിയ ഉപദ്വീപിലെ യുക്രയ്ന്‍ ഭരണസ്ഥാപനങ്ങളെയും ടെലിവിഷന്‍ കേന്ദ്രത്തെയും വിമാനത്താവളങ്ങളെയും ഉപരോധിച്ചത്.
         പിന്നീട് ക്രീമിയന്‍ ഉപദ്വീപില്‍ റഷ്യ പിടിമുറുക്കുന്നതാണ് കണ്ടത്. ക്രീമിയന്‍ പാര്‍ലമെന്റിനെ കൊണ്ട് സെര്‍ഗി ആക്‌സിയോനോവിനെ പ്രസിഡന്റായി അംഗീകരിപ്പിക്കാന്‍ റഷ്യക്ക് കഴിഞ്ഞു. 'റഷ്യന്‍ യൂനിറ്റി' എന്ന ഗ്രൂപ്പിന്റെ നേതാവാണ് ഇദ്ദേഹം. മേഖലയിലെ നൂറ് അംഗ പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങളാണ് ഈ പാര്‍ട്ടിക്കുള്ളത്. യുക്രയ്‌നില്‍ നിന്ന് വേറിട്ട് പോകണമെന്നും റഷ്യയോടൊപ്പം ചേരണമെന്നും ഇവര്‍ വര്‍ഷങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നു. യുക്രയിന്‍ ഗവണ്‍മെന്റും ക്രീമിയന്‍ മത-വംശീയ ന്യൂനപക്ഷങ്ങളും ഈ ഗ്രൂപ്പുകാരെ തീവ്രവാദികളായാണ് കാണുന്നത്.

ക്രീമിയക്ക് വേണ്ടിയുള്ള പോര്
         ക്രീമിയക്ക് വേണ്ടിയുള്ള പ്രാദേശിക പോരുകള്‍ക്ക് ഒട്ടും പുതുമയില്ല. കുറച്ചു കാലമായി അത് അടങ്ങിക്കിടക്കുകയായിരുന്നു എന്നു മാത്രം. ഉസ്മാനിയാ ഖിലാഫത്തിന്റെ വടക്കന്‍ മേഖലയില്‍ പെടുന്ന പ്രദേശമായിരുന്നു ഒരുകാലത്ത് ക്രീമിയ. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ ഇവിടെ ഇസ്‌ലാം പ്രചരിച്ചിട്ടുണ്ട്. തുര്‍ക്കി വംശജരായിരുന്നു അന്നിവിടത്തെ നിവാസികളില്‍ ഭൂരിഭാഗവും. 'തത്താര്‍' എന്നാണ് അവരെ പറഞ്ഞിരുന്നത്. ക്രീമിയ എന്ന വാക്ക് ഖിരിം (അറബിയില്‍ ഇപ്പോഴും ഖിരിം എന്നാണ് ഉപയോഗിക്കുന്നത്-വിവ) എന്ന തത്താര്‍ പദത്തില്‍ നിന്ന് ഉണ്ടായതാണ്. കോട്ട എന്നാണ് ആ വാക്കിന്റെ അര്‍ഥം. ക്രീമിയ ഉപദ്വീപ്, റഷ്യയിലെ ആസോവ് സമുദ്ര തീരപ്രദേശങ്ങള്‍, ഇപ്പോള്‍ ഉക്രയ്‌ന്റെ ഭാഗമായ നോര്‍ത്ത് ക്രീമിയ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ഉസ്മാനി കാലത്തെ ഖിരിം.
         ക്രീമിയന്‍ ഉപദ്വീപില്‍ തത്താര്‍ ഭരണം നിലനിന്നത് 1441-1783 കാലയളവിലാണ്. ഉസ്മാനിയ സാമ്രാജ്യം ദുര്‍ബലമായപ്പോള്‍ തത്താരി ഭരണവും ക്ഷയിച്ചു. ഖൊജക് കിനാര്‍ജ സന്ധി പ്രകാരം 1774-ല്‍ തുര്‍ക്കി ക്രീമിയന്‍ പ്രവിശ്യക്ക് സ്വയം ഭരണാവകാശം നല്‍കുകയും ചെയ്തു. ഈ കരാറിന് ശേഷമാണ് റഷ്യക്കാര്‍ ആദ്യമായി ക്രീമിയയില്‍ എത്തുന്നത്. 1783-ല്‍ സന്ധി വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് റഷ്യയിലെ യക്തരീന(കാതറീന) രണ്ടാമ ക്രീമിയ പിടിച്ചടക്കുകയും തലസ്ഥാന നഗരിയായ ബഗ്ജസറായ് തകര്‍ക്കുകയും ഇസ്‌ലാമിക-തത്താരി സ്മാരകങ്ങള്‍ മിക്കതും തുടച്ചുനീക്കുകയും ചെയ്തു.
         സോവിയറ്റ് യൂനിയന്‍ വന്നതോടെ തത്താരി വംശജര്‍ വീണ്ടും ഉന്മൂലന ഭീഷണി നേരിട്ടു. 1944-ല്‍ സോവിയറ്റ് യൂനിയന്‍ ഭരണാധികാരി ജോസഫ് സ്റ്റാലിന്‍, രണ്ടാം ലോകയുദ്ധത്തില്‍ തത്താറുകള്‍ ശത്രുക്കളെ സഹായിച്ചു എന്ന് ആരോപിച്ച് അവരെ കൂട്ടത്തോടെ നാടുകടത്തുകയുണ്ടായി. തത്താറുകളുടെ ഭൂമിയും വീടുകളും റഷ്യയില്‍ നിന്നും മറ്റുമെത്തിയ 'അധ്വാനിക്കുന്ന തൊഴിലാളികള്‍'ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. അങ്ങനെയാണ് റഷ്യന്‍ വംശജര്‍ ഇവിടെ അധികരിക്കുന്നത്. 2001-ലെ കണക്ക് പ്രകാരം ക്രീമിയയിലെ റഷ്യന്‍ വംശജര്‍ ജനസംഖ്യയുടെ 58 ശതമാനമാണ്. മൊത്തം ജനസംഖ്യ രണ്ട് മില്യന്‍ വരും. ഉക്രയ്ന്‍ വംശജര്‍ 24 ശതമാനവും തത്താരികള്‍ 12 ശതമാനവും ആണ്. നേരത്തെ സോവിയറ്റ് യൂനിയനിലെ ഒരു റിപ്പബ്ലിക്കായിരുന്നു ക്രീമിയ. 1954-ല്‍ അന്നത്തെ സോവിയറ്റ് പ്രസിഡന്റ് നികിതാ ക്രൂഷ്‌ചേവാണ് അത് യുക്രയ്‌ന്റെ ഭാഗമാക്കിയത്. 1991-ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതിന് ശേഷവും ആ നില തുടര്‍ന്നു.

ഭൂമിശാസ്ത്ര പ്രാധാന്യം
         ഒരുപാട് മാനങ്ങളുണ്ട് ക്രീമിയാ സംഘര്‍ഷത്തിന്. അതിലൊന്ന് ഈ ഉപദ്വീപിന്റെ ഭൂമിശാസ്ത്ര രാഷ്ട്രീയമാണ്. ആസോവ് സമുദ്രത്തിന്റെ പടിഞ്ഞാറെ കരയില്‍ കെര്‍ച്ച് (kerch) കടലിടുക്കിനോട് അഭിമുഖമായാണ് അതിന്റെ കിടപ്പ്. ഈ കടലിടുക്കാണ് കരിങ്കടലിലേക്കുള്ള ഒരു പ്രവേശനമാര്‍ഗം. യുക്രയ്‌നിലേക്കും റഷ്യയിലേക്കും മറ്റുമുള്ള കച്ചവട-സൈനിക കപ്പലുകള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്. സാമ്പത്തികമായി പറഞ്ഞാല്‍ റഷ്യ, യുക്രയ്ന്‍, പോളണ്ട്, ജര്‍മനി, ബാള്‍ട്ടിക് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ് ക്രീമിയ. വര്‍ഷത്തില്‍ മൂന്ന് മുതല്‍ അഞ്ചു മില്യന്‍ വരെ ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നുണ്ട്. ശൈത്യകാലത്ത് ഊഷ്മളവും വേനല്‍കാലത്ത് മിതോഷ്ണവുമായ കാലാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ടാണ് ഈ വിനോദസഞ്ചാര തിരക്ക്. പിന്നെ നയന മനോഹരമായ കാടുകളും പര്‍വതങ്ങളും പുഴകളും. അതുവഴി ക്രീമിയയുടെ ഖജനാവിലേക്ക് എത്തുന്നത് രണ്ട് ബില്യന്‍ ഡോളര്‍. കാലാവസ്ഥ സമശീതോഷ്ണമായത് കൊണ്ട് യുക്രയ്‌നിന്റെ ഒരു പ്രധാന 'ഭക്ഷ്യകൊട്ട'യായി ഇത് മാറിയിട്ടുണ്ട്. മുന്തിരി, പീച്ച്, അപ്രിക്കോട്ട്, അത്തി പോലുള്ള ഒട്ടനവധി പഴങ്ങള്‍ ഇവിടെ സമൃദ്ധമായി വിളയുന്നു. തേന്‍ ഉല്‍പാദനത്തിലും മുമ്പില്‍ തന്നെ. കൂടാതെ പ്രകൃതി വാതകം, എണ്ണ, വിവിധയിനം ഖനിജങ്ങള്‍ എന്നിവയുടെ ഇന്നുവരേക്കും ഖനനം ചെയ്തിട്ടില്ലാത്ത വിഭവ സ്രോതസ്സുകള്‍ വേറെയും.

സെവാസ്തപോള്‍ കപ്പല്‍പട
         ക്രീമിയയുടെ കരിങ്കടലിലെ നീണ്ട തീരപ്രദേശങ്ങള്‍ സൈനിക-സുരക്ഷാ പ്രാധാന്യമുള്ളവയാണ്. യുക്രയ്‌നിന്റെ 15 കര-നാവിക സൈനിക താവളങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും റഷ്യന്‍ മിലിട്ടറിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയൊക്കെയും ദുര്‍ബലമാണ്. റഷ്യന്‍ മിലിട്ടറി മൂന്ന് താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സെവാസ്തപോള്‍.
         സോവിയറ്റ് യൂനിയന്‍ വിഘടിക്കുകയും യുക്രയ്ന്‍ സ്വതന്ത്ര രാഷ്ട്രമാവുകയും ചെയ്തപ്പോള്‍ വീതം വെപ്പില്‍ കരിങ്കടലിലെ സോവിയറ്റ് കപ്പല്‍പടയുടെ വലിയൊരു പങ്കും ലഭിച്ചത് റഷ്യക്കായിരുന്നു. സെവാസ്തപോള്‍ ഉള്‍പ്പെടെ മൂന്ന് പ്രധാന സൈനിക താവളങ്ങള്‍ അവര്‍ക്ക് സ്വന്തമായി. പക്ഷേ, യുക്രയ്‌നുമായുണ്ടാക്കി.യ കരാര്‍ പ്രകാരം, റഷ്യക്ക് മേഖലയില്‍ സൈനികരുടെ എണ്ണം കൂട്ടാനോ കപ്പല്‍പട നവീകരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. 2005- 2010 കാലയളവില്‍ റഷ്യന്‍വിരുദ്ധരും യൂറോപ്യന്‍ യൂനിയന്‍ അനുകൂലികളുമായ 'ഓറഞ്ച്' വിപ്ലവകാരികളാണ് യൂക്രയ്‌നില്‍ അധികാരത്തിലെത്തിയത്. റഷ്യന്‍ കപ്പല്‍ പടയെ അവര്‍ പ്രത്യേകം നോട്ടമിട്ടു. 1991-ല്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം, 2017-ന് ശേഷം റഷ്യന്‍ കപ്പല്‍പടയെ ക്രീമിയന്‍ മേഖലയില്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു; യൂറോപ്യന്‍ യൂനിയനില്‍ ചേരാനും യുക്രെയ്‌നില്‍ 'നാറ്റോ'യുടെ പ്രതിരോധ മിസൈലുകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തു. ഇത് മോസ്‌കോക്ക് ഒരിക്കലും അംഗീകരിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. 'ഓറഞ്ച്' വിപ്ലവത്തിന്റെ വക്താക്കളുടെ നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സകല അടവുകളും റഷ്യ പുറത്തെടുത്തു. അതിന്റെ ഫലമായാണ് 2010-ല്‍ വിക്തര്‍ യാങ്കോവിച്ച് എന്ന റഷ്യന്‍ അനകൂലി യൂക്രയ്‌നില്‍ പ്രസിഡന്റാവുന്നത്. അധികാരമേറ്റ് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ യുക്രയ്ന്‍ റഷ്യയുമായി പുതിയൊരു ഉടമ്പടിയില്‍ ഒപ്പുവെച്ചു-റഷ്യന്‍ കപ്പല്‍ പടക്ക് 2045 വരെ ക്രീമിയന്‍ മേഖലയില്‍ തുടരാമെന്ന്. കപ്പല്‍പടക്ക് വേണ്ട 'പുതുക്കലും നവീകരണവും' ആകാമെന്നും കരാറില്‍ എഴുതിച്ചേര്‍ത്തു. ഇതുപ്രകാരം സെവാസ്തപോള്‍ കേന്ദ്രീകരിച്ച് നാല് ഉള്‍ക്കടലുകളിലായി മുപ്പത് യുദ്ധക്കപ്പലുകളുള്ള റഷ്യന്‍ പടയെ വിന്യസിച്ചു. സകല ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങളും അവിടെ ഒരുക്കി. രണ്ട് പ്രധാന യുദ്ധവിമാനത്താവളങ്ങളും അനുബന്ധമായി അതിന്റെ രണ്ട് ബ്രാഞ്ചുകളും തുറന്നു. ക്രീമിയയുടെ വടക്ക് പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായി സൈനിക വാര്‍ത്താ വിനിമയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മേഖലയിലെ സ്ഥിരം റഷ്യന്‍ സൈനികരുടെ എണ്ണം തന്നെ പതിനാലായിരം വരും.
         യുക്രയ്ന്‍ പ്രസിഡന്റ് യാങ്കോവിച്ചിനെ പ്രക്ഷോഭകര്‍ പുറത്താക്കിയത് മോസ്‌കോക്ക് കരണത്തേറ്റ അടി തന്നെയായിരുന്നു. കീവിലെ പുതിയ ഭരണകൂടമാകട്ടെ യൂറോപ്പുമായി അടുത്ത ബന്ധങ്ങള്‍ക്ക് ഒരുങ്ങുകയുമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ തലം വിട്ട് അത് സൈനിക തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പ്. സ്വാഭാവികമായും അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്റെയും സൈന്യം റഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് ഉടനടി നീങ്ങും. അത് റഷ്യയുടെ സുരക്ഷിതത്വത്തിനും പ്രതിരോധ സന്നാഹങ്ങള്‍ക്കുമുള്ള വെല്ലുവിളിയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒട്ടും സമയം കളയാതെ ഇറങ്ങിക്കളിച്ചത്. അദ്ദേഹം ഉടനടി ക്രീമിയയുടെ കവാടത്തില്‍ ഒരു 'സൈനികശക്തി പ്രകടനം' നടത്തി. അതൊരു യുദ്ധം ആകാതിരിക്കാനും പുടിന്‍ ശ്രദ്ധിച്ചു. റഷ്യയുടെ കപ്പല്‍പട തൊട്ടടുത്ത് തന്നെ ഉള്ളതിനാല്‍ മസില്‍ കാട്ടി പേടിപ്പിച്ച് ക്രീമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നില്ല. ക്രീമിയന്‍ നിവാസികളില്‍ ഭൂരിഭാഗവും റഷ്യയെ മാതൃഭൂമിയായി കാണുന്ന റഷ്യന്‍ വംശജരാണെന്ന ആനുകൂല്യവും ഉണ്ട്. അങ്ങനെയാണ് കീവിലെ 'ഫാഷിസ്റ്റ്' ഭരണത്തില്‍ നിന്ന് ക്രീമിയയിലെ റഷ്യന്‍ വംശജരെ രക്ഷിക്കാന്‍ റഷ്യന്‍ സൈനിക ഇടപെടലുണ്ടാകുന്നത്.
         'മൃദുവായ' ഈ സൈനിക ഇടപെടലും ക്രീമിയന്‍ പ്രാദേശിക ഭരണകൂടത്തെ അഴിച്ചുപണിയലും ഉപദ്വീപിനെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കലുമൊക്കെ റഷ്യക്ക് ക്രീമിയയില്‍ ഏറെക്കുറെ സമ്പൂര്‍ണ അധികാരമാണ് നല്‍കിയിരിക്കുന്നത്. ഇത് കടല്‍ തീരങ്ങളിലോ പ്രത്യേക പ്രദേശങ്ങളിലോ പരിമിതമല്ല. തെക്കന്‍ കരിങ്കടലിലെ ഏറ്റവും വലിയ ശക്തിയായിത്തീര്‍ന്നു ഇതോടെ റഷ്യ.യൂറോപ്പിലേക്ക് പ്രകൃതി വാതകം കൊണ്ടുപോകാന്‍ രൂപകല്‍പന ചെയ്തിട്ടുള്ള 'സൗത്ത് സ്ട്രീം' പൈപ്പ് ലൈന്‍ ഇനി റഷ്യക്ക് ക്രീമിയ വഴി നിര്‍മിക്കാവുന്നതേയുള്ളൂ. ഇതേ പ്രോജക്ട് യുക്രയ്ന്‍ ജലപരിധി വഴിയായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന 20 ബില്യന്‍ ഡോളറിന്റെ അധികച്ചെലവ് ലാഭിക്കാനും പറ്റി.
         ശരിക്കും നേട്ടം കൊയ്തത് റഷ്യ തന്നെയാണ്. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. യുക്രയ്‌ന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ റഷ്യന്‍ വംശജര്‍ ധാരാളമുള്ള പ്രദേശങ്ങളുണ്ട്. ക്രീമിയന്‍ പരീക്ഷണത്തിന്റെ വിജയം അവിടങ്ങളിലും ഇതേ അടവ് പയറ്റി നോക്കാന്‍ റഷ്യക്ക് പ്രേരണയാകും.

യുക്രയ്‌നിയന്‍ നിലപാട്
         മേഖലയിലെ ശാക്തിക സംതുലനത്തെ റഷ്യ തങ്ങള്‍ക്കനുകൂലമായി മാറ്റിമറിക്കുകയാണ് ചെയ്തത്. തങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന പ്രതിരോധ നിലപാടില്‍ നിന്ന് മാറി 'പാശ്ചാത്യരെ അനുകൂലിക്കുന്ന യുക്രയ്‌ന്റെ' ഏതെങ്കിലും ഭാഗങ്ങള്‍ ഇനിയും അടര്‍ത്തി മാറ്റാന്‍ കഴിയുമോ എന്ന് നോക്കുകയാണ് റഷ്യ. സായുധമായോ സൈനികമായോ ഒരു നിലക്കും തങ്ങള്‍ക്ക് റഷ്യയോട് കിടപിടിക്കാനാവില്ലെന്ന് യുക്രയ്‌ന് നന്നായിട്ടറിയാം. മോസ്‌കോക്കെതിരെ ഒരു സൈനിക ആക്രമണം അവരുടെ അജണ്ടയിലേ ഇല്ല. അതിനാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ ക്രീമിയ മോചിപ്പിക്കണമെന്നും റഷ്യയോട് ചേര്‍ക്കുന്നത് തടയണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
         ക്രീമിയയില്‍ സംഭവിച്ചത് തങ്ങളുടെ തീരദേശ നഗരമായ ഒഡിസ്സ(Odessa)യിലും മറ്റു നിരവധി കിഴക്കന്‍ നഗരങ്ങളിലും ആവര്‍ത്തിച്ചേക്കുമെന്ന് യുക്രയ്ന്‍ ഭയപ്പെടുന്നുണ്ട്. അത്തരം വിഘടിത ശബ്ദങ്ങള്‍ ഇപ്പോള്‍ തന്നെ ഈ നഗരങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കിഴക്കന്‍ നഗരങ്ങള്‍ കൂടി വേറിട്ടുപോയാല്‍ യുക്രെയ്‌ന് പിന്നെ കരിങ്കടലുമായുള്ള ബന്ധം നഷ്ടപ്പെടും. പക്ഷേ, ക്രീമിയയെ സമ്മര്‍ദത്തിലാക്കാന്‍ പോന്ന പലതും യുക്രെയ്‌ന്റെ കൈവശമുണ്ടെന്നാണ് കേള്‍ക്കുന്നത്. വെള്ളവും വൈദ്യുതിയും പ്രകൃതി വാതകവും വാര്‍ത്താ വിനിമയ സംവിധാനങ്ങളുമൊക്കെ യുക്രെയ്ന്‍ വിചാരിച്ചാല്‍ ക്രീമിയയില്‍ തടയാന്‍ കഴിയുമത്രെ. ക്രീമിയയുടെ ബാങ്ക് അക്കൗണ്ടുകളും അവര്‍ മരവിപ്പിക്കും; ഫലത്തില്‍ അത് സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്.
         ഒരു റഷ്യന്‍ പ്രദേശമായി മാറ്റിയതിനാല്‍ ക്രീമിയയെ റഷ്യ സഹായിക്കുമെങ്കിലും അത് അധികകാലം തുടരാന്‍ സാധ്യതയില്ല. അങ്ങനെയാവുമ്പോള്‍ എത്രയോ പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ ക്രീമിയ നിര്‍ബന്ധിതമാവും. ഇനിയൊരു സൈനിക സംഘട്ടനമാണ് ഉണ്ടാവുന്നതെങ്കില്‍ ഇതുപോലെ തര്‍ക്കത്തിലായിരുന്ന കരിങ്കടല്‍ മേഖലയില്‍ തന്നെ അബ്ഖാസിയയില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും-കടുത്ത ദാരിദ്ര്യം. വളരെ കുറഞ്ഞ രാജ്യങ്ങളേ ക്രീമിയയെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കൂ. അബ്ഖാസിയക്കും ഇതേ അനുഭവമുണ്ടായി.

യൂറോപ്പ്, അമേരിക്ക, നാറ്റോ
         പ്രക്ഷോഭകരെ യുക്രയ്ന്‍ തെരുവുകളിലിറക്കി പാശ്ചാത്യ ശക്തികള്‍ക്കും വലിയ നേട്ടമുണ്ടാക്കാനായി. പാശ്ചാത്യ അനുകൂലികളാണ് ഇപ്പോള്‍ യുക്രയ്‌നില്‍ അധികാരത്തില്‍. മുമ്പുണ്ടായിരുന്ന 'ഓറഞ്ച്' ശക്തികളേക്കാള്‍ അവര്‍ പാശ്ചാത്യരോട് കൂറ് പുലര്‍ത്തുന്നു. ഒരു റഷ്യന്‍ താവളം പൊടുന്നനെ ഒരു പാശ്ചാത്യ താവളമായി മാറുകയാണ്. മറുവശത്ത് വലിയ പരീക്ഷണങ്ങളും പാശ്ചാത്യ ശക്തികളെ കാത്തിരിക്കുന്നുണ്ട്. യുക്രയ്‌നിനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് 15 ബില്യന്‍ ഡോളറെങ്കിലും ലഭ്യമാക്കേണ്ടതുണ്ട്. റഷ്യന്‍ കരടിയുമായി ഒരു സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യതയും മുന്നില്‍ കാണേണ്ടിവരും. കരിങ്കടല്‍ മേഖലയില്‍ ക്രീമിയ പിടിച്ചടക്കിയതോടെ റഷ്യന്‍ സ്വാധീനം വളരെ ശക്തമായിട്ടുണ്ട്. മേഖലയിലെ എല്ലാ പാശ്ചാത്യ അനുകൂല രാഷ്ട്രങ്ങള്‍ക്കും ഇത് ഭീഷണിയാണ്. ചില സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് യൂറോപ്യന്മാര്‍ ചെയ്തത്. അതാണെങ്കില്‍ നാമമാത്രവും. ചിത്രം മാറ്റിവരക്കാന്‍ അതൊന്നും പര്യാപ്തമേ അല്ല. യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ക്ക് റഷ്യന്‍ പ്രകൃതിവാതകം കിട്ടാതെ മുന്നോട്ട് പോകാനാവില്ല. റഷ്യയാകട്ടെ യൂറോപ്പില്‍ പല മേഖലകളില്‍ ധാരാളം പണം മുടക്കിയിട്ടുമുണ്ട്. സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുമ്പോള്‍ ഇവിടെയൊക്കെ ഇരു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാവും.
         യൂറോപ്യന്‍ യൂനിയന്റെ അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് അമേരിക്കക്കും നാറ്റോക്കും ഇവിടെ അഭിമുഖീകരിക്കാനുള്ളത്. കരിങ്കടല്‍ മേഖലയിലെ തങ്ങളുടെ പരമ്പരാഗത ശത്രു ശക്തിപ്പെടുന്നത് അവരുടെ രാഷ്ട്രീയ-സൈനിക താല്‍പര്യങ്ങള്‍ക്ക് തടസ്സമാവും. ബ്രിട്ടനും ഫ്രാന്‍സിനും ഇവിടെ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ഈ രാഷ്ട്രങ്ങളാണ് യുക്രയ്‌നിനെ 1994-ല്‍ ബുഡാപെസ്റ്റ് കരാര്‍ വഴി ആണവായുധങ്ങളുടെ നിര്‍മാണത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. യുക്രെയ്ന്‍ പ്രദേശങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാമെന്നും ആ രണ്ട് രാഷ്ട്രങ്ങളും വാക്ക് കൊടുത്തു. അതിന് ഗ്യാരണ്ടി നല്‍കിയത് റഷ്യ. ആ ഗ്യാരന്റര്‍ തന്നെയാണ് യുക്രയ്ന്‍ ഭൂമി കൈയേറിരിക്കുന്നത്! ആണവ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന ഇറാനോടും വടക്കന്‍ കൊറിയയോടും 'സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന' വാചകമടി ഇനി വിലപ്പോകില്ല. ഇത് ആണവ അരാജകത്വത്തിന് കാരണമായേക്കും.

തുര്‍ക്കിയുടെ നിലപാട്
         പ്രശ്‌നത്തില്‍ തുര്‍ക്കിയുടെ നിലപാടും അവഗണിക്കാന്‍ കഴിയില്ല; നിലവിലെ സംഘര്‍ഷത്തില്‍ ഇതുവരെ ആ നിലപാട് നിര്‍ണായകമായി തീര്‍ന്നിട്ടില്ലെങ്കിലും. അങ്കാറക്ക് പഴയതും പുതിയതുമായ ഒട്ടേറെ താല്‍പര്യങ്ങളുള്ള പ്രദേശമാണ് ക്രീമിയ. ഒരുകാലത്ത് ഉസ്മാനിയാ ഖിലാഫത്തിന്റെ പ്രജകളായിരുന്ന തത്താരികളാണല്ലോ ഇവിടെ വസിച്ചിരുന്നത്. ഇപ്പോള്‍ തത്താരി ന്യൂനപക്ഷത്തിന് പുതിയ റഷ്യന്‍ അധിനിവേശം ഭീഷണിയായിരിക്കുകയാണ്.
         പ്രശ്‌നത്തിലെ മുഖ്യ കക്ഷികളുമായി ചേര്‍ന്നുനിന്ന് തത്താരി വംശീയ പ്രശ്‌നവും കൈകാര്യം ചെയ്യണമെന്ന് തുര്‍ക്കി ആഗ്രഹിക്കുന്നു. മധ്യ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നത് പോലെ ഈ പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് മേല്‍കൈ ഉണ്ടാവില്ലെന്ന് അറിയാമെങ്കിലും, റഷ്യന്‍ അജണ്ട നടപ്പാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. മുന്‍കാലങ്ങളില്‍ റഷ്യന്‍ നീക്കങ്ങള്‍ തടയാന്‍ കഴിയാതിരുന്നതിലെ ജാള്യവും തുര്‍ക്കിക്ക് ഉണ്ട്. റഷ്യയുടെ പുതിയ നീക്കങ്ങള്‍ വടക്കും തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും തുര്‍ക്കിക്ക് പ്രശ്‌നങ്ങളുണ്ടാക്കും. റഷ്യക്കെതിരെ 'നാറ്റോ'യുടെ നേതൃത്വത്തില്‍ സൈനിക നടപടിയുണ്ടായാലും തുര്‍ക്കി അതുമായി സഹകരിക്കുമെന്നാണ് കരുതേണ്ടത്.

ഭാവി പ്രതിസന്ധികള്‍
         തങ്ങളുടെ ആശ്രിത രാജ്യമായി മാത്രമേ റഷ്യക്ക് യുക്രയ്‌നെ കാണാനാവുകയുള്ളൂ; ഏറ്റവും ചുരുങ്ങിയത് പാശ്ചാത്യരോട് അനുഭാവം പ്രകടിപ്പിക്കാത്ത രാഷ്ട്രമെങ്കിലുമാവണം. നേരത്തെ 'ഓറഞ്ച്' വിപ്ലവകാരികളെ റഷ്യ പുറത്താക്കിയിട്ടുണ്ട്. ക്രീമിയ പൂര്‍ണമായി കീഴ്‌പ്പെടുത്തിയ സ്ഥിതിക്ക്, ഇനി കീവിലെ പുതിയ ഭരണത്തെ അട്ടിമറിക്കാനായിരിക്കും റഷ്യ തന്ത്രങ്ങള്‍ മെനയുക. രാഷ്ട്രീയവും സാമ്പത്തികവുമായ സകല കാര്‍ഡുകളും അവര്‍ പുറത്തെടുക്കും. യുക്രെയ്‌നിലേക്കയക്കുന്ന പ്രകൃതിവാതകത്തിന്റെ വില റഷ്യ കുത്തനെ കൂട്ടിയാല്‍ അത് യുക്രയ്ന്‍ സമ്പദ്ഘടനയെ തകിടം മറിക്കും. റഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ യുക്രയ്‌ന്റെ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്ക് വന്നേക്കാം. ഏതായാലും, ഇരുപക്ഷവും സകല കാര്‍ഡുകളും പുറത്തിറക്കി കളിക്കുമെന്ന് തീര്‍ച്ച.
(യുക്രയ്‌നിയന്‍ പ്രശ്‌നങ്ങളില്‍ സവിശേഷ പഠനം നടത്തുന്ന ഗവേഷകനാണ് ലേഖകന്‍.studies.aljazeera.net-ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം