വേര്‍പിരിയും മുമ്പ് ഒരു നിമിഷം
ദീര്‍ഘകാലം ഒന്നിച്ചു ജീവിച്ച ദമ്പതികള്‍ക്ക് വേര്‍പിരിയാനുള്ള തീരുമാനമെടുക്കുന്നത് ഏറെ പ്രയാസകരമായിരിക്കും. അന്തഃസംഘര്‍ഷങ്ങളുടെയും മാനസിക പിരിമുറുക്കത്തിന്റെയും ക്ലേശപുര്‍ണ്ണമായ ഘട്ടത്തിലൂടെ കടന്ന് മാത്രമേ വിവാഹമോചനമെന്ന അന്തിമ തീരുമാനത്തില്‍ എത്താനാവൂ. വിവാഹമോചനമെന്ന സങ്കല്‍പം ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞാലുണ്ടാകാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും അനുകൂലവും പ്രതികൂലവുമായ ഫലങ്ങളും ഒരു കടലാസില്‍ കുറിച്ചിട്ട്, ഒടുവില്‍ ഇവയെല്ലാം നിഷ്‌കൃഷ്ടമായി തുലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്ത് മാത്രമേ അതിന് മുതിരുന്നവര്‍ മുന്നോട്ടു പോകാവൂ. എടുത്ത തീരുമാനത്തില്‍ തൃപ്തിതോന്നാനും അതിനെ നാനാ കോണിലൂടെ വീക്ഷിക്കാനും വിലയിരുത്താനും ഇത് മൂലം കഴിയും. വിവാഹമോചനാവശ്യവുമായി എന്നെ സമീപിക്കുന്ന ദമ്പതികളില്‍ ഞാന്‍ പരീക്ഷിക്കുന്ന ഒരു രീതിയാണിത്.
വിവാഹമോചനാവശ്യവുമായി ഒരു സ്ത്രീ എന്നെ സമീപിച്ചു. തീരുമാനവുമായി മുന്നോട്ടുപോയാല്‍ ഭാവിയില്‍ ഉണ്ടാവുന്ന നേട്ടങ്ങളും നഷ്ടങ്ങളും രേഖപ്പെടുത്താന്‍ ഞാനവര്‍ക്ക് ഒരു കടലാസ് നല്‍കി. ഒരാഴ്ച കഴിഞ്ഞ്, നല്ലപോലെ ചിന്തിച്ചും ആലോചിച്ചും എഴുതിയ കാര്യങ്ങള്‍ ഒന്നുകൂടി മനസ്സിലിട്ട് മനനം ചെയ്തും വരാന്‍ ഞാനവരെ ഉപദേശിച്ചു. ഒരാഴ്ച കഴിഞ്ഞ് അവര്‍ വന്നു. അവര്‍ എഴുതിക്കൊണ്ടുവന്ന കുറിപ്പ് പരിശോധിച്ചപ്പോള്‍ 12 നേട്ടങ്ങളും പത്ത് നഷ്ടങ്ങളുമാണ് അവര്‍ എഴുതിയതെന്ന് കണ്ടു.
നേട്ടങ്ങള്‍
1. വിവാഹമോചനം ആരോഗ്യനില നന്നാക്കും. കാരണം ഭര്‍ത്താവിന്റെ നിന്ദാവചനങ്ങള്‍ കേട്ടും ഭേദ്യങ്ങള്‍ സഹിച്ചും അടികള്‍ ഏറ്റും ഏറെ തകര്‍ന്നിരിക്കയാണ് ശരീരവും മനസ്സും.
2. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലി നിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
3. ആത്മവിശ്വാസം വീണ്ടു കിട്ടും. ഭര്‍ത്താവിന്റെ വാക്കും പ്രവൃത്തിയും പെരുമാറ്റവും ആത്മവിശ്വാസവും ധൈര്യവും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.
4. സ്വാതന്ത്ര്യം വീണ്ടുകിട്ടും. കഠിനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സദാ നിരീക്ഷിച്ചും എപ്പോഴും സംശയിച്ചും എന്നെ ഭരിക്കുന്ന ആ മനുഷ്യന്റെ നരകത്തില്‍ നിന്ന് എനിക്ക് ഒരു മോചനം കിട്ടുമല്ലോ.
5. ജീവിതത്തിന്റെ പതിവ് രീതികള്‍ക്ക് മാറ്റം വരും. അതിനെ നവീകരിക്കാനും ഉപരിപഠനം പൂര്‍ത്തിയാക്കാനും ഈ വേര്‍പിരിയല്‍ സഹായകമാവും.
6. നാലു മക്കളെയും നന്നായി നോക്കിവളര്‍ത്താന്‍ സാധിക്കും. അവരുടെ പിതാവ് വീട്ടില്‍ സൃഷ്ടിക്കുന്ന ഭീതിദാന്തരീക്ഷത്തില്‍ നിന്ന് മുക്തി ലഭിക്കുന്ന മക്കള്‍ക്ക് പേടിയില്ലാതെ കഴിയാനാവുമല്ലോ.
7. എന്റെ സ്ത്രീത്വം പരിരക്ഷിക്കാന്‍ കഴിയും. ഭര്‍ത്താവ് യാതൊരു ഉത്തരവാദിത്തവും ഏല്‍ക്കാതെ എല്ലാം എന്റെ തലയില്‍ കെട്ടിവെക്കുന്നത് മൂലം സ്ത്രീത്വമെന്ന സ്വഭാവം നഷ്ടപ്പെട്ട് ഞാനൊരു പുരുഷനായി മാറിപ്പോയോ എന്ന് ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്.
8. സാമൂഹിക ബന്ധങ്ങളിലേക്ക് ഒരു മടക്കം സാധ്യമാവും. വിവാഹം മൂലം മുറിഞ്ഞ് പോയ കുടുംബ-സാമൂഹിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാനാവും. ഭര്‍ത്താവിന്ന് അതൊന്നും ഇഷ്ടമല്ല.
9. മത-സാമൂഹിക സേവന-സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ സജീവമാവാന്‍ കഴിയും.
10. ഭര്‍ത്താവ് വിവാഹത്തോടെ നിരോധിച്ച ഹോബികളിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കും.
11. ഞാന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പ്രയാസങ്ങളും അല്ലാഹുവിന്റെ പരീക്ഷണമാണെന്നും അതില്‍ അല്ലാഹുവിന്റെ പ്രതിഫലം ഉണ്ടാവുമെന്നുമുള്ള ബോധം എനിക്കുണ്ട്.
12. ഇപ്പോഴുള്ളതിനേക്കാള്‍ നല്ല ഒരു ഭര്‍ത്താവിനെ അല്ലാഹു എനിക്ക് ഭാവിയില്‍ പകരം തന്നേക്കാം.
നഷ്ടങ്ങള്‍
1. വിവാഹമോചിതയോടുള്ള സമൂഹത്തിന്റെ നിഷേധാത്മക സമീപനവും വേര്‍പിരിയാനുള്ള കാരണങ്ങളെ കുറിച്ച അന്വേഷണവും എന്നെ ഉത്കണ്ഠാകുലയാക്കുന്നു. ചുഴിഞ്ഞന്വേഷിച്ച് ഓരോ കാരണം സമൂഹം പടച്ചുണ്ടാക്കും.
2. കുടുംബത്തിന്റെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരും. 'അവള്‍ ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനും തയ്യാറാവാഞ്ഞിട്ടല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചതെ'ന്ന് അവര്‍ കുറ്റപ്പെടുത്തും. ക്ഷമക്ക് പോലും മടുപ്പ് തോന്നുവോളം ഞാന്‍ ക്ഷമിച്ചിട്ടുണ്ട് എന്ന് എനിക്കല്ലേ അറിയൂ.
3. കുട്ടികളെയും കൊണ്ട് തറവാട്ടില്‍ താമസിക്കുന്നത് മൂലം അവര്‍ക്കുള്ള പ്രയാസങ്ങളും വിഷമതകളും അവര്‍ തുറന്നു പറയില്ലെങ്കിലും ഞാന്‍ മനസ്സിലാക്കേണ്ടതുണ്ട്.
4. യാത്രകള്‍ക്കും മറ്റു പല ആവശ്യങ്ങള്‍ക്കുമായി പുറത്തുപോകുന്നതിനും മാതാപിതാക്കളും ആങ്ങളമാരും മറ്റ് കുടുംബാംഗങ്ങളും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് വഴങ്ങേണ്ടിവരും.
5. മക്കളുടെ വിദ്യാഭ്യാസത്തിന് മുന്‍ഭര്‍ത്താവ് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കുമെന്ന് ഒരു ഉറപ്പുമില്ലാത്തതിനാല്‍ വന്ന് പെടുന്ന ദുര്‍വ്വഹമായ ജീവിതച്ചെലവുകള്‍ ആശങ്കപ്പെടുത്തുന്നു.
6. വിവാഹ മോചിതയാണെന്നറിയുമ്പോള്‍ പരപുരുഷന്മാരുടെ ശല്യം സഹിക്കേണ്ടിവരും. അവര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. സുരക്ഷിതത്വം ഉണ്ടാവില്ല.
7. ഈ വേര്‍പാട് മക്കളില്‍ ഉണ്ടാക്കുന്ന വിപരീത ഫലങ്ങളും പ്രത്യാഘാതങ്ങളും അവഗണിക്കാവതല്ല.
8. വിവാഹമോചനത്തോടുള്ള എന്റെ മാനസികാവസ്ഥയിലും അസന്തുലിതാവസ്ഥയുണ്ടാവാം.
9. സുരക്ഷിതത്വബോധം നഷ്ടപ്പെടും. ഇരയാക്കപ്പെടുമെന്ന ഭീതി വിട്ടൊഴിയില്ല.
10. ഭാവിയെ കുറിച്ച് എനിക്ക് ഭയവും ഉത്കണ്ഠയുമുണ്ട്.
എല്ലാം വായിച്ചു കഴിഞ്ഞ് ഞങ്ങള്‍ ദീര്‍ഘമായി ചര്‍ച്ചനടത്തി. സുരക്ഷിതത്വബോധത്തെക്കുറിച്ച ഉത്കണ്ഠ വിട്ടേക്കാന്‍ ഞാനവരോട് പറഞ്ഞു. അത് അവരുടെ കുടുംബത്തിനും നല്‍കാനാവുമെന്ന് ഞാന്‍ സൂചിപ്പിച്ചു. ഒന്ന് കൂടി നന്നായാലോചിച്ച് ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശിച്ച് അവരെ തിരിച്ചയച്ചു.
അവര്‍ വന്നു. ''ഞാന്‍ നന്നായി ചിന്തിച്ചു. കണക്ക് കൂട്ടി. നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്തി. കുടുംബത്തോട് കൂടിയാലോചിച്ചു. ഇസ്തിഖാറത്ത് നടത്തി. വിവാഹ മോചനം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്''.
''ഇതാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടുപോകൂ. നടപടികളിലേക്ക് കടന്ന് കൊള്ളൂ''.
''എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്''? അവര്‍ തിരക്കി.
''നിങ്ങള്‍ സൂചിപ്പിച്ച പല വിഷയങ്ങളും നിങ്ങളുടെയും മക്കളുടെയും ശാരീരിക മാനസിക പ്രയാസങ്ങളെ അടിസ്ഥാനമാക്കിയതാകയാല്‍ എനിക്കതില്‍ ഇനി വിശേഷിച്ചൊന്നും പറയാനില്ല. ഏതായാലും അയാള്‍ ആദ്യത്തെ ഒരു ത്വലാഖ് നടത്തട്ടെ. ഒരു പക്ഷെ ഈ നടപടി ഒരു വീണ്ടുവിചാരത്തിന് അയാളെ പ്രേരിപ്പിച്ചേക്കാം. തിരിച്ചെടുക്കാന്‍ സന്ദര്‍ഭവും ഉണ്ടാവുമല്ലോ''.
''അയാളെ എനിക്ക് നന്നായറിയാം. അത് കൊണ്ടൊന്നും അയാള്‍ നന്നാവില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ ആളാണ്''.
ഏതായാലും നിങ്ങള്‍ ഭര്‍ത്താവിനെയും കൂട്ടി വരൂ. നമുക്ക് വിവാഹമോചന നടപടികളെ കുറിച്ച് ആലോചിച്ച് തീരുമാമെടുക്കാം.
''ശരി'', അവര്‍ സമ്മതിച്ചു.
ഒരു വേള ഒന്നിച്ചുള്ള ആ വരവ് പുതിയ ചിന്തകള്‍ക്കും തിരിച്ചറിവിന്നും കാരണമായേക്കാം. പിരിയാതെ ജീവിതാന്ത്യം വരെ സന്തോഷമായി ഒന്നിച്ചു കഴിയാനുള്ള തീരുമാനവുമായി അവര്‍ വരുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
വിവ: പി.കെ ജമാല്‍
Comments