Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

ജീര്‍ണിക്കുന്ന രാഷ്ട്രീയ സംസ്‌കാരം

         രാജ്യത്തിന്റെ രാഷ്ട്രീയ സംസ്‌കാരം മലീമസമായിരിക്കുന്നുവെന്ന സത്യം ഓരോ ഭാരതീയനും മനസ്സിലാക്കുന്നുണ്ട്. അവനതില്‍ ഏറെ അസ്വസ്ഥനുമാണ്. പക്ഷേ, ശുചീകരിക്കേണ്ടതെങ്ങനെയെന്ന് അവനറിഞ്ഞുകൂടാ. ഏതെങ്കിലും ഒരു രോഗത്തെയല്ല ചികിത്സിക്കാനുള്ളത്. രാഷ്ട്രീയത്തെ ബാധിക്കുന്ന സര്‍വ രോഗങ്ങളുടെയും കൂടാരമായിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദേശീയ ചിത്രം സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് അതിനെ നമ്മുടെ രാഷ്ട്രീയ ജീര്‍ണതയുടെ ദര്‍പ്പണമായി കൂടി കാണാവുന്നതാണ്.
         ഇലക്ഷന്‍ കമീഷന്റെ കര്‍ശനമായ നിയന്ത്രണമുണ്ടായിട്ടും പണക്കൊഴുപ്പ് താണ്ഡവമാടുന്നു. പ്രചാരണ രംഗത്ത് ബാഹ്യമായ പൊലിപ്പിനും ആര്‍ഭാടത്തിനും പരിമിതികളുള്ളതിനാല്‍ രഹസ്യമായ വോട്ടു കച്ചവടത്തിനാണ് പണം മുഖ്യമായും ചെലവഴിക്കപ്പെടുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ നിത്യവും ബഹുലക്ഷങ്ങള്‍ പിടികൂടുന്നുണ്ട്. ആരുടെയും കണ്ണില്‍ പെടാതെ പോകുന്നത് കോടികളാണ്. ജനാധിപത്യം പണാധിപത്യത്തിന് നിശ്ശബ്ദം വഴിമാറുന്നു. പണക്കാരും ക്രിമിനലുകളുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളാക്കിയിട്ടുള്ളവരില്‍ വലിയൊരു വിഭാഗം. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ഥികളില്‍ മൂന്നിലൊന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് നാഷ്‌നല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസും പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് മുന്നണി ജയിച്ചാലും കഴിഞ്ഞ ലോക്‌സഭയിലെന്ന പോലെ അടുത്ത ലോക്‌സഭയിലും ഈ വിഭാഗത്തിന് മികച്ച പ്രാതിനിധ്യം പ്രതീക്ഷിക്കാം.
         പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്പരം ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ സഭ്യതയുടെയും മാന്യതയുടെയും സകല സീമകളും ലംഘിച്ചു മുന്നേറുന്നു. ചില സ്ഥാനാര്‍ഥികള്‍ മാനംകാക്കാന്‍ കോടതി കയറേണ്ടിവന്നിരിക്കുകയാണ്. എതിര്‍ പാര്‍ട്ടിയുടെ/സ്ഥാനാര്‍ഥിയുടെ കുറ്റങ്ങളും കുറവുകളും മണ്ഡലത്തില്‍ താന്‍ നടത്താന്‍ പോകുന്ന വികസനങ്ങളുമാണ് എല്ലാ സ്ഥാനാര്‍ഥികളുടെയും പ്രചാരണ വിഷയം. രാജ്യം നേരിടുന്ന ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ ആര്‍ക്കും വിഷയമല്ല. തെരഞ്ഞെടുപ്പ് ചടങ്ങ് എന്ന നിലയില്‍ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ ഇറക്കുന്നു. ജനങ്ങള്‍ക്കിടയില്‍ അത് ചര്‍ച്ചയാകുന്നേയില്ല. പരസ്പര വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുടെയും നയനിലപാടുകളുടെയും വാഹകരെന്ന് അവകാശപ്പെടുന്നുവെങ്കിലും അധികാരത്തിലെത്തിയാല്‍ എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുകയെന്ന് പാര്‍ട്ടികള്‍ക്കറിയാം, ജനങ്ങള്‍ക്കുമറിയാം. ആദര്‍ശവും പ്രത്യയശാസ്ത്രവുമൊക്കെ വെറും ചിഹ്നങ്ങളാണ്. സത്യം, ധര്‍മം, സദാചാരം തുടങ്ങിയ മൂല്യങ്ങള്‍ക്കൊന്നും രാഷ്ട്രീയത്തില്‍ സ്ഥാനമില്ലാതായിരിക്കുന്നു. അധികാരമാണ് ലക്ഷ്യം. അതിനു വേണ്ടി എന്തും മാറ്റിവെക്കാം, തള്ളിപ്പറയാം. ഇന്നലെ വരെ ഇടതുമുന്നണിയുടെ ഘടകമായിരുന്ന കക്ഷി തെരഞ്ഞെടുപ്പടുത്തപ്പോള്‍ വലതുമുന്നണിയിലേക്കും മറിച്ചും മാറുന്നു. കോണ്‍ഗ്രസ്സിന്റെ നേതാക്കളും പാര്‍ട്ടി ഭരിച്ച സംസ്ഥാനങ്ങളില്‍ മന്ത്രിമാരുമായിരുന്ന ചിലര്‍ പെട്ടെന്ന് ബി.ജെ.പിയില്‍ ചേക്കേറുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രമായി മത്സരിക്കുന്നു. കേരളത്തില്‍ ഇന്നലെ വരെ കോണ്‍ഗ്രസ്സിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളലങ്കരിച്ചിരുന്ന ചില നേതാക്കള്‍ ഇന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥികളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതൊന്നും പാര്‍ട്ടികളുടെയോ വ്യക്തികളുടെയോ ആദര്‍ശ വിശ്വാസങ്ങളില്‍ മാറ്റമുണ്ടായതുകൊണ്ടല്ലെന്ന് എല്ലാവര്‍ക്കുമറിയാം. സ്വന്തം പാര്‍ട്ടി സീറ്റ് നിഷേധിച്ചു; അല്ലെങ്കില്‍ അനുവദിച്ച സീറ്റ് ജയ സാധ്യതയില്ലാത്തതാണ്. മറു കക്ഷികളില്‍ നിന്ന് കൂടുതല്‍ നല്ല ഓഫര്‍ കിട്ടുന്നു. ഇതാണ് മാനസാന്തരങ്ങള്‍ക്ക് അടിസ്ഥാനം. പാര്‍ട്ടികള്‍ ടിക്കറ്റു കൊടുക്കുന്നിടത്തും സത്യസന്ധതയും മൂല്യബോധവും ഒട്ടും പരിഗണിക്കപ്പെടുന്നില്ല. ജയസാധ്യതയും പിന്നെ നേതാക്കളുടെ താല്‍പര്യവുമാണ് പ്രധാനം. രണ്ടാം യു.പി.എ സര്‍ക്കാറില്‍ മന്ത്രിയായി അഴിമതി നടത്തി ജയിലില്‍ പോകേണ്ടിവന്നവര്‍ പോലും ഈ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നേടിയിരിക്കുന്നു. വോട്ടിനു വേണ്ടി വ്യക്തികള്‍ക്ക് മാത്രമല്ല, പാര്‍ട്ടികള്‍ക്കും ഏതറ്റം വരെയും പോകാന്‍ മടിയില്ലാതായിരിക്കുന്നു. തങ്ങളുടെ കൊടിയ ശത്രുക്കളും കൊലയാളികളുമായ പാര്‍ട്ടിയില്‍ ഒരു പടലപ്പിണക്കമുണ്ടായാല്‍ പിണങ്ങിയ ഗ്രൂപ്പിനെ സ്വന്തം പാര്‍ട്ടിലേക്ക് മാലയിട്ടാനയിക്കാന്‍ വിപ്ലവ പാര്‍ട്ടിയുടെ നേതാക്കള്‍ ഓടിയെത്തുന്നു. ഇന്നലെ കാവിക്കൊടിയേന്തി നരേന്ദ്ര മോഡിക്ക് സ്തുതിപാടിയവര്‍ ഇന്ന് ചെങ്കൊടിയേന്തി വിപ്ലവ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. അവസരവാദം വിപ്ലവവും അവസരവാദികള്‍ വിപ്ലവ നായകരുമാവുകയാണിവിടെ.
         ദേശീയ രാഷ്ട്രീയത്തെ ആദ്യം പിടികൂടിയതും ഇപ്പോള്‍ ഗുരുതരാവസ്ഥയിലെത്തിച്ചതുമായ രോഗമാണ് കുടുംബ വാഴ്ചാ പ്രവണത. ഇന്ത്യ ഭരിക്കാനും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനും പ്രാപ്തമായ ഏക കുടുംബമാണ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റേത് എന്നൊരു മിഥ്യാധാരണ ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെട്ടു. നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് പ്രസിഡന്റായി ഇന്ദിരാഗാന്ധി നിയമിക്കപ്പെട്ടുകൊണ്ടായിരുന്നു തുടക്കം. നെഹ്‌റുവിനു ശേഷം ഇന്ദിരാഗാന്ധിയും അവര്‍ക്കു ശേഷം രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായി. രാജീവിന് ശേഷം, പ്രധാനമന്ത്രിയായിട്ടില്ലെങ്കിലും പാര്‍ട്ടിയുടെയും യു.പി.എ സര്‍ക്കാറിന്റെയും തലപ്പത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയുമാണ്. നെഹ്‌റു കുടുംബത്തിന്റെ സഞ്ജയ് ശാഖയിലെ വരുണ്‍ ഗാന്ധിയും അമ്മ മേനകാ ഗാന്ധിയും ബി.ജെ.പിയുടെയും നേതൃത്വത്തിലുണ്ട്. കോണ്‍ഗ്രസ്സിന്റെ ഈ രോഗം ക്രമേണ ഇതര പാര്‍ട്ടികളിലേക്ക് പകര്‍ന്നു. ഇന്ന് ഏതാണ്ട് എല്ലാ പാര്‍ട്ടികളെയും അതു കീഴടക്കിയിരിക്കുന്നു. ആര്‍.ജെ.ഡി, ഡി.എം.കെ, അകാലി ദള്‍, ശിവസേന, എസ്.പി, ആര്‍.എല്‍.ഡി, ലോക് ജനശക്തി, ജെ.ഡി.എസ്, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ബിജു ജനതാ ദള്‍ തുടങ്ങിയ ഒട്ടേറെ പാര്‍ട്ടികള്‍ അവയുടെ തലവന്മാരുടെ കുടുംബ സ്വത്താണ്. മായാവതി, മമതാ ബാനര്‍ജി, ജയലളിത പോലുള്ള ചിലരുടെ പാര്‍ട്ടികളില്‍ കുടുംബം ഇടപെടുന്നില്ലെങ്കില്‍ അവര്‍ക്ക് അതിനു പറ്റിയ കുടുംബം ഇല്ലാത്തതുകൊണ്ടാണത്. അവരും പാര്‍ട്ടിയെ കൈകാര്യം ചെയ്യുന്നത് കുടുംബ സ്വത്തായിട്ടു തന്നെയാണ്. എല്ലാം കൊണ്ടും വ്യതിരിക്തമായ പാര്‍ട്ടി എന്ന് ഘോഷിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ കുടുംബവത്കരണത്തിലേക്കാണ് മുന്നേറുന്നത്. അവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ അക്കാര്യം തെളിഞ്ഞു കാണാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം