രാഷ്ട്രീയ കുതിരച്ചാട്ടങ്ങളില്‍ നിലയുറപ്പിച്ച ഇടതുപക്ഷം

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണി കുതിരച്ചാട്ടത്തിനാണ് ഒരുങ്ങുന്നത്. ഏറ്റവും നല്ല പന്തയക്കുതിരയാവാന്‍ എങ്ങനെ കഴിയും എന്ന ഒരൊറ്റ നിലപാടാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത്. ഈ പന്തയത്തില്‍ ലേലം വിളിച്ച് ചിലര്‍ മറുകണ്ടം ചാടുകയും മറ്റു ചിലതിനെ ലേലം കൊണ്ടു മുന്നണിയുടേതാക്കുകയും ചെയ്തിട്ടുണ്ട്. കാലുമാറി വരുന്നവര്‍ക്ക് ഏറ്റവും രാജകീയമായ സ്ഥാനാര്‍ഥി കുപ്പായം വരെ ഈ കുതിരപ്പന്തയ കോര്‍ട്ടില്‍ ഇടതുപക്ഷം നെയ്ത് വെച്ചു. വര്‍ഗശത്രുവെന്ന് വിളിക്കുകയോ, കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം ഡ്രാക്കുളയായി നാടാകെ ചിത്രം കെട്ടി തങ്ങള്‍ വഴിതടയുകയോ ചെയ്ത എം.വി രാഘവന്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ പിന്തുണപോലും ഈ പന്തയച്ചാട്ടത്തില്‍ പവിത്രവത്കരിക്കപ്പെട്ടു. അതായത്, മറ്റു പാര്‍ട്ടികളിലെ ഛിദ്രതയിലും കാലുമാറ്റത്തിലും ഇത്രയേറെ പ്രതീക്ഷയര്‍പ്പിക്കേണ്ടി വന്ന ഒരു തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി മുമ്പ് അഭിമുഖീകരിച്ചിരിക്കില്ല.
അടവ് നയങ്ങള്‍ക്ക് ഒരു സൗകര്യമുണ്ട്. ഇന്ന് സ്വീകരിച്ച നിലപാട് നാളെ തള്ളിപ്പറയാം. ഈ സൗകര്യമാണ് എല്ലാ വഴിവിട്ട നിലപാടുകളെയും 'അടവുനയം' എന്നോ പ്രായോഗിക രാഷ്ട്രീയം എന്നോ വ്യാഖ്യാനിച്ചു സായൂജ്യപ്പെടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സഹായിക്കുന്നത്. രാജ്യതാല്‍പര്യപരമോ സാമ്രാജ്യത്വ വിരുദ്ധമോ സാമുദായിക വര്‍ഗീയവിരുദ്ധമോ ആയ നിലപാട്തറയില്‍ കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയം ഇടതുപക്ഷത്തിനുണ്ടെന്നാണ് വെപ്പ്. പക്ഷേ, സി.പി.എം ആയാലും സി.പി.ഐ ആയാലും ഈ നിലപാട്തറ തങ്ങളുടേതായ പാര്‍ട്ടി പരിപാടിയുടെ ചട്ടക്കൂടില്‍ കെട്ടിപ്പൂട്ടപ്പെട്ട ഒരു പ്രതിഭാസമാണ്. ചിലപ്പോള്‍ അത് ഭൂരിപക്ഷ ന്യൂനപക്ഷ സമുദായ വാദത്തിന്റെ അളവ്‌കോലിട്ട് സമസ്യയാക്കും. ന്യൂനപക്ഷത്തിന് വേണ്ടത് ന്യൂനപക്ഷത്തോട് പറയുക. ഭൂരിപക്ഷത്തിന് വേണ്ടത് ഭൂരിപക്ഷത്തോടും. രണ്ട് വര്‍ഗത്തോടുമായി പൊതുനിലപാട് സ്വീകരിക്കേണ്ട ഘട്ടത്തില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുക. അങ്ങനെ തുടരുന്നു ഈ അടവ് നയ കുശാഗ്രബുദ്ധി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുറുകെ പിടിക്കുന്ന വര്‍ഗ രാഷ്ട്രീയത്തോട് പോലും നീതി പുലര്‍ത്താവുന്ന 'അടവ് നയം' അല്ല ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. മൂന്ന് പ്രമുഖരായ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക തന്നെ ഇതിന് ഏറ്റവും നല്ല തെളിവാണ്. സാമ്രാജ്യത്വവും ഉദാരവത്കരണവും മുതലാളിത്ത ബൂര്‍ഷ്വാ നടപടികളുമെല്ലാം ദേശീയ രാഷ്ട്രീയ വിഷയമായി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉണ്ടാവുമെങ്കിലും ക്രൈസ്തവ, സാമുദായിക താല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രകടമായ മുന്‍തൂക്കം നല്‍കുന്ന ഒരു അടവ് നയ രീതിയാണ് ഇടതുമുന്നണിയെ കൊണ്ട് സി.പി.എം ഇക്കുറി പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നത്.
മുന്നണി എന്ന നിലയില്‍ എല്ലാ ചാരുതയും ചോര്‍ന്ന് പോയ ഒരു സംവിധാനം മാത്രമാണ് കേരളത്തിലെ ഇടതുപക്ഷമെന്നതാണ് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. ഇടതുമുന്നണി എന്നാല്‍ സി.പി.എമ്മും സി.പി.ഐയും ആണെന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഈ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയുടെ തീരുമാനം സന്ദേശം നല്‍കി. ആദ്യം ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് സി.പി.എം സീറ്റ് ധാരണ ഉറപ്പിക്കുന്നത്. പിന്നീട് ഈ ഉഭയകക്ഷി ചര്‍ച്ചക്ക് ഔദ്യോഗിക മാനം നല്‍കാന്‍ മുന്നണി യോഗം ചേരുകയാണ് പതിവ്. അങ്ങനെയൊരു ഉഭയകക്ഷി ചര്‍ച്ചയുടെ ഇരയാവുകയായിരുന്നു ആര്‍.എസ്.പി. ദേശീയമായി ഇടതുപക്ഷത്തിന് കരുത്ത് പകരുന്ന ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പിനെയാണ് കേരളത്തിലെ സി.പി.എം ചൊടിപ്പിച്ചു വിട്ടത്. തന്നോട് ഒരു വാക്ക് പോലും ആര്‍.എസ്.പി നേതാക്കള്‍ സംസാരിച്ചിരുന്നില്ല എന്നാണ് വി.എസ് അച്യുതാനന്ദന്‍ ഇതെക്കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ പരിഭവിച്ചത്. ആര്‍.എസ്.പി വാക്ക് പറഞ്ഞില്ല എന്നതിനപ്പുറം അവരെ ചൊടിപ്പിച്ചു വിട്ട പിണറായിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ലോബി പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചില്ല എന്ന് പറയുന്നതാവും ശരി. വി.എസ് അകപ്പെട്ട പുതിയ ദാസ്യവൃത്തിയുടെ പെട്ടിക്കോളത്തിനുള്ളില്‍ ഈ പരിഭവത്തെ ഒതുക്കി വെച്ചുവെന്നേ കരുതേണ്ടതുള്ളു.
ചാക്കിട്ടു പിടിക്കില്ല;
ചാക്കില്‍ വീണാല്‍ പിടിക്കും!!
മുന്നണിയിലെ ചാക്കിട്ടു പിടുത്തത്തെയും വിലപേശല്‍ പ്രവണതകളെയും 'സിദ്ധാന്ത'ത്തിന്റെ പേരില്‍ നിരുത്സാഹപ്പെടുത്തിയിരുന്ന പാര്‍ട്ടിയാണ് സി.പി.എം. കാരണം, ഇടതുമുന്നണി വെറുമൊരു സഖ്യമല്ലെന്നും, അത് നയനിലപാടുകളുടെ ഒരു കൂട്ടായ്മയാണെന്നുമാണ് വ്യാഖ്യാനിച്ചു പോന്നത്. ഐ.എന്‍.എല്‍ പതിറ്റാണ്ടുകളായി പടിപ്പുറത്ത് നില്‍ക്കേണ്ടിവന്നതിന്റെ ന്യായവും അതാണ്. അങ്ങനെയൊരു നിലപാട് ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു മെഴുക്തിരി പോലും കത്തിച്ചുവെക്കാനാവാത്ത വിധം മുസ്‌ലിംലീഗ് സി.പി.എമ്മിനോടൊപ്പം എന്നേ ചേരുമായിരുന്നു; ചേര്‍ക്കാമായിരുന്നു. എന്നാല്‍, അനുഭവമോ? കാലുമാറുന്നവരോട് ചങ്ങാത്തമില്ല എന്ന നയം മാണിയെപ്പോലുള്ളവര്‍ക്ക് ബാധകമല്ലാതായി. കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുകയും പിണറായി അതേറ്റ് പിടിക്കുകയും ചെയ്ത ഒരു ഇടക്കാലം കഴിഞ്ഞു പോയിട്ടുണ്ട് എന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നത് നല്ലതാണ്. കാരണം, കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ കണ്ണ് വെച്ചാണ് സി.പി.എമ്മിന്റെ മലയോര നിലപാട് രൂപപ്പെട്ടിട്ടുള്ളത്. മാണി മുന്നണി വിട്ട് വരാന്‍ മടിച്ചാല്‍ പോലൂം അവരുമായി മലയോരത്ത് അടവ് നയം സ്വീകരിക്കാമെന്ന് സി.പി.എം തീരുമാനിച്ചു വെച്ചിട്ടുണ്ട്. എം.എം മണിയുടെ കുഞ്ചിത്തണ്ണി ഉള്‍പ്പെട്ട ബൈസണ്‍വാലി പഞ്ചായത്തില്‍ അഞ്ച് കേരള കോണ്‍ഗ്രസുകാരോടൊപ്പം രണ്ട് സി.പി.എം പ്രതിനിധികളും ചേര്‍ന്നാണ് ഭരണം നടത്തുന്നത്.
ഇടുക്കി സീറ്റിനെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുമുന്നണിയിലേക്ക് വരണമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവിച്ചതിന്റെ പിറ്റേന്നാണ് പിണറായി വിജയന്‍ 'കാണുന്നവരെയെല്ലാം ക്ഷണിക്കുന്നവരല്ല എല്‍.ഡി.എഫ്' എന്ന് തിരുത്തിയത്. സി.പി.എമ്മിന് തോന്നുമ്പോള്‍ മാത്രമേ ഇത്തരം ബന്ധങ്ങള്‍ക്ക് സാധുതയുള്ളൂ എന്ന താക്കീത് കൂടിയായിരുന്നു പിണറായിയുടെ ഈ പ്രസ്താവന. ആര്‍.എസ്.പി പോയതിന് പിന്നാലെയാണ് ഐ.എന്‍.എല്ലിന്റെ വിലാപം. പാര്‍ട്ടിയുടെ പേരില്‍ നിന്ന് 'മുസ്‌ലിം'ഒഴിച്ചു നിര്‍ത്തി മതനിരപേക്ഷ സഖ്യത്തിന് സ്വയം പാകപ്പെട്ട ഒരു പാര്‍ട്ടിയായിട്ടു പോലും ഇടതുമുന്നണിയുടെ വാതില്‍പ്പുറത്ത് പതിറ്റാണ്ടിലേറെയായി നില്‍ക്കുന്ന ഒരു സംഘമാണ് ഐ.എന്‍.എല്‍. അഞ്ച് സീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്ന് ഐ.എന്‍.എല്‍ പരസ്യപ്പെടുത്തിയപ്പോഴാണ് പിണറായി വിജയനും കൂട്ടരും അവരുടെ കാര്യം തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്ന് തീരുമാനിച്ചത്. ഏതെങ്കിലും ഒരു ഓഫറിന്റെ കച്ചിത്തുരുമ്പ് കിട്ടിയാല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഐ.എന്‍.എല്ലിന്റെ വിലപേശല്‍ അങ്ങനെ അവിടെ ഒതുങ്ങി.
ഗൗരിയമ്മയുടെ വരവ് ഇടതുമുന്നണി ഒരു അഭിമാനമായാണ് ഉയര്‍ത്തി കാട്ടുന്നത്. ജെ.എസ്.എസ് ഒരു രാഷ്ട്രീയ ശക്തിയേ അല്ല എന്നായിരുന്നു സി.പി.എമ്മിന്റെ ഇതുവരെയുള്ള നിലപാട്. പക്ഷേ, ഗൗരിയമ്മയുടെ വരവ് ആഘോഷിച്ചാലേ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള പാര്‍ട്ടിയുടെ മികവിന്റെ അക്കൗണ്ടില്‍ അത് ചേരുകയുള്ളൂ. ആര്‍.എം.പി.യെ കെട്ടിപ്പടുക്കുന്നതിന് സൈദ്ധാന്തിക കരുത്ത് പകര്‍ന്ന ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും വലതുപക്ഷ വ്യതിയാനം സംഭവിച്ച ഇടതുപക്ഷ പാര്‍ട്ടിയാണ് സി.പി.എം എന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ സമദൂരത്തില്‍ നില്‍ക്കേണ്ട ആര്‍.എം.പി അത് പാലിക്കുന്നില്ല എന്നു പറഞ്ഞാണ് തമ്മില്‍ഭേദം തൊമ്മനാണെന്ന നിലയില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ ബര്‍ളിന്‍ ആഹ്വാനം ചെയ്യുന്നത്. ബര്‍ളിന്‍ ഉയര്‍ത്തിവിട്ട സി.പി.എംവിരുദ്ധ ആശയ വെടിക്കെട്ടുകള്‍ മറന്നുകൊണ്ടുതന്നെ സി.പി.എം ഈ തീരുമാനത്തില്‍ ആഹ്ലാദിക്കുന്നു. എം.വി രാഘവന്റെ പാര്‍ട്ടിയില്‍ ഒരു വിഭാഗം അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയതും ഇതേ ആവേശത്തില്‍ തന്നെയാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. മറ്റു രാഷ്ട്രീയ വിയോജിപ്പുകളെല്ലാം തല്‍ക്കാലം മാറ്റി വെക്കാനും തീരുമാനിച്ചു.
വി.എസിന്റെ 'കീഴടങ്ങല്‍'
സി. പി.എമ്മില്‍ വി.എസ് കീഴടങ്ങിയതാണോ അതല്ല, വി.എസിന്റേതായ അടവുനയമാണോ എന്ന് മനസ്സിലാവണമെങ്കില്‍ വോട്ടെണ്ണി കഴിയണം. പ്രത്യേകിച്ചും ഏക പി.ബി അംഗം മത്സരിക്കുന്ന കൊല്ലത്തിന്റെ ജനവിധി പുറത്ത് വരുമ്പോഴാണ് കീഴടങ്ങലും അടവ്‌നയവും വെളിപ്പെടുക. വി.എസിനെ പാര്‍ട്ടി ശാസിച്ചു എന്നത് എല്ലാവരും അറിയുന്ന കാര്യമാണ്. സുര്‍ജിത് കഴിഞ്ഞാല്‍ പോളിറ്റ് ബ്യൂറോവില്‍ രണ്ടാമനായിരുന്ന വി.എസ് കേന്ദ്രകമ്മിറ്റിയിലെ 26-ാമനായി താഴുകയും പിണറായി വിജയന്‍ പി.ബിയിലെ ആറാം സ്ഥാനക്കാരനായി മേധാശക്തിയാവുകയും ചെയ്തിട്ട് കുറെയായി. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം വി.എസ് സ്വീകരിച്ച നിലപാടുകള്‍ ഒന്നൊന്നായി പ്രകോപനപരമാണ്. കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസിന്റെ നിലപാടിനെതിരെ പി.ബി നടത്തിയ പ്രസ്താവന പരസ്യമായ ശാസന തന്നെയായിരുന്നു. പക്ഷേ, സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇതുവരെയും ഇല്ലാത്ത വിധത്തിലാണ് ഒരു നേതാവ് മറ്റൊരു നേതാവിനെതിരെ കവലകള്‍ തോറും പ്രസംഗിച്ചു നടന്ന അനുഭവം ഉണ്ടായത്. പിണറായി വിജയന്‍ കേരള മാര്‍ച്ചിലുടനീളം വി.എസിനെ പരാമര്‍ശിക്കാതെ പ്രസംഗിച്ചിരുന്നില്ല. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വി.എസിന് മുന്നില്‍ ലക്ഷ്മണ രേഖ വരുമെന്നും പാര്‍ട്ടിക്ക് കീഴടങ്ങി പ്രചാരണത്തിന് ഇറങ്ങേണ്ടി വരുമെന്നും അന്ന് തന്നെ ബോധ്യമായതാണ്. അതാണ് സംഭവിച്ചതും. ടി.പിവധക്കേസില്‍ പി.ബി അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കെ.സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയില്‍ പിടിച്ചാണ് വി.എസ് 'കീഴടങ്ങല്‍' നയം സ്വീകരിച്ചത്. പക്ഷേ, അതൊരു കീഴടങ്ങല്‍ മാത്രമാണോ?
മാവോ കാലഘട്ടത്തില്‍ ചൈനീസ് പാര്‍ട്ടിയെ ദുഷിപ്പിച്ച നാല്‍വര്‍ സംഘത്തെക്കുറിച്ച് നാലാംലോക വാദകോലാഹലം പുകഞ്ഞു നില്‍ക്കുന്ന കാലം വി.എസ് ഒരു ലേഖനം എഴുതിയിരുന്നു. കേരളത്തിലെ മൂവര്‍ സംഘത്തെക്കുറിച്ചാണിതെന്ന് വ്യാഖ്യാനിച്ചവരുണ്ടായിരുന്നു. പിണറായി -തോമസ്‌ഐസക് - എം.എ ബേബി എന്നിവരെയാണ് മൂവര്‍ സംഘമായി സങ്കല്‍പിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ മുഖം തിരിച്ചു നില്‍ക്കുന്ന വി.എസിനാണ് പരാജയത്തിന്റെ എല്ലാ പഴിയും ഏല്‍ക്കേണ്ടി വരിക എന്നത് സത്യമാണ്. ഇപ്പോള്‍ കീഴടങ്ങിയെന്ന നിലയില്‍ പാര്‍ട്ടി വേദിയില്‍ സജീവമായതോടെ, വി.എസിന് ഇനി തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും തിരിച്ചടികള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കല്ല എന്ന് പറയാനാവും. അതാണ് വി.എസിന്റെ ഇപ്പോഴത്തെ നിലപാടിന്റെ ഒരു അടവ്തന്ത്രം എന്ന് കരുതുന്നവരുണ്ട്.
പക്ഷേ, തത്ത്വാധിഷ്ഠിതമെന്ന് കരുതിപ്പോന്ന തീവ്രമായ നിലപാടുകാരന്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം അടിയറവെച്ച് രംഗത്തിറങ്ങുന്നത് കാണുമ്പോഴുള്ള നീരസവും അമര്‍ഷവും രോഷവുമൊക്കെ വി.എസ് അച്യുതാനന്ദന് നേരെ ഉയര്‍ന്നു പൊങ്ങിയത് സ്വാഭാവികമാണ്. പാര്‍ട്ടി വിരുദ്ധരാണ് ഇപ്പോള്‍ വി.എസിനെ വിമര്‍ശിക്കുന്നത് എന്നാണ് അതിന് പിണറായി പറയുന്ന ന്യായം. ചീഞ്ഞ കാരണവര്‍ നല്ല കാരണവരായി മാറിയിട്ടുണ്ടെങ്കില്‍ അത് ഇലക്ഷന്‍ കഴിയുന്നത് വരെയാവുമോ എന്നാണ് ഉയരുന്ന മറുചോദ്യം.
'പഞ്ചായത്ത്' സ്ഥാനാര്‍ഥി പട്ടിക
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ലാഘവത്വമുള്ളതാണ് സി.പി.എമ്മിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ഥി പട്ടിക. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോല്‍ക്കാന്‍ ത്രാണിയുള്ള സ്വന്തം നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത അഞ്ച് മണ്ഡലങ്ങളെയാണ് സി.പി.എം ജനങ്ങള്‍ക്ക് വിട്ട് കൊടുത്തത്. വയനാട് പോലുള്ള തനി പരീക്ഷണപ്പോരാട്ടത്തിന് പോലും തങ്ങളുടെ ഗ്ലാമര്‍ നേതൃനിരയില്‍ നിന്ന് സത്യന്‍ മൊകേരിയെപ്പോലുള്ള ഒരാളെ നിര്‍ത്താന്‍ സി.പി.ഐ കാണിച്ച തന്റേടം സി.പി.എമ്മിന് ഉണ്ടായില്ല. സി.പി.എമ്മിന്റെ പതിനഞ്ച് സ്ഥാനാര്‍ഥികളില്‍ അഞ്ച് സ്വതന്ത്രന്മാരാണ്. അതില്‍ മൂന്ന് മുന്‍ കോണ്‍ഗ്രസുകാരും. മതനിരപേക്ഷതയില്‍ അടിയുറച്ചു നില്‍ക്കുന്ന പാര്‍ട്ടി എത്രത്തോളം സാമുദായിക രാഷ്ട്രീയത്തോടും കാലുമാറ്റ പൊറാട്ട് നാടകത്തോടും സന്ധി ചെയ്യുന്നു എന്നതിന്റെ പട്ടിക കൂടിയാണിത്. പത്തനംതിട്ടയില്‍ ആറന്‍മുള വിമാനത്താവള വിരുദ്ധ സമരനേതാവും എ.ഐ.സി.സി അംഗവുമായ ഫിലിപ്പോസ് തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് സ്വന്തം സ്ഥാനാര്‍ഥിക്ക് മത്സരിച്ചു നില്‍ക്കാനുള്ള നട്ടെല്ല് പോയത് കൊണ്ട് തന്നെയാണ്. ക്രൈസ്തവനല്ലാത്ത അനന്തഗോപാലന്‍ കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടിന് ആന്റോ ആന്റണിയോട് തോറ്റതിന്റെ ഭീതിയകറ്റാനാണ് ഫലിപ്പോസ് തോമസിനെ സി.പി.എം സ്വതന്ത്രനാക്കി നിര്‍ത്തുന്നത്. കസ്തൂരിരംഗന്‍ നിലപാടിന്റെ കൊയ്ത്തു കൂടിയാവണം ഈ സ്വതന്ത്ര വേഷപ്പകര്‍ച്ചയുടെ കാതല്‍. പക്ഷേ, ഒരൊറ്റ ദിവസം കൊണ്ടാണ് മുന്‍ ഡി.സി.സി പ്രസിഡന്റായ ഫിലിപ്പോസ് തോമസിന് മാര്‍ക്‌സിസ്റ്റ് മാമോദീസ മുക്കപ്പെട്ടത്.
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായ ജോസ് ജോര്‍ജിനെയും സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കുടിയേറ്റ ജനതയുടെ മനസ്സ് കീഴടക്കാനായി അരമനകള്‍ കയറിയിട്ടും കാര്യമില്ലാതായപ്പോഴുണ്ടായ ഒരു തുരുപ്പ്ശീട്ടായാണ്. മുന്‍ ആര്‍.എസ്.പി കാരന്‍ കൂടിയായ ഇന്നസെന്റിനെ ചാലക്കുടിയില്‍ നിര്‍ത്തിയത് സാംസ്‌കാരിക മുഖം നല്‍കാനാണെന്ന് സി.പി.എമ്മിന് പറയാം. പക്ഷേ, രാഷ്ട്രീയമായി അതൊരു ആര്‍.എസ്.പി വിരുദ്ധ ഇഫക്ടുള്ള തീരുമാനം കൂടിയായിരുന്നു. എറണാകുളത്ത് ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സി.പി.എം സ്വതന്ത്രനായി നിര്‍ത്തിയത് വിജയിപ്പിച്ചെടുക്കാനായില്ലെങ്കില്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചയില്‍ നേതൃത്വം മറുപടി നല്‍കേണ്ടി വരും. കോണ്‍ഗ്രസിന്റെ ചില അരമന സമിതികളില്‍ സജീവമായിരുന്ന ഒരാളാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നാണ് ചൊല്ല്. ഒരിക്കല്‍ പന്ന്യന്‍ രവീന്ദ്രനെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്ത് സി.പി.ഐ നിര്‍ത്തിയ സി.എസ്.ഐ സഭാ ദേശീയ സമിതി അംഗമായ ഡോ. ബെനറ്റി അബ്രഹാമിന്റെയും കോട്ടയത്തെ ജനതാദള്‍ സ്ഥാനാര്‍ഥിയുടെയും സാമുദായിക പ്രാതിനിധ്യം ചേര്‍ത്താല്‍ ഇടതുമുന്നണിയിലെ ക്രൈസ്തവ സ്വാധീനം 20-ല്‍ 8 എന്ന നിലയില്‍ എത്തി നില്‍ക്കുന്നു.
ക്രൈസ്തവ സ്വാധീനവും വിധേയത്വവും രാഷ്ട്രീയ അടവ് നയമാക്കിയ സി.പി.എം പൊന്നാനിയില്‍ അതൊന്നുമല്ലാത്ത താല്‍പര്യമാണ് പരിഗണിച്ചത്. മുന്‍ കെ.പി.സി.സി അംഗമായ വി. അബ്ദുറഹിമാനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ചു നേടുക എന്ന രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണെന്ന് പുറത്ത് പറയാവുന്ന കാരണമാണ്. പക്ഷേ, സാമ്പത്തികമായി വലിയ സൗകര്യമുള്ള ഒരാളെ നിര്‍ത്തി, എല്ലാ ബാധ്യതയില്‍ നിന്നും പാര്‍ട്ടി പിന്തിരിയുകയായിരുന്നു. കഴിഞ്ഞ തവണ ഹുസൈന്‍ രണ്ടത്താണിയെ നിര്‍ത്തുമ്പോള്‍ പറഞ്ഞിരുന്ന ന്യായങ്ങളൊന്നും ഇപ്പോള്‍ പ്രശ്‌നമല്ല.
സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീ പരിഗണനയും മുസ്‌ലിം പരിഗണനയും നാമത്തിലൊതുങ്ങുന്ന വിഷയമാണ്. കണ്ണൂരില്‍ പി.കെ ശ്രീമതിയാണ് മഹിളാ പ്രാതിനിധ്യത്തിന്റെ പ്രധാന കണ്ണി. മലപ്പുറത്ത് പി.കെ സൈനബ വര്‍ഗപരിഗണനയില്‍ മഹിളയും സമുദായ പരിഗണനയില്‍ മുസ്‌ലിമുമാണ്. ഇമ്പിച്ചിബാവക്ക് ശേഷം മഞ്ചേരിയില്‍ നിന്ന് ടി.കെ ഹംസക്ക് അട്ടിമറി വിജയം നേടികൊടുത്ത ഒരു മുസ്‌ലിം പാരമ്പര്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ചൂണ്ടിക്കാണിക്കാനുള്ളത്. മുല്ലപ്പള്ളിയില്‍ നിന്ന് 1999-ല്‍ അബ്ദുല്ലക്കുട്ടി കണ്ണൂര്‍ നേടിയെടുത്തപ്പോഴും ഒരു മുസ്‌ലിംനാമം സി.പി.എമ്മിന്റെ പേരില്‍ കേരളത്തില്‍ നിന്ന് പാര്‍ലമെന്റ് കണ്ടു. ഇത്തവണ മുല്ലപ്പള്ളിയെ വടകരയില്‍ നിന്ന് തൂത്തുവാരിയാലേ എ.എന്‍ ശംസീറിന് സി.പി.എമ്മിന്റെ മുസ്‌ലിം പ്രാതിനിധ്യത്തിന് കളങ്കമേല്‍പ്പിക്കാതെ രക്ഷപ്പെടാനാവുകയുള്ളൂ.
എ.കെ.ജി നേടിക്കൊടുത്തത് സംരക്ഷിക്കാന്‍ പാടുപെടുന്നു
ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഖ്യാതികള്‍, 1952-ലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി നേടിക്കൊടുത്തതിനപ്പുറം വളര്‍ത്താന്‍ വിയര്‍പ്പൊഴുക്കുകയാണ് സി.പി.എം. പാര്‍ട്ടിയുടെ ഇന്നത്തെ സന്നാഹവും അഹംഭാവവും ഇന്നേവരെ നേടിയ വോട്ട് ശതമാനത്തിലെത്തുമ്പോള്‍ ഒലിച്ചു പോകുന്നതാണ് കാണുന്നത്. 1952-ല്‍ കോണ്‍ഗ്രസിന്റെ ശക്തനായ സി.കെ.ജിയോട് കാസര്‍കോട് നിന്ന് എ.കെ.ജി ജയിച്ചത് പോള്‍ ചെയ്ത മൂന്നില്‍ രണ്ട് വോട്ട് നേടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടിനെക്കാള്‍ എ.കെ.ജിയുടെ ഭൂരിപക്ഷം കടന്ന് നിന്നു. എ.കെ.ജി പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ചു കയറിയ കാസര്‍കോടിന്റെ ഭാഗം കൂടി ഉള്‍പ്പെട്ട കണ്ണൂര്‍ സീറ്റ് കെ. സുധാകരനില്‍ നിന്ന് വിയര്‍പ്പൊഴുക്കി പിടിച്ചെടുക്കാനാണ് ഇക്കുറി മത്സരിക്കുന്നത്. എ.കെ.ജിയുടെ മരുമകന്‍ കൂടിയായ പി. കരുണാകാരന്‍ കാസര്‍കോട് സീറ്റ് അരക്കിട്ടുറപ്പിച്ചതൊഴിച്ചാല്‍, മലബാറിലെ സീറ്റുകളില്‍ സി.പി.എമ്മിന് കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകാനുള്ളത്. പുന്നപ്ര വയലാറിന്റെ ധീരകഥകളുറങ്ങുന്ന ആലപ്പുഴയില്‍ പോലും 52 മുതല്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ എട്ടില്‍ മാത്രമാണ് കമ്യൂണിസ്റ്റുകള്‍ക്ക് ജയിക്കാനായത്.
1977-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോള്‍ ചെയ്തതിന്റെ 20.33 ശതമാനം വോട്ട് നേടിയ സി.പി.എം രണ്ടു പതിറ്റാണ്ട് കാലം ഈ ശതമാനത്തിന്റെ ലക്ഷ്മണ രേഖ കടക്കാന്‍ പ്രയാസപ്പെടുന്നതാണ് കേരളം കണ്ടത്. സി.പി.ഐ ആവട്ടെ 1977-ല്‍ നേടിയ 10.38 ശതമാനം വോട്ട് പിന്നീട് ഒരു തെരഞ്ഞെടുപ്പിലും നേടിയെടുക്കാനാവാത്ത വിധം പിറകോട്ട് പോയി. മുവാറ്റുപുഴയിലും പൊന്നാനിയിലും ഒഴികെ പതിനെട്ട് സീറ്റുകള്‍ ഇടതുമുന്നണി തൂത്തുവാരിയ 2004-ലെ തെരഞ്ഞെടുപ്പിലാണ് 31.51 ശതമാനം വോട്ട് നേടി സി.പി.എം വലിയ കുതിച്ചു ചാട്ടം നടത്തിയത്. കഴിഞ്ഞ തവണ അത് 30.48 ശതമാനമായി വീണ്ടും പിറകോട്ട് പോയി. 1977-ന് ശേഷം 2009 വരെയുള്ള കാലയളവില്‍ പോള്‍ ചെയ്തതിന്റെ പത്ത് ശതമാനം വോട്ടിന്റെ മുന്നേറ്റമാണ് സി.പി.എം കേരളത്തില്‍ നടത്തിയത്. '77ല്‍ 20.33 ശതമാനം വോട്ട് കിട്ടിയ സി.പി.എമ്മിന് നിലവിലെ വോട്ട് സ്വാധീനം 30.48 ശതമാനമാണ്. എന്നാല്‍, 1977-ല്‍ പോള്‍ ചെയ്തതിന്റെ 29.13 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസാവട്ടെ 2009-ല്‍ പോള്‍ ചെയ്തതിന്റെ 40.13 ശതമാനമായി ഉയര്‍ന്നു.
വോട്ടിങ്ങിന്റെ ഈ ചരിത്ര സാക്ഷ്യം മറച്ചു വെച്ചാണ് സി.പി.എം പലപ്പോഴും വല്ല്യേട്ടന്‍ മനോഭാവം സ്വീകരിക്കുകയും സ്വന്തം ഗ്രാമങ്ങളില്‍ എതിരഭിപ്രായക്കാരെ പൊറുപ്പിക്കാന്‍ പോലും സന്നദ്ധമല്ലാത്ത ഫാഷിസ്റ്റ് രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത്.
Comments