മോഡിക്ക് വഴിയൊരുക്കുന്നവര്‍
മൂന്നാം മുന്നണി എന്ന വ്യാമോഹം ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ സേഫ്റ്റിവാല്‍വുകളിലൊന്നായി മാറിയിട്ട് കാലമേറെയായി. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ മറുപുറങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ഇവ രണ്ടുമല്ലാത്ത ഒരു ബദലിനു വേണ്ടി ദാഹിക്കുന്നവര്‍. ആശയപരമായി കോണ്‍ഗ്രസും ബി.ജെ.പിയുമല്ലാത്തവരെന്നു പറയാവുന്നവരായി തത്വത്തില്‍ സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്‌ളോക്ക് എന്നീ സംഘടനകള്‍ മാത്രമാണ് ആദിമധ്യാന്തം ഈ ബദല്‍ മുന്നണിയില്‍ എക്കാലത്തും ഉണ്ടായിരുന്നവര്‍. അവരില്‍ പോലും മാറ്റങ്ങള്‍ വന്നു തുടങ്ങുന്ന കാലമെത്തി. ഇടതു സംഘടനകള്‍ ബംഗാളിലും കേരളത്തിലും വലതുപക്ഷത്തോട് സ്വീകരിക്കുന്ന സമീപനം അവസരവാദപരമായി മാറി. മൂന്നാം മുന്നണിയിലെ ശേഷിച്ച സംഘടനകള്‍ ഒന്നുകില്‍ കോണ്‍ഗ്രസിന്റെയോ അല്ലെങ്കില്‍ ബി.ജെ.പിയുടെയോ അതല്ലെങ്കില്‍ ഈ രണ്ടു സംഘടനകളോടുമൊപ്പമോ മാറിയും മറിഞ്ഞും ഭരണം പങ്കിട്ടവരാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമുള്ള രോഷത്തിന്റെ മറുപക്ഷത്ത് ഈ സംഘടനകളെ പ്രതിഷ്ഠിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ഥമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസിനും ബി.ജെ.പിക്കും പകരം നില്‍ക്കാന്‍ ശേഷിയുള്ളവര്‍ എന്ന നിലയില്‍ ഈ മുന്നണിക്ക് ഇന്നും ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണയുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇന്ത്യന്‍ വോട്ടര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രഹേളികകളിലൊന്നായി മൂന്നാം മുന്നണി ഇന്നും തുടരുന്നു.
കോണ്‍ഗ്രസിനോടുള്ള പൊതുജനത്തിന്റെ അരിശം '70-കളില്‍ രാം മനോഹര്‍ ലോഹ്യയും '80-കളില്‍ വി.പി സിംഗും '90-കളില്‍ മുലായമും ലാലുവും ചന്ദ്രശേഖര്‍, ദേവഗൗഡ, ഗുജ്‌റാല്‍ പോലുള്ള പ്രധാനമന്ത്രിമാരും പോളിംഗ്ബൂത്തുകളിലൂടെ ഫലപ്രദമായി വഴിതിരിച്ചു വിട്ടവരാണ്. പക്ഷേ '80കളില്‍ വി.പി സിംഗ് കാണിച്ച മാതൃകയായിരുന്നു ഇതില്‍ ശരിയായ ബദല്‍ എന്നു വിശേഷിപ്പിക്കാവുന്നത്. ഇന്നത്തെ അംബാനിമാരുടെ പിതാവ് ധീരുഭായിയുടെയും അമിതാബ് ബച്ചന്‍ അടക്കമുള്ള വന്‍തോക്കുകളുടെയും ഓഫീസുകളില്‍ റെയ്ഡ് നടത്താന്‍ രാജീവ് ഗാന്ധിയുടെ കാബിനറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് വി.പി സിംഗ് ധൈര്യം കാണിച്ചു. റിലയന്‍സിനു മേല്‍ ഇന്ത്യയില്‍ ആദ്യമായി കൈവെച്ച വി.പി സിംഗ് ഒപ്പം പ്രതിരോധ ഇടപാടുകളെ കുറിച്ചു കൂടി അന്വേഷണത്തിന് തയാറായി. അങ്ങനെയാണ് അന്നത്തെ പ്രധാനമന്ത്രിക്കെതിരെ പോലും ബോഫോഴ്‌സ് തോക്കിടപാടില്‍ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. ആയുധ അഴിമതി എന്ന അന്താരാഷ്ട്ര റാക്കറ്റിനുമേല്‍ ആദ്യം കൈവെച്ചത് വി.പി സിംഗ് തന്നെയാണ്. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ പിന്നാക്ക സംവരണം എന്ന ആരും തൊടാന്‍ ധൈര്യപ്പെടാത്ത കുടത്തിലെ ഭൂതത്തെയും അദ്ദേഹം പുറത്തിറക്കിവിട്ടു. അടിസ്ഥാനപരമായ മേഖലകളിലെല്ലാം ഇവ്വിധം ബദല്‍ സാധ്യതകളന്വേഷിച്ച രാഷ്ട്രീയക്കാര്‍ വി.പിയെ പോലെ മുമ്പൊരിക്കലും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ദേശീയതലത്തില്‍ പില്‍ക്കാലത്ത് സി.പി.എം മുന്‍കൈയെടുത്ത് രൂപീകരിക്കാറുണ്ടായിരുന്ന മൂന്നാം മുന്നണികള്‍ ആ അര്‍ഥത്തില്‍ ശുദ്ധപരാജയമായിരുന്നു.
ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം മൂന്നാം മുന്നണിയുടെ അടിസ്ഥാന സാഹചര്യങ്ങളില്‍ കാതലായ മാറ്റം വന്നു. ആഗോള വാണിജ്യ കരാറുകള്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക അടിമത്തം അംഗീകരിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങള്‍ക്കിടയില്‍ സ്വന്തമായി ഇടം കണ്ടെത്താന്‍ ഈ ബദലിന് ഒരിക്കലുമായില്ല. സമാജ്‌വാദിയും ലാലുവും ജയലളിതയുമെല്ലാം സ്വന്തം സംസ്ഥാനങ്ങളില്‍ ഇത്തരം നയങ്ങള്‍ തന്നെയായിരുന്നു പിന്തുടര്‍ന്നത്. വര്‍ഗീയതയെ മാത്രമാണ് അവര്‍ ഏതോ അര്‍ഥത്തില്‍ ഒന്നിച്ച് എതിരിട്ടത്. സെപ്റ്റംബര്‍ 11-നു ശേഷം ഈ സാഹചര്യവും മാറി. വര്‍ഗീയതയും അഴിമതിയും ഒന്നിച്ചണിനിരക്കുന്ന മോഡിത്വത്തിന്റെ കാലം അനിവാര്യമായി മാറുന്ന കാലഘട്ടം പുറകെയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മൂന്നാം മുന്നണി ഇത്തവണ നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ അഴിമതിയാണോ അതോ മോഡി പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ സ്വഭാവമുള്ള അഴിമതിയാണോ അടിസ്ഥാന പ്രശ്‌നം എന്ന ചോദ്യമാണ് മൂന്നാം മുന്നണി സ്വയം ചോദിക്കേണ്ടത്. മതേതര വോട്ടുകള്‍ ചിതറിക്കുന്നതിലപ്പുറം എന്തു റോളാണ് ഈ മുന്നണിക്കുള്ളത്? വി.പി സിംഗ് ഒഴിച്ചിട്ട മൂന്നാം ബദലിന്റെ കസേരയിലേക്ക് ഇന്ന് കടന്നു കയറുന്നത് അരവിന്ദ് കെജരിവാള്‍ മാത്രമാണ്. റിലയന്‍സിനെയും ആയുധമാര്‍ക്കറ്റിനെയും വിദേശനിക്ഷേപത്തെയും ഭരണകൂട അഴിമതിയെയും മോഡിയും രാഹുലും എങ്ങനെയാണ് ഒരേമട്ടില്‍ പ്രതിനിധീകരിക്കുന്നതെന്ന് കേജരിവാള്‍ വാരാണസിയിലെ റാലിയില്‍ ചൂണ്ടിക്കാട്ടിയത് പ്രകാശ് കാരാട്ടിനും സംഘത്തിനും ഒരു പാഠമാണ്. പാര്‍ലമെന്റില്‍ അവര്‍ ഇത്രയും കാലം മാപ്പുസാക്ഷികളായ വിഷയങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുത്തത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലെ യഥാര്‍ഥ ഇടം ഇതാണെന്ന് തിരിച്ചറിയാത്ത മൂന്നാം മുന്നണി ഇപ്പോഴത്തെ അവസ്ഥയില്‍ ഫാഷിസത്തിന് വഴിയൊരുക്കുന്ന കുഴലൂത്തുകാര്‍ മാത്രമാണ്. അതവര്‍ സ്വയം തിരിച്ചറിയുന്നില്ല എന്നു മാത്രം.
Comments