അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി <br>അറിവിന്റെ ഗരിമ

ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകാംഗങ്ങളില്‍ പ്രമുഖന്‍, ഉര്‍ദുവിലെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തദബ്ബുറെ ഖുര്‍ആന്‍ ഉള്‍പ്പെടെ നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ പണ്ഡിതനാണ് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി. 1904-ല്‍ ഉത്തര്‍പ്രദേശ് അഅ്‌സംഗഢിലെ ബംഹുറില്‍ ജനിച്ചു. അഅ്‌സംഗഢില്‍ മൗലാനാ ശിബ്‌ലി നുഅ്മാനി സ്ഥാപിച്ച മദ്‌റസതുല്‍ ഇസ്വ്‌ലാഹില്‍, മൗലാനാ ഹമീദുദ്ദീന്‍ ഫറാഹിയുടെ മേല്‍നോട്ടത്തില്‍ പഠനം തുടര്‍ന്നു. ഇസ്വ്‌ലാഹിയുടെ ചിന്തയും വ്യക്തിത്വവും രൂപപ്പെടുത്തുന്നതില്‍ ഗുരുവര്യനായ ഫറാഹിക്കു വലിയ സ്ഥാനമുണ്ട്. ഫറാഹിക്കുശേഷം പ്രസ്തുത സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1922-ല്‍ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നു. ആദ്യം ബാലമാസിക ഗഞ്ചിന്റെ സബ് എഡിറ്ററായി. പിന്നീട് ബിജ്‌നൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മദീന പത്രത്തിന്റെ സാരഥ്യം വഹിച്ചു. അബ്ദുല്‍മാജിദ് ദര്‍യാബാദിയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന 'സച്ച്' പത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1946-ല്‍ അലഹബാദില്‍ സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ വെച്ച് നിലവില്‍ വന്ന സംഘടനയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ അംഗമായിരുന്നു ഇസ്വ്‌ലാഹി. 1947-ല്‍ ബിഹാറിലെ പട്‌നയില്‍ നടന്ന അവിഭക്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൂര്‍വ മേഖലാ സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. അതില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയ പ്രഭാഷണങ്ങള്‍ റൂദാദെ ജമാഅത്തെ ഇസ്‌ലാമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സമ്മേളനമായിരുന്നു അത്. 1941 മുതല്‍ ഇന്ത്യാ വിഭജനം വരെ അവിഭക്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും തുടര്‍ന്ന് 1958 വരെ പാക് ജമാഅത്തെ ഇസ്‌ലാമിയുടെയും അസിസ്റ്റന്റ് അമീര്‍ ആയിരുന്നു അദ്ദേഹം.
പാകിസ്താനില്‍ ഇസ്‌ലാമിക ഭരണം ആവശ്യപ്പെട്ട് ജമാഅത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സയ്യിദ് മൗദൂദിയോടൊപ്പം അറസ്റ്റ് വരിച്ചിട്ടുണ്ട്. എന്നാല്‍ പാക് ജമാഅത്തിന്റെ ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ 1958 മുതല്‍ സംഘടനയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. പിന്നീട് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലായി ശ്രദ്ധ. തന്റെ മാസ്റ്റര്‍പീസായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം തദബ്ബുറെ ഖുര്‍ആന്റെ രചന പൂര്‍ത്തീകരിക്കാന്‍ വേണ്ടി തുടര്‍ന്നുള്ള 23 വര്‍ഷം അദ്ദേഹം എഴുത്തിലും ചിന്തയിലും മുഴുകി. മൊത്തം 55 വര്‍ഷത്തെ പ്രയത്‌നം 9 വാല്യങ്ങളുള്ള തദബ്ബുറിന്റെ രചനക്കു പിന്നിലുണ്ടെന്ന് അതിന്റെ ആമുഖത്തില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്. ഗുരുവര്യനായ ഫറാഹിയുടെ ചിന്തയുടെ തുടര്‍ച്ച എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിന്റെ തന്നെ ഖുര്‍ആനിക ചിന്തയാണ് തദബ്ബുറെന്നും അദ്ദേഹം വിനീതമായി അവകാശപ്പെട്ടിട്ടുണ്ട്. ആകെ 6236 സൂക്തങ്ങളുള്ള ഖുര്‍ആനിലെ ഓരോ സൂക്തത്തിനും ഒരു പേജില്‍ കുറയാത്ത വിശദീകരണം അദ്ദേഹം നല്‍കിയിട്ടുണ്ട്. 1961-ല്‍ ഇസ്വ്‌ലാഹി തന്നെ തുടക്കമിട്ട 'മീസാഖ്' എന്ന പ്രസിദ്ധീകരണത്തില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചാണ് പ്രസ്തുത ഖുര്‍ആന്‍ വ്യാഖ്യാനം 1980 ആഗസ്റ്റ് 16-ന് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 1965-ല്‍ 'ഹല്‍ഖായെ തദബ്ബുറെ ഖുര്‍ആന്‍' എന്ന പേരില്‍ അറബി ഭാഷയില്‍ പരിജ്ഞാനമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അദ്ദേഹം ഒരു പഠന വേദിക്കും തുടക്കമിട്ടു. 1981-ല്‍ ഹദീസ് പഠനത്തിന് കൂടി സൗകര്യമൊരുക്കി ആ വൈജ്ഞാനിക കേന്ദ്രം 'ഇദാറെ തദബ്ബുറെ ഖുര്‍ആന്‍ വ ഹദീസ്' എന്ന നാമധേയത്തില്‍ അറിയപ്പെട്ടു.
തദബ്ബുറിനു പുറമെ ദഅ്‌വത്തെ ദീന്‍ ഓര്‍ ഉസ്‌കാ ത്വരീഖകാര്‍, ഹഖീഖതെ ശിര്‍ക്ക്, ഹഖീഖതെ തൗഹീദ് ഉള്‍പ്പെടെ അനവധി അമൂല്യ ഗ്രന്ഥങ്ങളും ഇസ്വ്‌ലാഹിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. ഇവ യഥാക്രമം ഇസ്‌ലാമിക പ്രബോധനം ലക്ഷ്യവും ശൈലിയും, ശിര്‍ക് അഥവാ ബഹുദൈവത്വം, തൗഹീദ് അഥവാ ഏകദൈവത്വം എന്നീ പേരുകളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസ്‌കിയ നഫ്‌സ്, ഹഖീഖതെ രിസാല, ഹഖീഖതെ മആദ്, ഇസ്‌ലാമി ഖാനൂന്‍ കി തദ്‌വീന്‍, ഇസ്‌ലാമി രിയാസത്ത്, ഹഖീഖതെ നമാസ്, ഹഖീഖതെ തഖ്‌വാ തുടങ്ങി അനവധി ഗ്രന്ഥങ്ങളും രചിച്ചു. പരമ്പരാഗത രീതിക്കു പകരം വേറിട്ട ചിന്തയും ശൈലിയുമാണ് ഇസ്വ്‌ലാഹീ ഗ്രന്ഥങ്ങളുടെ സവിശേഷത. തന്റെ ഗുരു മൗലാനാ ഹമീദുദ്ദീന്‍ ഫറാഹിയുടെ നിരവധി അറബി ഗ്രന്ഥങ്ങള്‍ ഉര്‍ദുവിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
വീക്ഷണ വ്യത്യാസം മാറ്റിനിര്‍ത്തിയാല്‍ മൗദൂദിയും ഇസ്വ്‌ലാഹിയും തമ്മില്‍ അഗാധമായ വ്യക്തിബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. മരണം വരെ തന്റെ പത്‌നി ജമാഅത്ത് അംഗമായി തുടര്‍ന്നതില്‍ ഇസ്വ്‌ലാഹിക്ക് വിരോധവുമില്ലായിരുന്നു. ''മൗദൂദിയുടെ എതിരാളിയല്ല ഞാന്‍; വീക്ഷണ വ്യത്യാസം മാത്രമേ ഞങ്ങള്‍ തമ്മിലുള്ളൂ. സാമൂഹികജീവിതത്തില്‍ മൗദൂദിയെ പോലെ ഹൃദയവിശാലതയുള്ള നല്ല മനുഷ്യരെ കുറച്ചേ കാണൂ. 17 വര്‍ഷത്തെ കൂട്ടു ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും എന്റെ അഭിമാനം ക്ഷതപ്പെടുന്ന ഒന്നും സംഭവിക്കാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്. എത്രത്തോളമെന്നാല്‍, എന്റെ മാസാന്ത വേതനം രജിസ്റ്ററില്‍ രേഖപ്പെടുത്തി ഒപ്പ് ഇടുവിച്ചായിരുന്നില്ല നല്‍കിയിരുന്നത്. അദ്ദേഹം മുകളിലും ഞാന്‍ താഴെയും എന്ന് തോന്നാതിരിക്കാനായിരുന്നു എനിക്കു മാത്രം ഈ പരിഗണന. അദ്ദേഹത്തിന്റെ പ്രിയതമ മുഖാന്തരം എന്റെ പ്രിയതമക്ക് ആ തുക കൈമാറിയ സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്. എന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് സരസ മറുപടിയേ അദ്ദേഹം തന്നിട്ടുള്ളൂ, എതിര്‍ക്കാന്‍ തുനിഞ്ഞില്ല. ജമാഅത്തിനെ പ്രതിരോധിച്ചുകൊണ്ട് ഞാന്‍ എഴുതിയ ലേഖനങ്ങളുടെ നിലപാടില്‍ തന്നെയാണ് പ്രസ്ഥാനത്തില്‍നിന്ന് ഒഴിഞ്ഞ ശേഷവും ഞാനുള്ളത്'' എന്ന് സലീം മന്‍സ്വൂര്‍ നടത്തിയ അഭിമുഖത്തില്‍ ഇസ്വ്‌ലാഹി പറഞ്ഞിരുന്നു. ഈ അഭിമുഖം തര്‍ജുമാനുല്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക ചിന്തയുടെ ഉണര്‍വിന് ഇസ്വ്‌ലാഹി നല്‍കിയ സംഭാവന വളരെ വലുതാണ്. 1997 ഡിസംബര്‍ 15-ന് ലാഹോറില്‍വെച്ച് ഇഹലോകവാസം വെടിഞ്ഞു.
Comments