Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

പാശ്ചാത്യ മാധ്യമ സംസ്‌കാരത്തിന്റെ മുഖം

സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി/ കത്തുകള്‍

പാശ്ചാത്യ മാധ്യമ സംസ്‌കാരത്തിന്റെ മുഖം


         'മാധ്യമലോകത്തെ ഇസ്‌ലാംവേട്ട ചരിത്രവും വര്‍ത്തമാനവും' എന്ന ലേഖനം (ലക്കം 2841) വായിച്ചു . അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രവും അമേരിക്കന്‍ രാജ്യരക്ഷാ ആസ്ഥാനമായ പെന്റഗണും ആക്രമിക്കപ്പെട്ടതോടെയാണ് മുസ്‌ലിംകളെ ശത്രുക്കളാക്കുന്ന മനോഭാവം പൂര്‍വാധികം ശക്തിപ്പെട്ടത്. എന്നാല്‍, സെപ്റ്റംബര്‍ 11-ലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍-ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെയാണെന്നും ഈ സംഭവം നടന്നതുകൊണ്ട് മെച്ചമുണ്ടായിട്ടുള്ളത് ഈ രണ്ട് രാഷ്ട്രങ്ങള്‍ക്കാണെന്നും ഇതിനെ മുന്നില്‍ നിര്‍ത്തിയാണ് ഇപ്പോഴും ഇരു രാഷ്ട്രങ്ങളും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതെന്നുമുള്ള വാദഗതികള്‍ക്ക് പിന്‍ബലമേറിക്കൊണ്ടിരിക്കുകയാണ്. 9/11-ന്റെ സത്യങ്ങള്‍ തുറന്നു പറയുന്ന ശ്രദ്ധേയമായ ഒട്ടനവധി കൃതികള്‍ ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്. ഈ വിഷയം വിസ്തരിച്ച് പഠിച്ച മുസ്‌ലിം ഗവേഷകരില്‍ പ്രമുഖനായ നഫീസ് മുസ്വദ്ദിഖ് അഹ്മദിന്റെ The War on Truth: 9/11 Disinformation and the Anatomy of Terrorism എന്ന പഠനഗ്രന്ഥവും പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ തീയറീമേ ഈസാന്ദ എഴുതിയ Le pentagate (ലു പെങതഗാത്) എന്ന രചനയും ഈ വിഷയകമായി ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നവയാണ്.
സത്യാവസ്ഥകള്‍ തുറന്നെഴുതുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തിടുക്കം കാണിക്കുന്നതാണ് എക്കാലത്തെയും പാശ്ചാത്യ മാധ്യമ സംസ്‌കാരം. മറ്റു രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അല്‍ജസീറ സാറ്റലൈറ്റ് ചാനലിന്റെ സ്‌പെയിന്‍ ബ്യൂറോ പ്രധാനിയായിരുന്ന തൈസീര്‍ അല്ലൂനി മാധ്യമ പീഡനത്തിന്റെ ഒന്നാംതരം ഇരയാണ്. സിറിയന്‍ വംശജനായ തൈസീറിന് 1988-ലാണ് സ്പാനിഷ് പൗരത്വം ലഭിക്കുന്നത്. 9/11-നു ശേഷം അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ലാദനുമായി അഭിമുഖം നടത്തിയ ആദ്യ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം. അമേരിക്കന്‍ ഭരണകൂടം നടത്തിയ നിരവധി അരുതായ്മകള്‍ ലോകം ഞെട്ടലോടെ വായിച്ചറിഞ്ഞത് തൈസീറിന്റെ റിപ്പോര്‍ട്ടിലൂടെയായിരുന്നു. അക്കാരണത്താല്‍ അമേരിക്കയുടെ പൂര്‍ണ ഒത്താശയാല്‍ ഇദ്ദേഹത്തെ തുറുങ്കിലടക്കുകയും ചെയ്തു. ഈ നിലയില്‍ ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരവധിയാണ്. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന Suddeutsche Zeitung (സൂദ്ദൊയ്റ്റ്‌ഷെ ത്‌സൈതൂങഗ്) എന്ന പത്രത്തിന് മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ വില്ലിക്ലോസ് 1996-ല്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ: ''മുസ്‌ലിം മതമൗലികത പടിഞ്ഞാറിന് കമ്യൂണിസം പോലെ ഭീഷണിയാണ്.'' കൂരിരുട്ടിന്റെ ശക്തികള്‍ക്ക് സത്യത്തിന്റെ സ്വരം കേള്‍ക്കുന്നത് എന്നും അസഹ്യമാണല്ലോ.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

ആത്മീയ വ്യാപാരവും ഭാരത സംസ്‌കാരവും


         ഗെയില്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ലേഖനം വായിച്ചു (ലക്കം 2842). ഗെയിലിന്റെ വെളിപ്പെടുത്തലുകളെ അവിശ്വസിക്കേണ്ട കാര്യമില്ല. ഭാരതത്തിന്റെ ആധ്യാത്മികതയെ അനുഭവിച്ചറിയാന്‍ ആസ്‌ത്രേലിയയില്‍ നിന്ന് പുറപ്പെട്ട അവര്‍ എത്തിപ്പെട്ടത് ആള്‍ദൈവ താവളത്തിലായിരുന്നു. ഭാരതത്തിലെ വിശ്വപ്രസിദ്ധരായ ആചാര്യന്മാരെല്ലാം ഏകദൈവ വിശ്വാസികളായിരുന്നു എന്നതാണ് വാസ്തവം. യഥാര്‍ഥ ആദ്ധ്യാത്മികതയെ പ്രതിനിധീകരിച്ചിരുന്ന അവരൊന്നും വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. യഥാര്‍ഥ സത്യത്തെ തിരിച്ചറിയാതെ സ്വാമി വേഷം കെട്ടിയാടുകയാണ് പല ആള്‍ദൈവങ്ങളും.
പൗരാണിക ഭാരതത്തിന്റെ മതം ഏകദൈവത്വമായിരുന്നു എന്ന് സ്വാമി വിവേകാനന്ദന്‍ പറയുകയുണ്ടായി. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് ശ്രീനാരായണ ഗുരു ഉദ്‌ബോധിപ്പിച്ചു. ഏകദൈവാദര്‍ശത്തിന്റെ പ്രചാരണത്തിന് വേണ്ടി ഗുരുനാനാക്ക് സ്വജീവിതം ഉഴിഞ്ഞുവച്ചു.
ഹൈന്ദവ വേദങ്ങളിലെ വ്യത്യസ്തദേവനാമങ്ങള്‍ ഏകേശ്വരന്റെ വ്യത്യസ്ത നാമങ്ങളായാണ് കാണേണ്ടത്. ഉദാഹരണത്തിന് ഋഗ്വേദം ഒന്നാം മണ്ഡലത്തിലെ ഒരു മന്ത്രത്തില്‍ പറയുന്നു: ''അദ്ദേഹത്തെ ഇന്ദ്രനെന്നും വരുണനെന്നും അഗ്നിയെന്നും പറയുന്നു. വിജ്ഞന്മാര്‍ ഏകമായ സത്യത്തെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നു. അഗ്നി, യമന്‍, മാതരിശ്വാവ് എല്ലാം അദ്ദേഹം തന്നെ''. എല്ലാ പൂര്‍വ വേദങ്ങളും സംസാരിച്ചത് ഏകദൈവത്തെക്കുറിച്ചാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് എത്ര ശരി!
വിനോദ്കുമാര്‍ എടച്ചേരി

മഹല്ല് സംസ്‌കരണത്തിനുള്ള വഴികള്‍


         മാതൃകാ മഹല്ലിനെക്കുറിച്ചും മഹല്ല് സംസ്‌കരണത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ച ലേഖനങ്ങള്‍ (ലക്കം 2843) മുഴുവന്‍ മഹല്ല് ഭാരവാഹികളും വായിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു.
മഹല്ലുകളില്‍ മൂപ്പിളമ തര്‍ക്കം, സാമ്പത്തിക ഉച്ചനീചത്വങ്ങള്‍, സംഘടനാ വൈരുധ്യങ്ങള്‍, അധികാര മോഹം, രാഷ്ട്രീയ ചേരിതിരിവ്, വിവാഹ കമ്പോളവല്‍ക്കരണം എന്നീ പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍, ഉലമാക്കളും ഉമറാക്കളും പ്രത്യേകം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മുഴുവന്‍ മഹല്ലംഗങ്ങളെയും നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കുവാന്‍ പ്രേരിപ്പിക്കണം.
സാധുക്കള്‍, സ്ത്രീകള്‍, കുട്ടികള്‍, വിധവകള്‍, വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍, വിവാഹിതരാകാന്‍ പോകുന്നവര്‍, വിവാഹിതര്‍, രോഗികള്‍, വയോധികര്‍ തുടങ്ങി മഹല്ലിലെ എല്ലാവരുടെയും ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്.
കുറെയേറെ നല്ല കാര്യങ്ങള്‍ പഠിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും കൊടുങ്ങല്ലൂര്‍ ചേരമാന്‍ മഹല്ല് ഉത്തമ മാതൃകയാണെന്ന് മനസ്സിലാക്കുന്നു. നല്ല ശമ്പളം കൊടുത്താലും ആലിമീങ്ങളെ കിട്ടാതിരിക്കുന്ന അവസ്ഥയും ശമ്പളമില്ലാഞ്ഞിട്ടും മഹല്ല് കമ്മിറ്റിയുടെ അധികാരസ്ഥാനങ്ങളിലേക്ക് അനിയന്ത്രിതമായി തിരക്കുകൂട്ടുന്നതുമായ മഹല്ലുകളുടെ ശോച്യാവസ്ഥ മാറേണ്ടതുണ്ട്.
പ്രസ്തുത ലേഖനങ്ങള്‍ പണ്ഡിതരും മഹല്ല് ഭാരവാഹികളും ശ്രദ്ധാപൂര്‍വം പഠിക്കുകയും മഹല്ലുകളുടെ നിലവാരം പരമാവധി മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം.
കെ. അബ്ദുല്‍ മജീദ് സാഹിബ് കുണ്ടയം

ബി.ജെ.പിയുടെ കുമ്പസാരം


         ഇന്ത്യന്‍ മുസ്‌ലിംകളോട് ബി.ജെ.പി എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് പൊറുക്കണമെന്നും, വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ തങ്ങള്‍ക്ക് ഒരവസരം നല്‍കണമെന്നും സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് രാജ്‌നാഥ് സിംഗ് അഭ്യര്‍ഥിച്ചതായി പത്രവാര്‍ത്ത. ബി.ജെ.പി. അനുകൂലികളായ ന്യൂനപക്ഷങ്ങളുടെ ഒരു പരിപാടിയില്‍ വെച്ചാണ് പാര്‍ട്ടി അധ്യക്ഷന്റെ കുമ്പസാരം. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തോട് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഇതഃപര്യന്തം അനുവര്‍ത്തിച്ച നയനിലപാടുകളും ചെയ്തികളും സമുദായത്തിന് അത്ര എളുപ്പത്തില്‍ മറക്കാനും പൊറുക്കാനും സാധിക്കുന്നതാണോ? ഭാരത ജനസംഖ്യയിലെ 10 ശതമാനത്തോളം വരുന്ന ഒരു ജനവിഭാഗത്തോട് നീതിയുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തിലുള്ള സമീപനമാണോ അവര്‍ ഇന്നോളം സ്വീകരിച്ചത്? ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുനേടാനും, അധികാരം കൈയടക്കാനും വേണ്ടി ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും, ഭരണഘടനാപരമായ അവരുടെ അവകാശങ്ങളും നിഷേധിക്കുന്ന ബി.ജെ.പിയോടും, മുസ്‌ലിംകളെ വിദേശികളായി മാത്രം കണ്ടുകൊണ്ട് അവര്‍ക്കെതിരെ ഹിംസാത്മകമായി പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘ്പരിവാര്‍ സംഘടനകളോടും എങ്ങനെയാണ് സമുദായത്തിന് രാജിയാവാന്‍ കഴിയുക?
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യാരാജ്യത്ത് നടന്ന ഭൂരിഭാഗം വര്‍ഗീയ കലാപങ്ങളിലും ഇരകള്‍ ന്യൂനപക്ഷ സമുദായങ്ങളായിരുന്നു, വിശേഷിച്ചും മുസ്‌ലിംകള്‍. വേട്ടക്കാരാകട്ടെ സംഘ്പരിവാര്‍ സംഘടനകളും. ഏറ്റവുമൊടുവില്‍ 2002-ല്‍ ഗുജറാത്തില്‍ നടന്ന ഭീകരമായ വംശീയ കലാപത്തില്‍ അഥവാ വംശഹത്യയില്‍ ആയിരക്കണക്കിന് നിരപരാധികളെയാണ് സംഘ്പരിവാര്‍ ചുട്ടെരിച്ചത്. കലാപം നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ നിയമപാലകരെ വെറും നോക്കുകുത്തികളാക്കി, കരുണക്ക് വേണ്ടി യാചിച്ച സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിസ്സഹായരായ മനുഷ്യരെ നിര്‍ദാക്ഷിണ്യം കൊന്നു കുഴിച്ചുമൂടിയ ഒരു വിഭാഗത്തിന് പൊറുത്തുകൊടുക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സാധിക്കുമോ?
അബൂ അമീന്‍ ദോഹ

പ്രവാചക സ്‌നേഹം ഇന്നലെകളില്‍ നിന്ന് ഇന്നിലെത്തുമ്പോള്‍


         അബൂബക്ര്‍(റ) 500 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമാഹാരം തയാറാക്കിയതായി ചരിത്രത്തില്‍ കാണപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രസ്തുത ഗ്രന്ഥം വിജ്ഞാനദാഹിയായ തന്റെ മകള്‍ ആഇശ(റ)ക്ക് കൈമാറി. എന്നാല്‍, കൃതി മകള്‍ക്ക് കൈമാറിയ ദിവസം രാത്രി ഖലീഫ ഏറെ അസ്വസ്ഥനായി കാണപ്പെട്ടു. രാത്രി ഒട്ടും ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന ബാപ്പയെ മകളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതേക്കുറിച്ച് അവര്‍ പിതാവിനോട് ഒന്നും ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. പക്ഷേ, നേരം വെളുത്ത് അധികം കഴിയുന്നതിന് മുമ്പ് ആഇശയുടെ കൈയില്‍ നിന്ന് പ്രസ്തുത സമാഹാരം തിരികെ വാങ്ങി അബൂബക്ര്‍ അത് വെള്ളമൊഴിച്ച് നശിപ്പിച്ചുകളഞ്ഞു... ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''ഈ സമാഹാരത്തിലെ നബിവചനങ്ങളില്‍ ചിലത് ഞാന്‍ പ്രവാചകനില്‍നിന്ന് നേരിട്ടു കേട്ടതാണ്. അവയെക്കുറിച്ച് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്നാല്‍, ചില ഹദീസുകള്‍ ഞാന്‍ വേറെ സ്വഹാബിമാരില്‍നിന്ന് കേട്ടതാണ്. അവയെക്കുറിച്ച് എനിക്ക് അത്ര ആത്മവിശ്വാസം പോരാ. അതിനാല്‍ നബി പറയാത്തതായി വല്ലതും അദ്ദേഹത്തിലേക്ക് ചേര്‍ക്കപ്പെടാന്‍ ഞാന്‍ നിമിത്തമായിത്തീരുമോയെന്ന് ഭയപ്പെടുകയാണ്'' (ഉദ്ധരണി: സ്വഹീഹുല്‍ ബുഖാരി, ഐ.പി.എച്ച്, പേജ് 28).
'തിരുകേശത്തിനൊരു ഉത്തമ കേന്ദ്രം' എന്ന ഫ്‌ളക്‌സ് ബോര്‍ഡ് പരസ്യത്തില്‍ ചേര്‍ത്ത 'ഹദീസി'നെപ്പറ്റിയുള്ള ഇ.എന്‍ ഇബ്‌റാഹീം മൗലവിയുടെ നിരൂപണം (മുഅ്ജിസത്തും അഹ്‌ലുസ്സുന്നത്തിന്റെ കാഴ്ചപ്പാടും, പ്രബോധനം 28-2-2014) വായിച്ചപ്പോഴാണ് ഈ ചരിത്ര സംഭവം ഓര്‍മ വന്നത്. പൂര്‍വസൂരികളുടെ പ്രവാചക സ്‌നേഹവും നമ്മുടെ കാലത്തെ മുസ്‌ലിം സമൂഹത്തിന്റെ പ്രവാചക സ്‌നേഹവും അളക്കാന്‍ ഏറെ പര്യാപ്തമാണീ സംഭവം.
ഹസനുല്‍ ബന്ന കണ്ണൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം