മതസ്ഥാപനങ്ങളിലെ യുവജന പങ്കാളിത്തം
ഇറാഖില്‍ ഇബ്‌റാഹീം നബി നിര്‍വഹിച്ച ദൗത്യം അത്യസാധാരണമാം വിധം സാഹസികമായിരുന്നു. അസാമാന്യമായ ധൈര്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും. ഒരു രാജ്യവും ജനതയും ഒന്നാകെ അംഗീകരിച്ച വിശ്വാസ കാര്യങ്ങള്‍ക്കും ആരാധനാനുഷ്ഠാനങ്ങള്‍ക്കും ആചാരക്രമങ്ങള്‍ക്കും ജീവിത രീതികള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവരകപ്പെട്ട ദുര്‍മാര്‍ഗം വിശദീകരിച്ചുകൊടുത്തു. അവസാനം അവരെ ബോധവത്കരിക്കാനായി അവരുടെ ആരാധനാ മൂര്‍ത്തികളെ കൈകാര്യം ചെയ്തു. അദ്ദേഹത്തെ അഗ്നികുണ്ഠത്തിലെറിയാന്‍ അവരെ പ്രേരിപ്പിക്കുമാറ് കരുത്തുറ്റതായിരുന്നു ആ പ്രവാചക വര്യന്റെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയും ചെയ്യുമ്പോള്‍ ഇബ്‌റാഹീം നബി യുവാവായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (21:60).
കാലം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നുവല്ലോ ഫറോവാ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും കഠിനമായ എതിര്‍പ്പിനെയും ശക്തമായ ഭീഷണിയെയും അവഗണിച്ച് ഒരുപറ്റം ചെറുപ്പക്കാര്‍ മൂസ നബിയെ പിന്തുണച്ചു. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവന്റെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം കാണിക്കുന്നവനായിരുന്നു; പരിധിവിട്ടവനും. തീര്‍ച്ച'' (10:83).
ക്രി. 249 മുതല്‍ 251 വരെ റോമാ സാമ്രാജ്യം ഭരിച്ച കൊടിയ മര്‍ദകനായ സീസര്‍ ഡെസ്യൂസ ചക്രവര്‍ത്തിയെ ധിക്കരിച്ച് സന്മാര്‍ഗം സ്വീകരിക്കുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്ത കൊച്ചു സംഘത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അവര്‍. അവര്‍ക്കു നാം നേര്‍വഴിയില്‍ വമ്പിച്ച വളര്‍ച്ച നല്‍കി. 'ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ നാഥനാണ്. അവനെക്കൂടാതെ മറ്റൊരു ദൈവത്തെയും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും' എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി'' (18:13,14).
ധീരവും മഹത്തരവും സാഹസികവുമായ ഈ മൂന്ന് ഉജ്ജ്വല കൃത്യങ്ങളും നിര്‍വഹിച്ചത് യുവാക്കളാണ്. മുഹമ്മദ് നബി മക്കയില്‍ ഇസ്‌ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ വളരെ പ്രതികൂല സാഹചര്യത്തില്‍ അദ്ദേഹത്തില്‍ വിശ്വസിച്ചതും അനുധാവനം ചെയ്തതും ചെറുപ്പക്കാരാണ്. മൂസാ നബിയില്‍ വിശ്വസിച്ചത് യുവാക്കള്‍ മാത്രമാണെന്ന ഖുര്‍ആന്‍ വാക്യത്തെ വ്യാഖ്യാനിക്കുന്നേടത്ത് സയ്യിദ് മൗദൂദി പ്രവാചകനെ പിന്തുടര്‍ന്നവരുടെ പ്രായം രേഖപ്പെടുത്തുന്നു:
''മക്കാ നിവാസികളില്‍ നിന്ന് മുഹമ്മദ് നബി(സ)യെ സഹായിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്നത് വൃദ്ധന്മാരും തല മുതിര്‍ന്നവരുമായിരുന്നില്ല. പ്രത്യുത ദൃഢചിത്തരായ ഒരു പിടി യുവാക്കളായിരുന്നു. ഈ ആദ്യകാല മുസ്‌ലിം യുവാക്കളാണ് ഈ സൂക്തത്തിന്റെ അവതരണ ഘട്ടത്തില്‍ മുഴുവന്‍ ജനതയുടെയും എതിര്‍പ്പുകളെ തൃണവത്ഗണിച്ചുകൊണ്ട് സത്യപ്രസ്ഥാനത്തെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്. അക്രമമര്‍ദനങ്ങളുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ടും അവര്‍ തലയുയര്‍ത്തിപ്പിടിച്ചു നിലകൊണ്ടു. ഇതില്‍ നിക്ഷിപ്ത താല്‍പര്യക്കാരായ വൃദ്ധന്മാരുണ്ടായിരുന്നില്ല, ഒന്നടങ്കം യുവാക്കളായിരുന്നു. അലിയ്യുബ്‌നു അബീത്വാലിബ്, ജഅ്ഫറുത്ത്വയ്യാര്‍, സുബൈര്‍, ത്വല്‍ഹ, സഅ്ദുബ്‌നു അബീവഖാസ്, മിസ്വ്അബ്‌നു ഉമൈര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ് തുടങ്ങിയവര്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, ബിലാല്‍, സുഹൈബ് എന്നിവരുടെ വയസ്സ് ഇരുപതിനും മുപ്പതിനും ഇടയിലായിരുന്നു. അബൂ ഉബൈദത്ത് ബ്‌നുല്‍ ജര്‍റാഹ്, സൈദുബ്‌നു ഹാരിസ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, ഉമറുല്‍ ഫാറൂഖ് എന്നിവരുടെ പ്രായം മുപ്പത്തിനും മുപ്പത്തിയഞ്ചിനും ഇടയിലായിരുന്നു. അവരില്‍ കൂടുതല്‍ മുതിര്‍ന്ന അബൂബക്‌റി(റ)നു പോലും ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ മുപ്പത്തെട്ട് വയസ്സിലധികമുണ്ടായിരുന്നില്ല. ആദ്യകാല മുസ്‌ലിംകളില്‍ തിരുമേനിയെക്കാള്‍ പ്രായം ചെന്ന ഒരൊറ്റ സ്വഹാബിയെ മാത്രമേ നാം കാണുന്നുള്ളൂ. അത് ഉബൈദത്തുബ്‌നു ഹാരിസില്‍ മുത്ത്വലിബായിരുന്നു. അവരില്‍ ഏറെക്കുറെ തിരുമേനിയുടെ സമവയസ്‌കനായി ഒരാളേ ഉണ്ടായിരുന്നുള്ളൂ; അമ്മാറുബ്‌നു യാസിര്‍'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ യൂനുസ് 83-ാം ആയത്തിന്റെ വിശദീകരണക്കുറിപ്പ്).
ചരിത്രത്തിലുടനീളം മഹദ് കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യുവാക്കളാണ്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിക്ക് അടിത്തറ പാകിയത് മുപ്പത്തി എട്ടാമത്തെ വയസ്സിലാണ്. മര്‍ഹൂം വി.പി മുഹമ്മദലി ഹാജി കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ്. അന്ന് കെ.സി അബ്ദുല്ല മൗലവിയുടെ പ്രായം ഇരുപത്തഞ്ചായിരുന്നു.
മനുഷ്യ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കാലം യൗവ്വനമാണ്. ശാരീരികമായും ബുദ്ധിപരമായും ചൈതന്യം തുടിച്ചുനില്‍ക്കുക ചെറുപ്രായത്തിലാണ്. പ്രായമേറുന്നതോടെ ധൈര്യവും കര്‍മോത്സുകതയും ചോര്‍ന്നുപോകുന്നു. ആശങ്കകളും ആലസ്യവും വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ യുവാക്കളുടെ സജീവ പങ്കാളിത്തമില്ലാത്ത സംരംഭങ്ങളൊക്കെ പരാജയപ്പെടുകയോ ജീര്‍ണിക്കുകയോ നിശ്ചലമാവുകയോ ചെയ്യുന്നു. നന്നെ ചുരുങ്ങിയത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനോ സാഹസ കൃത്യങ്ങളിലേര്‍പ്പെടാനോ പ്രായമായവര്‍ സന്നദ്ധമാവുകയില്ല.
നമ്മുടെ നാട്ടിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നടത്തുന്ന മിക്ക ട്രസ്റ്റുകളുടെയും ഭാരവാഹികള്‍ അവ സ്ഥാപിച്ച കാലത്തുള്ള ആളുകള്‍ തന്നെയാണ്. പ്രസിഡന്റുമാരും ചെയര്‍മാന്മാരും സെക്രട്ടറിമാരുമൊക്കെ മരിച്ചു പിരിയുന്നതുവരെ തല്‍സ്ഥാനങ്ങളില്‍ തുടരുന്നു. അതുകൊണ്ടുതന്നെ മതസ്ഥാപനങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടുകളോ ഗുണകരമായ മാറ്റങ്ങളോ ഒന്നുമുണ്ടാകുന്നില്ല. പലപ്പോഴും വര്‍ഷങ്ങളോളം ഒരേ അവസ്ഥയില്‍ തുടരുന്നു. ഏതൊരു സ്ഥാപനവും ചടുലവും ചലനാത്മകവും സജീവവും പുരോഗമനോന്മുഖവുമാകണമെങ്കില്‍ അവയുടെ നടത്തിപ്പുകാര്‍ ഇടക്കൊക്കെ മാറിക്കൊണ്ടിരിക്കണം. ട്രസ്റ്റുകളിലും കമ്മിറ്റികളിലും പുതുരക്തവും യുവരക്തവും പ്രവേശിച്ചുകൊണ്ടിരിക്കണം. മുതിര്‍ന്ന തലമുറയുടെ അനുഭവ പരിചയവും പുതുതലമുറയുടെ കരുത്തും കര്‍മോത്സുകതയും ഒത്തുചേരുമ്പോഴാണ് ഏതു സംരംഭവും തികവും മികവും പ്രാപിക്കുക. അതിനാല്‍ യുവാക്കള്‍ക്ക് ഇടം നല്‍കാന്‍ മുതിര്‍ന്നവരും മുതിര്‍ന്നവരെ ആദരിക്കാനും പരിഗണിക്കാനും യുവാക്കളും സന്നദ്ധമാവേണ്ടിയിരിക്കുന്നു. അപ്പോഴാണ് സ്ഥാപനങ്ങള്‍ നിരന്തരം വളരുകയും ഉയരുകയും ചെയ്യുക; ജീര്‍ണതക്കും മുരടിപ്പിനും അറുതിയുണ്ടാവുക.
Comments