Prabodhanm Weekly

Pages

Search

2014 ഏപ്രില്‍ 04

എല്ലാ നിഗൂഢതകളും പുറത്ത് വരട്ടെ

മുജീബ്/ ചോദ്യോത്തരം

സമൂഹത്തില്‍ ദുരൂഹതയും സംശയവും ജനിപ്പിക്കും വിധമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍. മതരാഷ്ട്ര വാദത്തിന്റെ പ്രചാരകനായ മൗദൂദിയുടെ ആശയങ്ങള്‍ രാജ്യവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമാണ്. സുതാര്യമായ ഇസ്‌ലാമിക പ്രവര്‍ത്തന മേഖലയെ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മുദ്രചാര്‍ത്താനും സംശയത്തിന്റെ നിഴലിലാക്കാനും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ പക്ഷം ചേര്‍ന്ന് അവയെ രൂക്ഷമാക്കി സമുദായ ഐക്യം തകര്‍ക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സംഘടനകള്‍ തിരിച്ചറിയണമെന്നും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു (സിറാജ് ദിനപത്രം 10-3-2014). പ്രതികരണം?
ഉമ്മര്‍ എ. വെങ്ങന്നൂര്‍
         കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ തിരുകേശ, പാനപാത്ര തട്ടിപ്പുകള്‍ക്കെതിരെ സമുദായത്തെ ബോധവത്കരിക്കാന്‍ സോളിഡാരിറ്റിയും പ്രാസ്ഥാനിക പ്രസിദ്ധീകരണങ്ങളും നടത്തുന്ന ശ്രമങ്ങളാണ് എസ്.എസ്.എഫിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. മുസ്‌ലിം ഐക്യത്തെ പിടിച്ചാണ് എ.പി വിഭാഗം സുന്നികളുടെ ആഹ്വാനമെന്നത് ചിരിക്കാന്‍ വക നല്‍കുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി, സലഫി, തബ്‌ലീഗ് സംഘടനകളുമായി സമസ്ത നേതാക്കള്‍ വേദി പങ്കിട്ടു എന്നു കുറ്റപ്പെടുത്തി കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സംഘടനയെ പിളര്‍ത്തിപ്പോയവരാണ് കാന്തപുരം വിഭാഗം. പിന്നീടങ്ങോട്ട് എല്ലാ മുസ്‌ലിം പൊതുവേദികളെയും അവര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. എതാണ്ടെല്ലാ സംഘടനകളുടെയും പ്രാതിനിധ്യമുള്ള കേരള മുസ്‌ലിം സൗഹൃദവേദിയില്‍ നിന്ന് പോലും അബൂബക്കര്‍ മുസ്‌ലിയാരും കൂട്ടുകാരും വിട്ടുനിന്നു. മുബ്തദിഉകള്‍ എന്നവര്‍ മുദ്രകുത്തുന്ന മുസ്‌ലിം സംഘടനകളുമായി വേദി പങ്കിടുകയില്ലെന്നതും അത്തരം സംഘടനയുമായി ബന്ധമുള്ളവര്‍ക്ക് സലാം പോലും ചൊല്ലാന്‍ പാടില്ലെന്നതും അവരുടെ സ്ഥിരം പോളിസിയാണ്. മദ്‌റസാ പാഠപുസ്തകങ്ങളില്‍ പോലും ഈ പിന്തിരിപ്പന്‍ തത്ത്വശാസ്ത്രമാണ് അവര്‍ എഴുതിവെച്ചിരിക്കുന്നത്. ഇക്കൂട്ടരാണിപ്പോള്‍ 'മുസ്‌ലിം സംഘടനകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ പക്ഷം ചേര്‍ന്ന് അവയെ രൂക്ഷമാക്കി സമുദായ ഐക്യം തകര്‍ക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സംഘടനകള്‍ തിരിച്ചറിയണ'മെന്ന് പ്രമേയം പാസ്സാക്കുന്നത്. ഇക്കാര്യത്തിലെങ്കിലും അവര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ വേണ്ടത് ജമാഅത്തെ ഇസ്‌ലാമി ഒഴിച്ചുള്ള മുസ്‌ലിം സംഘടനകളെ മര്‍കസില്‍ വിളിച്ചുചേര്‍ത്ത് സംയുക്ത തിട്ടൂരം പുറത്തിറക്കുകയാണ്. അതവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല എന്നതാണ് പരമാര്‍ഥം.
തിരുകേശ, പാനപാത്ര ചൂഷണത്തിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ചവരും ഇപ്പോഴും പ്രചാരണം നടത്തുന്നവരും ഔദ്യോഗിക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളുമാണെന്ന് കാന്തപുരം വിഭാഗത്തിന് അറിയാത്തതല്ല. അവര്‍ക്കെതിരെ പ്രമേയം പാസ്സാക്കാന്‍ പക്ഷെ മടിയും പേടിയുമാണ്. സമസ്തകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്താല്‍ തന്നെ മുസ്‌ലിം ഐക്യം വലിയ അളവില്‍ നിലവില്‍ വരും. ഒരു വശത്ത് ആ ഭിന്നതകള്‍ രൂക്ഷമാക്കിയും കലഹിച്ചും കൊലപാതകങ്ങള്‍വരെ നടത്തിയും മുന്നേറുമ്പോള്‍ മറുവശത്ത് അരുതേ എന്ന് പറയുന്ന ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിക്കാനുള്ള ശ്രമം സമുദായം തിരിച്ചറിയുന്നുണ്ട്.
പിന്നെ മതരാഷ്ട്രവാദത്തിന്റെയും മൗദൂദിയുടെയും കാര്യം. അതേപ്പറ്റിയൊക്കെ കാന്തപുരം മുസ്‌ലിയാര്‍ പറയാതെത്തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂക്ഷ്മമായി അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും പിടികൂടാന്‍ ഒരു തെളിവും കിട്ടാഞ്ഞിട്ടാണെന്നുമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. മറിച്ച് കാന്തപുരം ടീമിന്റെ നിഗൂഢ പ്രവര്‍ത്തനങ്ങളോ? അവര്‍ക്ക് തിരുകേശവും പാനപാത്രവും എവിടന്ന്, ആരാണ് സംഘടിപ്പിച്ചുകൊടുക്കുന്നത്, ഇതിന്റെ പേരില്‍ നാല്‍പത് കോടിയുടെ ദേവാലയം പണിയാന്‍ എത്ര പണം പിരിച്ചു, ആ പണം എന്ത് ചെയ്തു, കാരന്തൂരിലെ മര്‍കസുസ്സഖാഫയില്‍ നിരന്തരം വന്നും പോയും കൊണ്ടിരിക്കുന്ന വിദേശികള്‍ ആരൊക്കെ, എന്തിനൊക്കെ, നരേന്ദ്രമോഡിയുമായി കാന്തപുരം ഉണ്ടാക്കിയ ഗൂഢധാരണ എന്താണ് തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് അറിയേണ്ടതായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിഗൂഢതകള്‍ അന്വേഷിക്കുന്നതോടൊപ്പം തന്നെ ഇക്കാര്യങ്ങളും പുറത്ത് വരട്ടെ.

മുസ്‌ലിം വ്യക്തി നിയമവും ജസ്റ്റീഷ്യയും


മുസ്‌ലിം ദായക്രമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ജസ്റ്റീഷ്യ (പ്രബോധനം 8-10-2013) പറയുമ്പോള്‍ കോടതിയില്‍ അവര്‍ സത്യവാങ് മൂലം നല്‍കിയത് അതിലൊന്നും യാതൊരു കുഴപ്പവുമില്ലെന്നാണ്. ഈ ഇരട്ടത്താപ്പ് നയം സ്വീകരിക്കാനുള്ള കാരണമെന്താണ്? ഫസ്ഖ്, വഖ്ഫ്, ജീവനാംശം എന്നീ നിയമങ്ങള്‍ ക്രോഡീകരിച്ചതുപോലെ മുസ്‌ലിം വ്യക്തിനിയമത്തിലെ ഭൗതിക നിയമങ്ങള്‍ ക്രോഡീകരിക്കപ്പെടാത്തതുകൊണ്ടല്ലേ ഇവിടെ മുസ്‌ലിം സംഘടനകള്‍ തമ്മില്‍ കുഴപ്പമുണ്ടാകാന്‍ കാരണം? ചിലര്‍ മുത്ത്വലാഖ് അംഗീകരിക്കുമ്പോള്‍ ചിലര്‍ക്കത് അംഗീകരിക്കാനാവുന്നില്ല. നാലുതരം മദ്ഹബുകളുണ്ടായതുകൊണ്ടല്ലേ അത്? എല്ലാവരും യോജിച്ചുകൊണ്ട് ഒരു ഏകീകൃത മുസ്‌ലിം വ്യക്തി നിയമം ക്രോഡീകരിച്ചാല്‍ കുഴപ്പങ്ങളൊക്കെ ഇല്ലാതാക്കാനാവില്ലേ?
എന്‍.ടി കുഞ്ഞമ്മദ് വടകര
         ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിക്കാരും യുക്തിവാദികളും ചേര്‍ന്ന,് ശരീഅത്ത് റദ്ദാക്കണമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് ഹരജി ബഹു. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതില്‍ കക്ഷിചേര്‍ന്ന ജസ്റ്റീഷ്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോദ്യത്തില്‍ പരാമര്‍ശിച്ച നിലപാടെടുത്തിരിക്കുന്നത്. നിലവിലെ മുസ്‌ലിം വ്യക്തിനിയമം എന്തെല്ലാം വൈകല്യങ്ങളുണ്ടെങ്കിലും നിലനില്‍ക്കണമെന്നും റദ്ദാക്കാന്‍ പാടില്ലെന്നതുമാണ് ഈ നിലപാടിന്റെ പ്രചോദനം. അല്ലാത്തപക്ഷം ഏക സിവില്‍ കോഡാണ് നടപ്പിലാവുക. അത് മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ല. മുസ്‌ലിം സമുദായം പൊതുവെ യോജിക്കുന്നത് നിലവിലെ മുസ്‌ലിം വ്യക്തിനിയമങ്ങളിലാണ്. അതില്‍ പരിഷ്‌കരണം വേണം എന്ന ആവശ്യം ന്യായമാണ്. പക്ഷെ, അക്കാര്യത്തില്‍ എല്ലാവരും യോജിക്കുന്നില്ല. മദ്ഹബ് പക്ഷപാതമാണ് പ്രധാന കാരണം. ഇതേപ്പറ്റി സമുദായത്തെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാവണം ജസ്റ്റീഷ്യയുടെ പ്രബോധനത്തില്‍ വന്ന കുറിപ്പ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മദ്ഹബുകളുടെയും അടിസ്ഥാനത്തില്‍ വ്യക്തിനിയമങ്ങളെ പരിഷ്‌കരിക്കാവുന്നതും ക്രോഡീകരിക്കാവുന്നതുമാണ്. ഒട്ടേറെ മുസ്‌ലിം രാജ്യങ്ങളില്‍ അതിന് മാതൃകയുണ്ട്. ഫിഖ്ഹ് വിദഗ്ധരെയും നിയമജ്ഞരെയും വിളിച്ചുചേര്‍ത്തു ആ ദിശയിലുള്ള ഒരു ശ്രമം ജസ്റ്റീഷ്യ നടത്തിയതായറിയാം.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അപവാദ പ്രചാരണം


ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അവിടെ അമുസ്‌ലിംകളെ കൊന്നൊടുക്കുകയാണെന്നും അക്രമങ്ങള്‍ നടത്തുകയാണെന്നും കേരളാ ജമാഅത്തിനെ എതിരിടാന്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നു. വാസ്തവമെന്താണ്? അങ്ങനെയല്ല എന്നുള്ളതിന് തെളിവുകളുണ്ടോ?
അനസ് നെച്ചിക്കാടന്‍, അബൂദാബി

         ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനകീയാടിത്തറയുള്ള ഇസ്‌ലാമിക പ്രസ്ഥാനമാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി, പാകിസ്താന്റെ ഭാഗമായ പൂര്‍വ ബംഗാളിനെ പിളര്‍ത്തി സ്വന്തന്ത്ര രാഷ്ട്രമാക്കാനുള്ള അവാമി ലീഗിന്റെയും ശൈഖ് മുജീബുര്‍റഹ്മാന്റെയും ആസൂത്രിത നീക്കത്തെ എതിര്‍ത്ത കുറ്റത്തിന് ബംഗ്ലാദേശ് നിലവില്‍ വന്ന 1971 മുതല്‍ ജമാഅത്തെ ഇസ്‌ലാമിയെ വേട്ടയാടുകയാണ് അവാമിലീഗ് സര്‍ക്കാര്‍. ശൈഖ് മുജീബുര്‍റഹ്മാന്റെ ഏകാധിപത്യവാഴ്ചക്കാലത്തും പിന്നീട് അദ്ദേഹത്തിന്റെ പുത്രി ഹസീന വാജിദ് എപ്പോഴൊക്കെ അധികാരത്തില്‍ വന്നുവോ അപ്പോഴെല്ലാം ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് ജമാഅത്തിന് നേരിടേണ്ടിവന്നത്. എന്നാല്‍, എല്ലാ വിധ ധ്വംസന ശ്രമങ്ങളെയും ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് പ്രസ്ഥാനത്തിന് ജനപിന്തുണ നേടാന്‍ സാധിച്ചതിന്റെ തെളിവാണ് 1986-ലെയും 1991-ലെയും 2001-ലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയ യഥാക്രമം 10,18,17 സീറ്റുകള്‍. പതിവിന് വിപരീതമായി, ഹസീന സര്‍ക്കാര്‍ രാജിവെച്ച് കെയര്‍ ടേക്കര്‍ സര്‍ക്കാറിന്റെ കീഴില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമാവാതെ സ്വന്തം നിയന്ത്രണത്തില്‍ തന്നെ ഇത്തവണ ഇലക്ഷന്‍ നടത്താന്‍ ഹസീനയെ പ്രേരിപ്പിച്ചത് ജമാഅത്തിന്റെ വര്‍ധിത പിന്തുണയെക്കുറിച്ചും അവാമിലീഗിന്റെ പരാജയ സാധ്യതയെക്കുറിച്ചുമുള്ള ഭീതിയാണ്. കാരണം, 1971-ലെ ബംഗ്ലാദേശ് യുദ്ധക്കുറ്റവാളികളെ കണ്ടെത്തി ഉന്മൂലനം ചെയ്യുന്ന ഹസീന സര്‍ക്കാറിന്റെ ഭരണകൂട ഭീകരത വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമില്ലാതെ പടച്ചുണ്ടാക്കിയ ഒരന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റെ മുമ്പാകെ ഹാജരാക്കപ്പെട്ട, ജമാഅത്ത് നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുതകുന്ന ഒന്നും സര്‍ക്കാറിന്റെ പക്കലുണ്ടായിരുന്നില്ല. എന്നിട്ടും പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഖാദിര്‍ മുല്ല, ദലാവര്‍ ഹുസൈന്‍ സഈദ് തുടങ്ങിയവര്‍ക്ക് മരണ ശിക്ഷയാണ് വിധിക്കപ്പെട്ടത്. അനേക ശതം ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും ഇതിനകം 'മുക്തിബാഹിനി' എന്ന പേരില്‍ അവാമിലീഗ് ഗുണ്ടാസംഘം സുരക്ഷാ സേനയുടെ ഒത്താശയോടെ കൊന്നൊടുക്കി. ശാഹ് ബാഗില്‍ ഒത്തുചേര്‍ന്ന ഇസ്‌ലാം വിരുദ്ധര്‍ 'ബംഗ്ലാ വസന്തം' എന്ന് പേരിട്ട ഭീകര കൂട്ടായ്മയിലൂടെ തേര്‍വാഴ്ച തന്നെയാണ് നടത്തിയത്. അതിനിടയിലാണ് ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതും ന്യൂനപക്ഷസമൂദായക്കാര്‍ കൊല്ലപ്പെട്ടതും.
കുറ്റം ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ ആരോപിക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡെയ്‌ലിസ്റ്റാര്‍, ഡെയ്‌ലി ഇത്തിഫാഖ് തുടങ്ങിയ പത്രങ്ങളുടെ വ്യാജ പ്രോപഗണ്ടയാണതെന്ന സത്യം ജമാഅത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗം എ.എച്ച്. എ ഹാമിദുര്‍റഹ്മാന്‍ ആസാദ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ മാലേഗാവ്, സംഝോതാ എക്‌സ്പ്രസ്, മക്കാമസ്ജിദ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഹിന്ദുഭീകരരുടെ അതേ തറവേല.
അന്ധവും നീതിരഹിതവുമായ ജമാഅത്ത് വിരോധത്താല്‍ ഇത്തരം കള്ളക്കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുപാടുന്നവര്‍ ഓര്‍ക്കണം, ആസൂത്രിതമായ ഇസ്‌ലാമിക പ്രസ്ഥാനനിര്‍മാര്‍ജനത്തിനാണവര്‍ ജയ ജയ പാടുന്നതെന്ന്. മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണുനീര്‍ കാണാന്‍ കൊതിച്ച അമ്മായിയമ്മയുടെ ദുഷ്ടമനസ്സ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 57-61
എ.വൈ.ആര്‍/ ഖുര്‍ആന്‍ ബോധനം