Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

ബഗ്ദാദിലെ വ്യാപാരി

പി.കെ. ജമാല്‍ / ചരിത്രം

                     വസ്ത്ര വ്യാപാരിയായ ഇമാം അബൂഹനീഫ(റ) സമ്പന്നനായിരുന്നു. ''ദാറുഅംറുബ്‌നു ഹുറൈദിലെ അബൂഹനീഫയുടെ സ്ഥാപനം കേളികേട്ടതായിരുന്നു'' ഉമറുബ്‌നു ഹമ്മാദ് ഓര്‍ക്കുന്നു. അതിസമ്പന്നനായ ഇമാം തന്നെ തേടിവരുന്ന ആരെയും നിരാശപ്പെടുത്താത്ത ഉദാരമതിയായിരുന്നു എന്ന് ഫുളൈലുബ്‌നു ഇയാദ് അനുസ്മരിക്കുന്നു. ബഗ്ദാദിലേക്ക് ചരക്ക് കയറ്റി അയച്ച് സാധനങ്ങള്‍ വാങ്ങി കൂഫയില്‍ വിറ്റഴിച്ച ഇമാമിന്റെ വരുമാനം വര്‍ഷംതോറും കൂടിക്കൂടി വന്നു. അവയൊന്നും തനിക്ക് വേണ്ടിയല്ല ഇമാം ചെലവഴിച്ചത്. ലാഭ മുതല്‍ ഹദീസ് പണ്ഡിതന്മാരുടെയും ഗുരുവര്യന്മാരുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അവരുടെ ഭക്ഷണം, വസ്ത്രം, മരുന്ന്, ചികിത്സ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും ചെലവഴിച്ച് ബാക്കി വരുന്ന തുക അവര്‍ക്കെത്തിച്ചു കൊടുക്കും. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും: ''ഈ തുക നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു കൊള്ളൂ. അതിന് അല്ലാഹുവിനോട് മാത്രമേ നിങ്ങള്‍ നന്ദി പ്രകടിപ്പിക്കേണ്ടതുള്ളൂ. അവന് മാത്രമേ സ്തുതി പറയേണ്ടതുമുള്ളൂ. നിങ്ങള്‍ക്ക് ഞാന്‍ തരുന്നതൊന്നും എന്റെ മുതലില്‍ നിന്നല്ല. നിങ്ങള്‍ക്ക് നല്‍കാനായി അല്ലാഹു എന്നെ ഏല്‍പ്പിച്ച സമ്പത്തിന്റെ വിഹിതമാണത്. നിങ്ങളുടെ കച്ചവടത്തിന്റെ ലാഭമാണ് ഈ തുകയത്രയും.''
ഹഫ്‌സുബ്‌നു അബ്ദിര്‍റഹ്മാന്‍ ഇമാം അബൂഹനീഫയുടെ കച്ചവടത്തില്‍ പങ്കാളിയായിരുന്നു. ഒരിക്കല്‍ ചരക്ക് വിറ്റഴിക്കാന്‍ ഇമാം, ഹഫ്‌സിനെ ചുമതലപ്പെടുത്തി. ചരക്കിലെ ന്യൂനതകള്‍ പറഞ്ഞ് വേണം വില്‍ക്കാനെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു ഇമാം. പക്ഷേ, സാധനം വിറ്റഴിച്ചപ്പോള്‍ ഹഫ്‌സ് ഇക്കാര്യം മറന്നു. ആര്‍ക്കാണ് വിറ്റതെന്ന് ഓര്‍മയുമില്ല. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഇമാം അബൂഹനീഫ ആ ചരക്കിന്റെ വില മൊത്തം സ്വദഖയായി നല്‍കി പ്രശ്‌നം പരിഹരിച്ചു. അതിസമ്പന്നനായിരുന്നിട്ടും തനിക്ക് വേണ്ടി ഒന്നും കരുതി വെക്കാന്‍ ഇമാമിന്ന് മോഹമില്ലായിരുന്നു. ഫൈളുബ്‌നു മുഹമ്മദ് ഓര്‍ക്കുന്നു: ''ഒരിക്കല്‍ ബഗ്ദാദില്‍ വെച്ച് അബൂഹനീഫയെ കണ്ടപ്പോള്‍ ഞാന്‍: ''ഇമാം, ഞാന്‍ കൂഫയിലേക്ക് പോവുകയാണ്. അങ്ങേക്ക് വല്ല ആവശ്യവും?'' അദ്ദേഹം: ''എന്റെ മകന്‍ ഹമ്മാദിനെ കണ്ട് പറയണം, 'മാസാന്തം നീ തരുന്ന തുക കൊണ്ടാണ് എന്റെ ജീവിതം. കഴിഞ്ഞ മാസത്തേത് കിട്ടിയിട്ടില്ല. അത് വേഗം അയച്ചു തരണം.'
ഇമാം അബൂഹനീഫ ജീവിതത്തില്‍ പുലര്‍ത്തിപ്പോന്ന ഒരു നിഷ്ഠയുണ്ട്. സംസാരത്തിനിടയില്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുപോയാല്‍ ഒരു ദിര്‍ഹം സ്വദഖയായി നല്‍കും. പിന്നെ ക്രമേണ ആ തുക അദ്ദേഹം കൂട്ടിക്കൂട്ടി വന്നു. കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്ന അത്രയും തുക ഓരോ ദിവസവും സ്വദഖയായും നല്‍കും. ഒരു പുതുവസ്ത്രം ധരിച്ചാല്‍ അതേ വിലയുള്ള വസ്ത്രം പണ്ഡിതന്മാര്‍ക്കും നല്‍കും. തന്റെ മുന്നില്‍ ആഹാരം കൊണ്ടുവെച്ചാല്‍ അതില്‍ ഒരു ഓഹരി എടുത്ത് പ്രത്യേകം മാറ്റിവെക്കും. പുറത്തിറങ്ങിയാല്‍ കാണുന്ന ആദ്യത്തെ ദരിദ്രന്നോ സാധുവിന്നോ ആയിരിക്കും ആ ആഹാര വിഹിതം.
* * * *
പട്ടു വസ്ത്രം വില്‍ക്കാനായി വന്ന സ്ത്രീയോട് ഇമാം: ''ഇതിന്ന് എന്ത് വില വേണം?''
''നൂറ് ദിര്‍ഹം''
വസ്ത്രം നന്നായി പരിശോധിച്ച് ബോധ്യപ്പെട്ട ഇമാം: ''ഇത് നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ കൂടിയ വിലക്ക് ഉണ്ടല്ലോ?''
''എങ്കില്‍ ഇരുനൂറ് ദിര്‍ഹം തന്നേക്കൂ'', സ്ത്രീ.
''അല്ല അതില്‍ കൂടുതലുണ്ട്'', ഇമാം.
അവരുടെ വില പേശല്‍ നാനൂറ് ദിര്‍ഹമില്‍ എത്തിനിന്നപ്പോള്‍ സ്ത്രീ: ''അതല്ല, നിങ്ങള്‍ എന്നെ കളിയാക്കുകയാണോ?''
''വേറെ ഒരാള്‍ ഇതിന്ന് വില നിശ്ചയിക്കട്ടെ'', ഇമാം.
അയാള്‍ അത് അഞ്ഞൂറ് ദിര്‍ഹമിനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇമാം സ്ത്രീക്ക് അഞ്ഞൂറ് ദിര്‍ഹം നല്‍കി. വില വാങ്ങി പോകുമ്പോള്‍ സ്ത്രീ അതിശയത്തോടെ: 'ഇങ്ങനെയുമുണ്ടോ കച്ചവടക്കാര്‍!'
* * * *
കൂട്ടുകാരില്‍ ഒരാള്‍ ഇമാമിനോട്: ''എനിക്കൊരു പട്ട് വസ്ത്രം വേണം.''
''എന്താണ് നിറം?'', ഇമാം.
കൂട്ടുകാരന്‍ തന്റെ ഇഷ്ടനിറം ഇമാമിനെ അറിയിച്ചു.
''ഇപ്പോള്‍ സ്റ്റോക്കില്ല. സാധനം വരട്ടെ. അപ്പോള്‍ തരാം.''
ചരക്കെത്തിയപ്പോള്‍ അയാള്‍ ആവശ്യപ്പെട്ട പട്ട് ഇമാം നല്‍കി.
''അപ്പോള്‍ വില?'' അയാള്‍.
''ഒരു വെള്ളി ദിര്‍ഹം.''
''ഒരു വെള്ളി നാണയമോ! അതെന്താണ് ഇത്ര കുറച്ച്?''
അബൂഹനീഫ വിശദീകരിച്ചു: ''ഞാന്‍ രണ്ട് പട്ടു വസ്ത്രങ്ങള്‍ വാങ്ങി. ഇരുപത് സ്വര്‍ണ നാണയവും ഒരു വെള്ളി നാണയവുമായിരുന്നു അതിന്ന് ഞാന്‍ നല്‍കിയത്. ഒന്ന് ഞാന്‍ ഇരുപത് ദിനാറിന് ഒരാള്‍ക്ക് വിറ്റു. മറ്റേത് നിങ്ങള്‍ക്ക് തരികയാണ്. കണക്ക് പ്രകാരം അതിന് ഒരു വെള്ളി നാണയമല്ലേ വില വരുന്നുള്ളൂ. എന്റെ കൂട്ടുകാരന് വിറ്റ് ലാഭമുണ്ടാക്കേണ്ട എന്ന് ഞാന്‍ കരുതി.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍