Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

'സാമിരി' അവരെ വഴിപിഴപ്പിച്ചു -ഖുര്‍ആന്‍ 20:85

ഖാലിദ് മൂസാ നദ്‌വി / കവര്‍ സ്‌റ്റോറി

           ഇസ്‌ലാം തൗഹീദില്‍ അധിഷ്ഠിതമായ തെളിഞ്ഞ ദീനാണ്. കലര്‍പ്പില്ലാത്ത തൗഹീദാണ് ഇസ്‌ലാമിന്റെ മര്‍മം. തൗഹീദ് സമഗ്രമായി വിശദീകരിക്കുന്ന അധ്യായത്തിന് അല്ലാഹു നല്‍കിയ പേര് അല്‍ ഇഖ്‌ലാസ്വ് എന്നാണ്. 'കലര്‍പ്പില്ലാത്തത്' എന്നാണ് ആ നാമകരണത്തിന്റെ പൊരുള്‍. ജൂതരും ക്രിസ്ത്യാനികളും കലര്‍ത്തിയ മായത്തില്‍ നിന്ന് മുക്തമാക്കിയ തൗഹീദിന്റെ അവതരണമാണ് ഖുര്‍ആനിലെ പ്രസ്തുത അധ്യായത്തിന്റെ (112) ഉള്ളടക്കം.
ആദം നബി(അ)യില്‍ തുടങ്ങി മുഹമ്മദ് നബി(സ)യില്‍ അവസാനിക്കുന്ന തൗഹീദീ പ്രബോധനത്തിന്റെ അവതരണം ഖുര്‍ആനില്‍ നമുക്ക് വായിക്കാം. ആ അവതരണ ശൃംഖലയില്‍ വ്യതിചലനത്തിന്റെ വക്താക്കളെ ഖുര്‍ആന്‍ നമുക്ക് ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്. അതില്‍ തനി മുശ്‌രിക്കുകളുടെ നിലപാടുകളെ മാത്രം വിമര്‍ശിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. അല്ലാഹു, പ്രവാചകന്‍, വേദം എന്നിവയിലെല്ലാം വിശ്വസിച്ചുകൊണ്ടുതന്നെ തൗഹീദില്‍ വെള്ളം ചേര്‍ത്തവരെ ഖുര്‍ആന്‍ തുറന്നുകാണിച്ചിട്ടുണ്ട്. ജൂതരും ക്രിസ്ത്യാനികളുമാണ് അതിന്റെ മുന്‍നിര വക്താക്കള്‍. 'അഹ്‌ലുല്‍ കിതാബ്' എന്നാണ് ഖുര്‍ആന്‍ അവരെ വിളിച്ചത്. തൗറാത്തും ഇഞ്ചീലും അടിസ്ഥാനപരമായി അംഗീകരിക്കുന്നവര്‍ എന്നാണ് ആ വിളിയുടെ പൊരുള്‍. അവരില്‍ സംഭവിച്ച വ്യതിചലനങ്ങള്‍ ഖുര്‍ആന്‍ വ്യക്തമായി വിവരിച്ചത് 'അഹ്‌ലുല്‍ ഖുര്‍ആന്‍' ആയ മുസ്‌ലിം ഉമ്മത്തിന് അത്തരമൊരു വ്യതിചലനം സംഭവിക്കാതിരിക്കാനാണ്. അഥവാ സംഭവിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ദീനിനെ സ്‌നേഹിക്കുന്നവര്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ വേണ്ടിയാണ്.
മൂസാ നബി(അ) ജീവിച്ചിരിക്കെ സംഭവിച്ച വ്യതിചലനം ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സാമിരിയാണ് അതിന് നേതൃത്വം കൊടുത്തത് (ത്വാഹാ 85). ''സാമിരി എന്നത് ഒരു വ്യക്തിയുടെ പേരല്ല. ഏതോ സ്ഥലത്തേക്കോ കുടുംബത്തിലേക്കോ ഗോത്രത്തിലേക്കോ ചേര്‍ത്തു പറഞ്ഞതാണെന്നാണ് ലക്ഷണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. പിന്നീട് ഖുര്‍ആന്‍ അയാളെ 'സാമിരിയക്കാരന്‍' എന്ന പദം കൊണ്ട് പരാമര്‍ശിച്ചതില്‍ നിന്ന് അക്കാലത്ത് സാമിരി കുടുംബത്തില്‍, അല്ലെങ്കില്‍ ഗോത്രത്തില്‍ അതുമല്ലെങ്കില്‍ നാട്ടില്‍ വേറെയും ധാരാളമാളുകള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു കനക നിര്‍മിത പശുക്കിടാവിനെ ആരാധിക്കുന്ന സമ്പ്രദായം ഇസ്രാഈല്യരില്‍ പ്രചരിപ്പിച്ച വ്യക്തി'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം 3, പേജ് 109).
മൂസാ നബി(അ)യും സമുദായവും ഈജിപ്തില്‍ നിന്ന് ഹിജ്‌റ പുറപ്പെട്ട് സീനാ മരുഭൂമിയിലെത്തിയ നേരത്താണ് സാമിരി സംഭവം. ശരീഅത്ത് നല്‍കുന്നതിനായി മൂസാ നബി(അ)യെ അല്ലാഹു സീനാ മലയുടെ അടുത്തേക്ക് വിളിപ്പിക്കുകയും 40 ദിവസം നോമ്പും പ്രാര്‍ഥനയും മറ്റു ആരാധനാ കര്‍മങ്ങളുമായി തപസ്സ് അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സ്ഥൂലമായ ഒരു ആരാധ്യവസ്തുവിനെ വേണമെന്ന ആവശ്യം മൂസാനബി(അ)യുടെ അഭാവത്തില്‍ ചിലര്‍ ഉന്നയിച്ചു തുടങ്ങി. സന്ദര്‍ഭം മുതലെടുത്ത് 'സാമിരി' സ്വര്‍ണം കൊണ്ട് ഒരു പശുക്കിടാവിന്റെ രൂപമുണ്ടാക്കി. ശബ്ദിക്കുന്ന ആ 'പശുക്കിടാവ് രൂപം' കാണപ്പെടുന്ന ഒരു ആരാധ്യവസ്തുവിനെ കൊതിച്ച ആ സമുദായത്തെ നന്നായി ആകര്‍ഷിച്ചു. ജനം യാതൊരു വീണ്ടുവിചാരവുമില്ലാതെ 'പുതിയ ദൈവ'ത്തെ ആരാധിക്കാന്‍ തുടങ്ങി (ത്വാഹാ 87-91, അല്‍അഅ്‌റാഫ് 148).
സാമിരിയുടെ സംരംഭത്തെ കുറിച്ച് മൗലാനാ മൗദൂദി എഴുതുന്നു: ''വളരെ ആലോചിച്ച്, ആസൂത്രണം ചെയ്ത്, വഞ്ചനയുടെയും കെട്ടുകഥകളുടെയും വിദഗ്ധമായ ഒരു സ്‌കീം തയാറാക്കിയ ഒരു കുഴപ്പക്കാരനായിരുന്നു സാമിരി. സ്വര്‍ണം കൊണ്ട് പണിത പ്രതിമയില്‍ അയാള്‍ പശുക്കിടാവിന്റെ ശബ്ദം പുറപ്പെടുവിക്കാനുള്ള ചില തന്ത്രങ്ങള്‍ ചെയ്ത് സമൂഹത്തിലെ അജ്ഞന്മാരെ മുഴുവന്‍ വഞ്ചനയില്‍ പെടുത്തി. അവിടെയും നില്‍ക്കാതെ നല്ലൊരു ഇതിഹാസ കഥ ചമച്ച് മൂസായുടെ മുന്നില്‍ അവതരിപ്പിക്കാനും ധൈര്യപ്പെട്ടു. ആദ്യമായി 'മറ്റുള്ളവര്‍ കാണാത്ത പലതും താന്‍ കാണുന്നുണ്ട്' എന്നു വാദിച്ചു. തുടര്‍ന്ന് റസൂലിന്റെ (ദൂതന്റെ) കാല്‍പാടുകളില്‍ നിന്ന് വാരിയെടുത്ത ഒരു പിടി മണ്ണില്‍ നിന്നാണ് ഈ ദിവ്യത്വങ്ങളൊക്കെയും ഉത്ഭവിച്ചതെന്ന കഥയും പ്രചരിപ്പിച്ചു. 'റസൂല്‍' കൊണ്ട് ഉദ്ദേശിച്ചത് ഒരുപക്ഷേ പൂര്‍വ മുഫസ്സിറുകള്‍ മനസ്സിലാക്കിയത് പോലെ ജിബ്‌രീലിനെ തന്നെയായിരിക്കാം. എന്നാല്‍ മൂസാ(അ)യെ ഉദ്ദേശിച്ചാണ് 'റസൂല്‍' എന്ന പദം സാമിരി പ്രയോഗിച്ചിട്ടുള്ളതെങ്കില്‍ അത് മറ്റൊരു വഞ്ചനയാണ്. മൂസാ(അ)യെ മാനസികമായി പ്രീണിപ്പിക്കാനുള്ള ഒരു തന്ത്രമായിരിക്കണം അത് (ത്വാഹാ 95,96 സൂക്തങ്ങളുടെ വ്യാഖ്യാനക്കുറിപ്പ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഭാഗം 3, പേജ് 116,117).
റസൂലിന്റെ (ജിബ്‌രീല്‍/മൂസാ) 'അസര്‍' -തിരുശേഷിപ്പ്- മുന്‍നിര്‍ത്തി സമുദായത്തെ യഥാര്‍ഥ തൗഹീദില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സമുദായത്തിന്റെ അകത്തിരുന്ന് തന്ത്രം മെനയുന്ന ആത്മീയ പുരുഷനായിട്ടാണ് സാമിരിയെ ഖുര്‍ആന്‍ ചിത്രീകരിക്കുന്നത്. മൂസാ(അ) സാമിരിയെ വെറുതെ വിട്ടില്ല. സമുദായത്തില്‍ നിന്ന് മൂസാ നബി(അ) അദ്ദേഹത്തെ പുറത്താക്കി. എല്ലാവരാലും അകറ്റപ്പെടുന്ന അവസ്ഥ- ലാ മിസാസ- സാമിരിയില്‍ ശിക്ഷയായി അടിച്ചേല്‍പിക്കപ്പെട്ടു. 'തിരുശേഷിപ്പി'ല്‍ പണിതീര്‍ത്ത 'ദൈവ' രൂപത്തെ മൂസാ നബി(അ) കത്തിച്ചുകളയുകയും ചെയ്തു. 'ചിതാഭസ്മം' കടലിലൊഴുക്കുകയും ചെയ്തു.
തൗഹീദിന്റെ നേര്‍പാതയില്‍ നിന്ന് ബനൂഇസ്രാഈല്‍ സമുദായത്തെ വഴിതെറ്റിക്കാന്‍ തിരുശേഷിപ്പിന്റെ പേരില്‍ സാമിരി നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ച തന്നെയാണ് 'തിരുകേശവും വിശുദ്ധ പാന പാത്രവും.' സാമിരിയെ തളയ്ക്കാന്‍ മൂസാ നബി(അ) ഉണ്ടായിരുന്നു. നവ പൗരോഹിത്യത്തെ തളയ്ക്കാന്‍ ആരുണ്ടെന്ന ചോദ്യം നാമിന്ന് അഭിമുഖീകരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ ദൂതന്മാരെയും ഇഷ്ട ദാസന്മാരെയും ദിവ്യത്വപദവിയിലേക്ക് ഉയര്‍ത്തലാണ് പൗരോഹിത്യ മതത്തിന്റെ പൊതുസ്വഭാവം. 'ഉസൈറി(റ)നെ ദൈവപുത്രനാക്കിക്കൊണ്ടാണ് യഹൂദ പൗരോഹിത്യം ഒരുകാലത്ത് കൊഴുത്തുവന്നത്. ഈസാ നബി(അ) ദൈവപുത്രന്‍ എന്ന വാദമാണ് ക്രൈസ്തവ പൗരോഹിത്യത്തിന്റെ എക്കാലത്തെയും അടിയാധാരം' (തൗബ: 30).
ഏകദൈവത്വം ഉദ്‌ഘോഷിക്കുന്ന വേദങ്ങളും പ്രവാചക പാരമ്പര്യങ്ങളും കൈവശം വെച്ചുകൊണ്ട്, അതിനു കടകവിരുദ്ധമായി വിഗ്രഹാരാധകരുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വാംശീകരിക്കുകയാണ് ദൈവപുത്ര സങ്കല്‍പത്തിലൂടെ യഹൂദരും നസാറാക്കളും ചെയ്തത്.
ഈസാ നബി(അ)യെ കൊണ്ട് ക്രിസ്ത്യാനികള്‍ കാട്ടിക്കൂട്ടിയത് മുഹമ്മദ് നബി(സ)യെകൊണ്ട് കേരളത്തില്‍ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്. വിശുദ്ധ മാതാവ്, തിരുഹൃദയം, വിശുദ്ധ കുരിശ് എന്നീ ക്രൈസ്തവ പദാവലികള്‍ക്ക് സമാനമായി 'തിരുകേശ'വും 'വിശുദ്ധ പാനപാത്ര'വും കേശം ചാലിച്ച 'പുണ്യ ജല'വുമൊക്കെ അവതരിപ്പിച്ചുവരികയാണ് കാന്തപുരം. ഈസാന ബി(അ)യെ ചുറ്റിപ്പറ്റിയുള്ള പുരോഹിത ജല്‍പനങ്ങളുടെ ചോദ്യം ചെയ്യാത്ത വക്താക്കളായിരുന്നു സാധാരണക്കാരായ അനുയായിവൃന്ദം. മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും അവര്‍ റബ്ബുകളാക്കി എന്നാണ് ഖുര്‍ആന്‍ അതിനെ ആക്ഷേപിച്ചിരിക്കുന്നത് (തൗബ 31). പുരോഹിതന്റെ വിധിവിലക്കുകളെ, വെളിപാടുകളെ ദൈവശാസനകള്‍ കണക്കെ അനുസരിച്ചുവന്നു അവര്‍. 'തിരുകേശ'ത്തെ കുറിച്ചും 'വിശുദ്ധ പാനപാത്ര'ത്തെക്കുറിച്ചും കാന്തപുരവും അദ്ദേഹത്തിന്റെ കൂടെയുള്ളവരും തത്തുല്യ നിലപാടില്‍ തന്നെ. മുടിക്കെട്ട് നബിയുടെ തിരുമുടിക്കെട്ട് തന്നെയാണെന്നതിനും, പാത്രം നബിയുടെ വിശുദ്ധ പാനപാത്രം തന്നെയാണെന്നതിനും കാന്തപുരത്തിന്റെ വര്‍ത്തമാനങ്ങള്‍ മാത്രമാണ് അവര്‍ക്ക് തെളിവ്. ആരെങ്കിലും 'സനദ്' ചോദിച്ചാല്‍, ഖുര്‍ആനിലും സ്വഹീഹായ ഹദീസിലും തെളിവുണ്ടോ എന്ന് ചോദിച്ചാല്‍, ഖിലാഫത്തുര്‍റാശിദയുടെ മാതൃകയുണ്ടോ എന്നു ചോദിച്ചാല്‍ അവര്‍ ചോദിച്ചവനോട് കയര്‍ക്കും. 'ഉസ്താദിനോട് ചോദ്യം ചോദിക്കുന്നവന്‍ പിഴച്ചവനാണെ'ന്ന് മുദ്രയടിക്കും (അവലംബം: ഒ.എം തരുവണ, ശഅ്‌റേ മുബാറക് വിമര്‍ശനങ്ങള്‍ക്ക് മറുപടി, പേജ് 11).
മുഹമ്മദ് നബി(സ) വഫാത്താകും വരെ തിരുകേശ-പാനപാത്ര പൂജ ഉണ്ടായിരുന്നോ എന്ന് ചോദിച്ച് പോകരുത്. തുടര്‍ന്ന് ഖിലാഫത്തുര്‍റാശിദയുടെ കാലത്ത് നടന്നതിന്റെ വല്ല തെളിവും ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ ചോദ്യകര്‍ത്താവിനെ നബിയെ സ്‌നേഹിക്കാത്തവനായി മുദ്രകുത്തും. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ), നബിയുടെ പുത്രി ഫാത്വിമ(റ), പൗത്രന്മാരായ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ നിലപാടും മുടി-പാനപാത്ര പൂജയെ തീര്‍ത്തും നിരാകരിക്കുന്നതാണെന്ന് കാന്തപുരത്തിന് അറിയാഞ്ഞിട്ടല്ല. മക്കാ, മദീന തുടങ്ങിയ പുണ്യനഗരങ്ങളിലെവിടെയും 'തിരുശേഷിപ്പുകളെ' മുന്‍നിര്‍ത്തി പണപ്പിരിവ്, ദര്‍ശനം, പുണ്യജല വിതരണം എന്നിവയില്ലെന്ന മഹത്തായ യാഥാര്‍ഥ്യം കാന്തപുരം വിലമതിക്കുന്നേയില്ല.
ദീനിന്റെ മുഖ്യധാരാ തെളിവുകളൊന്നും ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിലാണ് പുരോഹിതപ്പടയോട്ടമിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഇസ്‌ലാമിന്റെ ആധികാരിക ചിഹ്നങ്ങള്‍ക്ക് മീതെ തന്‍ ജല്‍പനങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ഒരു മടിയുമില്ലാത്ത പുരോഹിത കൂട്ടായ്മയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ചില സാമ്പിളുകള്‍ ഇനി വായിക്കാം:
1. ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ പവിത്രം നബിദിനരാവ്: ''റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങുന്ന ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ പ്രധാനം റഹ്മത്തായ നബി പിറന്ന ഈ രാത്രിതന്നെ.ലൈലത്തുല്‍ ഖദ്ര്‍ ഈ ഉമ്മത്തിനു മാത്രം ബാധകമാണ്. 'ലൈലത്തു മീലാദുന്നബി' സര്‍വ സൃഷ്ടികള്‍ക്കും ബാധകമാണ്'' (അവലംബം: മന്‍ഖൂസ് മൗലിദ്: പരിഭാഷ-വ്യാഖ്യാനം, കെ.വി അബൂസഈദ് അബ്ദുല്ല ഫൈസി-പയ്യനാട്. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചത്. 2013 ജനുവരി, പേജ് 72).
ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം ഖുര്‍ആനിക പ്രമാണമാണ്. ഖുര്‍ആനിലെ 97-ാം അധ്യായം പൂര്‍ണമായും ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ചുള്ളതാണ്. മുഹമ്മദ് നബി(സ)യുടെ ജന്മദിനമോ ജന്മദിനരാവോ ഖുര്‍ആനില്‍ അവ്യക്തമായ സൂചന പോലുമില്ലാത്ത വിഷയവും. ഖുര്‍ആനിക പ്രമാണത്തിനു മീതെ പൗരോഹിത്യ ജല്‍പനം സ്ഥാപിക്കുന്നത് ജൂത-ക്രൈസ്തവ പാരമ്പര്യത്തിന്റെ തനിയാവര്‍ത്തനമല്ലാതെ മറ്റെന്താണ്?
2. ആദ്യ സൃഷ്ടി ആദം(അ) അല്ല മുഹമ്മദ് നബി(സ)യുടെ പ്രകാശമാണ്: ഹദീസുകളെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വാറോലകളെ മുന്‍നിര്‍ത്തിയാണ് ഈ വാദം(അതേ പുസ്തകം, പേജ് 30). ആദം, ഹവ്വ എന്നിവരാണ് ആദ്യം സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ എന്ന ഖുര്‍ആനിക പ്രമാണത്തിനെതിരാണ് ഈ വാദവും. ''മുഹമ്മദിനെ സൃഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെങ്കില്‍ ആദം സൃഷ്ടിക്കപ്പെടുക തന്നെയില്ലായിരുന്നുവെന്ന നിലപാട്'' (പേജ് 32) 'ഞാന്‍ ഭൂമിയില്‍ ഖലീഫയെ നിശ്ചയിക്കാന്‍ പോവുകയാണെന്ന' (അല്‍ബഖറ 30) ആദം നബി(അ)യെ സൃഷ്ടിക്കാന്‍ പോകുമ്പോള്‍ അല്ലാഹു നടത്തിയ പ്രസ്താവനയെയാണ് അട്ടിമറിക്കുന്നത്.
3. ആദം, നൂഹ്, ഇബ്‌റാഹീം (അ) എന്നിവര്‍ മുഹമ്മദ് നബി(സ)യെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നുവെന്ന്: ആദം നബി അല്ലാഹുവോട് നടത്തിയ ആദ്യ പ്രാര്‍ഥന ഖുര്‍ആനിക പ്രമാണമാണ് (അല്‍അഅ്‌റാഫ് 23). പക്ഷേ, പുരോഹിതമതം ഇതിനെയും അട്ടിമറിക്കുകയാണ്. ''എന്റെ നാഥാ! മുഹമ്മദിന്റെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്തുതരിക തന്നെ വേണം'' എന്ന പ്രാര്‍ഥനയാണ് പൗരോഹിത്യരേഖ പുറത്തുവിട്ടിരിക്കുന്നത്. ഈ 'തവസ്സുലാ'ണ് ആദം നബിയുടെ പ്രാര്‍ഥനയെ സ്വീകാര്യമാക്കിയതെന്നും പുരോഹിതന്‍ ജല്‍പിക്കുന്നു (അതേ പുസ്തകം, പേജ് 32).
നൂഹ് നബി(അ)ക്ക് 'തൂഫാന്‍' അനുവദിച്ചു കിട്ടിയതിനും ഇബ്‌റാഹീം നബിക്ക് തീ തണുപ്പായതിനും കാരണക്കാരന്‍ മുഹമ്മദ് നബിയാണെന്നാണ് പുരോഹിത മത പ്രബോധനം (പേജ് 33). 'അല്ലാഹു നോക്കിനില്‍ക്കുകയാണ്, മുഹമ്മദ് നബി ഇടപെടുകയാണ്' എന്നല്ലാതെ എന്തു പറയാന്‍!
4. മുഹമ്മദ് നബിയുടെ പാനപാത്രത്തിന് മഖാമ് ഇബ്‌റാഹീമിനേക്കാള്‍ ആയിരം മടങ്ങ് മഹത്വം: മഖാമ് ഇബ്‌റാഹീം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ആദരണീയ സ്ഥലമാണ്.  ഖുര്‍ആനില്‍ രണ്ട് തവണ (അല്‍ബഖറ 125, ആലുഇംറാന്‍ 97) വ്യക്തമായി പരാമര്‍ശിക്കപ്പെട്ട മഖാമു ഇബ്‌റാഹീമും, ഒറിജിനലാണ് എന്നതിന് പോലും യാതൊരു രേഖയുമില്ലാത്ത 'പാനപാത്രവും' തമ്മില്‍ വിദൂര സാമ്യത പോലുമില്ല. പക്ഷേ കാന്തപുരത്തിന് സമീപകാലത്തുണ്ടായ 'വെളിപാട്'(?) ആ പാനപാത്രം മഖാമ് ഇബ്‌റാഹീമിനേക്കാള്‍ ആയിരം മടങ്ങ് മഹത്വമേറിയതാവുന്നു എന്നാണ്! 2014 ജനുവരി 26-ന് മസ്‌കത്തില്‍ ഐ.സി.എഫ് എന്ന സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് കാന്തപുരം പ്രസ്തുത 'വെളിപാട്' വെളിപ്പെടുത്തിയത് (ഗള്‍ഫ് മാധ്യമം 27.01.2014).
5. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ 'ശരീക്' ആയ അടിമയാണ്: അല്ലാഹുവിനെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം 'പങ്കാളിയില്ലാത്ത ഏകന്‍' എന്നാണ്. ഇതിന് കടകവിരുദ്ധമായ മറ്റൊരു 'മുദ്രാ'വാക്യം-പ്രവാചകന്റെ മുതുകിലെ പ്രവാചകത്വ 'മുദ്ര'യില്‍ നിന്ന് വായിച്ചെടുത്തതെന്ന വ്യാജേന-പൗരോഹിത്യം രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതിപ്രകാരമാണ്:
'അല്ലാഹു ഏകനല്ല. അവന്റെ അടിമയും ദൂതനുമായ മുഹമ്മദ് 'ശരീക്' (പങ്കാളി) ആയിട്ടുണ്ട്- മന്‍ഖൂസ് മൗലിദ്- പരിഭാഷ വ്യാഖ്യാനം. കെ.വി അബൂസഈദ് അബ്ദുല്ല ഫൈസി പയ്യനാട്, പേജ് 60'.
ദൈവദൂതന്‍ ദൈവപുത്രനാക്കപ്പെട്ട ക്രിസ്തുമത ശൈലിയില്‍ ദൈവദൂതന്‍ ദൈവത്തിന്റെ പങ്കാളിയാക്കപ്പെടുന്ന മറ്റൊരു മതം ഇവിടെ രൂപപ്പെട്ടുവരികയാണ്.
മക്കയിലെ മുശ്‌രിക്കുകള്‍  'തല്‍ബിയത്ത്' രൂപപ്പെടുത്തിയതിന് സമാനമാണ് ഈ 'മുദ്ര'വായന.
'നിനക്ക് പങ്കാളിയില്ല- നീ ഉടമപ്പെടുത്തിയ നിന്റെ സ്വന്തം പങ്കാളിയല്ലാതെ' എന്നായിരുന്നു മക്കാ മുശ്‌രിക്കുകളുടെ 'തല്‍ബിയത്ത്' വാക്യം.
വേദവും പ്രവാചകനും തന്നെയാണ് 'പുരോഹിത മത'ത്തിന്റെ ഉപകരണങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
അല്ലാഹുവിന്റെ വാക്കുകള്‍ കേള്‍ക്കുകയും ഗ്രഹിക്കുകയും പിന്നെ മാറ്റിമറിക്കുകയും ചെയ്യലാണ് പുരോഹിത രീതി (അല്‍ബഖറ 75). പുരോഹിത സഭയിലെ അംഗങ്ങളാവട്ടെ ദൈവിക മതത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും എപ്പോഴും നിരക്ഷരരും ആയിരിക്കും. അടിസ്ഥാനരഹിതങ്ങളായ വ്യാമോഹങ്ങളേ അവര്‍ക്കുള്ളൂ. കേവലം ഊഹങ്ങള്‍ അനുസരിച്ചായിരിക്കും അവരുടെ പ്രവര്‍ത്തനം (അല്‍ബഖറ 78). അവര്‍ക്ക് അവരുടെ കൈവശമുള്ള 'കിതാബി'ന്റെ യാഥാര്‍ഥ്യം അറിഞ്ഞുകൂടാ. പുരോഹിതന്മാര്‍ ഓതിക്കൊടുക്കുന്ന കളവുകളാണ് അവരുടെ ആധാരം. പുരോഹിതവചനങ്ങളിലെ ശരി-തെറ്റുകള്‍ അവര്‍ പരിശോധിക്കാറില്ല. പുരോഹിത ഫത്‌വകള്‍ കിതാബുമായി പൊരുത്തക്കേടുള്ളതാണോ എന്ന പ്രശ്‌നം അവരെ അലട്ടാറുമില്ല. കിതാബ് പണ്ഡിതന്മാര്‍ക്ക് വായിക്കാനും മനസ്സിലാക്കാനുമുള്ളതാണ്, നാം ഉസ്താദ് പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്താല്‍ മതിയെന്നാണ് അവരുടെ പൊതുബോധം. അഹ്‌ലുല്‍ കിതാബ് പടച്ചുണ്ടാക്കിയ ചില മതജല്‍പനങ്ങള്‍ ഖുര്‍ആനിലുണ്ട്. 'അല്ലാഹുവിന്റെ പുത്രന്മാരും ഇഷ്ടജനങ്ങളും' (അല്‍മാഇദ 18) ആയ 'യഹൂദിയും നസാറയും മാത്രമേ സ്വര്‍ഗത്തില്‍ കടക്കുകയുള്ളൂ' (അല്‍ബഖറ 111), 'നരകത്തില്‍ കടക്കേണ്ടിവന്നാല്‍ തന്നെ എണ്ണപ്പെട്ട ദിനങ്ങളേ അവിടെ കഴിയേണ്ടിവരികയുള്ളൂ' (അല്‍ബഖറ 80) തുടങ്ങിയവയാണവ. സമാന ജല്‍പനങ്ങള്‍ മുസ്‌ലിം സമുദായത്തിനകത്ത് വളരുന്ന പൗരോഹിത്യ മതത്തിലും ഉണ്ട്. 'മുത്ത് നബിയുടെ 'ഇശ്ഖി'നാല്‍ നരകം വിലക്കപ്പെടും', 'ചില വലിയ്യുകള്‍ നരകവിമുക്തിക്കും സ്വര്‍ഗപ്രവേശനത്തിനും ഗ്യാരണ്ടിയാണ്', 'നബിയുടെ ശിപാര്‍ശ വഴി ഏത് സമുദായ ഗുണ്ടയും ഒടുവില്‍ സ്വര്‍ഗത്തിലെത്തും' തുടങ്ങിയവ അതില്‍ ചിലതാണ്.
ഭൗതിക ലാഭങ്ങള്‍ക്ക് വേണ്ടി സ്വകരം കൊണ്ട് 'മതം' എഴുതി ഉണ്ടാക്കലും എന്നിട്ട് ദൈവത്തിന്റെയും വേദത്തിന്റെയും പ്രവാചകന്റെയും മേല്‍വിലാസത്തില്‍ അവതരിപ്പിക്കലും പൗരോഹിത്യത്തിന്റെ ഭീകരമായ മറ്റൊരു ലക്ഷണമാണ് (അല്‍ബഖറ 79).
മതം നിര്‍മിച്ച്, കച്ചവടം ചെയ്ത്, പണം ഉണ്ടാക്കി ആഹാരം കഴിക്കുക വഴി  'ബാത്വില്‍' ഭക്ഷിക്കുന്നവരാണ് പുരോഹിതന്മാര്‍ എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ചിട്ടുണ്ട്. യഥാര്‍ഥ ദൈവിക സരണിയില്‍ അവര്‍ മാര്‍ഗതടസ്സം സൃഷ്ടിക്കും. കൈയില്‍ പൊന്നും വെള്ളിയും കുന്നുകൂടും. ദൈവമാര്‍ഗത്തിലാവട്ടെ അവര്‍ ഒന്നും ചെലവഴിക്കുകയും ഇല്ല (അത്തൗബ 34).
ജൂത-ക്രൈസ്തവ പൗരോഹിത്യശൈലി മുസ്‌ലിംകളെ പിടികൂടാതിരിക്കാനുള്ള മുന്നറിയിപ്പാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നിരിക്കുന്നത്. കാലദൈര്‍ഘ്യത്തില്‍, വസ്തുതകള്‍ മറന്ന് 'അഹ്‌ലുല്‍ കിതാബിനെപോലെ ആയിപ്പോകരുതേ' എന്ന് വ്യക്തമായ താക്കീതും ഖുര്‍ആനിലുണ്ട് (അല്‍ഹദീദ് 16).
തൗറാത്തിന്റെയും ഇഞ്ചീലിന്റെയും അനുയായികള്‍ 'ഹിദായ'ത്തില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ അവരെ തൗഹീദിലേക്ക് തിരികെ കൊണ്ടുവരാന്‍ മുഹമ്മദ് നബി(സ) കഠിനാധ്വാനം ചെയ്തതിന് ചരിത്രം സാക്ഷി. മുഹമ്മദ് നബി(സ)ക്ക് ശേഷം ഇനിയൊരു നബി വരാനില്ല. പ്രവാചകത്വ ദൗത്യത്തിന്റെ നൈരന്തര്യം കാത്തു പരിപാലിക്കേണ്ടത് 'അല്ലാഹുവെ ഭയപ്പെടുന്ന യഥാര്‍ഥ ജ്ഞാനികളാ'ണ്.
ഖുര്‍ആന്‍ ആയിരിക്കണം അവരുടെ ഒന്നാം പ്രമാണം. സനദും മത്‌നും സ്വഹീഹായ ഹദീസുകള്‍ ഖുര്‍ആന്റെ വ്യാഖ്യാനം എന്ന നിലക്ക് രണ്ടാം പ്രമാണമാണ്. രണ്ടിനെയും മുന്‍നിര്‍ത്തിയുള്ള സൂക്ഷ്മമായ ഇജ്തിഹാദ് ജ്ഞാനികളുടെ പ്രധാന ചുമതലയാണ്.
ഖുര്‍ആന്‍, സനദും മത്‌നും സ്വഹീഹായ ഹദീസ്, ഇജ്തിഹാദ് എന്നിവയെ മുന്‍നിര്‍ത്തിയുള്ള തജ്ദീദീ പ്രവര്‍ത്തനം വഴി പൗരോഹിത്യമതത്തെ നാം ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍