Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

'ബോസ്‌നിയന്‍ വസന്തം' നല്‍കുന്ന ആപത് സൂചനകള്‍

അബൂസ്വാലിഹ / മുദ്രകള്‍

'ബോസ്‌നിയന്‍ വസന്തം' നല്‍കുന്ന ആപത് സൂചനകള്‍

             ഏറെ കാലത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി 7-ന് ബോസ്‌നിയ-ഹെര്‍സഗോവിന വീണ്ടും മുഖ്യ വാര്‍ത്തകളില്‍ ഇടം പിടിച്ചു. വംശീയ സംഘര്‍ഷങ്ങളല്ല ഇത്തവണ വാര്‍ത്ത സൃഷ്ടിച്ചത് എന്നു മാത്രം. 'ബോസ്‌നിയന്‍ വസന്തം' എന്ന പ്രയോഗത്തില്‍ നിന്നു തന്നെ പ്രശ്‌നത്തിന്റെ സ്വഭാവം നിര്‍ണയിക്കാം. അഴിമതിക്കും കെടുകാര്യസ്ഥതക്കും തൊഴിലില്ലായ്മക്കുമെതിരെ ഒരു അറബ്-വാള്‍സ്ട്രീറ്റ് മോഡല്‍ ജനകീയ പ്രക്ഷോഭം. സാമ്പത്തിക ഉദാരവത്കരണം തൊഴില്‍ നഷ്ടപ്പെടുത്തിയ തൊഴിലാളികള്‍ തുസ്‌ല നഗരത്തില്‍ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭത്തിന്റെ തുടക്കം. അത് പിന്നീട് സരയേവോ, മൊസ്റ്റര്‍, സെനിക്ക തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചു. തൊഴിലാളികള്‍ക്കൊപ്പം സിറ്റിസണ്‍സ് അസോസിയേഷനുകളും തൊഴിലില്ലാത്ത യുവാക്കളും സര്‍വീസില്‍ നിന്ന് വിരമിച്ച പട്ടാളക്കാരും പെന്‍ഷന്‍ പറ്റിയ മറ്റു ഉദ്യോഗസ്ഥരും പ്രക്ഷോഭത്തില്‍ പങ്കാളികളായി. ഗവണ്‍മെന്റ് രാജി വെക്കണമെന്നും അഴിമതിയില്‍ മുങ്ങിയ സ്വകാര്യവത്കരണ പദ്ധതികള്‍ അപ്പാടെ നിര്‍ത്തിവെക്കണമെന്നും സാമൂഹിക, സാമ്പത്തിക ഘടനകള്‍ സമൂലമായി അഴിച്ചുപണിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് താരിഖ് അലി മുതല്‍ സ്‌ലവോജ് സിസെക് വരെയുള്ള ബുദ്ധിജീവികള്‍ ഒപ്പിട്ട തുറന്ന കത്തിലെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ''വംശീയ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മുതലാളിത്ത ശക്തികളുടെ മുന്‍കൈയില്‍ രൂപപ്പെട്ട ഡേയ്റ്റണ്‍ കരാറിലൂടെ രാഷ്ട്രഘടനയിലേക്ക് മുതലാളിത്ത രീതികള്‍ ഒളിച്ചുകടത്തുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി തുടരുന്ന ആ മുതലാളിത്ത രീതികളാണ് തൊഴിലാളികളെയും മധ്യവര്‍ഗ സമൂഹത്തെയും സാമ്പത്തികമായി തകര്‍ത്തത്.''
സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയാണ് ബോസ്‌നിയയെ പിടിച്ചുലക്കുന്നത്. വംശീയ യുദ്ധാനന്തരമുള്ള ഇരുപത് വര്‍ഷങ്ങള്‍ നിരാശ മാത്രമാണ് ജനത്തിന്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് സമ്മാനിച്ചത്. ഇവിടെ 58 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണ്. യൂറോപ്പില്‍ ഗ്രീസില്‍ മാത്രമാണ് ഇതിനേക്കാളധികം യുവാക്കള്‍ തൊഴില്‍ രഹിതരായിട്ടുള്ളത് (60 ശതമാനം). യുവാക്കളുടെ അസംതൃപ്തിയാണ് പ്രക്ഷോഭങ്ങളുടെ മുഖ്യ ഇന്ധനം. ബോസ്‌നിയ ഉള്‍പ്പെട്ട മുന്‍ യൂഗോസ്ലാവിയ വിഘടിക്കുന്നതിന് മുമ്പ് അതിന് 20 ബില്യന്‍ ഡോളര്‍ വിദേശക്കടമാണ് ഉണ്ടായിരുന്നത്. യൂഗോസ്ലാവിയയില്‍ നിന്ന് വിഘടിച്ചുണ്ടായ രാഷ്ട്രങ്ങളുടെ മൊത്തം കടം ഇപ്പോള്‍ 180 ബില്യന്‍ ഡോളറെത്തിക്കഴിഞ്ഞു.
ഇതിനൊക്കെ പുറമെയാണ് കെടുകാര്യസ്ഥത. ഡേയ്റ്റണ്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല അനുസരിച്ചുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. ബോസ്‌നിയന്‍, ക്രൊയാറ്റ്, സെര്‍ബ് വംശജരെ സമാസമം ചേര്‍ത്തുകൊണ്ടുള്ള ജംബോ ബ്യൂറോക്രസിയാണ് താഴ്ന്ന തലം മുതല്‍ മുകള്‍ത്തട്ടില്‍ വരെ. അതാണെങ്കിലോ ഒട്ടും കാര്യക്ഷമവുമല്ല. കാര്യമായി പണിയൊന്നും എടുക്കാത്ത ഈ ഉദ്യോഗസ്ഥര്‍ക്ക് മാസാന്തം ശരാശരി മൂവായിരം യൂറോ ശമ്പളമായി ലഭിക്കുമ്പോള്‍, സാധാരണക്കാരന്റെ ശരാശരി മാസാന്ത വരുമാനം 400 യൂറോ മാത്രം. മേല്‍തട്ടിലെ ഉദ്യോഗസ്ഥര്‍ കൈപറ്റുന്ന ഭീമന്‍ ശമ്പളം വെട്ടിക്കുറക്കുക എന്നതും പ്രക്ഷോഭകരുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു.
വളരെ സങ്കീര്‍ണത നിറഞ്ഞതാണ് ബോസ്‌നിയന്‍ ഭരണസംവിധാനം. വംശീയാടിസ്ഥാനത്തില്‍ ബോസ്‌നിയ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, സെര്‍ബുകള്‍ക്ക് ഭൂരിപക്ഷമുള്ള സര്‍സ്‌ക റിപ്പബ്ലിക് (ഞലുൗയഹശരമ ടൃുസെമ). ഇത് ഫലത്തില്‍ വേറൊരു രാജ്യമായി മാറിയിരിക്കുന്നു. ഈ റിപ്പബ്ലിക്കില്‍ ഒരിടത്തും താന്‍ ബോസ്‌നിയന്‍ പതാക കണ്ടില്ലെന്നും, എല്ലായിടത്തും പാറിക്കളിക്കുന്നത് സെര്‍ബിയന്‍ പതാകയാണെന്നും ഒരു പത്രലേഖകന്‍ എഴുതിയിട്ടുണ്ട്. അവിടത്തെ പ്രസിഡന്റ് മിലോറാഡ് ഡോഡിക് ഏകാധിപതിയും വംശീയവാദിയുമാണ്. ഡോഡികിന്റെ പ്രകോപനം നിറഞ്ഞ പ്രസ്താവനകള്‍ വീണ്ടുമൊരു വംശീയ ഉന്മൂലനത്തിന് വഴിയൊരുക്കുമോ എന്ന ഭീതി പരന്നിട്ടുണ്ട്. മൊത്തം ബോസ്‌നിയയുടെ 49 ശതമാനം ഭൂപ്രദേശങ്ങളും ഈ റിപ്പബ്ലിക്കിന്റെ ഭാഗമാണ്.
ബോസ്‌നിയ-ക്രൊയാറ്റ് ഫെഡറേഷനാണ് ബോസ്‌നിയയുടെ രണ്ടാമത്തെ ഭാഗം. ഇവിടെയാണ് പ്രധാനമായും പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. കാന്റണുകള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിങ്ങനെ ഒട്ടേറെ ഭരണസംവിധാനങ്ങള്‍ ഇവിടെയുണ്ട്. പലതും ആവശ്യമില്ലാത്തവ. ഇതിലെ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാനാണ് രാഷ്ട്രവരുമാനത്തിന്റെ വലിയൊരു ഭാഗവും ചെലവാക്കുന്നത്. ഡെയ്റ്റണ്‍ കരാറിന്റെ ഭാഗമായതിനാല്‍ ഇതൊന്നും  മാറ്റാനും നിവൃത്തിയില്ല. ഭരണാധികാരികള്‍ മാറിയാലും യൂറോപ്പും അമേരിക്കയും അടിച്ചേല്‍പിച്ച വ്യവസ്ഥ മാറില്ലെന്നര്‍ഥം. ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്നത് തന്നെയാണ് ഉയരുന്ന പ്രധാന ചോദ്യം.

തോറ്റോട്ടത്തിന്റെ 25ാം വാര്‍ഷികം

                   അഫ്ഗാനിസ്താനില്‍ നിന്ന് സോവിയറ്റ് സേന തോറ്റോടിയതിന്റെ 25-ാം വാര്‍ഷികം അഫ്ഗാനിസ്താനിലും റഷ്യയിലും രണ്ട് തരത്തിലാണ് 'ആഘോഷി'ക്കപ്പെട്ടത്. 1989 ഫെബ്രുവരി 15-നായിരുന്നു സോവിയറ്റ് സേനാ പിന്‍മാറ്റം. സോവിയറ്റ് സേനയുടെ അവസാന വ്യൂഹവും ഉസ്‌ബെക്കിസ്താന്‍ വഴി അഫ്ഗാന്‍ വിട്ടതോടെ ഒമ്പത് വര്‍ഷത്തെ സോവിയറ്റ് സൈനിക അധിനിവേശത്തിന് തിരശ്ശീല വീണു. തുടര്‍ന്ന് രണ്ടു മൂന്നു വര്‍ഷത്തിനകം സോവിയറ്റ് യൂനിയന്‍ തന്നെ ഇല്ലാതാവുകയും ചെയ്തു. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബുദ്ധിശൂന്യമായ ഈ അധിനിവേശം വരുത്തിവെച്ച സാമ്പത്തിക പാപ്പരത്തമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
റഷ്യയില്‍ സ്വാഭാവികമായും ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു; അധിനിവേശക്കാലത്ത് മരിച്ച 'ധീരജവാന്മാര്‍'ക്കുള്ള ആദരാഞ്ജലികള്‍ മാത്രം. അധിനിവേശകാലയളവില്‍ 14,000 സോവിയറ്റ് സൈനികര്‍ വധിക്കപ്പെടുകയും 50,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥ കണക്ക് അതിനും മീതെയാവാനാണ് സാധ്യത. റഷ്യയിലെ ലവഡ സെന്റര്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 68 ശതമാനം പേരും അഭിപ്രായപ്പെട്ടത്, സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ സൈനികമായി ഇടപെടാന്‍ പാടില്ലായിരുന്നു എന്നാണ്. ബാക്കിയുള്ളവരുടെ അഭിപ്രായം, അഫ്ഗാന്‍ അധിനിവേശം ഒരു ക്രിമിനല്‍ നീക്കമായിരുന്നു എന്നും.
സേനാ പിന്‍മാറ്റത്തിന്റെ 25-ാം വാര്‍ഷികം പടക്കം പൊട്ടിച്ച് ആഘോഷിച്ചത് അഫ്ഗാനിസ്താനിലെ താലിബാന്‍. സോവിയറ്റ് സാമ്രാജ്യത്തിന്റെ അതേ ഗതി തന്നെയാണ് ഒരു പതിറ്റാണ്ടിലധികമായി അഫ്ഗാനില്‍ അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനും വരാനിരിക്കുന്നത് എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വര്‍ഷമവസാനം സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത സാമ്പത്തിക ബാധ്യതയാണ് അഫ്ഗാന്‍ അധിനിവേശം അമേരിക്കക്ക് വരുത്തിവെച്ചിരിക്കുന്നത്. അതേസമയം പ്രത്യേകിച്ചൊരു നേട്ടം അവര്‍ക്ക് ഉണ്ടായതുമില്ല. അല്‍ഖാഇദയെ ഒതുക്കി എന്നെല്ലാം വീമ്പ് പറയാമെങ്കിലും താലിബാന്‍ ശക്തമായി തിരിച്ചുവന്നിരിക്കുന്നു. താലിബാനുമായി വരെ ചര്‍ച്ചയാവാം എന്ന പരിതാപകരമായ നിലയിലാണ് ലോക പോലീസ് കളിക്കുന്ന അമേരിക്ക എത്തിപ്പെട്ടിരിക്കുന്നത്. അമേരിക്ക പിന്മാറുന്ന മുറക്ക് അധികാരം തങ്ങളെ ഏല്‍പിക്കണമെന്നാണ് താലിബാന്റെ ആവശ്യം. അതിന് തയാറില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം അധികാരത്തിന്റെ സിംഹഭാഗമെങ്കിലും തങ്ങളുടെ കൈയില്‍ വരണം. കര്‍സായി ഭരണകൂടത്തിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ല. താലിബാന് വഴങ്ങുകയല്ലാതെ അമേരിക്കക്ക് ഊരിച്ചാടാന്‍ മറ്റൊരു വഴിയും കാണുന്നില്ല. സോവിയറ്റ് യൂനിയന്‍ ചെയ്തതുപോലെ ആ തോറ്റോട്ടം എപ്പോള്‍ എന്നേ ഇനി അറിയാനുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍