Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

ആദ്യത്തെ 'റസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റി'

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

                   സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് നന്നായി ബോധവാനായിരുന്നു പ്രവാചകന്‍ തിരുമേനി. മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടന്‍ അദ്ദേഹം ചെയ്തത് ഒരു പള്ളി നിര്‍മിക്കുകയായിരുന്നു. ഔസ് ഗോത്രത്തിന്റെ അധിവാസ മേഖലയായ ഖുബായില്‍ എത്തിയപ്പോള്‍ അവിടെ ഒരു പള്ളി നിര്‍മിച്ചു. ഖുബ വിട്ട് ഖസ്‌റജ് ഉപ ഗോത്രമായ നജ്ജാര്‍ താമസിക്കുന്ന പ്രദേശത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പഴയ പള്ളി വിപുലീകരിച്ചു. പ്രവാചകന് താമസിക്കാനുള്ള സൗകര്യവും ആ പള്ളിയില്‍ ഒരുക്കിയിരുന്നു. ഈ പള്ളിയുടെ ഒരു ഭാഗം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നീക്കി വെക്കുകയുണ്ടായി. ആ ഭാഗത്തിന് അല്‍ സ്വുഫ്ഫ എന്നാണ് പറഞ്ഞിരുന്നത്. വേദി, അരങ്ങ് എന്നൊക്കെ അര്‍ഥം പറയാം. അത് പകല്‍ സമയത്ത് സ്‌കൂളായും രാത്രി സമയത്ത്, അന്തിയുറങ്ങാന്‍ ഇടമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലമായും ഉപയോഗിച്ചു.
പഠിക്കാന്‍ താമസസൗകര്യമേര്‍പ്പെടുത്തിയ ഇസ്‌ലാമിലെ ആദ്യ സര്‍വകലാശാല(ഞലശെറലിശേമഹ ഡിശ്‌ലൃശ്യെ)യായി ഇതിനെ കാണാം. താമസച്ചെലവുകള്‍ രാഷ്ട്രവും രാഷ്ട്രത്തിലെ വ്യക്തികളും ചേര്‍ന്ന് വഹിക്കും. ഉദാഹരണമായി, അന്‍സ്വാര്‍ വിഭാഗത്തില്‍ പെടുന്ന ഓരോ വ്യക്തിയും വിളവെടുപ്പ് സമയത്ത് ഒരു കുട്ട കാരക്ക ഈ ആവശ്യത്തിനായി ദാനം ചെയ്തിരുന്നു. ഇങ്ങനെ ശേഖരിക്കപ്പെടുന്ന കാരക്ക സൂക്ഷിക്കാനും ഒരാളെ ഏര്‍പ്പെടുത്തി. പ്രമുഖ സ്വഹാബി മുആദ് ബ്‌നു ജബല്‍ അല്‍സ്വുഫ്ഫയില്‍ വന്നുചേര്‍ന്നപ്പോള്‍ സൂക്ഷിപ്പ് ചുമതല അദ്ദേഹമാണ് ഏറ്റെടുത്തത്. അത്യുദാരനായിരുന്ന മുആദ് നിയന്ത്രണമില്ലാത്ത ദാനങ്ങള്‍ കാരണം പാപ്പരാവുകയും കടം വീട്ടാന്‍ വീട് വരെ വില്‍ക്കേണ്ടിവരികയും ചെയ്ത ആളാണ്. അങ്ങനെയാണ് അല്‍സ്വുഫ്ഫയില്‍ എത്തിച്ചേരുന്നത്.
അല്‍സ്വുഫ്ഫയില്‍ രണ്ടുതരം വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ദിനേന വന്നുപോകുന്ന വിദ്യാര്‍ഥികളാണ് ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗം അവിടെത്തന്നെ താമസിച്ച് പഠിക്കുന്നവരും. അവര്‍ മറ്റൊരിടത്തും പോവുകയില്ല. അവരുടെ എണ്ണം കൂടുകയോ കുറയുകയോ ഒക്കെ ചെയ്യും. അത്തരം വിദ്യാര്‍ഥികളിലൊരാളാണ് ഉമറുബ്‌നുല്‍ ഖത്വാബിന്റെ മകന്‍ അബ്ദുല്ല. പ്രവാചകന്റെ വീട്ടില്‍ നിന്നോ സ്വഹാബിമാരുടെ വീടുകളില്‍ നിന്നോ ആയിരിക്കും അവര്‍ക്ക് ഭക്ഷണമെത്തുക. താമസിച്ച് പഠിക്കുന്ന ഇത്തരം 80 അല്‍സ്വുഫ്ഫ വിദ്യാര്‍ഥികളെ സഅ്ദുബ്‌നു ഉബാദ അത്താഴത്തിന് ക്ഷണിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. അന്നത്തെ പഠനരീതിയിലേക്കും പഠിതാക്കളുടെ എണ്ണത്തിലേക്കും ഇതെല്ലാം വെളിച്ചം വീശുന്നുണ്ട്. ഇവരുടെ ചെലവിനങ്ങള്‍ക്കായി പ്രവാചകന്‍ സ്റ്റേറ്റ് ഖജനാവില്‍ നിന്ന് ഒരു തുക നീക്കിവെച്ചിരുന്നതായും മനസ്സിലാക്കാം.
അതേസമയം ഇവര്‍ പരാന്നഭോജികളായിരുന്നില്ല. പഠിക്കുന്നതോടൊപ്പം അധ്വാനിക്കുകയും ചെയ്യുന്നവരായിരുന്നു. ഒരിക്കല്‍ അല്‍സ്വുഫ്ഫയിലെ ഒരു വിദ്യാര്‍ഥി മരണപ്പെട്ടു. മൃതദേഹം കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ വസ്ത്രത്തിലെവിടെയോ സൂക്ഷിച്ചനിലയില്‍ രണ്ട് സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി. ഇത് പ്രവാചകന് നീരസമുണ്ടാക്കി. ഇത്രയൊക്കെ സൂക്ഷിപ്പ് മുതലുള്ള ഒരാള്‍ സ്റ്റേറ്റിന്റെയോ വ്യക്തികളുടെയോ ഔദാര്യം പറ്റുന്നത് ശരിയല്ല എന്നായിരുന്നു പ്രവാചക കാഴ്ചപ്പാട്.
അല്‍സ്വുഫ്ഫയില്‍ നല്‍കിയിരുന്ന വിദ്യാഭ്യാസം പ്രാഥമിക തലത്തിലുള്ളതായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നല്‍കുക. വിവിധ വിജ്ഞാനങ്ങള്‍ വെവ്വേറെ ആളുകളാണ് പഠിപ്പിക്കുക. ചിലര്‍ക്ക് വിദ്യാര്‍ഥികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന ചുമതലയായിരിക്കും. എഴുതാനും വായിക്കാനും പഠിച്ചവര്‍ പിന്നീട് മറ്റുള്ളവരെ ഖുര്‍ആന്‍  പാരായണം ചെയ്യാന്‍ പഠിപ്പിക്കും. നബിചര്യ, അനുഷ്ഠാനങ്ങള്‍, അത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇവയും പഠനപരിധിയില്‍ വന്നിട്ടുണ്ടാകണം. മദീനയില്‍ എത്തിക്കൊണ്ടിരുന്ന, ഇസ്‌ലാമിലേക്ക് ആകൃഷ്ടരായ അന്യദേശക്കാര്‍ക്ക് പ്രത്യേക പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അബ്ദുഖൈസ് വിഭാഗത്തെക്കുറിച്ച് ഒരു പരാമര്‍ശം ഹദീസുകളില്‍ വന്നിട്ടുണ്ട്. അവര്‍ മദീനയിലെത്തിയപ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രവാചകന്‍ ഏല്‍പിച്ചത് അന്‍സ്വാറുകളെയാണ്. എങ്ങനെയുണ്ടായിരുന്നു അന്‍സാറുകളുടെ ആതിഥ്യം എന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി: ''ഞങ്ങള്‍ക്ക് അവര്‍ മൃദുലമായ റൊട്ടി ഭക്ഷിക്കാന്‍ നല്‍കി. ഉറങ്ങാന്‍ മൃദുല മെത്തകള്‍ നല്‍കി. ഞങ്ങളെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പ്രാര്‍ഥനാ രീതികളും പഠിപ്പിച്ചു.'' അല്‍സ്വുഫ്ഫയില്‍ വിവിധ വിജ്ഞാനങ്ങള്‍ പഠിപ്പിക്കാന്‍ സൗകര്യമുള്ളത് കൊണ്ടാണ് ഇത് സാധ്യമായത്. പ്രവാചകന് വലിയ തിരക്കായിരിക്കുമെങ്കിലും ഇവരോട് ഒന്നോ രണ്ടോ തവണ സംസാരിക്കാന്‍ അവിടുന്ന് സമയം കണ്ടെത്തുമായിരുന്നു. അല്‍സ്വുഫ്ഫയില്‍ പ്രവാചകന്‍ വരികയും അവിടത്തെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ പ്രവാചകന്‍ പള്ളിയുടെ ഈ ഭാഗത്തേക്ക് ചെന്നപ്പോള്‍ രണ്ട് വിഭാഗം ആളുകളെ കണ്ടു. ഒരു വിഭാഗം പ്രാര്‍ഥനാ മന്ത്രങ്ങളില്‍ മുഴുകിയിരിക്കുന്നു. മറ്റേ വിഭാഗം പഠന പ്രവര്‍ത്തനങ്ങളിലും. രണ്ട് കൂട്ടര്‍ ചെയ്യുന്നതും നല്ലത് എന്ന് അഭിപ്രായപ്പെട്ട പ്രവാചകന്‍, പഠനത്തിലേര്‍പ്പെടുന്നതാണ് കൂടുതല്‍ നല്ലത് എന്നും കൂട്ടിച്ചേര്‍ത്തു. പഠനം നടത്തുന്ന ഗ്രൂപ്പിന്റെ കൂടെ പ്രവാചകന്‍ ചെന്നിരിക്കുകയും ചെയ്തു.

പള്ളി കലാലയമെന്ന നിലയില്‍
അല്‍സ്വുഫ്ഫക്ക് ശേഷം പിന്നെയും കലാലയങ്ങള്‍ സ്ഥാപിതമായി. ബലാദുരി രേഖപ്പെടുത്തുന്നത് പ്രവാചകന്റെ ജീവിതകാലത്ത് മദീനയില്‍ ഒമ്പത് പള്ളികള്‍ ഉണ്ടായിരുന്നു എന്നാണ്. പ്രദേശവാസികള്‍ അവരവരുടെ പള്ളികളില്‍ നിന്നായിരിക്കണം പഠനങ്ങള്‍ നടത്തേണ്ടത് എന്ന് പ്രവാചകന്‍ നിഷ്‌കര്‍ഷിച്ചു. പഠിക്കാനായി മദീനയിലെ പ്രധാന പള്ളിയിലേക്ക് എല്ലാ ഭാഗത്ത് നിന്നും ആളുകള്‍ വരാന്‍ തുടങ്ങിയാല്‍ അവരെ അക്കമഡേറ്റ് ചെയ്യാന്‍ പ്രയാസപ്പെടും എന്ന് പ്രവാചകന്‍ മുന്‍കൂട്ടി കണ്ടിരിക്കണം. അത് എല്ലാ വിദ്യാര്‍ഥികളുടെയും പഠനം അവതാളത്തിലാക്കും. വേണ്ടത്രയെണ്ണം അധ്യാപകരില്ലാത്തതും പ്രശ്‌നമാകും. ഗതാഗത സൗകര്യങ്ങളില്ലാത്തതായിരുന്നു മറ്റൊരു പ്രധാന തടസ്സം. മദീനക്ക് പുറത്തുള്ള, ആളുകള്‍ ധാരാളമായി ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രവാചകന്‍ പ്രത്യേകമായി അധ്യാപകരെ നിശ്ചയിക്കാറുണ്ട്. ഹിജ്‌റക്ക് മുമ്പും അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. മദീനയില്‍ നിന്ന് ഒരു സംഘമാളുകള്‍ മക്കയില്‍ എത്തുകയും പ്രവാചകനുമായി അഖബയില്‍ വെച്ച് ഉടമ്പടി ഉണ്ടാക്കുകയും ചെയ്തപ്പോള്‍ തങ്ങള്‍ക്ക് ഒരു അധ്യാപകനെ അയച്ചുതരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുസ്അബ് ബ്‌നു ഉമൈറിനെയാണ് പ്രവാചകന്‍ അധ്യാപകനായി അയച്ചുകൊടുത്തത്. തനിക്ക് അതുവരെ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളുടെ ഒരു ഏടും പ്രവാചകന്‍ അവര്‍ക്ക് കൈമാറിയിരുന്നു. മദീനയില്‍ തിരിച്ചെത്തിയ ശേഷം അവര്‍ ആ ഏട് തങ്ങളുടെ ലോക്കല്‍ പള്ളികളില്‍ വെച്ച് ഉറക്കെ പാരായണം ചെയ്തു. ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുന്ന സമ്പ്രദായം ആദ്യമായി തുടങ്ങിയത് മദീനയിലെ ബനൂ സരീഖ് ഗോത്രത്തില്‍ പെടുന്ന അന്‍സ്വാരികളാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
ബദ്‌റില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ എഴുത്തും വായനയും അറിയുന്നവര്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ അവരില്‍ നിന്ന് നഷ്ടപരിഹാരത്തുക വാങ്ങുന്നതിന് പകരം, മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുന്നതിനുള്ള ചുമതല അവരെ ഏല്‍പിക്കുകയാണ് ചെയ്തത്. ഒരു ഹദീസ് പണ്ഡിതന്‍ ഈ സംഭവം തന്റെ ഹദീസ് സമാഹാരത്തില്‍ ചേര്‍ത്തത്, 'അവിശ്വാസികള്‍ക്ക് വിശ്വാസികളെ പഠിപ്പിക്കാം' എന്ന തലക്കെട്ട് ചേര്‍ത്താണ്. ബദ്‌റില്‍ തടവുകാരായി പിടിക്കപ്പെട്ടവര്‍ അവിശ്വാസികളായിരുന്നല്ലോ. ഏത് സ്രോതസ്സുകളില്‍ നിന്നും വിജ്ഞാനം തേടാം എന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഈ സംഭവം.
വിദേശഭാഷകള്‍ പഠിക്കാനും പ്രവാചകന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കിയിരുന്നു. സൈദുബ്‌നു സാബിത് എന്ന പ്രവാചക ശിഷ്യന് നിരവധി ഭാഷകള്‍ അറിയാമായിരുന്നു. അറബിക്ക് പുറമെ ഹീബ്രു, കോപ്റ്റിക്, പേര്‍ഷ്യന്‍ എന്നിവ അദ്ദേഹം സ്വായത്തമാക്കി. യമനില്‍ നിന്ന് ഒരു പ്രതിനിധി സംഘം പ്രവാചകനെ കാണാന്‍ വന്ന വേളയില്‍ വളരെ പെട്ടെന്നാണ് സൈദ് പേര്‍ഷ്യന്‍ ഭാഷ പഠിച്ചെടുത്തത്. ഈ പ്രതിനിധി സംഘം ഏതാനും ദിവസങ്ങളില്‍ മാത്രമാണ് മദീനയില്‍ തങ്ങിയത്. അവരോടൊപ്പം സഹവസിച്ച സൈദ് കുറഞ്ഞ സമയത്തിനകം അവരുമായി അത്യാവശ്യ കാര്യങ്ങള്‍ ആശയവിനിയമം നടത്താനുള്ള പേര്‍ഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും പഠിച്ചു.

ഖുര്‍ആന്‍ മാസ്റ്റര്‍ ടെക്സ്റ്റ് ബുക്
വിദ്യാഭ്യാസത്തിന്റെ മറ്റൊരു വശം കൂടി വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇതിലെ നിഗമനങ്ങള്‍ എന്റേത് മാത്രമാണെന്ന് ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ. വിജ്ഞാനത്തിന്റെ വിവിധ ശാഖകള്‍ അഭ്യസിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ലപോലെ ബോധവാനായിരുന്നു പ്രവാചകന്‍. ആ അറിവുകളത്രയും തന്റെ അനുയായികളായ മുസ്‌ലിംകള്‍ ആര്‍ജിച്ചിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, പലതരം ജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ വ്യത്യസ്ത പുസ്തകങ്ങള്‍ നിര്‍ദേശിക്കുന്നതിന് പകരം, വൈജ്ഞാനികമായി ഏത് അഭിരുചി പുലര്‍ത്തുന്നവനും വായിക്കാവുന്ന ഒരൊറ്റ ഗ്രന്ഥം മുന്നോട്ടുവെക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അതാണ് ഖുര്‍ആന്‍. ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ തനിക്ക് പ്രത്യേക താല്‍പര്യവും അഭിരുചിയുമുള്ള വിഷയങ്ങള്‍ അതില്‍ കണ്ടെത്താനാവും. വേറെയും ധാരാളം വിഷയങ്ങള്‍ അതില്‍ ഉണ്ടാവും. അവ ആ വായനക്കാരന്റെ അഭിരുചിക്ക് ഇണങ്ങിയതാവണമെന്നില്ല. എങ്കില്‍ പോലും അത്തരം വിജ്ഞാനശകലങ്ങളിലൂടെ കടന്നുപോകുന്നത് അയാള്‍ക്ക് പല രീതിയില്‍ ഗുണം ചെയ്യും. ഖുര്‍ആന്‍ ഒട്ടനവധി മേഖലകളെ സ്പര്‍ശിക്കുന്ന ഒരു ഗ്രന്ഥമാണ്. മതവിശ്വാസം, ആരാധന, സദാചാര സംഹിത എന്നിവയിലേക്ക് മാത്രമായി അത് ഒതുങ്ങുന്നില്ല; പലതരം വിജ്ഞാന ശാഖകളെ തഴുകിയാണ് അതിന്റെ സഞ്ചാരം.
ഇനി തോറയുടെ കാര്യമെടുക്കുക. അത് പൂര്‍ണമായി ഇസ്രയേല്‍ സമൂഹത്തിന്റെ  ചരിത്രമാണ്. ആമുഖ അധ്യായത്തില്‍ മാത്രമാണ് അല്‍പം മാറ്റമുള്ളത്. അതില്‍ ആദാം മുതല്‍ മോസസ് വരെയുള്ള ചരിത്രത്തിലെ സംഭവങ്ങള്‍ സംക്ഷിപ്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇനി സുവിശേഷങ്ങളുടെ (ഗോസ്‌പെല്‍സ്) കാര്യം. അതൊരു വ്യക്തിയുടെ ജീവചരിത്രമാണ്-യേശുക്രിസ്തുവിന്റെ. എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദ്യം അറബികളുടെ ചരിത്രമോ മുഹമ്മദ് നബിയുടെ ജീവചരിത്രമോ അല്ല. അത് മനുഷ്യകുലത്തിന്റെ ചരിത്രമാണ്. ഒരുപാട് രാജാക്കന്മാരുടെ, പ്രവാചകന്മാരുടെ, ജനസമൂഹങ്ങളുടെ ചരിത്രം. ഇതിങ്ങനെ വിവരിച്ചിരിക്കുന്നത് മൊത്തം മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ നിന്ന് ജീവിച്ചിരിക്കുന്ന മുസ്‌ലിം സമൂഹം പാഠം ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയാണ്.
എത്രയെത്ര രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ചരിത്രത്തിലൂടെയാണ് ഖുര്‍ആന്‍ കടന്നുപോകുന്നത്! ഈജിപ്ത്, ബാബിലോണിയ, യമന്‍... ഇന്ത്യയിലേക്ക് വന്നെന്ന് കരുതപ്പെടുന്ന ഒരു പ്രവാചകനെക്കുറിച്ചും അതില്‍ സൂചനയുണ്ട്. ദുല്‍കിഫ്ല്‍ എന്നാണ് ആ പ്രവാചകന്റെ പേര്. 'കിഫ്‌ലിന്റെ ആള്‍' എന്നാണ് ആ പ്രയോഗത്തിന്റെ അര്‍ഥം. കിഫ്ല്‍ ഒരുപക്ഷേ 'കപിലവസ്തു'വിന്റെ അറബിവത്കരിച്ച രൂപമായിരിക്കാം. ബനാറസിനടുത്ത് ബുദ്ധന്‍ ജനിച്ച സ്ഥലമാണല്ലോ കപിലവസ്തു. ഇങ്ങനെയൊരു വ്യാഖ്യാനം നല്‍കിയിരിക്കുന്നത് പ്രമുഖ ഇന്ത്യന്‍ പണ്ഡിതനായ മൗലാനാ മനാളിര്‍ അഹ്‌സന്‍ ഗീലാനിയാണ്. തന്റെ നിലപാട് അരക്കിട്ടുറപ്പിക്കാന്‍ അദ്ദേഹം തീന്‍ അധ്യായത്തിലെ പരാമര്‍ശങ്ങളെ (95:1-3) ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
ഒട്ടുമിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, തീന്‍ അധ്യായത്തില്‍ നാല് പ്രവാചകന്മാരെക്കുറിച്ച സൂചനകള്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 'ഒലിവ്' മരത്തെക്കുറിച്ച സൂചന ജൂതന്മാരിലേക്കാണ് പോകുന്നത്. 'ഒലിവ് മല'(ങീൗി േീള ഛഹശ്‌ല)യുമായി അവര്‍ക്ക് അഗാധബന്ധമുണ്ട്. ആ സമൂഹത്തിലെ ഒരു പ്രവാചകനായിരിക്കാം ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. പിന്നെയുള്ളത് 'സീനാ പര്‍വത'മാണ്. അവിടെ വെച്ചാണ് മോസസിന് തോറ ലഭിക്കുന്നത്. സൂചന അദ്ദേഹത്തിലേക്ക് തന്നെ. 'ഈ സമാധാനത്തിന്റെ നഗരം' മക്കയാണ്. മുഹമ്മദ് നബിയിലേക്കുള്ള സൂചന. അപ്പോള്‍ ആ അധ്യായത്തില്‍ പറയുന്ന അത്തി(തീന്‍) ഏത് പ്രവാചകനെ സൂചിപ്പിക്കുന്നു? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പല പല നിഗമനങ്ങളും നടത്തുന്നുണ്ട്. അബ്രഹാം പ്രവാചകനാണ് സൂചനയെന്ന് ചിലര്‍. വേറെ ചില പ്രവാചകന്മാരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍, മൗലാനാ ഗീലാനി പറയുന്നത്, അബ്രഹാമിന്റെയോ മറ്റു പ്രവാചകന്മാരുടെയോ ജീവിതത്തില്‍ അത്തി ഒരു സാന്നിധ്യമേ ആയിരുന്നില്ല എന്നാണ്. അതേസമയം, ബുദ്ധന്റെ അനുയായികള്‍ യാതൊരു ഭിന്നാഭിപ്രായവും ഇല്ലാതെ വിശ്വസിക്കുന്നത് ബുദ്ധന് മുക്തി മാര്‍ഗം (നിര്‍വാണം) ലഭിക്കുന്നത് ഒരു കാട്ടത്തി(ണശഹറ എശഴ ഠൃലല)യുടെ ചുവട്ടില്‍ വെച്ചാണ് എന്നാണ്. മറ്റു മഹാ മതങ്ങളിലേക്ക് സൂചന നല്‍കിയ ഖുര്‍ആന്‍ ബുദ്ധമതത്തിലേക്കും വളരെ സൂക്ഷ്മമായ സൂചന നല്‍കി എന്നാണ് മൗലാനാ ഗീലാനി വാദിക്കുന്നത്. ബുദ്ധനെക്കുറിച്ച് അധികമൊന്നും അറബികള്‍ക്ക് അറിഞ്ഞുകൂടാത്ത് കൊണ്ടാണ് ഖുര്‍ആന്‍ വിശദാംശങ്ങളിലേക്ക് കടക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.
ഒട്ടനവധി വിജ്ഞാനശാഖകളെക്കുറിച്ച് പറയുന്നുണ്ട് ഖുര്‍ആന്‍. ചരിത്ര സൂചനകളെക്കുറിച്ച് നാം പറഞ്ഞു. സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഖനിജദ്രവ്യ ശാസ്ത്രം, സമുദ്രശാസ്ത്രം, ജ്യോതിശാസ്ത്രം, ഗൈനക്കോളജി തുടങ്ങി നിരവധി ശാസ്ത്ര വിഷയങ്ങളും ചര്‍ച്ചാ വിഷയമാവുന്നു. കടലിലെ കൊടുങ്കാറ്റ്, കപ്പലുകളുടെ സഞ്ചാരം, സമുദ്രത്തിലെ മുത്തും പവിഴവും തുടങ്ങി വേറെയും ധാരാളം വിഷയങ്ങള്‍. ഏതൊരു മുസ്‌ലിമിനും ഇതേക്കുറിച്ചൊക്കെ ഒരു സാമാന്യ ജ്ഞാനമെങ്കിലും ഉണ്ടായിരിക്കണം. അതുകൊണ്ട് കൂടിയാണ് ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്യണമെന്ന് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവാചകന്റെ കാലത്ത് നിരവധി വിജ്ഞാന-ശാസ്ത്ര ശാഖകളൊന്നും നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന വിജ്ഞാനശാഖകളാവട്ടെ വളരെ പ്രധാനവുമായിരുന്നു; അവക്ക് വികാസം വന്നുകൊണ്ടിരിക്കുന്ന കാലവുമായിരുന്നു. അതിലൊന്നായിരുന്നു വൈദ്യം. പ്രവാചക കാലഘട്ടത്തില്‍ വൈദ്യന്മാര്‍ക്ക് ലഭിച്ചിരുന്ന സ്ഥാനത്തെക്കുറിച്ച് നമുക്ക് ചില വിവരങ്ങളെല്ലാം ലഭ്യമായിട്ടുണ്ട്. ഒരിക്കല്‍ ഒരു പ്രവാചക ശിഷ്യന് രോഗം പിടിപെട്ടു. അയാളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പ്രവാചകന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അടുത്തെങ്ങാനും വൈദ്യന്മാരെ കിട്ടാനുണ്ടോ എന്നും അന്വേഷിച്ചു. രണ്ട് വൈദ്യന്മാരുണ്ട് എന്ന് ആരോ വിവരം കൊടുത്തു. അതില്‍ ഏറ്റവും വിദഗ്ധനായ വൈദ്യനെയാണ് കൊണ്ടുവരേണ്ടതെന്ന് പ്രവാചകന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തു. സ്‌പെഷ്യലൈസേഷനെക്കുറിച്ച് നബിക്ക് ധാരണയുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. വൈദഗ്ധ്യമില്ലാത്തവന്‍ വൈദ്യശുശ്രൂഷ നടത്തുന്നത് പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ചെയ്യുന്നത് നിരോധിക്കുകയും, അത്തരം അവിദഗ്ധ ചികിത്സ നടത്തുന്നവരെ ശിക്ഷിക്കുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഒരു നബിവചനമുണ്ട്. യോഗ്യതയില്ലാത്തവര്‍ വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ വിവരക്കേട് സമൂഹത്തിന് മൊത്തം ദോഷകരമായിത്തീരും എന്നതുകൊണ്ടാണിത്. രോഗികളായി എത്തുന്നവര്‍ക്ക് ചില ലളിത ശമന മാര്‍ഗങ്ങള്‍ പ്രവാചകന്‍ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. പ്രവാചകന്റെ പേരിലുള്ള ഒരു ചികിത്സാരീതിയായിത്തന്നെ അത് പില്‍ക്കാലത്ത് വികസിച്ചുവന്നു.
ഗോളശാസ്ത്രമായിരുന്നു പ്രവാചക കാലഘട്ടത്തില്‍ പ്രാധാന്യം നല്‍കപ്പെട്ടിരുന്ന മറ്റൊരു ശാസ്ത്ര ശാഖ. ഖുര്‍ആനിലും അതേക്കുറിച്ച് നിരവധി സൂചനകളുണ്ടല്ലോ. ഹിജ്‌റക്ക് ശേഷം മദീനയിലെ ഖുബായില്‍ പള്ളി നിര്‍മിച്ചപ്പോള്‍ ഖിബ്‌ല-കഅ്ബയിലേക്കുള്ള ദിശ- ഏതെന്ന് നിശ്ചയിക്കാനാവാതെ വന്നു. ഊഹം വെച്ച് ചെയ്യാവുന്ന ഒന്നല്ല ഇത്. പ്രവാചകന്റെ ഗോളശാസ്ത്ര വിജ്ഞാനമാണ് ഇവിടെ സഹായത്തിനെത്തുന്നത്. ജറൂസലം വഴി അദ്ദേഹം പല തവണ കടന്നുപോയിട്ടുണ്ട്. അതിനപ്പുറമുള്ള ബസ്വറയിലും കച്ചവട സംഘത്തോടൊപ്പം അദ്ദേഹം പോയിട്ടുണ്ട്. യാത്രാ വാഹനങ്ങള്‍ അക്കാലത്ത് ഒട്ടകങ്ങളാണ്. മിക്കവാറും രാത്രിയിലായിരിക്കും യാത്ര. രാത്രി കാലങ്ങളില്‍ യാത്രികരെ ജറൂസലമിലേക്ക് വഴികാട്ടുന്ന നക്ഷത്രത്തെക്കുറിച്ച് പ്രവാചകന് സ്വാനുഭവത്തില്‍ നിന്ന് തന്നെ അറിയാം. ജറൂസലമില്‍ നിന്ന് തിരിച്ച് മക്കയിലേക്കും മദീനയിലേക്കും യാത്രികര്‍ക്ക് വഴികാട്ടിയാവുന്ന നക്ഷത്രത്തെക്കുറിച്ചും പ്രവാചകന് നല്ല ധാരണയുണ്ട്. ഈ അറിവുകള്‍ വെച്ച് അധികമൊന്നും പ്രയാസപ്പെടാതെത്തന്നെ കൃത്യമായി ഖിബ്‌ല നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഗോളശാസ്ത്രം പഠിക്കാന്‍ വേണ്ടുവോളം പ്രചോദനം നമുക്ക് ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കുടുംബ വംശാവലി പഠിക്കാനും പ്രോത്സാഹനം നല്‍കുന്നുണ്ട്. പരസ്പരം വിവാഹം നിഷിദ്ധമായവരെ കണ്ടെത്താന്‍ മാത്രമല്ല, മറ്റു പല ജ്ഞാനങ്ങളിലേക്കും വഴിതുറക്കാനും ഈ ശാഖക്ക് സാധിക്കും. ചില വിജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ -ഉദാഹരണം, സൈനികശാസ്ത്രം- പ്രവാചകന്‍ പ്രത്യേകം ഊന്നല്‍ കൊടുത്തതായും കാണാം.
ഖുര്‍ആന്‍ ശ്രദ്ധിച്ച് വായിക്കുന്നവര്‍ക്ക് ധാരാളം വിജ്ഞാനശാഖകളിലേക്ക് പ്രവേശനം സാധ്യമാവും. വിവിധ സമൂഹങ്ങളുടെ ആചാര വിശ്വാസങ്ങള്‍ വിവരിച്ച ശേഷമാണ് ഖുര്‍ആന്‍ അവയെ ഖണ്ഡിക്കുന്നത്. മതതാരതമ്യം നടത്തുന്നയാള്‍ക്ക് എല്ലാ മതങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണമല്ലോ. അത് ഇസ്‌ലാമിന്റെ പ്രചാരണത്തിന് വലിയ മുതല്‍ക്കൂട്ടാവും. ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ഒരു ഫ്രഞ്ച് കന്യാസ്ത്രീ (അവര്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ച് ഹാജ്ജ ത്വാഹിറയായി) എന്നോട് ഇസ്‌ലാം അനുവദനീയമാക്കിയ ബഹുഭാര്യാത്വത്തെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. അപ്പോള്‍ അവരോട് പറഞ്ഞു: ''വേറെ ആര് ആ വിമര്‍ശനം നടത്തിയാലും എനിക്ക് പ്രശ്‌നമില്ല. ഒരു കന്യാസ്ത്രീയായ താങ്കള്‍ ഒരിക്കലും ആ വിമര്‍ശനം ഉന്നയിച്ചുകൂടാത്തതാണ്. കാരണം, ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് തന്നെ, ഓരോ കന്യാസ്ത്രീയും കര്‍ത്താവിന്റെ മണവാട്ടിയാണല്ലോ. അപ്പോള്‍ താങ്കളുടെ ഭര്‍ത്താവായ കര്‍ത്താവിന് എത്ര മില്യന്‍ മണവാട്ടിമാര്‍ ഉണ്ടാകും! എന്നിട്ടാണോ വളരെ കര്‍ശനമായ ഉപാധികളോടെ ഒരു പുരുഷന് നാലു വരെ ഭാര്യമാരെ സ്വീകരിക്കാം എന്ന ഇസ്‌ലാമിന്റെ അനുവാദത്തെ താങ്കള്‍ വിമര്‍ശിക്കുന്നത്?'' ഇങ്ങനെയൊരു മറുപടി അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതവരെ വല്ലാതെ ഉലച്ചുകളഞ്ഞു. ഏറെത്താമസിയാതെ അവര്‍ കന്യാമഠം വിട്ടിറങ്ങി. പിന്നെ ഞാനുമായി രണ്ട് വര്‍ഷത്തോളം ഇത്തരം വിഷയങ്ങളില്‍ കത്തിടപാടുകള്‍ നടത്തി. പിന്നീടാണ് ഇസ്‌ലാം സ്വീകരിച്ചത്.  
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍