Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

ദലിത് വായനയിലെ 'രാഷ്ട്രീയ ഇസ്‌ലാം'

ജിബ്രാന്‍ / റീഡിംഗ് റൂം

                    മലയാള ധൈഷണിക ആനുകാലികങ്ങളിലെ ശ്രദ്ധേയമായ വായനാ വിശേഷങ്ങളിലൊന്നാണ് കേരളത്തില്‍ ശക്തിപ്രാപിക്കുന്ന ദലിത്, ന്യൂനപക്ഷ കീഴാള രാഷ്ട്രീയ വായനകള്‍. ഈ വിഷയത്തില്‍ ദലിത് ബുദ്ധിജീവികളും എഴുത്തുകാരും ചേരിതിരിഞ്ഞ് പരസ്പരം വാഗ്വാദത്തിലേര്‍പ്പെടുന്നത് അടുത്തിടെയുള്ള മലയാള വായനാനുഭവമാണ്.  കേരളത്തില്‍ ഉയര്‍ന്നുവന്ന പല സാമൂഹിക ചര്‍ച്ചകളിലും സമര വേദികളിലും ദലിത് ബുദ്ധിജീവികളും നേതാക്കളും മുസ്‌ലിം സംഘടനകളുമായി ഒരുമിച്ചിരുന്നതും ചിലരെല്ലാം പുതിയ രാഷ്ട്രീയ വേദികളുടെ തലപ്പത്ത് വന്നതുമെല്ലാം ഇത്തരം എഴുത്തുകളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ അത്തരം സമീപനങ്ങളെ ചര്‍ച്ചക്ക് വെക്കുന്നുണ്ട് പച്ചക്കുതിരയിലെ (ഫെബ്രുവരി 2014) 'ദളിത് പ്രമേയങ്ങള്‍' എന്ന ലേഖനത്തില്‍ കെ.കെ ബാബുരാജ്. അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍:
''2011 ആഗസ്റ്റ് മാസത്തില്‍ 'നവജനാധിപത്യ പ്രസ്ഥാനം' എറണാകുളത്ത് 'മുസ്‌ലിംകള്‍ അന്യരല്ല' എന്ന പേരില്‍ ഒരു സാഹോദര്യസമ്മേളനം നടത്തുകയുണ്ടായി. ഈ സമ്മേളനത്തില്‍ 'ജമാഅത്തെ ഇസ്‌ലാമി'യുടെയും എസ്.ഡി.പി.ഐയുടെയും പ്രതിനിധികള്‍ പങ്കെടുത്തതും ഈ ലേഖകനടക്കമുള്ളവര്‍ മുസ്‌ലിം വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും പ്രബോധനം, തേജസ് മുതലായ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നതുമാണ് ചിലരെ സംബന്ധിച്ചേടത്തോളം ദലിതര്‍ സ്വന്തം നിലമറന്ന് മറ്റുള്ളവരുടെ ഏജന്‍സിയായി മാറിയെന്ന പ്രചാരണത്തിന് കാരണമായിട്ടുള്ളത്.
ഈ സമ്മേളനം നടത്തിയത് കേരളത്തില്‍ ഇസ്‌ലാമിനെതിരെ അതിശക്തമായ പൊതുബോധം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ്. അതിനെ അരക്കിട്ടുറപ്പിക്കുന്ന വിധത്തില്‍ ഭരണകൂടവും മാധ്യമങ്ങളും ഹിന്ദുത്വ-ലിബറല്‍-ഇടതുപക്ഷ കക്ഷികളും കുറുമുന്നണി രൂപപ്പെടുത്തുകയും ചെയ്തു. അതിനും മുമ്പേ 'ലൗ ജിഹാദ്' പോലുള്ള വംശീയ പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പൊതുബോധം കരുത്താര്‍ജിക്കുന്നതിനെ ഫാഷിസത്തിന്റ പ്രത്യക്ഷതയായിട്ടാണ് കാണേണ്ടത്. അംബേദ്കറിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷങ്ങളാണ് ജനാധിപത്യത്തിന്റെ ഊടും പാവുമായിരിക്കുന്നത്. അവരെ അന്യവത്കരിക്കുകയും സംഘര്‍ഷങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നിടത്ത് ജനാധിപത്യം ദുര്‍മരണത്തിന് വിധേയമാകും. കേരളത്തില്‍ രൂപപ്പെട്ട ഇസ്‌ലാംവിരുദ്ധ ഐക്യമുന്നണിയെ വിജയകരമായി അണിമുറിക്കാന്‍ കഴിഞ്ഞതാണ് സാഹോദര്യ സമ്മേളനത്തിന്റെ ചരിത്ര പ്രാധാന്യം. മാത്രമല്ല, മതേതരത്വത്തിന് ഒരു കീഴാള പരിപ്രേക്ഷ്യം ആവശ്യമാണെന്ന വസ്തുത ബോധ്യപ്പെടാനും മേല്‍പറഞ്ഞ പോലുള്ള ഇടപാടുകളിലൂടെ സാധ്യമായി.
സാഹോദര്യസമ്മേളനത്തിന് മുമ്പും പിന്നീടും ഉയര്‍ന്ന പ്രധാനപ്പെട്ട എതിര്‍വാദം ഇതാണ്. മുസ്‌ലിംസമുദായത്തോട് പൊതുബോധവും, സംഘ്പരിവാര്‍ ശക്തികളും കാണിക്കുന്ന ശത്രുതതയെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും അകറ്റിനിര്‍ത്തിക്കൊണ്ടുള്ള വേദികള്‍ മാത്രമേ പാടുള്ളൂ. കെ. അജിതയെ പോലുള്ളവര്‍ വെച്ച മുന്നുപാധി ഇതാണ്. ശബ്ദവും ചലനവും കര്‍തൃത്വവുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും പ്രതിനിധാനങ്ങളെയും അരിച്ചുമാറ്റിയിട്ടു മുസ്‌ലിംസമുദായത്തെ അമൂര്‍ത്തമായി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നു പറയുന്നത് കൊളോണിയല്‍ പിന്തുടര്‍ച്ചയുള്ള സവര്‍ണ വാദമാണ്. ദേശീയ പ്രസ്ഥാന കാലത്ത്, അംബേദ്കറിന്റെ ആശയങ്ങളെ വിദൂരമാക്കി തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നവരെ വാഴിക്കാന്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും പയറ്റിയത് ഇപ്പോള്‍ ഇസ്‌ലാമിന്റെ കാര്യത്തിലും ആവര്‍ത്തിക്കുന്നു എന്നു മാത്രമേ ഇതിനര്‍ഥമുള്ളൂ.
ബാബരി മസ്ജിദിന്റെ  തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ സംഘര്‍ഷങ്ങളെ ഏറ്റവുമധികം ഉള്‍ക്കൊണ്ടത് ഇസ്‌ലാമിക സംഘടനകളാണെന്നത് വ്യക്തമാണ്. മാത്രമല്ല, 'രാഷ്ട്രീയ ഇസ്‌ലാം' എന്ന ലോക ചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതും സര്‍വോപരി 'പോപ്പുലര്‍ ഇസ്‌ലാമിസം' എന്ന പുതുഭാവനയെ ഉപാധിയാക്കി ബഹുജനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും ഇവയാണ്. മുസ്‌ലിം സമുദായത്തിലെ പുരുഷാധിപത്യ മനോഭാവക്കാരും വരേണ്യരും മാത്രമാണ് ഈ സംഘടനകളെന്ന മുഖ്യധാര വിമര്‍ശനം ഇകഴ്ത്താന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ളതായിട്ടാണ് മനസ്സിലാവുന്നത്. ഇന്ന് സംഘടനകള്‍ക്ക് ഉപരിയായി മുസ്‌ലിം സമുദായത്തില്‍ നിരവധി കര്‍തൃത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരെ വെറുതെ കുറ്റപ്പെടുത്താതെ; പുതുയൊരു സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായി മാറാന്‍ ഈ പുതുധാരകള്‍ക്ക് കഴിയുമോ, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവുമോ, സവര്‍ണ ഉദാരതയിലുള്ള പരാശ്രിതത്വം ഒഴിവാക്കാന്‍ അവര്‍ക്കാവുമോ എന്നിങ്ങനെയുള്ള ആത്മവിമര്‍ശനങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ഈ അര്‍ഥത്തില്‍, മുസ്‌ലിംസമുദായത്തിന്റെ വര്‍ത്തമാനാവസ്ഥയെ തിരിച്ചറിയുകയെന്നതും അവരുടെ അപരത്വത്തോട് പാരസ്പര്യം പുലര്‍ത്തുകയെന്നതും ദലിത് ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.
ജമാഅത്തെ ഇസ്‌ലാമി/എസ്.ഡി.പി.ഐ മുതലായ സംഘടനകളുമായും അവയുടെ കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളുമായും നവജനാധിപത്യ പ്രസ്ഥാനമോ ദലിത് ബുദ്ധിജീവികളോ യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. വളരെ നിര്‍ണായകമായ ജനാധിപത്യ-മനുഷ്യാവകാശ വിഷയങ്ങളിലും, അതിജീവനസമരങ്ങളിലും പൊതുവായ ചില വേദികള്‍ പങ്കിടുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതുപോലും ഇസ്‌ലാമിന്റെ ജൈത്രയാത്രയില്‍ കേരളത്തിലെ 'പുരോഗമന' സമൂഹം തകര്‍ന്നടിയുന്നതിനു കാരണമാകുമെന്ന് പറഞ്ഞു വിലപിക്കുകയാണ് ചിലര്‍.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍