ചിരി, പുഞ്ചിരി, മനസ്സില്‍ പൂത്തിരി
ചിരിയും നര്‍മബോധവും അല്ലാഹു മനുഷ്യനേകിയ മഹത്തായ അനുഗ്രഹമാണ്. സഹൃദയത്വമുള്ളവര്‍ക്കേ ആ അനുഗ്രഹം ആസ്വദിക്കാനാവൂ. പേശികളെല്ലാം ചെണ്ടയുടെ കയറുപോലെ മുറുക്കിക്കെട്ടി സദാ ഗൗരവം നടിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഈ അനുഗ്രഹം നിഷേധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ്. ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കൂ. പേശികളെല്ലാം വലിഞ്ഞ് മുറുകി നിരവധി ഭൂകമ്പങ്ങള്‍ കണ്ട ഭൂഖണ്ഡം പോലെ വ്യഥിതവും വിഷാദമഗ്‌നവും ദുഃഖഗ്രസ്തവുമായിരിക്കും ഗൗരവം സ്ഫുരിക്കുന്ന ആ മുഖം. ആ മുഖത്ത് നിന്ന് സന്തോഷവും ആഹ്ലാദവും എന്നോ കുടിയൊഴിഞ്ഞുപോയിരിക്കുന്നു. പുഞ്ചിരിയും ചിരിയും പാപമായി ഗണിക്കുന്നതാണ് ആ മുഖഭാവം. വരണ്ട മനസ്സിന്റെ ഉടമകള്‍ക്ക് മധുരോദാരമായ ജീവിതം അന്യമായിരിക്കും. പുഞ്ചിരി തനിക്കും അപരര്‍ക്കും സന്തോഷമേകുമെന്ന് അത്തരക്കാര്‍ ഓര്‍ക്കില്ല. ചിരി മനസ്സിന്റെ പിരിമുറുക്കം കുറക്കും. ആഹ്ലാദപൂര്‍ണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ് ചിരിയും മുഖപ്രസാദവും. ജന്മസിദ്ധമായി ഈ ഗുണങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ ആര്‍ജിച്ചെടുക്കേണ്ടതാണിവ. മനസ്സിന്റെ പിരിമുറുക്കങ്ങള്‍ കുറക്കാന്‍ നര്‍മം നിറഞ്ഞ വാക്കുകള്‍ക്കാവും. മൂടിക്കെട്ടിയ മനസ്സും മുഖവും ദുഃഖമേറ്റും.
പൂര്‍വിക പണ്ഡിതന്മാരുടെ ചരിത്രത്തില്‍ ഇത്തരം നിരവധി നര്‍മം നിറഞ്ഞ സന്ദര്‍ഭങ്ങള്‍ കാണാം. ഇമാം അബൂഹനീഫയുടെ മാര്‍ഗദര്‍ശിയായ ശഅ്ബിയോട് ഒരാള്‍ ചോദിച്ചു: ''ഇബ്‌ലീസിന്റെ ഭാര്യയുടെ പേരെന്താണ്?'' ഉടന്‍ വന്നു ശഅ്ബിയുടെ ചിരിയില്‍ പൊതിഞ്ഞ മറുപടി: ''ആ കല്യാണത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.'' ഫലിതോക്തി കൊണ്ട് ആ ചോദ്യത്തെ നേരിട്ട് പ്രശ്‌നം അവസാനിപ്പിച്ച ശഅ്ബിക്ക് ഇങ്ങനെ ചോദിക്കാമായിരുന്നല്ലോ? ''നീ എന്താണ് ഇങ്ങനെ ചോദിച്ച് എന്നെ കളിയാക്കുകയാണോ? പരിഹസിക്കാന്‍ വേറെ ആളെ നോക്കണം. എന്നെ കിട്ടില്ല.'' ഈ പ്രതികരണത്തോടെ രംഗം ചൂടുപിടിക്കും. ബന്ധം വഷളാവും. പക്ഷേ, ലഘുവായ ഒരു നര്‍മത്തിലൂടെ ശഅ്ബി ആ സന്ദര്‍ഭത്തെ സമര്‍ഥമായി നേരിട്ടു. ശഅ്ബിയുടെ ഇത്തരം നര്‍മഭാഷണങ്ങളെ വിമര്‍ശിച്ച ഒരുവനോട് അദ്ദേഹം: ''തമാശ പറഞ്ഞില്ലെങ്കില്‍ നമ്മള്‍ ദുഃഖിച്ചു ചത്തുപോകും, ചങ്ങാതീ.''
ഇത് പണ്ഡിതന്മാരുടെ കാര്യം. സാധാരണക്കാരിലും കാണാം ഈ നര്‍മബോധം. ജോലി തേടിവന്ന യുവാവിനോട് തൊഴിലുടമ: ''നിനക്കെന്ത് ശമ്പളം വേണം?'' യുവാവ്: ''എന്റെ ആഹാരത്തിനുള്ള വക കിട്ടിയാല്‍ മതി.'' അയാള്‍: ''അത് കൂടുതലാണ്.സാധ്യമല്ല.'' യുവാവ്: ''എങ്കില്‍ തിങ്കളും വ്യാഴവും ഞാന്‍ നോമ്പ് നോറ്റുകൊള്ളാം.''
ചെറുപ്പക്കാരന്റെ ഫലിതബോധത്തില്‍ ആകൃഷ്ടനായ തൊഴിലുടമ അയാള്‍ക്ക് ജോലി നല്‍കി.
ഞാന്‍ ഒരു രംഗം ഓര്‍ക്കുകയാണ്. ഭര്‍ത്താവിനെക്കുറിച്ച പരാതിയുമായാണ് ആ സ്ത്രീ വന്നത്. ഭര്‍ത്താവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് അവര്‍ക്ക് അറിയേണ്ടത്. അവര്‍ പറഞ്ഞ് തുടങ്ങി: ''എന്റെ പിതാവ് അറുപിശുക്കനാണ്. എന്റെ ഉമ്മയോട് എപ്പോഴും തട്ടിക്കയറും. ചിലപ്പോള്‍ അടിക്കും. ഇങ്ങനെ ഒരുപാട് ചീത്ത സ്വഭാവങ്ങളുണ്ട് ആ മനുഷ്യന്. എന്റെ ഉമ്മയാവട്ടെ, അതെല്ലാം സഹിക്കും, കുറെ കരയും. ഇതിനെല്ലാം പടച്ചവന്‍ പ്രതിഫലം നല്‍കുമെന്ന വിശ്വാസത്തില്‍ ക്ഷമിക്കും. സഹികെടുമ്പോള്‍ നര്‍മം നിറഞ്ഞ ഒരു സംസാരത്തിലൂടെയാവും ഉമ്മ ആ സന്ദര്‍ഭത്തിന്റെ പിരിമുറുക്കം കുറക്കുക. ഉമ്മ പറയും: ''ഞാന്‍ ഫിര്‍ഔന്റെ ഭാര്യയോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കും.'' കൊച്ചുകുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ ഉമ്മയുടെ ഇത്തരം നര്‍മങ്ങള്‍ കേട്ടു ചിരിക്കും. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍ഭാഗ്യവശാല്‍ എന്റെ വിധിയും ഉമ്മയുടേത് തന്നെയായി. ഉപ്പയുടെ അതേ സ്വഭാവമുള്ള ഒരു പുരുഷനെയാണ് എനിക്ക് ഭര്‍ത്താവായി കിട്ടിയത്. എന്റെ ഉമ്മയുടെ അടുത്തിരുന്ന് ഞാന്‍ തമാശയായി പറയും: 'ഉമ്മാ നമുക്ക് രണ്ട് പേര്‍ക്കും ഒന്നിച്ച് ഫിര്‍ഔന്റെ ഭാര്യയോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കാം. രണ്ടു പേരും തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ കഥയോര്‍ത്ത് ചിരിക്കും.''
എല്ലാം മന്ദസ്മിതത്തോടെ കേട്ടുകൊണ്ടിരുന്ന ഞാന്‍ അവരോട് പറഞ്ഞു: ''നിങ്ങളും നിങ്ങളുടെ ഉമ്മയും പ്രശ്‌നങ്ങളെ നേരിടുന്ന രീതി നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറെ സഹായകമാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഫലവത്തായ പ്രതിവിധിയാണിത്.'' അവര്‍: ''അത് ഞങ്ങള്‍ക്കും അറിയാം. അല്‍ഹംദുലില്ലാഹ്.''
ചിരിയും നര്‍മവും ഒരു കലയാണ്. വൈദഗ്ധ്യം ആവശ്യമുള്ള കല. അതില്‍ നൈപുണി തെളിയിച്ചവര്‍ വിജയിച്ചിട്ടേയുള്ളൂ. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ ഉളവാകുന്ന പ്രശ്‌നങ്ങളെ സമര്‍ഥമായി നേരിടാന്‍ ഇതിനോളം പോന്ന ഒരു ഉപായമില്ല. സോക്രട്ടീസിനോട് ഒരാള്‍ ചോദിച്ചു: ''താങ്കളുടെ അഭിപ്രായത്തില്‍ ആരാണ് ഏറ്റവും മഹതിയായ സ്ത്രീ?''
''നാം വെറുക്കുമ്പോള്‍ നാം എങ്ങനെ സ്‌നേഹിക്കണമെന്നും വേദനിക്കുമ്പോള്‍ നാം എങ്ങനെ ചിരിക്കണമെന്നും പഠിപ്പിക്കുന്ന സ്ത്രീ''- സോക്രട്ടീസ് പറഞ്ഞു.
നമ്മുടെ വിഡ്ഢിത്തങ്ങളോര്‍ത്ത് നാം ഊറിച്ചിരിക്കുകയും മറ്റുള്ളവരുടെ പരുഷമായ നിലപാടുകള്‍ മൂലം വന്നുപെടുന്ന പിരിമുറുക്കങ്ങളെ ഫലിതം കൊണ്ട് നേരിടുകയും ചെയ്യുമ്പോള്‍, യഥാര്‍ഥത്തില്‍ നാം നമ്മെ തന്നെയാണ് ആനന്ദിപ്പിക്കുന്നത്; ആഹ്ലാദ നിമിഷങ്ങള്‍ നമുക്കായി സൃഷ്ടിക്കുന്നതും.
മാലാഖമാര്‍ മനുഷ്യവേഷത്തില്‍ അതിഥികളായി ആഗതരായപ്പോള്‍ ഇബ്‌റാഹീം നബി(അ)യുടെ പത്‌നി സാറ ചിരിച്ച ഒരു സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വന്നത് മലക്കുകളാണെന്നറിയാതെ ഭക്ഷണത്തളിക അവരുടെ മുന്നിലേക്ക് ഇബ്‌റാഹീം നബി(അ) നീക്കിവെച്ചുകൊടുത്തപ്പോള്‍ അവരുടെ കൈ ഭക്ഷണത്തളികയുടെ നേരെ നീളുന്നില്ലെന്ന് കണ്ട് സാറ ചിരിച്ചു. ഇബ്‌റാഹീം നബി പേടിച്ചു. അതിഥികള്‍ മലക്കുകളാണെന്നറിഞ്ഞപ്പോള്‍ ഇബ്‌റാഹീം നബിക്ക് സന്തോഷമായി. സാറക്ക് ചിരിവന്നു. ആ സന്ദര്‍ഭം അല്ലാഹു വിവരിക്കുന്നതിങ്ങനെ: ''അവരുടെ കൈ ആഹാരത്തിന് നേരെ (അറുത്ത് പാകം ചെയ്ത പശുക്കുട്ടി) നീളുന്നില്ലെന്ന് കണ്ട ഇബ്‌റാഹീമിന് പരിഭ്രാന്തിയായി. അദ്ദേഹത്തിന് പേടി തോന്നി. അവര്‍ മൊഴിഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ലൂത്വിന്റെ ജനതയുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ ഭാര്യ നിന്ന് ചിരിക്കുകയാണ് അന്നേരം. അവര്‍ക്ക് നാം (പിറക്കാന്‍ പോകുന്ന) ഇസ്ഹാഖിനെക്കുറിച്ച് സന്തോഷവാര്‍ത്ത നല്‍കി, ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെക്കുറിച്ചും.'' അപ്പോള്‍ സന്തോഷവാര്‍ത്ത കിട്ടിയത് ചിരിയെത്തുടര്‍ന്നാണ്. ഇതുപോലെ ചിരിയും നര്‍മവും ആസ്വദിക്കുന്ന സഹൃദയത്വം ദമ്പതികള്‍ക്ക് വേണമെന്നാണ് നബി(സ) ഉപദേശിച്ചത്: ''അല്ലാഹുവിന്റെ പ്രീതി മോഹിച്ച് നീ ചെയ്യുന്ന എന്തു ചെലവുകള്‍ക്കും പ്രതിഫലം കിട്ടും. നിന്റെ ഭാര്യയുടെ വായില്‍ ആഹാരത്തിന്റെ ഉരുള വെച്ചു കൊടുത്താല്‍ ആ പ്രവൃത്തിക്ക് പോലും പ്രതിഫലം ലഭിക്കും.''
നര്‍മഭാഷണത്തെയും സല്ലാപത്തെയും ശൃംഗാരത്തെയും തമാശയെയും തുടര്‍ന്നാവുമല്ലോ ആഹാരം വായില്‍ വെച്ച് കൊടുക്കുന്നത്. അപ്പോള്‍ അതാണ് കാര്യം.
പ്രയാസകരമായ സങ്കീര്‍ണ പ്രശ്‌നങ്ങളെ നര്‍മം കൊണ്ട് നേരിട്ട് പരിഹരിക്കുന്ന വൈദഗ്ധ്യമുണ്ടെങ്കില്‍ നമ്മുടെ ജീവിതം ആസകലം മാറും. ഒരാള്‍ സംസാരമധ്യേ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്: ''എന്റെ ഭാര്യയുടെ നാവിന് അല്‍പം നീളം കൂടുതലാണ്. ആ വിശുദ്ധ വായില്‍ നിന്ന് ചീത്ത വാക്കുകള്‍ അങ്ങനെ വന്നുകൊണ്ടിരിക്കും. വല്ലാതെ കയര്‍ത്ത് സംസാരിക്കുമ്പോള്‍ ഞാന്‍ അവളോട് പറയും: 'നല്ല സ്വഭാവം ശീലിക്കുക, ദേഷ്യം നിയന്ത്രിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക എന്നൊക്കെ പറഞ്ഞാല്‍ വലിയ 'ജിഹാദ്' ആവശ്യമുള്ള കഠിനയത്‌നം തന്നെയാണത്.' ഇത് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിച്ചു പോകും. ഞാനും ആ ചിരിയില്‍ ചേരും. അങ്ങനെ പ്രശ്‌നം തീരും.'' ഒരു ചൊല്ലുണ്ട്: ''വിവാഹം കഴിക്കാന്‍ നീ അറച്ചുനില്‍ക്കേണ്ട. നിന്നെ സന്തോഷിപ്പിക്കുന്ന ഒരു നല്ല പെണ്‍കുട്ടിയാണ് അവളെങ്കില്‍ നീ ഭാഗ്യവാന്‍. ഇനി ദുസ്വഭാവിയാണ് അവളെങ്കില്‍ നീ ഒരു തത്ത്വജ്ഞാനിയായിത്തീരും. രണ്ട് നിലക്കായാലും നീ ഭാഗ്യവാന്‍ തന്നെ.'' 'മുഖപ്രസാദം ദൈവത്തിന്റെ വരദാന'മാണെന്ന് വെറുതെ പറഞ്ഞതല്ല.
വിവ: പി.കെ.ജെ
Comments