Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

മുഅ്ജിസത്തും അഹ്‌ലുസ്സുന്നത്തിന്റെ കാഴ്ചപ്പാടും

ഇ.എന്‍ ഇബ്‌റാഹീം മൗലവി / ലേഖനം

                    സമസ്ത ഇ.കെ വിഭാഗത്തിന്റെ പരിപാടികളില്‍ നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പിംഗുണ്ട്. എ.പി വിഭാഗം സമസ്തയുടെ പ്രമുഖ നേതാവ് പൊന്‍മുള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിക്കുന്നു: ''മുഹമ്മദ് നബിയുടെ മുഅ്ജിസത്തില്‍ അവിടുത്തെ മരണശേഷം ശേഷിക്കുന്നത് ഖുര്‍ആന്‍ മാത്രമാണ്. മറ്റൊരു മുഅ്ജിസത്തും ശേഷിക്കുന്നില്ല.'' കാരന്തൂരിലെ എ.പിയുടെ 'വിശുദ്ധമുടി'യുമായി ബന്ധപ്പെട്ടാണ് പ്രസ്താവന.
നാട്ടിലെ ലാഭകരമായ രണ്ട് കച്ചവടം രാഷ്ട്രീയവും മതവുമാണല്ലോ. രാഷ്ട്രീയ കച്ചവടക്കാരന്‍ സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ മത കച്ചവടക്കാരന്‍ പരലോകത്ത് നിന്നുള്ള ഭൗതിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്; ഭൗതിക നേട്ടം.
മതക്കാരന് താരതമ്യേന ആയാസം കുറയും. ഏതാനും വാക്കുകള്‍ ഹൃദിസ്ഥമാക്കണം; പ്രവാചക സ്‌നേഹം, ബറകത്ത്, അഹ്‌ലുസ്സുന്നത്ത്, ബിദ്ഈ പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ... താടിയും തലപ്പാവും ശുഭ്രവസ്ത്രവുമടങ്ങിയ പ്രത്യേക വേഷവും വേണം. പിന്നെ രാഗാത്മകമായ ശബ്ദ വൈവിധ്യവും. അത്രയും മുതലിറക്കിയാല്‍ കച്ചവടം പൊടിപൊടിക്കാം. മുഅ്ജിസത്ത്, കറാമത്ത് തുടങ്ങിയ ചില പദങ്ങള്‍ കൂടി മേമ്പൊടിക്ക് ചേര്‍ത്താല്‍ കുശാലായി.
ഇമാം ബുഖാരി സ്വഹീഹില്‍ ഉദ്ധരിച്ച ഒരു ഹദീസും അതിന്റെ അല്‍പം കൃത്രിമം ചേര്‍ത്ത അര്‍ഥവും ആലേഖനം ചെയ്ത ആകര്‍ഷകമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നമ്മുടെ റോഡായ റോഡുകളുടെ ഓരങ്ങളില്‍ സ്ഥാപിച്ചിരുന്നത് മറക്കാന്‍ കാലമായിട്ടില്ല. 'തിരുകേശത്തിനൊരു ഉത്തമ കേന്ദ്രം' എന്നായിരുന്നു അതിന്റെ തലവാചകം. അതില്‍ എഴുതി വെച്ചിരുന്ന ഹദീസ് ഇതാണ്: ''ഇബ്‌നു സിരീന്‍ പറഞ്ഞു: ഞാന്‍ അബീദയോട് പറഞ്ഞു. നമ്മുടെ പക്കല്‍ നബിയുടെ ഒരു മുടിയുണ്ട്. അനസ് വഴി, അല്ലെങ്കില്‍ അനസിന്റെ കുടുംബം വഴിയാണ് അത് നമുക്ക് കിട്ടിയിട്ടുള്ളത്.' അപ്പോള്‍ അബീദ പറഞ്ഞു: 'അതില്‍ ഒരു മുടി നമ്മുടെ പക്കല്‍ ഉണ്ടാവുക എന്നത് ദുനിയാവും അതിലുള്ളതത്രയും നമുക്ക് ലഭിക്കുന്നതിലും ഏറെ നമുക്ക് ഇഷ്ടമുള്ള കാര്യമാണ്'' (ബുഖാരി 170).
പ്രസിദ്ധ താബിഈ പണ്ഡിതന്‍ ഇബ്‌നു സീരീന്റെ പ്രസ്താവമായാണ് ഇത് ബോര്‍ഡില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അത് അബീദയുടെ വാക്കാണ്. സാങ്കേതികമായി അത് ഹദീസല്ല, അസറാണ്.
ഈ അസര്‍ എഴുതിയ ബോര്‍ഡ് മുഖേന രണ്ടു കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കാം. ഒന്ന്, തങ്ങളുടെ കൈയിലുള്ള മുടി വിശുദ്ധമാണ്. രണ്ട്, അത് സൂക്ഷിക്കാനുണ്ടാക്കുന്ന കേന്ദ്രം ശ്രേഷ്ഠവും. ആ കേന്ദ്രം ഒരു പള്ളി കൂടിയാവുമ്പോള്‍ ശ്രേഷ്ഠതക്ക് മാറ്റു കൂടുമല്ലോ. നാല്‍പത് കോടി രൂപ മുതല്‍മുടക്കില്‍ തെക്കെ ഇന്ത്യയില്‍ ഒരു തീര്‍ഥാടന കേന്ദ്രം. ഇതിന്റെ പേരില്‍ എത്ര കോടി പിരിച്ചുവെന്ന് ഈ ആശയം ആവിഷ്‌കരിച്ചവര്‍ക്കേ അറിയൂ.
ഇങ്ങനെ ഒരു കേന്ദ്രം പണിയാന്‍ എ.പി ഉസ്താദിന് മാത്രമേ ആലംദുനിയാവില്‍ യോഗ്യതയുള്ളൂ. ഈ 'സത്യം' അദ്ദേഹത്തിന്റെ രണ്ടനുയായികള്‍ പ്രസംഗങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അതും ഈ ലേഖകന്‍ കേട്ടത് എതിരാളികളുടെ ക്ലിപ്പിംഗിലൂടെയാണ്. ക്ലിപ്പിംഗ് എല്ലാവരുടെയും കൈവശമുള്ളതിനാല്‍ ആരും അങ്ങനെ പ്രസംഗിച്ചിട്ടില്ലെന്ന് പറയാന്‍ പറ്റില്ല.
ഒന്ന്, മുഹമ്മദ് നബി സ്വപ്നത്തിലൂടെ തന്നോട് പറഞ്ഞതായി ഒരു മൗലവി പ്രസംഗിക്കുന്നു: ''ഇനി എന്റെ അടുത്ത് റൗദയില്‍ വരണമെന്നില്ല. പകരം എ.പിയെ കണ്ടാല്‍ മതി.''
അതായത് പറയാനുള്ളതത്രയും എ.പിയോട് പറയുക. മിനക്കെട്ട് മദീനയില്‍ റൗദയുടെ അടുത്ത് വന്ന് ബുദ്ധിമുട്ടണ്ട. എല്ലാം എ.പി, നബിയോട് പറഞ്ഞു കൊള്ളും.
നമ്മള്‍ കേരളീയര്‍ എത്ര ഭാഗ്യവന്മാര്‍! തന്റെ സന്തത സഹചാരിയായിരുന്ന അബൂബക്ര്‍ സിദ്ദീഖിന് പോലും ഇത്തരം ഒരു സ്ഥാനം നബി അനുവദിച്ചുകൊടുത്ത് കാണുകയില്ല! അതിനാല്‍ കേരളീയര്‍ 'മഹാനെ' നിലം തൊടാതെ, കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കാന്‍ ബാധ്യസ്ഥര്‍!!
രണ്ടാമതൊരു മൗലവിയുടെ പ്രസംഗം ഇങ്ങനെയാണ്: ''എ.പി അറിയാതെ അല്ലാഹു ഒരു കാര്യവും തീരുമാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.''
തീര്‍ന്നോ? ഇല്ല. ''മഹാന്മാരായ ഔലിയാക്കളുടെ മഹാ സഭയിലെ ഒരംഗമാണ് മഹാനായ എ.പി. എ.പിയുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിച്ചാല്‍ നിങ്ങളുടെ കടം വീടിക്കിട്ടും.'' ഈ 'മഹാനാ'ണത്രെ തിരുമുടിപ്പള്ളി പണിയാന്‍ പോകുന്നത്.
ഇനി മറ്റൊരു കാര്യം. എ.പിക്ക് തിരുകേശം കൈമാറിയ യു.എ.ഇയിലെ ഖസ്‌റജിയുടെ വീട്ടിലെ മൗലിദ്, തിരുകേശമിട്ട് കാനുകളിലും കുപ്പികളിലും നിറച്ച വെള്ളം, അയാളുടെ വീട്ടിലെ പരിപാടി എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പിംഗ് കൂടിയുണ്ട്. അതില്‍ രണ്ട് കെട്ട് മുടിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പെണ്ണുങ്ങളുടെ മുടിക്ക് സമാനം നീണ്ട മുടിയുടെ രണ്ട് കെട്ട്. എ.പി വിഭാഗത്തിന്റെ തന്നെ ഭാഗത്തുനിന്ന് മുടി പുരാണം പ്രസിദ്ധീകരിച്ചു തുടങ്ങിയ ആദ്യ നാളുകളില്‍ ഇതേ മുടിക്കെട്ട് രണ്ടും ഇന്റര്‍നെറ്റില്‍ അറബി ഭാഷയിലെ ഒരു കുറിപ്പ് സഹിതം കൊടുത്തിരുന്നു. ആ കുറിപ്പില്‍ അന്ന് ഒരു വാചകമുണ്ടായിരുന്നു. തിരുകേശത്തിന് ഇത്ര നീളമോ എന്ന് ചോദിച്ചേക്കാവുന്ന കുലംകുത്തികളും അത്താഴം മുടക്കികളും സംശയാലുക്കളും ശുദ്ധഗതിക്കാരും ബിദഈകളും പ്രതി സമസ്തക്കാരുമൊക്കെ ഗ്രഹിച്ചിരിക്കുന്നതിലേക്കാണ് ആ കുറിപ്പ്. 'നബിയുടെ ചില മുടികള്‍ വളരും.'
'ചില മുടികള്‍' എന്നു പറഞ്ഞാല്‍ മുഴുവന്‍ മുടി എന്നില്ലല്ലോ. എങ്കില്‍ പിന്നെ മുടിയത്രയും നീണ്ടതിന് കാരണം? വളരുന്ന ചില മുടികള്‍ ഏതാണ്? ..... മുടികള്‍ എങ്ങനെ തിരിച്ചറിയും? ഇത്യാദി ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
എന്തോ എന്നറിയില്ല, ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സൈറ്റില്‍ നിന്ന് ആ കുറിപ്പ് ഉരുപ്പടിയടക്കം പിന്‍വലിക്കപ്പെട്ടു. ഒരുനാള്‍ എ.പി ഉസ്താദിന്റെ ഒരു പ്രസ്താവന പത്രങ്ങളില്‍ വന്നു. 'നബിയുടെ മുടി നീളും.'
വ്യാജ തിരുമുടി നിഷേധികള്‍ അവിടെയും ചോദ്യങ്ങളുയര്‍ത്തി. 1. നബി കളഞ്ഞിട്ട മുടി മാത്രമാണോ വളരുന്നത്? 2. നബിയുടെ തിരുശരീരം മറവു ചെയ്യുമ്പോള്‍ തലയിലുണ്ടായിരുന്ന മുടി ഖബ്‌റിലും വളരുന്നുണ്ടാവുമോ? 3. എങ്കില്‍ മഹ്ശറയില്‍ വരുമ്പോള്‍ നബിയുടെ മുടിക്ക് എത്ര നീളമുണ്ടാകും?
ഏതായാലും തിരുകേശമല്ലേ വളരുന്നുള്ളൂ. തിരുശരീരം വളരുന്നില്ലല്ലോ. അതും വളര്‍ന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ന് മദീനയിലെ അവസ്ഥ?! പട്ടണം മുഴുവന്‍ പ്രവാചകന്റെ ഖബ്‌റ് കൈയടക്കുമായിരുന്നു.
തിരുകേശം കത്തുകയില്ല എന്നും അതിന് നിഴലുണ്ടാവില്ല എന്നും പ്രചാരമുണ്ട്. അങ്ങനെ വിശ്വസിച്ചാലേ ഒരാള്‍ അഹ്‌ലുസ്സുന്നത്തുകാരനാവൂ എന്നാണ് യാഥാസ്ഥിതികരുടെ നിലപാട്. അഹ്‌ലുസ്സുന്നത്തിന്റെ അഖീദകളില്‍ പൗരാണിക പണ്ഡിതന്മാര്‍ പറഞ്ഞ കാര്യങ്ങളില്‍ ഇത്തരം യാതൊന്നും കാണാനുമില്ല.

മുഅ്ജിസത്ത്
തങ്ങള്‍ യഥാര്‍ഥ ദൈവദൂതന്മാരാണെന്ന് അവിശ്വാസികളെ ബോധ്യപ്പെടുത്താന്‍ പ്രവാചകന്മാരിലൂടെ അല്ലാഹു പ്രത്യക്ഷപ്പെടുത്തുന്ന അമാനുഷ ദൃഷ്ടാന്തമാണ് മുഅ്ജിസത്ത്. അത് പ്രവാചകന്മാര്‍ക്ക് മാത്രം അല്ലാഹു നല്‍കുന്ന ഒരനുഗ്രഹമാണ്. അത് പ്രവാചകന്റെ കഴിവല്ല. അതിനാല്‍ പ്രവാചകന് യഥേഷ്ടം മുഅ്ജിസത്ത് കാണിക്കാനാവില്ല. ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നു: ''അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ ഒരു ദൂതനും സാധ്യമാവുകയില്ല'' (13:38).
സുവ്യക്തമായ ഒരു ദൃഷ്ടാന്തം കൊണ്ടുവരാനാവശ്യപ്പെട്ട എതിരാളികളോട് പ്രവാചകന്മാര്‍ പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ''അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ നിങ്ങള്‍ക്ക് വേണ്ടി ഒരു ദൃഷ്ടാന്തവും കൊണ്ടുവന്ന് തരാന്‍ ഞങ്ങള്‍ക്കാവുകയില്ല'' (14:11).
അല്ലാഹുവിന്റെ അനുമതിയാല്‍ പ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടുത്തിയ മുഅ്ജിസത്തുകള്‍ അവരുടെ കാലശേഷം നിലനിന്നതിന് തെളിവില്ല. സ്വാലിഹിന്റെ ഒട്ടകം, അതിനെ ആ ദുഷ്ട ജനം കൊന്നുകളഞ്ഞു. ഫലം അവരുടെ സര്‍വനാശം. മൂസായുടെ കൈ അദ്ദേഹത്തോടൊപ്പം ഖബ്ര്‍ പൂകി. വടി, നിഷ്പ്രഭമായി. ഈസായുടെ മുഅ്ജിസത്തുകളും അങ്ങനെ തന്നെ. എന്നാല്‍ നബി(സ)യുടെ ഒരു മുഅ്ജിസത്ത് മാത്രം നിലനിന്നു. അത് വിശുദ്ധ ഖുര്‍ആനാണ്. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് അത് ഇന്നും ജൈത്രയാത്ര തുടരുന്നു. ഒടുനാള്‍ വരെ അത് നിലനില്‍ക്കും. പ്രവാചകന്മാരുടെ മുഅ്ജിസത്ത്-ഖുര്‍ആനൊഴിച്ചുള്ളത്- തന്നെയും അവരുടെ മരണത്തോടു കൂടി ഒടുങ്ങുമെങ്കില്‍ പിന്നെ സജ്ജനങ്ങളുടെ (ഔലിയാക്കളുടെ) കറാമത്തിന്റെ കാര്യം പറയേണ്ടതുണ്ടോ?
മുഅ്ജിസത്ത് സംബന്ധിച്ച് അഹ്‌ലുസ്സുന്നത്തിന്റെ കാഴ്ചപ്പാടെന്താണെന്ന് പരിശോധിച്ചാല്‍ ബോധ്യമാവുന്നതും മറ്റൊന്നല്ല. അഹ്‌ലുസ്സുന്നത്തിലെ പ്രസിദ്ധ ഇമാം അബൂ മന്‍സൂര്‍ അബ്ദുല്‍ ഖാഹിര്‍ ഇബ്‌നു താഹിറുത്തമീമി, അല്‍ ബഗ്ദാദി (മരണം ഹിജ്‌റ 429 ക്രി. 1038) തന്റെ ഉസ്വൂലുദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''പ്രവാചകന്മാരുടെ അടയാളങ്ങള്‍ക്ക് മുഅ്ജിസത്ത് എന്നു പറയാന്‍ കാരണം, തത്തുല്യമായ സംഗതി അവതരിപ്പിച്ചുകൊണ്ട് പ്രവാചകന്മാരെ എതിരിടാനുള്ള സമൂഹത്തിന്റെ കഴിവില്ലായ്മ പ്രകടമായതാണ്.
പ്രവാചകന്മാരില്‍ പ്രവാചകത്വം ലഭിച്ച ആളുടെ സത്യസന്ധത വ്യക്തമാക്കാന്‍ പാകത്തില്‍ ഈ കര്‍മഗേഹത്തില്‍ വെച്ച് സംഭവിക്കുന്ന കാര്യകാരണ വ്യവസ്ഥക്കതീതമായി സംഭവിക്കുന്നതാണ് മുഅ്ജിസത്ത്. കറാമത്ത് വലിയ്യിന്റെ സത്യസന്ധത വെളിപ്പെടുത്താനുമാവാം. എതിരാളിക്ക് നേരിടാനാവാത്ത വിധമാവും അത് സംഭവിക്കുന്നത്'' (പേജ് 170).
മുഅ്ജിസത്ത് എന്താണെന്നാണ് മുകളില്‍ പറഞ്ഞത്. ഒരു കാര്യം മുഅ്ജിസത്താവണമെങ്കില്‍ ചില ഉപാധികളുണ്ട്. അവയാണ് താഴെ:
1. അത് അല്ലാഹുവിന്റെ പ്രവര്‍ത്തിയായിരിക്കും. 2. അത് സാധാരണ പ്രകൃതിക്ക് വിരുദ്ധമായിരിക്കും. 3. എതിരാളിക്ക് അതിനെ തോല്‍പിക്കാനാവുകയില്ല. 4. പ്രവാചകന്റെ വാദത്തെ ശരിവെക്കുംവിധം അത് പ്രവാചകന് അനുകൂലമായി സംഭവിച്ചിരിക്കണം. 5. വാദവും സംഭവവുമായി ബന്ധമില്ലാത്ത വിധം കാലവിളംബം പാടില്ല. 6. പ്രവാചകന്റെ പ്രവര്‍ത്തനകാലത്തായിരിക്കണം അത് സംഭവിക്കുന്നത്.
മുഅ്ജിസത്ത് രണ്ട് ഇനമുണ്ട്. സമാനതയില്ലാത്തതും അസാധാരണവുമായ വല്ലതും സംഭവിക്കുകയാണ് ഒന്ന്. സാധാരണമായ സംഗതി തന്നെ ചെയ്യാനാവാത്ത വിധം കഴിവ് എടുത്ത് കളയുകയാണ് രണ്ടാമത്തെ ഇനം. പ്രവാചകന്‍ സകരിയ്യാക്ക് മൂന്ന് നാളത്തേക്ക് സംസാരശേഷി തടഞ്ഞത് ഇപ്പറഞ്ഞതിന്റെ ഉദാഹരണമാണ്.
ആദ്യ ഇനം രണ്ടായി തിരിക്കാം. ആരുടെ മുഅ്ജിസത്തായാണോ സംഗതി സംഭവിച്ചിരിക്കുന്നത് അയാളുടെയോ മറ്റു സൃഷ്ടികളുടെയോ കഴിവിന്നതീതമായതാണ് ഒന്ന്. അല്ലാഹുവിന് മാത്രം സാധ്യമായത്. സൃഷ്ടിക്കുക, ജീവിപ്പിക്കുക, രോഗശമനം വരുത്തുക എന്നിവ ഉദാഹരണം. ആരുടെ മുഅ്ജിസത്തായാണോ സംഗതി സംഭവിച്ചിരിക്കുന്നത് അത് അയാളുടെയോ അയാളെ പോലെയുള്ള സൃഷ്ടികളുടെയോ കഴിവിന്നതീതമായിരിക്കും. അതേ ഇനം കാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചെന്നും വരാം. ഖുര്‍ആന്‍ ഈ ഇനത്തില്‍ പെട്ടതാണ്. ഒരു കൃതി എന്ന നിലക്ക് ഗ്രന്ഥരചന മനുഷ്യ സാധ്യമാണ്. പക്ഷേ, ഖുര്‍ആനിന് തുല്യം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ആരാലും സാധ്യമല്ല (ഉസ്വൂലുദ്ദീന്‍ 171,172).
ഇത്രയും പറഞ്ഞത് മുഅ്ജിസത്തുമായി ബന്ധപ്പെട്ട് അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത് അംഗീകരിച്ചുപോന്ന ചില അടിസ്ഥാന കാര്യങ്ങളാണ്. ഒരു പ്രവാചകന്റെ ശേഷിപ്പുകള്‍ അതേ പ്രവാചകന്റെ മുഅ്ജിസത്തായിത്തീരുമെന്ന് കാണിക്കുന്ന ഒരു പ്രമാണവും ലഭ്യമല്ല. ഖുര്‍ആന്‍ 2:248-ല്‍ പ്രതിപാദിച്ച മൂസാ-ഹാറൂന്മാരുടെ ശേഷിപ്പുകളുടെ ലഭ്യതയെക്കുറിച്ചുള്ള പരാമര്‍ശമാണ് എടുത്തു പറയാവുന്ന ഒരേയൊരു തെളിവ്. അതാണെങ്കില്‍ കാലഗതിയടഞ്ഞ മൂസാ-ഹാറൂന്‍ പ്രവാചകന്മാരുടെ മുഅ്ജിസത്തായല്ല, മറിച്ച് ത്വാലൂത്തിന്റെ രാജത്വത്തിനുള്ള തെളിവായാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.
നബിയുടെ മുടി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായി ഉദ്ധരിച്ചുവന്ന ഒരു ഹദീസിലും അതിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ഒരു പരാമര്‍ശവും കാണാനില്ല. പ്രവാചകനോടുള്ള അദമ്യമായ സ്‌നേഹത്തിന്റെ പേരില്‍ സ്വഹാബിമാര്‍ പലരും അത് സൂക്ഷിച്ചു എന്നത് ശരിയാണ്. എന്നാല്‍, അവരാരും അതിന് വേണ്ടി സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ പണിതിരുന്നില്ല. ആളുകളെ സംഘടിപ്പിക്കാനുള്ള മാര്‍ഗമായി സ്വീകരിച്ചില്ല. തന്റെ മുടി മരണാനന്തരവും വളരുമെന്ന് നബി പറഞ്ഞില്ല. സ്വഹാബിമാരും അപ്രകാരം പറഞ്ഞില്ല. അതിന് നിഴലുണ്ടാവില്ലെന്നോ അത് കത്തുകയില്ലെന്നോ അവരാരും വിശ്വസിക്കുകയോ പറയുകയോ ചെയ്തില്ല. അത്തരം ഒരു സംഗതിയും മുഅ്ജിസത്തില്‍ ആരും എണ്ണിയിട്ടുമില്ല. പ്രവാചകന്മാര്‍ക്ക് കല്ലേറുകൊണ്ട് ശരീരത്തില്‍ നിന്ന് രക്തമൊഴുകാം, പടച്ചട്ടയുടെ കണ്ണി നെറ്റിയില്‍ തറക്കാം, പല്ല് കൊഴിയാം, ശത്രുവിന്റെ വെട്ടേല്‍ക്കാം, മുറിവ് പറ്റാം, ഒരുവേള കൊല്ലപ്പെടുക പോലും ചെയ്യാം. പക്ഷേ, മുടി മാത്രം കത്തുകയില്ല പോലും! ഇത്തരം അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ച് സാധാരണക്കാരനെ ചൂഷണം ചെയ്യുന്നതില്‍ യാഥാസ്ഥിതിക വിഭാഗങ്ങളൊന്നും പിന്നിലല്ല എന്നതാണ് വസ്തുത.
വെല്ലൂരില്‍ ബാഖിയാത്തില്‍ സൂക്ഷിച്ച 'വിശുദ്ധ' മുടിയിട്ട വെള്ളം എന്ന് പറഞ്ഞ് 25000 രൂപ നിരക്കിലാണ് ഒരു കൂട്ടര്‍ വിറ്റത്. 'തിരുകേശം' മുക്കിയ വെള്ളം കുപ്പിയില്‍ വീട്ടില്‍ കൊണ്ടുപോയി അല്‍പം കുടിച്ച് ബാക്കി ഭദ്രമായി അടച്ചുവെച്ചത് രണ്ടു ദിവസം കഴിഞ്ഞ് കുടിക്കാന്‍ നോക്കുമ്പോള്‍ അതില്‍ ചിന്ന മുടികള്‍ വേറെയും!? വെള്ളം ഒഴിച്ചു കളഞ്ഞ് അത് നല്‍കിയ മുസ്‌ലിയാരെ ചീത്ത പറഞ്ഞ വീട്ടമ്മയെ ഈ കുറിപ്പുകാരനറിയാം. എ.പി വിഭാഗം മുടിവാങ്ങിയ ബോംബെക്കാരനോട് 5000 രൂപ നിരക്കില്‍ അഞ്ച് മുടി പരീക്ഷണത്തിന് വാങ്ങിയ ഔദ്യോഗിക വിഭാഗം അതില്‍ രണ്ടെണ്ണം പരസ്യമായി കത്തിക്കുന്നു. മുടി കത്തുന്നു. വിവരം അറിഞ്ഞ് ബോംബെയിലെ മുടി കച്ചവടക്കാരന്‍ അത് തിരിച്ചു ചോദിക്കുന്നു. കാരണം 'മുത്ത് നബി'യുടെ മുടിയല്ലേ, അതിനെയല്ലേ അവഹേളിച്ചുകളഞ്ഞത്!  മുടി കത്തിച്ചവര്‍ കുടുങ്ങിയില്ലേ. കത്തിയ 'തിരുകേശം' എങ്ങനെ തിരിച്ചുകൊടുക്കും? അവസാനം ഒരു പോംവഴി കണ്ടെത്തി. ഓഫീസ് അടിച്ചുവാരുന്ന അമ്മുവിനെ സമീപിച്ചു. അവര്‍ പനങ്കുല പോലെ സമൃദ്ധമായ തന്റെ മുടിയില്‍ നിന്ന് രണ്ടിഴ മുടിയെടുത്ത് ദാനം ചെയ്തു. അങ്ങനെ അമ്മുവിന്റെ രണ്ടിഴ മുടിക്കും 'തിരുമുടി'ശേഖരത്തില്‍ കയറിപ്പറ്റാന്‍ 'ഭാഗ്യ'മുണ്ടായി. കാര്യം അവിടം കൊണ്ടവസാനിച്ചിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. അമ്മുവിന്റേതടക്കം മുംബൈയിലേക്ക് തിരിച്ചുകൊണ്ടുപോയ 'തിരുമുടി'ക്ക് കൊണ്ടോട്ടിയില്‍ കിട്ടിയ യാത്രയയപ്പ് എന്തുമാത്രം കേമമായിരുന്നെന്നോ! സ്വലാത്ത് ചൊല്ലിയും തക്ബീര്‍ മുഴക്കിയുമായിരുന്നു യാത്ര. മറുപക്ഷം 'സൂഫീവര്യന്മാര്‍', 'പണ്ഡിത കേസരികള്‍', ഉമറാക്കള്‍ എല്ലാവരുടെയും നേതൃത്വത്തില്‍! ഈ ആഭാസത്തിന്റെ പേരായിരിക്കുന്നു ഇന്ന് പ്രവാചക സ്‌നേഹം! മുത്ത് നബിയോടുള്ള മുഹബ്ബത്ത്!!
കശ്മീരിലെ മുടിക്കലാപം മറക്കാറായിട്ടില്ല. ഹസ്രത്ത് ബാല്‍ മസ്ജിദി(തിരുകേശപ്പള്ളി)ലെ നബി(സ)യുടേതെന്ന് പറയപ്പെടുന്ന മുടി കളവു പോയി. കലാപം പടര്‍ന്നു പിടിക്കാന്‍ പിന്നെ കാരണം വേറെ വല്ലതും വേണോ? അവസാനം ഒരു പോലീസുകാരന്റെ സന്ദര്‍ഭോചിത ഇടപെടലാണ് പ്രശ്‌നം പരിഹരിച്ചത്. അയാള്‍ മുടി കൊണ്ടുവന്നു. മുടി കിട്ടി എന്ന് പ്രസ്താവനയിറക്കി. കലാപവും ശമിച്ചു!
പണ്ഡിത സമിതികള്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ വേണ്ടത് ചില കരുക്കള്‍ മാത്രമാണ്. അതുകൊണ്ട് ദുന്‍യാവും ആഖിറവും നേടാമെന്നാണ് വിചാരം. അതിനാല്‍ പണ്ഡിതന്മാര്‍ പുതിയ പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും രൂപപ്പെടുത്തുന്നു. സാമാന്യജനം അത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നു. പണ്ഡിതന്മാര്‍ ഇസ്‌ലാമിന്റെയും പ്രവാചക സ്‌നേഹത്തിന്റെയും കണക്കില്‍ സ്ഥാനമാനങ്ങളും സമ്പത്തും വാരിക്കൂട്ടുന്നു. ഖുര്‍ആന്‍ പറഞ്ഞത് എത്ര ശരി: ''വിശ്വാസികളേ, പണ്ഡിതന്മാരിലും പരീശന്മാരിലും മിക്ക ആളുകളും ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നു മുടിക്കുകയാണ്. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തിന് മുമ്പില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍