Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

മസ്ജിദുകള്‍ വിഭാവനം ചെയ്യുന്നത് വിശപ്പും ഭയവുമില്ലാത്ത ലോകം

ടി. ആരിഫലി / പ്രഭാഷണം

            മസ്ജിദ് എന്ന വാക്കിന്റെ അര്‍ഥം സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണ്. പള്ളിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നമസ്‌കാരം എന്ന ആരാധനയാണ്. ഇസ്‌ലാം നിശ്ചയിച്ച അടിസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണത്. ഏറ്റവും സാന്ദ്രതയുള്ള അനുഷ്ഠാനം. 'തക്ബീറത്തുല്‍ ഇഹ്‌റാമി'ലൂടെ നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത് മുതല്‍ 'അസ്സലാമുഅലൈക്കും' എന്ന് പറഞ്ഞ് വിരമിക്കുന്നത് വരെയുള്ള സമയത്ത്, മനസ്സും ശരീരവും ആത്മാവും ബുദ്ധിയും എല്ലാം ഒരേ കേന്ദ്രത്തിലേക്ക് തിരിഞ്ഞ് നില്‍ക്കുന്ന, എല്ലാ പ്രവൃത്തികളും എല്ലാ വാക്കുകളും ഒരേ കേന്ദ്രബിന്ദുവില്‍ ആയിത്തീരുന്ന ഗാഢമായ ഒരു ആരാധനയാണ് നമസ്‌കാരം. ആ നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലമാണ് പള്ളി. പക്ഷേ പള്ളിക്ക് പേരിട്ടപ്പോള്‍ 'നമസ്‌കാരം നിര്‍വഹിക്കുന്ന സ്ഥലം' എന്ന് പറയുന്നതിന് പകരം, നമസ്‌കാരത്തിലെ അങ്ങേയറ്റത്തെ ഒരു മുഹൂര്‍ത്തത്തെ കുറിക്കുന്ന സുജൂദ് എന്ന പദവുമായി ബന്ധിപ്പിക്കുകയാണ് ചെയ്തത്.
നമസ്‌കാരം ഒരു മുനാജാത്താണ്, ദൈവവുമായുള്ള ഒരു സംഭാഷണം. നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ നമ്മള്‍ അല്ലാഹുവിനോട് അങ്ങോട്ട് സംസാരിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ നമ്മള്‍ പാരായണം ചെയ്യുന്ന സമയത്ത് അല്ലാഹു നമ്മോട് ഇങ്ങോട്ട് സംസാരിക്കുകയാണ്. അപ്പോള്‍ അല്ലാഹു ഇങ്ങോട്ട് സംസാരിക്കുകയും, നാം അങ്ങോട്ട് സംസാരിക്കുകയും ചെയ്യുന്ന സംഭാഷണമാണ് നമസ്‌കാരം. നമസ്‌കാരത്തെ കുറിച്ച് 'അസ്സ്വലാത്തു മിഅ്‌റാജുല്‍ മുഅ്മിന്‍' എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ, വിശ്വാസിയുടെ ആകാശാരോഹണമാണ് നമസ്‌കാരം. 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞ് കൈകെട്ടി കഴിഞ്ഞാല്‍ പിന്നെ 'വജ്ജഹ്തു വജ്ഹിയലില്ലദീ ഫത്വറസ്സമാവാത്തി....' എന്ന തുടങ്ങുന്ന പ്രതിജ്ഞാ വാക്യങ്ങളിലൂടെ ആകാശ ഭൂമികളെ സൃഷ്ടിച്ചവനായ അല്ലാഹുവിനെയാണ് നാം മനസ്സില്‍ കാണുന്നത്. 'അല്‍ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍''എന്ന് പറയുമ്പോള്‍ ലോക രക്ഷിതാവായ അല്ലാഹുവിനെയാണ് നമ്മള്‍ കാണുന്നത്. പിന്നീട് റുകൂഇലേക്കും ഒന്ന് കൂടെ നിവര്‍ന്ന് സുജൂദിലേക്കും പ്രവേശിക്കുന്നു. അഥവാ അഷ്ടാംഗങ്ങളും ഭൂമിയില്‍ പതിപ്പിച്ചുകൊണ്ട് ഇബാദത്തിന്റെ അങ്ങേയറ്റത്തേക്ക് നാം എത്തിച്ചേരുന്നു. 'സുബ്ഹാനറബ്ബിയല്‍ അഅ്‌ല', 'സുബ്ഹാന റബ്ബിയല്‍ അളീം' എന്നൊക്കെയാണ് നാം പറയുന്നത്. ആകാശ ഭൂമികളുടെ നാഥന്‍, പ്രപഞ്ചത്തിന്റെ മുഴുവന്‍ നാഥന്‍ എന്നതൊക്കെ വിട്ടിട്ട് 'എന്റെ റബ്ബ്' എന്ന വല്ലാത്ത ഒരു അടുപ്പത്തിലേക്കാണ്, ഇന്റിമസിയിലേക്കാണ് പ്രവേശിക്കുന്നത്. ആ അവസ്ഥ സംഭവിക്കുന്നത് സുജൂദിലാണ്. ഒരു അടിമക്ക,് ഒരു മനുഷ്യന് അവന്റെ നാഥനുമായി അടുക്കാവുന്ന  ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും അടുത്തതുമായ സന്ദര്‍ഭം. ആ സന്ദര്‍ഭമാണ് സുജൂദ്.  ആ സുജൂദ് ചെയ്യുന്ന സ്ഥലം എന്നാണ് മസ്ജിദ് എന്ന വാക്കിന്റെ അര്‍ഥം. അപ്പോള്‍ പ്രധാനമായും നടക്കുന്നത് സുജൂദ് ആണ്.
പക്ഷേ, പള്ളിക്ക് ആരാധനയില്‍ കവിഞ്ഞ ഒരു സന്ദേശവും നല്‍കാനില്ല എന്നൊരിക്കലും നമ്മള്‍ വിചാരിക്കരുത്. പള്ളികള്‍ക്ക് വലിയ സന്ദേശമാണ് നല്‍കാനുള്ളത്.  കഅ്ബാലയമാണ് ലോകത്തെങ്ങുമുള്ള പള്ളികളുടെ ഖിബ്‌ലയായ പള്ളി. ലോകത്തെ എല്ലാ പള്ളികളും തിരിഞ്ഞു നില്‍ക്കുന്നത് കഅ്ബയിലേക്കാണ്. ആ കഅ്ബയിലേക്കാണ് ഹജ്ജ് തീര്‍ഥാടകര്‍ പോകുന്നത്. കഅ്ബയുടെ സാമൂഹിക ലക്ഷ്യങ്ങളെ സംബന്ധിച്ച് വളരെ വ്യക്തമായി തന്നെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. 'അവര്‍ ഈ ഭവനത്തിന്റെ നാഥന് ഇബാദത്ത് ചെയ്യട്ടെ, വഴിപ്പെടട്ടെ. ആ നാഥന്‍ വിശപ്പ് മാറ്റി ഭക്ഷണം നല്‍കിയവനാണ്, ഭയം മാറ്റി നിര്‍ഭയത്വം നല്‍കിയവനാണ്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഈ ഭവനത്തിന്റെ നാഥന്‍ അഥവാ കഅ്ബാലയത്തിന്റെ നാഥന്‍ അവരുടെ വിശപ്പ് മാറ്റി ഭക്ഷണം നല്‍കുകയും അവരുടെ ഭയം മാറ്റി നിര്‍ഭയത്വം നല്‍കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ബൈത്ത് എന്നതിലൂടെ വൃംഗ്യമായി ബന്ധപ്പെടുത്തുന്നത് വിശപ്പും ഭയവുമില്ലാത്ത ഒരു ലോകത്തെയാണ്. അങ്ങനെയുള്ള ഒരു ലോകമാണ് കഅ്ബാലയത്തിന്റെ സാമൂഹിക ലക്ഷ്യം എന്ന് പറയാം. വിശപ്പും ഭയവുമില്ലാത്ത ലോകമാണ് ഇസ്‌ലാമിക സങ്കല്‍പ്പത്തിലുള്ള ലോകം.
പള്ളികള്‍ മുഖേന വളര്‍ന്നുവരേണ്ടത് വിശപ്പും ഭയവുമില്ലാത്ത ഒരു ലോകമാണ് എന്ന സൂചനയാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. നിര്‍ഭയത്വത്തിന്റെ കൊടിയടയാളമായിട്ടാണ് കഅ്ബാലയം ഉയര്‍ന്ന് നില്‍ക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. കഅ്ബ സ്ഥിതി ചെയ്യുന്ന മക്കയെ നിര്‍ഭയത്വവുമായി ചേര്‍ത്ത് പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് കാണാം. മക്കയെ കുറിച്ചും കഅ്ബയെ കുറിച്ചുമുള്ള ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവരുടെ സ്വപ്ന നിര്‍ഭയത്വമാണത്. ആ നിര്‍ഭയത്വം കഅ്ബ കാരണമാണന്ന്  വിശുദ്ധ ഖുര്‍ആന്‍ പലവുരു പറയുന്നുണ്ട്.
നിര്‍ഭയത്വം നിലനിര്‍ത്തുക എന്നത് പ്രവാചകന്റെ ദൗത്യമായി ഖുര്‍ആന്‍ എടുത്ത് പറയുന്നു. അപ്പോള്‍ നിര്‍ഭയത്വത്തിന്റെ കൊടിയടയാളമായി, പ്രതീകമായി, ഐക്കണ്‍ ആയിട്ടാണ് അല്ലാഹു കഅ്ബ സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കഅ്ബ കേന്ദ്രമായി സ്വീകരിക്കുന്ന എല്ലാ പള്ളികളും നിര്‍ഭയത്വത്തിന്റെ കേന്ദ്രമായിരിക്കണം. പക്ഷേ നമ്മുടെ നാടുകളില്‍ മുസ്‌ലിംകളും ക്രൈസ്തവരും ഹൈന്ദവരും തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ പുതിയൊരു പള്ളി വരികയാണെങ്കില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കും ഹൈന്ദവ സഹോദരങ്ങള്‍ക്കും അതൊരു തരത്തിലുള്ള അസ്‌ക്യതയായി തോന്നുന്നു. ഒരു തരത്തിലുള്ള അന്യത്വമുണ്ടാക്കുന്നു. മുസ്‌ലിംകളുടെ ഒരു ആരാധനാലയം ഇവിടെ വരുന്നുണ്ട്, ഇനി എന്തൊക്കെയാണാവോ ഉണ്ടാകാന്‍ പോകുന്നത് എന്നുള്ള ഒരു തോന്നല്‍ ഇതര സമുദായങ്ങളില്‍ വരുന്നുണ്ട്. ഇത് മുസ്‌ലിം ആരാധനാലയങ്ങളെ കുറിച്ച് മാത്രമല്ല വരുന്നത്. ക്രൈസ്തവാരാധനാലയങ്ങളെ കുറിച്ചും ഹൈന്ദവ ആരാധനാലയങ്ങളെ കുറിച്ചുമൊക്കെ ഇങ്ങനെയുള്ള ഭയവും അന്യതാ ചിന്തയും അസ്‌ക്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് എന്തുകൊണ്ട് എന്ന് നമ്മള്‍ ഗൗരവപൂര്‍വം ആലോചിക്കണം. കഅ്ബയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന പള്ളികളുടെ മിനാരങ്ങള്‍ കാണുമ്പോള്‍തന്നെ നിര്‍ഭയത്വത്തിന്റെ ഒരു അടയാളമാണത് എന്ന് മറ്റു സമൂഹങ്ങള്‍ക്ക് തോന്നുന്ന ഒരു ചുറ്റുപാട് വളര്‍ത്തിക്കൊണ്ട് വരാന്‍ മുസ്‌ലിം സമൂഹത്തിന്  ബാധ്യതയുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതേസമയം, നിര്‍ഭയത്വത്തിന്റെ കൊടിയടയാളമായ പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കുന്ന മുസ്‌ലിം സമൂഹമാണ് ഇന്ന് ലോകത്ത് ഏറ്റവും അധികം ഭയത്തിന് ഇരകളായിത്തീരുന്നത്. നാനാ ഭാഗത്ത് നിന്നും ആക്രമണം നേരിടുന്ന ജനത മുസ്‌ലിം സമൂഹമായിത്തീര്‍ന്നിരിക്കുന്നു. പലപ്രദേശങ്ങളിലും ഭയം ഉല്‍പ്പാദിപ്പിക്കുന്ന ജനതയായും മുസ്‌ലിംകള്‍ മനസ്സിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തിന് വേണ്ടി ചോദിച്ചു വാങ്ങിയ രാജ്യമാണ് പാകിസ്താന്‍. പക്ഷേ, പാകിസ്താനില്‍ നിന്ന് അനുദിനം നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് മുസ്‌ലിം സമുദായത്തിലെ ഭിന്ന വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും റിപ്പോര്‍ട്ടുകളാണ്. അതു തന്നെയാണ് ബംഗ്ലാദേശില്‍ നിന്ന് നമ്മള്‍ കേള്‍ക്കുന്നത്. അതു തന്നെയാണ് സിറിയയില്‍ നിന്നും ഫലസ്വ്തീനില്‍ നിന്നും ഈജിപ്തില്‍ നിന്നും കേള്‍ക്കുന്നത്. ഒരു ഭാഗത്ത് ഭയം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന  ജനത, മറുഭാഗത്ത് ഭയം ഉല്‍പ്പാദിപ്പിക്കുന്നവരായും മാറിയിരിക്കുന്നു. അപ്പോള്‍ നിര്‍ഭയത്വത്തിന്റെ ഓര്‍മയല്ല, ഭയത്തിന്റെ ഓര്‍മയാണ് മുസ്‌ലിം സമുദായം എന്ന് കേള്‍ക്കുമ്പോള്‍ നമ്മില്‍ ഉണ്ടാവുന്നതെങ്കില്‍ പുനരാലോചന നടത്തണം.
പറഞ്ഞ് വന്നത് പള്ളി നിര്‍ഭയത്വത്തിന്റെ കേന്ദ്രമായിരിക്കണം എന്നാണ്. രണ്ടാമതായി പള്ളി സുഭിക്ഷതയുടെ കേന്ദ്രമായിരിക്കണം. പള്ളിയുടെ സുഭിക്ഷതയുടെ ആനുകൂല്യം മുസ്‌ലിം സമൂഹത്തിന് അല്ലെങ്കില്‍ വിശ്വാസികള്‍ക്ക് മാത്രം കിട്ടിയാല്‍ മതിയോ? പോര എന്നാണ് വിശുദ്ധ ഖുര്‍ആന്റെ സൂചന. 'വിശ്വാസികളായവര്‍ക്ക് ഭക്ഷണം നല്‍കേണമേ' എന്ന് ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു തിരുത്തുകയാണ്. 'അല്ല, നിഷേധികള്‍ക്കും ഭക്ഷണം ലഭിക്കണം.' ഒരു രാജ്യത്ത് ജീവിക്കുന്നവര്‍ വിശ്വാസികളാകട്ടെ വിശ്വാസികളല്ലാത്തവരാകട്ടെ, അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന് നീ പ്രവര്‍ത്തിക്കണം, നിന്റെ പ്രാര്‍ഥനയിലും അതുണ്ടാവണം എന്ന് ഇബ്‌റാഹീം നബിയോട് പറയുന്നതിനര്‍ഥം പള്ളിയെ കേന്ദ്രീകരിച്ച് നല്‍കപ്പെടുന്ന ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമല്ല, അവിശ്വാസികളായവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്നാണ്. അപ്പോള്‍ നാടിന്റെ സുഭിക്ഷതയെ അര്‍ഥവത്താക്കുന്ന, അതിന്  സാധ്യത തെളിയിക്കുന്ന കേന്ദ്രം കൂടിയായിരിക്കണം പള്ളി.
ഈ സുഭിക്ഷതയും നിര്‍ഭയത്വവും ലോകത്തു ഇന്നു നിലനില്‍ക്കുന്ന എല്ലാ തത്ത്വശാസ്ത്രങ്ങളും അംഗീകരിക്കുന്നു. എല്ലാ തത്ത്വശാസ്ത്രങ്ങളും എന്തിനാണ്? ഭയവും വിശപ്പും  ഇല്ലാത്ത ഒരു ലോകത്തിന് വേണ്ടി. എന്തിന് വേണ്ടിയാണ് ക്യാപ്പിറ്റലിസം വന്നത്? ഭയവും വിശപ്പും ഇല്ലാത്ത ഒരു ലോകത്തിന് വേണ്ടി. എന്തിന് വേണ്ടിയാണ് കമ്യൂണിസം വന്നത്? ഭയവും വിശപ്പും ഇല്ലാത്ത ഒരു ലോക നിര്‍മിതിക്കുവേണ്ടി. എല്ലാ ഐഡിയോളജികളും എല്ലാ ഫിലോസഫികളും ഭയവും വിശപ്പുമില്ലാത്ത ഒരു ലോകത്തിന് ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുമ്പോള്‍ പള്ളിയും പള്ളിയെ കേന്ദ്രീകരിച്ച് നില്‍ക്കുന്ന ദര്‍ശനവും ഭയവും വിശപ്പുമില്ലാത്ത ഒരു ലോകത്തിന്  വേണ്ടിയാണ് ശ്രമിക്കുന്നത്. ഈ ശ്രമം എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുക എന്നതിന്റെ പ്രായോഗിക പദ്ധതിയും ഖുര്‍ആന്‍ വരച്ച് കാണിക്കുന്നുണ്ട്. പ്രവാചകന്‍(സ) വിവരിച്ച് പറയുന്നുണ്ട്. അതിന്റെ ഏറ്റവും പ്രധാന അടിസ്ഥാനമായി പറയുന്നത് ഏകദൈവ വിശ്വാസമാണ്. പള്ളിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഏക ദൈവ വിശ്വാസം (തൗഹീദ്) എന്ന സന്ദേശമാണ്. ആ തൗഹീദിലൂടെ സംഭവിക്കുന്നത് എന്താണ്? മനുഷ്യ സമൂഹത്തിന്റെ ഏകത്വം എന്ന  കാഴ്ചപ്പാടാണ്.  ഈശ്വരന്‍ ഒന്നാണ് എന്ന് പറയുന്നതിലൂടെ, ആ ഈശ്വരന്റെ സൃഷ്ടികളായ മുഴുവന്‍ മനുഷ്യരും ഒന്നാണ് എന്ന് പറയുകയാണ്. അപ്പോള്‍ ഏകദൈവത്വവും ഏകമാനവികതയും ആണ് പള്ളികളുടെ മുഖ്യമായ സന്ദേശം.
മനുഷ്യന്റെ ഏകത്വം എന്ന് പറഞ്ഞല്ലോ. 'നിങ്ങള്‍ എല്ലാവരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമുള്ളവരാണ്. നിങ്ങള്‍ ആദമില്‍ നിന്നുള്ളവരാണ്, ആദമാകട്ടെ മണ്ണില്‍ നിന്നുള്ളവനും' എന്ന മനുഷ്യ സഞ്ചയത്തോടുള്ള സംബോധനയാണ് ഏകമാനവികതയുടെ കാതലായ വശം. രണ്ടാമതായി, മനുഷ്യര്‍ ചീര്‍പ്പിന്റെ പല്ലുകള്‍പോലെ സമന്മാരാണ്. അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു വിശേഷവും ഇല്ല എന്ന ഉജ്വലമായ ഒരാശയം ഓരോ പള്ളിയും നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
സുഭിക്ഷതയിലേക്കുള്ള മാര്‍ഗം മനുഷ്യനെ ഒന്നായി കാണാനും മനുഷ്യനോട് നീതി പുലര്‍ത്താനും സാധ്യമാകുക എന്നുള്ളതാണ്. എന്ത് കൊണ്ടാണ് ലോകത്ത് ഭയം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്? അനീതിയില്‍ നിന്നാണ് ഭയം ഉണ്ടാകുന്നത്. അനീതിക്ക് വിധേയമാകുന്നവരാണ് സ്വന്തം നിലമറന്ന് അക്രമത്തിന് ഒരുങ്ങി പുറപ്പെടുന്നത്. എവിടെ നീതിയുണ്ടോ അവിടെ നിര്‍ഭയത്വമുണ്ട്. ഒരിക്കല്‍ ഖലീഫാ ഉമറി(റ)നെ അന്വേഷിച്ച് വന്ന ഒരാള്‍ അദ്ദേഹത്തെ തെരഞ്ഞു നടക്കുന്നു. അപ്പോള്‍ ഒരു ഒഴിഞ്ഞ സ്ഥലത്ത് ചരല്‍ കല്ലില്‍ ഉമര്‍ മലര്‍ന്ന് കിടക്കുന്നു. സൂര്യനസ്തമിക്കാത്ത രാജ്യം,  അത്രക്ക് വിശാലമായ രാജ്യത്തിന്റെ ഭരണാധികാരിയാണ് ഈ കിടന്നുറങ്ങുന്നത്. അന്ന് ഉമറി(റ)നോട് ആ വിദേശ സഞ്ചാരി പറയുന്ന ഒരു വാക്യമുണ്ട്, അദല്‍ത ഫ അമിന്‍ത ഫ നിംത (താങ്കള്‍ നീതി കാണിച്ചു, അപ്പോള്‍ താങ്കള്‍ക്ക് നിര്‍ഭയത്വം ലഭിച്ചു, അങ്ങനെ താങ്കള്‍ ഉറങ്ങി). നിര്‍ഭയനായി ഉറങ്ങാന്‍ കഴിയുന്നത് നീതിയുടെ തണലിലാണ്. നീതിയുടെ കാവല്‍ക്കാരന്‍ നീതിയുടെ തണലില്‍ കിടന്നുറങ്ങുകയാണ്.
    അപ്പോള്‍ സ്വപ്നങ്ങളും സാമൂഹിക ലക്ഷ്യങ്ങളും അവതരിപ്പിക്കുക മാത്രമല്ല, അത് സാക്ഷാല്‍ക്കരിക്കാനുള്ള വിശ്വാസപരവും കര്‍മപരവുമായ അടിത്തറ കൂടി നല്‍കുകയാണ് വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമും ചെയ്യുന്നത്. ഈ സന്ദേശങ്ങളെ സ്വാംശീകരിക്കാനും ഈ സന്ദേശ പ്രചാരണത്തിനായി ലോക സഞ്ചാരം നടത്താനും അവയെ പ്രതീകവത്കരിക്കാനും പ്രതിനിധീകരിക്കാനും തയാറാകാത്തതാണ് മുസ്‌ലിം സമൂഹം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും കാരണം.  
(കാവനൂര്‍ അത്താണിക്കല്‍ 'അബൂബക്ര്‍ സ്വിദ്ദീഖ് ജുമാ മസ്ജിദ്' ഉദ്ഘാടന വേളയില്‍ ചെയ്ത പ്രസംഗം).
സമാഹരണം: സഈദ് മുത്തനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍