Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

അണ്ണ തിരിയുന്നത് ആരുടെ കുറ്റിയില്‍?

ഇഹ്‌സാന്‍ / മാറ്റൊലി

              അംബാനിയെന്ന വടവൃക്ഷത്തെ തൊട്ടുകളിക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കും ഇന്നോളം ധൈര്യമുണ്ടായിട്ടില്ല. പക്ഷേ ഭരണത്തിലിരുന്ന 47 ദിവസം കൊണ്ട് കോടതി ഭാഷയില്‍ നിലനില്‍ക്കുന്ന ഒരു എഫ്.ഐ.ആര്‍ അംബാനിക്കും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്യാന്‍ കെജ്‌രിവാളിനായി. മറുഭാഗത്ത് സംശുദ്ധ രാഷ്ട്രീയ സങ്കല്‍പ്പങ്ങളുടെ ആള്‍രൂപമായിരുന്ന അണ്ണാഹസാരെ മമതാ ബാനര്‍ജിയെ പിന്തുണച്ച് അഴിമതിവിരുദ്ധ സമരം എന്ന പ്രസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ അപഹാസ്യമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കു മാത്രമല്ല സര്‍ക്കാറിലെ ഓരോ തൂണുകള്‍ക്കും തൃണങ്ങള്‍ക്കും കാര്യസാധ്യത്തിന് കൈക്കൂലി കൊടുക്കേണ്ട കാലത്താണ് സാധാരണക്കാരനായ ബംഗാളിയുടെ ജീവിതം. കെജ്‌രിവാളിന്റെ തികച്ചും സുതാര്യമായിരുന്ന ഭരണത്തെ കണ്ടില്ലെന്നു നടിച്ച അണ്ണ, മമതക്കു വേണ്ടി ഇന്ത്യയിലുടനീളം പ്രചാരണം നടത്താന്‍ പോകുന്നു... ന്യായം ലളിതം! സര്‍ക്കാറിന്റെ മൂന്നുമുറി ഫ്‌ളാറ്റില്‍ താമസിച്ചതു കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ മഹാനാവുന്നില്ല. മമതാ ബാനര്‍ജി ലളിതജീവിതത്തിന്റെ മാതൃകയാവാനുള്ള കാരണമോ? അവര്‍ ഇന്നും പഴയ രണ്ടുമുറി വീട്ടിലാണ് കൊല്‍ക്കത്തയില്‍ ജീവിക്കുന്നത്! പോഴത്തം എന്നല്ലാതെ എന്തുവിശേഷിപ്പിക്കാം ഇതിനെ?
അണ്ണായുടെ ഇരട്ടത്താപ്പ് ഇതുപോലെ പരസ്യമായ ഒരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. അഴിമതിയെ കുറിച്ച് ബി.ജെ.പിക്ക് കോണ്‍ഗ്രസിനോടു പറയാന്‍ യോഗ്യതയില്ലായിരുന്ന ഒരുകാലത്ത് ആര്‍.എസ്.എസിനു വേണ്ടി പൊയ്‌വേഷം കെട്ടി യുദ്ധം ചെയ്യുകയാണ് അണ്ണാ ഹസാരെ ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. അഴിമതി വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെക്കാള്‍ ഒട്ടും മോശമല്ലാത്ത ചില കപട സന്യാസിമാരും തല്‍പരകക്ഷികളും സംഘം ചേരുകയും അണ്ണായുടെ വേദിയില്‍ നിന്നും പരസ്യമായി ബി.ജെ.പിക്ക് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് രാലിഗന്‍ സിദ്ദി എന്ന മഹാരാഷ്ട്രയിലെ ഗ്രാമത്തിലേക്കു തന്നെ അഭിനവ ഗാന്ധി മടങ്ങിപ്പോകേണ്ടിവന്നത്. താല്‍പര്യങ്ങളുടെ ഈ 'മഹാത്മാവിനെ' പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിനതീതമായി പുതിയൊരു രാഷ്ട്രീയ നീക്കവുമായി കെജ്‌രിവാളും സിസോദിയയും പ്രശാന്ത് ഭൂഷണും രംഗത്തെത്തി. അത് ബി.ജെ.പിയുടെ താല്‍പര്യങ്ങളെ തുരങ്കം വെക്കുമെന്ന് നന്നായി അറിയാമായിരുന്ന അണ്ണ ഒന്നല്ലെങ്കില്‍ മറ്റൊരു ഞൊണ്ടിന്യായം പറഞ്ഞ് ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചു കൊണ്ടേയിരുന്നു. അണ്ണയുടെ പേര് ഉപയോഗിക്കരുതെന്ന് കെജ്‌രിവാളിന് കത്തയച്ചു. ഒരിക്കല്‍ പോലും തന്റെ അരുമ ശിഷ്യന്റെ ദല്‍ഹി സര്‍ക്കാറിനെ കുറിച്ച് നല്ലതു പറഞ്ഞില്ല. അഴിമതിയും ഇന്ത്യന്‍ രാഷ്ട്രീയവും തമ്മിലുള്ള നാഭീനാള ബന്ധത്തെ കെജ്‌രിവാള്‍ തുറന്നു കാട്ടിയപ്പോള്‍ അംബാനിയെ കുറിച്ച് അണ്ണാ ഹസാരെ ഒന്നു മുറുമുറക്കുക പോലും ചെയ്തില്ല.
അണ്ണാ ഹസാരെക്ക് എന്തുകൊണ്ട് മമതാ ബാനര്‍ജി പൊടുന്നനെ വിശുദ്ധയായി എന്നല്ലേ? ആര്‍.എസ്.എസ് മുമ്പൊരിക്കല്‍ ഏല്‍പ്പിച്ച ദൗത്യം ഇതുതന്നെയാണെന്ന് അണ്ണ ഒടുവില്‍ സ്വയം തെളിയിക്കുകയാണ്. 30 ശതമാനത്തിലേറെ മുസ്‌ലിം വോട്ടര്‍മാരുള്ള ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി മുന്നണിയിലേക്ക് ചേരാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് മമത അകപ്പെട്ടിരിക്കുന്നത്. മമത ബംഗാളില്‍ മേല്‍ക്കൈ നേടുക എന്നതും തമിഴ്‌നാട്ടില്‍ ജയലളിതക്ക് വിലപേശാന്‍ കഴിയാത്ത അവസ്ഥയിലെത്തുക എന്നതും നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി മോഹം സഫലമാകാനുള്ള ഒന്നാമത്തെയും രണ്ടാമത്തെയും അനിവാര്യമായ ഉപാധികളാണ്. ബംഗാളില്‍ സി.പി.എമ്മിന്റെ ചിത്രം ദിനംപ്രതി മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വംഗനാട്ടിലെ മോഡിയുടെ പ്രഥമ റാലിയെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയെങ്കിലും പൊങ്കാലക്ക് 40 ലക്ഷം പെണ്ണുങ്ങള്‍ പങ്കെടുത്തതു മാതിരിയുള്ള ഒരു ഊഹക്കണക്കായിരുന്നു ഇത്. ശുദ്ധ പരാജയമായിരുന്നു റാലി. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ വരുണ്‍ ഗാന്ധി പറഞ്ഞത് കൊല്‍ക്കത്ത റാലിയില്‍ മോഡിയെ കേള്‍ക്കാനെത്തിയത് ഏറിയാല്‍ 40,000 പേര്‍ എന്നായിരുന്നു. തൊട്ടു പിറകെ ഇതേ കൊല്‍ക്കത്തയില്‍ പ്രകാശ് കാരാട്ട് എന്ന അല്‍പ്പം പോലും ജനകീയനല്ലാത്ത സി.പി.എം സെക്രട്ടറിയുടെ റാലിയും നടന്നു. മോഡിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ പോലും വിലയിരുത്തിയത് ലക്ഷങ്ങള്‍ എന്നായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ജനക്കൂട്ടം 3 ലക്ഷം കവിഞ്ഞിരുന്നുവത്രെ. മമതക്ക് ബംഗാളില്‍ തിരിച്ചടി കിട്ടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അണ്ണ ബംഗാളിലേക്ക് പുറപ്പെട്ടത്.
വിശാലമായ അര്‍ഥത്തില്‍ മുകേഷ് അംബാനിയാണ് 'അഴിമതി' വിരുദ്ധ പോരാട്ടത്തിന്റെ തിരിക്കുറ്റിയായി മാറുന്നത്. അംബാനിയുടെ ഭാഷയില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സ്വന്തം കടയും നരേന്ദ്ര മോഡി മഹാത്മാ ഗാന്ധിയേക്കാളും വലിയ നേതാവുമായിരുന്നു. പക്ഷേ മോഡി പ്രധാനമന്ത്രിയാവണമെന്നത് മറ്റാരേക്കാളും അംബാനിയുടെ മോഹമായി മാറി. കടനടത്തി വേണ്ടരീതിയില്‍ ലാഭം കൊടുക്കാത്തതാണ് 48,000 കോടി എഴുതിത്തള്ളി കൊടുത്തിട്ടു പോലും കോണ്‍ഗ്രസിനെതിരെ  അംബാനി തിരിയാനുള്ള കാരണം. സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും മുട്ടിന് മുട്ടിന് തിക്കിത്തിരക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരാളും ഇങ്ങോരെ ചോദ്യം ചെയ്യാനുണ്ടായിരുന്നില്ല. ഇത്രയും കാലം കൈയിലുണ്ടായിട്ടും സി.പി.എമ്മിന് ഉപയോഗിക്കാന്‍ ധൈര്യമില്ലാതിരുന്ന വിവരങ്ങളാണ് ഒന്നൊന്നായി കെജ്‌രിവാള്‍ ഒടുവില്‍ വിളിച്ചു പറഞ്ഞത്. സി.പി.ഐയുടെ വൃദ്ധനേതാവ് എ.ബി ബര്‍ദാന്‍ മാത്രമാണ് കോടതിയിലെങ്കിലും അംബാനിയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച ഒരേയൊരു കമ്യൂണിസ്റ്റ്. കെജ്‌രിവാളിനെ തോളിലേറ്റിയ മാധ്യമങ്ങള്‍ ഇപ്പോഴദ്ദേഹത്തെ കുളിപ്പിച്ചു കിടത്താന്‍ മത്സരിക്കുന്നതിന്റെ കാരണം ഇവിടെയാണ് തെരയേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍