Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയ കഥ

അബൂ സ്വാലിഹ പാലക്കാട്

മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയ കഥ

               'ബഹിഷ്‌കരിക്കപ്പെട്ട മൗദൂദിവാദി' എന്ന തലക്കെട്ടില്‍ കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ഓര്‍മക്കുറിപ്പുകള്‍(ലക്കം 2836, 37) വായിച്ചപ്പോള്‍ ഈ കുറിപ്പുകാരന് സ്വന്തം മഹല്ലില്‍ നേരിടേണ്ടിവന്ന ഒരനുഭവം കുറിക്കട്ടെ.

ഗള്‍ഫിലായിരിക്കെ മഹല്ല് പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവരുടെ വിവാഹ, ചികിത്സാ കാര്യങ്ങള്‍ക്കും മറ്റുമായി ദമ്മാമിലെ സ്‌കിഫ് പോലുള്ള സഹായനിധികളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും മറ്റുമായി സഹായങ്ങള്‍ എത്തിച്ചിരുന്നു. ഇക്കാരണത്താല്‍ പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ 17 അംഗ മഹല്ല് കമ്മിറ്റിയിലേക്ക് ഈയുള്ളവനെയും തെരഞ്ഞെടുത്തു. പള്ളി- മദ്‌റസകളും ഉസ്താദുമാരുടെ ശമ്പള-ഭക്ഷണാദി കാര്യങ്ങളും നബിദിനാഘോഷവും ബദ്‌രീങ്ങളുടെ നേര്‍ച്ചയും ആണ്ടറുതികളും മറ്റും ഭംഗിയായി കൊണ്ടുനടത്തുന്ന കമ്മിറ്റി ഒരു കാര്യത്തില്‍ വല്ലാത്ത അശ്രദ്ധ കാണിക്കുന്നത് ഞാനവരുടെ ശ്രദ്ധയില്‍ പെടുത്തി. യുവാക്കളുടെ സംസ്‌കരണ വിഷയത്തിലായിരുന്നു അത്. എല്ലാ വെള്ളിയാഴ്ചയിലും മഹല്ലിലെ ബഹുഭൂരിപക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന ജുമുഅ ഖുത്വ്ബക്ക് മുമ്പോ ശേഷമോ യുവാക്കളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഖത്വീബ് പത്തോ ഇരുപതോ മിനിറ്റ് സംസാരിച്ചാല്‍ അവരെ അത് വല്ലാതെ സ്വാധീനിക്കുമെന്ന കാര്യം ഉള്‍ക്കൊള്ളാനോ പ്രാബല്യത്തില്‍ കൊണ്ടുവരാനോ കമ്മിറ്റിയോ ഖത്വീബോ തയാറായില്ല. 'നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ റമദാനില്‍ പള്ളിയില്‍ വെച്ച് ഈ ദൗത്യം ഞാനേറ്റെടുക്കാം, എനിക്കവസരം തരണം' എന്ന് കമ്മിറ്റിയില്‍ ഞാന്‍ വാദിക്കുകയും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.
ജമാഅത്ത് ഹല്‍ഖാ യോഗങ്ങള്‍ക്കും മറ്റും ക്ലാസ്സെടുക്കാന്‍ പോകുന്ന, മൗലിദ് -റാത്തീബാദി ആണ്ടറുതികളില്‍ പങ്കെടുക്കാത്ത എന്നെ പള്ളിയില്‍ ക്ലാസ്സെടുക്കാന്‍ അനുവദിക്കണമെന്നും വേണ്ടെന്നും കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന് വിരുദ്ധമായി ഞാനൊന്നും പറയുകയില്ലെന്നുറപ്പ് കൊടുത്തിട്ടും അവസരം നല്‍കിയില്ല.
വര്‍ഷം ഒന്നു തികഞ്ഞപ്പോള്‍ ജനറല്‍ ബോഡി തീരുമാന പ്രകാരം അതേ കമ്മിറ്റി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, എന്റെ പേരുണ്ടായിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ നാട്ടിലെ മൗലിദ്- റാത്തീബാദി കാര്യങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയെന്ന് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കമ്മിറ്റിയംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ രാത്രി വീട്ടിലേക്ക് വന്നു. ഞാനവരെ സ്വീകരിച്ചിരുത്തി. വന്ന കാര്യം ഒരാള്‍ വിശദീകരിച്ചു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിലേക്ക് താങ്കളെ തിരിച്ചുകൊണ്ടുവരാന്‍ വന്നതാണെന്നും മഹല്ലിലെ എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്നും അല്ലെങ്കില്‍ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു.
അവര്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: ''ഞാന്‍ ചില കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്, ആ കര്‍മങ്ങള്‍ എനിക്ക് നാളെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. ഖുര്‍ആനിലോ നബിചര്യയിലോ വ്യക്തമായ തെളിവില്ലാത്തതും 'സംശയാസ്പദമായ കാര്യങ്ങളെ സൂക്ഷിക്കുന്നവര്‍ തന്റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കുന്നു' എന്ന ഹദീസിനെ മുന്‍നിര്‍ത്തിയാണെ''ന്നും അവരോട് പറഞ്ഞു. നിങ്ങള്‍ പറയുന്നതിലും ഗുരുതരമായ ചില കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും ഓര്‍മപ്പെടുത്തി. അപ്പോള്‍ അതെന്താണെന്നായി അവര്‍. ഞാനവരോട് ചോദിച്ചു: ''റമദാനില്‍ പോലും സുബ്ഹ് നമസ്‌കാരത്തിന് പള്ളിയില്‍ വരാത്ത കമ്മിറ്റിയംഗങ്ങളുള്‍പ്പെടെയുള്ളവര്‍ നമ്മുടെ മഹല്ലിലില്ലേ? പള്ളിയില്‍ ഒരു വഖ്തിനു പോലും പങ്കെടുക്കാത്തവരും കള്ള് കുടിച്ച് നടക്കുന്നവരുമില്ലേ? അവരെയൊക്കെ സംസ്‌കരിച്ച് ശരിയാക്കിയിട്ട് പോരെ സുന്നത്തായ (?) ഈ കാര്യങ്ങള്‍ക്ക് എന്നെ നിങ്ങള്‍ നിര്‍ബന്ധിക്കാന്‍?'' ഇത് കേട്ടപ്പോള്‍ വന്നവരില്‍ പകുതി പേര്‍ എഴുന്നേറ്റ് സ്ഥലം വിട്ടു. ബാക്കിയുള്ളവരോട് ഞാന്‍ പറഞ്ഞു: ''നിര്‍ബന്ധ കാര്യങ്ങളില്‍ നമുക്കിടയില്‍ യാതൊരഭിപ്രായ വ്യത്യാസവുമില്ല. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക. കാരണം അത് ഐഛികമാണ്. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യാതിരിക്കട്ടെ. അതിന്റെ ശരിതെറ്റുകള്‍ അല്ലാഹുവിന് വിടുക. മഹല്ലില്‍ ഭിന്നിപ്പ് വരാതെ നാം ഒറ്റക്കെട്ടായി മുന്നേറുക. എങ്കിലേ ശാന്തിയും സമാധാനവും ഉണ്ടാവൂ. വെറുതെ നിങ്ങള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്.'' അതിനു ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഒറ്റക്കെട്ടായി മഹല്ലിനു വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുന്നു.
അബൂ സ്വാലിഹ പാലക്കാട്

സീസിയെ പിന്തുണക്കുന്നതാര്?

           പ്രബോധനം ലക്കം 2836-ല്‍ മൂസക്കുട്ടി വെട്ടിക്കാട്ടിരി എഴുതിയ ലേഖനം, അങ്കിള്‍സാമിന്റെയും അവര്‍ക്ക് ഓശാന പാടുന്ന ഭരണാധികാരികളുടെയും ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ പര്യാപ്തമായി. ആറു പതിറ്റാണ്ടുകാലം ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലൂടെ അമേരിക്കയുടെയും സയണിസ്റ്റുകളുടെയും ഇഷ്ട തോഴനായി ഈജിപ്ത് ഭരിച്ച ഹുസ്‌നി മുബാറകിന്റെ പേര് എത്ര പെട്ടന്നാണ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നന്നാക്കി എടുത്തത്!
ജനാധിപത്യ ധ്വംസനത്തിനും കിരാത വാഴ്ചക്കും മുബാറക്കിനേക്കാളും താനാണ് കേമനെന്ന് കുറഞ്ഞ നാള്‍ കൊണ്ട് സീസി തെളിയിച്ചു.

ഫലസ്ത്വീന്‍ ജനതക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയും പള്ളി മിമ്പറുകളിലെ പ്രാര്‍ഥനകളെ പോലും നിരര്‍ഥകമാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ആത്മാര്‍ഥതയും ഇതോടൊപ്പം മനസ്സിലാക്കാം.
മുര്‍സി അധികാരമേറ്റ ശേഷം
ഫലസ്ത്വീന്‍ ജനതക്കുണ്ടായ ആശ്വാസം മാത്രം മതി മുര്‍സിയെ പിന്തുണക്കാനുള്ള ന്യായമായി.
കെ.എ ജബ്ബാര്‍
അമ്പലപ്പുഴ

അസീമാനന്ദയുടെ വെളിപ്പെടുത്തലും തിരുത്തപ്പെടേണ്ട ധാരണയും

              കാരവന്‍ മാസികയുമായുള്ള അഭിമുഖത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ അസീമാനന്ദ നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മുമ്പ് ജയിലില്‍ വെച്ച് കലീം എന്ന സഹതടവുകാരനോട് ഏറ്റു പറഞ്ഞ സത്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചിരിക്കുന്നതെങ്കിലും ഇത്തവണ കുറെകൂടി വിശദമായി തന്നെ ചില യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയുണ്ടായി. രാജ്യത്ത് നടന്ന ചില സ്‌ഫോടന സംഭവങ്ങളില്‍ ആര്‍.എസ്.എസ്സിന്റെയും അതിന്റെ തലവന്‍ മോഹന്‍ ഭഗ്‌വതിന്റെയും പങ്ക് അസീമാനന്ദ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന അടിയുറച്ച ചില ധാരണകളെ ഇളക്കിമറിക്കാന്‍ പര്യാപ്തമാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍. രാജ്യത്ത് എവിടെ സ്‌ഫോടനങ്ങള്‍ നടന്നാലും ഭീകരാക്രമണങ്ങള്‍ ഉണ്ടായാലും പോലീസും അന്വേഷണ ഏജന്‍സികളും അതിന്റെ ഉത്തരവാദിത്വം മുസ്‌ലിം നാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയോ വ്യക്തികളുടെയോ പേരില്‍ ആരോപിക്കുകയാണ് നടപ്പുരീതി. പിന്നീട് അന്വേഷണം എന്ന പേരില്‍ റെയ്ഡ് നടത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്നു. ഇങ്ങനെ വെറും സംശയത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ വിചാരണത്തടവുകാരായി കഴിയുന്ന നൂറുകണക്കിന് നിരപരാധികള്‍ രാജ്യത്തിന്റെ വിവിധ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നതിന് പിന്നില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ കരങ്ങളാണെന്നും അവര്‍ക്ക് മാത്രമേ അതൊക്കെ ചെയ്യാന്‍ സാധിക്കൂ എന്നുമുള്ള പ്രചാരണങ്ങളും മുന്‍ധാരണകളും തിരുത്തപ്പെടേണ്ടതാണ്. രാജ്യത്ത് നടന്ന ചില സ്‌ഫോടനങ്ങളുടെ സൂത്രധാരകര്‍ സംഘ്പരിവാര്‍ സംഘടനകളാണെന്ന് വെളിപ്പെട്ടിരിക്കെ അവരെ അന്വേഷണം നടത്തി ശിക്ഷിക്കാനും തടവില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കാനും ഭരണകൂടം തയാറാകേണ്ടതാണ്.
അബൂ അമീന്‍ ദോഹ

തിരുത്ത്

            മുഹ്‌യിദ്ദീന്‍ മാലയെക്കുറിച്ച് ഞാനെഴുതിയ പ്രതികരണത്തില്‍ (ലക്കം 2839) ഒരു തെറ്റ് വന്നിട്ടുണ്ട്. '30.89 (30 വര്‍ഷത്തിലധികം) എന്ന സംഖ്യയെ, 1025ല്‍ നിന്ന് കുറച്ചാല്‍ കിട്ടുന്നതാണ് ഹിജ്‌റ 1025ന് സമാനമായ ക്രിസ്തുവര്‍ഷം' എന്ന വാചകത്തില്‍ '1025ല്‍ നിന്ന് കുറച്ചാല്‍...' എന്നതിനു പകരം '1647ല്‍ നിന്ന് കുറച്ചാല്‍...' എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
സമീര്‍ ബിന്‍സി


സമീപകാല സംഭവങ്ങളുടെ ചേരുവകള്‍ ചേരുംപടി ചേര്‍ത്ത് വെച്ചൊരുക്കിയ എന്‍.എന്‍ അബ്ദുല്‍ ഗഫൂറിന്റെ കവിത 'ജീവിക്കുന്നതിലും നല്ലതാണ് ജീവപര്യന്തം' (ലക്കം 2838) അസ്സലായിട്ടുണ്ട്.  അരുണ്‍ ഗാന്ധിഗ്രാമിന്റെ 'ശിവകാശിപ്പടക്കങ്ങളും' നമ്മുടെ ഉള്ള് കരിച്ചുകളയുന്നുണ്ട്.
മമ്മൂട്ടി കവിയൂര്‍


ഞാന്‍ പ്രബോധനം വാരികയുടെ പുതിയ വരിക്കാരനാണ്. വാരിക കെട്ടിലും മട്ടിലും കുറ്റമറ്റതാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആത്മസംസ്‌കരണത്തിനുതകുന്ന വിഭവങ്ങള്‍ കൊണ്ട് ഏറെ സമൃദ്ധവും.
അബൂബക്കര്‍ മാറഞ്ചേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍