Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

സമകാലിക പൗരോഹിത്യത്തിന്റെ നവരസങ്ങള്‍

ഷാനവാസ് കൊല്ലം / കവര്‍ സ്‌റ്റോറി

ഇസ്‌ലാമിന്റെ വിമോചനമുഖം കൂടുതല്‍ പ്രാകൃതമായിക്കൊണ്ടിരിക്കുകയും ജനാധിപത്യ മനുഷ്യാവകാശ പോരാട്ടങ്ങളുടെ നായകത്വം ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ അര്‍പ്പിതമാവുകയും ചെയ്ത സവിശേഷമായ ഒരു ചരിത്ര ഘട്ടമാണിത്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്കു ശേഷം, ഇസ്‌ലാമിനെ ഭീകരതയുമായി ചേര്‍ത്ത് നിര്‍മിക്കപ്പെട്ട സമവാക്യത്തെ അറബ് വസന്തം അപ്രസക്തമാക്കി. പ്രായോഗിക രംഗത്ത് ആകസ്മികമായ ചില വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടായതോടൊപ്പം തന്നെ അത് സൃഷ്ടിച്ച ആശയപരവും ദര്‍ശനപരവുമായ മുന്നേറ്റം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും സമീപമോ വിദൂരമോ ആയ ഭാവിയില്‍ വലിയ ഫലങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. എന്നാല്‍, ഇതിന്റെ മറുവശത്ത് മേല്‍ പറഞ്ഞതിന് നേര്‍ വിപരീതമായി മുസ്‌ലിം സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിലോമകരമായ ഒരു പ്രവണതയെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇസ്‌ലാമിന്റെ വിമോചന മൂല്യത്തില്‍ നിന്ന് വിദൂരവും ഇസ്‌ലാമിന്റെ സന്തുലിത ഘടനക്ക് വിരുദ്ധവുമായ 'ഒരു പൗരോഹിത്യ-ആത്മീയ ഇസ്‌ലാം' സ്ഥാപിച്ചെടുക്കാനുള്ള ശ്രമം മുമ്പെന്നെത്തേക്കാളും ശക്തിപ്പെട്ടിരിക്കുന്നു. മുമ്പ് 'ഇസ്‌ലാമിക ഭീകരത'യോട് നിഴല്‍ യുദ്ധം നയിച്ചവര്‍ക്ക് സമുദായത്തില്‍ നിന്നുള്ള സഖ്യകക്ഷി എന്ന നിലയിലോ, അറബ് വസന്തത്തിന്റെ ശത്രുക്കളുടെ ആഗ്രഹമനുസരിച്ചുള്ള ഒരു മതത്തിന്റെ പ്രചാരകരെന്ന നിലയിലോ ഉള്ള ധര്‍മമാണ് മേല്‍ പറഞ്ഞ 'പൗരോഹിത്യ മത'ത്തിന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ നിര്‍വഹിക്കുന്നത്. പുതിയ വിവര വിപ്ലവവും സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണവും എല്ലാ തരത്തിലുമുള്ള ആശയവിനിമയങ്ങളെയും അനായാസമാക്കിയത് വ്യാജ ആത്മീയതയുടെയും പൗരോഹിത്യത്തിന്റെയും പ്രചാരണത്തെ സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി യുവാക്കളുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ആശയക്കുഴപ്പങ്ങളിലകപ്പെടുന്നതും പതിവായി. അതുകൊണ്ട് ഈ വിഷയം കൃത്യമായി വിശകലനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.

പൗരോഹിത്യത്തിന്റെ ചരിത്രം
ഇസ്‌ലാമിന് തികച്ചും അന്യമായ പൗരോഹിത്യം ഇസ്രയേല്‍ സമുദായത്തില്‍ രൂപം കൊണ്ട പ്രതിഭാസമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍ഹദീദ് 27). ദൈവിക മതത്തിലെ അപലപനീയമായ കൂട്ടിച്ചേര്‍ക്കല്‍ (ബിദ്അത്ത്) എന്ന ആക്ഷേപം ഉള്ളതോടൊപ്പം, വേറിട്ടൊരു മതജീവിതം എന്ന അര്‍ഥത്തില്‍ സവിശേഷമായ സാമൂഹിക സാഹചര്യത്തില്‍ സദുദ്ദേശത്തോടെ രൂപം കൊണ്ടതായിരുന്നു അത്. ലളിതജീവിതവും ഏകാന്ത ധ്യാനവും ലക്ഷ്യം വെക്കുന്ന 'സന്യാസം' എന്ന നിലക്കായിരുന്നു അതിന്റെ തുടക്കം. ഒരു ഘട്ടത്തില്‍ അവരില്‍പ്പെട്ട വലിയൊരു വിഭാഗം ആത്മപീഡനപരമായ ആചാര സമ്പ്രദായങ്ങള്‍ സ്വീകരിച്ചു. കുറേക്കൂടി മുന്നോട്ടുപോയപ്പോള്‍ കാടുകളിലും പര്‍വത പ്രാന്തങ്ങളിലും കഴിഞ്ഞിരുന്ന സന്യാസിമാര്‍ മഠങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ക്രമേണ മഠങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമായി. ഭരണാധികാരികളില്‍ നിന്നുള്ള പാരിതോഷികം എന്ന നിലക്കും വിശ്വാസികളുടെ സംഭാവനയായും ധാരാളം സമ്പത്ത് മഠങ്ങളില്‍ വന്നുചേര്‍ന്നു. അതോടു കൂടി തുടക്കത്തിലുണ്ടായിരുന്ന ലളിത ജീവിതം അപ്രത്യക്ഷമാവുകയും കൂടുതല്‍ സുഖലോലുപവും വിശുദ്ധ പരിവേഷം വകവെച്ച് നല്‍കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമായ സമൂഹത്തിലെ ഒരുപരി വര്‍ഗമെന്ന നിലക്ക് 'പുരോഹിതന്മാര്‍' ജന്മമെടുത്തു. ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ഈ പ്രതിഭാസത്തെ വിശകലനം ചെയ്യുകയും പുരോഹിതന്മാരെയും അവരെ ഈ പദവിയിലേക്ക് അവരോധിച്ച പൊതുജനത്തെയും ശക്തമായി നിരൂപണം നടത്തുകയും ചെയ്യുന്നുണ്ട്. ഒമ്പതാം അധ്യായം (അത്തൗബ) 31-ാം സൂക്തം ഇങ്ങനെ വായിക്കാം: ''അവര്‍, ഇസ്രയേല്‍ സമുദായം- മത പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന്  പുറമെ ഈശ്വരന്മാരായി വരിച്ചു. മര്‍യമിന്റെ മകന്‍ മിശിഹായെയും അങ്ങനെ ഗണിച്ചു. ഏകദൈവത്തിനു മാത്രം ഇബാദത്ത് ചെയ്യാനേ അവര്‍ക്ക് കല്‍പനയുണ്ടായിരുന്നുള്ളൂ. അവനല്ലാതെ മറ്റൊരു ദൈവവും ഇല്ലല്ലോ! അവര്‍ ആരോപിക്കുന്ന പങ്കാളിത്തങ്ങളില്‍ നിന്നൊക്കെ എത്രയോ പരിശുദ്ധനത്രെ അവന്‍.''
മേല്‍ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ ഉള്‍പ്പെടെയുള്ള മിക്ക വ്യാഖ്യാതാക്കളും ഉദ്ധരിക്കുന്ന ഒരു സംഭവം ശ്രദ്ധേയമാണ്. അദിയ്യുബ്‌നു ഹാതിം (റ) ഇസ്‌ലാമിക പൂര്‍വകാലത്ത് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ്. മുഹമ്മദ് നബി(സ)യുടെ നിയോഗ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അവിടുത്തെ സന്നിധിയിലെത്തി. ആഗതന്റെ കഴുത്തില്‍ ഒരു വെള്ളിക്കുരിശ് ഉണ്ടായിരുന്നു. ഇത് കണ്ട പ്രവാചകന്‍(സ) മേല്‍ സൂക്തം പാരായണം ചെയ്തു: ''ഇസ്രാഈല്യര്‍ ഈ പറയപ്പെട്ടവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലല്ലോ''-ഇതായിരുന്നു അദിയ്യി(റ)ന്റെ പ്രതികരണം. നബി(സ) അദിയ്യിന് വിശദീകരിച്ചുകൊടുത്തു: ''ഈ പണ്ഡിത-പുരോഹിതന്മാര്‍ വിഹിതമായ പലതും ജനങ്ങള്‍ക്ക് നിഷിദ്ധമാക്കി. നിഷിദ്ധമായിരുന്ന പലതും വിഹിതവുമാക്കി. ജനമാകട്ടെ ഇത്തരം തീര്‍പ്പുകളൊക്കെ പിന്തുടരുകയും ചെയ്തു. ജനങ്ങളുടെ ഈ നിലപാടും പ്രവര്‍ത്തന രീതിയും തന്നെയാണ് അവരുടെ ഭാഗത്തുനിന്നും പണ്ഡിത-പുരോ ഹിതന്മാര്‍ക്കുള്ള ഇബാദത്ത്.''
അതേ അധ്യായം 34-ാം സൂക്തത്തില്‍ ദുഷിച്ച പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട്, എക്കാലത്തുമുള്ള സത്യവിശ്വാസികള്‍ ജാഗ്രത കൊള്ളേണ്ട ഒരു പാഠം അല്ലാഹു ഉണര്‍ത്തുന്നു: ''വലിയൊരു വിഭാഗം പണ്ഡിത-പുരോഹിതന്മാര്‍ ജനത്തിന്റെ മുതലുകള്‍ അന്യായമായി തിന്നുകയും അവരെ ദൈവമാര്‍ഗത്തില്‍നിന്ന് തടയുകയുമല്ലോ ചെയ്യുന്നത്. ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ അവര്‍ സ്വര്‍ണവും വെള്ളിയും കുന്നുകൂട്ടി വെക്കുന്നു. നോവേറിയ ശിക്ഷയുടെ സന്തോഷവാര്‍ത്ത അവരെ അറിയിക്കുക.'' കൈക്കൂലി വാങ്ങി വിധി പ്രസ്താവങ്ങള്‍ നടത്തുക, ദൈവിക ഗ്രന്ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുക, അല്ലാഹുവിന്റേതെന്ന പേരില്‍ സ്വയം കൃതികള്‍ നിര്‍മിച്ച് ഐഹിക നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുക, തങ്ങളുടെ അന്നം മുട്ടുമെന്ന് ഭയന്ന് വേദഗ്രന്ഥത്തില്‍ നബി(സ)യെക്കുറിച്ചുള്ള വിവരണം വ്യത്യാസപ്പെടുത്തി അവതരിപ്പിക്കുക, ജനങ്ങളെ അല്ലാഹുവിന്റെ ദീനില്‍ നിന്ന് വഴിതിരിച്ചുവിടുക ഇവയൊക്കെയാണ് ഈ പണ്ഡിത പുരോഹിതന്മാരുടെ പ്രവര്‍ത്തന രീതികള്‍ എന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

മുസ്‌ലിം സമൂഹത്തിലെ പൗരോഹിത്യം
മുഹമ്മദ് നബി(സ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തും മുസ്‌ലിം സമൂഹത്തിന്റെ ജീവിത വീക്ഷണത്തില്‍ മത, രാഷ്ട്രീയ വിഭജനം സംഭവിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഏകീകൃത നേതൃത്വമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് രാജാധിപത്യം രംഗപ്രവേശം ചെയ്യുകയും സുഖലോലുപരും മര്‍ദകരുമായ രാജാക്കന്മാര്‍ അധികാരത്തില്‍ വരികയും ചെയ്തു. അപ്പോള്‍ ഇസ്‌ലാമിന്റെ പൈതൃകവും ദര്‍ശനവും സംരക്ഷിക്കാന്‍ ത്യാഗിവര്യന്മാരായ പണ്ഡിതന്മാര്‍ രംഗത്തുവന്നു. മദ്ഹബിന്റെ ഇമാമുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. അവര്‍ക്ക് പലപ്പോഴും ദുര്‍മാര്‍ഗികളായ ഭരണാധികാരികളോട് ഏറ്റുമുട്ടേണ്ടതായി വന്നു. അതിന് അവര്‍ ഒടുക്കേണ്ടിവന്ന വിലയും കനത്തതായിരുന്നു. ഇമാം അബൂഹനീഫ ജയിലില്‍ വെച്ചാണ് നിര്യാതനായത്. ഇമാം ശാഫിഈയെയും കൈവിലങ്ങണിയിക്കുകയുണ്ടായി. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ കൊരടാവ് കൊണ്ടുള്ള പ്രഹരത്തിന് ഇരയാവുകയും അദ്ദേഹത്തെ മുഖത്ത് കരിതേച്ച് കഴുതപ്പുറത്തിരുത്തി നഗരപ്രദക്ഷിണം നടത്തിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ശേഷവും അനീതിയോട് കലഹിച്ച് ഇസ്‌ലാമിന്റെ അന്തസ്സും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തെ നന്മയില്‍ നടത്തിയ 'റബ്ബാനികളും' (അല്ലാഹുവിന്റെ പക്ഷക്കാര്‍) 'പരലോക പണ്ഡിതന്മാരും' (ഉലമാഉല്‍ ആഖിറ) അടങ്ങിയ ഒരു നിരയെ വര്‍ത്തമാനകാലം വരെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തിലുടനീളം കാണാവുന്നതാണ്. വൈദേശിക അധിനിവേശകാലത്ത് ഇസ്‌ലാമിക സമൂഹത്തിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങളും മുന്നേറ്റങ്ങളും നടന്നത് ഇവരുടെ മുന്‍കൈയിലായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറില്‍ ദീര്‍ഘകാലം നടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ വെളിയങ്കോട് ഉമര്‍ ഖാദി, ആലി മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരുടെ നേതൃപരമായ സംഭാവന സ്മരണീയമാണ്.
എന്നാല്‍, മറുവശത്ത് മുകളില്‍ സൂചിപ്പിച്ചതിന് വിരുദ്ധമായ ഒരു ധാര നാം കാണുന്നു. ഖുര്‍ആന്‍ വിമര്‍ശിച്ച ഇസ്രയേല്‍ സമുദായത്തിലെ പുരോഹിതന്മാരുടെ ജീര്‍ണതകളെ അനന്തരമെടുത്ത വിഭാഗമാണത്. എക്കാലത്തും അധികാരത്തിന്റെ തണല്‍ പറ്റി നില്‍ക്കുകയും അവരുടെ അക്രമങ്ങള്‍ക്കും അനീതിക്കും അനുകൂല വിധികള്‍ കൊണ്ടോ മൗനം കൊണ്ടോ ശക്തി പകരുകയും ചെയ്ത 'കൊട്ടാര പണ്ഡിതന്മാരാ'ണിവര്‍. നാളിതുവരെയുള്ള മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും കടുത്ത പരീക്ഷണം ഇവര്‍ കാരണമായിരുന്നു. ഫിഖ്ഹിന്റെയും ശരീഅത്തിന്റെയും മറ്റും പഠനത്തിന് പതിറ്റാണ്ടുകള്‍ ചെലവഴിക്കുന്ന ഇവര്‍ സമൂഹത്തെ നേര്‍പാതയില്‍ നയിക്കുന്നതിനു പകരം തങ്ങളുടെ ജ്ഞാനം നിക്ഷിപ്തമായ കേവല നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇസ്രയേല്‍ സമുദായത്തിലെ ബിലെയാമിനെ സൂചിപ്പിക്കുന്നത് എന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ട ഒരു ഖുര്‍ആനിക വിവരണം മുസ്‌ലിം സമൂഹത്തിലെ നവ പുരോഹിതന്മാര്‍ക്ക് നന്നായി ചേരും. ''പ്രവാചകരേ, നമ്മുടെ വേദസൂക്തങ്ങളെ സംബന്ധിച്ച് നാം അറിവേകിയിരുന്ന ആ മനുഷ്യന്റെ വിവരം അവരെ കേള്‍പ്പിക്കുക. വേദപാഠങ്ങളില്‍ നിന്ന് അയാള്‍ തെറിച്ചു പോയി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ ചെന്നു. അങ്ങനെ അയാള്‍ പിഴച്ചവരുടെ ഗണത്തില്‍ ചേര്‍ന്നു. നാം കരുതിയിരുന്നുവെങ്കില്‍ വേദപാഠങ്ങള്‍ വഴി അവനെ ഉന്നതനാക്കിയിരുന്നേനെ. പക്ഷേ ജഡികേഛകളെ പിന്തുടര്‍ന്ന് മണ്ണിലേക്ക് ഒട്ടിക്കളയുകയാണയാള്‍ ചെയ്തത്. ദ്രോഹിച്ചാലും വെറുതെ വിട്ടാലും കിതച്ചു നാക്ക് നീട്ടുന്ന ഒരു പട്ടിയുടേതാണ് അയാളുടെ ഉപമ. നമ്മുടെ സൂക്തങ്ങളില്‍ കളവ് ചേര്‍ക്കുന്നവര്‍ക്കുള്ള ഉപമ അതുതന്നെയാണ്. ചരിത്രത്തിലെ ഈ മുദ്രകള്‍ നീ ഉണര്‍ത്തിക്കൊണ്ടേയിരിക്കുക. അവരുടെ ചിന്താശേഷി തെളിഞ്ഞെങ്കിലോ'' (അല്‍അഅ്‌റാഫ് 175,176).

ഇഹലോക പണ്ഡിതനും പരലോക പണ്ഡിതനും
ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഇമാം ഗസ്സാലി പണ്ഡിതന്മാരെ രണ്ടു വിഭാഗമായിത്തിരിച്ചത് കാണാം; ഇഹലോക പണ്ഡിതര്‍ (ഉലമാഉദ്ദുന്‍യാ) എന്നും പരലോക പണ്ഡിതര്‍ (ഉലമാഉല്‍ ആഖിറ) എന്നും. 'വിജ്ഞാനത്തിന്റെ അപകടങ്ങള്‍' എന്ന അധ്യായത്തില്‍ ഇരു വിഭാഗം പണ്ഡിതന്മാരുടെയും ലക്ഷണങ്ങള്‍ ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. ഇഹലോക പണ്ഡിതരെ ഗസ്സാലി ഇങ്ങനെ നിര്‍വചിക്കുന്നു: ''ജീര്‍ണത ബാധിച്ച ജ്ഞാനികളാണവര്‍. ജ്ഞാനം കൊണ്ട് ലൗകിക സുഖങ്ങളുടെ ലബ്ധിയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.സാമൂഹിക പദവികള്‍ വഹിക്കുന്നവരോടൊപ്പം ചേര്‍ന്ന് സ്ഥാനമാനങ്ങളും പ്രസിദ്ധിയും നേടിയെടുക്കാനും അവര്‍ ശ്രമിക്കും.'' തുടര്‍ന്ന് അദ്ദേഹം ചില പ്രവാചക വചനങ്ങള്‍ ചേര്‍ക്കുന്നു: ''തങ്ങളുടെ ജ്ഞാനം കൊണ്ട് അല്ലാഹു യാതൊരു പ്രയോജനവും ഏകിയിട്ടില്ലാത്ത ചില ജ്ഞാനികളുണ്ട്. അന്ത്യനാളില്‍ ഏറ്റവും അധികം ശിക്ഷക്ക് വിധേയരാകുന്നത് അവരായിരിക്കും.'' ''തന്റെ അറിവ് പ്രവൃത്തിയില്‍ കൊണ്ടുവരും വരെ ഒരാള്‍ ജ്ഞാനിയാവുകയില്ല.'' ''ജ്ഞാനം രണ്ട് തരമാണ്. നാവില്‍ മാത്രം പരിമിതമായതാണ് ഒന്ന്. അല്ലാഹുവിന്റെ സന്നിധിയില്‍ സൃഷ്ടിക്കെതിരിലുള്ള തെളിവായിട്ടാണ് അത് ഭവിക്കുക. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ജ്ഞാനമാണ് രണ്ടാമത്തേത്. അതാണ് ഉപകാരപ്രദമായ ജ്ഞാനം.'' ''അവസാനകാലത്ത് വിവരമില്ലാത്ത ഭക്തന്മാരും അധര്‍മികളായ പണ്ഡിതന്മാരും രംഗത്തുവരും.'' അദ്ദേഹം ചില മുന്‍ഗാമികളുടെ വചനങ്ങളും ഉദ്ധരിക്കുന്നുണ്ട്. ഹസന്‍ പറഞ്ഞു: ''പണ്ഡിതന്മാരുടെ ഭവിഷ്യത്ത് ഹൃദയത്തിന്റെ മരണമാണ്. പരലോകത്തിനു വേണ്ടി ചെയ്യേണ്ടുന്ന കര്‍മങ്ങള്‍ ഐഹിക നേട്ടങ്ങള്‍ക്കുവേണ്ടി നിര്‍വഹിക്കുക എന്നതാണ് ഹൃദയത്തിന്റെ മരണം കൊണ്ട് സംഭവിക്കുക.''
പരലോക പണ്ഡിതന്മാരെക്കുറിച്ച് ഗസ്സാലി ഇങ്ങനെ വിവരിക്കുന്നു: ''ആഹാര പാനീയങ്ങളുടെ വിഷയത്തില്‍ അവര്‍ ആഡംബരം കാണിക്കുകയില്ല. വസ്ത്രധാരണത്തില്‍ ലാളിത്യം പുലര്‍ത്തും. ഭൗതികമോടികള്‍, ആഡംബര ഗൃഹം എന്നിവയില്‍ നിന്നും അകലം പാലിക്കും. മുന്‍ഗാമികളെ പോലെ ഇതിലെല്ലാം അവര്‍ മിതത്വം പുലര്‍ത്തും. കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടും. എല്ലാ തരത്തിലുമുള്ള ലാളിത്യത്തിലേക്കുള്ള അവരുടെ ആഭിമുഖ്യം കൂടുന്നതിനനുസരിച്ച് അല്ലാഹുവിലേക്കുള്ള അടുപ്പവും കൂടിവരും. ഇത്തരക്കാരാണ് ഉന്നത സ്ഥാനീയരായ പരലോക പണ്ഡിതര്‍.'' കുറച്ചുകൂടി മുന്നോട്ടുപോകുമ്പോള്‍ ദുഷിച്ച പണ്ഡിതന്മാരെക്കുറിച്ച് ഹസനില്‍ നിന്ന് ഗസ്സാലി ഉദ്ധരിക്കുന്നു: ''ഇസ്‌ലാമിന്റെ പേരില്‍ പുത്തനാചാരം ഉണ്ടാക്കുന്ന രണ്ട് കൂട്ടരുണ്ട്. ഒന്നാമത്തെയാള്‍ ഒരു പിഴച്ച ആശയം ഉണ്ടാക്കിയവനാണ്. എന്നിട്ട് അയാള്‍ വാദിച്ചു: 'ഈ വീക്ഷണം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവനുള്ളതാണ് സ്വര്‍ഗം.' ദുന്‍യാപൂജകരായ ആഡംബര ജീവികളാണ് രണ്ടാമത്തെ വര്‍ഗം. അവരുടെ കോപവും സ്‌നേഹവും ഒക്കെ ദുന്‍യാവാണ് നിശ്ചയിക്കുന്നത്. ദുന്‍യാവിന്റെ പിന്നാലെയാണ് അവരുടെ ഓട്ടം.'' ഇമാം ഗസ്സാലിയുടെ വിശകലനങ്ങള്‍ വെച്ചു നോക്കിയാല്‍, ഇക്കാലഘട്ടത്തില്‍ ഇസ്‌ലാമിക സമൂഹത്തെ കാര്‍ന്നുതിന്നുന്ന പുരോഹിതന്മാരെ മനസ്സിലാക്കാന്‍ നമുക്ക് കൂടുതല്‍ വെളിച്ചം കിട്ടുന്നതാണ്.
ഇസ്രയേല്‍ സമുദായത്തിലെ പുരോഹിതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ചില പരിമിതികള്‍ മുസ്‌ലിം സമുദായത്തിലെ പുരോഹിതന്മാര്‍ നേരിടുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ അന്ത്യനാള്‍ വരെയുള്ള സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നതിനാല്‍ ഇവര്‍ക്ക്, അവരെപ്പോലെ ദൈവിക ഗ്രന്ഥത്തില്‍ കൈകടത്താനോ അല്ലാഹുവിന്റേത് എന്ന പേരില്‍ പുതിയ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കാനോ സാധ്യമല്ല. മുഹമ്മദ് നബി(സ)യുടെ അങ്ങേയറ്റത്തെ ജാഗ്രതയും സൂക്ഷ്മതയും കാരണം അവിടുത്തെ വിഗ്രഹമുണ്ടാക്കാനോ പ്രവാചകനെ നേര്‍ക്കുനേരെ ആരാധിക്കാനോ ആര്‍ക്കും സാധ്യമല്ല. അപ്പോള്‍ പിന്നെ അവയൊക്കെ അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് സമാന്തരമായി മറ്റൊരു മതം ഉണ്ടാക്കാനായിരിക്കും നവ പുരോഹിതന്മാരുടെ ശ്രമം. അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ ദീനീ ചിഹ്നങ്ങളായി നിശ്ചയിക്കുക, ദീനില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കര്‍മങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഇത്രയിത്ര പ്രതിഫലം ഉണ്ട് എന്ന് പ്രഖ്യാപിക്കുക, അത്തരം കാര്യങ്ങള്‍ മാനദണ്ഡമാക്കി ജനങ്ങളുടെ വിശ്വാസം അളക്കുകയും സൗകര്യപൂര്‍വം ജനങ്ങളെ ഇസ്‌ലാമിന് അകത്തും പുറത്തും നിര്‍ത്തുകയും ചെയ്യുക - ഈ രീതിയിലൊക്കെയാണ് നവ പൗരോഹിത്യം ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ 'പ്രവാചകകേശ' പരീക്ഷണം അപ്രതീക്ഷിതമായ തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 'പ്രവാചക സ്‌നേഹമില്ലാത്തവര്‍' എന്ന് ആരോപിച്ച് ജമാഅത്ത്-മുജാഹിദ് വിഭാഗങ്ങളുടെ വിമര്‍ശനം അതിജയിക്കാം എന്ന് മനപ്പായസമുണ്ടവര്‍ക്ക്, പക്ഷേ ഇ.കെ വിഭാഗത്തിന്റെ എതിര്‍പ്പ് അപ്രതീക്ഷിതമായിരുന്നു. മഹാന്മാരുടെ ശേഷിപ്പുകളുപയോഗിച്ച് പുണ്യമെടുക്കാം എന്ന് ഇരുകൂട്ടരും തത്ത്വത്തില്‍ അംഗീകരിക്കുമ്പോള്‍ തന്നെ, മുടിയുടെ വിഷയത്തില്‍ അതിന്റെ യാഥാര്‍ഥ്യം സ്ഥാപിക്കാനാവശ്യമായ സനദ് (പരമ്പര) എവിടെ എന്ന ചോദ്യം കാന്തപുരം വിഭാഗത്തെ ശരിക്കും വട്ടം കറക്കി. ഇതിനെ മറികടക്കാന്‍ കാരന്തൂരില്‍ നടന്ന രഹസ്യ ഓപ്പറേഷനില്‍ ഖാദിരിയാ ത്വരീഖത്തിന്റെ സനദെടുത്ത് മുടിക്ക് വെച്ചു കൊടുത്തു. കാന്തപുരത്തിന്റെ വിശ്വസ്തരായിരുന്ന ചിലര്‍ തന്നെ യാഥാര്‍ഥ്യം തുറന്നു പറഞ്ഞു. അതോടൊപ്പം തിരുശേഷിപ്പില്‍ നിന്ന് പുണ്യമെടുക്കാം എന്ന് വാദമുള്ളവര്‍ തന്നെ ഉന്നയിച്ച സത്യതാ പരീക്ഷണങ്ങളോടും (കത്തിക്കല്‍ പരീക്ഷണം, നിഴലുണ്ടോ എന്നു നോക്കുക) കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. ഒടുവില്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ചില അനുയായികള്‍ തട്ടിപ്പിന്റെ കഥകള്‍ ഒന്നൊന്നായി തുറന്നു പറഞ്ഞു. മാധ്യമ വിപ്ലവത്തിന്റെ പുതിയകാലത്ത് ഒന്നും മൂടിവെക്കാന്‍ സാധ്യമല്ലാത്തതിനാല്‍ അതെല്ലാം ജനങ്ങളിലേക്കെത്തി. മുടിയുടെ സത്യത സ്ഥാപിക്കാന്‍ വേണ്ടി തുടക്കത്തില്‍ സ്റ്റേജിലും പേജിലും വെബ് ലോകത്തും കാന്തപുരത്തിന് പ്രതിരോധം തീര്‍ത്തവര്‍ ക്രമേണ പിന്‍വാങ്ങി. അങ്ങനെ കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് കണ്ട കാന്തപുരം 'റസൂലിന്റെ പാനപാത്ര'വുമായി രംഗപ്രവേശം ചെയ്തു. പക്ഷേ, മുടിത്തട്ടിപ്പിനൊപ്പം മറ്റൊന്നു കൂടി എന്ന പ്രതികരണമാണ് പൊതുവെ ഉണ്ടായത്. ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും പിടിച്ചുനില്‍ക്കാനാവില്ല എന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍ പ്രശ്‌നം ഇവിടെ കൊണ്ടൊന്നും അവസാനിക്കുന്നതല്ല. മുടിത്തട്ടിപ്പുപോലെ, ഇത്തരം ജീര്‍ണതകള്‍ ഒന്നൊന്നായി കടന്നുവരാന്‍ കാരണമാകുന്ന പ്രത്യയശാസ്ത്രപരവും ദാര്‍ശനികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി വിശകലനം ചെയ്യുകയും സമൂഹത്തെ അതേക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍