Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 28

സാമ്പത്തിക ഇടപാടിലെ ഇസ്‌ലാമികത ചില സംശയങ്ങള്‍

എം.വി മുഹമ്മദ് സലീം / പ്രശ്‌നവും വീക്ഷണവും

സകാത്തും ടാക്‌സും

മ്പത്തിന്റെ വികേന്ദ്രീകരണമാണല്ലോ സകാത്തിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ രാജ്യത്ത് നിലവിലുള്ള ഇന്‍കം ടാക്‌സ് സംവിധാനവും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം തന്നെയല്ലേ... അങ്ങനെയെങ്കില്‍ സകാത്തിന് പകരം ഇന്‍കംടാക്‌സ് എന്ന ആശയത്തെക്കുറിച്ച് ആലോചിച്ചുകൂടേ?
ഉള്ളവരില്‍ നിന്ന് ശേഖരിച്ച് ഇല്ലാത്തവരില്‍ വിതരണം ചെയ്യുക എന്ന സകാത്തിന്റെ ഒരുവശം മുന്നില്‍ വെച്ചുള്ളതാണ് ഈ ചോദ്യം. പലരും ആവര്‍ത്തിച്ച ഒരു സംശയമാണിത്. വരുമാനത്തിന്റെ ഒരു പങ്ക് ആദായ നികുതിയായി ശേഖരിക്കുന്നത് ഇതേ ലക്ഷ്യത്തില്‍ തന്നെയാണ് എന്നതാണ് ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന ന്യായം. ചിലര്‍ വിഷയത്തിന്റെ മറ്റൊരു വശമാണ് ശ്രദ്ധിച്ചത്. ആദായ നികുതി നല്‍കുന്ന മുസ്‌ലിംകള്‍ അതോടൊപ്പം തന്നെ സകാത്തും നല്‍കേണ്ടിവരുന്നു. ഇതവര്‍ക്ക് സാമ്പത്തികമായി ക്ഷീണമുണ്ടാകാന്‍ കാരണമാകും. ഇതാണവരുന്നയിച്ച ന്യായം.
ഇസ്‌ലാമിലെ മൂന്നാമത്തെ നിര്‍ബന്ധ സ്തംഭവും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനവുമായ സകാത്ത് വ്യവസ്ഥയെ കുറിച്ച് സംക്ഷിപ്തമായ ഒരു വിവരണം നല്‍കിയാലേ ആദായ നികുതിയും ഇസ്‌ലാമിലെ നിര്‍ബന്ധദാനവും തമ്മിലുള്ള വ്യത്യാസം വ്യക്തമാവുകയുള്ളൂ.
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ സമ്പത്തിന്റെ യഥാര്‍ഥ ഉടമാവകാശം ദാതാവായ അല്ലാഹുവിനാകുന്നു. അല്ലാഹു അനുവദിച്ച ക്രയവിക്രയാധികാരം മാത്രമാണ് മനുഷ്യര്‍ക്കുള്ളത്. വിശുദ്ധ ഖുര്‍ആന്‍ 57:7 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക: ''നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ കൈകാര്യ കര്‍ത്താക്കളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിക്കുകയും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.''
സകാത്ത് -നിര്‍ബന്ധദാനം- സമ്പത്തിന്റെ നേരെയുള്ള കാഴ്ചപ്പാട് തിരുത്തുകയും ഉടമാവകാശെത്തക്കുറിച്ച് വ്യക്തതയുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ ആരാധനാ കര്‍മത്തിനുള്ള സ്ഥാനം മറ്റൊരു സാമ്പത്തിക നിയമത്തിനും കാണാന്‍ സാധിക്കുകയില്ല. സമ്പത്തിന്റെ വളര്‍ച്ചക്ക് സഹായകമാകുന്ന രീതിയിലാണ് ഈ ദാനം നിര്‍ബന്ധമാക്കിയിട്ടുള്ളത്. മിക്കയിനങ്ങളിലും രണ്ടര ശതമാനം മാത്രമാണ് അതിന്റെ അനുപാതം. ബാക്കി 97.5 ശതമാനം നിയമാനുസൃത സമ്പത്താണെന്ന് ദാതാവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഈ നിയമം.
സമ്പത്ത് വെറുതെ നിക്ഷേപിക്കുമ്പോള്‍ അതില്‍നിന്ന് വര്‍ഷംതോറും ദാനം ചെയ്ത് കുറഞ്ഞ് പോകുന്നതിനാല്‍ ആദായകരമായ ഏതെങ്കിലും മേഖലയില്‍ മുതലിറക്കി അത് വര്‍ധിപ്പിക്കാന്‍ സകാത്ത് പ്രേരകമാകുന്നു.
സകാത്തിന്റെ അവകാശികളില്‍ ഒന്നും രണ്ടും ഇനങ്ങള്‍ സമൂഹത്തില്‍ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന പരമ ദരിദ്രരും പാവങ്ങളുമാണ്. ഇവരുടെ കൈയില്‍ ആവശ്യത്തിന് ധനം ലഭിക്കുന്നത് വിപണിയില്‍ ക്രയവിക്രയങ്ങള്‍ ത്വരിതപ്പെടുത്താന്‍ സഹായകമാകുന്നു. അതിന്റെ സല്‍ഫലം ദാനദാതാക്കളിലേക്ക് പരോക്ഷമായി തിരിച്ചുവരുന്നു. വിശുദ്ധ ഖുര്‍ആന്‍ 30:39-ല്‍ ഇക്കാര്യം സൂചിപ്പിക്കുന്നു: ''ജനങ്ങളുടെ മുതലുകള്‍ വളരുന്നതിനു വേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശ അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ സകാത്ത് നല്‍കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നവരാണ് സമ്പത്ത് ഇരട്ടിപ്പിക്കുന്നവര്‍.''
ഖുര്‍ആന്‍ 2:276-ല്‍ ഇങ്ങനെ കാണാം: ''അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനങ്ങളെ പോഷിപ്പിക്കുന്നു.'' കൊടുക്കുമ്പോള്‍ അനുഭവപ്പെടുന്ന കുറവ് താല്‍ക്കാലികമാണ,് അന്തിമമല്ല. നബി(സ) തിരുമേനി അരുള്‍ ചെയ്തു: ''ദാനം സമ്പത്തില്‍ കുറവ് വരുത്തുകയില്ല.''
ഇങ്ങനെ അനേകം വശങ്ങള്‍ പരിശോധിച്ചാല്‍ സമ്പത്തിന്റെ വളര്‍ച്ചക്ക് ആധാരമാണ് സകാത്ത് എന്ന് കാണാം. അതിന് പകരം വെക്കാന്‍ മറ്റൊരു സംവിധാനവും പര്യാപ്തമല്ല. അതിനാല്‍ സകാത്ത് വ്യവസ്ഥക്ക് പകരം നിലവിലുള്ള നികുതി വ്യവസ്ഥ മതിയെന്ന് ധരിക്കാന്‍ ന്യായമില്ല. മനുഷ്യന്റെ മനസ്സും കര്‍മവും ധനവും ഒരുപോലെ സംസ്‌കരിക്കുന്ന സംവിധാനമാണത്. സംസ്‌കരിക്കുക എന്നാണ് സകാത്ത് എന്ന പദത്തിന്റെ ഒരര്‍ഥം. വളരുക എന്നതാണ് മറ്റൊരര്‍ഥം. സംസ്‌കരണവും വളര്‍ച്ചയും ഒരേ സമയം സാധിക്കുന്ന സാമ്പത്തിക സംവിധാനമാണ് സകാത്ത്.  
കടവും രൂപയുടെ മൂല്യവും
ഇന്ത്യന്‍ രൂപയുടെ മൂല്യം അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ കടം കൊടുത്ത പണം മൂല്യം കണക്കാക്കി തിരിച്ചുവാങ്ങുന്നതിന് വിരോധമുണ്ടോ?

കടമിടപാട് നടത്തുമ്പോള്‍ ദാതാവും സ്വീകര്‍ത്താവും ഒരു കരാറിലെത്തുന്നു. അത് ലിഖിത രൂപത്തില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ തയാറാക്കി സൂക്ഷിക്കണമെന്നാണ് ഇസ്‌ലാം നിര്‍ബന്ധമായി അനുശാസിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമുള്ള വചനം (2:282) ഈ നിയമം അനുശാസിക്കാന്‍ അവതരിച്ചതാണ്.
കടമിടപാടിന്റെ കരാറില്‍ രേഖപ്പെടുത്താവുന്ന കാര്യമാണ് കടം തിരിച്ചു നല്‍കുന്ന വേളയില്‍ കറന്‍സിയുടെ ഇപ്പോഴത്തെ മൂല്യമനുസരിച്ച് തുക തിരിച്ചു നല്‍കണമെന്നത്. ഉദാഹരണമായി കടം നല്‍കുമ്പോള്‍ ഡോളറിന് 63 രൂപയാണ്. കടം തിരിച്ചുനല്‍കുമ്പോള്‍ ഡോളറിന് 65 രൂപയായാല്‍ ദാതാവിന് കാര്യമായ നഷ്ടം നേരിടും. വിദേശത്ത് വരുമാനമുള്ള ആളുകള്‍ക്ക് ഇത് സാധാരണ അനുഭവപ്പെടാറുണ്ട്. ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപ കടമായി നല്‍കി എന്ന് വിചാരിക്കുക. അന്ന് ഡോളറിന് 63 രൂപയാണ് വിലയയെങ്കില്‍ 14881 സുഊദി രിയാലാണ് അദ്ദേഹത്തിന് ഈ സംഖ്യക്ക് ചെലവാകുക. ഡോളറിന്റെ വില 2 രൂപ കൂടി 65 ആയാല്‍ 14423 റിയാലേ തിരിച്ചുകിട്ടുകയുള്ളൂ. 458 റിയാല്‍ (7923 രൂപ) അദ്ദേഹത്തിന് നഷ്ടമാകും. ഈ സംഖ്യ കടം തിരിച്ചുനല്‍കുമ്പോള്‍ കൂട്ടി നല്‍കാന്‍ സ്വീകര്‍ത്താവ് ബാധ്യസ്ഥനാകും.
നാട്ടില്‍ തന്നെ ഇടപാട് നടക്കുമ്പോള്‍ ഈ മാറ്റം നമുക്ക് അനുഭവപ്പെടുകയില്ല. എന്നാല്‍ വിദേശത്ത് നിന്ന് അക്കൗണ്ടിലേക്കയച്ച പണം കടമായി കൊടുക്കുമ്പോള്‍ ഈ വ്യത്യാസം വ്യക്തമായി മനസ്സിലാകും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പണമയക്കുന്ന പ്രദേശത്തെ കറന്‍സിയുടെ മൂല്യം കടത്തിന്റെ അടിസ്ഥാനമായി നിശ്ചയിക്കുന്നതിന് വിരോധമില്ല. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ രൂപയുടെ മൂല്യം കടം വാങ്ങിയ സമയത്തെക്കാള്‍ കൂടുകയാണെങ്കില്‍ അതിലൂടെ വരുന്ന കുറവും ദാതാവ് അംഗീകരിക്കേണ്ടതാണ്.

എല്‍.ഐ.സി
എല്‍.ഐ.സിയില്‍ പോളിസി എടുക്കുന്നത് സംബന്ധിച്ച് ഇസ്‌ലാമിക വിധി വിശദീകരിച്ചു തരുവാന്‍ അപേക്ഷിക്കുന്നു. ആധുനിക ഇസ്‌ലാമിക പണ്ഡിതന്മാര്‍ എങ്ങനെയാണ് ഈ പ്രശ്‌നത്തെ നോക്കിക്കാണുന്നത്?

ലൈഫ് ഇന്‍ഷുറന്‍സ് ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. ഇതിനു പണ്ഡിതന്മാര്‍ പറയുന്ന കാരണങ്ങളിതാ:
1.    ഇടപാടുകളില്‍ കൊടുക്കുന്നതും ലഭിക്കുന്നതും കൃത്യമായി അറിഞ്ഞിരിക്കണമെന്ന് ഇസ്‌ലാം ശാസിക്കുന്നു. അല്ലെങ്കില്‍ പരസ്പരം വഞ്ചനയും ചതിയുമുണ്ടാകാന്‍ സാധ്യതയുണ്ട്. എല്‍.ഐ.സിയില്‍ ഈ കൃത്യതയില്ല. എത്ര പ്രീമിയം അടക്കേണ്ടി വരുമെന്നോ എത്ര തുക തിരിച്ചുകിട്ടുമെന്നോ കൃത്യമായി കണക്കാക്കണമെങ്കില്‍ മരിക്കുന്നതെപ്പോഴാണെന്ന് മനസ്സിലാവണം. മരണഭയം ചൂഷണം ചെയ്ത് നടത്തുന്ന വ്യാപാരങ്ങളിലൊന്നാണിത്.
2.    കൊടുത്തതിനേക്കാള്‍ എത്രയോ മടങ്ങ് ലഭിക്കുന്ന ചൂതാട്ടം പോലെയായിരിക്കും ചിലപ്പോള്‍ എല്‍.ഐ.സി. വളരെ കുറച്ച് പ്രീമിയം അടച്ച് ആള്‍ മരിച്ചു പോവുകയാണെങ്കില്‍ ഇങ്ങനെ അനേകം മടങ്ങ് ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്നു. സ്വന്തം വീഴ്ചയിലല്ലാതെ കിട്ടുന്ന സംഖ്യ വല്ലാതെ കുറഞ്ഞു പോകാനും ചിലപ്പോള്‍ ഇടവരും.
3.    പകരം കൊടുക്കാതെ അന്യരുടെ സമ്പത്ത് ഭുജിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചിരിക്കുന്നു. ''സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തുകള്‍ നിങ്ങള്‍ അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്'' (4:29).
4.    മതപരമായി ബാധ്യതയില്ലാത്ത ഒരു കാര്യം നിര്‍ബന്ധമാക്കുകയാണ് ഈ ഇടപാടില്‍. ഒരാളുടെ മരണം മറ്റാര്‍ക്കും സ്വാധീനമില്ലാത്ത കാര്യമാണ്. ആ മരണത്തിന് പകരം നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്ന കാര്യമല്ല.
5.    പലിശയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ സ്വീകരിക്കുന്ന സാമ്പത്തിക സ്രോതസ്സ്. നിഷിദ്ധമായ പലിശ പരോക്ഷമായി അനുഭവിക്കാന്‍ ഇന്‍ഷൂറന്‍സില്‍ ചേരുന്നത് കാരണമാകുന്നു.
6.    ഇന്‍ഷൂര്‍ ചെയ്ത വ്യക്തി മരിച്ചാല്‍ പണം ലഭിക്കുന്ന നോമിനി ഇദ്ദേഹം മരിക്കാന്‍ കൊതിക്കുന്നു. ചിലപ്പോള്‍ വധശ്രമങ്ങളും നടക്കുന്നു. ഭൗതിക ഭ്രമത്തെ ഇങ്ങനെ പരിപോഷിപ്പിക്കുന്ന മറ്റ് ഇടപാടുകള്‍ വിരളമാണ്. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകങ്ങള്‍ നിരവധിയാണ്. ഇതെല്ലാം എല്‍.ഐ.സി നിഷിദ്ധമാണെന്നതിന് പണ്ഡിതന്മാര്‍ തെളിവായി ഉന്നയിക്കുന്നു.


പിഴയും പലിശയും
ഫീസിനത്തില്‍ ഒടുക്കിയിരിക്കേണ്ട തുകകള്‍ യഥാസമയം ഒടുക്കാതെ കാലവിളംബം വരുത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനാധികാരികള്‍ വിദ്യാര്‍ഥികളില്‍നിന്നും പിഴയിനത്തില്‍ അധികം തുക ഈടാക്കാറുണ്ട്. പേര് 'ഫൈന്‍' എന്നാണെങ്കിലും ഇതും പലിശയുടെ ഗണത്തില്‍ പെടുന്നതല്ലേ?വിവിധയിനങ്ങളിലുള്ള ഫീസുകളുടെയും നികുതികളുടെയും അടവ് തെറ്റിയാല്‍ ബന്ധപ്പെട്ട ഓഫീസ് അധികാരികള്‍ പൊതുജനങ്ങളില്‍ നിന്നും ഈടാക്കിവരുന്ന പിഴപ്പലിശയും സ്‌കൂള്‍-കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളില്‍നിന്നും പിഴയിനത്തില്‍ അധികം ഈടാക്കുന്ന തുകയും യഥാര്‍ഥത്തില്‍ പലിശ തന്നെയല്ലേ? മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇന്നും ഈ പതിവ് തുടരുന്ന സാഹചര്യത്തില്‍ ഇതിന്റെ മതവിധി അറിയാനാഗ്രഹിക്കുന്നു.

പണമിടപാടില്‍ അധികമായി വാങ്ങുന്നതെല്ലാം പലിശയാണെന്ന് ചിലര്‍ ധരിച്ചുവശാകുന്നു. പലിശയില്‍ കടമിടപാടുമായി ബന്ധപ്പെട്ടുള്ള പലിശ മനസ്സില്‍ വെച്ചാണ് ഇങ്ങനെ ധരിക്കാറ്. യഥാര്‍ഥത്തില്‍ പലിശയെന്നത് പണം കടം കൊടുക്കുക, അവധി നിശ്ചയിക്കുക, അവധിയുടെ ദൈര്‍ഘ്യമനുസരിച്ച് തിരിച്ചുകൊടുക്കുമ്പോള്‍ തുകയില്‍ വര്‍ധനവ് വരുത്തുക എന്നീ കാര്യങ്ങളെല്ലാമടങ്ങുന്ന ഇടപാടാണ്. കടം എന്ന ഇനത്തില്‍ വരാത്ത മറ്റു സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ അധികമായി ഈടാക്കുന്ന തുകക്ക് പലിശ എന്ന് പറയില്ല. പലിശയായി പണം അധികം വാങ്ങുന്നത് കടത്തിന്റെ അവധിയുമായി ബന്ധപ്പെട്ടാണ്. കടം, അവധി എന്നീ ഘടകങ്ങളില്ലെങ്കില്‍ വര്‍ധനവ് പലിശയല്ല.
ചോദ്യത്തില്‍ വന്ന ഫൈന്‍ അഥവാ പിഴ കടം കൊടുത്ത പണത്തിന്റെ അവധി വെച്ചുള്ള വര്‍ധനവല്ല. നിശ്ചിത സമയത്ത് പണമടക്കാത്തതിന്റെ പിഴയാണ്. കൃത്യസമയത്ത് പണമടക്കാത്തത് ഒരു കുറ്റമാണ്. അതിനുള്ള ശിക്ഷയാണ് പിഴ ഈടാക്കല്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല ടെലിഫോണ്‍, വൈദ്യുതി തുടങ്ങിയ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങളിലെല്ലാം ബാധ്യത അടക്കാന്‍ സമയം തെറ്റിയാല്‍ പിഴ ഈടാക്കുന്നു. കൃത്യമായ തീയതിയും തുകയും നേരത്തെ അറിയിക്കുന്നതിനാല്‍ പിഴ ഒഴിവാക്കാന്‍ ഉപഭോക്താവിന് അവസരമുണ്ടായിരിക്കും.  


കൊച്ചു കടം
മൊബൈല്‍ ഫോണില്‍ ബാലന്‍സ് തീരുന്ന സന്ദര്‍ഭത്തില്‍ ഒരു ചെറിയ തുക മൊബൈല്‍ കമ്പനിയില്‍ നിന്ന് കടം തരുന്നതാണ് ഛോട്ടാ ക്രെഡിറ്റ്. ഉദാഹരണമായി വോഡഫോണില്‍ 21 രൂപയാണ് ക്രെഡിറ്റായി ലഭിക്കുന്നത്. എന്നാല്‍ 2 ദിവസം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം 25 രൂപ ഈടാക്കുന്നു. 4 രൂപ കൂടുതലായി വോഡഫോണ്‍ ഉപഭോക്താവില്‍നിന്ന് വാങ്ങിക്കുന്നു. നമ്മള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ടാക്‌സ് കഴിച്ചുള്ള ബാലന്‍സില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്. ഇത് യഥാര്‍ഥത്തില്‍ പലിശയല്ലേ?

ആധുനിക ബിസിനസുകളില്‍ അന്യായമായി പണം പിടുങ്ങാനുള്ള അനേകം നൂതന രീതികള്‍ കടന്നുകൂടിയിട്ടുണ്ട്. അതിലൊന്നാണ് ചോദ്യകര്‍ത്താവുന്നയിച്ച ഛോട്ടാ ക്രഡിറ്റ് സമ്പ്രദായം. ഉപഭോക്താവിന് ഒരു വലിയ ഉപകാരം ചെയ്യുകയാണെന്ന ഭാവേന നടത്തുന്ന ഒരു വലിയ ചൂഷണമാണിത്. പണം തീര്‍ന്ന് മൊബൈല്‍ നിശ്ചലമാകുന്ന ദുരിതം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കുകയാണെന്ന വ്യാജേനയാണ് കമ്പനി ഈ സേവനം പരിചയപ്പെടുത്തുക. ഇതിലെ ചതിയുടെ ആഴം പഠിച്ചു നോക്കിയാല്‍ കമ്പനികള്‍, പ്രഖ്യാപിക്കാത്ത പലിശയായി കോടിക്കണക്കിന് രൂപ ഇതിലൂടെ വാരിക്കൂട്ടുന്നുവെന്ന് മനസ്സിലാകും. ഓരോരുത്തരും ഒടുക്കുന്ന സംഖ്യ ചെറിയതാകയാല്‍ ശ്രദ്ധിക്കാതെ വിടുകയും ചെയ്യും. ഇതാണ് ഇത്തരം കുതന്ത്രങ്ങള്‍ കണ്ടെത്തപ്പെടാതെ പോകുന്നതിന്റെ രഹസ്യം.
ചോദ്യത്തില്‍ പറഞ്ഞപോലെ 21 രൂപക്ക് 4 രൂപ അധികം വാങ്ങിയാല്‍ രണ്ട് ദിവസം കൊണ്ട് ലഭിക്കുന്ന പലിശ 19 ശതമാനം വരും. പലിശയുടെ നിരക്ക് ഒരു വര്‍ഷത്തേക്കാണ് സാധാരണ കണക്കാക്കാറുള്ളത്. ഈ ഇടപാട് രണ്ട് ദിവസം കൊണ്ട് തീരുന്നതിനാല്‍ ഉപഭോക്താവ് 19% പലിശ മാത്രമേ നല്‍കുന്നുള്ളൂ. എന്നാല്‍ കമ്പനിക്ക് കോടിക്കണക്കിന് വരിക്കാരില്‍നിന്ന് ഇങ്ങനെ ധാരമുറിയാതെ 19 ശതമാനം കിട്ടിക്കൊണ്ടിരിക്കും. വാര്‍ഷികക്കണക്കില്‍ 182.5 ദിവസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഈ 19 ശതമാനം എത്ര വലിയ സംഖ്യയായി മാറുകയെന്ന് മനസ്സിലാക്കാം. കമ്പനി 21 രൂപ പണമായി നല്‍കുകയല്ല ചെയ്യുന്നത്. ആ തുകക്കുള്ള സേവനമായി നല്‍കുന്ന ഫോണ്‍ വിളികള്‍ക്ക് 50 ശതമാനത്തില്‍ കുറഞ്ഞ മൂല്യമേ കമ്പനിക്ക് വരുന്നുള്ളൂ. അപ്പോള്‍ പലിശയുടെ ശതമാനം 40 ആയി വര്‍ധിക്കും.
ഉപഭോക്താക്കള്‍ ഇത്തരം ചൂഷണങ്ങളെ കുറിച്ച് ബോധവാന്മാരാകാതിരിക്കുന്നതാണ് സമൂഹത്തില്‍ ഇതെല്ലാം നിലനില്‍ക്കാന്‍ സഹായകമാകുന്നത്. ധാര്‍മികത ശോഷിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഉപഭോക്താക്കള്‍ ഏറെ ബോധവാന്മാരായി മാറേണ്ടതുണ്ട്.


മാര്‍ജിന്‍ കച്ചവടം
മാര്‍ജിന്‍ കച്ചവടത്തെക്കുറിച്ചാണ് സംശയം. അതായത് രണ്ടു ലക്ഷം രൂപയുടെ ഒരു ലോട്ട് മൂവായിരം രൂപക്ക് വാങ്ങുന്നു. ഈ രണ്ടു ലക്ഷത്തിന്റെ മൂല്യത്തിനുള്ള ഡോളറുമായി വാങ്ങല്‍-കൊടുക്കല്‍ സംബന്ധിച്ച ഇസ്‌ലാമിലുള്ള വിധി എന്താണ്?
1. ഇതിനു ഞാന്‍ പലിശ കൊടുക്കുന്നില്ല.
2. ബ്രോക്കര്‍ കമ്മീഷന്‍ കൊടുക്കുന്നു, ഓരോ ഇടപാടിനും മൂന്ന് ഡോളര്‍ വെച്ച്.
0.5 വ്യത്യാസം വരുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയില്‍, അതായതു ഇന്ന് ഡോളറിനു 63 രൂപക്ക് ഒരു ലോട്ട് വാങ്ങുന്നു, അത് വില്‍ക്കാന്‍ ഒരു നിശ്ചിത പീരീഡ് തരുന്നു (പീരീഡിനു ശേഷം അന്നത്തെ റേറ്റ് വച്ച് ക്ലോസ് ചെയ്യും). അത് 63.20-നു വിറ്റാല്‍ ഒരു ഡോളര്‍ എനിക്ക് കിട്ടും. ഈ കച്ചവടം ഇസ്‌ലാമികമാണോ?

കറന്‍സി ഇടപാടിന്റെ ഒരു നവീന രീതിയാണ് മാര്‍ജിന്‍ കച്ചവടം. വ്യത്യസ്ത കറന്‍സികള്‍ വാങ്ങുമ്പോള്‍ അവയുടെ മൂല്യത്തില്‍ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ലാഭ നഷ്ടങ്ങള്‍ സംഭവിക്കുന്നു. ഒരു ചെറിയ മൂലധനം മുടക്കി വലിയ സംഖ്യയുടെ ഇടപാട് നടത്താന്‍ സാധിക്കുന്നതിനാല്‍ അനേകമാളുകള്‍ ഈ ഇടപാടിലേക്ക് ആകൃഷ്ടരാകുന്നു. ചോദ്യകര്‍ത്താവ് ഉന്നയിച്ചത് പോലെ ഇടപാട് സംഖ്യയുടെ 1.5 ശതമാനം ഈടായി നല്‍കിയാല്‍ ഇടപാട് നടത്താന്‍ കമ്പനി പണം മുടക്കും. അഥവാ കടമായി നല്‍കും. അങ്ങനെയാണ് 3000 രൂപ മുടക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ഇടപാട് നടത്താന്‍ സാധിക്കുന്നത്.
മാര്‍ജിന്‍ കച്ചവടം ഇസ്‌ലാമികമായി അനുവദനീയമല്ല. ഇതിന് പണ്ഡിതന്മാര്‍ പറയുന്ന കാരണങ്ങള്‍ സംക്ഷിപ്തമായി ചുവടെ ചേര്‍ക്കാം:
1.    നിക്ഷേപകന് കമ്പനി നല്‍കുന്ന കടത്തിന് പലിശ വസൂലാക്കുന്നുണ്ട്. ഇടപാട് ഒരു ദിവസത്തിലധികം നീണ്ടു നിന്നാലും പലിശ വസൂലാക്കുന്നുണ്ട്. അതിനാല്‍ നിഷിദ്ധമായ പലിശയില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇടപാടാണിത്.
2.    കടം കൊടുക്കുമ്പോള്‍ ജോലി ഏല്‍പിക്കണം എന്നുകൂടി നിബന്ധന വെക്കുന്നത് ഇസ്‌ലാമികമായി ശരിയല്ല. കച്ചവടം അവരെ ഏല്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ കമ്പനി കടം കൊടുക്കുന്നുള്ളൂ.
3.    ഇടപാട് സംഖ്യ തത്ത്വത്തിലോ പ്രയോഗത്തിലോ ഏറ്റുവാങ്ങണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. മാര്‍ജിന്‍ ഇടപാടില്‍ കടമായി നല്‍കുന്ന സംഖ്യ ഇടപാടുകാരന്‍ കാണുന്നില്ല.
4.    ഇടപാടുകാരനോട് അനുവാദം ചോദിക്കാതെ ഇടപാട് അവസാനിപ്പിക്കാന്‍ കമ്പനിക്ക് അവകാശമുണ്ട്. നഷ്ട സംഖ്യ മാര്‍ജിന്‍ മൂല്യത്തെക്കാള്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെങ്കില്‍ കമ്പനിക്ക് ഇടപാട് ക്ലോസ് ചെയ്ത് നഷ്ടം ഒഴിവാക്കാന്‍ അധികാരമുണ്ട്. ഇത് പ്രത്യക്ഷത്തില്‍ ഇടപാട്കാരന് ഗുണകരമാണെങ്കിലും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ല.
5.    കടം കൊടുക്കുന്നവന്‍ കടത്തിന്റെ പേരില്‍ നേടുന്ന പ്രയോജനം കടത്തെ അസാധുവാക്കുന്നു. മാര്‍ജിന്‍ ഇടപാടില്‍ ഇസ്‌ലാം അനുവദിക്കാത്ത ഈ പ്രയോജനം ഇടപാടിന്റെ നിബന്ധനയായി കമ്പനി നിശ്ചയിച്ചിരിക്കുന്നു.
ഉപര്യുക്ത കാരണങ്ങളാല്‍ മാര്‍ജിന്‍ കച്ചവടം നിഷിദ്ധമാകുന്നു. ഈ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുമായി സാമ്പത്തിക സഹകരണം പാടില്ല. ഈ ഇടപാട് സമ്പത്തിനും സമൂഹത്തിനും ഹാനികരമാണ്.
മാര്‍ജിന്‍ കച്ചവടത്തിന് പകരമായ ഒരു ഇസ്‌ലാമിക രീതി ഇതുവരെ രൂപപ്പെട്ട് വന്നിട്ടില്ല. ഇതൊരു സങ്കീര്‍ണ സംവിധാനമാകയാല്‍ വിശദമായ പഠനത്തിന് സാധ്യമാകുന്നവിധം ഒരു ലേഖനത്തിലൂടെ വിശദീകരിച്ചാല്‍ മാത്രമേ ഇതിന്റെ എല്ലാ വശങ്ങളും ശരിക്കും ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ.


പണയം വെച്ച സ്വര്‍ണം
പണയം വെച്ച സ്വര്‍ണത്തിന്റെ സകാത്ത് എങ്ങനെയാണ്? അതായത് 800,000 (എട്ടു ലക്ഷം) രൂപ മുതലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള സ്വര്‍ണം പണയം വെച്ച് 500,000 (അഞ്ച് ലക്ഷം) രൂപ വാങ്ങി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു. സംഖ്യ തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സ്വര്‍ണത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കാം?

പണയം വെച്ച വസ്തു ഉടമസ്ഥന്റെ ഉപയോഗത്തിന് ലഭ്യമല്ല. എന്നാല്‍ അതിന്റെ ഉടമാവകാശം അയാള്‍ക്ക് നഷ്ടപ്പെടുന്നുമില്ല. ഉപയോഗത്തിന് ലഭ്യമല്ലാത്തതിനാല്‍ പണയത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്നാണ് പണ്ഡിതന്മാരില്‍ ഒരു വിഭാഗം പറയുന്നത്. സകാത്തിന്റെ നിബന്ധനയില്‍, പരിപൂര്‍ണ ഉടമാവകാശം വേണമെന്ന അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉപയോഗം ലഭിക്കുന്നില്ലെങ്കിലും ഉടമാവകാശമുള്ളതിനാല്‍ സകാത്ത് നല്‍കണമെന്നാണ് മറുപക്ഷം അഭിപ്രായപ്പെടുന്നത്. കൊടുക്കാനുള്ള തുകയുടെ ഈടായാണ് പണയം നല്‍കുന്നത്. അതിനാല്‍ കൊടുക്കാനുള്ള സംഖ്യ കഴിച്ച് ബാക്കിവരുന്ന മൂല്യത്തില്‍ ഉടമസ്ഥന്റെ അവകാശം പരിപൂര്‍ണമാണ്.
ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നത്തില്‍ പണയം വെച്ച സ്വര്‍ണത്തിന്റെ മൂല്യം 8 ലക്ഷമാണ്. അദ്ദേഹം ഈ സ്വര്‍ണം ഈട് നല്‍കി സ്വീകരിച്ച സംഖ്യ 5 ലക്ഷമാണ്. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ബാക്കി നില്‍ക്കുന്ന മൂന്ന് ലക്ഷം രൂപക്ക് സകാത്ത് നല്‍കാതിരിക്കാന്‍ ന്യായമില്ല. 5 ലക്ഷം രൂപ കടമുള്ളതിനാല്‍ കടത്തിന് സകാത്തില്ല എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആ സംഖ്യ ഒഴിവാക്കാം. ബാക്കിയുള്ള 3 ലക്ഷത്തിന് വാര്‍ഷിക സകാത്തായി രണ്ടര ശതമാനം വെച്ച് കണക്കാക്കാവുന്നതാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/40-42
എ.വൈ.ആര്‍