മതപണ്ഡിതന്മാരുടെ ദൗത്യം
കേരളത്തില്‍ വിവിധ മതസംഘടനകളുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കില്‍ പ്രൈമറി-സെക്കന്ററി മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നു. നൂറുകണക്കിന് പള്ളിദര്‍സുകളില്‍ നിന്നും അറബിക്കോളേജുകളില്‍നിന്നുമായി ആയിരക്കണക്കിന് മത പണ്ഡിതന്മാര്‍ പഠിച്ചിറങ്ങുന്നു. എല്ലാ സംഘടനകള്‍ക്കും ഒന്നിലേറെ പോഷക സംഘടനകളും പ്രസിദ്ധീകരണങ്ങളുമുണ്ട്. തര്‍ബിയത്ത്-തസ്‌കിയത്ത് ക്യാമ്പുകളും ഖുര്‍ആന്‍-ഹദീസ് ക്ലാസ്സുകളും മത്സരിച്ചു നടത്തപ്പെടുന്നു. ഓരോ സംഘടനയും ഇടക്കിടെ വന്‍ കൊട്ടിഘോഷങ്ങളോടെ മഹാ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം തന്നെ മത സംഘടനകളുടെ ഒന്നിലേറെ സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. സമുദായത്തിന്റെ ദീനീബോധം സജീവമാകാന്‍ ഇവയെല്ലാം സഹായിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് സമുദായത്തിന്റെ ധാര്‍മിക സദാചാര നിലവാരം അടിക്കടി താഴ്ന്നുവരുന്നുവെന്നത് ഉത്കണ്ഠാജനകമായ വസ്തുതയാകുന്നു. മോഷണം, കള്ളക്കടത്ത്, പെണ്‍വാണിഭം, മയക്കുമരുന്ന് വ്യാപാരം, മാഫിയാ പ്രവര്‍ത്തനം തുടങ്ങി സകലതരം സാമൂഹികവിരുദ്ധ നടപടികളും സമുദായത്തില്‍ നടമാടുന്നു.
ഈ അധഃസ്ഥിതിയെ ഇങ്ങനെ ലളിതവത്കരിക്കാറുണ്ട്: ധാര്‍മികാധപതനം കേരളീയ സമൂഹത്തിന്റെ പൊതുസ്വഭാവമായിരിക്കുന്നു. പൊതുസമൂഹത്തിന്റെ ഭാഗമാണല്ലോ മുസ്‌ലിംകള്‍. പൊതുസമൂഹത്തില്‍ വളര്‍ന്ന മാലിന്യങ്ങള്‍ അവരിലേക്കും പടരുക സ്വാഭാവികമാണ്. ഈ ന്യായത്തില്‍ കുറെ ശരിയുണ്ടെങ്കിലും അത് ഇസ്‌ലാമിക മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നില്ല. മറ്റു ജനങ്ങളിലുള്ള തിന്മകള്‍ സ്വായത്തമാക്കുകയല്ല മുസ്‌ലിം സമുദായത്തിന്റെ ധര്‍മം; തിന്മകളില്‍ നിന്നകന്ന് നന്മകള്‍ പുണര്‍ന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ്. അതാണ് അല്ലാഹു ഈ സമുദായത്തെ ഏല്‍പിച്ച ദൗത്യം. അത്തരമൊരു സമൂഹം കുറ്റകൃത്യങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും മറ്റുള്ളവര്‍ക്ക് മാതൃകയായിത്തീരുന്ന അവസ്ഥ അപലപനീയവും പരിതാപകരവുമാണ്.
സമുദായത്തിന്റെ സാംസ്‌കാരികാധഃസ്ഥിതിയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് മതനേതൃത്വത്തിന്റെ മൂല്യച്യുതിയും അപക്വതയും. പ്രവാചകവര്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് മതപണ്ഡിതന്മാര്‍. പ്രവാചക ദൗത്യമായ ആദര്‍ശപ്രബോധനവും സമൂഹ സംസ്‌കരണവും തന്നെയാണവരുടെയും ദൗത്യം. സമൂഹത്തിന്റെ പ്രയാണമാര്‍ഗത്തില്‍ വെളിച്ചം ചൊരിയേണ്ട ദീപസ്തംഭങ്ങളാണവര്‍. ആത്മീയവും ഭൗതികവുമായ ജീവിതവ്യവഹാരങ്ങളില്‍ അവര്‍ക്ക് മാതൃകയാകേണ്ടവര്‍. കേരളീയ മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാര്‍ ഈ ദൗത്യം അര്‍ഹിക്കുന്ന ഗൗരവവും അതിന്റെ നിര്‍വഹണം ആവശ്യപ്പെടുന്ന ജാഗ്രതയും സൂക്ഷ്മതയും നല്‍കുന്നുണ്ടോ എന്ന് സത്യസന്ധമായ ഒരാത്മ പരിശോധനക്ക് തയാറായെങ്കില്‍! സാമാന്യ മതബോധമുള്ളവരെ കൂടുതല്‍ മതതല്‍പരരാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. പക്ഷേ, മതപണ്ഡിതന്മാരെ കേള്‍ക്കുകയോ ശ്രവിക്കുകയോ ചെയ്യാത്ത വലിയൊരു വിഭാഗം മറുവശത്തുണ്ട്. അവരുടെ ശ്രദ്ധയാകര്‍ഷിക്കാനും സ്വാധീനിക്കാനും പണ്ഡിതന്മാര്‍ക്ക് കഴിയുന്നില്ല. അവരെ സംബോധന ചെയ്യേണ്ടതെങ്ങനെയെന്ന് മതപണ്ഡിതന്മാര്‍ പഠിപ്പിക്കപ്പെടുകയോ പരിശീലിപ്പിക്കപ്പെടുകയോ ചെയ്യുന്നുമില്ല. സ്വന്തം സംഘടന വളര്‍ത്തി വിജയിപ്പിക്കലും എതിര്‍ സംഘടനയെ തോല്‍പിക്കലുമായിരിക്കുന്നു മിക്ക പണ്ഡിതന്മാരുടെയും കര്‍മലക്ഷ്യം. വിശ്വാസികളെ സ്വന്തം സംഘടനകളുടെ ഭാഗമാക്കി അംഗബലത്തിലും സ്ഥാപന സിദ്ധിയിലും മറ്റു സംഘടനകളെ പിന്നിലാക്കാനുള്ള മത്സരത്തിലാണ് ഓരോ വിഭാഗവും. ചിലര്‍ മതപ്രഭാഷണ വൈഭവത്തെ കച്ചവടച്ചരക്കാക്കി സാധാരണ വിശ്വാസികളെ ആവോളം ചൂഷണം ചെയ്യുന്നു. അറബി മന്ത്രവാദികളും സിദ്ധന്മാരും ആള്‍ ദൈവങ്ങളുമൊക്കെയായി അവതരിക്കുകയാണ് വേറെ ചിലര്‍. കൃത്രിമമായ ഇസ്‌ലാമിക ചിഹ്നങ്ങളുണ്ടാക്കി അവ വിഗ്രഹവത്കരിക്കപ്പെടുന്നു. പ്രവാചകന്റേതെന്ന് ചിലര്‍ കെട്ടിച്ചമക്കുന്ന മുടിക്കെട്ടുകളും പാനപാത്രങ്ങളുമൊക്കെ കേരളത്തിലെത്തി കച്ചവടം പൊടിപൊടിക്കുന്നു. തൗഹീദിന്റെയും ശിര്‍ക്കിന്റെയും അതിര്‍വരമ്പുകള്‍ മായ്ക്കപ്പെടുന്നു.
മറുവശത്ത് പണ്ഡിത സംഘടനകള്‍ തമ്മിലുള്ള കലഹങ്ങള്‍ സ്ഥാപനങ്ങള്‍ പിടിച്ചടക്കുന്നതിലും സംഘട്ടനങ്ങളിലും കൊലപാതകങ്ങളിലും വരെ എത്തുന്നു. പണ്ഡിതന്മാരെക്കുറിച്ച് ധനാപഹരണം, അനാശാസ്യ വൃത്തികള്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളുയരുന്നു. ഈ സാഹചര്യവും സാമാന്യ ജനത്തിന്റെ ധാര്‍മിക-സദാചാര പ്രതിബദ്ധതയെ സാരമായി ഹനിക്കുന്നുണ്ട്. ഒരു സംഘടനയില്‍ ആഭ്യന്തര കുഴപ്പമോ പിളര്‍പ്പോ ഉണ്ടായാല്‍ മറ്റു സംഘടനകള്‍ അത് സാഘോഷം കൊണ്ടാടുകയായി. ഏതു മുസ്‌ലിം കൂട്ടായ്മയുടെയും ശിഥിലീകരണം ആത്യന്തികമായി സമുദായത്തിന്റെ ശിഥിലീകരണമാണെന്ന് ചിന്തിക്കാന്‍ ആരും മിനക്കെടുന്നില്ല. സമുദായം മുഴുവന്‍ പങ്കുവെക്കുന്ന, തൗഹീദ് പോലുള്ള ദീനുല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെപ്പോലും സര്‍ക്കാര്‍ തീവ്രവാദവും രാജ്യദ്രോഹവുമായി ചിത്രീകരിക്കുമ്പോള്‍ അതിന്റെ താല്‍ക്കാലികമായ പ്രത്യക്ഷഫലം തങ്ങള്‍ക്ക് വിയോജിപ്പുള്ള സംഘടനക്ക് ഹാനികരമാകുമെന്നതിനാല്‍ മറ്റു ചില സംഘടനകള്‍ ഉള്‍പ്പുളകത്തോടെ നോക്കിനില്‍ക്കുന്നു. ഈ രാജ്യദ്രോഹം ആദ്യം കണ്ടെത്തിയത് തങ്ങളാണെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി ഊറ്റം കൊള്ളുന്നേടത്തോളം കലശലായിരിക്കുന്നു ചിലരുടെ സംഘടനാ ഭ്രാന്ത്. ഭൗതിക ലാഭങ്ങള്‍ക്കു വേണ്ടി മത വിദ്വാന്മാരാകുന്നവരെ ദൂഷിത പണ്ഡിതന്മാര്‍-ഉലമാ ഉസ്സൂഅ്- എന്ന് ഇമാം ഗസ്സാലി തന്റെ വിഖ്യാതമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ വിശേഷിപ്പിച്ചതോര്‍ക്കുകയാണ്. അവരെക്കുറിച്ച് നബി(സ) പറഞ്ഞതായി ഇബ്‌നു ഹിബ്ബാന്‍ ഉദ്ധരിക്കുന്നു: ''ഞാന്‍ നിങ്ങളുടെ (മുസ്‌ലിം സമുദായത്തിന്റെ)കാര്യത്തില്‍ ദജ്ജാലിനെക്കാള്‍ പേടിക്കുന്നത് വഴിപിഴപ്പിക്കുന്ന പണ്ഡിതന്മാരെയാണ്.''
മതവിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും വിപണിവത്കരണം, സിദ്ധന്മാരുടെയും ആള്‍ദൈവങ്ങളുടെയും വേലിയേറ്റം, കൃത്രിമ ചിഹ്നങ്ങളുടെ വിഗ്രഹവത്കരണം, സംഘടനാ വൈരത്തിന്റെ പേരില്‍ സമുദായത്തെ തന്നെ ഒറ്റുകൊടുക്കുന്ന നടപടികള്‍ ഇതിന്റെയൊക്കെ അനാശാസ്യതയും അപകടകാരിതയും തിരിച്ചറിയുന്ന കൂട്ടായ്മകളും വ്യക്തികളും കേരളത്തില്‍ ഉണ്ട് എന്നത് ആശ്വാസകരമാണ്. തല്‍പരകക്ഷികളുടെ വിവേകശൂന്യമായ നടപടികള്‍ തിരുത്താന്‍ അത്തരക്കാര്‍ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്.
Comments