Prabodhanm Weekly

Pages

Search

2014 ജനുവരി 31

പ്രതിശ്രുതവരനോട് ഫോണ്‍ സംഭാഷണം?

ശൈഖ് അഹ്മദ് കുട്ടി

പ്രതിശ്രുതവരനോട് ഫോണ്‍ സംഭാഷണം?

ഞാന്‍ ദീനീ ചിട്ടകള്‍ പാലിച്ചു പോരുന്ന ഒരു മുസ്‌ലിമാണ്.  വിദേശിയായ പുരുഷനുമായി ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ ഫോണിലൂടെ നന്നായി അടുത്തു. ഇന്‍ശാ അല്ലാഹ്, ഞങ്ങള്‍ തമ്മില്‍ അടുത്തുതന്നെ വിവാഹിതരാകും. സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം ഈ വര്‍ഷം വിവാഹിതയാകാന്‍ എനിക്ക് പ്രയാസമുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ ലൈംഗിക സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ഞാന്‍ ദീനീനിയമങ്ങള്‍ മുറുകെപ്പിടിക്കുന്നവളാണ്. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ലംഘിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത രാജ്യങ്ങളിലായതിനാല്‍ ശാരീരികമായി അടുത്തിടപഴകിയിട്ടില്ല. എന്നാല്‍, ഫോണിലൂടെ ഞങ്ങള്‍ എല്ലാം തുറന്നു സംസാരിക്കാറുണ്ട്. ഇൗ ഘട്ടത്തിലുള്ള ഫോണ്‍ സംഭാഷണത്തെക്കുറിച്ച ഇസ്‌ലാമിന്റെ വിധിയെന്താണ്? അത് ഹറാമോ മക്‌റൂഹോ ആണോ?

വിശുദ്ധ ഖുര്‍ആന്റെ മുന്നറിയിപ്പ് കാണുക: ''നിങ്ങള്‍ വ്യഭിചാരത്തിലേക്കു അടുക്കുക പോലും ചെയ്യരുത്. അത് മ്ലേഛവും നീചവഴിയുമാണ്''(അല്‍ ഇസ്‌റാഅ് 32).
വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം പഠിപ്പിക്കുന്നത് നാം വ്യഭിചാരത്തില്‍ നിന്നകന്നു നില്‍ക്കണം എന്നു മാത്രമല്ല, വ്യഭിചാരത്തിലേക്കു കൊണ്ടെത്തിക്കുന്ന  അതിന്റെ ഏറ്റവും പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യരുതെന്നും അത്തരം സാഹചര്യങ്ങളിലേക്കു അടുക്കരുതെന്നുമാണ്. സല്ലാപവും ലൈംഗികചുവയുള്ള സംസാരങ്ങളുമെല്ലാം അതില്‍പെടും. ഈ രീതിയില്‍  സംസാരിക്കുന്നത് കൂടുതല്‍ കൂടുതല്‍ തിന്മകളിലേക്കാണ് നയിക്കുക.
താങ്കളുടെ പരിചയത്തിലുള്ളവരുമായി  സംസാരിക്കാനുള്ള അനുവാദം ദീന്‍ നല്‍കിയിരിക്കെത്തന്നെ അത്തരം സംസാരങ്ങളില്‍ ആദ്യാവസാനം ഇസ്‌ലാമിക ചിട്ടകളും മര്യാദകളും പാലിക്കണമെന്നുകൂടി ഓര്‍ക്കുക. ഇവിടെ നിങ്ങള്‍ വിവാഹം നിശ്ചയിക്കപ്പെട്ട വ്യക്തിയുമായി ഫോണില്‍ സംസാരിക്കുന്നു. പലരും ധരിച്ചുവശായിരിക്കുന്നത് വിവാഹം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ എന്തും സംസാരിക്കാം എന്നാണ്. വിവാഹം നിശ്ചയിച്ചുറപ്പിച്ചുവെന്നത് നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല. വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍  നിക്കാഹ് കഴിയുംവരെ  അന്യര്‍ തന്നെ. അതിനാല്‍ അന്യപുരുഷനോട് സംസാരിക്കുമ്പോള്‍ പുലര്‍ത്തേണ്ട എല്ലാ ഇസ്‌ലാമിക മര്യാദകളും പാലിച്ചുകൊണ്ടേ പ്രതിശ്രുതവരനോടും സംസാരിക്കാവൂ. അത്തരം പരിധികള്‍ അവര്‍ ലംഘിക്കുന്നുവെങ്കില്‍ അതവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. നിങ്ങളോടു രണ്ടു പേരോടുമുള്ള എന്റെ ഉപദേശമിതാണ്:  നിങ്ങള്‍ അല്ലാഹുവോടു പശ്ചാത്തപിച്ചു മടങ്ങുക. പൊറുക്കലിനെ തേടുകയും ഇത്തരം സംഭാഷണങ്ങള്‍ അവസാനിപ്പിക്കുകയും എത്രയും വേഗം വിവാഹിതരാവുകയും ചെയ്യുക.  

ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിക്കാമോ?

ഞാനൊരു മുസ്‌ലിം യുവാവാണ്. ഞാന്‍
ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. എനിക്കവളെ വിവാഹം ചെയ്യണമെന്നുണ്ട്. അതിന് ശരീഅത്തില്‍ എന്തെങ്കിലും വിലക്കുണ്ടോ?

പൊതുവായിപ്പറഞ്ഞാല്‍ ഒരു മുസ്‌ലിം പുരുഷന് അഹ്‌ലുല്‍ കിതാബില്‍ പെട്ട ക്രൈസ്തവ യുവതിയെ വിവാഹംകഴിക്കുന്നതിന് ശരീഅത്തില്‍ വിലക്കില്ല. എന്നിരുന്നാലും അധിക മിശ്രവിവാഹിതരുടെയും കുടുംബജീവിതം പരിശോധിക്കുമ്പോള്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവ നേരിടുന്നുവെന്നതാണ് കാണാനാവുന്നത്. അധികബന്ധങ്ങളും വളരെ ദാരുണമായ വേര്‍പിരിയലിലാണ് ചെന്നവസാനിച്ചിട്ടുള്ളത്.
കൗണ്‍സിലറെന്ന നിലയിലുള്ള എന്റെ മുപ്പതുവര്‍ഷത്തെ ജീവിതാനുഭവം വെച്ചുനോക്കുമ്പോള്‍ മിശ്രവിവാഹത്തിന് വിജയസാധ്യത തുലോം കുറവാണ്. അത്തരത്തില്‍ സാഹസികമായി ദാമ്പത്യത്തിലേര്‍പ്പെട്ട ഒട്ടേറെ യുവാക്കള്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ ഞാനതിനെ പ്രോത്സാഹിപ്പിക്കാറില്ല.
വിവാഹവും ദാമ്പത്യജീവിതവും വിജയിക്കണമെങ്കില്‍ അവിടെ വിശ്വാസം, ധാര്‍മികമൂല്യങ്ങള്‍, സ്വഭാവവിശുദ്ധി എന്നിവയില്‍ പരസ്പരപൊരുത്തം ആവശ്യമാണ്. ഇസ്‌ലാമിനെയും ക്രൈസ്തവതയെയും സംബന്ധിച്ച് പറയുകയാണെങ്കില്‍ ഒട്ടേറെ സംഗതികള്‍ അവയില്‍ പൊതുസ്വഭാവത്തിലുള്ളതാണെങ്കിലും പലതും വ്യത്യസ്തമാണ്. അതിനു കാരണം ക്രൈസ്തവതയില്‍ കടന്നുകൂടിയ സെക്യുലറിസ്റ്റ് കാഴ്ചപ്പാടുകളുടെ സ്വാധീനമാണ്.
ദാമ്പത്യത്തില്‍ ഒരുമിച്ചുള്ള ജീവിതം, ആരാധനാനുഷ്ഠാനങ്ങള്‍, സന്താന പരിപാലനം, കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ തുടങ്ങി പലതും കടന്നുവരുന്നു. ഇണയുടെ താല്‍പര്യവും പ്രോത്സാഹനവും പിന്തുണയും ഇതിലെല്ലാം ആവശ്യമുണ്ട്. നമ്മുടെ വിശ്വാസത്തെ അപകടപ്പെടുത്തുംവിധം സമ്മര്‍ദം സൃഷ്ടിക്കുന്ന വ്യക്തിത്വമാണ് പങ്കാളിയുടേതെങ്കില്‍ തീര്‍ച്ചയായും ദാമ്പത്യം തുടര്‍ന്നുകൊണ്ടുപോവുകയെന്നത് പ്രയാസകരമായിരിക്കും. അതിനാല്‍ പരമാവധി ഇത്തരം ബന്ധങ്ങള്‍ക്ക് മുതിരാതിരിക്കുകയെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

നബിദിനം ആഘോഷിക്കാമോ?

നബി(സ) ജനിച്ച റബീഉല്‍ അവ്വല്‍ മാസം 12-ന് പ്രത്യേകിച്ചും, ആ മാസം പൊതുവെയും വൈവിധ്യമാര്‍ന്ന പല പരിപാടികളോടെയും നബിദിനം ആഘോഷിക്കപ്പെടുന്നതായി കാണുന്നു. എന്നാല്‍, നബിദിനം ബിദ്അത്താണെന്ന് വിശ്വസിക്കുന്നവര്‍ ലോകത്തുടനീളമുണ്ട്. എന്താണ് നബിദിന വിഷയത്തിലെ താങ്കളുടെ അഭിപ്രായം?

നബിദിനാഘോഷം പാടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ ഏറെ നാളുകളായി സംവാദം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബിദ്അത്തിനും സുന്നത്തിനും തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് ഇക്കൂട്ടര്‍ ഇരുചേരികളായി നിലകൊണ്ട് പരസ്പരം ആക്ഷേപിക്കുന്നത്. പ്രവാചകന്‍ തിരുമേനി(സ)യുമായി ബന്ധപ്പെട്ട എന്തു സംഗതിയും സ്മരിക്കുന്നതോ കൊണ്ടാടുന്നതോ ബിദ്അത്താണെന്നും അതിനാല്‍ വിലക്കപ്പെട്ടതാണെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എതിര്‍ വിഭാഗമാകട്ടെ, പ്രവാചകനോടുള്ള സ്‌നേഹ പ്രകടനം എന്ന പേരില്‍ ശിര്‍ക്കിനോളം പോന്ന പല ദുരാചാരങ്ങളും അനുവദനീയമാക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹം ഒരു മധ്യമ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇമാം ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ നമുക്ക് പാഠമാകേണ്ടതാണ്. അദ്ദേഹം പറഞ്ഞു: ''കാര്‍ക്കശ്യത്തിന്റെയും തീവ്രതയുടെയും ഇടയിലെ മധ്യമ മാര്‍ഗമാണ് ഇസ്‌ലാം.''
ഇസ്‌ലാമിക നിയമങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ അവയുടെ വാചികാര്‍ഥങ്ങളില്‍ പിടിച്ചുതൂങ്ങി കാര്‍ക്കശ്യം വെച്ചുപുലര്‍ത്തുന്നു എന്നത് ഒരു വസ്തുതയാണ്. പ്രവാചകന്‍ തിരുമേനിയോടുള്ള ആദരവും സ്‌നേഹവും അതിരുകള്‍ ഭേദിച്ച് ക്രിസ്ത്യാനികള്‍ ഈസാ നബിയോടു പുലര്‍ത്തിയ ആരാധനാ മനോഭാവത്തിലേക്കെത്തുന്നത് ഇസ്‌ലാം ഗുരുതരമായി കാണുന്നു.  മേല്‍ പറഞ്ഞ രണ്ടുതരം തീവ്ര നിലപാടുകളെയും നാം അപലപിക്കേണ്ടതുണ്ട്.
നമ്മുടെ കലര്‍പ്പില്ലാത്ത സ്‌നേഹവും ആദരവും ലോകനേതാവും മാര്‍ഗദര്‍ശിയുമായ പ്രവാചകനോടു പ്രകടിപ്പിക്കാന്‍ ഇസ്‌ലാമില്‍ ഇടമുണ്ട്. അതിനാല്‍ പ്രവാചകന്റെ ജീവിതവും അതിലെ ദൈനംദിന സംഭവങ്ങളും പ്രവാചക അനുചരന്മാര്‍ ചെയ്തതു പോലെ നമുക്കും വീണ്ടും ഓര്‍ക്കാവുന്നതും അനുസ്മരിക്കാവുന്നതുമാണ്. എന്നാല്‍, അതിരുകടക്കാതിരിക്കാന്‍ നാം പരമാവധി ശ്രദ്ധിക്കുക. പ്രവാചകന്‍ തിരുമേനി (സ) മദീനയിലേക്ക് വന്ന ദിനം മദീനയിലെ മുസ്‌ലിംകള്‍ ആഘോഷമായി കൊണ്ടാടിയ സംഭവങ്ങള്‍ നബി ചരിതങ്ങളില്‍ നാം ധാരാളമായി വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ പാട്ടു പാടിയിരുന്നതായും ചരിത്ര രേഖകളില്‍ കാണാം.
അനസുബ്‌നു മാലിക് (റ) പറയുന്നു: ''മദീനയിലെ പ്രവാചകന്റെ ആഗമനത്തിന് ഞാനും സാക്ഷിയായിരുന്നു. അതു പോലെ സന്തോഷവും ആനന്ദവുമുളവായ ഒരു ദിവസം എന്റെ ജീവിതത്തില്‍ വേറെയുണ്ടായിട്ടില്ല. പ്രവാചകന്റെ വിയോഗ ദിവസത്തിലും ഞാന്‍ സാക്ഷിയായിരുന്നു. അത്രയും മ്ലാനവും ശോകമൂകവുമായ മറ്റൊരു ദിനവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.''
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഉമറുബ്‌നുല്‍ ഖത്ത്വാബ്  മദീനയിലേക്കുള്ള നബിയുടെ പലായന(ഹിജ്‌റ)ത്തിന്റെ സ്മരണകള്‍ കൊണ്ടാടിയിരുന്നു. അദ്ദേഹം ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത് ഹിജ്‌റയെ സ്മരിച്ചു കൊണ്ടാണ്. പ്രവാചക ജീവിതത്തിലെ ഒരു സംഭവത്തെ അദ്ദേഹം എന്നെന്നും അനുസ്മരിക്കുന്ന ഒന്നാക്കി മാറ്റുകയായിരുന്നു.
ഈയടിസ്ഥാനത്തില്‍ പ്രവാചകന്റെ ജന്മദിനത്തെ സ്മരിക്കുന്നതില്‍ തെറ്റില്ല. അതിനെ പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഉപാധിയാക്കുന്നതിനും തടസ്സമില്ല. നമ്മുടെ പുത്തന്‍ തലമുറയെ പ്രവാചകനെ കുറിച്ചും അദ്ദേഹം ജീവിതത്തില്‍ പുലര്‍ത്തിയ ഉന്നത മൂല്യങ്ങളെ കുറിച്ചും പഠിപ്പിക്കാന്‍ റബീഉല്‍ അവ്വല്‍ എന്ന മാസംതന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രസംഗങ്ങള്‍, കവിതകള്‍, പാട്ടുകള്‍ തുടങ്ങി ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്ന എന്തും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കുപയുക്തമായ മാധ്യമമാക്കാം.
പൗരാണികരും ആധുനികരുമായ നിരവധി പണ്ഡിതന്മാര്‍ നബിദിനം ഈ അര്‍ഥത്തില്‍ അനുവദനീയമാണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ജലാലുദ്ദീന്‍ സുയൂത്വി, ശൈഖ് അതിയ്യ സഖര്‍, അബ്ദുല്ല സിദ്ദീഖ് അല്‍ ഖിമാരി, ശൈഖ് യുസുഫുല്‍ ഖറദാവി, ശൈഖ് ഫൈസല്‍ മൗലവി തുടങ്ങിയവരെല്ലാം ഇതിനെ അനുകൂലിച്ച് ഫത്‌വ നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇതാരും നിര്‍വഹിച്ചിട്ടില്ല എന്നതിന്റെ പേരില്‍ നബിദിനത്തെ ഒരു വഴിപിഴച്ച ബിദ്അത്താ(ബിദ്അതുന്‍ ദ്വലാല)യി ഗണിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. ആരാധനാ മേഖലകളിലല്ലാത്ത കാര്യങ്ങളില്‍ പുതിയ ആചാരങ്ങള്‍ കൊണ്ടുവരുന്നത്, അവക്ക് പ്രയോജനങ്ങള്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ല. നബി ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണത്തില്‍ നിരവധി പ്രയോജനങ്ങള്‍ ഉണ്ടെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ പുതുതലമുറയെയും ലോകസമൂഹത്തെയും ഇസ്‌ലാമിലെ പ്രവാചക(സ)നെ പരിചയപ്പെടുത്താന്‍ കഴിയുമെന്നതാണ്.
ഓരോ രാജ്യവും അവരവരുടെ വിശേഷസംഭവങ്ങള്‍ അനുസ്മരിക്കാന്‍ വാര്‍ഷികം കൊണ്ടാടാറുണ്ട്. ഭൂതകാല ചരിത്രത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുകയെന്നതാണ് അതിന്റെ ഉദ്ദേശ്യം. പൗരന്മാരുടെ മനസ്സില്‍ രാജ്യസ്‌നേഹവും പൗരബോധവും ഉണര്‍ത്താന്‍ അതു വഴി സാധിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് തങ്ങളുടെ പ്രവാചകനേക്കാള്‍ വലുതായി എന്താണുള്ളത്? ഇക്കാരണത്താലാണ് ഉമര്‍ (റ) ഹിജ്‌റയെ ഇസ്‌ലാമിക കലണ്ടര്‍ അടയാളപ്പെടുത്താന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുത്തത്.
ഇസ്‌ലാമിനെ സംബന്ധിച്ച ബോധം ജനങ്ങളില്‍ കുറഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണ് നമ്മുടേത്. ഇതു പോലുള്ള ഓര്‍മ പുതുക്കലുകള്‍ തീര്‍ച്ചയായും വിശ്വാസികളുടെ മനസ്സില്‍ പ്രവാചകസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ വഴിയൊരുക്കും.
നബിദിനം ബിദ്അത്ത് ആണെന്ന് വിധിച്ച് അതിനെ എതിര്‍ക്കുന്നവര്‍ അവരുടെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വാര്‍ഷികവും സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം ജൂബിലികളുമൊക്കെ ആഘോഷിക്കുന്നത് വിരോധാഭാസമാണ്. ആദ്യത്തേത് അപലപിക്കപ്പെടുമ്പോള്‍ രണ്ടാമത്തേത് അനുവദിക്കപ്പെടുന്നതെങ്ങനെ?
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്, ഇബ്‌റാഹീം പി.സെഡ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍