Prabodhanm Weekly

Pages

Search

2014 ജനുവരി 31

'ബഹിഷ്‌കരിക്കപ്പെട്ട മൗദൂദിവാദി'

കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി/ സദ്‌റുദ്ദീന്‍ വാഴക്കാട്

ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ചെറുവാടി. കോഴിക്കോട് ജില്ലയിലെ തെക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന, മാവൂരിനോടടുത്ത ഗ്രാമം. 'ചെറുവാടി' എന്നാല്‍ 'കൊച്ചുപൂന്തോട്ടം' എന്നാണര്‍ഥം. പല്ലവനാട് രാജവംശത്തിലെ പന്നിക്കോട് അംശത്തില്‍ ഉള്‍പ്പെട്ടതാണ് ചെറുവാടി ഗ്രാമം. തൃക്കളയൂര്‍ ക്ഷേത്രത്തിന് ഇവിടെ ധാരാളം ഭൂമിയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഏറെ മുമ്പേ മുസ്‌ലിംകള്‍ ഇവിടെ താമസക്കാരാണ്. ഈഴവരും പട്ടിക ജാതിക്കാരുമായ കുറേ ഹൈന്ദവ സഹോദരങ്ങളും പ്രദേശത്തുണ്ട്. താമരശ്ശേരി ചുരമിറങ്ങി കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിപ്പുസുല്‍ത്താന്‍ ചെറുവാടിയിലെത്തി, പുഴയോരത്ത് സത്രം കെട്ടി ബോട്ടില്‍ ഫറോഖിലേക്ക് പോയിരുന്നുവത്രെ. തൃക്കളയൂര്‍ ക്ഷേത്രവും പുതിയോത്ത് മസ്ജിദുമാണ് പഴക്കമുള്ള ആരാധനാലയങ്ങള്‍. പൊന്നാനിയില്‍ നിന്നുവന്ന മുസ്‌ലിയാരകത്ത് ലവക്കുട്ടിയായിരുന്നു പുതിയോത്ത് പള്ളിയിലെ ആദ്യത്തെ ഖാദിയാര്‍. 1921-ലെ ഖിലാഫത്ത് പ്രക്ഷോഭം ചെറുവാടിയില്‍ ശക്തമായി തന്നെ നടന്നിട്ടുണ്ട്. കട്ടയാട്ട് ഉണ്ണിമോയിന്‍കുട്ടി 'അധികാരിപട്ടം' രാജിവെച്ച് രക്തസാക്ഷിയായതായും കേട്ടിട്ടുണ്ട്.
ഇത്തരമൊരു പാരമ്പര്യമുള്ള ചെറുവാടി ഗ്രാമത്തില്‍ 1930 കളിലാണ് എന്റെ ജനനം. വാപ്പ കൈതോട്ടില്‍ വേണായിക്കോട് വീരാന്‍കുട്ടി. കമ്പളവന്‍ പരിയാരത്ത് ഖദീജയാണ് ഉമ്മ. ഇസ്‌ലാമിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാതിരുന്ന പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസപരമായും പിന്നാക്കമായിരുന്നു. മുസ്‌ലിംകളില്‍ ഭൂരിപക്ഷം പാരമ്പര്യമായി 'സുന്നി'കള്‍. അതുകൊണ്ട് യാഥാസ്ഥിതികത്വം കൊടികുത്തിവാണ പ്രദേശങ്ങളില്‍ ചെറുവാടി മുന്‍പന്തിയിലായിരുന്നു. അവിടുത്തെ മുസ്‌ലിയാക്കന്മാര്‍ പൊതുവെ അന്ധവിശ്വാസ-അനാചാരങ്ങളുടെ വലിയ പ്രചാരകന്മാരായിരുന്നു.

പള്ളിക്കൂടങ്ങള്‍
മദ്‌റസയും പള്ളിദര്‍സും ചെറിയ ഒരു സ്‌കൂളുമായിരുന്നു ചെറുവാടിയിലെ പള്ളിക്കൂടങ്ങള്‍. മദ്‌റസക്കും പള്ളി ദര്‍സിനും പ്രത്യേക സ്ഥാനവും അവയിലെ അധ്യാപകര്‍ക്ക് വലിയ ആദരവും ബഹുമാനവും ലഭിച്ചിരുന്നു. നാലോ അഞ്ചോ ഉസ്താദുമാരായിരുന്നു മദ്‌റസയിലുണ്ടായിരുന്നത്. അവരില്‍ ഓത്തു പഠിപ്പിക്കുന്നതില്‍ വിദഗ്ധനായിരുന്നു തോലേങ്ങല്‍ അബ്ദുസ്സലാം മൊല്ലാക്ക. അദ്ദേഹത്തിന്റെ മകന്‍ കുഞ്ഞഹമ്മദ് മൊല്ലയും പ്രാകുന്നത്ത് മുഹമ്മദ് മുസ്‌ലിയാരുമാണ് മറ്റു രണ്ടു പേര്‍. കൊളക്കാടന്‍ അബൂബക്കര്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇടക്കിടെ മദ്‌റസയില്‍ പരിശോധനകള്‍ നടക്കാറുണ്ടായിരുന്നു.
ഓരോ അക്ഷരത്തിന്റെയും 'മഖ്‌റജ്' (ഉത്ഭവസ്ഥാനം) കൃത്യമായി ശ്രദ്ധിച്ചുകൊണ്ട് ഓതേണ്ടത് നിര്‍ബന്ധമായിരുന്നു.  ഉച്ചാരണം അവ്വിധം ശരിയാക്കിയെടുക്കാന്‍ ഉസ്താദുമാര്‍ കഠിനാധ്വാനം ചെയ്തു. ചെവി പിടിച്ചും, ചുണ്ടുകളുടെ രണ്ട് അറ്റങ്ങള്‍ വലിച്ചുപിടിച്ചും, കൈതണ്ട കൊണ്ട് മൂര്‍ധാവിലടിച്ചുമൊക്കെയാണ് 'മഖ്‌റജ്'  ശരിപ്പെടുത്തുക! അങ്ങനെ 'മഖ്‌റജ്' ശ്രദ്ധിച്ച് പഠിക്കുന്ന രീതിയൊക്കെ ഇന്ന് വളരെ കുറവാണല്ലോ.
മഴക്കാലമാകുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ഓല മേഞ്ഞ കെട്ടിടത്തിലാണ് മദ്‌റസ പ്രവര്‍ത്തിച്ചിരുന്നത്. പന്നിക്കോട്ട് ഒരു നമ്പൂതിരി ഇല്ലമുണ്ട്. അവരുടെ പറമ്പിലാണ് കൊടപ്പനയുടെ ഓലയുണ്ടായിരുന്നത്. പണം കൊടുത്ത് വാങ്ങാന്‍ വഴിയില്ല. ചെറുകോട് നമ്പൂതിരിയെ സമീപിച്ച് ഓല ചോദിക്കാന്‍ എല്ലാവരും കൂടി തീരുമാനിച്ചു. ഏഴിമല മുസ്‌ലിയാര്‍ മുമ്പിലും കുറേ കുട്ടികള്‍ പിന്നിലുമായി ഒരു സംഘം ചെറുവാടിയില്‍നിന്ന് പന്നിക്കോട്ടേക്ക് നടന്നു. കാലത്ത് എട്ടു മണിക്ക് ഇല്ലത്തിന്റെ മുമ്പിലെത്തി, കാര്യസ്ഥനെ കണ്ടു. ''ഓര്‍ ആരാധനാ മണ്ഡപത്തിലാണ്, എട്ടര മണിയാകും പുറത്തുവരാന്‍'' കാര്യസ്ഥന്‍ പറഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞു, നമ്പൂതിരി പുറത്തുവന്നു.
ഏഴിമല മുസ്‌ലിയാര്‍ അദ്ദേഹത്തോട് സംസാരിച്ചു. ''പള്ളിയിലെ പുതിയ മുസ്‌ലിയാരാണല്ലേ! ഞാന്‍ കേട്ടിട്ടുണ്ട്; പുതിയ ആള് വന്നെന്നും നാട്ടുകാര്‍ക്കൊക്കെ പ്രിയങ്കരനാണെന്നും.'' നമ്പൂതിരി പറഞ്ഞു. മുസ്‌ലിയാര്‍ വിഷയം അവതരിപ്പിച്ചു: ''കുട്ടികള്‍ പഠിക്കുന്ന മദ്‌റസ ചോര്‍ന്നൊലിക്കുകയാണ്. കുറച്ച് ഓല കിട്ടിയാല്‍ അതൊന്ന് ശരിയാക്കാമായിരുന്നു.'' ''നിങ്ങള്‍ക്ക് ആവശ്യമുള്ളത് വെട്ടിയെടുത്തോളൂ. ശ്രീധരാ, ഇവര്‍ക്കാവശ്യമുള്ള ഓല കൊടുക്ക്.'' നമ്പൂതിരി കാര്യസ്ഥനെ ചുമതലപ്പെടുത്തി. പനയില്‍ കയറി ഓല വെട്ടാനുള്ള ആളെയുമായിട്ടായിരുന്നു ഞങ്ങള്‍ പോയത്. നമ്പൂതിരി തന്ന ഓലയുമായി ചെറുവാടിയിലേക്ക് മടങ്ങി. അന്നതെല്ലാം സാധാരണമായിരുന്നു. മുസ്‌ലിം പണ്ഡിതന്മാരോടും ഭക്തരോടും അമുസ്‌ലിം സഹോദരങ്ങള്‍ക്ക് വലിയ മതിപ്പും ആദരവുമായിരുന്നു.
ഭൗതിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല അക്കാലത്ത്. എന്റെ കുടുംബത്തിനും അതിലൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് കൃത്യമായ സ്‌കൂള്‍ പഠനമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. സ്‌കൂള്‍ പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍ വരുന്ന ദിവസം മമ്മാലി മുസ്‌ലിയാര്‍ വന്ന് സ്‌കൂളിലേക്ക് കൊണ്ടുപോകും. അദ്ദേഹവും സ്‌കൂളിലെ അധ്യാപകനായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം നേടി. മദ്‌റസാ പഠനം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പള്ളി ദര്‍സിലെ കിതാബോതലായി.

പള്ളി ദര്‍സില്‍
പ്രമുഖ പണ്ഡിതന്‍ ഏഴിമല ഇ.എന്‍ അഹ്മദ് മുസ്‌ലിയാരായിരുന്നു ചെറുവാടി പള്ളിയിലെ മുദര്‍റിസ്. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു ഞാന്‍. മഗ്‌രിബ് മുതല്‍ ഇശാ വരെയായിരുന്നു ഓത്ത്. നല്ല പാണ്ഡിത്യമുള്ള ഭക്തനായിരുന്നു അഹ്മദ് മുസ്‌ലിയാര്‍. ഹദീസ്, നഹ്‌വ്, സ്വര്‍ഫ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ പഠിച്ചത് അപ്പടി ഓര്‍മയുള്ള മഹാന്‍. അദ്ദേഹം ഖുര്‍ആന്റെ അര്‍ഥം പറയാറുണ്ടായിരുന്നില്ല. ഏതെങ്കിലും കിതാബില്‍ ഉദാഹരണമായോ മറ്റോ ആയത്ത് കൊടുത്തിട്ടുണ്ടെങ്കിലും അര്‍ഥം പറയില്ല. വീണ്ടും ചോദിച്ചാല്‍, 'അതല്ലാത്തതെല്ലാം പഠിച്ചോ' എന്നാണ് മറുപടി. നാട്ടുകാര്‍ക്ക് ദീനുല്‍ ഇസ്‌ലാമിന്റെ അവസാന വാക്കായിരുന്നു അദ്ദേഹം. മന്ത്രിച്ചൂത്തും വിഷചികിത്സയും നടത്തിയിരുന്നു ഏഴിമല മുസ്‌ലിയാര്‍. പാമ്പ് കടിച്ചാല്‍ അദ്ദേഹം മന്ത്രിച്ച വെള്ളം കുടിക്കും, നൂല് കെട്ടും; ഇതായിരുന്നു ചികിത്സ. മന്ത്രിച്ചൂതിയ വെള്ളം ഒരു തുള്ളി അകത്തു ചെന്നാല്‍ വിഷം പുറത്തുവരും എന്നായിരുന്നു വിശ്വാസം. ചെറുവാടി പള്ളിയില്‍ ഇടക്കിടെ അദ്ദേഹം വഅള് പറഞ്ഞിരുന്നു. പലതരം അന്ധവിശ്വാസങ്ങളും പ്രദേശത്ത് പ്രചരിച്ചത് ആ വഅളുകള്‍ വഴിയാണ്.

ഖുത്ബിയ്യത്ത് റാത്തീബ്
അക്കാലത്ത് വ്യാപകമായി നടന്നിരുന്നൊരു അനാചാരമാണ് ഖുത്ബിയ്യത്ത് റാത്തീബ്. എല്ലാ അറബി മാസവും പതിനൊന്നാം രാവിലാണ് 'ഖുത്ബിയ്യത്ത്' നടക്കുക. ഖുത്ബിയ്യത്തിന്റെ 'പാല്‍ സ്വീകരിക്കല്‍' എന്റെ ചുമതലയായിരുന്നു. നാട്ടിലെ പശുക്കളുടെയും എരുമകളുടെയും പാല്‍ കറന്നെടുത്ത് എല്ലാവരും പള്ളിയിലെത്തിക്കണം. പള്ളി മുറ്റത്തെ അടുപ്പില്‍ വലിയൊരു ചെമ്പുണ്ടാകും. കൊണ്ടുവരുന്ന പാല് മുഴുവന്‍ അതിലൊഴിക്കണം. കുറച്ച് പൊടിയും പഞ്ചസാരയും ചേര്‍ത്ത് നല്ല മധുരമുള്ള പാല്‍ചായ ഉണ്ടാക്കും. പത്തിരിയും ഇറച്ചിയുമുണ്ടാകും. അതാണ് റാത്തീബിന്റെ ശാപ്പാട്! റാത്തീബിന്റെ മുഖ്യ ആകര്‍ഷണം ഭക്ഷണം തന്നെ!
ഇശാ നമസ്‌കാരത്തിനുശേഷം മുസ്‌ലിയാര്‍ പന്ത്രണ്ട് റക്അത്ത് 'പ്രത്യേക സുന്നത്ത്' നമസ്‌കരിക്കും. ചെറിയൊരു പ്രാര്‍ഥനക്കുശേഷം 'അല്‍ഫാതിഹ' വിളിക്കും. ആളുകളെല്ലാം ഭക്തിയോടെ വട്ടത്തില്‍ ഇരിക്കും, ഫാത്വിഹ ഓതും. 14-ാം നമ്പര്‍ വിളക്ക്-പെട്രോമാക്‌സ്-കത്തിച്ചുവെക്കും. തലയണയില്‍ റാത്തീബിന്റെ കിതാബ് നിവര്‍ത്തി വെച്ചിട്ടുണ്ടാകും. ഇരുപതു മിനിറ്റോളം അറബിയില്‍ പലതും ചൊല്ലും. പിന്നീട് വിളക്ക് കെടുത്തും. എല്ലാവരും എഴുന്നേറ്റു നില്‍ക്കും. ഉടന്‍ മുസ്‌ലിയാര്‍ ഉച്ചത്തില്‍ പറയും: 'യാഗൗസ്' 'യാ മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ.' നില്‍ക്കുന്നവര്‍ ഇത് ആവര്‍ത്തിക്കണം, ആയിരം തവണ; കഴിയുന്നത്ര ഉച്ചത്തില്‍. ക്ഷീണിച്ചവശരാകുന്നതോടെ എല്ലാവരും ഇരിക്കും, വിളക്ക് കത്തിക്കും. പത്തിരിയും ഇറച്ചിയും പാല്‍ ചായയും മുമ്പിലെത്തും. അതു  കഴിച്ച ശേഷം 'ഓജീനിച്ചാലുള്ള ദുആ'യും ചൊല്ലി പിരിയും. ചിലര്‍ ബര്‍കത്തിനുവേണ്ടി ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു.
റാത്തീബിനെ കുറിച്ച് ഞാനൊരിക്കല്‍ ഉസ്താദിനോട് ചോദിച്ചു: ''ഇവിടെ അധിക സ്ഥലത്തും ഇല്ലാത്ത ഈ ആരാധന ഇത്ര പുണ്യമുള്ളതാണെങ്കില്‍ എല്ലായിടത്തും നടത്തേണ്ടതല്ലേ?'' ''എവിടെയാണിതില്ലാത്തത്? ഞങ്ങളുടെ വടക്കേ മലബാറില്‍ പള്ളികളോട് ചേര്‍ന്ന് റാത്തീബ് ആലയം തന്നെയുണ്ട്. റാത്തീബിന്റെ ഗുണം അറിയാത്തതുകൊണ്ടാണ് ഇവിടെ അതില്ലാത്തത്. 'ശൈഖ്' ആരാണെന്ന് ആളുകള്‍ അറിഞ്ഞിട്ടില്ല. ഞാന്‍ നിനക്കൊരു കാര്യം പറഞ്ഞു തരാം. ബോംബെയില്‍ നൂറില്‍പരം ആളുകള്‍ ചേര്‍ന്ന് ഒരു ഖുത്ബിയ്യത്ത് നടത്തി. ആളുകള്‍ വട്ടം കൂടിയിരുന്ന് 'ശൈഖി'നെ വിളിക്കും. വിളി കേട്ടാല്‍ 'ശൈഖ്' റാത്തീബിന്റെ 'മജ്‌ലിസി'ല്‍ ഹാജരാകും. ഒരിക്കല്‍, ഇത് ജനങ്ങള്‍ക്ക് അറിയാന്‍ വേണ്ടി മജ്‌ലിസില്‍ അരച്ചാക്ക് അരിപ്പൊടി വിതറി. വിളക്കണച്ചു, എല്ലാവരും എഴുന്നേറ്റ് നിന്നു, ആയിരം തവണ ശൈഖിനെ വിളിച്ചു കഴിഞ്ഞപ്പോള്‍, നിന്ന സ്ഥലത്തുനിന്ന് അല്‍പ്പവും മാറാതെ എല്ലാവരും ഇരുന്നു. വിളക്ക് കത്തിച്ചു. അപ്പോഴതാ അരിപ്പൊടിയില്‍  കാല്‍പാദങ്ങളുടെ അടയാളം. അതോടെ ശൈഖ് വന്നുവെന്ന് എല്ലാവര്‍ക്കും വിശ്വാസമായി. അബ്ദുര്‍റഹ്മാനേ, 'ശൈഖ്' വരും എന്ന വിശ്വാസം നിനക്കുണ്ടാകണം. ആ വിശ്വാസത്തോടെ നീ റാത്തീബ് ചൊല്ലിയാല്‍ ശൈഖിന്റെ സാന്നിധ്യം നിനക്കുണ്ടാകും. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ 'വഹാബികള്‍' എന്നൊരു കൂട്ടര്‍ പൊങ്ങി വന്നിട്ടുണ്ട്. അവര്‍ക്ക് ദീനുമില്ല ഇസ്‌ലാമുമില്ല. നീ നല്ലപോലെ സൂക്ഷിക്കണം. അവരില്‍പെട്ടു പോകരുത്.'' ഉസ്താദ് സുദീര്‍ഘമായ വിശദീകരണം നല്‍കി. ''ഞാന്‍ അറിയാന്‍ വേണ്ടി ചോദിച്ചതാണ്, നിങ്ങളുടെ വഴിയില്‍ നിന്ന് ഞാന്‍ തെറ്റി പോയിട്ടില്ല-'' ഞാന്‍ മറുപടിയും പറഞ്ഞു.
നാട്ടിലെ ദര്‍സിലെ പഠനത്തിനുശേഷം ഞാന്‍ മറ്റൊരു പള്ളിയില്‍ പഠിക്കാന്‍ പോയി. എന്റെ നാട്ടുകാരനും പണ്ഡിതനുമായ മാളിയേക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ വാഴയൂരില്‍ ദര്‍സ് നടത്തിയിരുന്നു. ബാഖവിയായിരുന്ന അദ്ദേഹത്തിന്റെ കീഴിലാണ് പിന്നീട് പഠനം തുടര്‍ന്നത്. അദ്ദേഹം അവിടെനിന്ന് സ്ഥലം മാറിയപ്പോള്‍ ഞാനും കൂടെ പോയി. പള്ളി ദര്‍സിലെ ഒരു സ്ഥലം വിട്ട് മറ്റേ സ്ഥലത്തേക്ക് പോകുമ്പോള്‍ 'മുതഅല്ലിമീങ്ങളും' (വിദ്യാര്‍ഥികള്‍) കൂടെ പോകാറുണ്ടായിരുന്നു.
കുറച്ചു കാലം കിതാബോതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി, ഒരു മുദര്‍റിസാകണമെന്ന്. ചെറിയ കിതാബൊക്കെ ചൊല്ലിക്കൊടുക്കാമെന്ന ധൈര്യം അപ്പോള്‍ തന്നെ എനിക്കുണ്ടായിരുന്നു. എന്റെ ഉസ്താദിന്റെ കീഴില്‍ തന്നെ ചെറിയ കിതാബുകള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തിരുന്നു. അതുകൊണ്ടാണ് സ്വന്തമായി ദര്‍സ് തുടങ്ങാം എന്നൊരു ചിന്ത എനിക്കുണ്ടായത്.

മുദര്‍റിസാകുന്നു
'പുത്തന്‍ പ്രസ്ഥാനക്കാര്‍'ക്കെതിരെ 'സമസ്ത'യുടെ പണ്ഡിതന്മാര്‍ ശക്തമായി പോരാടിക്കൊണ്ടിരുന്ന കാലമാണ്. കോഴിക്കോട് കുറ്റിച്ചിറ ജുമാ മസ്ജിദില്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബി. കുട്ടിഹസന്‍ ഹാജി (മാഹി) എന്നിവര്‍ ഒത്തുചേര്‍ന്ന ഒരു സന്ദര്‍ഭം. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. കുന്ദമംഗലം ജുമുഅത്ത് പള്ളിയിലേക്ക് ഒരു മുദര്‍റിസിനെ ആവശ്യമുള്ള കാര്യം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. 'ചെറുവാടി രാജ്യം നിങ്ങള്‍ വഴി അറിയപ്പെടട്ടെ' എന്നുപറഞ്ഞ് എന്നെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ ഇമാമും മുദര്‍റിസുമായി നിശ്ചയിച്ചു.
1953 ലെ ബലിപെരുന്നാളിനുശേഷം ഏതാണ്ട് പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കുന്ദമംഗലം ജുമുഅത്ത് പള്ളിയില്‍ ദര്‍സ് ആരംഭിച്ചു. പരിസര പ്രദേശങ്ങളിലെ അമ്പതോളം കുട്ടികള്‍ മുതഅല്ലിമീങ്ങളായി എത്തി; അവരുടെ രക്ഷിതാക്കളുമുണ്ടായിരുന്നു. ഒരു ബാഖവിയാണ് ദര്‍സ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എന്റെ ഊഴം. മുദര്‍റിസാണെന്ന ഭാവത്തില്‍ അല്‍പ്പം ഗര്‍വോടെ, പള്ളി ദര്‍സിലെ ആദ്യത്തെ കിതാബായ മുതഫര്‍രിദ് ചൊല്ലിക്കൊടുക്കാന്‍ തുടങ്ങി. അവിടുത്തെ ഖത്വീബും ഞാന്‍ തന്നെയായിരുന്നു. 'നുബാത്തിയ്യ' ഖുതുബ വലിച്ചു നീട്ടി ഓതും. അങ്ങനെ കുന്ദമംഗലം പള്ളിയില്‍ ദര്‍സും മറ്റും സജീവമായി നടന്നുവന്നു.
മഗ്‌രിബിന് ശേഷമാണ് കുട്ടികള്‍ക്കുള്ള ദര്‍സ്. അത് ഇശാ വരെ നീളും. ഇശാ ജമാഅത്തിനു ശേഷം കച്ചവടക്കാരുള്‍പ്പെടെയുള്ള ഏതാനും ചെറുപ്പക്കാര്‍ക്കും ക്ലാസ് എടുക്കും. മുമ്പ് മദ്‌റസയിലോ ദര്‍സിലോ ഒക്കെ പഠിച്ചവരായിരുന്നു അവര്‍. 'ഫത്ഹുല്‍ മുഈന്‍' എന്ന ശാഫിഈ ഫിഖ്ഹിലെ കിതാബാണ് അവര്‍ക്ക് പഠിപ്പിച്ചിരുന്നത്. ഈ ക്ലാസില്‍ നിന്നാണ് കടുത്ത യാഥാസ്ഥിതിക മനസ്‌കനായിരുന്ന എന്റെ മനസ്സില്‍ മാറ്റത്തിന്റെ മുള പൊട്ടാന്‍ തുടങ്ങിയത്.
കുന്ദമംഗലത്തെ പ്രധാനികളാണ് 'ഭൂപതി' കുടുംബം. ഭൂപതി സോപ്പ് കമ്പനിയുടെ പേരിലാണവര്‍ 'ഭൂപതി' എന്നറിയപ്പെട്ടത്. ഭൂപതി മുഹമ്മദ് മൗലവി, അനുജന്മാരായ അബൂബക്കര്‍ ഹാജി, ഉസ്മാന്‍ ഹാജി എന്നിവരും അവരുടെ തൊഴിലാളികളില്‍ ചിലരും ഇശാക്ക് ശേഷം ക്ലാസ് കേള്‍ക്കാന്‍ വരാറുണ്ടായിരുന്നു. അവര്‍ ചില സംശയങ്ങളൊക്കെ ചോദിക്കും. ഒരിക്കല്‍ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ അഖീദയെയും പുത്തന്‍ പ്രസ്ഥാനക്കാരെയും കുറിച്ചായിരുന്നു അവരുടെ ചോദ്യം. ''സുന്നത്ത് ജമാഅത്തിന്റെ' അഖീദയില്‍ പെട്ടതു മാത്രമേ ഞാന്‍ പറയൂ. വഹാബി-മൗദൂദികളുടേതൊന്നും എനിക്കറിയില്ല. അതിനെ കുറിച്ചൊന്നും എന്നോട് സംസാരിക്കരുത്. വഹാബികളും മൗദൂദികളും പിഴച്ചവരാണ്, അവര്‍ക്കെതിരായ ശാപപ്രാര്‍ഥനക്ക് ഞാന്‍ ആമീന്‍ പറഞ്ഞിട്ടുണ്ട്. പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരും ബി. കുട്ടിഹസന്‍ ഹാജിയും വഅള് പരമ്പര നടത്തിയപ്പോള്‍ മൂന്നുതവണ ജമാഅത്ത്-വഹാബികള്‍ക്കെതിരെ ശാപ പ്രാര്‍ഥന നടത്തിയിരുന്നു. ആളുകള്‍ ആമീന്‍ പറയുകയും ചെയ്തിരുന്നു.'' ഇത്രയും പറഞ്ഞ്  ആ ചര്‍ച്ച അന്ന് ഞാന്‍ അവസാനിപ്പിച്ചു.
കുന്ദമംഗലം ടൗണ്‍ പള്ളിയില്‍ ആവശ്യത്തിന് 'മുസ്ഹഫ്' ഉണ്ടായിരുന്നില്ല. ഒരു വെള്ളിയാഴ്ച ജുമുഅക്കുശേഷം വിഷയമവതരിപ്പിച്ചു. കഴിയുന്ന ആളുകളെല്ലാം ഖുര്‍ആന്‍ വഖ്ഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പി.വി.കെ മൗലവിയും ഭൂപതി അബൂബക്കര്‍ ഹാജിയും മറ്റു പലരും ഖുര്‍ആന്‍ വാങ്ങി പള്ളിയിലേക്ക് നല്‍കി. 'പുത്തനാശയക്കാര്‍' നല്‍കിയ ഖുര്‍ആന്‍ പള്ളിയില്‍ സ്വീകരിച്ചതിനെതിരെ, നാട്ടുകാര്‍ക്കിടയില്‍ മുറുമുറുപ്പുയര്‍ന്നു. 'പാര്‍ട്ടി നോക്കാതെ ഖുര്‍ആന്‍പ്രതികള്‍ വഖ്ഫ് ചെയ്യാന്‍ പറഞ്ഞത് ശരിയായില്ല' എന്നു ചിലര്‍ വാദിച്ചു. ''ഒരു പാര്‍ട്ടിയെയും കാഫിറാക്കാന്‍ പാടില്ലെന്ന് മുദര്‍റിസ് പറയാറുണ്ട്.  എന്നാല്‍, വഹാബി മൗദൂദികള്‍ കാഫിറാണെന്ന് നമ്മുടെ നേതാക്കള്‍ മൈക്ക് കെട്ടി പ്രസംഗിച്ചതാണ്. പക്ഷേ നമ്മുടെ മുദര്‍റിസ് പറയുന്നത് അവരെ കാഫിറാക്കരുതെന്ന്! ഇതിന് തീരുമാനമുണ്ടായില്ലെങ്കില്‍ അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്ത് കുന്ദമംഗലത്തുനിന്ന് നാടുകടക്കും'', ഇങ്ങനെ പോയി ആളുകളുടെ അഭിപ്രായങ്ങള്‍.
അടുത്ത ദിവസം പൂളപ്പൊയിലില്‍ നബിദിന യോഗം ഉണ്ടായിരുന്നു. ഞാനും പ്രസംഗകനായിരുന്നു. സുന്നത്ത് ജമാഅത്തിനെ കുറിച്ച് വിശദീകരിച്ചശേഷം ഞാന്‍ പറഞ്ഞു: ''നാം ആരെയും കാഫിറാക്കരുത്. അത് നമ്മുടെ ജോലിയല്ല. നബി അത് വിലക്കിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സ്വഹീഹായ ഒരു ഹദീസ് ഇങ്ങനെയാണ്: 'നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും നമ്മുടെ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും ചെയ്തവന്‍ മുസ്‌ലിമാണ്.' ഇതാണ് നാം പിന്തുടരേണ്ടത്.''
'നമ്മുടെ മുസ്‌ലിയാക്കന്മാര്‍ പറയാത്തതും, നാം കേള്‍ക്കാത്തതുമായ അത്ഭുതമാണിത്' എന്നായിരുന്നു ആളുകളുടെ പ്രതികരണം. ചിലര്‍ എനിക്കെതിരെ തിരിഞ്ഞു. ഒരുവിധം പള്ളിയില്‍ തിരിച്ചെത്തി. 'മുദര്‍റിസ് ജമാഅത്തുകാരുടെ  ഏജന്റാണെ'ന്ന് പ്രചാരണം തുടങ്ങി. എങ്കിലും ദര്‍സും ഖുത്വുബയും തുടര്‍ന്നു.
ഒരു ദിവസം ഭൂപതി അബൂബക്കര്‍ഹാജി എന്റെ അടുത്ത് വന്നു. അഹ്‌ലുസ്സുന്നത്തിനെയും പുത്തന്‍ വാദക്കാരെയും കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിച്ചു. ''മൗദൂദിയെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും അറിയുമോ?'' അദ്ദേഹം ചോദിച്ചു. ''ഒന്നും അറിയില്ല. പക്ഷേ, അഹ്‌ലുസ്സുന്നത്തില്‍ പെടാത്ത എല്ലാ പാര്‍ട്ടികളും പിഴച്ചവരാണ്. മുസ്‌ലിംകള്‍ 73 കക്ഷികളാകുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. 72 ഉം പിഴച്ചവയായിരിക്കും. ഒന്നു മാത്രം ശരി, അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്ത്! എനിക്ക് പിഴച്ച പാര്‍ട്ടിക്കാരുമായി ഒരു ബന്ധവുമില്ല. ഈമാന്‍ തെറ്റിക്കുന്ന എല്ലാ പാര്‍ട്ടികളില്‍നിന്നും അല്ലാഹു നമ്മെ രക്ഷിക്കട്ടെ-ഇതാണെന്റെ പ്രാര്‍ഥന.'' ഞാന്‍ പറഞ്ഞു.
''സുന്നത്ത് ജമാഅത്തും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള വ്യത്യാസം നമുക്കൊന്ന് ചര്‍ച്ച ചെയ്തുകൂടേ?'' ഭൂപതിയുടെ ചോദ്യം. ''അടുത്ത ദിവസമാകാം.'' ഞാന്‍ സമ്മതിച്ചു. രണ്ടുദിവസത്തിനുശേഷം പി.വി.കെ മൊയ്തീന്‍ മൗലവിയും ഭൂപതി അബൂബക്കര്‍ ഹാജിയും ഒരു മാര്‍ക്‌സിസ്റ്റുകാരനും സംസാരിക്കാന്‍ വന്നു. ''ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കാഫിറുകളാണെന്ന് സമസ്തയുടെ നേതാക്കള്‍ പറയുന്നുണ്ടല്ലോ, താങ്കളുടെ അഭിപ്രായമെന്താണ്?'' ഭൂപതിയുടെ ചോദ്യം.
''ആരെയും കാഫിറാക്കാന്‍ ഞാനൊരുക്കമല്ല. ജമാഅത്ത് പിഴച്ച പാര്‍ട്ടിയാണെന്ന് ഞാന്‍ തീര്‍ത്തു പറയും. നമസ്‌കരിക്കുന്ന ആരെയും കാഫിറാക്കാന്‍ പറ്റുന്ന ഒരു മസ്അലയും ഞാനിന്നേവരെ പഠിച്ചിട്ടില്ല. ആര് പറഞ്ഞാലും ഞാനത് അംഗീകരിക്കുകയില്ല. അതിന് എന്റെ പക്കല്‍ ധാരാളം തെളിവുകളുണ്ട്. കുഫ്ര്‍ ആരോപണം ആരോപകനിലേക്ക് മടങ്ങിവരാം. അതായത്, ആരെയാണോ ഞാന്‍ കാഫിറെന്നു വിളിക്കുന്നത്, അവന്‍ യഥാര്‍ഥത്തില്‍ കാഫിറല്ലെങ്കില്‍ ആരോപകന്‍ കാഫിറായി മാറും. അത് പരലോക ജീവിതം നഷ്ടത്തിലാകാന്‍ കാരണമാകും. നേതാക്കന്മാര്‍ ആരെയെങ്കിലും കാഫിറാക്കുന്നുവെങ്കില്‍ അതിന്റെ വിശദീകരണം അവരോടാണ് ചോദിക്കേണ്ടത്.'' ഞാന്‍ വിശദീകരിച്ചു.
പി.വി.കെ ഇടപെട്ടു. ''ജമാഅത്തുകാര്‍ പിഴച്ചവരല്ലെന്ന് ഞങ്ങള്‍ തെളിയിക്കാം!'' ''പിഴച്ചവരാണെന്ന് ഞാനും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും തെളിയിക്കാം.'' ഞാന്‍ വിട്ടുകൊടുത്തില്ല. മാര്‍ക്‌സിസ്റ്റുകാരന്റെ നേതൃത്വത്തില്‍ കരാര്‍ പത്രം എഴുതി, മൂന്നു കോപ്പി. ഒന്ന് പള്ളിയില്‍ സൂക്ഷിച്ചു. രണ്ടുകോപ്പികള്‍ ഇരുവിഭാഗവും കൈയില്‍ വെച്ചു. സഖാവ് അടുത്ത ദിവസം രാവിലെ ഇ.കെ യെ കണ്ടു സംസാരിച്ചു. അടുത്ത ദിവസം തീരുമാനമുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം നാട്ടില്‍ പ്രചരിച്ചു. കുന്ദമംഗലവും പരിസര പ്രദേശവും ഇളകി മറിയാന്‍ തുടങ്ങി. ഭൂപതിയുടെ സോപ്പ് കമ്പനിക്ക് തീവെച്ച കാലവുമായിരുന്നു അത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍