പട്ടാളം ജനാധിപത്യം നടപ്പാക്കുമ്പോള്‍
മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെക്കുറിച്ച് കൂടെ ജോലി ചെയ്തിരുന്ന ഈജിപ്തുകാരന്‍ പറഞ്ഞ ഒരു കഥയുണ്ട്. ഹുസ്‌നി മുബാറക്കും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് രണ്ടാമനും ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലയറും നൈല്‍ നദിക്കരയിലെ ക്ലബ്ബില്‍ പന്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിറയെ മുതലകളുള്ള നദിയിലേക്ക് പന്ത് ഉരുണ്ട് വീണു. ഉടനെ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് തന്റെ നാഷ്‌നല്‍ ഗാര്‍ഡിലെ ഒരു പട്ടാളക്കാരനോട് നദിയില്‍ ചാടി പന്തെടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ 'എനിക്ക് ഭാര്യയും മക്കളുമുണ്ട്, അവരെ സംരക്ഷിക്കാന്‍ മറ്റാരുമില്ല' എന്ന് പറഞ്ഞ് പട്ടാളക്കാരന്‍ ഒഴിഞ്ഞുമാറി. ടോണി ബ്ലയര്‍ തന്റെ കുപ്രസിദ്ധ 'മറൈന്‍സി'ല്‍പെട്ട ഒരു സൈനികനോട് പന്തെടുക്കാന്‍ ആജ്ഞാപിച്ചെങ്കിലും, അതേ കാരണം പറഞ്ഞ് ബ്രിട്ടീഷ് മെറീനും പന്തെടുക്കാന്‍ കൂട്ടാക്കിയില്ല. അവസാനം ഹുസ്‌നി മുബാറക് തന്റെ ഒരു സൈനികനോട് പന്തെടുക്കാന്‍ തലകൊണ്ട് ആഗ്യം കാണിച്ചു. ഉടനെ പാവം ഈജിപ്ഷ്യന്‍ സൈനികന്‍ നിറയെ മുതലകളുള്ള നദിയിലേക്ക് സധൈര്യം എടുത്ത് ചാടി അതിസാഹസികമായി പന്ത് കരക്കെത്തിച്ചു. രംഗം കണ്ട ഹുസ്‌നി മുബാറക് മറ്റു രണ്ടു നേതാക്കളുടെയും മുഖത്ത് നോക്കി അഭിമാനപൂര്‍വം ചിരിച്ചുകൊണ്ട് നില്‍ക്കെ, മാധ്യമപ്പട ഈജിപ്ഷ്യന്‍ സൈനികനെ വളഞ്ഞു. ഇത്ര അപകടകരമായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന ചോദ്യത്തിന് 'എനിക്ക് ഭാര്യയും മക്കളുമുണ്ട്, അവരെ സംരക്ഷിക്കാന്‍ മറ്റാരുമില്ല' എന്നായിരുന്നു ഈജിപ്ഷ്യന്‍ സൈനികന്റെ മറുപടി. രണ്ടാഴ്ച മുമ്പ് ഈജിപ്ഷ്യന്‍ ജനാധിപത്യ നാട്യങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരായി ക്യൂവില്‍ നില്‍ക്കുന്ന - അധികവും പ്രായംചെന്നവര്‍- ഈജിപ്തുകാരുടെ ദയനീയ മുഖങ്ങള്‍ അല്‍ജസീറ ടെലിവിഷനില്‍ കണ്ടപ്പോള്‍ ആ പഴയ 'കഥ' ഓര്‍ത്തുപോയി.
ജനുവരി 19-ന് ഈജിപ്തിലെ പട്ടാള സര്‍ക്കാര്‍ അനുകൂല അച്ചടി മാധ്യമങ്ങള്‍ പ്രതിരോധമന്ത്രി ജനറല്‍ അബ്ദുല്‍ഫത്താഹ് സഈദ് ഹുസൈന്‍ ഖലീല്‍ അല്‍സീസിയെ സുഖിപ്പിക്കുന്ന കിടിലന്‍ തലക്കെട്ടുകളുമായാണ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ അനുകൂല പത്രമായ അല്‍അഹ്‌റാം 'ഈജിപ്ത് യെസ് എന്ന് മൊഴിഞ്ഞു' എന്ന തലക്കെട്ട് ഒന്നാം പേജില്‍ ലീഡായി ചുവപ്പ് നിറത്തില്‍ വെണ്ടക്ക നിരത്തിയാണ് പുറത്തിറങ്ങിയത്. ഹിതപരിശോധനാ ഫലം സംബന്ധിച്ച അവലോകനങ്ങള്‍ പല കോണുകളിലും നടന്നുവരുന്നു.
ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി സ്വതന്ത്ര ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി, കഴിഞ്ഞ ജൂലൈ മൂന്നിന് നടന്ന പട്ടാള അട്ടിമറിയില്‍ പുറത്താക്കപ്പെട്ട ശേഷം നടന്ന ഹിതപരിശോധനയില്‍ സൈനിക ഭരണകൂടം വന്‍ വിജയം നേടിയതായി അവകാശപ്പെട്ടു. വിശ്വാസ വഞ്ചനയിലൂടെ രാജ്യത്തിന്റെ പ്രസിഡന്റിനെ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ക്ക് ഒറ്റുകൊടുത്ത പ്രതിരോധമന്ത്രികൂടിയായ ജനറല്‍ അല്‍സീസിയും പിണിയാളുകളും തട്ടിക്കൂട്ടിയ പുതിയ ഭരണഘടന അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഹിതപരിശോധന നടന്നത്. ഏകാധിപതി ഹുസ്‌നി മുബാറകിന്റെ കാലത്ത് നടക്കാറുണ്ടായിരുന്ന തെരഞ്ഞെടുപ്പ് നാടകങ്ങളെപ്പോലും പിന്നിലാക്കുന്നതായിരുന്നു സൈനിക ഭരണകൂടത്തിന്റെ ഹിതപരിശോധനാ നാടകം. മുര്‍സിയെ പുറത്താക്കിയശേഷം സൈനിക ഭരണകൂടം രൂപം നല്‍കിയ പുതിയ ഭരണഘടനക്കുള്ള അംഗീകാരം തേടി ജനുവരി 14,15 ദിവസങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 98.1 ശതമാനം ഭൂരിപക്ഷം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അധ്യക്ഷന്‍ നബീല്‍ സ്വലീബ് പ്രഖ്യാപിച്ചു. ജനുവരി 18-ന് ഫല പ്രഖ്യാപനം നടത്താന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമപ്പടയോട് ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ജനകീയ അംഗീകാരമാണ് ഭരണഘടനക്ക് ലഭിച്ചതെന്നും സ്വലീബ് അവകാശപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ മിക്കവാറും ബൂത്തുകളിലും വളരെ തണുത്ത പ്രതികരണമായിരുന്നുവെന്നാണ് വിവിധ സ്വതന്ത്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ കണക്കു പ്രകാരം ആകെ വോട്ട് രേഖപ്പെടുത്തിയ 2,03,66,730 പേരില്‍ 1,99,85,389 പേര്‍ പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു (അനുകൂലിക്കുന്നവര്‍ 'യെസ്' എന്നും എതിര്‍ക്കുന്നവര്‍ 'നോ' എന്നും രേഖപ്പെടുത്തുകയാണ് രീതി). ഇത് മൊത്തം വോട്ടര്‍മാരുടെ 38.6 ശതമാനം വരും. തെരഞ്ഞെടുപ്പ് കമീഷന്റെ വെളിപ്പെടുത്തല്‍ പ്രകാരം മൊത്തം 3,81,341 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അഥവാ 1.9 ശതമാനം മാത്രം. 2,46,947 വോട്ടുകള്‍ അസാധുവായെന്നും സര്‍ക്കാന്‍ ഭാഷ്യം. ആകെ 5 കോടി 30 ലക്ഷത്തോളം, പേര്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ് ഈജിപ്തിലുള്ളത്. 15,560 നിരീക്ഷകര്‍ വോട്ടെടുപ്പ് പ്രക്രിയക്ക് മേല്‍നോട്ടം വഹിച്ചതായും 1,16,918 ജീവനക്കാരെ വിവിധ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയമിച്ചതായും സ്വലീബ് വ്യക്തമാക്കി. ദേശീയവും അന്തര്‍ദേശീയവുമായ അനേകം കമ്മിറ്റികള്‍ക്ക് കീഴിലാണ് ഹിതപരിശോധന നടന്നതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. 2012-ല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഭരണകൂടം കൊണ്ടുവന്ന ഭരണഘടനക്ക് 64 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിതപരിശോധനയില്‍ 'അഭൂതപൂര്‍വമായ വിജയം' കൈവരിച്ചതോടെ ജനുവരി 25 വിപ്ലവ വാര്‍ഷികം ആഘോഷിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ പ്രധാനമന്ത്രി ഡോ. ഹാസിം ബബ്‌ലാവിയുടെ നേതൃത്വത്തില്‍ വന്‍ സന്നാഹങ്ങളാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ഒരുക്കിയത്. മുസ്‌ലിം ബ്രദര്‍ഹുഡ് അനുഭാവികളും ഇതര സ്വാതന്ത്ര്യ പോരാട്ട വിഭാഗങ്ങളും 'വിപ്ലവം തിരിച്ചുപിടിക്കുക' എന്ന മുദ്രാവാക്യവുമായി ജനുവരി 25-ന്റെ ഓര്‍മ പുതുക്കാന്‍ ആഹ്വാനം ചെയ്തിരിക്കെ 'ഭീകരവാദി'കള്‍ വിപ്ലവത്തെ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ തഹ്‌രീര്‍ സ്‌ക്വയറിലടക്കം രാജ്യത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലെല്ലാം പ്രകടനങ്ങളും ആഘോഷ പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആഘോഷങ്ങള്‍ക്കിടയില്‍ പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസിയെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പദ്ധതി. അല്‍സീസിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഈജിപ്ത് ജനതയുടെ 'സമ്മര്‍ദം' ശക്തമായതായാണ് സൈനിക ഭരണകൂട വക്താക്കള്‍ അവകാശപ്പെടുന്നത്. അതോടൊപ്പം ബബ്‌ലാവി സര്‍ക്കാര്‍ സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും വന്‍ പരാജയമാണെന്നും സൈനിക അനുകൂലികള്‍ പറഞ്ഞു പരത്തുന്നു.
പുതിയ ഭരണഘടനയുടെ ഹിതപരിശോധന നിയമ സാധുതയില്ലാത്തതാണെന്നും സൈനിക ഭരണകൂടം പുറത്തുവിട്ട ഫലം കൃത്രിമമാണെന്നും ആരോപിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് തെളിവുകള്‍ നിരത്തി രംഗത്തുണ്ട്. ഒന്നാമതായി, നിലവിലെ സൈനിക സ്വേഛാധിപത്യ ഭരണകൂടത്തിന് സത്യസന്ധമായ ഹിതപരിശോധന നടത്താനാകില്ല. കാരണം ഹിതപരിശോധന ഫലം സൈനിക അട്ടിമറിയെ തിരസ്‌ക്കരിക്കുന്നതും ജനഹിത സര്‍ക്കാറിനെ അനുകൂലിക്കുന്നതുമായിരിക്കും. അതുകൊണ്ടുതന്നെ ഹിതപരിശോധനാ നാടകം നിലവിലെ ഭരണകൂടത്തിന് നിയമ സാധുത നല്‍കുകയില്ല. സൈനിക അട്ടിമറിയെ എതിര്‍ക്കുന്ന ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍, അമേരിക്കന്‍ മാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയവ ഹിതപരിശോധനയിലെ കള്ളക്കളികളെ നിശിതമായി വിമര്‍ശിച്ചിരുന്നു.
പ്രസിഡന്റ് മുര്‍സിയുടെ കാലത്ത് 2012-ല്‍ നടന്ന ഹിതപരിശോധന ഈജിപ്ഷ്യന്‍ പൊതുസമൂഹം ബഹിഷ്‌ക്കരിച്ചിരുന്നില്ല. ഏതാണ്ട് എല്ലാ വിഭാഗങ്ങളും പങ്കെടുത്ത വോട്ടെടുപ്പില്‍ പോലും 32.9 ശതമാനമാണ് പങ്കെടുത്തത്. എന്നാല്‍, ഈജിപ്ഷ്യന്‍ ജനത ഏതാണ്ട് പൂര്‍ണമായി ബഹിഷ്‌കരിച്ച പുതിയ ഭരണഘടനയുടെ ഹിതപരിശോധനയില്‍ 38.6 ശതമാനം പങ്കെടുത്തുവെന്ന പട്ടാള സര്‍ക്കാര്‍ ഭാഷ്യത്തിലെ വൈരുധ്യംപോലും കാണാന്‍ അവര്‍ക്കായില്ല. അതോടൊപ്പം ഈജിപ്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന നിരവധി സ്വതന്ത്ര മനുഷ്യാവകാശ സംഘടനകള്‍ സര്‍ക്കാര്‍ വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. ഏകദേശം 11.3 ശതമാനം മാത്രമാണ് ഹിതപരിശോധനയില്‍ പങ്കെടുത്തതെന്ന് സര്‍ക്കാരേതര സംഘടനയായ Observatory of Arab Rights and Freedom കണ്ടെത്തിയപ്പോള്‍, The Egyptian Center for Media Studies and Public Opinion വെറും 8 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത് എന്ന കണക്കാണ് നിരത്തുന്നത്. എന്നാല്‍ സ്വതന്ത്രമായ ഹിതപരിശോധന തന്നെ നടന്നിട്ടില്ലെന്നാണ് അമേരിക്കന്‍ റിസര്‍ച്ച് സ്ഥാപനമായ Carnegie Endowment അഭിപ്രായപ്പെട്ടത്. വികലമായ ഭരണഘടനയുടെ അംഗീകാരത്തിനാണ് ഹിതപരിശോധന നടന്നതെന്ന് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ എഴുതി.
മുസ്‌ലിം ബ്രദര്‍ഹുഡ് ഉദ്ധരിച്ച മറ്റൊരു തെളിവ് ചില അട്ടിമറി അനുകൂല മാധ്യമങ്ങളുടെ കണക്കുകളിലെ കള്ളക്കളികളാണ്. ജപ്പാനില്‍ 4000 പ്രവാസി ഈജിപ്തുകാര്‍ ഹിതപരിശോധനയില്‍ അനുകൂലമായി വോട്ട് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ജപ്പാനില്‍ ആകെ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ 423 പേരാണെന്നും അതില്‍ 34 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്താനെത്തിയതെന്നും ബ്രദര്‍ഹുഡ് തെളിവുകള്‍ നിരത്തി വാദിക്കുന്നു. നിയമ സാധുത നഷ്ടപ്പെട്ട ഹിതപരിശോധനാ ഫലം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഈജിപ്തിലെ നിരവധി സംഘടനകളും പ്രമുഖ വ്യക്തികളും അടങ്ങുന്ന പട്ടാള വിരുദ്ധ കൂട്ടായ്മയുടെ (National Alliance for Supporting Legitimacy) മേധാവി ഇമാം യൂസുഫ് വ്യക്തമാക്കി. സൈനിക സര്‍ക്കാര്‍ നിരത്തുന്ന അക്കങ്ങള്‍ കൃത്രിമമാണ്. ഈജിപ്തിലെ നിയമാനുസൃത പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയാണെന്ന് ഇമാം യൂസുഫ് പറഞ്ഞു. ഹിതപരിശോധനാ വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയവരില്‍ തന്നെ യുവാക്കളെ തീരെ കാണാനുണ്ടായിരുന്നില്ലെന്നും സ്വതന്ത്ര നിരീക്ഷകര്‍ വിലയിരുത്തി.
പല ലോക രാഷ്ട്രങ്ങളും ഈജിപ്തിലെ ജനാധിപത്യ ഗളഛേദത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. ഫലം നേരത്തെ പ്രതീക്ഷിച്ചതുതന്നെയാണെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ഓഫീസ് മേധാവി ഇബ്‌റാഹീം മുനീര്‍ പറഞ്ഞു. സ്വേഛാധിപതികളായ സൈനിക നേതൃത്വത്തില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല. രാജ്യത്തെ ജനങ്ങളില്‍ മൊത്തം 5 ശതമാനം പേരാണ് വോട്ട് ചെയ്യാനെത്തിയത്. ഹിതപരിശോധനയില്‍ 98 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തുവെന്ന സൈനിക ഭരണകൂടത്തിന്റെ കണക്കുകള്‍ അവരുടെ നിര്‍മിതി മാത്രമാണ്. പുറം ലോകത്ത് മുഖം മിനുക്കാന്‍ ചില സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഏതാനും സൈനിക അനുകൂല പോളിംഗ്ബൂത്തുകള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തം ചിത്രീകരിക്കുകയായിരുന്നുവെന്നും മുനീര്‍ പറഞ്ഞു. ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുമായി ദേശീയ ജനാധിപത്യ സഖ്യം മുന്നോട്ടു പോകും.
ഹിതപരിശോധന സൈനിക ഭരണകൂടത്തിന്റെ മുഖംരക്ഷിക്കല്‍ പ്രക്രിയ മാത്രമാണെന്നും പുതിയ ഭരണഘടന ജനാധിപത്യ വിരുദ്ധമാണെന്നും വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടതായി Center for Political & Strategic Studies മേധാവി അഹ്മദ് മഹ്‌റാന്‍ പറഞ്ഞു. ഹിതപരിശോധന ഫലം ഈജിപ്തിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ജനുവരി 25 വിപ്ലവത്തെ പട്ടാള സ്വേഛാധിപതികള്‍ ഞെക്കിക്കൊന്നതായാണ് ഈജിപ്തിലെ യുവാക്കള്‍ കരുതുന്നത്.
ഹിതപരിശോധന ഫലം മാധ്യമ നിര്‍മിതിയാണെന്നും ഇത് പ്രതീക്ഷിച്ചതുതന്നെയാണെന്നും വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈജിപ്ത് റവല്യൂഷന്‍ കോണ്‍ഫറന്‍സ് മേധാവി ആദില്‍ കബീഷ് പറഞ്ഞു. ഈജിപ്തിലെ ജനങ്ങള്‍ പുതിയ പ്രഭാതം സ്വപ്നം കാണുന്നു, എന്നാല്‍ നിലവിലെ സ്വേഛാധിപത്യ സംവിധാനം അതിന് യോജിച്ചതല്ല. മുന്‍ ഏകാധിപതി ഹുസ്‌നി മുബാറകിന്റെ കാലം തിരിച്ചുവരുന്ന പ്രതീതിയാണിത് ജനിപ്പിക്കുന്നത്.
അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈജിപ്തിലെ പട്ടാള അനുകൂല മാധ്യമങ്ങളുടെ പ്രധാന ജോലി. ഈജിപ്തില്‍ സൈനിക ഭരണകൂടം ആസൂത്രിതമായി നടത്തുന്ന കലാപങ്ങളും അതിക്രമങ്ങളും 'ഭീകരവാദ' ലേബല്‍ ചാര്‍ത്തി ബ്രദര്‍ഹുഡിന് മേല്‍ ആരോപിക്കാനാണ് ശ്രമം. ഈജിപ്തില്‍ നടക്കുന്ന കാര്‍ ബോംബ് സ്‌ഫോടനങ്ങളും ഇസ്മാഈലിയ, മന്‍സൂറ, ദക്ഷിണ സീനായ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരകളും കര്‍ദാസ, മിനിയ, സോഹാജ് തുടങ്ങിയ പ്രദേശങ്ങളില്‍ അരങ്ങേറിയ കലാപങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പേരിലാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ കണക്കെഴുതിയത്. ഇഖ്‌വാന്‍ ഒരുകാലത്തും ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത അല്‍ഖാഇദയുമായി സഹകരിച്ച് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുവെന്നും തട്ടിവിടുന്നു. അതിലേറെ അത്ഭുതകരമായി തോന്നുക മുസ്‌ലിം ബ്രദര്‍ഹുഡ് അമേരിക്കയുമായി ചേര്‍ന്ന് ഫലസ്ത്വീന്‍ പ്രശ്‌നം അട്ടിമറിക്കുന്നുവെന്ന ആരോപണമാണ്. മറുവശത്ത് മുസ്‌ലിം ബ്രദര്‍ഹുഡ് ഫലസ്ത്വീന്‍ ജനതയെ വഴിവിട്ട് സഹായിച്ചുവെന്ന് കുറ്റപ്പെടുത്തി ഗസ്സയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന, ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കുന്ന ഏക ഉപാധിയായ ടണലുകള്‍ ബോംബിട്ട് തകര്‍ക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നോര്‍ക്കുക. രാജ്യത്ത് പട്ടാള ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പോലും ഇഖ്‌വാന്റെ ചെലവില്‍ കണക്കെഴുതുന്ന തൊലിക്കട്ടി അപാരം തന്നെ. ഏറെ പ്രകോപനങ്ങളുണ്ടായിരുന്നിട്ടും മുസ്‌ലിം ബ്രദര്‍ഹുഡ് കഴിഞ്ഞ എട്ടര പതിറ്റാണ്ടിലേറെയായി രാജ്യത്ത് സമാധാനത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് അവരുടെ പ്രവര്‍ത്തന റിക്കാര്‍ഡ് പരിശോധിച്ചാലറിയാമെന്ന വസ്തുത അല്‍ഖാഇദ ബന്ധം ആരോപിക്കുന്ന ഇത്തരക്കാര്‍ വിസ്മരിക്കുന്നു.
ഈജിപ്ഷ്യന്‍ സലഫി സംഘടനയായ 'അല്‍നൂര്‍ പാര്‍ട്ടി'യുടെ 'സലഫ്'വിരുദ്ധ പട്ടാള അനുകൂല നിലപാടുകള്‍ അത്യന്തം പരിഹാസ്യമായി മാറുകയാണ്. ഭരണഘടനക്ക് അനുകൂലമായി ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്താന്‍ സലഫി പാര്‍ട്ടി നേതാക്കള്‍ നടത്തിയ ആഹ്വാനം അണികള്‍ ചെവിക്കൊണ്ടില്ല. സലഫി ശക്തിദുര്‍ഗങ്ങളില്‍ പോലും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍നൂര്‍ പാര്‍ട്ടിക്ക് അണികളെ പോളിംഗ് ബൂത്തുകളിലെത്തിക്കാനായില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സലഫി പാര്‍ട്ടി അണികളുടെ തണുത്ത പ്രതികരണത്തെ വിമര്‍ശിച്ച് പട്ടാള അനുകൂല ഈജിപ്ഷ്യന്‍ അഭിഭാഷക യൂനിയന്‍ നേതാവ് അഹ്മദ് അല്‍സിന്ത് രംഗത്ത് വന്നു. സലഫിവിഭാഗങ്ങളെ പോളിംഗ് ബൂത്തിലെ വരികളിലെവിടെയും കണ്ടില്ലെന്നും നേതാക്കള്‍ ഒരു വഴിക്കും അണികള്‍ മറുവഴിക്കും നീങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍, സലഫി വിഭാഗംകൂടി ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍ പോളിംഗ് ബൂത്തുകള്‍ ഒഴിഞ്ഞുകിടക്കുമായിരുന്നുവെന്നാണ് അല്‍നൂര്‍ പാര്‍ട്ടി ഓഫീസ് മേധാവി യാസിര്‍ ബര്‍ഹാമി പ്രതികരിച്ചത്.
ഇസ്‌ലാം ആരോപിച്ച് പ്രസിഡന്റ് മുര്‍സിയെ പുറത്താക്കുന്നതിലേക്ക് നയിച്ച കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലിബറല്‍ ആക്ടിവിസ്റ്റുകളെ, പട്ടാളത്തിന്റെ അമിതാധികാരങ്ങളെ വിമര്‍ശിച്ചതിന് മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചാണ് സൈനിക ഭരണകൂടം സ്വേഛാധിപത്യത്തിന്റെ തനിനിറം കാണിച്ചുകൊടുത്തത്. അല്‍നൂറിന്റെ ഊഴം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. എന്നാല്‍, കഴിഞ്ഞ പൊതു തെരെഞ്ഞടുപ്പില്‍ അല്‍നൂര്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷികൂടിയായിരുന്ന ഈജിപ്തിലെ മറ്റൊരു മുസ്‌ലിം സംഘടനയായ 'അല്‍ജമാഅ അല്‍ഇസ്‌ലാമിയ്യ'യുടെ രാഷ്ട്രീയ വിഭാഗം 'ഹിസ്ബുല്‍ ബിനാ വത്തന്‍മിയ' (Building and Development Party) ഹിതപരിശോധനയെ എതിര്‍ത്ത് രംഗത്ത് വന്നതും ശ്രദ്ധേയമായി. പട്ടാള സര്‍ക്കാറിന്റെ ഹിതപരിശോധനാ ഫലം കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടി ആരോപിച്ചു.
ഈജിപ്തില്‍ സൈനിക ഭരണകൂടം തയാറാക്കിയ പുതിയ ഭരണഘടനക്ക് അംഗീകാരംതേടി നടക്കുന്ന ഹിതപരിശോധനയില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് ലോക മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷനും പ്രസിദ്ധ പണ്ഡിതനുമായ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമാനുസൃതപ്രസിഡന്റിനെ പുറത്താക്കിയ പട്ടാള ജനറല്‍ നടത്തുന്ന ഹിതപരിശോധനാ പ്രഹസനങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മുര്‍സിയെ ഈജിപ്ഷ്യന്‍ ജനത 'ബൈഅത്ത്' ചെയ്തതാണെന്നും അടുത്ത നാലു വര്‍ഷത്തേക്ക് നിയമപരമായി പ്രസിഡന്റ് അദ്ദേഹം തന്നെയായിരിക്കുമെന്നും ഖറദാവി പറഞ്ഞു. തികച്ചും അനിസ്‌ലാമിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സര്‍ക്കാറിന് പിന്തുണ നല്‍കുന്നത് ഖുര്‍ആനിക പാഠങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹിതപരിശോധനാ ഫലം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍, ഫലം പ്രഖ്യാപിക്കുന്നതിനിടെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ തെരഞ്ഞെടുപ്പ് കമീഷന്‍ അധ്യക്ഷനായ നബീല്‍ സ്വലീബ്, മുസ്‌ലിം സ്‌പെയിനിനെ കുരിശു യുദ്ധത്തില്‍ കീഴടക്കിയതിനോട് ഉപമിച്ചത് മുസ്‌ലിം ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായി. ക്രൈസ്തവ ഖിബ്ത്വി വിഭാഗത്തില്‍പ്പെട്ട നേതാവാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അധ്യക്ഷനായ നബീല്‍ സ്വലീബ്. വാര്‍ത്ത പ്രസിദ്ധീകരിച്ച സൈനിക അനുകൂല അല്‍വത്വന്‍ പത്രത്തിന്റെ വെബ് സൈറ്റിലും സോഷ്യല്‍ മീഡിയയിലും നബീല്‍ സ്വലീബിന് ചുട്ട മറുപടികളാണ് ലഭിച്ചത്. കുവൈത്ത് മുന്‍ പാര്‍ലമെന്റ് അംഗം ഡോ. വലീദ് അല്‍ ത്വബ്ത്വബാഇ അടക്കം പ്രമുഖ എഴുത്തുകാരും ഇസ്‌ലാമിക വ്യക്തിത്വങ്ങളും നബീല്‍ സ്വലീബിന്റെ മുസ്‌ലിം അവഹേളനത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണങ്ങള്‍ രേഖപ്പെടുത്തി.
പുതിയ ഭരണഘടനാ ഹിതപരിശോധനക്ക് ശേഷം ഈജിപ്തിലുടനീളം പ്രതിപക്ഷ കക്ഷികളുടെ പട്ടാള വിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രകടനം നടക്കുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കിടയിലും സര്‍വകലാശാലകളിലെല്ലാം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയാണ്.
Comments