Prabodhanm Weekly

Pages

Search

2014 ജനുവരി 31

നമ്മളറിയാതെ പലിശ കൊടുക്കുന്ന വിധം

ഒ.കെ ഫാരിസ് / ലേഖനം

ലോകത്തെ ഭരിക്കുന്നത് ആര് എന്ന ചോദ്യത്തിന് പുതിയ ലോകത്ത് ഒരു ഉത്തരമേയുള്ളൂ- പണമെറിഞ്ഞ് പണം വാരിക്കൂട്ടുന്ന ബാങ്കുകള്‍. ദേശരാഷ്ട്രങ്ങള്‍ക്കകത്തും ആഗോള തലത്തിലും അവ പരോക്ഷമായി അധികാരത്തില്‍ വാഴുന്നു. ഇടപാട് നടത്തുന്നവരെ മാത്രമല്ല, അതിനപ്പുറത്തുള്ളവരെയും അവര്‍ നിയന്ത്രിക്കുന്നു. രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ പോലും അവരുടെ വഴിയേ നടത്തുന്നു.
പലിശയിലൂടെ സമ്പത്തിനെ ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുകയാണ് ആധുനിക ബാങ്കിംഗിലൂടെ. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം ആധുനിക ബാങ്കുകളുടെ ഈറ്റില്ലമായ അമേരിക്കയില്‍ നമുക്ക് കാണാം. അമേരിക്കയിലെ വാള്‍സ്ട്രീറ്റെന്ന സാമ്പത്തിക കേന്ദ്രത്തിന്റെ കൈയിലാണ് അമേരിക്കയുടെ സമ്പത്തിന്റെ സിംഹഭാഗവും. ഇത് സാമ്പത്തിക രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചതോടെ 2011 സെപ്റ്റംബറില്‍ അമേരിക്കയില്‍ സമരങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് സമരക്കാര്‍ ഉന്നയിച്ചത്, സാധാരണക്കാരായ 99 ശതമാനം ആളുകളും സാമ്പത്തികമായി പ്രയാസപ്പെടുമ്പോഴും സമ്പത്ത് വാള്‍സ്ട്രീറ്റ് കേന്ദ്രമായി ഒരു ശതമാനം ആളുകളുടെ കൈയില്‍ കുന്നുകൂടുകയാണെന്നാണ്.
ഇതിനെ ബലപ്പെടുത്തുന്നതാണ് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ എഡ്വാഡ്. എന്‍. വൂള്‍ഫ് (Edward N. Wolff) 2012-ല്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട്. 2010-ല്‍ അമേരിക്കന്‍ ജനതയിലെ 80 ശതമാനം ജനങ്ങളുടെ കൈയില്‍ ആകെയുള്ളത് 11.1 ശതമാനം സമ്പത്ത് മാത്രമാണ്. എന്നാല്‍, ഒരു ശതമാനത്തിന്റെ കൈയിലാണ് സമ്പത്തിന്റെ മൂന്നിലൊന്നും (35.4 ശതമാനം). ഉന്നതരായ 20 ശതമാനം ആളുകളാണ് 88.9 ശതമാനം സമ്പത്തിന്റെ ഉടമകള്‍ എന്ന് ചുരുക്കം.
എന്നാല്‍, വാള്‍സ്ട്രീറ്റ് വാരിക്കൂട്ടുന്നത് അമേരിക്കയിലെ സമ്പത്ത് മാത്രമല്ല, ലോകത്തെങ്ങുമുള്ള സമ്പത്ത് പലിശയിലൂടെ കേന്ദ്രീകരിക്കുന്നത് അവിടേക്കാണെന്ന് പ്രഫ. മാഗ്രിറ്റ് കെന്നഡിയുടെ പഠനം വ്യക്തമാക്കുന്നു. ലോക രാഷ്ട്രങ്ങളിലെ സമ്പത്തിനെ പലിശയിലൂടെ ഊറ്റിയെടുത്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ബാങ്കുകള്‍ക്ക് നേരിട്ടോ രാഷ്ട്രത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ക്കോ ധനസഹായം നല്‍കിയാണ് വാള്‍സ്ട്രീറ്റ് വ്യത്യസ്ത രാഷ്ട്രങ്ങളിലെ പലിശ ഊറ്റിയെടുക്കുന്നത്.
അതോടൊപ്പം ഞെട്ടിക്കുന്ന ഒരു വസ്തുത കൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്മള്‍ വിലകൊടുത്ത് വാങ്ങുന്ന എല്ലാ വസ്തുക്കളുടെയും 35-40 ശതമാനം പലിശയിനത്തിലേക്കാണ് പോകുന്നത്. 'Occupy Money'യുടെ 2012 പതിപ്പിലാണ് അദ്ദേഹം ജര്‍മനിയില്‍ നടത്തിയ പഠനം പുറത്തു വിട്ടത്. ബെസ്റ്റ് സെല്ലറായിത്തീര്‍ന്ന Intertse and InflationFree Money എന്ന പുസ്തകത്തിലും അദ്ദേഹമിത് ചര്‍ച്ച ചെയ്തിരുന്നു. നമ്മള്‍ പലിശക്ക് കടമെടുക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമല്ല പലിശ നല്‍കുന്നത്, ഓരോ ഉല്‍പന്നം വാങ്ങുമ്പോഴും നമ്മളറിയാതെ ഉല്‍പന്നത്തിന്റെ വിലയില്‍ വന്‍തോതില്‍ പലിശ ചേരുന്നുണ്ട്. അതുകൊണ്ടാണ് ഉല്‍പന്നത്തിന് കൂടുതല്‍ വില നല്‍കേണ്ടിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിന്റെ വിശദമായ പഠനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉല്‍പാദകര്‍, വിതരണക്കാര്‍, മൊത്തക്കച്ചവടക്കാര്‍, വ്യാപാരികള്‍ തുടങ്ങി ഉല്‍പാദനത്തിലെ മുഴുവന്‍ കണ്ണികളും പലിശക്ക് കടമെടുക്കുന്നു. ഉപഭോക്താവ് ഉല്‍പന്നം വാങ്ങുന്നതിന് ഏതാണ്ട് 90 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവര്‍ തൊഴിലാളികള്‍ക്കു വേതനവും അസംസ്‌കൃത വസ്തുക്കള്‍ക്ക് അതിന്റെ വിലയും നല്‍കുന്നു. ഈ കണ്ണിയിലെ ഓരോരുത്തരും അവര്‍ നല്‍കുന്ന പലിശ ഉല്‍പാദന ചെലവിലേക്ക് ചേര്‍ക്കുന്നു, ഇത് മുഴുവനായും ഉപഭോക്താവിലേക്ക് ചാര്‍ത്തപ്പെടുന്നു. പ്രഫ. കെന്നഡിയുടെ കണ്ടെത്തല്‍ പ്രകാരം അദ്ദേഹത്തിന്റെ സ്വന്തം നാടായ ജര്‍മനിയില്‍ ഖരമാലിന്യ ശേഖരണത്തിന് 12 ശതമാനവും കുടിവെള്ളത്തിന് 38 ശതമാനവും പൊതു താമസ സൗകര്യങ്ങളുടെ വാടകയില്‍ 77 ശതമാനം വരെയും പലിശയിലേക്ക് പോകുന്നു. മൊത്തം ഉല്‍പന്നങ്ങളുടെ വിലയില്‍ ശരാശരി 35-45 ശതമാനം പലിശയാണ്.
പ്രഫ കെന്നഡി  തുടരുന്നു: 'ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടപ്പത്ര ഉടമകള്‍ എന്നിവരിലേക്കാണ് ഈ പലിശ എത്തിച്ചേരുന്നത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 35-40 ശതമാനം അപഹരിക്കുന്നു.' ഈ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ വാള്‍സ്ട്രീറ്റിലേക്ക് പലിശ ഒഴുകിയെത്തുന്നു. എങ്ങനെയാണ് ശാസ്ത്രീയമായി 'മെയിന്‍ സ്ട്രീറ്റുകളില്‍ നിന്നും വാള്‍സ്ട്രീറ്റിലേക്ക്' സാമ്പത്തിക കുത്തൊഴുക്ക് സാധ്യമാക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ധനികര്‍ ദരിദ്രരുടെ ചെലവില്‍ കൂടതല്‍ ധനികരായി മാറുന്നത് 'വാള്‍സ്ട്രീറ്റിന്റെ ആര്‍ത്തി' കൊണ്ട് മാത്രമല്ല, നിലവിലെ ബാങ്കിംഗ് സംവിധാനത്തിലെ കണക്കിലെ കളികള്‍ കൊണ്ടാണെന്നും അദ്ദേഹം വിവരിക്കുന്നു.
വാള്‍സ്ടീറ്റിലേക്ക് ഈ പലിശ എത്തിച്ചേരുന്നതിന്റെ തെളിവുകള്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹെല്‍മട്ട് ക്രൂസിന്റെ പഠനം അവലംബിച്ച് പ്രഫ കെന്നഡി വിശദീകരിക്കുന്നുണ്ട്. 2006-ല്‍ ജര്‍മന്‍ കുടുംബത്തിന്റെ ദൈനംദിന സാധനസേവനങ്ങള്‍ക്ക് വരുന്ന ചെലവ് അമേരിക്കയിലെ ധനകാര്യ രംഗങ്ങളിലെ ലാഭത്തിന് സമാനമാണ് (40 ശതമാനം). 1980 കളില്‍ ബാങ്കിംഗ് മേഖലയില്‍ ഉണ്ടായിരുന്ന ലാഭം 7 ശതമാനമാണ്. ഏതാണ്ട് അതിന്റെ 5 ഇരട്ടിയിലധികം. ബാങ്ക് ആസ്തികളും ലാഭവും പലിശയും കടങ്ങളും എല്ലാം തന്നെ ക്രമാതീതമായ വളര്‍ച്ച നേടിയിരിക്കുന്നു.
2010-ലെ കണക്കുകള്‍ പ്രകാരം ആഗോള സമ്പത്തിന്റെ 42 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ്. അതേയവസരം വെറും 5 ശതമാനം സമ്പത്ത് മാത്രമാണ് ലോകത്തെ 80 ശതമാനം ജനങ്ങള്‍ ഉപയോഗിച്ച് വരുന്നത്. സാമ്പത്തികമായി അധഃസ്ഥിതരായ 80 ശതമാനം വരുന്ന ജനങ്ങള്‍ പലിശ നല്‍കുകയും ധനികരായ 10 ശതമാനം അത് ആസ്വദിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. കെന്നഡിയുടെ കണ്ടെത്തല്‍. ധനികര്‍ ദരിദ്രര്‍ക്ക് നല്‍കുന്ന റിഗ്രസ്സീവ് ടാക്‌സാണ് (ധനികരെ അപേക്ഷിച്ച് ദരിദ്രര്‍ക്ക് കൂടുതല്‍ ഭാരമായിത്തീരുന്ന ഒരുതരം നികുതി സമ്പ്രദായം) യഥാര്‍ഥത്തില്‍ പലിശയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (ഫിഗര്‍ 1 കാണുക)
ജര്‍മന്‍ ജനസംഖ്യയെ അദ്ദേഹം 10 തുല്യ ഭാഗങ്ങളാക്കി തിരിക്കുന്നു. അതില്‍ ഓരോ ഗ്രൂപ്പും പലിശയിനത്തിലേക്ക് ചെലവഴിക്കുന്നതും നേടിയെടുക്കുന്നതുമാണ് താഴെ കൊടുത്ത ചാര്‍ട്ടിലൂടെ അദ്ദേഹം വിശദമാക്കുന്നത്. അതില്‍ 80 ശതമാനം (ഗ്രൂപ്പ് 18) ആളുകള്‍ നല്‍കുന്ന പലിശ അവസാനത്തെ 10 ശതമാനം (ഗ്രൂപ്പ് 10) ആളുകള്‍ നേടുന്ന പലിശക്ക് ഏതാണ്ട് സമാനമാണ്. ഒമ്പതാമത്തെ ഗ്രൂപ്പ് മാത്രം പലിശ അടക്കുന്നതും നേടിയെടുക്കുന്നതും ഏതാണ്ട് തുല്യമാണ്. (ചാര്‍ട്ട് 1 കാണുക)
ഇവ വിശദീകരിച്ചതിനു ശേഷം പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയുടെ പരിണിത ഫലം കൂടി അവര്‍ വ്യക്തമാക്കുന്നു. 'ഇതൊരു രോഗ ലക്ഷണമാണ്. ഏത് വിഷയത്തിലായാലും ധ്രുതഗതിയിലുള്ള വളര്‍ച്ച സംഭവിച്ചാല്‍ താളപ്പിഴകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്യുന്നു. ഉദാഹരണത്തിന് കാന്‍സര്‍. അത് ഒരു കോശത്തിന്റെ അമിതമായ വളര്‍ച്ചയാണ്. ഇതുപോലെയാണ് പലിശയിലൂടെ പണം വളരുന്നത്. ഒരു നിര്‍ണിതമായ കാലചക്രത്തില്‍ ഈ പലിശ ഇരട്ടിച്ചു കൊണ്ടിരിക്കും.'
ഇതിനു വളരെ മനോഹരമായ ഒരു ഉദാഹരണവും അവര്‍ നിരത്തുന്നുണ്ട്. ജീസസിന്റെ പിതാവ് ജോസഫ് (*ക്രിസ്തു മത വിശ്വാസ പ്രകാരം) 0 വര്‍ഷത്തില്‍ 1 പെന്നി ബാങ്കില്‍ നിക്ഷേപിക്കുകയും 2000-ാം ആണ്ടില്‍ ജീസസ് തിരിച്ചു വന്ന് ബാങ്കുകാരോട് 5 ശതമാനം പലിശ നിരക്കില്‍ തിരിച്ച് ചോദിക്കുകയും ചെയ്താല്‍  500 ബില്യന്‍ സ്വര്‍ണ ബോളുകള്‍ നല്‍കേണ്ടി വരും, ഇത് 2000-ാം ആണ്ടിലെ സ്വര്‍ണവില വെച്ച് കണക്കാക്കിയാല്‍ ഭൂമിയുടെ തൂക്കത്തിനു തുല്യം സ്വര്‍ണം വേണ്ടിവരും. ക്രമാതീതമായ വളര്‍ച്ചക്ക് പ്രയോഗതലത്തില്‍ സാധ്യതയില്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഈ ഉദാഹരണം അവര്‍ നിരത്തുന്നത്.
ജര്‍മനിയെയും അമേരിക്കയെയും പോലെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലായിടത്തും അവസ്ഥ ഏതാണ്ട് സമാനമായിരിക്കും. എന്നാല്‍, ഇന്ത്യയടങ്ങുന്ന BRIC (Brazil, Russia, India, China) രാഷ്ട്രങ്ങളില്‍ ബാങ്കുകള്‍ നിയന്ത്രിക്കുന്നത് ഗവണ്‍മെന്റാണ് എന്നത് കൊണ്ട് വാള്‍സ്ട്രീറ്റിനു പിടിമുറുക്കാന്‍ കഴിയാതെ പോകുന്നുണ്ട്. പക്ഷേ അതിനെ മറികടക്കാനുള്ള വഴിയായാണ് ഗവണ്‍മെന്റുകള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ധാരാളം കടം അനുവദിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് ലോക ബാങ്കിന്റെയും എ.ഡി.ബിയുടെയുമൊക്കെ  ലേബല്‍ ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. കാരണം, ആഗോള ബാങ്കിംഗിന്റെ 40 ശതമാനം നിലകൊള്ളുന്നതും ജനസംഖ്യയുടെ 40 ശതമാനം ജീവിക്കുന്നതും ഈ നാല് രാഷ്ട്രങ്ങളിലാണ്.
ഉല്‍പന്നങ്ങളില്‍ നാം അറിയാതെ നല്‍കി വരുന്ന പലിശയുടെ കാര്യത്തില്‍ ഇന്ത്യയും പിന്നിലല്ല. ഇന്ത്യയിലും പലിശയിലൂടെ സമ്പത്ത് ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. കാരണം കെന്നഡിയുടെ പഠനം വിരല്‍ ചൂണ്ടുന്ന കാര്യങ്ങള്‍ മിക്കതും നാം അതേ രീതിയില്‍ തന്നെയാണ് പിന്തുടരുന്നത്. നമ്മുടെ നാട്ടിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പലിശ ഒരു പ്രധാന ഘടകമാണ്.
ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ അളവും പലിശ നിരക്കും പലപ്പോഴും സമാനമായി വരുന്നതിന് കാരണം ഉല്‍പന്ന വിലയില്‍ പലിശ ചേരുന്നത് കൊണ്ടുകൂടിയാണെന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. 2012 ജൂണില്‍  പണപ്പെരുപ്പ നിരക്ക് 8.9 ശതമാനവും പലിശ നിരക്ക് 7-10 ശതമാനവുമാണ്. എല്ലാ ഉല്‍പന്നങ്ങളിലെയും പലിശയുടെ സ്വാധീനമാണ് ഇതിന് കാരണം. അഥവാ കഴിഞ്ഞ വര്‍ഷം 100 രൂപക്ക് വാങ്ങിയ ഒരു കുട ഈ വര്‍ഷം 110 രൂപ കൊടുത്ത് വാങ്ങേണ്ടിവരുന്നുണ്ടെങ്കില്‍, വര്‍ധിച്ച ആ 10 രൂപയാണ് പണപ്പെരുപ്പം കാണിക്കുന്നത്. 10 ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷം കൊണ്ട് 100 രൂപ 110 രൂപയായി മാറുന്നു എന്നതാണ് ഇതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത്.
താന്‍ പലിശയുമായി യാതൊരു ഇടപാടും നടത്താറില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍, ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ ജീവിക്കുന്ന നാം അറിയാതെ പല തരത്തിലായി ഭീമമായ പലിശ നല്‍കിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അറിയാതെ പോകുന്നു. നമ്മള്‍ പലരും ശ്രദ്ധിച്ചത് നമ്മുടെ സമ്പത്തില്‍ പലിശ കലരാതിരിക്കാനാണ്. പക്ഷേ നമ്മുടെ വ്യവസ്ഥക്ക് മാറ്റം വരാത്തിടത്തോളം കാലം നമ്മെ പലിശ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍