Prabodhanm Weekly

Pages

Search

2014 ജനുവരി 31

ഖന്‍ദഖ്

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

മക്കക്കാര്‍ വീണ്ടുമൊരിക്കല്‍ കൂടി മദീനക്കെതിരെ പടക്കൊരുങ്ങുകയാണ്. മദീനയിലെ രണ്ട് ജൂതഗോത്രങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാടാണ് അതിന് നിമിത്തമായത്. ന്യായമായ കാരണങ്ങളാല്‍ ബദ്ര്‍ യുദ്ധം കഴിഞ്ഞ് ബനൂഖൈനഖാഇനെയും ഉഹ്ദ് യുദ്ധം കഴിഞ്ഞ് ബനുന്നളീറിനെയും മുസ്‌ലിംകള്‍ മദീനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ ബനുന്നളീര്‍ എന്ന ജൂതഗോത്രം വളരെ സമ്പന്നരായിരുന്നു. മദീനയില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം അവര്‍ കുടിയേറിയത് ഖൈബറിലേക്കായിരുന്നു. മദീനയുടെ വടക്ക് ദിശയില്‍ അഞ്ച് ദിവസത്തെ വഴിദൂരമുണ്ട് ഖൈബറിലേക്ക്. പണത്തിന്റെ തിണ്ണബലത്തില്‍ മുസ്‌ലിംകളോട് പ്രതികാരം ചെയ്യാമെന്ന് ബനുന്നളീര്‍ കണക്ക് കൂട്ടി. സ്വന്തം ഗോത്രത്തില്‍നിന്ന് അണികളെ സജ്ജീകരിക്കുന്നതിന് പകരം കൂലിപ്പടയാളികളെ കണ്ടെത്താനാണ് അവര്‍ തുനിഞ്ഞത്. മദീന ആക്രമിച്ചാല്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ഈ ഗോത്രം മക്കക്കാരെ അറിയിക്കുകയും ചെയ്തു. മക്കന്‍ സൈന്യത്തോടൊപ്പം ചേരുന്ന ഏത് ഗോത്രത്തിനും നിര്‍ലോഭം സാമ്പത്തിക സഹായം നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു. അത്തരം ഗോത്രങ്ങള്‍ക്ക് ഖൈബറില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ കാരക്കയും കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.
ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം ഗോത്രങ്ങളെല്ലാം ചേര്‍ന്നപ്പോള്‍ മദീനയെ ആക്രമിക്കാനായി പന്ത്രണ്ടായിരം വരുന്ന സൈന്യം അണിനിരന്നു. പടപ്പുറപ്പാടിനെക്കുറിച്ച് പ്രവാചകന് രഹസ്യവിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. മദീനാ നഗരത്തിന് പുറത്ത് പോകാതെ അകത്ത് നിന്നുകൊണ്ട് തന്നെ ശത്രുക്കളെ നേരിടാനാണ് പ്രവാചകന്‍ തീരുമാനിച്ചത്. ഉഹ്ദില്‍ ചെയ്തത് പോലെ നഗരത്തിന് പുറത്ത്‌പോയി യുദ്ധം ചെയ്യണമെന്ന് അനുയായികളിലാരും വാശി പിടിച്ചതുമില്ല. പന്ത്രണ്ടായിരം ശത്രു സൈനികര്‍ക്കെതിരെ മുസ്‌ലിം പക്ഷത്തുള്ളത് 1500 പേര്‍ മാത്രം. ശത്രുവിന് ആള്‍ബലം മാത്രമല്ല, നല്ല സാമ്പത്തിക പിന്‍ബലവുമുണ്ട്. ഖൈബര്‍ എന്ന സമ്പന്ന മേഖല ഒന്നാകെ എന്ത് സഹായവും ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു.
അപ്പോഴാണ് സല്‍മാനുല്‍ ഫാരിസി ഒരു നിര്‍ദേശം വെച്ചത്. മദീന നഗരത്തിന് ചുറ്റും കിടങ്ങ് കുഴിക്കാം. പകലോ രാത്രിയോ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തെ തടുക്കാന്‍ അത് ഉതകും. കിടങ്ങ് (ഖന്‍ദഖ്) കുഴിച്ചുള്ള ഈ യുദ്ധമുറ പേര്‍ഷ്യക്കാരുടേതാണ്. അറബികള്‍ക്ക് ഈ യുദ്ധതന്ത്രം ഒട്ടും അറിഞ്ഞുകൂടാ. കടമെടുത്ത ഈ യുദ്ധതന്ത്രത്തെക്കുറിച്ച് ചരിത്രകാരനായ വാഖിദി വിശദമായി വിവരിക്കുന്നുണ്ട്. പ്രവാചകനും ഏതാനും അനുയായികളും കുതിരപ്പുറത്തേറി നഗരത്തിലുടനീളം ചുറ്റിനടന്നു. നഗരത്തിന്റെ ഏതേത് ഭാഗങ്ങളിലാണ് പ്രതിരോധം ഏറ്റവും ദുര്‍ബലമായിട്ടുള്ളത്, ഏതേത് ഭാഗങ്ങളിലാണ് കിടങ്ങുകള്‍ കുഴിക്കേണ്ടത് എന്ന് പരിശോധിക്കാനായിരുന്നു ഇത്. വിദഗ്ധനായ ഒരു എഞ്ചിനീയറെപ്പോലെ കിടങ്ങ് കുഴിക്കലിന്റെ എല്ലാ ജോലികള്‍ക്കും പ്രവാചകന്‍ നേരിട്ട് തന്നെ നേതൃത്വം നല്‍കി. ശത്രുവിന്റെ കടന്നാക്രമണമുണ്ടാകുന്നതിന് മുമ്പ് തന്നെ അതിന്റെ പണി ഏതാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. നമ്മുടെ കാലത്തെ എത്ര സമര്‍ഥനായ സൈനിക മേധാവിയും ഈ സ്ഥലം സന്ദര്‍ശിച്ചാല്‍ കിടങ്ങ് കുഴിക്കാന്‍ ഇതല്ലാതെ മറ്റൊരു സ്ഥലം തെരഞ്ഞെടുക്കില്ലെന്ന് തീര്‍ച്ച. അത്രക്കും പിഴവറ്റതായിരുന്നു നബിയുടെ ആ യുദ്ധതന്ത്രം. എത്ര വേഗതയില്‍ കുതിച്ച് വരുന്ന കുതിരക്കും മുറിച്ച് കടക്കാന്‍ കഴിയാത്തത്ര വീതിയുണ്ടായിരുന്നു കിടങ്ങിന്. അതില്‍ വീഴുന്ന ഒരാള്‍ക്ക് പരസഹായമില്ലാതെ അതില്‍നിന്ന് പുറത്ത് കടക്കാനും കഴിയില്ല. പത്തോ പന്ത്രണ്ടോ അടി താഴ്ച അതിനുണ്ടാവും.
കിടങ്ങ്‌യുദ്ധം നടത്തിയ പരിചയം മക്കക്കാര്‍ക്കോ സഖ്യഗോത്രങ്ങള്‍ക്കോ തീരെയില്ല. ദൂരെ നിന്ന് അമ്പെയ്യുകയല്ലാതെ അവര്‍ക്ക് നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. ചെറിയ കുന്നുകള്‍ക്കിടയിലാണ് ഈ കിടങ്ങ് കുഴിച്ചിരുന്നത്. അതിനാല്‍ ഇരു ഭാഗത്ത് നിന്നും ദൂരെ പോയി നോക്കിയാല്‍ ഇങ്ങനെയൊരു കിടങ്ങ് കാഴ്ചയില്‍ പെടുകയില്ല. ഈ കുന്നുകളില്‍ മുസ്‌ലിം സൈനികര്‍ നിലയുറപ്പിച്ചിരുന്നു. അപ്പോഴാണ് ഒരു ശത്രു സൈനികന്‍ കുന്നും കിടങ്ങുമെല്ലാം കടന്ന് കുതിരയെ ഓടിച്ച് വരുന്നത് കണ്ടത്. പ്രതിരോധം ദുര്‍ബലമായ ഭാഗങ്ങളിലാണ് കിടങ്ങ് കുഴിച്ചിരുന്നത്. ഇനിയും കുഴിക്കാനുള്ള സ്ഥലങ്ങള്‍ കാവലേര്‍പ്പെടുത്തി ഒഴിച്ചിട്ടതായിരുന്നു. അതിലേതെങ്കിലും വഴിയാവാം ഈ കുതിര മുസ്‌ലിം താവളത്തിലേക്ക് കടന്നുവന്നത്. മുസ്‌ലിം സൈനികര്‍ വളരെ ജാഗ്രതയോടെ അശ്വഭടനെ നേരിട്ടു. അയാള്‍ കുതിരയുമായി പിന്തിരിഞ്ഞെങ്കിലും തിരിച്ച് പോകുമ്പോള്‍ കിടങ്ങില്‍ വീണു. മുസ്‌ലിം സൈനികരുടെ അമ്പേറ്റ് ആ ശത്രുസൈനികന്‍ വധിക്കപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടയാള്‍ പക്ഷേ ഒരു സാദാ സൈനികനായിരുന്നില്ല, സേനാനായകരില്‍ ഒരാളായിരുന്നു. അയാളുടെ മൃതശരീരം നൂറൊട്ടകത്തിന് പകരമായി വിട്ടുതരണമെന്ന് ശത്രുസേന അഭ്യര്‍ഥിച്ചു. എന്നാല്‍ പകരമായി ഒന്നും വാങ്ങാതെ മൃതദേഹം വിട്ടുകൊടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഈ മനുഷ്യത്വപരമായ നടപടി ശത്രുസൈനികരില്‍ പ്രവാചകനോട് നേരിയൊരു അനുഭാവം ഉണ്ടാക്കിയിട്ടുണ്ടാവണം.
ആഴ്ചകളോളം മദീനക്ക് പുറത്ത് ശത്രുസൈനികര്‍ തമ്പടിച്ച് നിന്നു. അവരുടെ ഭക്ഷണവും മറ്റും തീര്‍ന്നു തുടങ്ങിയിരുന്നു. അവര്‍ ഖൈബറില്‍നിന്ന് സഹായം ആവശ്യപ്പെട്ടു. പക്ഷേ ഖൈബറില്‍ നിന്ന് സഹായമെത്തുന്നത് മുസ്‌ലിംകള്‍ സമര്‍ഥമായി തടഞ്ഞിരുന്നു. ഒടുവില്‍ നിരാശരായി മദീന ഉപരോധത്തില്‍നിന്ന് പിന്തിരിയാന്‍ തന്നെ ഖുറൈശികള്‍ തീരുമാനിച്ചു. മോശം കാലാവസ്ഥയാണ് ഇതിന് കാരണം എന്നാണ് സാധാരണ നമ്മുടെ ചരിത്രകാരന്മാര്‍ പറഞ്ഞുവരാറുള്ളത്. കൊടും ശൈത്യമുണ്ടായിരുന്നു എന്നതും ശീതക്കാറ്റില്‍ ശത്രുസൈന്യത്തിന്റെ തമ്പുകള്‍ നിലംപതിച്ചിരുന്നു എന്നതും ശരിയാണ്. പിന്തിരിയുകയല്ലാതെ അവര്‍ക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അതേസമയം, ഈ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടി ഞാന്‍ കാണുന്നുണ്ട്. ശവ്വാല്‍ മാസത്തിലാണ് ഈ പടനീക്കം നടക്കുന്നത്. മുമ്പേ തന്നെയുള്ള അറേബ്യന്‍ സമ്പ്രദായമനുസരിച്ച് ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ മാസങ്ങളില്‍ യുദ്ധം അനുവദിക്കപ്പെട്ടിരുന്നില്ല. ഉപരോധം മതിയാക്കി തിരിച്ച് പോകാന്‍ സേനാനായകനായ അബൂസുഫ്‌യാന്‍ തീരുമാനമെടുക്കുന്നത് ശവ്വാല്‍ മാസത്തിലെ അവസാന ദിനമാണ്. അടുത്തത് യുദ്ധം നിരോധിക്കപ്പെട്ട ദുല്‍ഖഅദ് മാസമാണല്ലോ. ആ മാസമെങ്ങാനും യുദ്ധം ചെയ്യാന്‍ നിന്നാല്‍ കഅ്ബ സന്ദര്‍ശിക്കാനെത്തുന്ന ഭക്തജനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളോ പാരിതോഷികങ്ങളോ ഒന്നും പിന്നെ കിട്ടില്ല. ഈ മാസങ്ങളെക്കുറിച്ച് സമൂഹത്തില്‍ പ്രചരിച്ചിരുന്ന ഒട്ടുവളരെ അന്ധവിശ്വാസങ്ങളും ഈ പിന്‍മാറ്റത്തിന് പ്രേരകമായിട്ടുണ്ടാവാം.
പക്ഷേ ഖുറൈശികള്‍ മടങ്ങിപ്പോകുന്നതിന് മുമ്പ് ഖൈബറിലെ ബനുന്നളീര്‍ ഗോത്രം മറ്റൊരു യുദ്ധതന്ത്രവുമായി രംഗത്തെത്തി. പന്ത്രാണ്ടായിരം വരുന്ന സൈന്യം ഒരു മാസം മദീനക്ക് ചുറ്റും നിലയുറപ്പിച്ചിട്ടും കാര്യമായൊന്നും നേടാനാകാതെ വന്ന നിരാശയില്‍, ഖൈബര്‍ ജൂതന്മാരുടെ നേതാവ് രഹസ്യമായി മദീനയില്‍ ഒരു സന്ദര്‍ശനം നടത്തിയിരുന്നു. മുസ്‌ലിംകളുമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന ബനൂഖുറൈള എന്ന ജൂതഗോത്രം അപ്പോള്‍ മദീനയില്‍ താമസിക്കുന്നുണ്ട്. ബനുന്നളീര്‍ ഗോത്ര നേതാവ് വന്നത് ബനൂഖുറൈള ഗോത്ര നേതാവിന്റെ മേല്‍ സമ്മര്‍ദം ചെലുത്താനാണ്. അതായത് ബനൂഖുറൈളക്കാര്‍ മുസ്‌ലിംകളെ പൊടുന്നനെ പിന്നില്‍നിന്ന് ആക്രമിക്കണം. ഖുറൈശികള്‍ മുന്‍ഭാഗത്ത് നിന്നും ആക്രമിക്കും. രണ്ട് ആക്രമണത്തിനുമിടയില്‍പെട്ട് മുസ്‌ലിം സൈന്യം തകര്‍ക്കപ്പെടും.
ഈ ഗൂഢാലോചന പ്രവാചകന്‍ ഒട്ടും താമസിയാതെ മണത്തറിഞ്ഞു. രാഷ്ട്രീയവും സൈനികവുമായ ഉള്‍ക്കാഴ്ചയോടെ ശത്രുവിന്റെ ഗൂഢാലോചന പൊളിക്കാനുള്ള തന്ത്രവും പ്രവാചകന്‍ ആവിഷ്‌കരിച്ചു. പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരു പ്രമുഖനുണ്ടായിരുന്നു അവിടെ. പക്ഷേ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത് ശത്രുക്കളാരും അറിഞ്ഞിട്ടില്ല. ശത്രുവിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം ഇപ്പോഴും പ്രിയങ്കരന്‍. ആ മനുഷ്യനെ പ്രവാചകന്‍ ഒരു രാഷ്ട്രീയ ദൗത്യമേല്‍പ്പിച്ചു. അദ്ദേഹം നേരെ ബനൂഖുറൈളക്കാരുടെ അടുത്ത് ചെന്ന് പറഞ്ഞു: ''ശ്രദ്ധിക്കണം. യുദ്ധം കഴിഞ്ഞാല്‍ ഖുറൈശികളങ്ങ് പോകും. പിന്നെ നിങ്ങള്‍ മദീനയില്‍ ഒറ്റക്കാകും. കരാര്‍ ലംഘിച്ചതിന് മുസ്‌ലിംകള്‍ നിങ്ങളെ പിടികൂടാന്‍ വരുമ്പോള്‍ സഹായിക്കാനാരുമുണ്ടാവുകയില്ല. അതിനാല്‍ കുറച്ച് ഖുറൈശി പ്രമുഖരെ ബന്ദികളാക്കി വെക്കാന്‍ നിങ്ങള്‍ അനുവാദം ചോദിക്കണം. യുദ്ധം കഴിഞ്ഞാലും ഖുറൈശികള്‍ നിങ്ങളെ സഹായിക്കാന്‍ വരുമെന്ന് ഉറപ്പിക്കാന്‍ അത് വഴി നിങ്ങള്‍ക്ക് കഴിയും.'' പിന്നെ അദ്ദേഹം നേരെ ഖുറൈശി പ്രമുഖരുടെ അടുത്ത് ചെന്നു. അവരുടെ സ്വന്തക്കാരനാണല്ലോ അദ്ദേഹം. അവരോട് ഇങ്ങനെയാണ് പറഞ്ഞത്: ''എനിക്കൊരു രഹസ്യവിവരം കിട്ടിയിട്ടുണ്ട്. അതായത് മുഹമ്മദും ബനൂഖുറൈളയും തമ്മില്‍ ഒരു ധാരണയില്‍ എത്തിക്കഴിഞ്ഞു. നിങ്ങളില്‍ കുറച്ചാളുകളെ ബന്ദികളാക്കി പിടിച്ച് മുഹമ്മദിനെ ഏല്‍പ്പിക്കാമെന്ന് ഖുറൈളക്കാര്‍ ഏറ്റിട്ടുണ്ട്.'' ഈ സംഭാഷണം കേട്ട ഒരാള്‍ ഓടിവന്ന് പ്രവാചകനെ വിവരം ധരിപ്പിച്ചപ്പോള്‍ ദ്വയാര്‍ഥം സ്ഫുരിക്കുന്ന ഒരു മറുപടിയാണ് അവിടുന്ന് പറഞ്ഞത്: ''നാം തന്നെയല്ലേ അത് ചെയ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാവുക.'' ഈ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു ശത്രു ചാരന്‍ അബൂസുഫ്‌യാനെയും വിവരങ്ങള്‍ ധരിപ്പിച്ചു.
അങ്ങനെ ഖുറൈശി പ്രതിനിധി സംഘം ബനൂഖുറൈളക്കാരെ കണ്ടപ്പോള്‍, ബനൂഖുറൈളക്കാര്‍ രണ്ട് ആവശ്യങ്ങള്‍  ഉന്നയിച്ചു. ഒന്ന്, ഖുറൈശികള്‍ അവരില്‍ ചിലരെ ബന്ദികളായി നല്‍കണം. രണ്ട്, ശനിയാഴ്ച യുദ്ധം പാടില്ല. അത് സാബത്ത് ദിനമാണ്. ഖുറൈശി-ബനൂഖുറൈള ബാന്ധവം അതോടെ തകര്‍ന്നു. ശവ്വാല്‍ മാസത്തിലെ ഒടുവിലത്തെ ദിനം ശത്രുക്കള്‍ ആസൂത്രണം ചെയ്തിരുന്ന തെക്ക്‌നിന്നും വടക്ക് നിന്നുമുള്ള സംയുക്താക്രമണം വിദഗ്ധമായ രാഷ്ട്രീയ നീക്കത്തിലൂടെ അങ്ങനെ നിര്‍വീര്യമാക്കുകയായിരുന്നു. യാതൊരു വിജയവും നേടാനാവാതെ ഖുറൈശികളും സഖ്യഗോത്രങ്ങളും തിരിച്ച് പോന്നു. ഇത് ഖുറൈശികളുടെ ഒടുവിലത്തെ സൈനിക നീക്കമാണെന്ന് പ്രവാചകന്‍ അന്നേരം പറയുകയും ചെയ്തു. അതായത് ഇനി സൈനിക നീക്കത്തിന് മുന്‍കൈയെടുക്കുക മുസ്‌ലിംകളായിരിക്കും എന്നര്‍ഥം. അതിന്റെ സമയവും സ്ഥലവും നിശ്ചയിക്കുന്നതും മുസ്‌ലിംകള്‍ തന്നെയായിരിക്കും. ഇനിയൊരിക്കലും മദീന ആക്രമിക്കാന്‍ ശത്രുക്കള്‍ ധൈര്യപ്പെടുകയില്ല എന്നാണ് ആ വാക്കിലെ ധ്വനി.

മക്കയിലേക്കുള്ള തീര്‍ഥാടനം
ഇനി കുറച്ച് കാലം മക്കയിലും മദീനയിലും സമാധാനാന്തരീക്ഷമാണ്. ആ കാലയളവില്‍ പ്രവാചകന്‍ നടത്തിയ നീക്കങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ സൈനിക ഛായയില്ല; എന്നാല്‍ സൈനിക തന്ത്രത്തിന്റെ ലാഞ്ഛനകള്‍ അവയില്‍ കാണാതിരിക്കുന്നുമില്ല. ഈ സമയത്താണ് മക്കയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയുടെ പിടിയിലകപ്പെടുന്നത്. മക്കാ നഗരത്തില്‍ കൃഷിയൊന്നുമില്ല. ഭക്ഷണ സാധനങ്ങള്‍ പുറംനാടുകളില്‍ നിന്നുകൊണ്ട് വരണം. പക്ഷേ ആ നാടുകളിലും പട്ടിണിയാണ്. ഈ സമയത്ത് ഒരു സംഭവം നടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അതത്ര പ്രാധാന്യമുള്ളതല്ല എന്ന് തോന്നിയേക്കാം. എന്നാല്‍ സൈനിക തന്ത്രജ്ഞതയുടെ കോണിലൂടെ നോക്കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്ന സംഭവം തന്നെയായിരുന്നു അത്. മക്കയിലും അവിടേക്ക് ഭക്ഷണമെത്തുന്ന പുറംനാടുകളിലും പട്ടിണി താണ്ഡവമാടിയപ്പോള്‍, നജ്ദ് എന്ന അയല്‍ പ്രദേശം മാത്രമാണ് അതില്‍നിന്ന് രക്ഷപ്പെട്ടത്. ആ പ്രദേശത്തുകാര്‍ക്ക് മക്കയില്‍ ആവശ്യമായ ധാന്യങ്ങള്‍ എത്തിക്കാനും കഴിയുമായിരുന്നു.
ഒരു ദിവസം ഊരുചുറ്റിക്കൊണ്ടിരുന്ന ഒരു മുസ്‌ലിം പാറാവ് സംഘം, ചില സംശയകരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഒരാളെ പിടികൂടി മദീനയില്‍ കൊണ്ടുവന്നു. പ്രവാചകന് അയാളെ വ്യക്തിപരമായി അറിയാമായിരുന്നു. നജ്ദിലെ ഒരു പ്രധാന നേതാവാണ് അയാള്‍. പേര് ഥുമാമത് ബ്‌നു അഥാല്‍. ഹിജ്‌റക്ക് മുമ്പ് അയാളൊരിക്കല്‍ മക്കയില്‍ വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് പ്രവാചകന്‍ അയാളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോള്‍, മിണ്ടരുതെന്നും മിണ്ടിയാല്‍ കൊന്നുകളയുമെന്നുമായിരുന്നു അയാള്‍ പ്രവാചകനെ ഭീഷണിപ്പെടുത്തിയത്. അയാളാണിപ്പോള്‍ ഒരു തടവുകാരനായി പ്രവാചകന്റെ മുമ്പാകെ എത്തിയിരിക്കുന്നത്. ബിംബാരാധന ഉപേക്ഷിക്കാനും ഏകദൈവത്തിന് സര്‍വസ്വം സമര്‍പ്പിക്കാനും സമയമായില്ലേ എന്ന് പ്രവാചകന്‍ അയാളോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ''ഓ, മുഹമ്മദ്! താങ്കള്‍ക്ക് പണമാണ് വേണ്ടതെങ്കില്‍ താങ്കള്‍ പറയുന്നത്രയും പണം ഞാന്‍ പിഴയായി കെട്ടാം. ഞാനൊരു പണക്കാരനാണ്. ഇനി എന്നെ കൊല്ലാനാണ് ഭാവമെങ്കില്‍ ഞാന്‍ 'രക്തം പുരണ്ട ആള്‍' തന്നെ.'' ('ദൂദം' അഥവാ രക്തം പുരണ്ട ആള്‍ എന്നത് ദ്വയാര്‍ഥമുള്ള അറബി പ്രയോഗമാണ്. തന്റെ കൈയില്‍ രക്തം പുരണ്ടിരിക്കുന്നു എന്നു പറയുമ്പോള്‍ താനൊരു മുസ്‌ലിമിനെ കൊന്നിട്ടുണ്ട് എന്നാവാം അര്‍ഥം; അങ്ങനെയെങ്കില്‍ തന്നെ വധിക്കുന്നത് ന്യായമാണ് എന്നും). ആ സംഭാഷണം അവിടെ അവസാനിച്ചു. അതോടൊപ്പം, അയാളെ മദീനയിലെ പള്ളിയിലേക്ക് കൊണ്ടുവരാനും അവിടെ ഒരു തൂണില്‍ അയാളെ കെട്ടിയിടാനും പ്രവാചകന്‍ കല്‍പ്പന കൊടുത്തു. മുസ്‌ലിംകളുടെ അനുഷ്ഠാനങ്ങള്‍ അയാളെ കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അയാള്‍ക്ക് നന്നായി ഭക്ഷണം നല്‍കിയിരുന്നു. പത്ത് പേരുടെ ഭക്ഷണം വേണം അയാള്‍ക്ക് മാത്രമായി. പ്രാഥമികാവശ്യങ്ങള്‍ക്ക് പോകേണ്ടി വരുമ്പോള്‍ കെട്ടഴിച്ചു കൊടുക്കും. ഓരോ നമസ്‌കാരത്തിന് ശേഷവും പ്രവാചകന്‍ അയാളെ സമീപിക്കുകയും മനം മാറ്റമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും. അയാള്‍ ആദ്യം നല്‍കിയ മറുപടി തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പ്രവാചകന്‍ അയാളെ  കെട്ടഴിച്ച് വിടാന്‍ ഉത്തരവ് നല്‍കി. മോചനദ്രവ്യമായി ഒന്നും വാങ്ങിയതുമില്ല.
ഇങ്ങനെയൊരു തീരുമാനം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ഥുമാമക്ക് വളരെ സന്തോഷമായി. ഉദാരവും ഉത്കൃഷ്ടവുമായ പ്രവാചകന്റെ ഈ സമീപനം അയാളെ ആഴത്തില്‍ സ്പര്‍ശിച്ചു. അയാള്‍ പള്ളിയില്‍നിന്ന് പുറത്ത് പോയി തൊട്ടടുത്ത കിണറില്‍നിന്ന് കുളിച്ചശേഷം പ്രവാചകന്റെ മുമ്പാകെ വന്നു പ്രഖ്യാപിച്ചു: ''അല്ലാഹു ഏകനാണെന്നും താങ്കള്‍ അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചിരിക്കുന്നു.'' പിന്നെ അയാള്‍ ഇത്രകൂടി പറഞ്ഞു: ''ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ എനിക്ക് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായിരുന്നു; ഇപ്പോള്‍ താങ്കളെ സ്‌നേഹിക്കുന്ന പോലെ ഞാന്‍ ലോകത്ത് മറ്റാരെയും സ്‌നേഹിക്കുന്നില്ല.''
പിന്നീട് നടന്ന സംഭാഷണത്തിനിടയില്‍, നജ്ദില്‍ നിന്ന് താന്‍ ഒരു ധാന്യമണി പോലും മക്കയിലേക്ക് കയറ്റി അയക്കാന്‍ സമ്മതിക്കുകയില്ലെന്ന് ഥുമാമ പ്രവാചകന് മുമ്പാകെ ശപഥം ചെയ്തു. കയറ്റി അയക്കണമെങ്കില്‍ പ്രവാചകന്റെ അനുവാദം വേണം. ഥുമാമയുടെ ഈ തീരുമാനം മക്കയിലെ അവസ്ഥ അതീവ ഗുരുതരമാക്കി. പട്ടിണി കിടന്നു മരിച്ചുകൊണ്ടിരിക്കുന്ന സ്വന്തം കൂടപ്പിറപ്പുകളെ രക്ഷിക്കണം എന്ന ദയാഹരജിയുമായി ഒരു പ്രതിനിധി സംഘത്തെ മദീനയിലേക്ക് അയക്കുകയേ മക്കക്കാര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പ്രവാചകന്‍ ഉടന്‍ തന്നെ ഥുമാമക്ക് കത്തെഴുതുകയും ഭക്ഷ്യോപരോധം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെയും നിര്‍ത്തിയില്ല പ്രവാചകന്‍. മക്കക്കാരുടെ നേതാവ് അബൂസുഫ്‌യാന് കൊടുക്കാനായി 500 സ്വര്‍ണ നാണയങ്ങള്‍ (അന്നത് വലിയൊരു സംഖ്യയായിരുന്നു) അവിടുന്ന് കൊടുത്തയക്കുകയും ചെയ്തു. അത് ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
അബൂസുഫ്‌യാന്‍ ക്ഷുഭിതനായി പലതും പുലമ്പി. ഇതിന് പ്രതികരണമായി അയാള്‍ പറഞ്ഞ വാക്കുകള്‍ ചരിത്രം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''നമ്മുടെ ചെറുപ്പക്കാരെ വഴിതെറ്റിക്കുകയാണ് മുഹമ്മദ്.'' അതേസമയം നബി കൊടുത്തയച്ച സംഖ്യ തിരിച്ചയച്ചതുമില്ല. അവസ്ഥ അത്രക്കും മോശമായിരുന്നല്ലോ. ഇതുപോലുള്ള വേറെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം മൊത്തം ഇഫക്ട് എന്താണെന്ന് ചോദിച്ചാല്‍, പ്രവാചകനെ ഒരു ശത്രു എന്ന നിലയില്‍ നോക്കിക്കാണുന്നതിന് പകരം മക്കക്കാര്‍ അദ്ദേഹത്തെ ദിനംപ്രതി കരുത്ത് നേടിക്കൊണ്ടിരുന്നു സ്വന്തം സഹോദരനായി കാണാന്‍ തുടങ്ങി എന്നതാണ്. അദ്ദേഹത്തെ കുറിച്ച് അവര്‍ക്ക് അഭിമാനവും തോന്നി. പക്ഷേ ഈ വികാരഭാവങ്ങളൊന്നും പുറത്ത് പറയാനുള്ള ധൈര്യം മക്കയിലെ പൊതുജനങ്ങള്‍ക്ക് ഇല്ലായിരുന്നു. അതേസമയം, തികച്ചും സ്വാഭാവികമായ ഒരു ചായ്‌വ് ഇസ്‌ലാമിനോട് അവരുടെ മനസ്സില്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. ഈയൊരു പരിതസ്ഥിതിയില്‍ മക്കയിലേക്കൊരു സൈനിക നീക്കം നടത്തിയാല്‍ കാര്യമായ ചെറുത്തുനില്‍പ്പൊന്നും പൊതുജനങ്ങളില്‍ നിന്നുണ്ടാവാന്‍ സാധ്യതയില്ല. ആപത്കാലത്ത് തങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു മനുഷ്യനെ അവരെന്തിന് ചെറുക്കണം?
സാധാരണഗതിയില്‍ പ്രവാചകന്‍ തന്റെ യാത്രാ ലക്ഷ്യങ്ങള്‍ രഹസ്യമാക്കി വെക്കാറാണ് പതിവ്. പക്ഷേ, ഇത്തവണ അദ്ദേഹം പരസ്യമായി തന്നെ പ്രഖ്യാപിച്ചു, താന്‍ മക്കയിലേക്ക് 'ചെറിയ തീര്‍ഥാടന'(ഉംറ)ത്തിനായി പുറപ്പെടുകയാണെന്ന്. യാത്രാ മധ്യേ പ്രവാചകന് ഒരു വിവരം കിട്ടി- ഖുറൈശികളുടെ സഖ്യ ഗോത്രമായ അഹാബീശ് മക്ക ലക്ഷ്യമാക്കി നീങ്ങിയിരിക്കുന്നു. പ്രവാചകന്‍ മക്കയെ ആക്രമിക്കുന്ന പക്ഷം ഖുറൈശികളെ സഹായിക്കാനാണത്രെ ഈ പടപ്പുറപ്പാട്. പ്രവാചകന്‍ തന്റെ സൈനിക വിദഗ്ധരുടെ സമിതി വിളിച്ചു ചേര്‍ത്തു. അഹാബീശ് ഗോത്രക്കാര്‍ മക്കയിലെത്തി ശത്രുവിന് സഹായം നല്‍കുന്നതിന് മുമ്പ് മുന്‍കൂറായി അവരെ ആക്രമിച്ച് പിന്തിരിപ്പിക്കുന്നതായിരിക്കില്ലേ ഉത്തമം? ഇതാണ് ചര്‍ച്ച ചെയ്തത്. യുദ്ധം വേണ്ടെന്ന നിലപാടായിരുന്നു അബൂബക്ര്‍ സിദ്ദീഖിന്. 'തീര്‍ഥാടനത്തിനാണ് പുറപ്പെടുന്നതെന്ന് നമ്മള്‍ നേരത്തെ പ്രഖ്യാപിച്ചതുമല്ലേ?'. ഈ അഭിപ്രായം സ്വീകരിച്ച് പ്രവാചകനും സംഘവും മക്കയിലേക്ക് നീങ്ങി.
മക്കയുടെ പൗരാണിക ഭൂമിശാസ്ത്രത്തെക്കുറിച്ച് ഒന്നു രണ്ട് കാര്യങ്ങള്‍. അത് പ്രവാചകന്റെ യാത്രയെക്കുറിച്ചറിയാന്‍ ഉപകരിക്കും. മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രയില്‍ ജിദ്ദ വിട്ടു കഴിഞ്ഞാലുടന്‍ വിശാലമായ തുറന്ന പ്രദേശങ്ങളാണ്. അത് കഴിഞ്ഞാല്‍ നല്ല ഉയരമുള്ള കുന്നുകള്‍ ആരംഭിക്കുകയായി. പിന്നെ ഈ കുന്നുകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴികളാണ്. പ്രകൃതി തീര്‍ത്ത ഈ മാര്‍ഗതടസ്സങ്ങള്‍ ആരംഭിക്കുന്ന സ്ഥലമാണ് ഹുദൈബിയ്യ. ആ സ്ഥലമെത്തിയപ്പോള്‍ മക്കയിലേക്ക് ഒരു ദൂതനെ പറഞ്ഞുവിടാന്‍ പ്രവാചകന്‍ തീരുമാനിച്ചു. കഅ്ബ സന്ദര്‍ശിച്ച് ഉംറ ചെയ്യുക എന്ന സമാധാനപരമായ ഉദ്ദേശ്യം മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന് മക്കക്കാരെ അറിയിക്കാനാണ് ദൂതനെ വിടുന്നത്. ദൂതനായി ഉമറുബ്‌നുല്‍ ഖത്ത്വാബിനെ വിടാനാണ് പ്രവാചകന്‍ ആദ്യം ആലോചിച്ചത്. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഉമര്‍ ആയിരുന്നല്ലോ മക്കക്കാരുടെ 'വിദേശകാര്യമന്ത്രി.' ഇസ്‌ലാമില്‍ എത്തുന്നതിന് മുമ്പുള്ള ദൗത്യം ഇസ്‌ലാമില്‍ എത്തിയ ശേഷവും തുടരും എന്ന് അറിയിക്കാന്‍ കൂടിയായിരുന്നു ഉമറിനെ തെരഞ്ഞെടുത്തത്. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക ദേശത്തിന്റെയും വിദേശകാര്യമന്ത്രി ഉമര്‍ തന്നെ. പക്ഷേ, ഉമര്‍ തന്റെ ആശങ്ക പ്രവാചകനുമായി പങ്കുവെച്ചു. താന്‍ മക്കക്കാരുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. തന്നെ കൈയില്‍ കിട്ടിയാല്‍ അവര്‍ വെച്ചേക്കില്ല, വകവരുത്തും. അതിനാല്‍ തനിക്ക് പകരം ഉസ്മാനുബ്‌നു അഫ്ഫാന്‍ പോകുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിന്റെ ബനൂ ഉമയ്യ കുടുംബം ഇപ്പോഴും മക്കയില്‍ ഉണ്ടല്ലോ. അദ്ദേഹമാവുമ്പോള്‍ കുറെകൂടി സൗമ്യമായ പെരുമാറ്റം ഖുറൈശികളില്‍നിന്ന് പ്രതീക്ഷിക്കാം.
നിര്‍ദേശം പ്രവാചകന് സ്വീകാര്യമായി. അങ്ങനെ ദൂതനായി ഉസ്മാനുബ്‌നു അഫ്ഫാന്‍ മക്കയിലേക്ക് തിരിച്ചു. അവിടെ എത്തിയതും മക്കക്കാര്‍ അദ്ദേഹത്തെ ബന്ദിയാക്കി. അദ്ദേഹം വധിക്കപ്പെട്ടു എന്ന അഭ്യൂഹവും പ്രചരിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ ഇനി യുദ്ധത്തിനൊരുങ്ങുകയല്ലാതെ മാര്‍ഗമില്ലെന്ന് പ്രവാചകന് ബോധ്യമായി. താനും അനുയായികളും വന്നത് സമാധാനപരമായി ഉംറ ചെയ്യാനാണ്. പക്ഷേ, തന്റെ പ്രതിനിധി ഉസ്മാന്‍ വധിക്കപ്പെട്ടു എന്ന വാര്‍ത്ത കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുന്നു. യുദ്ധം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. അവസാനത്തെയാളും മരിച്ചുവീഴുന്നത് വരെ സത്യത്തിന്റെ മാര്‍ഗത്തില്‍ പൊരുതുമെന്ന് ഓരോ അനുയായിയും അദ്ദേഹത്തിന്റെ മുന്നില്‍ ശപഥം ചെയ്തു. ആ ശപഥം നടന്നത് ഒരു മരച്ചുവട്ടില്‍ വെച്ചാണ്. ആ സംഭവം വളരെ പ്രാധാന്യത്തോടെ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരിക്കുന്നു (48:18).
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍