മലയാളി വായിച്ച പ്രവാചക ജീവിതം
മലയാളി വായിച്ച പ്രവാചക ജീവിതം
പ്രബോധനം വാരികയില്‍ അബ്ദുര്‍റഹ്മാന്‍ മങ്ങാട് എഴുതിയ 'നബി ജീവിതം മലയാളത്തില്‍' എന്ന ലേഖനം (ലക്കം 2833) മികച്ച വായനാനുഭവം സമ്മാനിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങളുള്‍പ്പെടെ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രധാന നബി ചരിതങ്ങളെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അനുബന്ധമായി ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ.
മലയാളത്തിലിറങ്ങിയ, പ്രവാചകന്റെ ആദ്യ ജീവചരിത്രകൃതി ഇന്നു ലഭ്യമല്ല. ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകള്‍ നല്‍കിയ ക്രിസ്ത്യന്‍ മിഷനറി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് അതിന്റെ കര്‍ത്താവ്. 1840-നോടടുത്ത് അദ്ദേഹം രചിച്ച 'മുഹമ്മദ് ചരിതം' ആണ് പ്രസ്തുത ഗ്രന്ഥം. മങ്ങാട് പരാമര്‍ശിച്ച കൃതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ചില ഗ്രന്ഥങ്ങള്‍ ഇവയാണ്: പ്രവാചക കഥകള്‍ (വാണിദാസ് എളയാവൂര്‍, കറന്റ് ബുക്‌സ് - 1995), മുഹമ്മദ് നബിയുടെ ബഹുമുഖ ജീവിതം (കമാല്‍പാഷ, ഹിദായത്ത് ബുക്ക്സ്റ്റാള്‍, തിരൂരങ്ങാടി, 1986), ഹസ്രത്ത് മുഹമ്മദ് നബി(സ) (കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം) വിശ്വപ്രവാചകന്‍ (പ്രൊഫ.ആര്‍. ശിവശങ്കരപിള്ള, ഇര്‍ശാദ് ബുക്സ്റ്റാള്‍, കോഴിക്കോട്, 1987), നബിയുടെ കഥ (അരീക്കാട്ട് കാമാക്ഷിക്കുട്ടിയമ്മ, ആമിനാ ബുക്സ്റ്റാള്‍ തൃശ്ശൂര്‍, 1979), കാത്തിരുന്ന പ്രവാചകന്‍ (എം. അബ്ദുറഹ്മാന്‍ ബാവ മൗലവി കോടമ്പുഴ, നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍, ഫൈസാബാദ് 1985), മുഹമ്മദ് നബി (പി.കെ മുഹമ്മദലി, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് 1983), സമാധാനത്തിന്റെ ദൂതന്‍ (എം.എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്).
തിരൂരങ്ങാടി, പരപ്പനങ്ങാടി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രസ്സുകളില്‍ നിന്ന് മലയാളത്തിലും, അറബി മലയാളത്തിലും പുറത്തിറങ്ങിയ ചെറുതും വലുതുമായ നബി ചരിത്രങ്ങള്‍കൂടി പരിഗണിച്ചാല്‍ ഒരു വസ്തുത നിസ്സംശയം പറയാനാവും; മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങളുണ്ടായത് മുഹമ്മദ് നബിയെക്കുറിച്ചാണ്.
പ്രവാചക ജീവിതം കവിതയിലാവിഷ്‌കരിക്കാന്‍ ശ്രമിച്ച എഴുത്തുകാരെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. പക്ഷേ, കൃതികളുടെ പേര് പരാമര്‍ശിച്ചു കണ്ടില്ല. അതുകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഭാഷാസ്‌നേഹികള്‍ക്കും, ഗവേഷണ തല്‍പരര്‍ക്കും ഏറെ ഉപകാരപ്പെടുമായിരുന്നു.
പ്രവാചകജീവിതം പ്രതിപാദിക്കുന്ന ലഘുകവിതകള്‍ അനേകമുണ്ടെങ്കിലും , ഒരേയൊരു ഖണ്ഡകാവ്യം മാത്രമാണ് ഈ ഗണത്തില്‍ മലയാളത്തിലുള്ളത്. സയ്യിദ് അബ്ദുല്‍ഗഫൂര്‍ ഷാ മണിപ്രവാള രൂപത്തില്‍ രചിച്ച നബി ചരിതം മണിപ്രവാളമാണത് (1908). ഇതിലെ ഒരു ഭാഗം അരനൂറ്റാണ്ടിനപ്പുറം മലബാറിലെ മാപ്പിള സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നു. ഇസ്‌ലാമിക ഇതിവൃത്തത്തിലുള്ള ഒരു മഹാകാവ്യവും മലയാളത്തിലുണ്ട്; പൊന്‍കുന്നം സൈത് മുഹമ്മദിന്റെ ''മാഹമ്മദം' മഹാകാവ്യ'മാണത് (സുനി പബ്ലിക്കേഷന്‍സ്, ആലുവ 1978). ലോകാരംഭം മുതല്‍, അന്ത്യ പ്രവാചകന്റെ ജീവിതം വരെയുള്ള ഇസ്‌ലാം ചരിത്രം മൂന്ന് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കവി ആഗ്രഹിച്ചിരുന്നുവെങ്കിലും ഒന്നാം വാല്യം മാത്രമേ വെളിച്ചം കണ്ടുള്ളൂ. നബിയുടെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന മൂന്നാം വാള്യം പുറത്തിറങ്ങിയിരുന്നുവെങ്കില്‍ കൈരളിക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു.
ബാവ കെ. പാലുകുന്ന്, വയനാട്
നബിയെ ആഘോഷിക്കുമ്പോള്‍
നബിദിനം 'നബി ആഘോഷ'മായി മാറുന്ന കാഴ്ചകളാണ് ഓരോ റബീഉല്‍ അവ്വല്‍ പിറക്കുമ്പോഴും. മുമ്പ് ഇത്തരം നബിദിന യാത്രകളില്‍ കണ്ടിരുന്ന ദിക്‌റുകളും സ്വലാത്തും തക്ബീറും ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെങ്കില്‍, ഇന്നത് ആധുനിക മാപ്പിളപ്പാട്ടുകളുടെയും ഗസലുകളുടെയും താളത്തിലേക്ക് മാറുകയും തികച്ചും 'കളര്‍ഫുള്‍' ആയി മാറുകയും ചെയ്തിരിക്കുന്നു. ശരാശരി കേരളീയന്റെ പോലും ജീവിതത്തില്‍ സ്ഥാനം പിടിച്ച മുതലാളിത്തം മതാത്മകതയുടെ വേഷത്തില്‍ തെരുവില്‍ ആഘോഷിക്കുന്ന ദൃശ്യമാണെങ്ങും. നബിദിനാഘോഷത്തിന്റെ പ്രസക്തി ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ തെരുവില്‍ ചോദ്യം ചെയ്യുമ്പോഴും ആഘോഷം കേമമാകുന്നതും ഭക്തി ചോര്‍ന്നു പോകുന്നതും അതാണ് തെളിയിക്കുന്നത്. കവലകളില്‍ ബിരിയാണി വിതരണം ചെയ്തും പായസവും ഐസ്‌ക്രീമും മേമ്പൊടിയായി നല്‍കിയും സമുദായം നബിയെ ആഘോഷിക്കുക തന്നെയാണ്.
എന്‍.പി അബ്ദുല്‍ കരീം
ചേന്ദമംഗല്ലൂര്‍
ജനഹിതം ചോരയില്‍ മുക്കിക്കൊല്ലുന്ന
ജനാധിപത്യം!
ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെ ഏകപക്ഷീയമായ വിജയത്തെ പ്രശംസിച്ചും ആശീര്‍വദിച്ചും ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ (8-1-2014) 'ബംഗ്ലാദേശിലെ ജനങ്ങളാണ് ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്നും ജനാധിപത്യ വ്യവസ്ഥയും മത നിരപേക്ഷതയും സംരക്ഷിക്കുക തന്നെ വേണമെന്നും' പറയുന്നു.
എന്നാല്‍, നിഷ്പക്ഷ കാവല്‍ മന്ത്രിസഭക്ക് കീഴിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ന്യായമായ ആവശ്യം തള്ളിക്കളഞ്ഞ് നടത്തിയ തെരഞ്ഞെടുപ്പില്‍, പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ വെറും 20 ശതമാനം മാത്രമാണ് ബംഗ്ലാദേശില്‍ പോളിംഗ് നടന്നത്. മിക്ക സീറ്റുകളിലേക്കും മത്സരം പോലും നടന്നില്ല. ഭൂരിപക്ഷം സീറ്റുകളിലും ഒറ്റ എതിര്‍ സ്ഥാനാര്‍ഥി പോലും ഉണ്ടായിരുന്നില്ല. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യ വ്യാപകമായി ഇരുന്നൂറോളം പോളിംഗ് സ്റ്റേഷനുകളാണ് അഗ്നിക്കിരയാക്കപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെയും ഭൂരിപക്ഷം ജനങ്ങളുടെയും അഭിലാഷം പ്രതിഫലിപ്പിക്കാത്ത പൊതു തെരഞ്ഞെടുപ്പ് വൃഥാ വ്യായാമമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതിന്റെ പശ്ചാത്തലം മറ്റൊന്നല്ല. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന നിഷ്പക്ഷവും സ്വതന്ത്രവുമായ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയാണ് ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ അധികൃതര്‍ നിര്‍വഹിക്കേണ്ട ദൗത്യം. ഇത് പറഞ്ഞത് യു.എസ്.എ ആണെങ്കിലും പ്രതികരണം തികച്ചും ന്യായയുക്തമല്ലെന്ന് പറയാനാവുമോ?
ജനാധിപത്യ വ്യവസ്ഥ സംരക്ഷിക്കപ്പെടണമെന്നും ബംഗ്ലാദേശിലെ ജനങ്ങളാണ് ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്നും മുഖപ്രസംഗമെഴുതിയ ദേശാഭിമാനി, ബംഗ്ലാദേശില്‍ ആ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ അവിടത്തെ ബഹുഭൂരിപക്ഷത്തിന് അവസരം നല്‍കപ്പെട്ടിട്ടില്ലെന്ന യാഥാര്‍ഥ്യം കാണാതെ പോവരുത്. ഭൂരിപക്ഷത്തിന്റെ അഭിലാഷം മാനിക്കപ്പെടാത്ത തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ ജനാധിപത്യം എങ്ങനെയാണ് സംരക്ഷിക്കപ്പെടുക? ജനഹിതത്തെ ചോരയില്‍ മുക്കിക്കൊന്ന സ്വേഛാധിപത്യ വാഴ്ചയില്‍ സംരക്ഷിക്കപ്പെടുന്ന 'ജനാധിപത്യം' എന്തുമാത്രം വികലവും ഭീകരവുമല്ല!
റഹ്മാന്‍ മധുരക്കുഴി
ഇസ്‌ലാം അനുഭവം
ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകരുന്നതായിരുന്ന സൈമണ്‍ മാസ്റ്ററുടെ 'ഒരു ഇസ്‌ലാം അനുഭവം' (ലക്കം 2834). മനുഷ്യമനസ്സുകളുടെ സുഖ-ദുഃഖങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരുടെ ജീവിതത്തിന്റെ ഭാഗമായി നമ്മെ അടയാളപ്പെടുത്തുകയും ചെയ്യുക എന്നത് എത്ര മഹത്തരമാണ്!
ടി. അര്‍ഷാദ് കാരക്കാട്
പെണ്‍പഠനത്തെപ്പറ്റി
ഡോ. അബ്ദുസ്സലാം അഹ്മദുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ സംഭാഷണത്തില്‍ (ലക്കം 2834) സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അല്‍ജാമിഅ സജീവ പങ്കു വഹിക്കുമെന്നും അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും പരാമര്‍ശിച്ചത് ആവേശദായകമാണ്. പെണ്‍കുട്ടികളുടെ പഠനം പലപ്പോഴും പാതിവഴിക്ക് മുടങ്ങിപ്പോകുന്നതിന് കാരണം വിവാഹമാണ്. അതിനാല്‍ തന്നെ വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ പരിമിതികള്‍ക്കിടയിലും അതുവരെ നടത്തിയ പഠനം റഗുലറായോ അല്ലാതെയോ തുടരാനുള്ള സംവിധാനങ്ങള്‍ കൂടി അല്‍ജാമിഅ ഒരുക്കിയാല്‍ പെണ്‍വിദ്യാഭ്യാസ മുന്നേറ്റത്തിന് അതൊരു മുതല്‍ക്കൂട്ടാവും.
റുമൈല മണ്ണാര്‍ക്കാട്
'മാഹമ്മദം' മറക്കരുത്
'മുഹമ്മദ് നബി മലയാള സാഹിത്യത്തില്‍' എഴുതുമ്പോള്‍ ഒരിക്കലും മറക്കാനോ അവഗണിക്കാനോ പറ്റാത്ത കൃതിയാണ് പൊന്‍കുന്നം സെയ്തുമുഹമ്മദിന്റെ 'മാഹമ്മദം' മഹാ കാവ്യം. സംസ്‌കൃത ബഹുലതയാര്‍ന്ന മലയാളത്തില്‍ മഹാ കാവ്യ നിയമങ്ങള്‍ മുഴുവന്‍ അനുസരിച്ചെഴുതിയ ഈ ബൃഹദ് മഹാ കൃതിയെ മുസ്‌ലിംകളും മലയാളികളും മറന്നാലും പ്രബോധനം മറക്കരുതായിരുന്നു.
റഷീദ് പി.സി പാല, നരിക്കുനി
Comments