Prabodhanm Weekly

Pages

Search

2014 ജനുവരി 31

അരക്ഷിതാവസ്ഥയോ സ്വാതന്ത്ര്യം?

ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദ്ര ഭട്ട് പുറപ്പെടുവിച്ച ഒരു വിധി ഏറെ കൗതുകകരമായിരുന്നു. പരിചയക്കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറി വഞ്ചിച്ചതായി ഒരു യുവതി സമര്‍പ്പിച്ച പരാതിയായിരുന്നു കോടതിയുടെ മുമ്പിലുണ്ടായിരുന്നത്. നീണ്ട രണ്ടു വര്‍ഷക്കാലത്തെ വിചാരണക്കു ശേഷം യുവാവ് കുറ്റവിമുക്തനാണെന്ന് വിധിച്ചുകൊണ്ട് കോടതി പ്രസ്താവിച്ചു: ''ഈ കേസില്‍ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല. നടന്നതെന്തായിരുന്നാലും ഉഭയ സമ്മതത്തോടെ നടന്നതാണ്. വിവാഹവാഗ്ദാനത്തിന്റെ പുറത്തുള്ള ലൈംഗിക ബന്ധം ലൈംഗികമായ കുറ്റകൃത്യമാകുന്നില്ല. സംഭവത്തില്‍ യുവതിക്കും ഉത്തരവാദിത്വമുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീയാണവള്‍. കൂട്ടുകാരന്‍ വഞ്ചിക്കാനിടയുണ്ടെന്ന് നേരത്തെ ഓര്‍ക്കേണ്ടതായിരുന്നു.'' വിധിന്യായത്തില്‍ ബഹു: ജഡ്ജി സുപ്രധാനമായ ഒരു നിരീക്ഷണവും നടത്തി. ''വിവാഹ പൂര്‍വ ലൈംഗിക ബന്ധം അധാര്‍മികമായ നടപടിയാണ്. എല്ലാ മതങ്ങളുടെയും സദാചാര നിയമങ്ങള്‍ക്ക് എതിരാണത്. ലോകത്ത് ഒരു മതവും വിവാഹപൂര്‍വവും വിവാഹേതരവുമായ ലൈംഗിക ബന്ധം അനുവദിക്കുന്നില്ല.'' അസാധാരണമായ ഈ വിധിയും നിരീക്ഷണവും സ്വാഭാവികമായും വിവിധ വേദികളില്‍ നിന്ന് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. സ്ത്രീസ്വാതന്ത്ര്യ ഗ്രൂപ്പുകളും ചില സാമൂഹിക പ്രവര്‍ത്തകരും നിയമവിദഗ്ധരുമൊക്കെ വിധിയെയും അത് പുറപ്പെടുവിച്ച ജഡ്ജിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു.
വനിതാ വിമോചന പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് മുഖ്യമായും രണ്ടു കാരണങ്ങളാലാണ്. ഒന്ന്, ലൈംഗിക പീഡനവും വഞ്ചനയും നടത്തിയ പുരുഷനെ കുറ്റമുക്തനാക്കുകയും ഉത്തരവാദിത്വം മുഴുവന്‍ സ്ത്രീയുടെ തലയില്‍ വെച്ചുകെട്ടുകയും ചെയ്തിരിക്കുന്നു. രണ്ട്, കോടതി അതിന്റെ നിരീക്ഷണങ്ങള്‍ക്ക് മതധര്‍മങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മതേതര കോടതികള്‍ ഒരിക്കലും അങ്ങനെ ചെയ്തുകൂടാ. ജഡ്ജി വിധി പറയേണ്ടത് നിയമപുസ്തകങ്ങളെ ആധാരമാക്കിയാണ്; മത ഗ്രന്ഥങ്ങളെ അവലംബിക്കേണ്ട കാര്യമില്ലായിരുന്നു എന്നു മാത്രമാണ് നിയമവിശാരദന്മാരുടെ വിമര്‍ശനം. സ്ത്രീയുടെ അവസ്ഥ പരിഗണിക്കാതെയുള്ള വിധിയായിട്ടാണ് ചില വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ അവരുടെ നടപടികളിലും ഇഷ്ടാനിഷ്ടങ്ങളിലും പൂര്‍ണ സ്വതന്ത്രരാണെന്ന് വാദിക്കുന്നു. അവര്‍ക്ക് വീടിനകത്തും പുറത്തും ഇഷ്ടം പോലെ ചരിക്കാം. ഇഷ്ടമുള്ള വേഷവിധാനങ്ങള്‍ സ്വീകരിക്കാം. ഇഷ്ടമുള്ളവരുമായി ബന്ധപ്പെടാം. പ്രായപൂര്‍ത്തിയായ യുവതികള്‍ക്കും അവിവാഹിതകള്‍ക്കും ഈ സ്വാതന്ത്ര്യം കുറച്ചധികം ലഭിക്കണമെന്നാണവരുടെ നിലപാട്. നിയമത്തിന്റെയോ മതത്തിന്റെയോ ധാര്‍മിക, സദാചാര സമ്പ്രദായങ്ങളുടെയോ പേരില്‍ സ്ത്രീ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടുകൂടാ. അതേ സ്വാതന്ത്ര്യവാദികള്‍ തന്നെയാണ്, സ്ത്രീ അവളുടെ സ്വാതന്ത്ര്യമുപയോഗിച്ച് ഇഷ്ടപ്പെട്ട യുവാക്കളുമായി ബന്ധത്തിലേര്‍പ്പെട്ട് കുഴപ്പത്തിലാകുമ്പോള്‍, സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച പുരുഷനെ ശിക്ഷിക്കാത്ത കോടതിയെ വിമര്‍ശിക്കുന്നതും. ഈ വിധി ജഡ്ജിയുടെ സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ നിലപാടാണ് വെളിപ്പെടുത്തുന്നതെന്നു വരെ ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. ഇത്തരം ഒരു ജഡ്ജി ലൈംഗികാതിക്രമ കേസുകള്‍ വിചാരണ ചെയ്യാവതല്ലെന്നും അവരഭിപ്രായപ്പെടുന്നു (ടൈംസ് ഓഫ് ഇന്ത്യ ജനുവരി 7). ഇതിന് മുമ്പും ഈ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനവിധേയനായ ന്യായാധിപനാണ് വീരേന്ദ്ര ഭട്ട്.
സാമൂഹിക ജീവിതത്തില്‍ സദാചാര മൂല്യങ്ങള്‍ മാനിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന ആളുകള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം അധാര്‍മികവും ഒരു മതവും അനുവദിക്കാത്തതുമാണെന്ന വീരേന്ദ്ര ഭട്ടിന്റെ പരാമര്‍ശത്തെ സാദരം അംഗീകരിക്കുകയാണ്. എന്നാല്‍, വിവാഹവാഗ്ദാനത്തിന്റെ പുറത്താണെങ്കിലും ഉഭയസമ്മതത്തോടെയാണ് ബന്ധം നടക്കുന്നതെങ്കില്‍ അത് ലൈംഗിക പീഡനത്തിന്റെ നിയമപരമായ നിര്‍വചനത്തില്‍ പെടുന്നില്ല എന്ന ഭട്ടിന്റെ പ്രസ്താവന വിധിയെ വിചിത്രമാക്കിയിരിക്കുന്നു. ന്യായാധിപന്‍ ഇവിടെ പരസ്പര വിരുദ്ധമായ രണ്ട് വശങ്ങള്‍ പരിഗണിക്കുന്നു. വിവാഹേതരമായ ലൈംഗിക ബന്ധം അധാര്‍മികവും മതപരമായി പാപകൃത്യവുമാണെന്ന് കണ്ടെത്തുന്നുവെന്നതാണ് ഒരുവശം. അധാര്‍മികവും പാപവുമായ ഈ കൃത്യം ചെയ്ത് ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത പ്രതിയെ ഒരു ശിക്ഷയുമര്‍ഹിക്കാത്ത നിരപരാധിയാക്കി വിട്ടിരിക്കുന്നുവെന്നതാണ് മറുവശം. അദ്ദേഹം ഏതെങ്കിലും ഒരു വശത്ത് ഉറച്ചുനില്‍ക്കേണ്ടതായിരുന്നു. മത-ധാര്‍മിക നിയമങ്ങള്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ചിരുന്നുവെങ്കില്‍ കേസിലെ രണ്ട് കക്ഷികളും കുറ്റവാളികളും ശിക്ഷാര്‍ഹരുമാകുമായിരുന്നു. ഇനി മതത്തെ മാറ്റിനിര്‍ത്തി ഭൗതികനിയമത്തെ മാത്രം ആധാരമാക്കി വിധിക്കുകയാണെങ്കിലും സ്ത്രീയെ വഞ്ചിച്ച് നശിപ്പിച്ച പുരുഷന്‍ ശിക്ഷിക്കപ്പെടുന്നതിന് തടസ്സമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അനിയന്ത്രിത സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന സ്ത്രീകളുടെ ആക്ഷേപത്തില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടുകയും ചെയ്യാമായിരുന്നു. സദാചാരവിരുദ്ധമായ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടാത്ത അവസ്ഥ ഗുരുതരമായ ലൈംഗികാരാജകത്വത്തിലേക്കാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മുഖ്യ ഇരകളായിത്തീരുന്നത് സ്ത്രീകളാണ്, നമ്മുടേതുപോലുള്ള സമൂഹത്തില്‍ വിശേഷിച്ചും. സ്ത്രീകള്‍ തീര്‍ച്ചയായും സ്വതന്ത്രരാണ്. സ്വന്തം ശരീരവും അഭിമാനവും ഉത്തമ താല്‍പര്യങ്ങളും സംരക്ഷിക്കാനാണ് അവരത് ഉപയോഗിക്കേണ്ടത്. സ്വാതന്ത്ര്യം ദൗര്‍ബല്യങ്ങള്‍ കൊണ്ടാറാടാനും രക്ഷാകവചങ്ങള്‍ പൊളിച്ചടുക്കാനും ഉപയോഗിച്ചാല്‍ ഭാവി ജീവിതം തന്നെയായിരിക്കും അതിനു നല്‍കേണ്ടിവരുന്ന വില. അനിയന്ത്രിതമായ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്ത്രീകളുടെ യഥാര്‍ഥ ഗുണകാംക്ഷികളല്ലെന്നു തരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍