Prabodhanm Weekly

Pages

Search

2014 ജനുവരി 31

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അന്തര്‍നാടകങ്ങളും അണിയറശില്‍പികളും

അബ്ദുല്‍ ഹകീം നദ്‌വി / കവര്‍ സ്റ്റോറി

കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും സാമ്പത്തിക ഞെരുക്കവും വംഗനാടിനെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ജനാധിപത്യത്തിന് നേരെ കൊഞ്ഞനം കുത്തി ഹസീനയുടെ ഏകാധിപത്യ ഭരണകൂടം വീണ്ടും അധികാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. രാജ്യനിവാസികളുടെ അഞ്ചിലൊന്നുപോലും പങ്കാളിത്തമില്ലാത്ത തെരഞ്ഞെടുപ്പ് പ്രഹസനമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് നടന്നത്. ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനാഹ്വാനം ചെയ്തിരുന്നു. 153 സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പോലും ഇല്ലാത്തതിനാല്‍ വോട്ടെടുപ്പില്ലാതെ തന്നെ അവര്‍ 'തെരഞ്ഞെടുക്കപ്പെടുക'യായിരുന്നു അവശേഷിക്കുന്നിടങ്ങളില്‍ ഹസീനയുടെ അവാമി ലീഗും മുന്‍ ബംഗ്ലാ പ്രസിഡന്റ് ജനറല്‍ ഇര്‍ഷാദിന്റെ ജാതീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും മറ്റു ചില സ്വതന്ത്രന്മാരും 'വന്‍ ഭൂരിപക്ഷത്തോടെ' തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. 2008-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 87 ശതമാനം പോളിംഗിന്റെ ബലത്തിലാണ് ഹസീനയും അവാമി ലീഗും അധികാരത്തിലെത്തുന്നത്. ബംഗ്ലാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം കൂടിയായിരുന്നു ഇത്. അതേ സ്ഥാനത്താണ് ഇപ്പോള്‍ കഷ്ടി 20 ശതമാനം പോളിംഗ് രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പ് പ്രഹസനം അരങ്ങേറുന്നത്. 2008-ല്‍, തന്നെ അധികാരത്തിലേറ്റാന്‍ ആവേശം കാണിച്ച അതേ ജനങ്ങള്‍ അതിനേക്കാള്‍ വലിയ ആവേശത്തില്‍ തന്നെ താഴെയിറക്കാനുള്ള സമരത്തിലെ പങ്കാളികളാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഹസീന തയാറല്ല.
രാഷ്ട്രീയ അനിശ്ചിതത്വവും ഭരണ പ്രതിസന്ധിയും കൊണ്ട് സമ്പന്നമാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂതകാലമെങ്കിലും ഇത്രമാത്രം രൂക്ഷമായ രാഷ്ട്രീയ അസ്ഥിരത ബംഗ്ലാ ചരിത്രത്തിലെ ആദ്യ അനുഭവമായിരിക്കും. മഹാ ഭൂരിപക്ഷം വരുന്ന ജനങ്ങളും തങ്ങള്‍ക്കെതിരായിട്ടും അധികാരക്കസേരയില്‍ കടിച്ചുതൂങ്ങാനുള്ള നീചതന്ത്രങ്ങളാണ് 2008-ല്‍ അധികാരമേറ്റ നാള്‍ മുതല്‍ ഹസീനയും ഭരണമുന്നണിയും നടത്തിക്കൊണ്ടിരുന്നത്. 1971-ലെ യുദ്ധക്കുറ്റവും അതിന്റെ പേരില്‍ തട്ടിക്കൂട്ടിയ അന്താരാഷ്ട്ര ട്രൈബ്യൂണലും വിചാരണാ പ്രഹസനങ്ങളും അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ വധശിക്ഷ നടപ്പാക്കലുമൊക്കെ അധികാരക്കസേര താങ്ങിനിര്‍ത്താന്‍ വേണ്ടി തയാറാക്കിയ നാടകങ്ങളുടെ വ്യത്യസ്ത രംഗാവിഷ്‌കാരങ്ങളായിരുന്നു.
സാമ്പത്തികമായി സ്വയം പര്യാപ്തമല്ല ബംഗ്ലാദേശ്. അയല്‍രാജ്യങ്ങളുടെയും സമ്പന്ന രാഷ്ട്രങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ പിന്‍ബലം ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. എന്നിട്ടും ജനാധിപത്യവിരുദ്ധവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ നിലപാടുകളുമായി മുന്നേറാന്‍ ഹസീനക്ക് ശക്തി പകരുന്നത് മറ്റു ചില ഘടകങ്ങളാണ്. അതില്‍ ഒന്നാമത്തേതാണ് ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ. ബംഗ്ലാ രാഷ്ട്ര രൂപവത്കരണം തന്നെ ഇന്ത്യയുടെ താല്‍പര്യമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന അധികാര കേന്ദ്രം എന്നും അവിടെ നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ എക്കാലത്തെയും രാഷ്ട്രീയ അജണ്ടയുമാണ്.
''ഇന്ത്യ അതിന്റെ സൈനികബലം ഉപയോഗിച്ച് സ്ഥാപിച്ച രാഷ്ട്രമാണ് ബംഗ്ലാദേശ്. സ്വതന്ത്ര രാഷ്ട്രമാണെങ്കിലും അത് ഇന്ത്യയുടെ മേധാവിത്വം അംഗീകരിച്ചും താല്‍പര്യങ്ങള്‍ മാനിച്ചും വര്‍ത്തിക്കണമെന്ന് നാം ആഗ്രഹിക്കുന്നു.. പക്ഷേ, തുടക്കം മുതലേ ഇക്കാര്യത്തില്‍ നമുക്ക് ചില ആശങ്കകളുണ്ട്. ശൈഖ് മുജീബുര്‍റഹ്മാന്റെ അവാമി ലീഗ് അല്ലാത്ത പാര്‍ട്ടികള്‍  ആ രാജ്യം ഭരിക്കുമ്പോള്‍ ഈ ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കും. അടുത്തുതന്നെ അവിടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവാമി ലീഗിന്റെ സഖ്യവും ബി.എന്‍.പി-ജമാഅത്ത് സഖ്യവും തമ്മിലാണ് മത്സരം. ഈ തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന് അധികാരം നഷ്ടപ്പെടാനുള്ള സാധ്യത വിദൂരമല്ല. സമകാലിക ബംഗ്ലാദേശ് രാഷ്ട്രീയത്തോട് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് സ്വീകരിക്കുന്ന നിലപാട് ഇപ്പോള്‍ നമ്മുടെ അങ്കലാപ്പിന് ആക്കം കൂട്ടിയിരിക്കുകയാണ്. ബി.എന്‍.പി-ജമാഅത്ത് സഖ്യത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ 'റാഡിക്കല്‍ ഇസ്‌ലാം' പിടിമുറുക്കുമെന്നും ആ രാജ്യം ഇസ്‌ലാമിക ഭീകരതയുടെ മുഖ്യ കേന്ദ്രമായി പരിണമിക്കുമെന്നും നാം ഭയപ്പെടുന്നു. ഇപ്പോള്‍ തന്നെ പ്രശ്‌നകലുഷിതമായ മ്യാന്മറിനെ അത് കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. റോഹിങ്ക്യന്‍ മുസ്‌ലിംകളെ അല്‍ഖാഇദയും ലശ്കറെ ത്വയ്യിബയും വന്‍തോതില്‍ ആകര്‍ഷിക്കും. റാഡിക്കല്‍ ഇസ്‌ലാമിന്റെ സ്വാധീനവൃത്തം ദക്ഷിണ പൂര്‍വേന്ത്യ മുതല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യ വരെ വികസിക്കാന്‍ ഇതിടയാക്കുമെന്ന് നാം ഭയപ്പെടുന്നു. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും അവാമി ലീഗ് ജയിച്ച് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നാണ് നമ്മുടെ നിലപാട്.'' കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാന വാരം ബംഗ്ലാദേശിലെ അമേരിക്കന്‍ അംബാസഡര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ താല്‍പര്യം വ്യക്തമാക്കി നടത്തിയ പ്രസ്താവനയുടെ രത്‌നചുരുക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ തയാറാക്കിയ റോഡ് മാപ്പനുസരിച്ചാണ് ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം ഹസീനയുടെ നേതൃത്വത്തില്‍ 48 അംഗ മന്ത്രിസഭ 'സത്യപ്രതിജ്ഞ' ചെയ്ത് അധികാരത്തിലേറിയത്.
സ്വതന്ത്രമായ കെയര്‍ ടേക്കര്‍ സര്‍ക്കാറിന് കീഴില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ച ഹസീനയുടെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ജാതീയ പാര്‍ട്ടി അധ്യക്ഷന്‍ ജനറല്‍ ഇര്‍ഷാദ് ഭരണമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോന്നപ്പോള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി ഇറങ്ങിപ്പുറപ്പെട്ടത് ഇന്ത്യയായിരുന്നു. വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനെ ഇന്ത്യ ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുകയും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പക്ഷേ, പാളിപ്പോയ നയതന്ത്ര ഇടപെടലായിരുന്നു അത്. അദ്ദേഹം ഇന്ത്യയുടെ ആവശ്യത്തെ പരസ്യമായി നിരാകരിക്കുകയും വാര്‍ത്താ സമ്മേളനം നടത്തി ഇന്ത്യന്‍ നിലപാടിനെതിരെ പ്രതികരിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സുജാത സിംഗ് തന്നെ സമീപിച്ചതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ബംഗ്ലാദേശ് രാഷ്ട്രീയ നേതാക്കളുടെ ദൈനംദിന സെക്യൂരിറ്റി മുതല്‍ സൈന്യം ധരിക്കേണ്ട വസ്ത്രത്തിന്റെ നിറം വരെ തീരുമാനിക്കുന്നത് ഇന്ത്യയാണെന്ന സത്യവും ഇന്ന് ഏറെക്കുറെ അങ്ങാടിപ്പാട്ടാണ്. അന്താരാഷ്ട്ര തലത്തില്‍ വലിയ തോതിലുള്ള ലോബിയിംഗും ഹസീനക്ക് വേണ്ടി ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് ബംഗ്ലാ പത്രങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.
ബംഗ്ലാദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രഹസനം അന്താരാഷ്ട്ര വേദികളൊന്നും അംഗീകരിച്ചിട്ടില്ല. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും ഉള്‍പ്പെടെ കടുത്ത ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും 'അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ മുന്നോട്ട്' എന്ന മട്ടില്‍ ഹസീന ജനാധിപത്യ വിരുദ്ധവും ബാലിശവുമായ അവകാശവാദങ്ങള്‍ നിരത്തി ധിക്കാരത്തിന്റെ കൊടുമുടി കയറുന്നത് ഇന്ത്യ കൂടെയുണ്ടെന്ന ഒരൊറ്റ ബലത്തിലാണ്. ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയെ ഭയപ്പെടുത്തുന്ന ഘടകം ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പങ്കാളിത്തവും ജനപിന്തുണയുമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ജമാഅത്തുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സഖ്യം അവസാനിപ്പിച്ച് ഒരു മേശക്ക് ചുറ്റുമിരുന്നാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നായിരുന്നു പ്രതിപക്ഷ മുന്നണിയിലെ മുഖ്യ കക്ഷിയായ ബി.എന്‍.പി നേതാവ് ഖാലിദ സിയയോട് ഹസീനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഉപദേശം. ഹസീനയുടെ ഉള്ളിലിരിപ്പ് പുറത്തുകൊണ്ടുവന്ന പ്രസ്താവന കൂടിയായിരുന്നു ഇത്.
ബംഗ്ലാദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണകക്ഷിയായ അവാമി ലീഗിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായി തുടരുമ്പോഴും കുലുക്കമേതുമില്ലാതെ ഹസീന അധികാര പീഠത്തില്‍ അള്ളിപ്പിടിക്കുകയാണ്. നിരീക്ഷണ സമിതിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കന്‍ ആവശ്യമോ, പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിലപാടോ, ഭരണപ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ചര്‍ച്ച നടത്തി ജനാധിപത്യം സംരക്ഷിക്കപ്പെടുന്ന തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന യുഎന്‍ സെക്രട്ടറി ബാണ്‍ കി മൂണിന്റെ പ്രസ്താവനയോ കേട്ട ഭാവം പോലുമില്ല ഹസീനക്ക്. ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
അന്താരാഷ്ട്ര വേദികളുടെ ഈ കണ്ണുരുട്ടലുകളെ ബംഗ്ലാദേശ് അവഗണിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് അമേരിക്കയുടെ ചില രാഷ്ട്രീയ താല്‍പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ത്യയെ പിണക്കി ബംഗ്ലാദേശില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ വലിയ തോതിലുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. ഇന്ത്യയുമായും ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യമായ ചൈനയോടുള്ള അമേരിക്കന്‍ ശത്രുതയില്‍ നിന്നാണ് ഈ താല്‍പര്യം രൂപപ്പെടുന്നത്. ചൈനയും ബംഗ്ലാദേശും തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏത് ബന്ധങ്ങളും ഏഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകാന്‍ സാധ്യതയുണ്ട് എന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അമിതോത്സാഹം കാണിക്കുന്ന ഇന്ത്യയുമായുള്ള ബംഗ്ലാദേശ് ബന്ധം അതിനൊരു തുരുപ്പ് ചീട്ടായി ഉപയോഗിക്കാമെന്നാണ് അമേരിക്ക കരുതുന്നത്. അതുകൊണ്ട് ഇന്ത്യയുമായുള്ള ബംഗ്ലാദേശ് ചങ്ങാത്തം അവസാനിപ്പിക്കാന്‍ ഇടയുള്ള ഒരു തീരുമാനം അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ ഒട്ടും ഇടയില്ല. അമേരിക്കന്‍ വലതുപക്ഷ പ്രസ്ഥാനമായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ നടത്തിയ രാഷ്ട്രീയ നിരീക്ഷണം ഇതിന് അടിവരയിടുന്നതാണ്: ''ചൈന പതുക്കെയാണെങ്കിലും ബംഗ്ലാദേശുമായി ബന്ധം ശക്തമാക്കുകയും ഇന്ത്യയുമായി കൂടുതല്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിര്‍ത്തിയിലെ ചൈനയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിലൂടെ  അവര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ ഇന്ത്യയുടെ ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമാണ് ചൈനയുടെ അതിര്‍ത്തിയിലെ മേധാവിത്വം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുക.'' ഈയൊരു രാഷ്ട്രീയ അജണ്ട നിലനില്‍ക്കുന്നതിനാല്‍ അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ജനാധിപത്യത്തിന്റെ പേരിലുള്ള ഇടപെടലുകളുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറമുള്ള ജനാധിപത്യ അജണ്ടകളൊന്നും തങ്ങള്‍ക്കില്ലെന്ന് അമേരിക്കയും സഖ്യകക്ഷികളും പലയാവൃത്തി തെളിയിച്ചുകഴിഞ്ഞതിനാല്‍ ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതുമില്ല.
രാജ്യം കടുത്ത സാമ്പത്തിക അസ്ഥിരതയിലാണുള്ളത്. തൊഴിലില്ലായ്മയും പട്ടിണിയും പ്രതിശീര്‍ഷ വരുമാനക്കമ്മിയും ജനജീവിതം ദുസ്സഹമാക്കിയ ബംഗ്ലാദേശില്‍ ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ഹസീനയുടെ കഴിഞ്ഞ ഭരണകാലയളവില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ കയറ്റുമതി വ്യാപാരത്തിന്റെ 75 ശതമാനം വരുന്ന വസ്ത്ര വ്യവസായ മേഖല വന്‍ പ്രതിസന്ധിയിലാണ്. കടുത്ത തൊഴില്‍ ചൂഷണം അരങ്ങേറുന്ന ബംഗ്ലാദേശിനെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളുടെ വരുമാന സ്രോതസ്സുകള്‍ മാത്രമാണ്. നാല് മില്യനിലധികം ജനങ്ങള്‍ ജോലി ചെയ്യുന്ന വസ്ത്ര നിര്‍മാണ മേഖല രാജ്യത്തിന്റെ ഏറ്റവും വലിയ ആഭ്യന്തര വരുമാന സ്രോതസ്സാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് യാതൊരു വിധ തൊഴില്‍ സുരക്ഷയും ഈ മേഖലയില്‍ ഉറപ്പുവരുത്താന്‍ ഭരണകൂടം ശ്രമിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന വസ്ത്ര നിര്‍മാണശാലയിലെ വന്‍ തീപിടുത്തത്തില്‍ 1100 പേരാണ് വെന്തു മരിച്ചത്. തൊഴില്‍ മേഖലയിലെ സുരക്ഷിതത്വമില്ലായ്മയാണ് ഈ ദുരന്തത്തിന് കാരണമായത്. ചെറുതും വലുതുമായ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ യാതൊരു വിധ നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. ഈ പ ശ്ചാത്തലത്തില്‍ രൂപപ്പെടുന്ന ജനവിരുദ്ധ വികാരം തടഞ്ഞുനിര്‍ത്താന്‍ ഹീനവും മനുഷ്യത്വരഹിതവുമായ കുതന്ത്രങ്ങളാണ് ഹസീന ഓരോ ദിവസവും പുറത്തെടുത്ത് കൊണ്ടിരുന്നത്.
ബംഗ്ലാദേശ് രൂപംകൊണ്ടത് പ്രകടമായ ചില ജനാധിപത്യ ബോധ്യങ്ങളില്‍ നിന്നാണെങ്കിലും 1971-ല്‍ രാഷ്ട്രം രൂപപ്പെട്ടത് മുതല്‍ ജനാധിപത്യത്തിന് മഖ്ബറ പണിതുകൊണ്ടാണ് രാഷ്ട്ര പിതാവ് ശൈഖ് മുജീബുര്‍റഹ്മാന്‍ ബംഗ്ലാദേശ് രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ പാര്‍ട്ടിയായ അവാമി ലീഗൊഴിച്ച് മറ്റു പാര്‍ട്ടികളെയെല്ലാം നിരോധിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ ഒന്നാമത്തേത്. ജനാധിപത്യത്തെ കുഴിച്ചുമൂടിയ തന്റെ പിതാവിന്റെ പാരമ്പര്യം തുടരുന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടാത്ത ഹസീന പിതാവിന്റെ സ്വന്തം മകളാണെന്ന് തെളിയിക്കുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യയുടെ സൈനിക സഹായവും രാഷ്ട്രീയ ബലവും കരുത്തേകിയ ബംഗ്ലാ വിമോചന പ്രക്ഷോഭം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമായിരുന്നുവെങ്കിലും, പിന്നാമ്പുറ താല്‍പര്യങ്ങള്‍ ഏകാധിപത്യത്തിന്റെ നുകം പേറുന്നുണ്ടായിരുന്നു. ഇന്ത്യയെ ഏകാധിപത്യ വാഴ്ചയിലേക്ക് തള്ളിവിട്ട അടിയന്തരാവസ്ഥക്ക് ഇന്ദിരാഗാന്ധിക്ക് കരുത്ത് പകര്‍ന്ന് നല്‍കിയത് മുജീബുര്‍റഹ്മാന്റെ ഈ ബംഗ്ലാ പരീക്ഷണം കൂടിയായിരുന്നു എന്നത് ചരിത്രപരമായ കൗതുകം കൂടിയാണ്.
ഇരുപത്തിരണ്ട് വര്‍ഷത്തോളമായി രാജ്യം രണ്ട് വനിതകള്‍ മാറി മാറി ഭരിച്ചുകൊണ്ടിരിക്കുകയാണ്. 'പൊരുതുന്ന ബീവിമാര്‍' (ആമേേഹശിഴ ആലഴൗാ)െ എന്ന പേരില്‍ അറിയപ്പെടുന്ന ഹസീനയും ഖാലിദയും ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ്. എന്നാല്‍ രാജ്യത്തിന്റെ യശസ്സും പ്രതാപവും ജനാധിപത്യ സ്വഭാവത്തില്‍ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ ഒരുപടി മുന്നില്‍ നിന്നത് എക്കാലത്തും ഖാലിദ സിയയായിരുന്നു എന്നാണ് ബംഗ്ലാ ചരിത്രം ബോധ്യപ്പെടുത്തുന്നത്. ഹസീനയുടെ ഏകാധിപത്യ മനോഭാവം പാരമ്പര്യമാണെന്നതിനാല്‍ അവരില്‍ നിന്ന് മറുത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പൊതുജന പക്ഷം. അതിനടിവരയിടുന്ന വിധം ഏകാധിപത്യ വാഴ്ചയാണ് ഹസീന തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സാന്നിധ്യമാണ് ഭരണപക്ഷത്തിന് ഏറ്റവും വലിയ അലോസരം ഉണ്ടാക്കുന്നത്; ഇന്ത്യ ഭയക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിജയമാണ്. അതിനാല്‍ അധികാര ദണ്ഡുപയോഗപ്പെടുത്തി അവരെ നിലക്ക് നിര്‍ത്താനും പട്ടാളവും പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവില്‍ യുദ്ധക്കളം തീര്‍ക്കാനും ഭീകരക്കുറ്റം ചുമത്തി ലോക ജനതയെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുമുള്ള ഹീന ശ്രമമാണ് വര്‍ഷങ്ങളായി ഹസീനയുടെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യായമായ യാതൊരു കാരണവും ബോധ്യപ്പെടുത്താനില്ലാതിരുന്നിട്ടും ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് യോഗ്യതയെ ചോദ്യം ചെയ്യാനും അയോഗ്യത കല്‍പിക്കാനും പരമോന്നത നീതിപീഠത്തെ ഉപയോഗപ്പെടുത്തിയതും ഈ ഭീതി കൊണ്ടാണ്.
1979-ലാണ് ജമാഅത്ത് ബംഗ്ലാദേശില്‍ പുനഃസംഘടിപ്പിക്കപ്പെട്ടത്. അന്ന് മുതല്‍ ബംഗ്ലാ രാഷ്ട്രീയത്തില്‍ നിര്‍ണായക ഘടകമാണ് ജമാഅത്ത്. 1996-ല്‍ ജമാഅത്ത് പിന്തുണയോടെ ഹസീന നേടിയെടുത്ത ജനാധിപത്യ അവകാശമാണ് സ്വതന്ത്രവും നീതിയുക്തവുമായി കെയര്‍ ടേക്കര്‍ സര്‍ക്കാറിന് കീഴില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത്. തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ഹസീന തന്നെ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ പുതിയ സാഹചര്യത്തിലും രൂപവത്കരിക്കുക എന്ന ജനാധിപത്യ പ്രക്രിയ തുടരണം എന്നാവശ്യപ്പെടുക മാത്രമാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തത്. എന്നാല്‍, ന്യായമായ ഈ ആവശ്യത്തിന് നേരെ മുഖം തിരിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ അതിനെ മറികടക്കാനുള്ള ഹീനശ്രമാണ് ഇപ്പോള്‍ അവര്‍ നടത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായവും ജനാധിപത്യപരവുമാണ് എന്നു മാത്രമല്ല, കെയര്‍ ടേക്കര്‍ സര്‍ക്കാറിന് കീഴിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് പ്രസ്തുത സംവിധാനം രൂപപ്പെട്ടതിന് ശേഷമുള്ള  തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ജനപങ്കാളിത്ത വര്‍ധന. 1996-ല്‍ നടന്ന ആദ്യ കെയര്‍ ടേക്കര്‍ സര്‍ക്കാറിന് കീഴിലെ തെരഞ്ഞെടുപ്പില്‍ 75.6 ശതമാനമായിരുന്നു പോളിംഗ്. അതിന് മുമ്പ് 1991-ല്‍ നടന്ന തെരഞ്ഞെടുപ്പിലാകട്ടെ 55.5 ശതമാനം മാത്രമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. 2001-ല്‍ 75 ശതമാനവും 2008-ല്‍ 86.3 ശതമാനവുമായി അത് ക്രമേണ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ അത് വീണ്ടും കീഴ്‌പോട്ട് തന്നെ പോയിരിക്കുകയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ വധത്തോടെ അതിന്റെ ആഴം പിന്നെയും കൂടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുടനെയും തെരഞ്ഞെടുപ്പ് ദിനത്തിലും നിരവധിയാളുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ആരാണ് ഇതിന്റെ ഉത്തരവാദികള്‍? എല്ലാം പ്രതിപക്ഷത്തിന്റെ തലയില്‍ ചാര്‍ത്തി കൈ കഴുകാനാണ് ഭരണകൂടവും മീഡിയയും ശ്രമിക്കുന്നത്. എന്നാല്‍, സത്യം മറിച്ചാണ്. പട്ടാളവും പോലീസും അവാമി ലീഗ് പ്രവര്‍ത്തകരും തെരുവില്‍ നടത്തുന്ന ഗുണ്ടാവിളയാട്ടത്തിന്റെ ഇരകളാണ് മരണപ്പെട്ടവരിലധികവും. അവാമി ലീഗും പോലീസും ചേര്‍ന്ന് അഴിച്ചുവിട്ട അക്രമത്തില്‍ ജമാഅത്ത് ലഖിപൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ ഡോക്ടര്‍ ഫയാസ് അഹ്മദ് ഉള്‍പ്പെടെ പത്തോളം നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പ്രതിപക്ഷ വനിതാ പാര്‍ലമെന്റ് അംഗത്തെ അവാമി ലീഗ് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തെരുവിലിട്ട് ക്രൂരമായി മര്‍ദിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ വഴി ലോകമാകെ പ്രചരിക്കുകയുണ്ടായി. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ധരിച്ച വസ്ത്രവും താടിയുടെ നീളവും നോക്കി ആക്രമിക്കപ്പെട്ട സംഭവങ്ങളാണ് ഇതിലേറെയും. ഇസ്‌ലാം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ട രാജ്യത്ത് ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ വസ്ത്രത്തിലും ജീവിതത്തിലും കണ്ടാല്‍ അവന്റെ ജീവന് തന്നെ ഭീഷണിയാകുന്ന ജനാധിപത്യ വിരുദ്ധതയാണ് ബംഗ്ലാദേശില്‍ രൂപപ്പെട്ടിരിക്കുന്നത്. അക്രമാസക്തമായ സമരങ്ങള്‍ക്ക് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അനുയായികളെ ഓര്‍മപ്പെടുത്തിയിരുന്നു. ജമാഅത്ത് നേതൃത്വം കൂടുതല്‍ കണിശമായ നിലപാട് ഈ വിഷയത്തില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അക്രമസമരങ്ങളുമായി ഒരു കാരണവശാലും മുന്നോട്ടു പോകരുതെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് അനുയായികളെ ഉണര്‍ത്തിയിട്ടുണ്ട്.
അധികാര സിംഹാസനങ്ങള്‍ താങ്ങിനിര്‍ത്താനുള്ള ഹസീനയുടെ മനുഷ്യത്വരഹിതമായ കരുനീക്കങ്ങള്‍ എവിടെ ചെന്നവസാനിക്കുമെന്ന ആശങ്ക ലോകസമൂഹം ഒന്നടങ്കം പങ്കുവെക്കുമ്പോഴും കേരളത്തിനകത്ത് ചില മുസ്‌ലിം പത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് 'ആടറിയുമോ അങ്ങാടി വാണിഭം' എന്ന മട്ടിലുള്ള വിവരങ്ങളാണ്. കണ്ണടച്ച് ഇരുട്ടാക്കി വെളിച്ചത്തെ തോല്‍പിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. അബ്ദുന്നാസിര്‍ മഅ്ദനിയും പേരറിവാളനും ഭരണകൂടത്തിന്റെ ഇരകളാണെന്ന് വലിയ വായയില്‍ ഒച്ചവെക്കുന്നവരും അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടത് ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന ദൃഷ്ടാന്തമാണെന്ന് രായ്ക്കുരാമാനം പറഞ്ഞുകൊണ്ടിരിക്കുന്നവരും ജമാഅത്തിന്റെ കാര്യം വരുമ്പോള്‍ കവാത്ത് മറക്കുന്നത് അന്ധമായ ജമാഅത്ത് വിരോധവും സംഘടനാ പക്ഷപാതിത്വവും കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ഭീകരപട്ടം ചാര്‍ത്തിയേ അടങ്ങൂ എന്ന വാശിയുള്ളവര്‍ കിട്ടാവുന്ന കച്ചിത്തുരുമ്പിലെല്ലാം പിടിച്ചു തൂങ്ങുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍