എന്തൊരു വാരം!
എന്തൊരു സംഭവബഹുലമായ വാരമായിരുന്നു ദല്‍ഹി രാഷ്ട്രീയത്തില്‍ കഴിഞ്ഞു പോയത്! സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം കേന്ദ്ര മന്ത്രി ശശി തരൂരിന്റെ മന്ത്രി പദവിയെയും രാഷ്ട്രീയ ഭാവിയെയും പിടിച്ചുലച്ചതായിരുന്നു ഇക്കൂട്ടത്തിലെ ഏറ്റവും വലിയ വാര്‍ത്ത. കേജ്‌രിവാളിനെതിരെ പാര്‍ട്ടിയില്‍ പടലപ്പിണക്കവും ചേരിപ്പോരും തുടങ്ങിയതായിരുന്നു മറ്റൊരു വാര്‍ത്ത. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ക്കു നല്‍കിയ തീയതി കേജ്‌രിവാളിനെ ഓര്‍മിപ്പിച്ച് വിനോദ് ബിന്നി പരസ്യമായ വാര്‍ത്താ സമ്മേളനം നടത്തി. ഈ അങ്കലാപ്പില്‍ നിന്ന് പുതിയൊരു സമരത്തിലൂടെ സമര്‍ഥമായി കേജ്‌രിവാള്‍ രക്ഷപ്പെടുകയാണുണ്ടായത്. പക്ഷേ 'ആപി'ന്റെ ഒടുവിലത്തെ സമരം ബി.ജെ.പിയെ നേര്‍ക്കു നേരെ ബാധിച്ചു. കോണ്‍ഗ്രസിനു പകരക്കാരായി ഉയര്‍ന്നുനില്‍ക്കാന്‍ ബി.ജെ.പിയേക്കാളും യോഗ്യത ആം ആദ്മി പാര്‍ട്ടിക്കുണ്ടെന്നാണ് അവര്‍ തെളിയിച്ചത്. പ്രധാനമന്ത്രിയായാല്‍ എന്തുചെയ്യുമെന്ന് ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹത്തോടു പറയാനായി ഏറെ ദിവസമായി കരുതിവെച്ച അഞ്ചിന പരിപാടിയുമായി നരേന്ദ്ര മോഡി ദല്‍ഹിയിലെത്തിയെങ്കിലും ബി.ജെ.പിയുടെ കൗണ്‍സില്‍ യോഗം ചീറ്റിപ്പോയി. കോണ്‍ഗ്രസിന് ഒന്നിനു പുറകെ മറ്റൊന്നായി തിരിച്ചടിയേറ്റ ആഴ്ചയായിരുന്നു ഇത്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.പി.എ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി എതിരാളികളുടെ വായടപ്പിച്ചുവെന്ന് കരുതുക വയ്യ. അവസാനത്തെ അങ്കത്തിന് ഭയപ്പെട്ടു നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിയുടെ ഞരമ്പിലേക്ക് ഗ്ലൂക്കോസ് കുത്തിവെക്കാനെങ്കിലും താല്‍ക്കത്തോറ പ്രസംഗത്തിലൂടെ രാഹുലിനായി. പക്ഷേ, എന്തുചെയ്യാം! വാര്‍ത്തകളില്‍ രാഹുലിനെയും മോഡിയെയും മുക്കി അരവിന്ദ് കേജ്‌രിവാളും സോമനാഥ് ഭാരതിയും രാഖി ബിര്‍ളയുമാണ് കത്തിക്കയറിയത്. പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ധര്‍ണയുമായി മുഖ്യമന്ത്രി കേജ്‌രിവാള്‍ എത്തിയയോടെ കൊട്ടിക്കലാശം ഗംഭീരമാവുകയും ചെയ്തു.
ഇതുപോലൊരു വാരം ദല്‍ഹി കണ്ടിട്ടുണ്ടാവില്ല. റാലികളും ധര്‍ണയും മരണവും പോര്‍വിളിയുമായി ഓരോ പാര്‍ട്ടിയും ഒന്നിനൊന്നു വാര്‍ത്തകളില്‍ ഇടം പിടിച്ച വാരം. പക്ഷേ, അന്തിമ വിശകലനത്തില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ആം ആദ്മി പാര്‍ട്ടി തന്നെയാണ്. എ.എ.പിയുടെ സമരം ദല്‍ഹിയില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കേജ്‌രിവാളിനെ നോക്കി കോണ്‍ഗ്രസ് അകമേ ഊറിച്ചിരിക്കുകയാണ് ചെയ്തത്. ഒരു ഭാഗത്ത് കേജ്‌രിവാള്‍ അരാജകവാദിയാണെന്നും മുഖ്യമന്ത്രി ഇതല്ല ചെയ്യേണ്ടതെന്നും ഇയാള്‍ക്ക് ഭരിക്കാനല്ല സമരം ചെയ്യാന്‍ മാത്രമേ അറിയൂ എന്നുമൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയിറക്കിയെങ്കിലും ഈ സമരം എങ്ങനെയെങ്കിലും രണ്ടു ദിവസം കൂടി നിന്നാല്‍ മതിയെന്നായിരുന്നു അവരുടെ മനസ്സിലിരിപ്പ്. കോണ്‍ഗ്രസില്‍ നിന്നും കേജ്‌രിവാളിനെ വിമര്‍ശിച്ച് ഏറ്റവും കടുത്ത പ്രസ്താവനയിറക്കിയത്, വക്താക്കളുടെ പട്ടികയില്‍ നിന്ന് വല്ലപ്പോഴുമൊക്കെ ക്യാമറകളുടെ മുമ്പിലെത്താറുള്ള മീം അഫ്‌സല്‍ ആയിരുന്നു. ആപ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ബി. ടീം ആണെന്ന ബി.ജെ.പി ആരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞത് മാത്രമല്ല കോണ്‍ഗ്രസ്സിനുണ്ടായ നേട്ടം. ബി.ജെ.പിയുടെ മദനലാല്‍ ഖുരാന ഭരിച്ച കാലത്ത് വാജ്‌പേയിയോടു പറഞ്ഞിട്ടും ഷീലാ ദീക്ഷിത് മന്‍മോഹനോടു പറഞ്ഞിട്ടും നടക്കാത്ത കാര്യം മാത്രമാണ് പോലീസിന്റെ കാര്യമെന്ന് ദല്‍ഹിയിലെ ജനങ്ങള്‍ക്കും ഒരുവേള തിരിച്ചറിവുണ്ടായി. ആരു ഭരിച്ചാലും ചില ദേശീയ യാഥാര്‍ഥ്യങ്ങള്‍ മാറ്റിമറിക്കാനാവില്ലെന്ന വസ്തുത 'ആപി'നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവണം.
ജനങ്ങളോടു പറഞ്ഞ വാക്കുകളില്‍ പലതും ഇതുപോലെ ഭരണം കിട്ടിയാലും അത്രയെളുപ്പം പാലിക്കാനാവാത്തതാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തമാവാന്‍ പോകുന്നതേയുള്ളൂ. വെള്ളത്തെ കുറിച്ചും കറന്റിനെ കുറിച്ചും പറഞ്ഞവ ഇനിയും നടപ്പാക്കാനായിട്ടില്ല. എന്തിനേറെ, നിയമസഭ കൂടിയാല്‍ നടപ്പിലാക്കാനാവുന്ന ജന്‍ ലോക്പാല്‍ പോലും ഇതെഴുതുന്നതു വരെ കേജ്‌രിവാളിന് പാസാക്കാനായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയൊരു ഓളമുണ്ടാക്കാന്‍ കഴിയുന്ന രാഷ്ട്രീയ ബുദ്ധിക്ക് പക്ഷേ കേജരിവാളിനെ സമ്മതിക്കണം. അന്തിമമായ അധികാരം ആം ആദ്മിക്ക് കിട്ടിയെങ്കിലല്ലാതെ ഈ വ്യവസ്ഥ മാറാന്‍ പോകുന്നില്ലെന്ന പ്രചാരണത്തിലേക്ക് അതിവേഗമാണ് അവര്‍ എത്തിച്ചേരുന്നത്. ഈ പ്രചാരണം കൊടുമ്പിരി കൊണ്ടാല്‍ ഗുജറാത്തില്‍ നിന്ന് വേഷം മാറിയെത്തിയ മോഡിയും സംഘവും നേരിടാന്‍ പോകുന്ന തിരിച്ചടി കുറച്ചൊന്നുമായിരിക്കില്ല. കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധ വോട്ടുകളില്‍ ആപ് കൈയിട്ടു വാരുന്ന സ്ഥിതിവിശേഷമാണ് ബി.ജെ.പിക്ക് നേരിടാനുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലെ ആപ് സമരം കള്ളച്ചിരിയുമായി നോക്കിയിരുന്നപ്പോള്‍ ബി.ജെ.പിക്കാര്‍ കടുത്ത പ്രസ്താവനകളിറക്കിയതും സോമനാഥ് ഭാരതിക്കെതിരെ കോടതിയെ പോലും സമീപിക്കാനൊരുമ്പെട്ടതും അതുകൊണ്ടു തന്നെയായിരുന്നു.
സുനന്ദ പുഷ്‌കറിന്റെ മരണമായിരുന്നു വിവാദങ്ങളില്‍ ഏറ്റവും വലുത്. ആ ഒറ്റ സംഭവം മാത്രമായിരുന്നു പോയ വാരം ദല്‍ഹിയില്‍ നടന്നതെങ്കില്‍ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ പൂട്ടിക്കെട്ടുമായിരുന്നു. മാധ്യമങ്ങള്‍ കേരളത്തിലെങ്കിലും ഈ വിഷയം ആഞ്ഞു പിടിച്ചു. പ്രത്യേകിച്ചും തിരുവനന്തപുരത്തുകാരുടെ ഇഷ്ട ചാനലുകളിലൊന്ന് ഈ മരണത്തെ കൊലപാതകം പോലുമാണെന്ന് മലയാളികളെ സംശയിപ്പിച്ചു. ഒ. രാജഗോപാലിന്റെ സീറ്റിന് എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ഓര്‍ത്തോഡക്‌സ്-യാക്കോബായ സഭകളുടെയും പിന്തുണയും മോഡിയുടെ വക്കാലത്തും ചാനലിന്റെ ഒത്താശയുമുണ്ടെങ്കില്‍ കേരളത്തില്‍ ബി.ജെ.പിയുടെ കന്നിയക്കൗണ്ട് തുടങ്ങാമെന്ന കണക്കുകൂട്ടലായിരുന്നു ഈ പ്രചാരണത്തിന്റെ കാണാച്ചരട്. സുനന്ദയുടെ മരണത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഒരല്‍പ്പം അകലം പാലിക്കുന്നുണ്ടായിരുന്നെങ്കിലും മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മൊത്തത്തില്‍ ശശി തരൂരിനെ പിന്തുണക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ യുവാക്കളെ ആകര്‍ഷിച്ച നേതാക്കളില്‍ ഒരാളായിരുന്നു തരൂര്‍. അന്താരാഷ്ട്ര സമൂഹത്തില്‍ അദ്ദേഹത്തിനുള്ള അംഗീകാരവും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി തരൂരിനെ ദേശീയ വക്താവ് പദവിയിലേക്ക് ഉയര്‍ത്തിയതും.ഇതു പക്ഷേ തിരുവനന്തപുരത്ത് ഏശുമോ എന്ന് പറയാനാവാത്ത സാഹചര്യമാണ് ഈ വിവാദം ബാക്കിയാക്കുന്നത്.
Comments