ഈജിപ്തിലെ കപട ജനാധിപത്യം അമേരിക്കന്‍ സഹായം അര്‍ഹിക്കുന്നില്ല
ദശകങ്ങളായി ലോകത്തിലെ ഏതൊരു രാഷ്ട്രവും കടന്നുപോയിട്ടില്ലാത്ത വിധം കടുത്ത ഏകാധിപത്യ സ്വഭാവമുള്ള ഒരു ഭരണം സ്ഥാപിക്കുന്നതിനായി ഒരു വലിയ ചുവടുവെപ്പാണ് ഈയിടെ ഈജിപ്തിലെ പട്ടാള ഭരണകൂടം നടത്തിയത്. സൈന്യത്തെയും പോലീസിനെയും ഇന്റലിജന്‍സ് സര്‍വീസിനെയുമെല്ലാം സിവിലിയന്‍ നിയന്ത്രണത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും, തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്നവരെയെല്ലാം പട്ടാള കോടതിയില്‍ വിചാരണ ചെയ്യാന്‍ ഇവര്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്ന ഒരു പുതിയ ഭരണഘടനക്ക് വോട്ടു ചെയ്യുന്നതിനായി പൗരന്മാരെ വിളിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍, തെരഞ്ഞെടുക്കപ്പെട്ട ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തിനെതിരെ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി, തനിക്ക് കിട്ടിയ വോട്ടുകളെ ഈജിപ്തിന്റെ അടുത്ത പ്രസിഡന്റ് ആയിത്തീരുന്നതിനുള്ള ജനവിധിയായി എടുക്കും എന്ന സൂചന നല്‍കിക്കഴിഞ്ഞിരിക്കുന്നു.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് അസാധ്യമായിത്തീര്‍ന്ന ഒരു കാലാവസ്ഥയിലായിരുന്നു ഈ ജനഹിത പരിശോധന അരങ്ങേറിയത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപൂര്‍വം കാമ്പയിന്‍ നടത്തിയ ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ബഹുജനറാലികളെല്ലാം നിരോധിക്കപ്പെട്ടു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു വെള്ളിയാഴ്ചകളിലായി പ്രതിഷേധിക്കാന്‍ ശ്രമിച്ച 27 പേരെ പോലീസ് കൊലപ്പെടുത്തുകയും 703 പേരെ തടവിലാക്കുകയും ചെയ്തു.
ഇസ്‌ലാമിസ്റ്റുകളെ മാത്രമല്ല ജനാധിപത്യാനുകൂലികളായ സെക്യുലര്‍ നേതാക്കളെയും അവര്‍ ഉന്നം വെച്ചു. സൈനിക പിന്‍ബലത്തോട് കൂടി പ്രവര്‍ത്തിച്ചിരുന്ന പഴയ ഏകാധിപത്യ ഭരണകൂടത്തിനെതിരെ 2011-ല്‍ നടന്ന വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഏറ്റവും പ്രശസ്തരായ നാലു നേതാക്കള്‍, അനുവാദമില്ലാത്ത പ്രകടനങ്ങളില്‍ പങ്കെടുത്തു എന്ന കുറ്റം ചുമത്തപ്പെട്ട് ജയിലറകളില്‍ കഴിയുകയാണ്. പ്രതിപക്ഷ മാധ്യമങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. കയ്‌റോവിലുള്ള അല്‍ജസീറയുടെ മൂന്ന് ജേര്‍ണലിസ്റ്റുകളെ കുറ്റമൊന്നും ചുമത്താതെ ജയിലിലടച്ചിരിക്കുന്നു.
ജനഹിത പരിശോധനയില്‍ വോട്ട് ചെയ്തിരിക്കുന്ന ഈജിപ്തുകാരാകട്ടെ, ഭരണകൂടം തങ്ങള്‍ നടത്തിയ വാഗ്ദാനങ്ങള്‍ക്കനുസൃതമായി എന്നാണ് പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തുകയെന്നോ, അല്ലെങ്കില്‍ അവയില്‍ ഏതാണ് ആദ്യം നടത്തുകയെന്നോ ഉള്ള യാതൊരു പിടിപാടുമില്ലാതെയാണ് അങ്ങനെ ചെയ്തിരിക്കുന്നത്. കാര്‍ണിഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷ്ണല്‍ പീസി(ഇമൃിലഴശല ഋിറീംാലി േളീൃ കിലേൃിമശേീിമഹ ജലമരല)ലെ മൈക്കല്‍ ഡ്യൂണേ ചൂണ്ടിക്കാണിക്കുന്നത് പോലെ, പ്രവിശ്യ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചും ഈജിപ്തുകാര്‍ക്ക് വിവരമില്ല. മുമ്പൊക്കെ പ്രതിപക്ഷത്തെ പുറംതള്ളുന്നതിനായി സൈന്യം ആ ചട്ടങ്ങളെ അവര്‍ക്ക് തോന്നും പോലെ ദുരുപയോഗിച്ചിട്ടുണ്ട്. പ്രവിശ്യാ ഗവര്‍ണര്‍മാരെ നിശ്ചയിക്കുക പോലുള്ള കാര്യങ്ങള്‍ അവകാശമായി കണ്ട് ആ അധികാരത്തെ തങ്ങളില്‍ തന്നെ പുതിയ ഭരണാധികാരികള്‍ നിലനിര്‍ത്തുമോ എന്നും അവര്‍ക്കറിയില്ല.
വോട്ടിംഗ് നിരീക്ഷിക്കുന്നവരില്‍ ഭൂരിപക്ഷവും ഈ ഹിതപരിശോധനയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന സംഘടനകളില്‍ നിന്നുള്ളവരാണ്. ഈജിപ്തില്‍ 2012-ല്‍ നടന്ന തെരഞ്ഞെടുപ്പിന്റെ നിരീക്ഷകരായിരുന്ന നാഷ്ണല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ടിനെയും ഇന്റര്‍നാഷ്‌നല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെയുമെല്ലാം രാജ്യത്തുനിന്ന് പുറത്താക്കിയിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ജനറല്‍ സീസി പ്രമോട്ട് ചെയ്യുന്ന ജനാധിപത്യത്തിലേക്കുള്ള 'റോഡ് മാപ്പ്', 2011-നു മുമ്പുള്ള ഭരണത്തെ അത്തിയുടെ ഇല കൊണ്ട് മൂടി കൂടുതല്‍ ഭയാനകമായ രൂപത്തില്‍ പുനഃസ്ഥാപിക്കുന്ന ഒന്നല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഒബാമാ ഭരണകൂടം ഈജിപ്തിലേക്കുള്ള സഹായങ്ങള്‍ പുനരാരംഭിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ്.
പണവിനിയോഗവുമായി ബന്ധപ്പെട്ട ബില്ലുകള്‍ കോണ്‍ഗ്രസിന്റെ അനുമതിക്കായി തയാറാക്കിയപ്പോള്‍, പട്ടാള അട്ടിമറി നടന്നാല്‍ സഹായം നിര്‍ത്തിവെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് ഈജിപ്തിനെ ഒഴിച്ചുനിര്‍ത്തണമെന്ന് ഭരണകൂടം തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈജിപ്ത് 'ഭരണഘടനാപരമായി ഹിതപരിശോധന നടത്തുകയും ജനാധിപത്യപരമായ മാറ്റത്തെ പിന്തുണക്കുകയും' ചെയ്യുന്നു എന്ന് ഭരണകൂടം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഒരു ബില്യന്‍ ഡോളറിന്റെ വാര്‍ഷിക സഹായം പുനരാരംഭിക്കുന്നതാണ്. പാര്‍ലമെന്റിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തി എന്നും, 'ഈജിപ്തിലെ ഭരണകൂടം ജനാധിപത്യപരമായി ഭരണം നടത്താന്‍ നടപടി സ്വീകരിക്കുകയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു' എന്നും സര്‍ട്ടിഫൈ ചെയ്യുന്നതോട് കൂടി 500 ബില്യന്‍ കൂടി അനുവദിക്കാന്‍ വഴിയൊരുങ്ങും.
ഇതൊന്നും തന്നെ സത്യസന്ധമായി സാക്ഷ്യപ്പെടുത്താന്‍ സാധ്യമല്ല; ആ നടപടികള്‍ ഒട്ടും വിവേകപൂര്‍ണവുമല്ല. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് ഈജിപ്തിന് സ്ഥിരത നല്‍കാന്‍ കഴിയില്ല. സാമ്പത്തികമോ സാമൂഹികമോ ആയ പ്രശ്‌നങ്ങളെ ചെറിയ തോതില്‍ അഭിമുഖീകരിക്കാന്‍ പോലും ആ ഭരണകൂടം അശക്തമായിത്തീരുകയും ചെയ്യും. ഈജിപ്തില്‍ ഏകാധിപത്യത്തിന് അംഗീകാരം നല്‍കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിശ്വസിക്കുന്നതെങ്കില്‍, സംഭവങ്ങളെ ഈ രീതിയില്‍ തന്നെ അദ്ദേഹം സമീപിക്കട്ടെ. അല്ല എന്നാണെങ്കില്‍, അദ്ദേഹം യഥാര്‍ഥ ജനാധിപത്യത്തിനായി പൊരുതുന്ന ഈജിപ്തുകാര്‍ക്കൊപ്പം നില്‍ക്കട്ടെ; തടവറയില്‍ അടക്കപ്പെട്ടവരോടൊപ്പം.
Comments