മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി
പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍, സയ്യിദ് മൗദൂദിക്ക് ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ചിന്താ വൈജ്ഞാനിക രംഗത്ത് കരുത്ത് പകര്‍ന്ന പ്രതിഭ, ഗ്രന്ഥകാരന്‍, സംഘടനയുടെ നയരൂപീകരണത്തില്‍ പ്രധാനപങ്ക് വഹിച്ച പ്രസ്ഥാനനായകന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയാണ് മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി. സംഘടനാ രൂപീകരണം മുതല്‍ 1994 വരെ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം, ജമാഅത്ത് പ്രസിദ്ധീകരണ വിഭാഗം തലവന്‍, റാംപൂരിലെ സാനവി ദര്‍സ്ഗാഹ് റെക്ടര്‍, ജാമിഅത്തുല്‍ ഫലാഹ് പ്രിന്‍സിപ്പല്‍, ദല്‍ഹി ദഅ്‌വത്ത് ട്രസ്റ്റ്, ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് പബ്ലിക്കേഷന്‍ എന്നിവയില്‍ അംഗം തുടങ്ങി നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുനഃസംഘടനാ വേളയില്‍ പ്രഥമ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ കൂടിയാണ് ഇസ്വ്‌ലാഹി.
1916-ല്‍ ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢ് ജില്ലയിലെ സീദാസുല്‍ത്വാന്‍പൂര്‍ ഗ്രാമത്തില്‍ ജനനം. മതഭക്തനും അധ്യാപകനുമായിരുന്നു പിതാവ് ഹാഫിള് ജലീല്‍ അഹ്മദ് ഖാന്‍. പ്രാഥമിക പഠനത്തിന് ശേഷം ബറേലിയ ഗഞ്ചിലെ ഗവ. സ്‌കൂളില്‍നിന്ന് സെക്കണ്ടറി തലം പൂര്‍ത്തിയാക്കി. 1929 മുതല്‍ 1937 വരെ മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും അധികകാലം അവിടെ തുടരാനായില്ല. പഠനകാലത്ത് തന്നെ എഴുത്തിലും ഗ്രന്ഥരചനയിലും അഭിരുചിയുണ്ടായിരുന്നു. സയ്യിദ് മൗദൂദിയുമായി എഴുത്തുകുത്തുകള്‍ നത്താന്‍ അത് നിമിത്തമായി. ഹൈദരാബാദില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മൗദൂദിയുടെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ ഇസ്വ്‌ലാഹിയുടെ രണ്ട് ലേഖനങ്ങള്‍ അച്ചടിച്ചുവന്നു. പിന്നീട് പുസ്തകമായ 'മുസല്‍മാന്‍ ഓര്‍ ഇമാമത്തെ കുബ്‌റാ'യാണ് അതില്‍ ഒരു ലേഖനം. സ്വദ്‌റുദ്ദീനില്‍ ഒളിഞ്ഞിരിക്കുന്ന പാണ്ഡിത്യവും രചനാപാടവവും തിരിച്ചറിഞ്ഞ സയ്യിദ് മൗദൂദി, പഠാന്‍കോട്ട് ദാറുല്‍ ഇസ്‌ലാം സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തെ അവിടേക്കു ക്ഷണിച്ചുവരുത്തി. അതോടെ ദാറുല്‍ ഇസ്‌ലാം പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി ഇസ്വ്‌ലാഹി. രണ്ടര വര്‍ഷത്തിന് ശേഷം ആ സംരംഭത്തിന്റെ തുടര്‍ച്ചയെന്നോണം ജമാഅത്ത് രൂപീകരിക്കപ്പെട്ടു. ആ ദിവസം റങ്കൂണിലായിരുന്നതിനാല്‍ പ്രഥമ ജമാഅത്ത് യോഗത്തില്‍ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. തന്റെ ജമാഅത്ത് ബന്ധത്തെപ്പറ്റി അദ്ദേഹം അനുസ്മരിച്ചതിങ്ങനെ: 'ദാറുല്‍ ഇസ്‌ലാം പ്രസ്ഥാനത്തില്‍ വന്ന്‌ചേര്‍ന്ന ആദ്യ അഞ്ചു പേരല്‍ ഒരാളാണ് ഞാന്‍. അതിനാല്‍ ആദ്യ ജമാഅത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്റെ ദാറുല്‍ ഇസ്‌ലാം അംഗത്വത്തെ, ജമാഅത്ത് അംഗത്വമായി അംഗീകരിച്ച് തരികയായിരുന്നു മൗദൂദി സാഹിബ്.' അത്രമേല്‍ മൗദൂദിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. തുടര്‍ന്ന് ജീവിതാവസാനം വരെ തന്റെ ചിന്തയും കഴിവും ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കും വിജയത്തിനും സമ്പൂര്‍ണമായി വിനിയോഗിച്ചു. അസാമാന്യ ഇഛാശക്തിയും അപാരമായ സഹനശേഷിയും അങ്ങേയറ്റത്തെ ലാളിത്യവുമായിരുന്നു ഇസ്വ്‌ലാഹിയുടെ പ്രത്യേകത. 'വിശ്വസിക്കുകയും സത്യമതത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുമെന്ന് നീ പ്രഖ്യാപിക്കുക' (ഖുല്‍ ആമന്‍തു ബില്ലാഹി സുമ്മ(ഇ)സ്തഖീം) എന്ന പ്രവാചകവചനത്തിന്റെ പ്രായോഗിക മാതൃകയായിരുന്നു അദ്ദേഹം. തീക്ഷ്ണമായ പരീക്ഷണങ്ങളില്‍ കുലുങ്ങാതെ, സ്തുതിപാഠകരെ അടുപ്പിക്കാതെ, പ്രകടനവാഞ്ഛ ഒട്ടുമില്ലാതെ ഇസ്വ്‌ലാഹി ജീവിച്ചു.
രണ്ടാംലോക യുദ്ധകാലത്തെ രാഷ്ട്രീയ കാലുഷ്യത്തെ തുടര്‍ന്നാണ് ഇസ്വ്‌ലാഹി ബര്‍മയില്‍നിന്ന് മടങ്ങിയത്. 1945-ല്‍ പഠാന്‍കോട്ടില്‍ ചേര്‍ന്ന ജമാഅത്ത് അഖിലേന്ത്യാ സമ്മേളനത്തില്‍ സംബന്ധിച്ചു. തുടര്‍ന്ന് മൂന്ന് വര്‍ഷം മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍ ഖുര്‍ആന്‍- അറബിക് വിഷയങ്ങള്‍ പഠിപ്പിച്ചു. വിഭജനത്തെ തുടര്‍ന്ന് മൗദൂദി പാകിസ്താനിലേക്കു പോയപ്പോള്‍, അദ്ദേഹം സ്വദ്‌റുദ്ദീനെയും അവിടേക്കു ക്ഷണിച്ചു. എന്നാല്‍ അല്ലാഹുവിന്റെ വിധി അദ്ദേഹം ഇന്ത്യയില്‍ തന്നെ താമസിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കണമെന്നതായിരുന്നു. ഇരുവര്‍ക്കും കൂടുതല്‍ കാലം ഒന്നിച്ച് താമസിക്കാനായില്ലെങ്കിലും കുറഞ്ഞകാലം കൊണ്ട് മൗദൂദിയുടെ വൈജ്ഞാനിക രീതി ആവോളം ഇസ്വ്‌ലാഹിയും കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫീസ് തുടക്കത്തില്‍ മലീഹാബാദിലും ശേഷം റാംപൂരിലും പ്രവര്‍ത്തിച്ചപ്പോഴൊക്കെ അതിനനുസരിച്ച് താമസം മാറുകയായിരുന്നു ഇസ്വ്‌ലാഹി.
1956-ല്‍ ജമാഅത്ത് കേന്ദ്രപ്രതിനിധി സഭ നിലവില്‍ വന്നപ്പോള്‍ അന്ന് മുതല്‍ അതില്‍ അംഗമായിട്ടുണ്ട്. ഇന്ത്യന്‍ ജമാഅത്തിന്റെ പ്രഥമ കിഴക്കന്‍ യു.പി ഖയ്യിമും ഇസ്വ്‌ലാഹിയായിരുന്നു. 1954-ല്‍ അമീര്‍ അബുല്ലൈസ് ഇസ്വ്‌ലാഹി ജയിലിലടക്കപ്പെട്ടപ്പോള്‍ ആറുമാസം പ്രസ്ഥാനത്തിന്റെ ഇമാറത്ത് വഹിച്ചത് സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയായിരുന്നു. 1951-ല്‍ റാംപൂരില്‍ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ ജമാഅത്ത് സമ്മേളനം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ക്ലാസോടെയാണ് ആരംഭിച്ചത്. 1952-ല്‍ ഹൈദരാബാദ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധമാണ് ഇസ്‌ലാം ഓര്‍ നിളാമെ മഈശത്. 1981-ലെ ഹൈദരാബാദ് സമ്മേളനത്തില്‍ മുസല്‍മാന്‍ ഓര്‍ ദഅ്‌വത്തെ ഇസ്‌ലാം (മുസ്‌ലിംകളും ഇസ്‌ലാമിക പ്രബോധനവും) എന്ന വിഷയവും അവതരിപ്പിച്ചു. ഇദാറെ തഹ്ഖീഖ് വ തസ്വ്‌നീഫ് എന്ന സാഹിത്യ-വൈജ്ഞാനിക വേദിക്കു കീഴില്‍ പഠനസ്വഭാവത്തിലുള്ള 'തഹ്ഖീഖാതെ ഇസ്‌ലാമി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതും മൗലാനാ ഇസ്വ്‌ലാഹി മുന്‍കൈയെടുത്താണ്. 1954-55 ല്‍ സേഫ്ടി ആക്ടിനെ തുടര്‍ന്നും, 1977ല്‍ അടിയന്തരാവസ്ഥയിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജമാഅത്ത് കേന്ദ്രകൂടിയാലോചനാ സമിതിയില്‍ പക്വതയുടെ പ്രതീകമായിരുന്നു മൗലാനാ ഇസ്വ്‌ലാഹി. തന്റെ അഭിപ്രായത്തില്‍ നിര്‍ബന്ധം പിടിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് നിലവിലെ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയും, എഫ് ആര്‍ ഫരീദിയും അനുസ്മരിച്ചിട്ടുണ്ട്. രണ്ട് വീക്ഷണങ്ങള്‍ക്കു സാധ്യതയുള്ള വിഷയത്തില്‍ പ്രസ്ഥാനത്തിന്റെ നന്മക്കൊപ്പമാണ് അദ്ദേഹം നിലയുറപ്പിക്കുക. ജമാഅത്ത് അംഗങ്ങള്‍ക്കും ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്താമെന്ന തീരുമാനം വന്ന 1985-ലെ കൂടിയാലോചനാ സമിതിയോഗം ഉദാഹരണം. ആ വിവാദങ്ങളെ രമ്യതയിലെത്തിച്ച ഇസ്വ്‌ലാഹിക്കു പക്ഷേ, അംഗങ്ങള്‍ വോട്ടു രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണുണ്ടായിരുന്നത്. പക്ഷേ, സംഘടനാ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
ജമാഅത്ത് ചിന്തയെ ഖുര്‍ആനും നബിവചനവും ഉദ്ധരിച്ച് സമ്പുഷ്ടമാക്കിയ നിരവധി ഗ്രന്ഥങ്ങള്‍ ഇസ്വ്‌ലാഹി രചിച്ചിട്ടുണ്ട്. വൈജ്ഞാനിക ലോകത്ത് ഏറെ സ്വീകാര്യതയാര്‍ജിച്ച ഗ്രന്ഥങ്ങളാണവ. മൗലാനാ മൗദൂദി ഇന്ത്യയില്‍നിന്ന് പോയപ്പോള്‍ ഇസ്വ്‌ലാഹിയുടെ തൂലികയാണ് ഇവിടെ ചിന്താ വൈജ്ഞാനിക മണ്ഡലത്തെ പരിപോഷിപ്പിച്ചത്. അതിനാല്‍ മൗദൂദിയുടെ സഹായി എന്നതിനേക്കാള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വക്താവ് എന്ന പദവിയാണ് അദ്ദേഹത്തിനുള്ളത്. അസാസെ ദീന്‍കി തഅ്മീര്‍, ഫരീദെ ഇഖാമത്തുദ്ദീന്‍, ഇസ്‌ലാം ഓര്‍ ഇജ്തിമാഇയ്യത്, റാഹെ ഹഖ്ഖ് കെ മുഹ്‌ലിക് ഖതറെ, ദീന്‍ ക ഖുര്‍ആനി തസവ്വുര്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രസ്ഥാന ചിന്തയെ ഖുര്‍ആന്‍-ഹദീസ് തെളിവുകളിലൂടെ സമര്‍ഥിക്കുന്നവയാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രചനയായി 'മതത്തിന്റെ ഖുര്‍ആനിക വീക്ഷണം' (ദീന്‍ ക ഖുര്‍ആനി തസ്വവ്വുര്‍) ആണ് അദ്ദേഹം എടുത്ത് പറഞ്ഞിരുന്നത്. ഇസ്‌ലാമി തഹ്‌രീക് കീ ഖാഇദീന്‍ കി സ്വിഫാത്ത്, നികാഹ് കെ ഇസ്‌ലാമി ഖവാനീന്‍, ഇസ്‌ലാം ഏക് നസര്‍ മേം (ഇസ്‌ലാം ഒറ്റ നോട്ടത്തില്‍), ഹഖീഖതെ നിഫാഖ്, തഹ്‌രീകെ ഇസ്‌ലാമി ഹിന്ദ്, തൈസീറുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ മജീദ് ക തആറുഫ് (ഖുര്‍ആനെ പരിചയപ്പെടുക), ദീന്‍ ക മുത്വാലഅ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ദീനി വ മില്ലി നുഖ്ത നിഗാഹ് മേം, തല്‍ഖീസ് തഫ്ഹീമുല്‍ ഖുര്‍ആന്‍, ഇഖ്തിലാഫി മസാഇല്‍ മേം ഇഅ്തിദാല്‍ കി റാഹ്, ഇഫാദാതെ ഷാ വലിയുല്ലാ, ഹഖീഖത്തെ ഉബൂദിയത്ത് തുടങ്ങി വേറെയും കനപ്പെട്ട ഗ്രന്ഥങ്ങള്‍ക്കുടമയാണ് മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി.
1998 നവംബര്‍ 12-ന് യു.പിയിലെ അഅ്‌സംഗഢ് ജില്ലയിലെ പുല്‍പൂര്‍ ഗ്രാമത്തില്‍ വെച്ച് ആ നിഷ്‌കാമ പണ്ഡിതന്റെ കര്‍മ ജീവിതത്തിന് തിരശ്ശീല വീണു.
Comments