Prabodhanm Weekly

Pages

Search

2014 ജനുവരി 31

ഹിജാമ തെറാപ്പി: ഒരു ബദല്‍ ചികിത്സാ രീതി

ഇബ്‌റാഹീം ശംനാട് / കുറിപ്പുകള്‍

മനുഷ്യാരംഭം മുതല്‍ തന്നെ രോഗവും ചികിത്സയും  പ്രകൃതിയുടെ അവിഭാജ്യ ഘടകമാണ്. നാം നേരിട്ടുകൊണ്ടിരിക്കുന്ന മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലക്കാണ് പലതരം ചികിത്സാരീതികള്‍ ചരിത്രത്തിലുടനീളം രൂപപ്പെട്ടിട്ടുള്ളത്. അലോപ്പതി, ഹോമിയോ, ആയുര്‍വേദം, പ്രകൃതി ചികിത്സ, സിദ്ധൗഷധം, യുനാനി, ഹരിത ചികിത്സ തുടങ്ങിയവ നമ്മുടെ കാലഘട്ടത്തിലെ ചികിത്സാ രീതികളില്‍ പ്രമുഖമാണ്.
അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ പ്രചുര പ്രചാരം നേടിയ ഒരു ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി അഥവാ കപ്പിംഗ് ചികിത്സ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍  ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി  പ്രചരിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു.
സാധാരണയായി മൂന്ന് തരം അവസ്ഥകളിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആരോഗ്യകരമായ അവസ്ഥ, രോഗാതുരമായ അവസ്ഥ, ഇതിന്റെ രണ്ടിന്റെയും മധ്യേയുള്ള അവസ്ഥ. അതില്‍ രോഗാതുരമായ അവസ്ഥ ദൈവത്തിന്റെ ശാപമാണെന്നും അതിനെ ചികിത്സിക്കുന്നത് ഭോഷത്താണെന്നും വിശ്വസിക്കുന്ന ചിലരെ ഇപ്പോഴും  കാണാം. രോഗത്തെ ചികിത്സിക്കണമെന്നും മരണമൊഴികെ മറ്റെല്ലാറ്റിനും മരുന്നുണ്ടെന്നും ആ മരുന്ന് കഴിച്ച് ആരോഗ്യം കൈവരിക്കേണ്ടത് ഓരോ മനുഷ്യന്റെയും ബാധ്യതയാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട് പ്രവാചകന്‍.
കുറേ ഗ്രാമീണരായ അറബികള്‍ നബിയുടെ അടുക്കല്‍ വന്ന് ചോദിച്ചു: ''രോഗം വന്നാല്‍ ഞങ്ങള്‍ ചികിത്സിക്കേണ്ടതുണ്ടോ?'' പ്രവാചകന്‍: ''അല്ലാഹുവിന്റെ അടിമകളേ! തീര്‍ച്ചയായും നിങ്ങള്‍ ചികിത്സിക്കണം. കാരണം ചികിത്സയില്ലാത്ത ഒരു രോഗവും അല്ലാഹു ബാക്കിവെച്ചിട്ടില്ല. വാര്‍ധക്യമൊഴികെ.''
പ്രവാചകന്‍ പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന  ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. നവ ജീവിത ശൈലി ഭക്ഷണ രീതിയിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രവാചകന്‍ മുഹമ്മദ് നബി ഹിജാമ തെറാപ്പി ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി: ''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ''(ബുഖാരി 5371).
'ഹിജാമ ചികിത്സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെ'ന്നും അവിടുന്ന് പറഞ്ഞു.  രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന  ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ.
നബി (സ) പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട് ചാപ്പ കുത്തല്‍ എന്നിവയാണത്. എന്നാല്‍ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാന്‍ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.'' നബി (സ) തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഹിജാമ തെറാപ്പി എങ്ങനെ?
വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.
കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്.
ആഴ്ചയിലെ എല്ലാ സമയങ്ങളിലും എല്ലാ ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാല്‍ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളില്‍ ആര്‍ ഹിജാമ ചികിത്സ ചെയ്തുവോ അത് അയാള്‍ക്ക് എല്ലാ രോഗത്തിനുമുള്ള ചികിത്സയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട് (സുനനു അബൂദാവൂദ്  3861).
ഈ ലേഖകന്‍ ഏതാനും വര്‍ഷം മുമ്പ് വരെ വിട്ടുമാറാത്ത ചുമ, ക്ഷീണം, കഴുത്ത് വേദന, അമിതമായ ഉറക്കം, മുട്ട് വേദന  തുടങ്ങി നിരവധി രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന ചില സുഊദി സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം ധൈര്യം സംഭരിച്ച് ഹിജാമ തെറാപ്പിക്ക് വിധേയനായി. ഒരു നവ ജീവന്‍ ലഭിച്ച പ്രതീതി. ശരീരത്തെയും മനസ്സിനെയും അലട്ടിക്കൊണ്ടിരുന്ന നിരവധി രോഗങ്ങള്‍ പമ്പ കടന്നു. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ഹിജാമ ചെയ്യുക പതിവാക്കിയിരിക്കുന്നു. ഡോക്ടര്‍മാരെ സമീപിക്കേണ്ട ആവശ്യം വളരെ കുറയുകയും ചെയ്തു.
ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/14-18
എ.വൈ.ആര്‍