Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

പ്രശ്‌നവും വീക്ഷണവും

ഇല്യാസ് മൗലവി

മയ്യിത്ത് കാണുക, മയ്യിത്തിന്റെ മുഖം കാണുക ഇതൊക്കെ പുണ്യമുള്ള കാര്യങ്ങളാണോ?

           ഇത്തരം വിഷയങ്ങളില്‍, ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ പിന്തുടരുന്ന അതേ നിയമങ്ങള്‍ തന്നെയാണ് മരിച്ചു കഴിഞ്ഞാലും പാലിക്കേണ്ടത്. മയ്യിത്തിന്റെ മുഖം കാണുക എന്നത് ഇസ്‌ലാമില്‍ സുന്നത്തുള്ള കാര്യമല്ല. മയ്യിത്തിനോട് മറ്റുളളവര്‍ കാണിക്കേണ്ട വാജിബാത്തുകളില്‍ അത് പെടുകയുമില്ല. അറിയപ്പെട്ട ഒരു മദ്ഹബിലും അങ്ങനെ പറഞ്ഞതായും കാണുന്നില്ല. അത് മയ്യിത്ത് സംസ്‌കരണത്തിന്റെ ഭാഗവുമല്ല. എന്നാല്‍, ഭാര്യാസന്താനങ്ങള്‍, ബന്ധുമിത്രാദികള്‍, അനുയായികള്‍, ശിഷ്യന്മാര്‍ തുടങ്ങി പരേതനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്ക് മയ്യിത്തിനെ അവസാനമായി ഒന്നു കാണുക എന്നത് ഉല്‍ക്കടമായ അഭിലാഷമായിരിക്കും. അതിനെ ഇസ്‌ലാം വിലക്കിയിട്ടുമില്ല. നബി(സ) വഫാത്തായപ്പോള്‍ അബൂബക്ര്‍ (റ) നബിയുടെ മയ്യിത്ത് കാണാനായി വരികയും തിരുമുഖത്ത് ചുംബനമര്‍പ്പിക്കുകയും 'ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടപ്പോഴും അങ്ങ് എത്ര പ്രസന്നവദനന്‍' എന്ന് പറയുകയും ചെയ്തതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.

അടുത്ത ബന്ധുക്കളോ പരിചയക്കാരോ അല്ലാത്തവരുടെ മയ്യിത്ത് കാണാന്‍ വേണ്ടി പലരും തിക്കും തിരക്കും കൂട്ടുന്നത് പലയിടത്തും പതിവു കാഴ്ചയാണ്. പുരുഷന്മാരുടെ മയ്യിത്ത് കാണാന്‍ സ്ത്രീകളും നേരെ തിരിച്ചും ഇങ്ങനെ ക്യൂ നില്‍ക്കുന്നത് കാണാറുണ്ട്. അന്യ സ്ത്രീ-പുരുഷന്മാരുടെ മയ്യിത്ത് കാണല്‍ ഇസ്‌ലാമികമാണോ?

           ഇന്ന് പല പ്രദേശങ്ങളിലും കണ്ടുവരുന്ന പ്രവണതയാണ് മയ്യിത്ത് കാണാന്‍ വേണ്ടി ക്യൂ നില്‍ക്കുക എന്നത്. അന്യയായ സ്ത്രീയുടെ മയ്യിത്ത് കാണാന്‍ പുരുഷന്മാര്‍ തിരക്ക് കൂട്ടുന്നതും, അന്യപുരുഷന്റെ മയ്യിത്ത് കാണാന്‍ സ്ത്രീകള്‍ അണിയായി നില്‍ക്കുന്നതും തികച്ചും നിരുത്സാഹപ്പെടുത്തപ്പെടേണ്ട കാര്യമാണ്. ഇസ്‌ലാം നിര്‍ദേശിച്ച ജനാസ സംസ്‌കരണത്തില്‍ പെട്ട കാര്യമാണ് ഇവയെല്ലാം എന്നായിരിക്കാം പരേതന്റെ/പരേതയുടെ സാധാരണക്കാരായ ബന്ധുക്കള്‍ ഒരുപക്ഷേ വിചാരിക്കുന്നുണ്ടാവുക. തിക്കിലും തിരക്കിലും പ്രയാസപ്പെടുന്ന പലരും മരണവീടിന്റെയും ശോകമൂകമായ അന്തരീക്ഷത്തിന്റെയും ഗൗരവം പരിഗണിച്ച് തങ്ങളുടെ അമര്‍ഷവും നീരസവും ഉള്ളിലൊതുക്കി മിണ്ടാതിരിക്കുകയുമാവാം.
ജനാസ സംസ്‌കരണത്തില്‍ നാല് കാര്യങ്ങളാണ് സാമൂഹിക ബാധ്യതകള്‍. അതില്‍ ഭംഗം വരുന്ന പക്ഷം സര്‍വരും കുറ്റക്കാരാകും.
1. മയ്യിത്ത് കുളിപ്പിക്കല്‍
2. കഫന്‍ ചെയ്യല്‍
3. മയ്യിത്തിന് വേണ്ടി നമസ്‌കരിക്കല്‍
4. മയ്യിത്ത് മറവ് ചെയ്യല്‍
ധാരാളം ആളുകള്‍ മയ്യിത്ത് സന്ദര്‍ശിക്കുന്നത് മയ്യിത്തിനോ സന്ദര്‍ശിക്കുന്നവര്‍ക്കോ പുണ്യം ലഭിക്കുന്ന കര്‍മമാണെന്ന് കുറിക്കുന്ന യാതൊരു പ്രമാണവും ഇല്ല; ഇമാമുകളാരും അങ്ങനെ അഭിപ്രായപ്പെട്ടതായും അറിയില്ല.
മരിച്ചു കഴിഞ്ഞ ഉടനെ അടുത്തുള്ളവര്‍ ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍:
1. മയ്യിത്തിന്റെ കണ്‍പോളകള്‍ അടച്ച് കൊടുക്കുക
2. മയ്യിത്തിന്റെ സന്ധികള്‍ ചൂടാറും മുമ്പ് മടക്കുകയും നിവര്‍ത്തുകയും ചെയ്യുക.
3. താടി, തലയോട് ചേര്‍ത്ത് പിടിച്ച് ഒരു നാട കൊണ്ട് കെട്ടുക
4. മയ്യിത്തിനെ ഒരു തുണി കൊണ്ട് മൂടുകയും പള്ളമേല്‍ ചെറിയ കനമുള്ള എന്തെങ്കിലും എടുത്ത് വെക്കുകയും ചെയ്യുക.
5. മയ്യിത്തിന്റെ കാലിലെ തള്ളവിരലുകള്‍ അടുപ്പിച്ച് വെച്ച് കെട്ടിയിടുക.
6. മയ്യിത്ത് കിടത്തിയ ഭാഗത്തു നിന്ന് അശുദ്ധിയുള്ളവര്‍ മാറിനില്‍ക്കുക.
7. സമീപത്ത് ബഹളം വെക്കാതിരിക്കുക. മയ്യിത്തിന് വേണ്ടി പാപമോചനത്തിനും കാരുണ്യത്തിനും മൗനമായി പ്രാര്‍ഥിക്കുക.
8. മയ്യിത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനും എത്രയും പെട്ടെന്ന് ഏര്‍പ്പാട് ചെയ്യുക.
9. കുളിപ്പിക്കലും കഫന്‍ ചെയ്യലും കഴിയുന്ന മുറക്ക് , മയ്യിത്ത് നമസ്‌കാരത്തിനുള്ള തയാറെടുപ്പ് നടത്തുക.
10. നമസ്‌കരിച്ചു കഴിഞ്ഞാല്‍ അധികം താമസിപ്പിക്കാതെ മൃതദേഹം ഉടന്‍ മറവ് ചെയ്യുക.

മയ്യിത്ത് നമസ്‌കാരത്തിന് വേണ്ടി സാധാരണ നമസ്‌കാരങ്ങള്‍ക്ക് നില്‍ക്കുന്നതിനപ്പുറം സ്വഫ്ഫുകള്‍ അടുപ്പിച്ച് നിര്‍ത്തേണ്ടത് നിര്‍ബന്ധമാണോ?

         സാധാരണ നമസ്‌കാരങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നത് പോലെത്തന്നെയാണ് മയ്യിത്ത് നമസ്‌കാരത്തിനും അണിനില്‍ക്കേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ ചെറിയ പള്ളികളില്‍ സ്ഥലം കുറവാകുമ്പോള്‍, തിരക്ക് കണക്കിലെടുത്ത് അണികള്‍ (സ്വഫ്ഫുകള്‍) തമ്മിലുള്ള അകലം കുറക്കുന്നത് സാഹചര്യത്തിന്റെ അനിവാര്യത മാത്രമാണ്. സുജൂദും റുകൂഉം ഇല്ലാത്ത നമസ്‌കാരമായതുകൊണ്ട് മാത്രം സ്വഫ്ഫുകള്‍ അടുത്തടുത്ത് നില്‍ക്കുക എന്നത് മയ്യിത്ത് നമസ്‌കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത മര്യാദകളില്‍ പെട്ടതൊന്നുമല്ല. വിശാലമായ സൗകര്യമുള്ള ഇടങ്ങളില്‍, വിശിഷ്യാ ചൂടുള്ള കാലാവസ്ഥയില്‍ അങ്ങനെ നിന്നുകൊള്ളണമെന്ന് ശഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

മയ്യിത്ത് നമസ്‌കാരത്തിന് സമയം നേരത്തെ നിശ്ചയിക്കുന്നുണ്ടെങ്കിലും പലപ്പോഴും പല കാരണങ്ങളാല്‍ വൈകിയാണ് നമസ്‌കാരം തുടങ്ങാറുള്ളത്. ഇത് അഭിലഷണീയമാണോ?

        പരേതന് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യമാണ് മയ്യിത്ത് നമസ്‌കാരം. പരമാവധി ആളുകള്‍ പങ്കെടുക്കുന്നത് മയ്യിത്തിന് അത്രയും പുണ്യമായി ഭവിക്കും. അതിനാല്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കാനാവും വിധം സമയം മുന്‍കൂട്ടി കണ്ട് നിശ്ചയിച്ച് അറിയിപ്പ് നല്‍കുകയും ആ സമയത്ത് തന്നെ അത് നിര്‍വഹിക്കുകയും ചെയ്യുകയാണ് നല്ലത്. തിരക്ക് പിടിച്ച ഈ കാലത്ത് നിശ്ചിത സമയം ഉദ്ദേശിച്ച് നേരത്തെ എത്തിപ്പെടുന്നവര്‍ അതിനായി കാത്തിരിക്കുമ്പോള്‍ സമയം വൈകിപ്പിക്കുന്നത് നമസ്‌കാരത്തില്‍ പങ്കെടുക്കാതെ പിരിഞ്ഞ് പോകാനും, ഇനി അഥവാ നിന്നാല്‍ തന്നെ ഏകാഗ്രതയില്ലാതെ നമസ്‌കാരത്തില്‍ പങ്കെടുക്കാനും ഇടയാക്കുമെന്നതിനാല്‍ ആ രീതി പാടെ ഉപേക്ഷിക്കേണ്ടതാണ്. ഏതാനും വ്യക്തികള്‍ക്കായി നേരത്തെ അണിനിന്ന ആയിരങ്ങളെ അതേ നില്‍പ്പില്‍ നിര്‍ത്തുന്നതില്‍  പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാറുണ്ട്. അത്തരക്കാരുടെ നമസ്‌കാരത്തില്‍ ഏകാഗ്രതയും ഭയഭക്തിയും എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. അതിനൊന്നും അവസരമുണ്ടാക്കാതിരിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്.
പല കാരണങ്ങളാല്‍ പലര്‍ക്കും നിശ്ചിത സമയത്ത് എത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അങ്ങനെ വൈകി എത്തുന്നവര്‍ക്ക് ഖബ്‌റിന്നടുത്ത് വെച്ചും നമസ്‌കരിക്കാം.
അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''തിരുമേനി (സ) സന്ദര്‍ശിക്കാറുണ്ടായിരുന്ന     ഒരു രോഗി മരണപ്പെട്ടു. രാത്രി തന്നെ അദ്ദേഹത്തെ അവര്‍ മറവ് ചെയ്തു. നേരം വെളുത്തപ്പോള്‍ തിരുമേനിയെ വിവരമറിയിച്ചു. അന്നേരം അവിടുന്ന് ചോദിച്ചു. 'നിങ്ങള്‍ക്ക് എന്നെ വിവരമറിയിക്കാന്‍ എന്തായിരുന്നു തടസ്സം?' 'രാത്രിയായിരുന്നു, നല്ല ഇരുട്ടുമുണ്ടായിരുന്നു, അങ്ങയെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി'-അവര്‍ മറുപടി പറഞ്ഞു. അന്നേരം തിരുമേനി പരേതന്റെ  ഖബ്‌റിനരികെ ചെല്ലുകയും അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം). തിരുമേനി ഇമാമായി നിന്നു കൊണ്ടായിരുന്നു നമസ്‌കരിച്ചത് എന്നും പിന്നില്‍ അണിനിന്ന കൂട്ടത്തില്‍ താനുമുണ്ടായിരുന്നു എന്നും ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കാണാം (അഹ്കാമുല്‍ ജനാഇസ് 112).

മുറ്റത്തോ മൈതാനത്തോ വെച്ച് മയ്യിത്ത് നമസ്‌കരിക്കുന്നതില്‍ അസാംഗത്യമുണ്ടോ? അത്തരം സന്ദര്‍ഭങ്ങളില്‍ ചെരുപ്പോ ഷൂസോ ധരിച്ചുകൊണ്ട് നമസ്‌കരിക്കുന്നതിന് വിരോധമുണ്ടോ?

          'പള്ളികള്‍, അവയുമായി ബന്ധപ്പെട്ട വിധികള്‍' എന്ന അധ്യായത്തില്‍ (ശറഹുല്‍ മുഹദ്ദബ്) ഇമാം നവവി പറയുന്നു: 'പള്ളിയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് കയറും മുമ്പ് തന്റെ ചെരുപ്പ് പരിശോധിച്ചു നോക്കുകയും അതിന്മേല്‍ വല്ല മാലിന്യങ്ങളുമുണ്ടെങ്കില്‍ അത് തുടച്ച് കളയുകയും ചെയ്യുക എന്നത് സുന്നത്താണ്. അബൂ സഈദില്‍ ഖുദ്‌രിയുടെ ഹദീസാണ് ഇതിന് ആധാരം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ''നിങ്ങളിലാരെങ്കിലും പള്ളിയിലേക്ക് വന്നാല്‍ തന്റെ ചെരുപ്പിന്മേല്‍ വല്ല ചേറോ മാലിന്യമോ ഉണ്ടോ എന്ന് നോക്കണം. അങ്ങനെ വല്ലതും കണ്ടാല്‍ അത് തുടച്ച് കളഞ്ഞിട്ട് അതണിഞ്ഞു കൊണ്ട് നമസ്‌കരിച്ചു കൊള്ളട്ടെ'' (ശറഹുല്‍ മുഹദ്ദബ്: 2/179).
 ഈ ഹദീസ് ഇമാം അബൂദാവൂദ് ഉദ്ധരിച്ചതാണ്. അതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: അബൂ സഈദ് പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ അനുചരന്മാരുമൊത്ത് നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി തന്റെ രണ്ട് ചെരിപ്പുകളും അഴിക്കുകയും തന്റെ ഇടത് ഭാഗത്ത് വെക്കുകയും ചെയ്തു. അത് കണ്ടപ്പോള്‍ പിന്നിലുള്ള അണികളും തങ്ങളുടെ ചെരിപ്പഴിച്ചു. അങ്ങനെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ചോദിച്ചു: 'നിങ്ങളുടെ ചെരിപ്പൂരാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ്?' താങ്കള്‍ ചെരിപ്പൂരുന്നത് ഞങ്ങള്‍ കണ്ടു, അപ്പോള്‍ ഞങ്ങളും ഞങ്ങളുടെ ചെരിപ്പഴിച്ചു വെച്ചു, അവര്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി: 'ജിബ്‌രീല്‍ (അ) എന്റെ അടുത്ത് വന്ന് പറഞ്ഞു, അതിന്മേല്‍ ചേറുണ്ട്, അല്ലെങ്കില്‍ ഉപദ്രവമുണ്ട് എന്ന്. അത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്'' (അബൂദാവൂദ്). അന്നേരമാണ് പള്ളിയില്‍ വരുമ്പോള്‍ ഉള്ളിലേക്ക് കടക്കും മുമ്പ് ചെരിപ്പില്‍ നോക്കണമെന്നും അഴുക്ക് വല്ലതും കണ്ടാല്‍ അത് നീക്കിയ ശേഷമേ അതണിഞ്ഞ് നമസ്‌കരിക്കാവൂ എന്നും തിരുമേനി പറഞ്ഞത്.
ചെരുപ്പണിഞ്ഞ്  നമസ്‌കരിക്കുന്നത് എന്തോ വലിയ അപരാധമായിട്ടായിരുന്നു ജൂതന്മാര്‍ കണ്ടിരുന്നത്. എന്നാല്‍ നബി (സ) ആ കാഴ്ചപ്പാട് തിരുത്തി. മുസ്‌ലിംകളോട് തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ യഹൂദികള്‍ക്ക് എതിരാവുക (യഹൂദികളോട് വിയോജിക്കുക). കാരണം, അവര്‍ ചെരുപ്പോ ബൂട്ടോ അണിഞ്ഞ് നമസ്‌കരിക്കാറില്ല'' (അബൂദാവൂദ്).
തിരുമേനി തന്നെ ചെരുപ്പണിഞ്ഞും അണിയാതെയും നമസ്‌കരിക്കാറുണ്ടായിരുന്നു എന്ന് സ്വീകാര്യയോഗ്യമായി ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അഹ്മദ്, ഇബ്‌നുമാജ, അബൂ ദാവൂദ്, നസാഇ).
ചെരുപ്പണിഞ്ഞ് നമസ്‌കരിക്കാമെന്ന് ഇമാം ഗസ്സാലിയും അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ''ചെരുപ്പ് ധരിച്ചുള്ള നമസ്‌കാരം അനുവദനീയമാകുന്നു. ചെരുപ്പഴിക്കുന്നത് എളുപ്പമാണെങ്കില്‍ പോലും. ബൂട്ട് ധരിച്ച് നമസ്‌കരിക്കാമെന്നത് ബൂട്ട് ഊരാന്‍ പ്രയാസം കണക്കിലെടുത്തു കൊണ്ടുള്ള ഇളവല്ല, പ്രത്യുത അങ്ങനെയുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നതിനാലാണ്'' (ഇഹ്‌യാ 1/189).
ഇത്തരം നബിവചനങ്ങളും പണ്ഡിത വചനങ്ങളും തന്നെ ധാരാളം മതി, ചെരുപ്പണിഞ്ഞു കൊണ്ട് നമസ്‌കരിക്കാമെന്നതിന്. അവയില്‍ പല വചനങ്ങളും ചെരുപ്പണിഞ്ഞ് പള്ളിയില്‍ വെച്ച് തന്നെ നമസ്‌കരിക്കുന്നതിനെപ്പറ്റിയാണ്. എന്നാല്‍, ഇന്നത്തെ പോലെ വിരിപ്പോ പായയോ കാര്‍പ്പറ്റോ ഒന്നുമില്ലാത്ത കാലത്ത് ഉണ്ടായിരുന്ന അനുവാദം ഇന്ന് അതേപടി സ്വീകരിക്കുന്നത് ഒട്ടും ഉചിതമല്ല എന്ന് നമുക്കറിയാം. അങ്ങനെ ചെരിപ്പിട്ട് പള്ളിയില്‍ കയറാമെന്നു സമര്‍ഥിക്കുകയുമല്ല ഇവിടെ. പ്രത്യുത, മയ്യിത്ത് നമസ്‌കാരം മുറ്റം, മൈതാനം പോലുള്ള സ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിക്കുമ്പോള്‍ ആരെങ്കിലും ചെരുപ്പും ഷൂവും ഊരിയില്ലെങ്കില്‍ അത് ഒരു കുറ്റമായി കാണേണ്ടതില്ല എന്ന് വ്യക്തമാക്കുക മാത്രമാണ്. പള്ളി വളരെ ചെറുതും അസൗകര്യമുള്ളതുമായിരിക്കുക, മയ്യിത്തിരിക്കുന്ന സ്ഥലവും പള്ളിയും തമ്മില്‍ വലിയ അകലമുണ്ടായിരിക്കുക, നമസ്‌കരിക്കാന്‍ വേണ്ടി മാത്രം പ്രയാസപ്പെട്ട് അങ്ങോട്ട് വഹിച്ചു പോവേണ്ടി വരിക, പള്ളിയും ഖബ്‌റിസ്ഥാനും തമ്മില്‍ വലിയ അകലമുണ്ടായിരിക്കുക, ആളുകള്‍ക്ക് എത്തിപ്പെടാനും അണിനില്‍ക്കാനും പ്രയാസമുള്ള സാഹചര്യമുണ്ടാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ വൃത്തിയും വിശാലതയുമുള്ള മുറ്റത്തോ മൈതാനത്തോ നമസ്‌കരിക്കുന്നതിന് യാതൊരു അസാംഗത്യവുമില്ല. അവിടെ വെച്ച് ചെരുപ്പിട്ട് നമസ്‌കരിക്കുന്നതിനും വിരോധമില്ല. മാത്രമല്ല, ജനാസ നമസ്‌കരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതായിരിക്കും ഏറെ സൗകര്യം. എങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടതും. പള്ളിയില്‍ വെച്ചു തന്നെ ജനാസ നമസ്‌കരിക്കണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല. ഹനഫീ മദ്ഹബനുസരിച്ച്, ജുമുഅ- ജമാഅത്ത് നടക്കുന്ന പള്ളികളില്‍ വെച്ച് ജനാസ നമസ്‌കാരം കറാഹത്താണ് എന്നുമുണ്ട്. ജനാസ പള്ളിയില്‍ വെക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ഇമാം മാലിക് പറഞ്ഞിട്ടുണ്ട്. പറഞ്ഞതിന്റെ  ചുരുക്കം ഇതാണ്:
1.    കൂടുതല്‍ ആളുകള്‍ ജനാസ നമസ്‌കരിക്കാനുണ്ടാവുകയും, ജനാസ നമസ്‌കാരം പള്ളിയില്‍ വെച്ചാകുന്നതിനേക്കാള്‍ സൗകര്യം മൈതാനത്തോ മുറ്റത്തോ വെച്ചാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൈതാനത്തിനും മുറ്റത്തിനുമാണ് പ്രാമുഖ്യം നല്‍കേണ്ടത്.
2.    അത്തരം സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുമ്പോള്‍ ചെരിപ്പോ ഷൂവോ അഴിച്ചു വെക്കണമെന്ന് ശഠിക്കേണ്ടതില്ല. അവ അണിഞ്ഞു കൊണ്ടുതന്നെ നമസ്‌കരിക്കാവുന്നതാണ്. അവയില്‍ വല്ല മാലിന്യവും പറ്റിയിട്ടുണ്ടോ എന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍ തന്നെ അവ നിലത്ത് ഉരച്ചു കളയുന്നതോടെ അവ ശുദ്ധവുമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍