Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

ഭിന്ന വീക്ഷണങ്ങള്‍ നിലനിര്‍ത്തിത്തന്നെ പൊതുകാര്യങ്ങളില്‍ ഒന്നിച്ചുകൂടേ..

സെയ്തു മുഹമ്മദ് നിസാമി/ സദ്‌റുദ്ദീന്‍ വാഴക്കാട്

വിദ്യാര്‍ഥി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു?
കോഴിക്കോട് ചാലിയം പള്ളിദര്‍സായിരുന്നു എന്റെ ദീനീവിദ്യാഭ്യാസത്തിന്റെ ആദ്യ കേന്ദ്രം. വാഴക്കാട് ദാറുല്‍ ഉലൂമില്‍ കുറച്ചു കാലം പഠിച്ച ശേഷമാണ് ചാലിയത്തെ പ്രസിദ്ധമായ പള്ളിദര്‍സില്‍ എത്തിയത്. ഉയര്‍ന്ന നിലവാരത്തില്‍ നടന്നിരുന്ന ചാലിയം ദര്‍സില്‍, കോട്ടക്കലിനടുത്ത ഒതുക്കുങ്ങല്‍ സ്വദേശി ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്.  ജലാലൈനി, മിശ്കാത്തുല്‍ മസ്വാബീഹ്, മഹല്ലി തുടങ്ങി പൊതുവെ പള്ളി ദര്‍സുകളില്‍ പഠിപ്പിച്ചിരുന്ന കിതാബുകള്‍ക്ക് പുറമെ ഇല്‍മുല്‍ മീഖാത്ത്, രിസാലത്തുല്‍ ഹിസാബ്, രിസാലത്തുല്‍ മാറദൈനി, ജംഉല്‍ ജവാമിഅ്, ബൈളാവി, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ കിതാബുകള്‍ ചാലിയത്ത് പാഠപുസ്തകങ്ങളായിരുന്നു.
പിന്നീട് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനായി മാറിയ രാമനാട്ടുകരയിലെ സി.പി അബ്ദുല്‍ ഖാദിറും ചാലിയം ദര്‍സില്‍ എന്റെ സഹപാഠിയായിരുന്നു. ദീനീ വിജ്ഞാനത്തോടൊപ്പം ഉര്‍ദുഭാഷ കൂടി പഠിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. മലയാളികള്‍ അധികം ഇല്ലാത്ത പുറത്തെ ഒരു സ്ഥാപനത്തില്‍ ചേരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വേലൂരിലാണ് അന്ന് കൂടുതല്‍ മലയാളികള്‍ പഠിച്ചിരുന്നത്. അവിടെ പോയാല്‍ സംസാരമൊക്കെ മലയാളത്തില്‍ തന്നെയായിരിക്കും. അത് ഉര്‍ദു പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കണക്കുകൂട്ടിയത്. അങ്ങനെയാണ് ഉമറാബാദ് ദാറുല്‍ ഉലൂം തെരഞ്ഞെടുത്തത്. കെ.എം മൗലവിയുടെ മകന്‍ മുഹ്‌യിദ്ദീന്‍ ഉമരിയെ ഞങ്ങള്‍ ഇടക്ക് കാണാറുണ്ടായിരുന്നു. ഈ ബന്ധവും ഉമറാബാദ് യാത്രക്ക് പ്രേരകമായി. ഉസ്താദ് ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരോട് ഉമറാബാദിനെക്കുറിച്ച് പറഞ്ഞെങ്കിലും പ്രതികൂലമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അഹ്‌ലെ ഹദീസുകാരുടെ കോളേജില്‍ പഠിക്കാന്‍ പോയാല്‍ തനിക്ക് പേരുദോഷം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്നുള്ള ആലോചനകളില്‍ ഹൈദരാബാദിലെ ജാമിഅ നിസാമിയ്യയില്‍ പോകാന്‍ തീരുമാനമായി.

എന്താണ് ജാമിഅ നിസാമിയ്യയുടെ സവിശേഷത?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇസ്‌ലാമിക കലാലയങ്ങളിലൊന്നാണ് ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ. 1877-ല്‍ മുഹമ്മദ് അന്‍വറുല്ലാ ഖാന്‍ ഫാറൂഖിയാണത് സ്ഥാപിച്ചത്. ഹൈദരാബാദിലെ നൈസാം ഏഴാമന്‍ മീര്‍ ഉസ്മാന്‍ അലിഖാനാണ് സാമ്പത്തിക സഹായവും മറ്റും നല്‍കിയത്. അക്കാരണത്താല്‍ കിട്ടിയതാണ് ജാമിഅ നിസാമിയ്യ എന്ന് പേര്.
ഇസ്‌ലാമിക സമൂഹത്തിലെ അവാന്തര വിഭാഗങ്ങള്‍, സുന്നികളും ശീഈകളും ഹനഫി-ശാഫിഈ-മാലികി- ഹമ്പലി- മഹ്ദവി തുടങ്ങിയ മദ്ഹബുകളും ഒരുമിച്ചു ചേരുന്നുവെന്നതാണ് ജാമിഅ നിസാമിയ്യയുടെ സവിശേഷത. എല്ലാ മദ്ഹബുകളും അവിടെ പഠിപ്പിക്കുന്നു, ഭിന്ന വീക്ഷണക്കാര്‍ ഒരുമിച്ചു ജീവിക്കുന്നു. മദ്ഹബുകളുടെ ഇത്തരമൊരു സംഗമം പരസ്പരമുള്ള അകലം കുറക്കാനും വിശാല മനസ്‌കത വളര്‍ത്താനും ഏറെ സഹായകമാണ്. ഹനഫീ മദ്ഹബിന് മുന്‍തൂക്കമുള്ളതാണ് നിസാമിയ്യയിലെ സിലബസ്. ഹനഫീ ഉസൂലുകളും ഫിഖ്ഹും കൂടാതെ സാഹിത്യവും ചരിത്രവുമൊക്കെ പഠിപ്പിക്കുന്നു. അദബും താരീഖുമൊന്നും പള്ളിദര്‍സില്‍ പൊതുവെ പഠിപ്പിക്കാറുണ്ടായിരുന്നില്ല. ഞങ്ങളൊക്കെ അവിടെ ഹനഫീ രീതിയിലാണ് ജീവിച്ചത്. നമസ്‌കാരവും വുദൂവുമൊക്കെ ഹനഫീ ഫിഖ്ഹ് അനുസരിച്ചായിരുന്നു. ഹദീസ് പഠിപ്പിക്കുമ്പോള്‍, നാല് മദ്ഹബുകളുടെ വീക്ഷണങ്ങളും വിശദീകരിക്കും, അതിന്റെ തെളിവുകളും മറ്റും വിശകലനം ചെയ്യും. ക്ലാസ്സെടുക്കുന്ന ആളുടെ വീക്ഷണത്തിന് സ്വാഭാവികമായും ഊന്നല്‍ നല്‍കും. എല്ലാ മദ്ഹബുകളെ സംബന്ധിച്ചും നല്ലൊരു അവബോധം വളരാന്‍ ഇത് കാരണമായി. കുടുസ്സായ ചിന്താഗതി ഇല്ലാതാകാനും സഹായിച്ചു.

ഇത്തരമൊരു സിലബസ്, അല്‍ഫിഖ്ഹു അലല്‍മദാഹിബില്‍ അര്‍ബഅ പോലുള്ള കൃതികള്‍ പഠിപ്പിക്കുകയാണെങ്കില്‍ കേരളത്തിലും ഗുണകരമായ മാറ്റം ഉണ്ടാകുമല്ലോ?
അതെ. വളാഞ്ചേരി മര്‍കസ് കേന്ദ്രീകരിച്ചുള്ള 'വാഫി' കോഴ്‌സില്‍ 'അല്‍ ഫിഖ്ഹു അലല്‍മദാഹിബില്‍ അര്‍ബഅ' പഠിപ്പിക്കുന്നുണ്ട്. എല്ലാ മദ്ഹബുകാര്‍ക്കും പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ശീഈ മദ്ഹബും നിസാമിയ്യയില്‍ പഠിപ്പിച്ചിരുന്നു. ശീഈ വിഭാഗക്കാരും അവിടെ വിദ്യാര്‍ഥികളാണ്. അവര്‍ക്ക് ശീഈ ഫിഖ്ഹ് ആണ്. ഇമാം മഹ്ദി ആഗതനായിട്ടുണ്ടെന്ന് വിശ്വസിക്കുന്ന 'മഹ്ദവി'കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ നമസ്‌കാരവും മറ്റും വേറെ തന്നെയാണ് നിര്‍വഹിക്കുക. അതിനും  സൗകര്യമുണ്ടായിരുന്നു. അന്നത്തെ നൈസാം ശീഈ വിഭാഗക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാകണം അത് ഉള്‍പ്പെടുത്തിയത്.

ശീഈകളെ മുസ്‌ലിം വൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന സമീപനം ചിലര്‍ക്കുണ്ടല്ലോ?
അത് ശീഈ എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ്. 'ശീഅത്തു അലി' ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് രൂപപ്പെട്ടത്. പിന്നീട് പല വഴിക്കും ഗ്രൂപ്പായി വളര്‍ന്നതാണ്. നബി(സ)യില്‍ അല്ല, അലി(റ)യില്‍ ആണ് ശീഈകള്‍ വിശ്വസിക്കുന്നത് എന്ന് ചിലര്‍ പറയാറുണ്ട്. ശീഈകളിലെ ചില തീവ്രചിന്താഗതിക്കാര്‍ക്ക് അത്തരം വാദങ്ങള്‍ ഉണ്ട്. പക്ഷേ, ശീഈകള്‍ മൊത്തം ഇസ്‌ലാമിന് പുറത്താണെന്ന് പറയാന്‍ പറ്റില്ല.

എന്താണ് താങ്കളുടെ പഠനമേഖല, താല്‍പര്യമുള്ള വിഷയങ്ങള്‍?
ചരിത്രമാണ് എന്റെ ഇഷ്ടവിഷയം. ചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കാന്‍ വലിയ താല്‍പര്യമാണ്. ഇസ്‌ലാമിക മുന്നേറ്റങ്ങള്‍, ഇസ്‌ലാം രൂപപ്പെടുത്തിയ നാഗരികത, സംസ്‌കാരം, സമൂഹങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും, ഇസ്‌ലാം ഉണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ചരിത്രത്തില്‍ നിന്നാണ് മനസ്സിലാകുന്നത്. നിസാമിയ്യയിലെ വിദ്യാഭ്യാസം വഴി ഉര്‍ദു ഭാഷ സ്വായത്തമാക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ചരിത്രപഠനത്തിന് ഏറെ സഹായകമായിട്ടുണ്ട്. ഉര്‍ദുവില്‍ ധാരാളം ചരിത്ര ഗ്രന്ഥങ്ങളുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെയും ശിബ്‌ലിയുടെയും രചനകള്‍ ഉദാഹരണം. ഇരുത്തം വന്ന പണ്ഡിതന്മാരായിരുന്നു അവര്‍. വലിയ വിഷയങ്ങള്‍ അവരുടെ രചനകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അവരുടെ കൃതികളില്‍ നിന്ന് ചിലതൊക്കെ ഉദ്ധരിക്കുമ്പോള്‍, 'എവിടെ നിന്നാണ് ഇതൊക്കെ കിട്ടിയതെ'ന്ന് നമ്മുടെ വലിയ പണ്ഡിതര്‍ പോലും ചോദിക്കാറുണ്ട്. ചരിത്രത്തില്‍ ഉയര്‍ന്ന കാഴ്ചപ്പാടുള്ള പണ്ഡിതനാണ് ശിബ്‌ലി. രിവായത്തിനെക്കാള്‍ ദിറായത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.

പ്രസംഗവേദികളില്‍ സജീവമായിരുന്നല്ലോ താങ്കള്‍?
അധ്യാപനരംഗത്ത് കുറച്ചുകാലമേ ഞാന്‍ ഉണ്ടായിട്ടുള്ളൂ. 1970-ല്‍ വേലൂര്‍ ബാഖിയാത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊടുവള്ളി സിറാജുല്‍ ഹുദയില്‍ പ്രിന്‍സിപ്പലായെങ്കിലും ഏതാണ്ട് രണ്ടു വര്‍ഷമേ അവിടെ നിന്നുള്ളൂ. പിന്നീട്, 1986-ലാണ് എടവണ്ണപ്പാറ റശീദിയ്യയില്‍ പ്രിന്‍സിപ്പലാകുന്നത്. പ്രധാന പ്രവര്‍ത്തനം പ്രഭാഷണമായിരുന്നു. 1970-കള്‍ മുതല്‍ കേരളത്തിലുടനീളം ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. എനിക്ക് പ്രഭാഷണം നടത്താന്‍ അവസരം ലഭിക്കാത്ത പ്രദേശങ്ങള്‍ കുറവാണ്. തെക്കന്‍ കേരളത്തിലും മലബാറിനു പുറമെ മംഗലാപുരത്തും വിദേശ രാജ്യങ്ങളിലുമൊക്കെ അഞ്ചു പത്ത് ദിവസം നീളുന്ന പ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് മണിക്കൂറാണ് പൊതുവെ ഒരു പ്രഭാഷണത്തിന്റെ സമയം. അതത് പ്രദേശങ്ങളില്‍ താമസിച്ചാണ് പ്രഭാഷണം നടത്തുക. അതുകൊണ്ട് ഒരു സ്ഥാപനത്തില്‍ സ്ഥിരമായി ജോലി ചെയ്യുക പ്രയാസമായിരുന്നു.
ദൈവാസ്തിക്യം, പ്രവാചകത്വം, ശാസ്ത്രം, ഇസ്‌ലാമിന്റെ കാലികത, ഖുര്‍ആന്റെ സാഹിത്യം, സ്ത്രീ ഇസ്‌ലാമില്‍, യുവത്വം: മഹത്വം വിനിയോഗം, പരലോകം തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങള്‍.  ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളും ആളുകളെ തമ്മിലടിപ്പിക്കുന്ന കാര്യങ്ങളും പ്രസംഗിക്കാറില്ല. അതുകൊണ്ട് എല്ലാ വിഭാഗക്കാരും പ്രസംഗം കേള്‍ക്കാന്‍ വരും. പൊതു വിഷയങ്ങളെക്കുറിച്ച പ്രസംഗങ്ങള്‍ പുതിയ തലമുറക്ക് ഇസ്‌ലാമിനോട് കുറെയൊക്കെ പ്രതിബദ്ധത വളര്‍ത്താന്‍ സഹായകമായിട്ടുണ്ടെന്ന് തോന്നുന്നു.

'സമസ്ത'യോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന താങ്കള്‍ ഒരു സംഘടനയിലും ഔദ്യോഗിക അംഗത്വം എടുക്കുകയുണ്ടായില്ല. എന്താണതിന്റെ കാരണം?
ഞാന്‍ ഒരു സംഘടനയിലും അംഗത്വമെടുത്തിട്ടില്ല. അങ്ങനെ സംഘടനക്കകത്ത് നില്‍ക്കണമെന്ന് മാനസികമായി എനിക്ക് തോന്നിയിട്ടില്ല. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമാണ്. എന്നാല്‍, എന്റെ ചില ലേഖനങ്ങളും നിലപാടുകളും സംഘടനക്കകത്ത് ചര്‍ച്ചയാകാറുണ്ട്, വിവാദമാകാറുണ്ട്. ചിലപ്പോള്‍ സംഘടനക്ക് യോജിക്കാന്‍ പറ്റാത്തതും ലേഖനങ്ങളില്‍ വരാറുണ്ട്. ചിലതൊന്നും അവര്‍ക്ക് ഇഷ്ടപ്പെടില്ല.

മുസ്‌ലിം സമൂഹത്തിന്റെ ശാക്തീകണത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന സംവിധാനമാണ് മഹല്ല് ജമാഅത്തുകള്‍. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ മഹല്ലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. താങ്കളുടെ അഭിപ്രായത്തില്‍ മഹല്ലുതലത്തില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ എന്തൊക്കെയാണ്?
ചില മഹല്ലുകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് പന്നിയങ്കര മഹല്ലില്‍ പ്രയോജനകരമായ പല പദ്ധതികളും നടപ്പിലാക്കിവരുന്നു. വിദ്യാഭ്യാസ ഗൈഡന്‍സ്, കുടുംബ കൗണ്‍സലിംഗ്, വിവാഹത്തിനു മുമ്പുള്ള കൗണ്‍സലിംഗ്, സകാത്ത് ശേഖരണ വിതരണം തുടങ്ങിയവ അവിടെ നടക്കുന്നുണ്ട്. പല മഹല്ലുകളിലും ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലാകുന്നില്ല. ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പിസമായി മാറുന്ന അവസ്ഥയാണുള്ളത്. എ.പി-ഇ.കെ തര്‍ക്കങ്ങളിലേക്ക്, മുജാഹിദ് -സുന്നി-ജമാഅത്ത് കക്ഷി വഴക്കുകളിലേക്ക് നല്ല പ്രവര്‍ത്തനങ്ങള്‍ പോലും വലിച്ചിഴക്കപ്പെടുകയാണ്. അതിനപ്പുറത്തേക്ക് ഉയര്‍ന്നു ചിന്തിക്കാന്‍ കഴിയുന്നില്ല. ഒരു വിഭാഗം തങ്ങളുടെ മേധാവിത്വത്തില്‍ കാര്യങ്ങള്‍ നടക്കണം എന്ന് ആഗ്രഹിക്കുന്നു. അപ്പോള്‍ മറു വിഭാഗം അതിന് പാര വെക്കുന്നു. ഈ അവസ്ഥക്ക് മാറ്റം വരണം.

ബഹളമയമായ പ്രവര്‍ത്തനങ്ങള്‍, മതപരമായ തര്‍ക്ക വിതര്‍ക്കങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്രീകരിച്ച് മത സംഘടനകള്‍ മുന്നോട്ടുപോകുമ്പോള്‍ സമൂഹത്തിന്റെ ചില പ്രധാന മേഖലകള്‍ ദുര്‍ബലമായിത്തീരുന്നു. കുടുംബതകര്‍ച്ച ഇന്ന് വ്യാപകമാണ്. കുറ്റകൃത്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന യുവാക്കളുടെ എണ്ണം അനുദിനം പെരുകുന്നു. ഇതൊന്നും മത സംഘടനകളുടെ അജണ്ടയാകുന്നില്ല?
ജനങ്ങളെ ശക്തമായി ബോധവത്കരിക്കേണ്ടതുണ്ട്. അതിന് മത സംഘടനകള്‍ തയാറാകണം. ഉദാഹരണത്തിന് വെള്ളിയാഴ്ചയിലെ ജുമുഅയുടെ അവസരം അതിനു വേണ്ടി ഉപയോഗിക്കണം. അറബിയില്‍ ഖുത്വ്ബ നടക്കുന്ന പള്ളിയില്‍ അതിന് മുമ്പ് മലയാളത്തില്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കുന്ന പതിനഞ്ചു മിനിറ്റെങ്കിലും നീളുന്ന പ്രസംഗങ്ങള്‍ കാലിക വിഷയങ്ങളെക്കുറിച്ച് നടത്തണം. വലിയ പ്രയോജനമുള്ള കാര്യമാണിത്. എ.പി വിഭാഗക്കാര്‍ ഇതിനെതിരാണ്.
അറബിയില്‍ ഖുത്വ്ബ നടത്തുന്ന പള്ളികളില്‍ ഖുത്ബക്ക് മുമ്പ് മലയാളത്തില്‍ ഉപദേശ പ്രസംഗം നടത്തുന്ന രീതി 1980-കളില്‍ ഞാന്‍ കോഴിക്കോട് ഖത്വീബായിരിക്കുന്ന കാലത്താണ് ആരംഭിച്ചത്. കോഴിക്കോട് ടാഗോര്‍ ഹാളിനടുത്ത ചെറിയ നമസ്‌കാര പള്ളി വിപുലീകരിച്ച് ജുമുഅ തുടങ്ങിയപ്പോഴായിരുന്നു മലയാള പ്രസംഗത്തിന്റെ തുടക്കം. കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീന്‍ ഇമ്പിച്ചി കോയ തങ്ങളായിരുന്നു അതിന്റെ പ്രസിഡന്റ്. ഇങ്ങനെ മാതൃഭാഷയില്‍ പ്രസംഗം നടത്തുന്നത് തെറ്റല്ലെന്ന് പറഞ്ഞുകൊണ്ട് വലിയ ഖാദി ഫത്‌വയും പുറപ്പെടുവിച്ചിരുന്നു. സമസ്തയുടെ പണ്ഡിതരും അത് അംഗീകരിക്കുകയുണ്ടായി.
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ നടത്തിയ നബാത്തിയ ഖുത്വ്ബകളാണ് ഇന്ന് പൊതുവെ സുന്നി പള്ളികളില്‍ ഉപയോഗിക്കുന്നത്. കടുകട്ടി ഭാഷയിലുള്ള ഈ ഖുത്വ്ബകള്‍ അറബി അറിയുന്നവര്‍ക്ക് പോലും മനസ്സിലാക്കാന്‍ പ്രയാസമാണ്. സംസ്‌കൃത പദങ്ങള്‍ കലര്‍ത്തിയ മലയാളം പോലെ ഡിക്ഷനറി വെച്ചു വായിച്ചാലേ അറബി ഖുത്വ്ബ മനസ്സിലാകൂ. ഞാന്‍ രണ്ടോ മൂന്നോ മിനിറ്റേ അറബി ഖുത്വ്ബ നടത്താറുള്ളൂ.

സകാത്തിന്റെ സംഘടിത ശേഖരണ വിതരണത്തിന് മഹല്ല് തലത്തില്‍ സംവിധാനമുണ്ടാക്കിക്കൂടേ? ഖാദിക്ക് സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാമെന്നുള്ള ചര്‍ച്ചകള്‍ ശാഫിഈ ഫിഖ്ഹിന്റെ അടിസ്ഥാനത്തില്‍ 'സമസ്ത'യിലെ ഒരുപറ്റം പണ്ഡിതന്മാര്‍ ഈയിടെ നടത്തുകയുണ്ടായല്ലോ?
മഹല്ലുകള്‍ കേന്ദ്രീകരിച്ച് സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നത് നല്ലതാണ്. മഹല്ല് ഖാദിമാര്‍ അതിന് നേതൃത്വം നല്‍കണം. ഖാദിമാര്‍ ജോലിഭാരം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ഖാദിക്ക് പ്രതിനിധിയെ നിശ്ചയിക്കാവുന്നതാണ്. സകാത്തിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും സംഖ്യ ആ  പ്രതിനിധിയെ ഏല്‍പിക്കാവുന്നതാണ്. 1993 മുതല്‍ പത്തു വര്‍ഷത്തിലേറെയായി പന്നിയങ്കര ജുമുഅത്ത് പള്ളിയില്‍ ഫിത്വ്ര്‍ സകാത്ത് സംഘടിതമായാണ് വിതരണം ചെയ്യുന്നത്. ഉദുഹിയ്യത്ത് അങ്ങനെ നിര്‍വഹിക്കാന്‍ അവിടെ സ്ഥലസൗകര്യം ഇല്ല. അതുകൊണ്ട് വ്യക്തിപരമായി നിര്‍വഹിക്കാന്‍ അനുവദിക്കുകയാണ് ചെയ്തത്.

കേരളത്തിലെ പല പ്രദേശങ്ങളിലും ഉദുഹിയ്യത്ത് മാംസത്തിന്റെ ധാരാളിത്തം ഉണ്ട്. അതേസമയം ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ പരമദയനീയമാണ്. കറിവെക്കാന്‍ പരിപ്പ് പോലും കിട്ടാത്ത കുടുംബങ്ങള്‍ അവിടെ പതിനായിരക്കണക്കിനുണ്ട്. ഇത്തരമൊരവസ്ഥയില്‍ കേരളത്തിലെ ഉദുഹിയ്യത്തിന്റെ ഒരു ഭാഗം ഉത്തരേന്ത്യയിലേക്ക് അയക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടേ?
അത് ആലോചിക്കാവുന്ന വിഷയമാണ്. മക്കയില്‍ അങ്ങനെ ചെയ്യുന്നുണ്ടല്ലോ. ഉദുഹിയ്യത്തിന്റെയും ഫിദ്‌യയുടെയും മാംസം സംസ്‌കരിച്ച് ആഫ്രിക്കന്‍ നാടുകളിലേക്കും മറ്റും, പ്രയാസമനുഭവിക്കുന്നവര്‍ക്ക് പ്രയോജനകരമാകുംവിധം കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ദരിദ്ര ജനങ്ങള്‍ക്കാണ് അതിന്റെ ഗുണം. ആ രൂപത്തില്‍ കേരളത്തിലെ ഉദുഹിയ്യത്തിന്റെ ഒരു ഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന വിഷയം നമ്മുടെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.

സ്ത്രീകളും രക്ഷിതാക്കളും ഏറെ പ്രയാസപ്പെടുന്ന അനാചാരമാണ് സ്ത്രീധനം. മഹല്ലുകള്‍ തീരുമാനിച്ചാല്‍ സ്ത്രീധനം ഏറെക്കുറെ ഇല്ലായ്മ ചെയ്യാനാകും. എന്താണ് താങ്കളുടെ നിലപാട്?
സ്ത്രീധനത്തിന് ഞാന്‍ എതിരാണ്. സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. 'വാഫി' വിദ്യാര്‍ഥികള്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. ഇസ്‌ലാം വിഭാവന ചെയ്യുന്ന വിവാഹത്തിന്റെ പവിത്രതക്ക് മങ്ങലേല്‍പിക്കുന്ന ദുരാചാരമാണ് സ്ത്രീധനം. മാര്‍ക്കറ്റിലെ വിലക്കയറ്റം പോലെ സ്ത്രീധനത്തുകയും വര്‍ധിക്കുകയാണ്. ഹിന്ദു സമൂഹത്തില്‍ നിന്നാണ് സ്ത്രീധനം മുസ്‌ലിംകളിലേക്ക് കടന്നുവന്നത്. പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനുള്ള ദരിദ്രനായ പിതാവ് ആഭരണത്തിനും പണത്തിനും മാര്‍ഗമില്ലാതെ വരുമ്പോള്‍ യാചനക്കിറങ്ങുന്നു. ഒരു സംഭവം നോക്കൂ; അറുപതിനായിരം  രൂപ സ്ത്രീധനം നിശ്ചയിച്ച വിവാഹത്തിന്റെ രണ്ടു നാള്‍ മുമ്പ് വധുവിന്റെ പിതാവ് അമ്പതിനായിരം രൂപ വരന്റെ വീട്ടുകാരെ ഏല്‍പിച്ചു. പതിനായിരം കല്യാണത്തിന് ശേഷം നല്‍കാമെന്ന് പറഞ്ഞു, പക്ഷേ വരന്റെ വീട്ടുകാര്‍ അതംഗീകരിച്ചില്ല. അവര്‍ കല്യാണത്തില്‍ നിന്ന് പിന്‍വാങ്ങി. ഇതറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 'ഉത്തമ സമുദായ'ത്തിന്റെ ചിത്രമാണിത്! ആത്മഹത്യ, സ്ത്രീ പീഡനം, ഒളിച്ചോട്ടം, വേശ്യാവൃത്തി തുടങ്ങിയ ഹീനകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ സ്ത്രീധനത്തിനും പങ്കുണ്ട്. അനിയന്ത്രിതമായ ബഹുഭാര്യാത്വം, ആക്ഷേപിക്കപ്പെടുന്ന അറബി കല്യാണം തുടങ്ങിയവ സ്ത്രീധനം കൊടുക്കാന്‍ കഴിയാത്ത കുടുംബങ്ങളിലാണ് നടക്കുന്നത്. വിവാഹപ്രായമെത്തിയിട്ടും ആഗ്രഹം പൂവണിയാത്ത പെണ്‍കുട്ടികള്‍ കണ്ടവന്റെ കൂടെ മതം നോക്കാതെ നാടുവിടുന്നതും അവസാനം എല്ലാം നഷ്ടപ്പെട്ടു ജീവിതം തുലക്കേണ്ടിവരുന്നതും ഈ ദുരാചാരം നിലനില്‍ക്കുന്നതുകൊണ്ടാണ്. ശരീഅത്ത് ക്രൂശിക്കപ്പെടുന്നതിന് മുമ്പില്‍ നാം നോക്കുകുത്തികളായി നില്‍ക്കേണ്ടിവരികയാണ്.

നമ്മുടെ മതനേതൃത്വം ഇടപെട്ടാല്‍ ഈ ദുരാചാരം അവസാനിപ്പിച്ചുകൂടേ?
സ്ത്രീധനവും ആഭരണഭ്രമവും ഇല്ലാത്ത വിവാഹങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. ഈയിടെ 30 പവന്‍ ആഭരണം നല്‍കാന്‍ തീരുമാനിച്ച ഒരു വിവാഹത്തിന്, അഞ്ചു പവന്‍ മതിയെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ പിതാവ് തന്നെ ഇടപെട്ട സംഭവമുണ്ടായി. സാധാരണ ഉപയോഗിക്കാനുള്ള സ്വര്‍ണം മതി, ഇത്രയേറെ സ്വര്‍ണം ധരിച്ചു നടക്കില്ലല്ലോ. ലോക്കറില്‍ സൂക്ഷിക്കാന്‍ എന്തിനാണ് സ്വര്‍ണം എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇത് നാം മാതൃകയാക്കേണ്ടതാണ്.
ചില മഹല്ലുകളില്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. കോഴിക്കോട് പുതിയങ്ങാടി, പരപ്പനങ്ങാടി പാലത്തിങ്ങല്‍ തുടങ്ങിയ മഹല്ലുകള്‍ ഈ വിഷയത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തുവരികയുണ്ടായി. പക്ഷേ, സ്ത്രീധനത്തിനും വിവാഹ ധൂര്‍ത്തിനുമെതിരെ തീരുമാനമെടുത്തവര്‍ തന്നെ അത് ലംഘിക്കുകയാണ് ചെയ്യുന്നത്. പരപ്പനങ്ങാടി പാലത്തിങ്ങല്‍ മഹല്ലില്‍ സുന്നി, ജമാഅത്ത്, മുജാഹിദ്, ലീഗ് തുടങ്ങിയവരെല്ലാം ചേര്‍ന്നാണ് വിവാഹധൂര്‍ത്തിനും മറ്റുമെതിരെ രംഗത്തുവന്നത്. മഹല്ല് ഭാരവാഹികളെല്ലാം പങ്കെടുത്ത യോഗത്തില്‍ ഞാന്‍ ക്ലാസ്സെടുക്കുകയും ചെയ്തു. പക്ഷേ, സ്വന്തം കല്യാണത്തിന്റെ വിഷയമെത്തിയപ്പോള്‍ ചിലര്‍ അത് ലംഘിച്ചു. ആണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് സ്ത്രീധന വിരോധത്തില്‍ വലിയ താല്‍പര്യം ഉണ്ടാകില്ലല്ലോ. അനാചാരങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ അതിന്റേതായ സ്പിരിറ്റില്‍ എടുക്കണം. പക്ഷേ, ഇത്തരം വിഷയങ്ങളില്‍ തഖ്‌വയും ഇഖ്‌ലാസ്വുമൊക്കെ കുറവാണ് പലര്‍ക്കും. കോഴിക്കോട് പുതിയങ്ങാടിയില്‍ സ്ത്രീധനരഹിത വിവാഹങ്ങള്‍ നല്ല നിലയില്‍ നടന്നുവന്നിരുന്നു. മഹല്ല് ജമാഅത്തും പള്ളിയിലെ ഇമാമുമൊക്കെയാണ് സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്. പക്ഷേ, നേതൃത്വം കൊടുത്ത ഖത്വീബ് വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം വാങ്ങി. മറ്റൊരു നാട്ടുകാരനായ അദ്ദേഹം വിവാഹാഘോഷം കഴിഞ്ഞ് മഹല്ലില്‍ തിരിച്ചെത്തിയതോടെ ഇത് മഹല്ലില്‍ വലിയ പ്രശ്‌നമായി. അവസാനം അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

മത സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തന ശൈലിയില്‍ താങ്കള്‍ തൃപ്തനാണോ?
സംഘടനാപരമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നതിനു പകരം മൊത്തം സമൂഹത്തിന്റെ നന്മക്കു വേണ്ടിയാകണം മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍. നമ്മുടെ പണ്ഡിതര്‍ ലോക രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതരുമായും മറ്റു മദ്ഹബുകളുടെ വക്താക്കളുമായും ആശയവിനിമയം നടത്തണം. ഭിന്ന വീക്ഷണങ്ങള്‍ മനസ്സിലാക്കണം. അപ്പോള്‍ ചിന്തകള്‍ വികസിക്കും. ഹൃദയം വിശാലമാകും. ലോകത്തെക്കുറിച്ച്, മറ്റുള്ളവരെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് കുടുസ്സായ ചിന്താഗതിയുണ്ടാകുന്നത്. തെക്കന്‍ കേരളത്തിലെ പണ്ഡിതന്മാര്‍ക്കും വടക്കേ ഇന്ത്യയില്‍ പോയി പഠിച്ചുവരുന്നവര്‍ക്കും കുടുസ്സായ ചിന്താഗതി ഉണ്ടാകാന്‍ സാധ്യതയില്ല.
ആശാവഹമല്ല പലപ്പോഴും മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍. സംഘടനാ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുള്ള വടംവലികളാണ് നടക്കുന്നത്. സംഘടനാ പരിമിതികളില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് സമൂഹത്തില്‍ നന്മയുണ്ടാകുന്നത്. ആത്മാര്‍ഥതയാണ് ഏറ്റവും ആവശ്യം. പക്ഷേ, ഇഖ്‌ലാസ്വ് ശക്തിപ്പെടാനുള്ള സാഹചര്യം ഇവിടെ കാണുന്നില്ല.
സംഘടനകള്‍ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ചിന്തിക്കണം. ഭിന്നാഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുവായ കാര്യങ്ങളില്‍ ഐക്യപ്പെടണം. വാക്കുതര്‍ക്കങ്ങളുമായി നടന്നതുകൊണ്ട്, മറുകക്ഷി അത് അംഗീകരിക്കാന്‍ പോകുന്നില്ല. അറുപത് വര്‍ഷമായി നാം പലതിലും തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട്, ഏതെങ്കിലുമൊരു വിഭാഗം ഞങ്ങളുടെ ആശയം ഉപേക്ഷിച്ചിട്ടുണ്ടോ? മറു വീക്ഷണം സ്വീകരിച്ചിട്ടുണ്ടോ? ഭിന്ന വീക്ഷണങ്ങള്‍ നിലനിര്‍ത്തി, പൊതുവായ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യണം. ചില സന്ദര്‍ഭങ്ങളില്‍ അതുണ്ടായിട്ടുണ്ട്. ശരീഅത്ത് വിവാദം ഉദാഹരണം. അതുപോലെ മഹല്ലിന്റെ നന്മക്കുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
ഇന്ന് കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങളുള്ളവരോടൊപ്പം ഇരിക്കാനും ചര്‍ച്ച നടത്താനും തയാറാകുന്നുണ്ട്. മുമ്പൊന്നും അതില്ലായിരുന്നു. ഇങ്ങനെ ഒന്നിച്ചിരിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ മുമ്പ് എനിക്ക് ആക്ഷേപം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മുജാഹിദ് -ജമാഅത്ത് പ്രസംഗകരോടൊപ്പം വേദി പങ്കിട്ടതില്‍ എതിര്‍പ്പ് നേരിടേണ്ടിവന്നു. കോഴിക്കോട് അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ എന്നൊരു വേദി ഉണ്ട്. കേരളത്തില്‍ ആദ്യമായി ഖുര്‍ആന്‍ മനഃപാഠമാക്കുന്ന സ്ഥാപനം തുടങ്ങിയത് അവരാണ്. ഭഡ്കല്‍കാരായ കച്ചവടക്കാരായിരുന്നു അന്‍ജുമന്റെ പിന്നില്‍. അതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എനിക്ക് എതിര്‍പ്പുണ്ടായി. ഇന്നിപ്പോള്‍ അതൊന്നും ഇല്ല. അത്തരം തൊട്ടുകൂടായ്മ കുറെയൊക്കെ മാറി. വഖ്ഫ് ബോര്‍ഡ്, ഇഫ്ത്വാര്‍, ഹജ്ജ് കമ്മിറ്റി, വിവാഹ പ്രായ ചര്‍ച്ച തുടങ്ങിയവയിലൊക്കെ ഒന്നിച്ചിരുന്നില്ലേ. ഇതൊക്കെമാറ്റം തന്നെയാണ്.
ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരിലാണ് വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ നേരത്തെ നിലവിലുള്ളതാണ്. ഒരു മദ്ഹബില്‍ ഒരു വിഷയത്തില്‍ തന്നെ ഒരൊറ്റ വീക്ഷണമല്ല, ഭിന്ന വീക്ഷണങ്ങള്‍ ഉണ്ടല്ലോ. ആ ഭിന്ന വീക്ഷണങ്ങള്‍ എല്ലാം തങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതാനും പണ്ഡിതര്‍ സന്നദ്ധരായിട്ടുണ്ട്. തന്റേതില്‍ നിന്ന് ഭിന്നമായ അഭിപ്രായമുള്ള ഒരാളുടെ വീക്ഷണം ഉദ്ധരിച്ച്, ആളുടെ പേരു പറയുമ്പോള്‍ 'റദിയല്ലാഹു അന്‍ഹു' എന്നു പറയാന്‍ പൂര്‍വിക പണ്ഡിതന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സൗമനസ്യം നമ്മുടെ പണ്ഡിതന്മാര്‍ക്കിടയിലും ഉണ്ടാകണം. ഇമാം റാസി മുഅ്തസിലി വാദങ്ങള്‍ എടുത്തുദ്ധരിക്കുന്നത്, അവരെ എത്രമാത്രം ബഹുമാനിച്ചുകൊണ്ടാണെന്ന് ചിന്തിച്ചുനോക്കൂ! നാം മറ്റു സംഘടനകളിലെ പണ്ഡിതന്മാരെ അവഹേളിച്ചുകൊണ്ടാണ് പലപ്പോഴും സംസാരിക്കാറുള്ളത്. ചിലപ്പോള്‍ വ്യക്തി താല്‍പര്യങ്ങളോ മറ്റു ചില താല്‍പര്യങ്ങളോ ഒക്കെയാകാം കാരണം.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എവിടെ നിന്നോ കൊണ്ടുവന്ന 'വിവാദമുടി' കത്തിത്തീര്‍ന്നില്ല. എന്താണ് താങ്കളുടെ നിലപാട്?
വിവാദമുടിക്കു പിന്നില്‍ ദുരൂഹതകളുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ സര്‍വ പുരോഗതിയും തടയാന്‍ ആഗ്രഹിക്കുന്ന ഏതോ ഒരു ഗൂഢശക്തിയാണ് ആ മുടിക്ക് പിന്നിലുള്ളത്. മുമ്പ് യേശുവിന്റെ തിരുശേഷിപ്പ് വിവാദം ഉയര്‍ന്നുവന്നിരുന്നു. ക്രൈസ്തവ സമൂഹത്തിന് പലതും നഷ്ടപ്പെട്ടത് ആ വിവാദത്തിന്റെ മറവിലാണ്. കത്തോലിക്കര്‍ക്ക് പ്രൊട്ടസ്റ്റന്റുകാരുടെ ശക്തി തകര്‍ക്കാനും കീഴടക്കാനുമായത് ആ വിവാദത്തിനിടയിലാണ്. ഈ വിധത്തില്‍ മുസ്‌ലിംകളുടെ ശക്തി തകര്‍ക്കാനുള്ള ആരുടെയൊക്കെയോ ഗൂഢാലോചനയുടെ ഭാഗമാണിത്.

അറുപത്തിനാലു വര്‍ഷമായി പ്രബോധനം വാരിക കേരളത്തിലുണ്ട്. എന്താണ് താങ്കളുടെ പ്രബോധനം വായനാനുഭവം?
പ്രബോധനം വാരിക നല്ല പ്രസിദ്ധീകരണമാണ്. ബുദ്ധിപരമായ ചര്‍ച്ചകള്‍, വിവര്‍ത്തന ലേഖനങ്ങള്‍, വടക്കേ ഇന്ത്യന്‍ പണ്ഡിതന്മാരുടെ രചനകള്‍ തുടങ്ങിയവ പ്രബോധനത്തിലൂടെ വായിക്കാനായിട്ടുണ്ട്. നല്ല ഭാഷയും ശൈലിയും പ്രബോധനത്തിന്റെ പ്രത്യേകതയാണ്. നല്ല മലയാള ഭാഷ പഠിക്കാന്‍ ഏതു പ്രസിദ്ധീകരണം വായിക്കണം എന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചാല്‍, പ്രബോധനം വാരിക എന്നാണ് അധ്യാപകര്‍ മറുപടി പറഞ്ഞിരുന്നത്. ഞാന്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പ്രബോധനം വായിച്ചു തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദില്‍ പഠിക്കുന്ന കാലത്ത് ഒരു ട്രെയിന്‍ യാത്രയിലാണ് ജമാഅത്തിന്റെ മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവിയെ കണ്ടുമുട്ടിയത്. അദ്ദേഹത്തില്‍ നിന്നാണ് എനിക്ക് ആദ്യമായി പ്രബോധനത്തിന്റെ കോപ്പി ലഭിച്ചത്. പിന്നീട് അദ്ദേഹം സ്ഥിരമായി അയച്ചുതന്നിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍