പുനര്‍വായനകള്‍ ഉണ്ടാവട്ടെ
മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സുലൈമാന്‍ നദ്‌വിയുടെ വിഖ്യാത ഗ്രന്ഥം 'ഹസ്രത്ത് ആഇശ' എന്ന പുസ്തകം അക്കാലത്തുതന്നെ വരുത്തിവായിക്കുകയും ആ മഹദ്കൃതിയുടെ ഉള്ളടക്കത്തെപറ്റി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സ്ത്രീ പ്രശ്‌നങ്ങള്‍ വളരെ ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് സ്ത്രീകളുടെ സ്ഥാനം, പദവി, ഉത്തരവാദിത്വങ്ങള്‍, സമൂഹത്തില്‍ അവരുടെ ഇടപെടലിന്റെ പരിധി തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തില്‍ നിന്ന് വായിച്ചെടുക്കാം.
പ്രമുഖരായ സ്വഹാബികളുടെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ഇസ്‌ലാമിലെ സുപ്രധാനമായ പല വിധികള്‍ക്കും വ്യതിരിക്തമായ വ്യാഖ്യാനങ്ങള്‍ നല്‍കി, വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും കൃത്യമായ ഉള്ളടക്കത്തെ ബോധ്യപ്പെടുത്തിയ മഹതി ആഇശ(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ആഇശ(റ)യുടെ അഭിപ്രായങ്ങളെല്ലാം പൂര്‍ണ ശരിയാണെന്ന അര്‍ഥത്തിലല്ല ഇതു പറയുന്നത്. മറിച്ച്, തനിക്ക് ശരി എന്ന് ഉറപ്പുള്ള അഭിപ്രായങ്ങള്‍ ആര്‍ജവത്തോടെ പറയുവാനുള്ള അവരുടെ വൈജ്ഞാനിക ധീരതയാണ് എടുത്തുപറയേണ്ടത്.
ഏതാണ്ട് മുപ്പതോളം വിഷയങ്ങളില്‍ സമകാലികരായ സ്വഹാബിവര്യന്മാരുടെ അഭിപ്രായങ്ങളില്‍നിന്ന് വ്യത്യസ്തമായ നിരീക്ഷണമാണ് ആഇശ(റ)ക്ക് ഉണ്ടായിരുന്നത്. പ്രബോധനം വാരികയില്‍ (ലക്കം 17) രേഷ്മ കൊട്ടക്കാടിന്റെ 'ഹസ്രത്ത് ആഇശയെ പുനര്‍വായിക്കുമ്പോള്‍' എന്ന ലേഖനവും ലക്കം 20 ലെ ജാബിര്‍ വാണിയമ്പലത്തിന്റെ പ്രതികരണവും വായിച്ചപ്പോള്‍ മനസ്സിലാവുന്നത് ആഇശ(റ) ഇനിയും ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ട വൈജ്ഞാനിക വ്യക്തിത്വം തന്നെയാണെന്നാണ്.
ദൈവികമല്ലാത്ത വൈദിക പ്രക്ഷോഭങ്ങള്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്! ആകാശവും ഭൂമിയും വെള്ളവും വായുവും ലോകത്തിലെ സര്‍വ ചരാചരങ്ങള്‍ക്കുമുള്ളതാണെന്ന ബൈബിള്‍ വചനങ്ങള്‍ പഠിപ്പിക്കുന്ന വൈദികരാണ് മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥിതിക്കെതിര്‍ ചേരിയില്‍ ഖഡ്ഗവുമായി നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ വനം മാഫിയകളുടെയും റിസോര്‍ട്ട് മാഫിയകളുടെയും പിണിയാളുകളായി അറിഞ്ഞോ അറിയാതെയോ ഇവര്‍ മാറിപ്പോകുന്നു. ഭൂവിസ്തൃതിയില്‍ തുഛം മാത്രമായവശേഷിക്കുന്ന നിബിഡ വനം വെട്ടിത്തെളിച്ച് പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. റബര്‍, കുരുമുളക്, ഏലം തുടങ്ങിയ ഏകവിള കൃഷികള്‍ സഭാധീനതയിലുള്ള കര്‍ഷകരുടേതാകയാല്‍ ഇതൊരു കര്‍ഷക വിരുദ്ധ റിപ്പോര്‍ട്ടാണെന്ന പ്രചാരണം കൊഴുപ്പിക്കുകയാണ്. ജലവും ജൈവസമ്പത്തും നശിപ്പിക്കപ്പെട്ടാലുള്ള കര്‍ഷക ദ്രോഹത്തേക്കാള്‍ വലുതാണോ ഇതെന്നും ചോദിച്ചേക്കരുത്.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും വനപാലകരെ ബന്ദികളാക്കുകയും ചെയ്യുന്ന കലാപകാരികളുടെ കോടാലിപ്പിടികളാകരുത് പുരോഹിതര്‍. താമരശ്ശേരി ബിഷപ്പ് പറഞ്ഞത്: 'ഞങ്ങളെ നക്‌സലൈറ്റുകളാക്കരുത്, ജാലിയന്‍ വാലാ ബാഗ് ആവര്‍ത്തിക്കും' എന്നൊക്കെയാണ്. ഇത് പറഞ്ഞത് ലീഗുകാരല്ലാത്തതിനാലും പരിസ്ഥിതി വാദികളായ 'തീവ്രവാദി'കളല്ലാത്തതിനാലും ആര്യാടന്‍ മുഹമ്മദിന് പോലും മിണ്ടാട്ടമില്ല. ഭരണഘടനാപരമായി നിയോഗിക്കപ്പെട്ട ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ അത് നടപ്പിലാക്കാന്‍ വരുന്നവന്റെ കൈയും തലയും കാലും വെട്ടുമെന്ന് ഭരണഘടനാ പദവിയലങ്കരിക്കുന്ന (അലങ്കാരമാക്കുന്ന) ചീഫ് വിപ്പ് പറഞ്ഞാലും ആര്‍ക്കുമില്ല ആശ്ചര്യം.
ഇടയ ലേഖനങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടലുണ്ടാകുമ്പോഴോ റബറിനും കുരുമുളകിനും താങ്ങുവില നിശ്ചയിക്കുന്നതിനോ അനഭിമതരായവരെ തെരഞ്ഞു പിടിച്ച് പരാജയപ്പെടുത്താനോ ഉള്ള സമ്മര്‍ദ ലേഖനങ്ങളായിക്കൊണ്ടിരിക്കുന്നു.
നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രകൃതിക്കും വായുവിനും ജന്തുജാലങ്ങള്‍ക്കും വേണ്ടിയുള്ള വിശാല ഇടയ ലേഖനങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം.
നസീര്‍ അലിയാര്‍ മൂവാറ്റുപുഴ
അനാചാര
സംരക്ഷണത്തിന് പ്രക്ഷോഭമോ?
മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള അനാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള കര്‍ണാടക മന്ത്രിസഭാ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ് രംഗത്ത് വന്നിരിക്കുന്നു. നരബലി, അയിത്തം, ബ്രാഹ്മണരുടെ ഉഛിഷ്ടങ്ങളില്‍ താഴ്ന്ന ജാതിക്കാരെ ശയന പ്രദക്ഷിണം ചെയ്യിക്കല്‍, ദുര്‍മന്ത്രവാദം, ആത്മീയ പീഡനത്തിനും ശിശു പീഡനത്തിനും കാരണമാകുന്ന ആചാരങ്ങള്‍ തുടങ്ങിയവയാണ് നിരോധിക്കപ്പെടേണ്ട അനാചാരങ്ങളായി സംസ്ഥാനത്തെ 250-ലധികം വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നതാകയാല്‍, ഈ അവകാശത്തെ നഗ്നമായി ധ്വംസിക്കുന്ന ആചാരങ്ങള്‍ നിരോധിക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന തടസ്സവാദം ബാലിശമാണ്. കേവലം യാദൃഛികമായ ജനനത്തിന്റെ പേരില്‍ മനുഷ്യനെ അധമനെന്ന് മുദ്രകുത്തി മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് പീഡിപ്പിക്കുകയും സാമൂഹിക ശ്രേണിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന അയിത്തം, ജീവിക്കാനുള്ള അവകാശത്തെ പാടെ നിഷേധിക്കുന്ന നരബലി തുടങ്ങിയ അനാചാരങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്നത് ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത കൊടും ക്രൂരതയാണ്.
മധുരക്കുഴി
ആഗോള വിസ്മയം തീര്‍ത്ത ലംഘനം
'ഹസന്‍ റൂഹാനി ഇറാനെ കരകയറ്റുമോ?' (ലക്കം 2825) ലേഖനം വായിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി നീണ്ടുനിന്ന യു.എസിന്റെയും ഇറാന്റെയും പരസ്പര മൗന വ്രതം ഭംഗിയായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇറാന്‍ വിപ്ലവത്തെത്തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതനായ അന്നത്തെ രാജാവ് ഷാ മുഹമ്മദ് രിസാ പഹ്‌ലവിയും യു.എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുമായിരുന്നു 1979-ല്‍ അവസാനമായി നേരിട്ട് സംസാരിച്ചത്. 1979-നു ശേഷം ഇറാന്‍-യു.എസ് പ്രസിഡന്റുമാരുടെ പ്രഥമ സംഭാഷണമാണ് റൂഹാനിയും ഒബാമയും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സന്തോഷിക്കാന്‍ വകയുണ്ടാകുന്നത്, തുടര്‍ന്നങ്ങോട്ടും വന്‍ രാഷ്ട്രങ്ങളുടെ സൗമ്യപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടാകുമോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. ആണവായുധം വികസിപ്പിക്കുന്നു എന്നതിന്റെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായത്. ലോക പോലീസ് ചമയുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വികൃത മുഖം ഈ പ്രശ്‌നത്തില്‍ ലോകമൊന്നടങ്കം മനസ്സിലാക്കിയതുമാണ്. അമേരിക്കന്‍ വിരുദ്ധതയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമായ ഇറാനുമായി ഒബാമയുടെ ആത്മസൗഹൃദ കലാപരിപാടിയുടെ സത്യസന്ധത അപഗ്രഥിക്കാന്‍ സമയമേറെയുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍ ശഹീദ് ഹസനുല്‍ ബന്നായുടെ ഉള്‍ക്കനമുള്ള വാക്കുകള്‍ ഇവിടെ കുറിച്ചിടുന്നത് സന്ദര്‍ഭോചിതമായിരിക്കും: ''പാശ്ചാത്യ രാഷ്ട്രങ്ങള്‍ - അവയുടെ വര്‍ണമേതുമാകട്ടെ- ഒരിക്കലും നമ്മെ സഹായിക്കുകയില്ലെന്ന കാര്യം തീര്‍ച്ചയാണ്. അവരുടെ നിഷ്പക്ഷതയും സ്‌നേഹ പ്രകടനങ്ങളുമെല്ലാം വെറും പുറം പൂച്ചുകള്‍ മാത്രം. സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി ആത്മവഞ്ചന നടത്തുന്നതില്‍ തെല്ലും സങ്കോചമില്ലാത്തവരാണവര്‍. അതിനാല്‍ നാമൊരിക്കലും നിഷ്പക്ഷന്മാരാല്‍ കബളിപ്പിക്കപ്പെട്ടു പോവരുത്.''
സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി
ചെകുത്താനും അടിസ്ഥാന പ്രമാണങ്ങളും
നവംബര്‍ 15-ലെ പ്രബോധനത്തില്‍ വന്ന മുഖക്കുറിപ്പ് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളിലൊന്നാണ് ചെകുത്താന്‍ എന്ന പദം. എല്ലാ മതഗ്രന്ഥങ്ങളിലും ചെകുത്താനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പൗരാണിക കാലം മുതല്‍ മനുഷ്യ വര്‍ഗത്തിന്റെ ഉറക്കം കെടുത്തുന്ന ചെകുത്താന്റെ പ്രതിരൂപങ്ങളെ ഇപ്പോഴും നാം വിശ്വസിക്കുന്നു.
എന്നാല്‍, ഈ ആധുനിക യുഗത്തിലും സാത്താന്റെ പേരില്‍ വന്‍ തട്ടിപ്പുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വൈരുധ്യപൂരിതമായ ഇത്തരം കബളിപ്പിക്കലുകള്‍ ദൈവത്തിന്റെ പേരിലാണ് നടക്കുന്നത്. ദൈവം ഒന്ന് വിധിക്കുമ്പോള്‍ ചെകുത്താന്‍ മറ്റൊന്ന് കല്‍പിക്കുന്നു. ഇതിന്റെയെല്ലാം പൊരുളുകളറിയാതെ പല മതക്കാരും തെറ്റിദ്ധാരണകളിലേക്ക് നീങ്ങുന്നു.
ആചാരി തിരുവത്ര, ചാവക്കാട്
തിരുശേഷിപ്പുകളെ ആദരിച്ച് പൂജിക്കുന്ന മതാചാരങ്ങളുടെ ചരിത്രം ചികഞ്ഞ ഖാദര്‍ ഫൈസിയുടെ ലേഖനം (2826) അവസരോചിതമായി. ലേഖനത്തില്‍ പരാമര്‍ശിച്ചപോലെ ഹെലനിക് വീരാരാധനയുടെ തുടര്‍ച്ചയായി തന്നെ വേണം തിരുശേഷിപ്പ് പൂജകളെ കാണേണ്ടത്. ഈ വീരാരാധന മതാനുയായികളെ മാത്രമല്ല അല്ലാത്തവരെയും പിടികൂടിയിട്ടുണ്ടെന്ന കാര്യം വിശകലനം ചെയ്യപ്പെടേണ്ടതായിരുന്നു. ലെനിന്റെ ശവം അടക്കം ചെയ്യാതെ 'തീര്‍ഥാടന കേന്ദ്രമ'മാക്കിയത് മതവിരുദ്ധ തിരുശേഷിപ്പാരാധനയുടെ ഉദാഹരണമാണ്. മിക്ക മതാനുയായികളും വീട്ടിലും വാഹനങ്ങളിലും തങ്ങളുടെ ആരാധ്യരുടെ ഫോട്ടോകളില്‍ പൂമാലയും ലൈറ്റും ഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടി ഓഫീസുകളില്‍ വീരാരാധനയുടെ ഭാഗമായി മണ്‍മറഞ്ഞ നേതാക്കന്മാരുടെ ഫോട്ടോകളിലും അവ ചാര്‍ത്തുന്നു എന്നു മാത്രം. ജനാധിപത്യ ഇന്ത്യയുടെ മുക്കുമൂലകള്‍ മുതല്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ദിനംപ്രതി ഉയരുന്ന ജീവിക്കുന്നവരുടെയും മരിച്ചവരുടെയും പ്രതിമകളും ഈ വീരാരാധനയുടെ മറ്റൊരു ദൃശ്യമാണ്.
എന്‍.കെ ബുഷ്‌റ ചെറുപുത്തൂര്‍
Comments