ഇസ്ഹാഖ് സാഹിബിന്റെ കൈരളി ഭഗവദ്ഗീത ഒരു ഓര്‍മപ്പെടുത്തല്‍
വൈവിധ്യം പ്രപഞ്ചാസ്തിത്വത്തിന്റെ നിയമമാണ്. ഒരേ പ്രകാശത്തിന്റെ തന്നെ ഏഴു നിറങ്ങള്‍ കാണിച്ചുതരുന്ന മാരിവില്ലെന്ന പ്രതിഭാസം പ്രപഞ്ചത്തെ പടച്ചുപരിപാലിച്ചു പോരുന്ന മഹാശക്തി, വൈവിധ്യം അഭിലഷിക്കുന്നുണ്ടെന്നുകൂടി വിളംബരപ്പെടുത്തുന്നു. പ്രകാശത്തിനു മാനത്ത് സപ്തവര്‍ണങ്ങളുടെ ഏഴഴക് പ്രദാനം ചെയ്ത പരമേശ്വരന്‍ തന്നെ, മണ്ണിലെ മനുഷ്യജീവിതത്തിനും വൈവിധ്യങ്ങളുടെ അനവധി അഴകുകള്‍ കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരാളുടെ കൈവിരല്‍ രേഖകള്‍ മറ്റൊരാളുടേതുപോലെ അല്ലാതിരിക്കുന്നത്. ഇത്തരം വൈവിധ്യങ്ങളെ കലഹ കാരണമാക്കുന്നവരാണ് ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവര്‍. അത്തരക്കാരെ ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ബൗദ്ധര്‍, ജൈനര്‍, പാഴ്‌സികള്‍, സിക്കുകാര്‍ എന്നൊന്നുമല്ല പറയേണ്ടത്; മറിച്ച് കുഴപ്പക്കാര്‍ അഥവാ വര്‍ഗീയവാദികള്‍ എന്നുമാത്രമാണ്. ഈ കുഴപ്പക്കാരുടെ കെണിയില്‍ ഈശ്വര ഭക്തരായ മതാനുയായികള്‍ അകപ്പെടാതിരിക്കുവാന്‍ എന്താണു ചെയ്യേണ്ടത്?
ഈ ചോദ്യത്തിനു ഇന്ത്യാമഹാരാജ്യത്തിന്റെ മുന്‍രാഷ്ട്രപതിയും ലോകാദരവു നേടിയ ദാര്‍ശനികനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍ നിര്‍ദേശിച്ച പരിഹാരം മതതാരതമ്യ പഠനം എന്നതായിരുന്നു. മതതാരതമ്യ പഠനം എന്നാല്‍ ഒരു മതാനുയായി അയാളുടെ മതഗ്രന്ഥം മാത്രം പഠിച്ചാല്‍പോര, അയല്‍ക്കാരനും സുഹൃത്തും സഹപ്രവര്‍ത്തകനും സഹപാഠിയും ഒക്കെയായ മറ്റു മതാനുയായികളുടെ മതഗ്രന്ഥങ്ങള്‍ കൂടി സാദരം പഠിക്കാന്‍ തയാറാകണം എന്നതാണ്.
അങ്ങനെ ചെയ്താല്‍ 'പല മതസ്സാരവും ഏകം' എന്നു ശ്രീനാരായണ ഗുരു പറഞ്ഞതെന്തുകൊണ്ടെന്ന് വ്യക്തമാവും. അങ്ങനെ മതതാരതമ്യ പഠനം നിര്‍വഹിച്ച് ജീവിതം ധന്യമാക്കിയ ഒരു മുസ്‌ലിം ആയിരുന്നു വിദ്വാന്‍ എ. ഇസ്ഹാഖ് സാഹിബ്.
കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ ചരിത്രത്തില്‍ എ. ഇസ്ഹാഖ് സാഹിബിന്റെ സ്ഥാനം അതുല്യമാണ്. അദ്ദേഹമാണ് ഭഗവദ്ഗീതയും മനുസ്മൃതിയും ഉള്‍പ്പെടെയുള്ള ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങള്‍ സംസ്‌കൃത ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ആദ്യത്തെ മുസ്‌ലിം. അദ്ദേഹത്തിന്റെ 'ശ്രീകൈരളീ ഭഗവദ്ഗീത' എന്ന വിവര്‍ത്തനഗ്രന്ഥം നിരണം കവികളും, കുഞ്ഞിക്കുട്ടന്‍ തമ്പുരാനും, രൈരുനായരും ഉള്‍പ്പെടുന്ന ഹിന്ദുക്കളായ കവികള്‍ നിര്‍വഹിച്ച ഭഗവത്ഗീതയുടെ പദ്യതര്‍ജമകളേക്കാള്‍ എല്ലാ അര്‍ഥത്തിലും മികച്ചതാണ്. ശൂരനാട്ടുകുഞ്ഞന്‍പിള്ളയും, പി. ഗോവിന്ദപിള്ളയും, ചട്ടമ്പിസ്വാമികളുടെ പരമ്പരയില്‍പെട്ട സന്ന്യാസിയായ വിദ്യാനന്ദതീര്‍ഥപാദ സ്വാമികളുമെല്ലാം എ. ഇസ്ഹാഖ് സാഹിബിന്റെ ഭഗവദ്ഗീതാ തര്‍ജമയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ടെങ്കിലും, ഇക്കാലത്ത് മലയാളം ഐച്ഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവര്‍ക്കുപോലും ഇസ്ഹാഖ് സാഹിബിനെയോ അദ്ദേഹത്തിന്റെ ഗീതാവിവര്‍ത്തനത്തെയോ കുറിച്ച് യാതൊന്നും അറിഞ്ഞുകൂടെന്ന സ്ഥിതിയാണുള്ളത്. പുതുതലമുറയെ ഗ്രസിച്ചിരിക്കുന്ന ഇത്തരം ചരിത്രപരമായ അജ്ഞതകള്‍ പരിഹരിക്കുവാന്‍ ചെയ്യേണ്ടത് ചെയ്തുകൊണ്ടു മാത്രമേ ഗുജറാത്തും മുസഫര്‍നഗറും ഉണ്ടാകാത്ത, ഹിന്ദു-മുസ്‌ലിം മൈത്രിയുടെ കെട്ടുറപ്പുള്ള രാജ്യമായി ഭാരതത്തെ നിലനിര്‍ത്താനാവൂ.
കരുനാഗപ്പള്ളി താലൂക്കിലെ മരുതൂര്‍ക്കുളങ്ങര തെക്കുകുളങ്ങര വാഴയത്തുവീട്ടില്‍ അലിക്കുഞ്ഞിന്റെ മകനായി 1917-ല്‍ ആണ് ഇസ്ഹാഖ് സാഹിബ് ജനിക്കുന്നത്. അമ്മാവനായ യൂസുഫ് ഇസ്‌റുദ്ദീന്‍ മൗലവിയില്‍നിന്നു അറബിയിലും സംസ്‌കൃതത്തിലും അവഗാഹം നേടി. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും പരിണതപ്രജ്ഞനായിരുന്ന ഇസ്ഹാഖ് സാഹിബ് ഏറെക്കാലം പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ ഹൈസ്‌ക്കൂളില്‍ മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1977-ല്‍ ആണു ശ്രീകൈരളി ഭഗവദ്ഗീതയുടെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1980-ല്‍ മറ്റൊരു പതിപ്പും പുറത്തിറങ്ങി. 2011-ല്‍ മകള്‍ സുഹൈദയുടെ അനുമതിയോടെ എന്‍.ബി.എസ് മൂന്നാം പതിപ്പും പുറത്തിറക്കി. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഫെലോഷിപ്പും കേരള സര്‍ക്കാറുകളുടെ ഫെലോഷിപ്പും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഇസ്ഹാഖ് സാഹിബിന് ലഭിച്ചിട്ടുണ്ട്. തമിഴരുടെ സമാരാധ്യ വേദഗ്രന്ഥമായ തുരുക്കുറള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് 1998 ഒക്‌ടോബര്‍ 19-നു 81-ാം വയസ്സില്‍ ഇസ്ഹാഖ് സാഹിബ് ദിവംഗതനാവുന്നത്. ഒരു ലേഖനത്തില്‍ സംഗ്രഹിക്കാവുന്ന ഇസ്ഹാഖ് സാഹിബിന്റെ ജീവചരിത്രം ഇത്രയുമാണ്. ഇനി അദ്ദേഹത്തിന്റെ രചനയിലേക്ക് വരാം.
എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് എല്ലാ എഴുത്തുകാര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞേക്കണമെന്നില്ലെങ്കിലും, അത്തരമൊരു ചോദ്യത്തെ ഏത് എഴുത്തുകാരനും അഭിമുഖീകരിക്കേണ്ടിവരും. ഇസ്ഹാഖ് സാഹിബും ഭഗവദ്ഗീതയെ എന്തിനു തര്‍ജമ ചെയ്യുന്നു എന്ന ചോദ്യത്തെ നേരിടുന്നുണ്ട്; അദ്ദേഹം പറയുന്ന സമാധാനം ഇങ്ങനെ: ''ഇന്നത്തെ കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ വര്‍ഗവിഭാഗങ്ങളുടെ ആദര്‍ശങ്ങളും ദ്വാപരയുഗത്തിലെ ഈ ശ്രീകൃഷ്‌ണോപദേശത്തില്‍ നമുക്ക് കാണാന്‍ കഴിയും. മറ്റുള്ളവര്‍ക്കു ചെല്ലേണ്ട ന്യായമായ ഭാഗം കൊടുക്കാതെ തന്നെത്താന്‍ ഭോഗങ്ങളെല്ലാം കുന്നുകൂട്ടി അനുഭവിക്കുന്നവന്‍ യഥാര്‍ഥ കള്ളനാണെന്നും അന്യോന്യം വിശാലമനസ്സോടെ സഹായിച്ചാല്‍ ശ്രേയസ്സു പ്രാപിക്കാമെന്നുമുള്ള ഗീതാപ്രഖ്യാപനം മറ്റെന്താണു വിളിച്ചറിയിക്കുന്നത്? (ഗീത അധ്യായം 3-11 ഉം 12 ഉം ശ്ലോകങ്ങള്‍ നോക്കുക) ഏകയോഗ ക്ഷേമമായ ഒരു സാമൂഹിക ജീവിതത്തിലേക്കല്ലേ അതു വിരല്‍ചൂണ്ടുന്നത്? മുസ്‌ലിംകളുടെ വിശുദ്ധഗ്രന്ഥമായ ഖുര്‍ആന്‍ അനുശാസിക്കുന്ന സകാത്ത് പദ്ധതി മേല്‍പ്പറഞ്ഞ ഭാഗവുമായി തട്ടിച്ചുനോക്കിയാല്‍ രണ്ടിലേയും ഏകവാക്യതയും ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. അതുപോലെ വിശുദ്ധഗ്രന്ഥത്തിലെ ഏകദൈവവിശ്വാസ സിദ്ധാന്തവും 'യതഃ പ്രവൃത്തിര്‍ ഭൂതാനം....മത്തഃ പരതരം നാന്യത്' തുടങ്ങിയ ഗീതാപദ്യങ്ങളിലെ സിദ്ധാന്തവും തമ്മിലുള്ള പൊരുത്തവും ശ്രദ്ധാര്‍ഹമാണ്. മഹാഭാരതത്തില്‍ ധര്‍മസ്ഥാപനത്തിനുവേണ്ടി നടത്തിയ കുരുക്ഷേത്രയുദ്ധം പോലെ ബദ്ര്‍, ഉഹ്ദ് യുദ്ധങ്ങളും നബിചരിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇതുപോലെ, രണ്ടുമതങ്ങളുടെയും പാരസ്പരികബന്ധം രണ്ടു മതഗ്രന്ഥങ്ങളെയും ആധാരമാക്കി സുചിന്തികര്‍ക്ക് എത്രയോ ദൃഷ്ടാന്തങ്ങള്‍മൂലം സ്ഥാപിക്കാവുന്നതാണ്....ശ്രീ പാര്‍ഥസാരഥി ഗീതയില്‍ ധര്‍മാധര്‍മവിവേചനമാണു നടത്തുന്നതെന്നു പറഞ്ഞല്ലോ. അധര്‍മത്തോടു സമരം ചെയ്ത് ധര്‍മത്തെ അദ്ദേഹം വിജയിപ്പിച്ചു പ്രകാശിപ്പിക്കുന്നു. ആ ലക്ഷ്യം സാമാന്യജനങ്ങളില്‍ എത്തിക്കുകയാണു എന്റെ ഈ വിവര്‍ത്തനത്തിന്റെ ഉദ്ദേശ്യം... ഭാരതജനജീവിതത്തില്‍ മതേതരത്വത്തിനു സ്ഥിരപ്രതിഷ്ഠ കൈവന്നിരിക്കുന്നു. അത് ഒരു ദിവസംകൊണ്ട് കൈവന്നതല്ല. അനേക കാലമായി അനേകം പേര്‍ ആത്മാര്‍ഥമായും ആധികാരികമായും പരിശ്രമിച്ചതിന്റെ ഫലമാണ്. ഇത്തരുണത്തില്‍ മുസ്‌ലിമായ ഞാന്‍ ഗീത പരിഭാഷപ്പെടുത്തുവാന്‍ തുനിഞ്ഞത് മതമൈത്രിയുടെ സിദ്ധാന്ത പ്രചാരണത്തിനു സഹായകമാകുമെന്നാണ് എന്റെ വിനീതമായ വിശ്വാസം.''
എന്തിന് ഗീത തര്‍ജമ നടത്തുന്നു എന്ന ചോദ്യത്തിനുള്ള ഇസ്ഹാഖ് സാഹിബിന്റെ മറുപടിയാണ് മേലുദ്ധരിച്ചത്. ഏകയോഗ ക്ഷേമത്തിന്റേതായ ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ ഗീതയിലെയും ഖുര്‍ആനിലെയും ധര്‍മാധര്‍മവിവേചനങ്ങളുടെ സാരം ഒന്നെന്നറിഞ്ഞ് മതമൈത്രിയോടു കൂടി മനുഷ്യര്‍ പെരുമാറണം-ധര്‍മരക്ഷണാര്‍ഥമുള്ള അത്തരമൊരു മാനവമൈത്രി കമ്മ്യൂണിസം പോലുള്ള നൂതനാദര്‍ശങ്ങള്‍ക്കും വിരുദ്ധമല്ല. ഇത്രയുമാണ് ഇസ്ഹാഖ് സാഹിബ് ഉദ്ദേശിച്ചത്. അത്തരമൊരു ഉദ്ദേശ്യത്തിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും മോഡി മോഡല്‍ കാവി ഫാഷിസത്തിന്റെയും ഇരട്ട വിപത്തിനെ നേരിടുന്ന ഇക്കാലത്തെ ഭാരതീയ ജീവിതത്തിലുള്ള പ്രസക്തി വളരെ വലുതാണ്.
ഹതോ വാ പ്രാപ്‌സ്യസിസ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യ സേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ
യുദ്ധായ കൃത നിശ്ചയഃ (ഗീത അധ്യായം: 2, ശ്ലോകം: 37) എന്ന ഗീതാശ്ലോകം ഇസ്ഹാഖ് സാഹിബ് തര്‍ജമ ചെയ്തിരിക്കുന്നത് ഇങ്ങനെ:
''മരിക്കുകില്‍ സ്വര്‍ഗമെത്താം
ജയിച്ചാല്‍ ഭൂമി വാണിടാം
അതിനാലെഴുന്നേല്‍ക്കണം
യുദ്ധം ചെയ്‌വാനുറച്ചു നീ'' എന്നാണ്. ഇവ്വിധത്തില്‍ സ്പഷ്ടവും സുന്ദരവും ആയ രീതിയിലാണ് ഗീതയിലെ 700 ശ്ലോകങ്ങളും സാഹിബ് പദ്യരൂപത്തിലേക്ക് ഭാഷാന്തരം ചെയ്തിരിക്കുന്നത്. എവിടെയും അര്‍ഥശോഷണം സംഭവിച്ചിട്ടില്ലെന്നു പറയാനാവുകയില്ലെങ്കിലും ഒരിടത്തും തെറ്റായ അര്‍ഥം പറയാനിടവന്നിട്ടില്ലെന്നു തീര്‍ച്ച പറയാം. ഇത്തരമൊരു ഗ്രന്ഥം നമ്മുടെ മലയാള പാഠ്യഭാഗങ്ങളില്‍ എഴുത്തച്ഛന്റെ സാഹിത്യംപോലെ തന്നെ എക്കാലവും ഉള്‍പ്പെടുത്തേണ്ടതാണ്. അതെന്തുകൊണ്ടുണ്ടായില്ല...? അതിനുകൂടി ഉത്തരം പറയുവാനുള്ള ബാധ്യത വര്‍ഗീയതയെ ചെറുക്കുന്നവരും മതേതരവാദികളുമായ നാടുഭരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ട്.
Comments