Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

ആണവ കരാറിന് അപ്പുറമുള്ള ഏഴ് ചോദ്യങ്ങള്‍

അബൂ സ്വാലിഹ

ഴിഞ്ഞ രണ്ട് മാസമായി ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇറാനും അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ ആറ് വന്‍ശക്തികളും ജനീവയില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിപ്പോള്‍ ഒരു താല്‍ക്കാലിക കരാറില്‍ എത്തിയിരിക്കുന്നു. ആണവ പദ്ധതികള്‍ പലതും നിര്‍ത്തിവെക്കാമെന്ന് ഇറാനും പകരം ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവുകള്‍ വരുത്താമെന്ന് വന്‍ശക്തികളും സമ്മതിച്ചു. 35 വര്‍ഷത്തെ ശത്രുതക്ക് ഭാഗികമായെങ്കിലും വിരാമം കുറിച്ചുകൊണ്ടാണ് ഇറാനും പാശ്ചാത്യ ശക്തികളും സൗഹൃദത്തിന്റെ ആദ്യപടിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്ന് പുതിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചിട്ട് മൂന്ന് മാസം തികയുന്നതിന് മുമ്പാണ് ഈ കരാര്‍.
ഇസ്രയേലിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും സമ്മര്‍ദങ്ങളെ അതിജീവിച്ച് കരാര്‍ നിലനിന്നാല്‍ ഏഴ് മേഖലകളിലെങ്കിലും അത് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും.
ഒന്ന്: അഫ്ഗാനിലും സിറിയയിലും ഇറാഖിലും അമേരിക്ക പരാജയപ്പെട്ടത് മേഖലയിലെ ശാക്തിക സംതുലനത്തില്‍ ഇറാന്റെ മേധാവിത്തം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉപരോധത്തില്‍ അയവ് വരുന്നതോട് കൂടി ഇറാന്റെ സാമ്പത്തിക രംഗവും അഭിവൃദ്ധിപ്പെടും. ഇത് ആഭ്യന്തര രാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കുക? മുല്ലമാരുടെ അധികാര കേന്ദ്രീകരണത്തിന് ഇത് ഭീഷണി ഉയര്‍ത്തുമോ?
രണ്ട്: റഷ്യയെ കൂട്ടുപിടിച്ച് സിറിയയിലെ ബശ്ശാര്‍ ഏകാധിപത്യ ഭരണകൂടത്തെ സംരക്ഷിക്കുകയാണ് ഇറാന്‍. പുതിയ കരാറോടെ ഇറാന്‍ കൂടുതല്‍ ശക്തമായിക്കഴിഞ്ഞിരിക്കെ അത് സിറിയന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തെ എങ്ങനെയാണ് സ്വാധീനിക്കുക? ബശ്ശാര്‍ വിരുദ്ധരെ 'ഭീകരവാദികള്‍' ആക്കുന്ന ഇറാനിയന്‍ നിലപാടിലേക്ക് പാശ്ചാത്യശക്തികളും എത്തുമോ?
മൂന്ന്: ഇറാഖില്‍ നേരത്തെ പിടിമുറുക്കിയിരിക്കുകയാണ് ഇറാന്‍. അവിടത്തെ ഭൂരിപക്ഷം വരുന്ന ശീഈ സമൂഹത്തിലും നൂരിമാലികിയുടെ ഭരണത്തിലും ഇറാന്ന് ഗണ്യമായ സ്വാധീനമുണ്ട്. 'സുന്നി തീവ്രവാദികള്‍'ക്കെതിരെ നൂരിമാലികിയോടൊപ്പം നില്‍ക്കാമെന്ന് വാഷിംഗ്ടണ്‍ സമ്മതിക്കുമെന്ന നിലയിലാണ്. ഇറാന് പുതുതായി ലഭിച്ച ആശ്വാസം ഇറാഖിലെ നൂരിമാലികി സ്വേഛാധിപത്യ ഭരണത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും വിഭാഗീയ സംഘര്‍ഷങ്ങളുടെ വ്യാപ്തി കൂട്ടുകയുമല്ലേ ചെയ്യുക?
നാല്: പുതിയ നീക്കത്തില്‍ കടുത്ത ഉത്കണ്ഠ അറിയിച്ചിട്ടുണ്ട് ഇറാന്റെ ബദ്ധവൈരിയായ സുഊദി അറേബ്യ. ഈ ശത്രുത മേഖലയില്‍ പുതിയ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകുമോ?
അഞ്ച്: 2014-ല്‍ അമേരിക്ക അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിലവിലെ ഭരണകൂടത്തെ താലിബാനില്‍നിന്ന് സംരക്ഷിക്കേണ്ടതുമുണ്ട്. അഫ്ഗാന്റെ തെക്കന്‍ പ്രവിശ്യകളില്‍ ഗണ്യമായ സ്വാധീനമുള്ള ഇറാന്റെ സഹായം അമേരിക്ക തേടിക്കൂടായ്കയില്ല. അങ്ങനെയെങ്കില്‍ ഒരു താലിബാന്‍ വിരുദ്ധ അമേരിക്ക-ഇറാന്‍ മുന്നണി അഫ്ഗാനില്‍ രൂപപ്പെടുമോ?
ആറ്: ലബ്‌നാന്‍-ഫലസ്ത്വീന്‍ ആണ് മറ്റൊരു പ്രശ്‌നമേഖല. ഇറാന്‍ ബശ്ശാറിനെ നിരുപാധികം പിന്തുണച്ചുകൊണ്ടിരിക്കുന്നത് ഫലസ്ത്വീനിലെ ഇസ്‌ലാമിസ്റ്റുകളുടെ പിന്തുണ നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇറാന്ന് അവലംബിക്കാവുന്നത് ലബനാനിലെ ഹിസ്ബുല്ലയെ മാത്രം. പുതിയ കരാര്‍ ഹിസ്ബുല്ലയുടെ ശക്തി വര്‍ധിപ്പിക്കുകയാണെങ്കില്‍ അത് സിറിയന്‍-ലബനീസ് ആഭ്യന്തര സംഘര്‍ഷങ്ങളില്‍ എങ്ങനെയാവും പ്രതിഫലിക്കുക?
ഏഴ്: ഇറാന്റെ ആണവ പദ്ധതി നിര്‍ത്തിവെപ്പിക്കുന്നത് ഇസ്രയേലിന് ആശ്വാസകരമാണെങ്കിലും, ആണവശക്തി വികസിപ്പിക്കാനുള്ള സാങ്കേതിക ജ്ഞാനം അവര്‍ നേടിയിട്ടുണ്ട് എന്നതും കരാറിലൂടെ ഇറാന്‍ രാഷ്ട്രീയ കരുത്ത് നേടുകയാണ് ചെയ്തിട്ടുള്ളത് എന്നതും ഇസ്രയേലിന്റെ ഉറക്കം കെടുത്തുന്നുണ്ട്. സമാന ഉത്കണ്ഠ പങ്കുവെക്കുന്ന ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ ഇറാനെതിരെ ഒരു രഹസ്യ മുന്നണി ഉണ്ടാക്കുമോ?
ഇറാനും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ കരാറിനെ വിശകലനം ചെയ്തുകൊണ്ട് അല്‍ജസീറയിലെ മുതിര്‍ന്ന കോളമിസ്റ്റ് മര്‍വാന്‍ ബിശാറ ഉയര്‍ത്തിയ ചോദ്യങ്ങളാണ് മേല്‍ കൊടുത്തത്.

മുസ്‌ലിമായിരിക്കെ യാത്ര ചെയ്താല്‍

ഹാമിദ് ദബാശി കഴിഞ്ഞ 40 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇറാനിയന്‍ വംശജനായ ബുദ്ധിജീവിയാണ്. കൊളംബിയ യൂനിവേഴ്‌സിറ്റി പ്രഫസറായ അദ്ദേഹം അല്‍ജസീറ ന്യൂസ് പോര്‍ട്ടലില്‍ കോളമെഴുതുന്നുണ്ട്. ഇറാനിയന്‍ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകന്‍. ആ ഭരണകൂടത്തെ ഫാഷിസ്റ്റ് എന്നുപോലും അദ്ദേഹം വിശേഷിപ്പിച്ച് കളയും. അതിനാല്‍ അമേരിക്കന്‍-ഇസ്രയേല്‍ ചാരക്കണ്ണുകള്‍ക്ക് ദബാശിയെ പിന്തുടരേണ്ട കാര്യമില്ല.
പക്ഷേ കഴിഞ്ഞ നവംബര്‍ 13-ന് ദക്ഷിണ കൊറിയയില്‍ ഒരു പ്രഭാഷണം കഴിഞ്ഞ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ദബാശിയെ എതിരേറ്റത് രണ്ട് സി.ബി.പി (യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍) ഉദ്യോഗസ്ഥര്‍. അവര്‍ അദ്ദേഹത്തെ തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവേര്‍സ് ലൈസന്‍സ്, കൊളംബിയ യൂനിവേഴ്‌സിറ്റി തിരിച്ചറിയല്‍ കാര്‍ഡ്, ഐപാഡ്, ഐഫോണ്‍, കുറിപ്പുകള്‍ എടുത്തുകൊണ്ടിരുന്ന നോട്ട്ബുക്ക് എല്ലാം വാങ്ങിവെച്ചു. നോട്ട്ബുക്കില്‍ കുറെ ലക്ചര്‍ നോട്ടുകളുണ്ടായിരുന്നു. അതൊക്കെയും അവര്‍ ഫോട്ടോ കോപ്പിയെടുത്തു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിട്ടയക്കുകയും ചെയ്തു. 'ഞങ്ങള്‍ക്ക് തെറ്റിപ്പോയെന്നു തോന്നുന്നു' എന്നൊരു അലസ കമന്റ് മാത്രം ഒരു ഉദ്യോഗസ്ഥനില്‍നിന്ന് പുറത്തുവന്നു. ക്ഷമാപണമോ ഖേദം പറച്ചിലോ ഒന്നുമില്ല. പിടിച്ച് വെച്ചതും പരിശോധിച്ചതും എന്തിനാണെന്ന് അദ്ദേഹത്തിന് ഇപ്പോഴും മനസ്സിലായിട്ടില്ല. അധികൃതര്‍ വിശദീകരിച്ചിട്ടുമില്ല.
വിമാനയാത്രക്കിടയില്‍ പീഡിപ്പിക്കപ്പെടുന്ന ആദ്യ മുസ്‌ലിം അല്ല താന്‍ എന്നാണ് ഇതേക്കുറിച്ച് ദബാശിയുടെ കമന്റ്. മുസ്‌ലിം പേരുണ്ടാവുക എന്നത് തന്നെ ചോദ്യം ചെയ്യപ്പെടാനും മാനസികമായി പീഡിപ്പിക്കപ്പെടാനും മതിയായ കാരണമാണ് എന്നാണദ്ദേഹം സൂചിപ്പിക്കുന്നത്. സെപ്തംബര്‍ 11 ആക്രമണത്തിന്‌ശേഷം അമേരിക്കയില്‍ ഒരു മുസ്‌ലിമിന് വിമാനയാത്രയും അതിര്‍ത്തി കടക്കലും വളരെ ദുഷ്‌കരമായിട്ടുണ്ടെന്നുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും അദ്ദേഹം ഉദ്ധരിക്കുന്നു. ''മുസ്‌ലിമായിരിക്കെ യാത്ര ചെയ്യുക' (Travelling While Muslim) എന്നത് വലിയൊരു മനുഷ്യാവകാശ പ്രശ്‌നമായി അമേരിക്കയിലെ സന്നദ്ധ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്.

യൂറോപ്പിനൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍നോഡ്

ര്‍നോഡ് വാന്‍ ഡൂണ്‍ ഇന്ന് തീര്‍ത്തും ഒരു പുതിയ മനുഷ്യനാണ്. ഒരുവര്‍ഷം മുമ്പുവരെ അദ്ദേഹം ഹോളണ്ടിലെ തീവ്രവലതുപക്ഷ കക്ഷിയായ ഡച്ച് പാര്‍ട്ടി ഓഫ് ഫ്രീഡത്തിന്റെ നേതാവ് ഗ്രീറ്റ് വില്‍ഡേഴ്‌സിന്റെ വലംകൈയായിരുന്നു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പ്രവാചകനുമെതിരില്‍ വിഷം തുപ്പുന്നതില്‍ വില്‍ഡേഴ്‌സിനെ കവിഞ്ഞേ മറ്റാരുമുള്ളൂ. പ്രവാചകനെ നിന്ദിച്ചും മുസ്‌ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിച്ചും വില്‍ഡേഴ്‌സ് പുറത്തിറക്കിയ 'ഫിത്‌ന' എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്നു ആര്‍നോഡ്.
വിമര്‍ശിക്കാനും അപവദിക്കാനുമായി ഇസ്‌ലാമിനെ പഠിച്ച് തുടങ്ങിയ ആര്‍നോഡ് താനറിയാതെ ആ ദൈവിക സന്മാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഈ വര്‍ഷം ഉംറ നിര്‍വഹിച്ച അദ്ദേഹം യൂറോപ്പിലെ ആദ്യത്തെ ഇസ്‌ലാമിക പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ തയാറെടുക്കുകയാണ്. ''ഹോളണ്ടില്‍ മാത്രമല്ല, യൂറോപ്പില്‍ മുഴുക്കെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മുസ്‌ലിം-ഇസ്‌ലാം പ്രശ്‌നങ്ങളില്‍ അനുകമ്പയുള്ള മുസ്‌ലിംകളല്ലാത്തവര്‍ക്കും ഇതില്‍ അംഗമാവാം.''
ഫിത്‌ന പോലുള്ള ഒരു ക്ഷുദ്ര ചലച്ചിത്രത്തിന് ജന്മം നല്‍കിയതിനുള്ള പ്രായശ്ചിത്തമായിരിക്കും തന്റെ ശേഷിക്കുന്ന ജീവിതമെന്ന് ആര്‍നോഡ് പറഞ്ഞിട്ടുണ്ട്. കനഡയിലെ ദഅ്‌വ സൊസൈറ്റിയുമായി ചേര്‍ന്ന് 'മുഹമ്മദ്: മാനവകുലത്തിന്റെ നേതാവ്' (Muhammed: Master of Human Beings) എന്ന സിനിമ അദ്ദേഹം ഉടന്‍ നിര്‍മിക്കും. പ്രവാചക ജീവിതത്തെ ആധാരമാക്കി ചെറിയ സിനിമകള്‍ ചെയ്യാനും അദ്ദേഹത്തിന് പരിപാടിയുണ്ട്. മദീനയെ കുറിച്ചാണ് മറ്റൊരു സിനിമ-Madinah: The Light of Islam. ഇസ്‌ലാം തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ച് ഒരു അനുഭവവിവരണം എഴുതാനും പരിപാടിയുണ്ട്. തന്റെ മാതാവിനോടും ഭാര്യയോടും മൂന്ന് മക്കളോടും താന്‍ ഇസ്‌ലാമിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി വരികയാണെന്നും അദ്ദേഹം സന്തോഷം അറിയിക്കുന്നു.

കാന്‍സറിനെ തടുക്കാന്‍ അജ്‌വ

ദീനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മേത്തരം കാരക്കയാണ് അജ്‌വ. അതില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ തടുക്കുന്ന ഘടകങ്ങളുണ്ടെന്ന് രിയാദിലെ കിംഗ് സുഊദ് യൂനിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് നടന്ന ഒരു ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. കാന്‍സര്‍ പ്രതിരോധ മരുന്നുകളില്‍ കാണുന്ന ഒട്ടുമിക്കതും അജ്‌വ കാരക്കയിലും അടങ്ങിയിരിക്കുന്നു.
അമേരിക്കയില്‍ നിന്നിറങ്ങുന്ന ജേണല്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് കെമിസ്ട്രി എന്ന പ്രസിദ്ധീകരണത്തിന്റെ 61-ാം ലക്കത്തിലാണ് ഗവേഷണ പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിച്ചിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ മലയാളിയായ പ്രഫ. മുരളീധരന്‍ നായരാണ് മുഖ്യ ഗവേഷകന്‍. കിംഗ് സുഊദ് യൂനിവേഴ്‌സിറ്റി കാരക്ക ഗവേഷണ കേന്ദ്രത്തിലെയും മിച്ചിഗണ്‍ യൂനിവേഴ്‌സിറ്റിയിലെയും നിരവധി ഗവേഷകരും പ്രോജക്ടുമായി സഹകരിച്ചു.
 

ഇനി, കെയറില്‍ ജേക്കബ് ബെന്‍ഡറും

മേരിക്കയിലെ മനുഷ്യാവകാശ കൂട്ടായ്മയായ 'ദ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ്' (CAIR) അതിന്റെ ഫിലാഡല്‍ഫിയ ബ്രാഞ്ചിന്റെ ചുമതലയേല്‍പ്പിച്ചത് ജേക്കബ് ബെന്‍ഡറെ. ജൂതവംശജനായ ഇദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകനും സിനിമാനിര്‍മാതാവും മതസംവാദങ്ങളില്‍ തല്‍പ്പരനുമാണ്. മുഖ്യമായും മുസ്‌ലിംകള്‍ക്കെതിരിലുള്ള വിവേചനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണില്‍ നിലവില്‍ വന്ന 'കെയറി'ന്റെ മുസ്‌ലിമല്ലാത്ത ആദ്യത്തെ ഉയര്‍ന്ന ഭാരവാഹിയാണ് ബെന്‍ഡര്‍. ദിനേന സംശയത്തിന്റെ നിഴലില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട മുസ്‌ലിമിന് ജോലി സ്ഥലത്തും മറ്റും നേരിടേണ്ടിവരുന്ന വിവേചനങ്ങള്‍ക്കെതിരെ താന്‍ പൊരുതുമെന്ന് അദ്ദേഹം പറഞ്ഞു.

മുടിവെട്ടിക്കിട്ടാന്‍ പിന്നെ അവന്‍ പിന്നെ എന്ത് ചെയ്യും

'മുടിവെട്ടാനും ഷേവ് ചെയ്യാനും ബുദ്ധിസത്തിലേക്ക് മതം മാറി.' ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഗുജറാത്തിലെ ഒരു ഗ്രാമീണന്റേതാണ് (ഇന്ത്യന്‍ എക്‌സ്പ്രസ്, ഒക്‌ടോബര്‍ 21). ഗുജറാത്തിലെ ദംഗര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അവിടെ ബാര്‍ബര്‍മാരാരും ദലിതുകളുടെ മുടിവെട്ടുകയില്ല, ഷേവ് ചെയ്തുകൊടുക്കുകയില്ല. അങ്ങനെ ചെയ്താല്‍ ഉന്നത ജാതിക്കാര്‍ പിന്നെ ആ ബാര്‍ബര്‍ഷാപ്പുകളില്‍ കയറുകയില്ലത്രെ. ദലിതുകള്‍ അംബേദ്കറുടെ മാര്‍ഗം തന്നെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഗ്രാമത്തിലെ 60 ദലിത് കുടുംബങ്ങള്‍ ഒന്നടങ്കം ബുദ്ധിസത്തിലേക്ക് മതം മാറി. മതംമാറ്റ ചടങ്ങ് സംഘടിപ്പിച്ച സംഘാടകര്‍ പറയുന്നത് 60,000 പേരെങ്കിലും ഇതിനകം ബുദ്ധമതത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ്. ഒരു 'ഹെയര്‍ കട്ട് ആന്റ് ഷേവ്' റാലിയും അവര്‍ സംഘടിപ്പിച്ചു. ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാതി വിവേചനത്തിലും തൊട്ടുകൂടായ്മയിലും മനം മടുത്ത് 1954-ല്‍ വലിയൊരു വിഭാഗം ദലിതുകള്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും രക്ഷാമാര്‍ഗമായി കാണുന്ന ദലിതുകളും ഉണ്ട്. ഇന്ത്യയില്‍ ദലിതനായി ജീവിക്കുക അതീവ ദുഷ്‌കരമാണെന്ന് ദലിത് ചിന്തകര്‍ നിരന്തരം വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. നിലനില്‍ക്കുന്ന ഹിന്ദു സംസ്‌കൃതിയുടെ അടിത്തറ ജാതീയതയായി മാറിയിട്ടുണ്ടെന്നും പരിഷ്‌കരണങ്ങള്‍ക്ക് മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി അതാണെന്നുമുള്ള ഫ്രഞ്ച് ചിന്തകന്‍ റൊമെയ്ന്‍ റൊളണ്ടിന്റെ പരാമര്‍ശം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം.

പ്രാതിനിധ്യം മൂന്നിരട്ടിയുണ്ട്, ജയിലുകളില്‍

ഹാരാഷ്ട്രാ സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ ഏകദേശം 10.3 ദശലക്ഷം. ഇവരില്‍ 60 ശതമാനം ദാരിദ്ര്യരേഖക്ക് താഴെ. 25 ശതമാനം ദാരിദ്ര്യ രേഖക്ക് തൊട്ടു മുകളില്‍. മഹാരാഷ്ട്ര മുസ്‌ലിംകളില്‍ 2.2 ശതമാനം മാത്രമാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍. സ്ത്രീകളിലേക്കെത്തുമ്പോള്‍ ബിരുദധാരികളുടെ എണ്ണം 1.4 ശതമാനമായി കുറയുന്നു. ഐ.എസ്.എസ് കാഡറില്‍ ജോലി ചെയ്യുന്ന ഒരാള്‍ പോലുമില്ല. പോലീസില്‍ അവരുടെ പ്രാതിനിധ്യം 4.4 ശതമാനം. ഇങ്ങനെയൊക്കെയാണെങ്കിലും മുസ്‌ലിം പ്രാതിനിധ്യം മൂന്നിരട്ടിയിലധികം വരുന്ന ഒരു മേഖലയുണ്ട്- ജയിലുകള്‍! സംസ്ഥാനത്തെ തടവുകാരില്‍ 32-35 ശതമാനം വരെ മുസ്‌ലിംകളാണത്രെ.
കഴിഞ്ഞ ഒക്‌ടോബര്‍ 21-ന് ഡോ. മഹ്മൂദ് റഹ്മാന്‍ കമ്മിറ്റി സംസ്ഥാന മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ് ഈ വിവരങ്ങള്‍. മഹാരാഷ്ട്ര മുസ്‌ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ അഞ്ചു വര്‍ഷം മുമ്പ് നിയോഗിക്കപ്പെട്ടതായിരുന്നു മഹ്മൂദ് റഹ്മാന്‍ കമ്മിറ്റി.
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ജനസംഖ്യാനുപാതികമായി എട്ടോ പത്തോ ശതമാനം ജോലി സംവരണം അവര്‍ക്ക് നല്‍കണമെന്നാണ് കമീഷന്റെ ഒരു പ്രധാന നിര്‍ദേശം. ഒട്ടനവധി വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിരിക്കുന്നു. അവ പലതും കൈയടക്കിവെച്ചിരിക്കുന്നത് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തന്നെ. അവ വഖ്ഫ് ബോര്‍ഡിന് തിരിച്ചു നല്‍കണം.
എന്തുകൊണ്ടാണ് ഇത്രയധികം മുസ്‌ലിംകള്‍ മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയേണ്ടിവരുന്നത്? ഭീകരതയുടെ മറവില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഈ ചോദ്യം വളരെ പ്രസക്തമാണ്. 

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ കൊല്ലുന്നതാര്

റാനിയന്‍ ആണവശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടി വധിക്കപ്പെട്ടു. പേര് മൊജ്തബ അഹ്മദി. സൈബര്‍ വാര്‍ഫെയറിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. തെഹ്‌റാന്‍ നഗരത്തിന്റെ പ്രാന്തത്തില്‍ തലക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ പ്രസംഗിക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തശേഷം ഇറാനും പാശ്ചാത്യ ലോകവും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വന്ന സന്ദര്‍ഭത്തിലായിരുന്നു ഈ കൊലപാതകം.
ഇതൊരു  ഒറ്റപ്പെട്ട സംഭവമല്ല. 2007 മുതല്‍ തുടങ്ങിയതാണ് ഇറാനിയന്‍ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതി. മസ്ഊദ് അലി മുഹമ്മദി (2010), മജീദ് ശഹ്‌രിയാരി (2010), മുസ്ത്വഫ അഹ്മദി- റോഷന്‍ (2012), ഹസന്‍ ശാതിരി (2013) എന്നിവരാണ് നേരത്തെ വധിക്കപ്പെട്ട ശാസ്ത്രജ്ഞര്‍. മൊജ്തബ അഹ്മദി കൊലക്കത്തിക്കിരയായ അഞ്ചാമത്തെ പ്രമുഖ ശാസ്ത്രജ്ഞനാണ്. ആരാണിതിന് പിന്നില്‍ എന്ന ചോദ്യത്തിന് അമേരിക്കയിലെ എന്‍.ബി.സി ന്യൂസ് കഴിഞ്ഞ വര്‍ഷം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. 'ആണവ ശാസ്ത്രജ്ഞര്‍ക്കെതിരെ മാരകാക്രമണങ്ങള്‍ നടത്തുന്നത് ഇറാനിലെ ഒരു വിമത ഗ്രൂപ്പാണ്. അവര്‍ക്ക് രഹസ്യമായി ഫണ്ട് എത്തിക്കുന്നത് ഇസ്രയേല്‍ ചാര സംഘടനയും.' ഇറാനിയന്‍ വിമത ഗ്രൂപ്പിന്റെ പേര് മുജാഹിദീനെ ഖല്‍ഖ്. മാര്‍ക്‌സിസത്തിന്റെയും ഇസ്‌ലാമിന്റെയും ഒരു അവിയല്‍ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഈ സായുധ വിഭാഗം ഭീകരന്മാരുടെ കറുത്ത പട്ടികയില്‍ ഉണ്ടെങ്കിലും അമേരിക്കയുടെയും ഇസ്രയേലിന്റെയും സ്വന്തക്കാരാണ്. ഇസ്രയേലി ചാരസംഘടനയായ മൊസാദിന് നേര്‍ക്കു നേരെ ഇറാനിലേക്ക് ആക്‌സസ് ഇല്ലാത്തതിനാല്‍ സ്‌ഫോടനം, കൊലപാതകം പോലുള്ള ഭീകരവൃത്തികള്‍ക്കൊക്കെ മുജാഹിദീനെ ഖല്‍ഖിനെ പരിശീലിപ്പിച്ച് വിടുകയാണ് ചെയ്യുക. ഒടുവിലത്തെ കൊലപാതകത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്: അമേരിക്ക ഇറാനുമായി അടുക്കുന്നത് തടയുക.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍