Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

ഓരോ ദിനവും പുതിയ അനുഭവമാക്കുക

ഡോ. ജാസിമുല്‍ മുത്വവ്വ / കുടുംബം

''മടുപ്പ്, മരവിപ്പ്, ഒരേ പതിവുകള്‍, മുഷിപ്പ്, ഒരു പുതുമയുമില്ല''- പത്തു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഭാര്യയുമായി വേര്‍പിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ആ യുവാവ് പറഞ്ഞു. വിവാഹാലോചനാ വേളയിലും മധുവിധു കാലത്തും വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളിലും ഉണ്ടായ വികാരങ്ങള്‍ നിങ്ങളുടെ ജീവിതാന്ത്യം വരെ നിലനില്‍ക്കുമെന്നാണോ നിങ്ങള്‍ ധരിച്ചുവെച്ചിരുന്നത്? ദാമ്പത്യ ജീവിതം ഒരു ടെലിവിഷന്‍ സീരിയല്‍ അല്ല. ശാരീരികവും മാനസികവും ആരോഗ്യപരവുമായ ഒട്ടനവധി അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോവേണ്ടതാണ് വൈവാഹിക ജീവിതം. വികാരങ്ങളും വിചാരങ്ങളും അഭിനിവേശങ്ങളും വരെ മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നും ഒരേ അവസ്ഥ തുടരില്ല. ക്ഷമ, സമര്‍പ്പണം, ത്യാഗം, മാറ്റങ്ങളെക്കുറിച്ചുള്ള ആശയും പ്രതീക്ഷയും- ഇവയെല്ലാം വൈവാഹിക ജീവിതത്തില്‍ ഉണ്ടായേ തീരൂ.
മടുപ്പും വിരസതയും മുഷിപ്പും അനുഭവപ്പെടുന്ന ദമ്പതികളുടെ മുമ്പില്‍ രണ്ട് വഴികളേയുള്ളൂ. എന്നും ഇതേ നില തുടരുമെന്ന് കരുതി ഈ ചിന്തക്ക് വഴങ്ങി താങ്കളെ പോലെ വേര്‍പിരിയലിനെക്കുറിച്ച് ആലോചിക്കുക. അല്ലെങ്കില്‍ വൈവാഹിക ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്ന കേടുപാടുകള്‍ തീര്‍ത്ത്, ബന്ധങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചുറച്ചു മുന്നോട്ടുപോവുക. കഴിഞ്ഞകാലത്തെക്കുറിച്ച ഓര്‍മകള്‍ വര്‍ത്തമാനകാലത്തിന് പ്രചോദനമാകുന്ന വിധമാവണം ഇരുവരുടെയും സമീപനങ്ങള്‍. സമീപനം നിഷേധാത്മകമാവരുത്. ദാമ്പത്യത്തിലെ മടുപ്പും മുഷിപ്പുമകറ്റാന്‍ നിരവധി രീതികളുണ്ട്. ദമ്പതികള്‍ക്കിടയിലെ സംഭാഷണ രീതി മാറ്റുകയാണ് അവയില്‍ മുഖ്യം. എന്നും സ്ഥിരമായി ഒരേ ചോദ്യവും മറുപടിയും എന്ന നില മാറണം. തൊഴിലിടങ്ങളില്‍ നിന്നോ കച്ചവടസ്ഥാപനത്തില്‍ നിന്നോ ഓഫീസില്‍ നിന്നോ സ്‌കൂളില്‍ നിന്നോ വന്ന പാടെ വര്‍ഷങ്ങളായി തുടരുന്ന ചില ചോദ്യങ്ങളുണ്ടല്ലോ. 'എന്തുണ്ട് വിശേഷങ്ങള്‍? അവരുറങ്ങിയോ? അവര്‍ ഒക്കെ പഠിച്ചാണോ ഉറങ്ങിയത്?' തുടങ്ങിയ ഒരു പിതാവിന്റെ വായില്‍ നിന്നുയരുന്ന സ്ഥിരം പല്ലവികള്‍. ഇതേ ചോദ്യങ്ങളും ഇതേ മറുപടിയും വര്‍ഷങ്ങളായി എന്നും സായാഹ്നങ്ങളില്‍ ആവര്‍ത്തിക്കുമ്പോള്‍ മടുപ്പും മുഷിപ്പും ഇരുവര്‍ക്കും സ്വാഭാവികം. പിന്നെ ഒന്നും ചോദിക്കാനും പറയാനുമില്ലാതെ സ്തംഭിച്ചു പോവും. ഈ രീതിയും പല്ലവിയും ഒന്ന് മാറ്റി പിടിക്കണം. പുതിയ താളവും ശ്രുതിയും കണ്ടെത്തണം. വീട്ടില്‍ വന്ന് കയറിയ പാടെയുള്ള ആദ്യത്തെ കുറച്ച് മിനിറ്റുകള്‍ ദമ്പതികള്‍ തങ്ങളെക്കുറിച്ച വിചാര വികാരങ്ങള്‍ പങ്കിടാനാവണം വിനിയോഗിക്കേണ്ടത്. മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും അവിടെ നില്‍ക്കട്ടെ. തെല്ലിട ഉദാഹരണമായി നമുക്ക് ഇങ്ങനെ ഒന്ന് പറഞ്ഞ് ശീലിക്കാം. 'ഇന്നെന്താണെന്നറിയില്ല, ഏറിയ നേരവും ഞാന്‍ നിന്നെ കുറിച്ചാണ് ഓര്‍ത്തത്. വീട് നിയന്ത്രിക്കാന്‍ ഒരുപാട് നീ കഷ്ടപ്പെടുന്നുണ്ടല്ലോ, നിനക്ക് ഞാനിന്ന് ഒരു പ്രത്യേക സമ്മാനം കൊണ്ടുവന്നിട്ടുണ്ട്' തുടങ്ങിയ സല്ലാപോക്തികള്‍ ഭര്‍ത്താവും 'അല്‍ഹംദുലില്ലാഹ് സന്തോഷമായി, നിങ്ങളിങ്ങെത്തുന്നതുവരെ ഉള്ളില്‍ തീയാണ്, ഈ ചീറിപ്പായുന്ന ബസ്സുകളുടെയും വാഹനങ്ങളുടെയും നടുവിലൂടെയാണല്ലോ നിങ്ങള്‍ കടന്നുവരേണ്ടത് എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനവും ഉണ്ടാവാറില്ല, ഏതായാലും വേണ്ടില്ല നിങ്ങളിങ്ങെത്തിയല്ലോ' എന്ന് കുളിര് കോരും വാക്കുകള്‍ ഭാര്യയും പറഞ്ഞ് നോക്കട്ടെ. ഇത് സന്ദര്‍ഭവും നേരവും നോക്കി വിവിധ വിധം പറയാവുന്നതാണ്. വിഷയങ്ങള്‍ക്കാണോ പഞ്ഞം? വീട്ടില്‍ കാലെടുത്ത് കുത്തുമ്പോഴേക്കും പരാതികളും പരിഭവങ്ങളും ആവശ്യങ്ങളുടെ പട്ടികയും സമര്‍പ്പിക്കുന്ന പഴയ രീതി ഒഴിവാക്കി പുതിയ രീതി പരീക്ഷിച്ചാല്‍ മടുപ്പിന്റെയും വിരസതയുടെയും മുഷിപ്പിന്റെയും അവസ്ഥ മാറുന്നത് കാണാം.
കൂടാതെ ദൈനംദിന പരിപാടികളിലും വേണം ചില മാറ്റങ്ങളൊക്കെ. ഒരുമിച്ചൊരു സായാഹ്ന സവാരി, കടല്‍ തീരത്തോ പാര്‍ക്കിലോ ഒരു ഉലാത്തല്‍, ഒരു കുടുംബ സന്ദര്‍ശനം, പഴയ സുഹൃത്തുക്കളെ സന്ദര്‍ശിക്കല്‍ ഇങ്ങനെ ചിലതൊക്കെ. ദാമ്പത്യത്തില്‍ മുരടിപ്പും മുഷിപ്പും അനുഭവപ്പെടുന്നതായി പരാതിപ്പെട്ട ദമ്പതികളോട് ഞാന്‍ നിര്‍ദേശിച്ചു: ''നിങ്ങളിരുവരും ഒന്നിച്ച് തഹജ്ജുദ് നമസ്‌കാരം പതിവാക്കൂ. അത് ജീവിതത്തിന് ഒരു പുതിയ അര്‍ഥതലം കൈവരുത്തും.'' പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ഇരുവരുടെയും സ്ഥിതി സന്തോഷം പകരും വിധം മാറിയതായി കണ്ടു. കേവല ഭൗതിക കാഴ്ചപ്പാടിനപ്പുറം ആത്മീയ തലത്തിലേക്കുയര്‍ന്നപ്പോള്‍ സംഭവിച്ച മാറ്റമാണത്. വീട്ടിലെ ജോലി ചെയ്ത് ചെയ്ത് മടുത്തെന്നും ഒരു വേലക്കാരിയെ ഏര്‍പ്പെടുത്തിത്തരണമെന്നും ആവശ്യപ്പെട്ട മകള്‍ ഫാത്വിമ(റ)ക്ക് പിതാവ് റസൂല്‍(സ) നല്‍കിയ ഉപദേശം ഓര്‍മയില്ലേ? ''സുബ്ഹാനല്ലാഹ്.. അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ ദിക്‌റുകള്‍ ഉരുവിടുക.'' ഇത് വേലക്കാരിക്ക് പകരമാവില്ലെന്ന് നബി(സ)ക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ, മകള്‍ ഫാത്വിമയുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ ഒക്കെ ശരിയാകുമെന്നും വേലക്കാരി ഇല്ലെന്നുള്ള പരിഭവം തീര്‍ന്നു കൊള്ളുമെന്നും തിരുമേനിക്ക് ബോധ്യമുണ്ടായിരുന്നു. അപ്പോള്‍ വീക്ഷണചക്രവാളം വികസിക്കണം. മുരടിപ്പും മുഷിപ്പും താനേ മാറിക്കൊള്ളും.
''പുതിയ രീതി ഞാന്‍ പരീക്ഷിക്കാം. വേര്‍പിരിയലിനെക്കുറിച്ച ചിന്ത കൈയൊഴിക്കാം. എന്നെ അതിശയപ്പെടുത്തുന്ന ഒരു ചോദ്യമുണ്ട്. ഇത്രയൊക്കെ മടുപ്പും മുഷിപ്പും മുരടിപ്പുമൊക്കെ ഉണ്ടായിട്ടും പതിവ് രീതികളില്‍ മാറ്റമൊന്നുമില്ലാതിരുന്നിട്ടും മരണം വരെയും ദാമ്പത്യ ബന്ധങ്ങള്‍ തുടര്‍ന്ന് പോകുന്നതിലെ രഹസ്യമെന്താണ്?'' അയാള്‍ കൗതുകപൂര്‍വം തിരക്കി.
''ഇങ്ങനെയൊക്കെയായാലും തുടര്‍ന്ന് പോകുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്ന്, നമ്മുടെ മതശാസന തന്നെ. ദാമ്പത്യം സാധ്യമാക്കുന്ന ഐഹികവും പാരത്രികവുമായ ജീവിത വിജയം, ഇണകളോട് നല്ല പെരുമാറ്റം അനുശാസിക്കുന്ന ഖുര്‍ആന്‍ - ഹദീസ് അധ്യാപനങ്ങള്‍. ഇങ്ങനെ പല ഘടകങ്ങളും. രണ്ട്, മക്കള്‍. ദാമ്പത്യ ബന്ധം ഏത് നിലക്കും തുടര്‍ന്ന് പോവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണത്. മൂന്ന്, മാറ്റത്തെക്കുറിച്ച ആശയും പ്രതീക്ഷയും. കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് മനുഷ്യന്‍ മാറുമെന്ന വിചാരം തങ്ങളുടെ ദാമ്പത്യ ജീവിതത്തിനും ബാധകമാണെന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് തോന്നും. നാല്, സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും അന്തസ്സും മനസ്സിലാക്കുന്ന ദമ്പതികള്‍ വിവാഹ മോചനത്തോടെ വന്നു ചേരുന്ന ദുഷ്‌പേര് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. അഞ്ച്, കുടുംബത്തിന്റെ സമ്മര്‍ദം. ഒരു വേര്‍പിരിയല്‍ ഒഴിവാക്കണമെന്ന കുടുംബാംഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങേണ്ടിവരുന്നു. ആറ്, ഇണയുടെ വികാര-വിചാരങ്ങള്‍ സത്യസന്ധമായി വിലയിരുത്തിയും വിലമതിച്ചും എല്ലാം ക്ഷമിച്ചും സഹിച്ചും അര്‍പ്പണ മനസ്സോടെ പരസ്പരം മനസ്സിലാക്കി ശിഷ്ട ജീവിതം സന്തോഷത്തോടെ കഴിയണമെന്ന വിവേകപൂര്‍വമായ തീരുമാനം. ഏഴ്, കഴിഞ്ഞകാല ജീവിതത്തിലെ മധുരവും കയ്പും കണ്ണീരും പുഞ്ചിരിയും ഉള്‍ചേര്‍ന്ന അനുഭവങ്ങള്‍ ഓര്‍ത്ത് എല്ലാം മറക്കാനും പൊറുക്കാനും തയാറാവുന്ന മനസ്സ്. എട്ട്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും മാതാപിതാക്കളെ തങ്ങളുടെ വേര്‍പിരിയല്‍ തീരുമാനം വേദനിപ്പിക്കുമെന്ന വിചാരം. ഒമ്പത്, എത്രയോ വര്‍ഷങ്ങള്‍ ഒന്നിച്ച് പങ്കിട്ട ജീവിതാനുഭവങ്ങള്‍ ഒറ്റ വാക്കോടെ പിഴുതെറിയപ്പെടുമല്ലോ എന്ന വേദന. പത്ത്, ദമ്പതികള്‍ വിപ്രവാസ ജീവിതം നയിക്കുന്നവരാണെങ്കില്‍ ഇരുവര്‍ക്കും പരസ്പരം ആശ്രയിച്ചേ മതിയാവൂ. വേര്‍പിരിയല്‍ തങ്ങളുടെ ജീവിതത്തെ ആകെ തകര്‍ക്കുമെന്ന യാഥാര്‍ഥ്യബോധം. പതിനൊന്ന്, അജ്ഞാത ഭാവിയെക്കുറിച്ച ഉത്കണ്ഠയും ഭയവും. വേര്‍പിരിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന വ്യഥ പലരെയും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പന്ത്രണ്ട്, വേര്‍പിരിഞ്ഞാല്‍, പകരം കിട്ടുന്നത് ഇതിനേക്കാള്‍ മോശമാകുമോ എന്ന ആശങ്ക.''
എല്ലാം കേട്ടു കഴിഞ്ഞ് പോകാനെഴുന്നേറ്റ യൂവാവ്: ''വേര്‍പിരിയാനുള്ള ചിന്ത ഞാന്‍ കൈയൊഴിച്ചു. ഞങ്ങള്‍ ഒന്നിച്ചു ജീവിതാന്ത്യം വരെ തുടരാന്‍ തീരുമാനിച്ചു. അങ്ങേക്ക് നന്ദി.''
വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍