മുസ്‌ലിം സംഘടനകളും മത സാമൂഹിക പരിസരങ്ങളും
മുസ്‌ലിംകള്‍ക്കിടയിലെ സംഘടനാ ബാഹുല്യം ഒരുതരത്തില്‍ പറഞ്ഞാല്‍ സമുദായത്തിന്റെ പൊതുവായ ശാക്തീകരണത്തിന് ഗുണപരമായ സംഭാവനകളാണര്‍പ്പിച്ചിട്ടുള്ളത്. കര്‍മ മണ്ഡലങ്ങളില്‍ എല്ലാ കൂട്ടരും സജീവമായി. ആശയപരമായ ചര്‍ച്ചകള്‍ എല്ലാ വിഭാഗക്കാര്‍ക്കിടയിലും അത്യുത്സാഹപൂര്‍വം നടന്നു; എഴുത്തും വായനയും വര്‍ധിച്ചു. അതുളവാക്കിയ ബുദ്ധിപരമായ ഉണര്‍വ്വ് മൊത്തത്തില്‍ സമുദായത്തെ സചേതനമാക്കി. വിവിധ വിഭാഗക്കാര്‍ നടത്തുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുസ്‌ലിംകള്‍ക്കുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തും മുസ്‌ലിം സംഘടനാ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം പ്രകടമാണ്. പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും മാത്രമല്ല, സാമാന്യമായി വിദ്യാസമ്പന്നമായ സമൂഹത്തിന്റെ നിര്‍മിതിക്ക് ഉതകുന്ന ധാരാളം മണ്ഡലങ്ങളില്‍ ഇന്ന് സമുദായ സംഘടനകളുടെ പ്രബലമായ സ്വാധീനം സ്പര്‍ശിച്ചറിയാം. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം മുതല്‍ സ്പാനിഷ്-ടര്‍ക്കിഷ് തുടങ്ങിയ വിദേശ ഭാഷാപഠനം വരെ മുസ്‌ലിം സംഘടനകളുടെ അജണ്ടയിലുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, വെക്കേഷന്‍ ക്യാമ്പുകള്‍, സര്‍ഗമത്സരങ്ങള്‍ തുടങ്ങിയവയിലൂടെ ചെറുപ്പക്കാരുടെ ബോധനിലവാരം ഉയര്‍ത്തുവാനും സാംസ്‌കാരികാഭിരുചികളെ പരിപോഷിപ്പിക്കാനും എല്ലാ മുസ്‌ലിം സംഘടനകളും നിരന്തരം ശ്രമിക്കുന്നു. അതിന്റെ ഫലം കാണാനുമുണ്ട്-അതായത് പുതിയ കാലത്തോട് മുഖംതിരിച്ചുവെക്കുകയും ഘടികാരത്തിന്റെ സൂചി പിറകോട്ടു തിരിച്ചുവെക്കുകയും ചെയ്യുന്ന പ്രാകൃത സമൂഹമല്ല ഇന്ന് മുസ്‌ലിംകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍. അവരെ ഈ നിലയില്‍ 'അപ്‌ഡേറ്റ്' ചെയ്തതിന്റെ പ്രശംസയത്രയും അര്‍ഹിക്കുന്നത് പരസ്പരം കടിച്ചുകീറുന്ന സംഘടനകള്‍ തന്നെ. ഈ അവസ്ഥാന്തരത്തിന്റെ ഒരു പ്രത്യേകത കൂടി എടുത്തുപറയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ആശയപരിസരങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ താല്‍പര്യമില്ലാത്ത ഒരു യുവനിരയെയാണ് സംഘടനകള്‍ നിര്‍മിച്ചെടുത്തത്. ആധുനിക വിദ്യാഭ്യാസവും അതിലൂടെ ലഭ്യമായ നൂതനമായ ആശയങ്ങളും, സ്വന്തം മതപാരമ്പര്യങ്ങളെ നിരാകരിക്കാനും ആധുനിക മതേതര വ്യക്തിത്വത്തിനനുസരിച്ച് സ്വയം പാകപ്പെടുത്താനുമുള്ള അഭിവാഞ്ഛ അവരില്‍ സൃഷ്ടിച്ചില്ല. സംഘടനാ ബന്ധങ്ങളുടെ സ്വാധീനം കൊണ്ടുകൂടിയാവാം നിന്നേടത്തുതന്നെ അവര്‍ നിന്നു. നീളക്കുപ്പായവും തൊപ്പിയും നിസ്‌കാരത്തഴമ്പുമായി, ഐ.ടി കമ്പനിയാപ്പീസില്‍ സ്വയം ബൈക്കോടിച്ചു വരികയും മണിമണിയായി ഫ്രഞ്ചും സ്പാനിഷും സംസാരിക്കുകയും ചെയ്യുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ ഇന്ന് കൗതുക കാഴ്ചയല്ല. ഈ അവസ്ഥാന്തരത്തിന് പിന്നില്‍ മതസംഘടനകളുടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്; യാഥാസ്ഥിതിക വിഭാഗങ്ങളെന്ന് ആക്ഷേപിക്കപ്പെടുന്നവരുടേതുപോലും.
അതിരറ്റ ആത്മവിശ്വാസം
മതസംഘടനകള്‍ മുസ്‌ലിം സമുദായത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന അതിരറ്റ ആത്മവിശ്വാസമാണ്. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ സാമുദായിക സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ മുന്നേറ്റമുണ്ടാക്കുകയും അനാചാരങ്ങളില്‍നിന്ന് അവരെ വിമുക്തരാക്കുകയും മൊത്തത്തില്‍ മുസ്‌ലിം സമുദായാംഗങ്ങളെ സംസ്‌കൃതചിത്തരാക്കുകയും മറ്റുമായിരുന്നു പുരോഗമന മുസ്‌ലിം സംഘടനകളുടെ ദൗത്യം. ശൈഖ് ഹമദാനി തങ്ങള്‍ സ്ഥാപിച്ച അഴീക്കോട്ടെ ലജ്‌നത്തുല്‍ ഹമദാനി സഭയും ഏറിയാട്ടെ ലജ്‌നത്തുല്‍ ഇസ്‌ലാം സഭയും പിന്നീടുണ്ടായ കൊടുങ്ങല്ലൂരിലെ കേരള മുസ്‌ലിം ഐക്യസംഘവും പോലെയുള്ള ആദ്യകാല മുസ്‌ലിം മുന്‍കൈകള്‍ പോലും സമുദായ പരിഷ്‌കരണത്തിന്നാണ് ശ്രമിച്ചത്. വിദ്യാഭ്യാസം, അനാചാര നിര്‍മാര്‍ജനം തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സംഘടനകള്‍ മുന്‍തൂക്കം നല്‍കി. അതുവഴി തൊഴില്‍, മെച്ചപ്പെട്ട ജീവിതം, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയവ നേടാന്‍ മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് സാധിച്ചുവെങ്കിലും സര്‍ക്കാറിന്റെയും മറ്റു സാമൂഹിക സ്ഥാപനങ്ങളുടെയും സേവനോപാധികളുടെ ഗുണഭോക്താക്കളായിത്തീരാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. വിദ്യാഭ്യാസ മുന്നേറ്റം കൊണ്ടു ജോലി കിട്ടി, പക്ഷേ അവര്‍ അവരുടേതായ ഒരു സ്വാശ്രയ വ്യവസ്ഥ സൃഷ്ടിച്ചില്ല. ഇതര സാമൂഹിക സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു അവര്‍ക്ക് ഒട്ടുമുക്കാലും. ഇന്ന് സ്ഥിതി മറിച്ചാണ്. സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന പൊതുവിദ്യാഭ്യാസത്തിന് ബദലായി അവര്‍ക്ക് ശക്തമായ ഒരു ബദല്‍ വിദ്യാഭ്യാസ സമ്പ്രദായമുണ്ട്, ബദല്‍ സര്‍വകലാശാലകളുണ്ട്, എന്തിനേറെ ഹോം സിനിമയെന്ന പേരില്‍ ബദല്‍ സിനിമ പോലുമുണ്ട്. സര്‍ക്കാര്‍ യുവജനോത്സവങ്ങള്‍ക്ക് ബദലായി മുസ്‌ലിം പെണ്‍കുട്ടികളുടെ നാടക മത്സരം സംഘടിപ്പിക്കുകയുണ്ടായി ജി.ഐ.ഒ ഈയിടെ. എസ്.എസ്.എഫും എസ്.കെ.എസ്.എസ്.എഫും മറ്റും സ്‌കൂള്‍-കോളേജ് യുവജനോത്സവങ്ങളുടെ മാതൃകയില്‍ ബദല്‍ സാഹിത്യ-സര്‍ഗോത്സവങ്ങള്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്നു. സാന്ത്വന ചികിത്സാരംഗത്തുപോലും മുസ്‌ലിം ചെറുമാതൃകകള്‍ കാണാം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് മുസ്‌ലിം സംഘടനകളാണ്. ഇവയെ യഥാവിധി വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാവുന്നത് മുസ്‌ലിം സംഘടനകള്‍ നടത്തുന്ന ഊര്‍ജപ്രസരണം സാമാന്യമായി സമുദായത്തെ വളരെയധികം ചലനാത്മകമാക്കുന്നു എന്നു തന്നെയാണ്.
പഴയ കാലത്ത് കല, സംഗീതം, നാടകം, കായിക വിനോദങ്ങള്‍ തുടങ്ങിയ സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു; വിശേഷിച്ചും മലബാറില്‍ കലയും സംഗീതവുമൊക്കെ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടു. മുസ്‌ലിം നവോത്ഥാന സംരംഭങ്ങള്‍ ഒഴുക്കിവിട്ട ഊര്‍ജത്തിന്റെ കൈവഴികള്‍ കുറേയൊക്കെ പൊതുമണ്ഡലത്തിലേക്ക് വഴിമാറിയൊഴുകിയതും ഇതിന്നു കാരണമായി ഭവിച്ചിട്ടുണ്ട്. ബാബുരാജിനേയും കെ.ടി മുഹമ്മദിനേയുമൊക്കെ സാധ്യമാക്കിയതിന് പിന്നില്‍ ഈ ഊര്‍ജം വലിയ പങ്കുവഹിച്ചിട്ടുണ്ട്; കോഴിക്കോട്ടെ മാളികകളും അവിടെ ഉയിര്‍ത്ത സംഗീത സദസ്സുകളും എണ്ണമറ്റ കലാ-കായിക ക്ലബ്ബുകളുമൊക്കെ സൃഷ്ടിച്ച സാംസ്‌കാരിക വേലിയേറ്റത്തിന്റെ ചിത്രം ഓര്‍ക്കുക. ഈ വേലിയേറ്റത്തിന്റെ ഉപലബ്ധിയായിരുന്നു നിലമ്പൂരില്‍ കമ്യൂണിസവും നാടകവുമൊക്കെ കൊണ്ടുനടന്ന ഡോ: എം. ഉസ്മാന്‍. കലാ സാംസ്‌കാരിക രംഗത്തേക്കൊഴുക്കിയ മുസ്‌ലിം സമുദായത്തിന്റെ പണം പിന്നീട് എങ്ങോട്ടുപോയി? ഡോ: ഉസ്മാന്‍ എത്തിച്ചേര്‍ന്നത് മുജാഹിദ് പ്രസ്ഥാനത്തിലാണ്. കമ്യൂണിസ്റ്റുകാരനും നാടകകൃത്തുമായ ഡോ. ഉസ്മാന്‍ കെ.എന്‍.എമ്മിന്റെ സംസ്ഥാന പ്രസിഡന്റായി. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ വിഭവങ്ങള്‍ക്കും വന്നുഭവിച്ചത്. കലാ-സാംസ്‌കാരിക രംഗത്തെ മുസ്‌ലിം മുന്‍കൈകള്‍ നിര്‍ജീവമാവുകയും അവരുടെ അധ്വാനവും ധനവും കൂടുതലായി മതപ്രബോധന രംഗത്തേക്ക് മാറിയൊഴുകുകയും ചെയ്തു. മുസ്‌ലിം സംഘടനകളാണ് ഈ മാറ്റത്തിന്നു വഴിവെച്ചത്. ഇന്ന് വന്‍തോതില്‍ സംഘടനകള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഒരുമാതിരിപ്പെട്ട ചെറുപ്പക്കാരൊക്കെ ഇന്ന് മതസംഘടനകളുടെ പ്രവര്‍ത്തകരാണ്. വിദ്യാസമ്പന്നരായ ആളുകള്‍, പ്രഫഷണലുകള്‍, ബുദ്ധിജീവികള്‍-എല്ലാവരും മത സാമുദായിക സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മുസ്‌ലിം സമുദായത്തിന്റെ ക്രിയാത്മക ഊര്‍ജം മതസംഘടനകള്‍ക്ക് വേണ്ടി വിഭജിക്കപ്പെട്ടുപോയി എന്ന് സാരം. അതിന്റെ ഗുണദോഷ വിചാരം മറ്റൊരു വിഷയമാണ്.
ഇഹപര ലോകങ്ങള്‍
കേരളത്തിലെ പ്രബലമായ മുസ്‌ലിം സംഘടനകളെല്ലാം മതകേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. സലഫീ പ്രസ്ഥാനത്തില്‍ നിന്നാണല്ലോ കേരളത്തില്‍ മുസ്‌ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ വ്യവസ്ഥാപിതമായ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അനാചാര നിര്‍മാര്‍ജനം, വിദ്യാഭ്യാസം, സ്ത്രീയുണര്‍വ് തുടങ്ങിയ പ്രത്യക്ഷത്തില്‍ മതബാഹ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഈ സംഘടനാ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനപരമായ ഊന്നല്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തന്നെയായിരുന്നു. തൗഹീദ്, ശിര്‍ക്ക് വിരുദ്ധത തുടങ്ങിയ സൈദ്ധാന്തിക വിഷയങ്ങളില്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം. സ്വാഭാവികമായും യാഥാസ്ഥിതികരെന്ന് വ്യവഹിക്കപ്പെടുന്ന സുന്നീ സംഘടനകളുടെയും ആശയതലം മതപ്രമാണങ്ങള്‍ തന്നെ. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ കേന്ദ്രീകൃതമായത് ഇത്തരം സൈദ്ധാന്തിക പ്രശ്‌നങ്ങളില്‍ അല്ലെങ്കിലും, ഇസ്‌ലാമിന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളായിരുന്നു സംഘടനയുടെ അടിത്തറ എന്നതിനാല്‍, അതും തികച്ചും മതകീയമായ സംഘടന തന്നെ.
എന്നാല്‍ മുസ്‌ലിം സംഘടനകളില്‍ പിളര്‍പ്പുണ്ടായത് ആദര്‍ശപരമായ കാര്യങ്ങളുടെ പേരിലല്ല എന്നതാണ് കൗതുകകരം. പണവും അധികാരവും വ്യക്തി താല്‍പര്യങ്ങളും അതില്‍ വലിയ പങ്കുവഹിച്ചു. മുസ്‌ലിം സമുദായത്തിലെ പിളര്‍പ്പുകളുടെ പിന്നിലുള്ള കാരണങ്ങള്‍ വലിയൊരളവോളം ആരു പണം കൈകാര്യം ചെയ്യണം, അധികാരം ആര്‍ക്കുവേണം, ഖുത്വുബാ പ്രഭാഷണം നടത്തേണ്ടത് ആര് തുടങ്ങിയ 'ഇഹലോക പ്രധാന'മായ കാര്യങ്ങളുടെ പേരിലാണ്. അതുകൊണ്ടാണ് സംഘടനാ പ്രശ്‌നങ്ങളുടെ പേരില്‍ പൂട്ടിക്കിടക്കുന്ന പള്ളിയുമായി ബന്ധപ്പെട്ടിട്ടുള്ള കേസിന്റെ വിചാരണക്ക് വേണ്ടി ഖത്വീബിനും പളളിക്കമ്മിറ്റിക്കാര്‍ക്കും, ജുമുഅ നമസ്‌കാരത്തിന് പോകാനാവാത്ത വിധത്തില്‍ വെള്ളിയാഴ്ചകളില്‍ പോലും കോടതി വരാന്തകളില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നത്. ഖുത്വ്ബാ പ്രഭാഷണം നടത്താനെത്തുന്ന, വിരുദ്ധ വിഭാഗങ്ങളില്‍പെട്ട മൗലവിമാര്‍ ഉന്തുംതള്ളും നടത്തേണ്ടിവരുന്നതും അതുകൊണ്ടുതന്നെ. ഇഹലോകത്തിന് നല്‍കുന്ന പ്രാധാന്യം മൂലം പരലോകം വിസ്മരിക്കപ്പെടുന്നു. മതത്തിന്റെ ആത്മീയ തലങ്ങള്‍ അവഗണിക്കാന്‍ വിശ്വാസികളെ വലിയൊരളവോളം പ്രേരിപ്പിക്കുന്നത് മതസാമുദായിക സംഘടനകളാണ്. ഈ പശ്ചാത്തലത്തില്‍ 'സംഘടനകള്‍ ബിദ്അത്താണ്' എന്ന് സമര്‍ഥിക്കുന്ന പുസ്തകങ്ങള്‍ പോലും മലയാളത്തില്‍ പുറത്തുവരികയും വിറ്റഴിക്കപ്പെടുകയും ചെയ്തു. പലരും ആ വിശ്വാസത്തോട് കൂറുപുലര്‍ത്തുന്നു എന്നതും സത്യം.
പണമാണ് പ്രധാനം
ആശയതലത്തിലോ ആത്മീയ കാര്യങ്ങളുടെ പേരിലോ അല്ല മുസ്‌ലിം സമുദായത്തില്‍ സംഘടനകള്‍ പിളരുകയും പുതിയവ പിറവിയെടുക്കുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ സംഘടനാ നേതാക്കള്‍ക്കുപോലും പക്ഷാന്തരമുണ്ടാവുകയില്ല. നേരത്തെ സൂചിപ്പിച്ച പോലെ 'ദുന്‍യാവി'ന്റെ പേരില്‍ പിളര്‍ന്ന സംഘടനകള്‍ നിലനില്‍പ്പിനുവേണ്ടി ആ പിളര്‍പ്പിലേക്ക് 'ആഖിറ'ത്തെ സന്നിവേശിപ്പിക്കുകയാണ്. മൊത്തത്തില്‍ പണം മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ്. അതുകൊണ്ട് തന്നെയാവണം പണക്കാര്‍ക്ക് സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ മേലുള്ള പിടി കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുന്നത്. ഏതാണ്ടെല്ലാ മതസംഘടനാ പ്രവര്‍ത്തനങ്ങളിലും പണം വലിയ പങ്കുവഹിക്കുന്നു. അതുകൊണ്ടാണല്ലോ പടുകൂറ്റന്‍ പള്ളികളുയരുന്നതും കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കപ്പെടുന്നതും നോളജ് സിറ്റികള്‍ സ്ഥാപിക്കപ്പെടുന്നതുമെല്ലാം. ബിസിനസ് താല്‍പര്യങ്ങള്‍ എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും നല്ല 'ഓണ്ടര്‍പ്രണേര്‍സ്' (Enterprneures) മതപണ്ഡിതരും സമുദായ സംഘടനാ പ്രവര്‍ത്തകരുമാണ്. അവരുടെ സംരംഭകത്വ മിടുക്കിന് കോടികള്‍ സമാഹരിക്കാന്‍ വളരെ എളുപ്പം. കേരളത്തില്‍ ആറാമതൊരു മുസ്‌ലിം പത്രത്തിന് വേണ്ടി എത്ര അയത്‌നലളിതമായാണ് ഒരു മതസംഘടനക്ക് കോടികള്‍ സമാഹരിക്കാന്‍ സാധിച്ചത്! വാണിജ്യ സംരംഭങ്ങളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. മതപരിവേഷമുണ്ടെങ്കില്‍, വാണിജ്യസംരംഭങ്ങള്‍ക്ക് മൂലധന സമാഹരണം പ്രയാസരഹിതമാണ്. അതുകൊണ്ടാണ് മതസംഘടനകളുടെ പങ്കാളിത്തമോ ആശീര്‍വാദമോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് മൂലധനം സമാഹരിക്കുക എളുപ്പമായിത്തീരുന്നത്.
മതസംഘടനകള്‍, സാമാന്യേന നടത്തുന്ന ഊര്‍ജപ്രസാരണം മൂലമുണ്ടാവുന്ന ഒരു വിപത്താണ് ദുര്‍വ്യയം. എത്രമാത്രം പണമാണ് തര്‍ക്കങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റുംവേണ്ടി ഉപയോഗപ്പെടുത്തുന്നത്! എത്രയധികം പള്ളികളാണ് പുതുതായി പണിതുയര്‍ത്തുന്നത്! സംഘടനകള്‍ പിളരുന്നതിനനുസരിച്ച് പുതിയ പള്ളികള്‍ നിര്‍മിക്കപ്പെടുന്നു. അവിടെയെല്ലാം ജുമുഅ, തറാവീഹ്, ഖുത്വുബ, വടക്കേ ഇന്ത്യയില്‍നിന്നു വരുന്ന ഇമാം, പ്രഭാഷണം, ചര്‍ച്ച, ഫ്‌ളക്‌സ് ബോര്‍ഡ്, ബാങ്കുവിളി- ഇവക്കെല്ലാം വേണ്ടി വ്യര്‍ഥമായിപ്പോകുന്നത് അന്യഥാ കുടുംബത്തിനോ സമൂഹത്തിനോ വേണ്ടി ചെലവഴിക്കേണ്ട, മുസ്‌ലിംകളുടെ പണമാണ്. മുസ്‌ലിം സംഘടനകളുടെ പിളര്‍പ്പിന്റെ തോതനുസരിച്ച് ബാങ്കുവിളികളുടെ എണ്ണവും കൂടും; അതും പല നേരങ്ങളില്‍. ആദര്‍ശ സമ്മേളനങ്ങളും ഖണ്ഡന മണ്ഡനങ്ങളും പെരുകുന്നതിനനുസരിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ഒരുവശത്ത് പ്രകൃതിക്കും പരിസ്ഥിതിക്കുംവേണ്ടി ഇന്ന് ഏറ്റവുമധികം ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിം സംഘടനകളാണ്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആത്മാര്‍ഥമായിത്തന്നെ വളരെ സജീവമാണ്. അത് സൃഷ്ടിച്ച ഊര്‍ജവും, അതില്‍നിന്നു രൂപപ്പെട്ട ബലതന്ത്രങ്ങളും കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. അതേസമയം ശബ്ദമലിനീകരണവും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗവും വഴി പരിസ്ഥിതി നാശമുണ്ടാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്നതും മുസ്‌ലിം സംഘടനകള്‍ തന്നെ.
മുസ്‌ലിം സംഘടനകള്‍ സാമാന്യേന സമൂഹത്തില്‍ ഉണ്ടാക്കുന്ന ഊര്‍ജോല്‍പാദനം സമുദായത്തിന്റെ ആധുനികവല്‍ക്കരണത്തെ എത്രമാത്രം സഹായിക്കുന്നു എന്നാണ് നാം ആലോചിക്കേണ്ടത്. ആഗോള തലത്തില്‍ ഇസ്‌ലാമിക ചിന്താമണ്ഡലത്തില്‍ ക്രിയാത്മകമായ പല ആലോചനകളും നടക്കുന്നുണ്ട്. ധൈഷണികമായ ഈ ആലോചനകള്‍ പലപ്പോഴും ദൈവശാസ്ത്രത്തെ തന്നെ പൊളിച്ചെഴുതുന്നുമുണ്ട്. ഖുര്‍ആന്റെയും ഇസ്‌ലാമിക ശരീഅത്തിന്റെയും ലോകങ്ങളെ ആധുനിക കാലഘട്ടത്തിന്റെയും നവജീവിത മാതൃകകളുടെയും പാരിസ്ഥിതികാവബോധത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ പുനസ്സന്ദര്‍ശിക്കാനാണ് പല പണ്ഡിതരുടെയും ശ്രമം. 'ഗ്രീന്‍ദീന്‍' എന്ന ആശയം ഉരുത്തിരിഞ്ഞതും ഇസ്‌ലാമിക ഫെമിനിസത്തിന് ദൈവശാസ്ത്രാടിത്തറകള്‍ ലഭ്യമായതും ന്യൂനപക്ഷ ശരീഅത്ത് എന്നൊക്കെയുള്ള സംജ്ഞകള്‍ രൂപപ്പെട്ടതും ഈ പശ്ചാത്തലത്തിലാണ്. ഇത്തരം ധൈഷണിക വ്യാപാരങ്ങളോട് മുസ്‌ലിം സംഘടനകള്‍ എപ്രകാരം പ്രതികരിക്കുന്നു എന്നാലോചിക്കുമ്പോഴാണ് സാമാന്യ തലത്തില്‍, കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പരിമിതികള്‍ വ്യക്തമാവുന്നത്. ധൈഷണിക മേഖലയില്‍ മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കാന്‍ മിടുക്കുള്ളവരല്ല മിക്കസംഘടനകളുടെയും അമരത്തുള്ളത്. അവരുടെ സമകാലിക വായന വളരെ ദരിദ്രമാണ്, ആധുനിക സംവേദനോപാധികളുടെ പ്രാപ്യത അവരെ സംബന്ധിച്ചേടത്തോളം കുറവാണ്. ഇസ്‌ലാമിക ലോകത്തെ നവീന ചിന്തകള്‍, ഒട്ടുമുക്കാലും പുതിയ നിര്‍മിതികളല്ല. ഇസ്‌ലാമിന്റെ ആദ്യകാലത്തു തന്നെ ഉറവ പൊട്ടിയവയാണ് പുതിയ ചിന്താധാരകള്‍ പലതിന്റെയും പ്രാഗ്‌രൂപങ്ങള്‍. നമ്മുടെ പണ്ഡിതന്മാര്‍ അവയുമായി പരിചയം സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്ക് ആ ചിന്താപദ്ധതികളെ മുന്നോട്ടുകൊണ്ടുപോയി പുതിയ കാലവുമായി പൊരുത്തപ്പെടുത്താന്‍ സാധിക്കുന്നില്ല. മുസ്‌ലിം മത-സാമുദായിക സംഘടനകളുടെ ഏറ്റവും വലിയ പരിമിതി അവര്‍ നിന്നേടത്തുതന്നെ നില്‍ക്കുന്നു എന്നതാണ്. സ്വന്തം പരിമിതികളുടെ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അവര്‍ സമുദായത്തിന് അജണ്ടകള്‍ നിര്‍ണയിച്ചുകൊടുക്കുന്നത്.
പരിമിതികളും സാധ്യതകളും
കേരളീയ സാഹചര്യങ്ങളില്‍, മുസ്‌ലിം സംഘടനകള്‍ നേരിടുന്ന ഒരു പ്രതിസന്ധി, അവക്ക് അമിതമായ രാഷ്ട്രീയവല്‍ക്കരണത്തിന്റെ ബാധയേറ്റിട്ടുണ്ട് എന്നതാണ്. രാഷ്ട്രീയം കേരളീയ സമൂഹത്തെ വളരെയധികം ബാധിച്ചിട്ടുള്ളതിനാല്‍ മതസംഘടനകള്‍ പോലും ഇവിടെ വളരെ രാഷ്ട്രീയവല്‍കൃതമാണ്. അവയുടെ പ്രവര്‍ത്തനരീതികളും അങ്ങനെത്തന്നെ; കേരളത്തിലെ മതസംഘടനകളുടെ പ്രവര്‍ത്തനം വിചാരപരമാവുന്നതിന്നുപകരം വികാരപരമാവുന്നതു ഇതുമൂലമാണ്. രാഷ്ട്രീയത്തിന്റെ രീതികളാണ് അവ അവലംബിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ 'മീഡിയോക്കര്‍ ശൈലീവല്‍ക്കരണ'ത്തിലേക്ക് സംഘടനകള്‍ വഴുതിവീഴുന്നതിന്റെ ഭാഗമാണ് അവയുടെ മാധ്യമക്കമ്പവും ജനകീയതാ നാട്യങ്ങളും മറ്റും. പ്രമേയങ്ങള്‍ പാസാക്കി പത്രത്തില്‍ കൊടുത്ത് വായിച്ചു രസിക്കാന്‍ പാകത്തിലാണ് മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനം കൂടുതലും. ബാഹ്യ പ്രകടനങ്ങള്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കുന്നതിലാണ് പലപ്പോഴും അവക്ക് ഹരം. ഒരു കാലത്ത് ഫോട്ടോ എടുക്കുന്നത് വിലക്കിക്കൊണ്ട് സമ്മേളനങ്ങള്‍ നടത്തിയിരുന്ന കൂട്ടര്‍പോലും ഇന്ന് മാധ്യമ പരിചരണം വേണ്ടപോലെ ലഭിക്കാതാവുമ്പോള്‍ വേവലാതിപ്പെടുന്നതു കാണാം. ഒരു കടി വേണ്ടേടത്ത് നൂറുവട്ടം മുക്തകണ്ഠം കുരക്കുന്ന ഈ പ്രവര്‍ത്തനശൈലി മുസ്‌ലിം സംഘടനകള്‍ കൈക്കൊണ്ടത് കേരളത്തിന്റെ അമിത രാഷ്ട്രീയവല്‍ക്കരണത്തിന്റെയും മാധ്യമ സ്വാധീനത്തിന്റെയും പശ്ചാത്തലത്തിലാണ്.
മുസ്‌ലിം സംഘടനകള്‍ക്ക് മുഖ്യധാരയോട് അസാമാന്യമായ ആഭിമുഖ്യമുണ്ട്. മുഖ്യധാരക്ക് അരുചികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പലപ്പോഴും അവ മടിക്കുന്നു. ഒരുവശത്ത് സാമുദായിക സ്വഭാവം പുലര്‍ത്തുവാന്‍ അമിത വ്യഗ്രത പുലര്‍ത്തുന്ന കൂട്ടുകള്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ മറുവശത്ത് അതിനെ അതിജീവിക്കുന്ന തരത്തില്‍ സര്‍വസമ്മതത്വം നിലനിര്‍ത്താന്‍ സംഘടനകള്‍ വെമ്പുന്നതില്‍ വൈരുദ്ധ്യമുണ്ട്. ഈ ഇരട്ടത്താപ്പിന്റെ സംഘര്‍ഷമനുഭവിക്കുന്നവയാണ് പല മുസ്‌ലിം സംഘടനകളും. ഒരേസമയം പൊതുസമൂഹത്തിന്റെ നല്ല പുസ്തകത്തില്‍ ഇടം വേണം; ദേശീയതയുടെയും മതേതരത്വത്തിന്റെയും പ്രവാചകരാവണം. സ്വന്തം മത-സമുദായ താല്‍പര്യങ്ങള്‍ കൈവിടാനും വയ്യ; ഇതൊരു ഞാണിന്മേല്‍ക്കളിയാണ്. മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനകളുമെല്ലാം ഏറിയതും കുറഞ്ഞതുമായ തോതില്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. തങ്ങള്‍ക്ക് പൊരുത്തമില്ലാത്തവരെ തങ്ങളുടെ ഐക്യമുന്നണിയില്‍നിന്നു പുറത്താക്കിക്കൊണ്ടായിരിക്കും അവരുടെ ഞാണിന്മേല്‍ കളി. ഈ ഐക്യമുന്നണിയെ പാടേ നിരാകരിച്ചുകൊണ്ട്, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഒത്താശയാല്‍ പിടിച്ചുനില്‍ക്കാനാണ് കാന്തപുരം സുന്നിവിഭാഗം ശ്രമിക്കാറുള്ളത്. തങ്ങള്‍ക്ക് അഭിമതരായവരെ മാത്രമേ എല്ലാവരും പൊറുപ്പിക്കുന്നുള്ളൂ എന്ന് സാരം. പോപ്പുലര്‍ ഫ്രണ്ടിന് ഈ മുന്നണികളിലൊന്നും പ്രവേശനമില്ല. ഇത്തരം അഭ്യാസങ്ങളിലെല്ലാം തെളിഞ്ഞു നില്‍ക്കുന്നത് മതപരമായ പ്രവര്‍ത്തന ശൈലിയേക്കാളധികം രാഷ്ട്രീയ തന്ത്രങ്ങളാണ്.
ഒരു കാലത്ത് മുഖ്യധാരയുടെ പ്രവര്‍ത്തനങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് മുസ്‌ലിം മതസാമുദായികത നിലനിന്നിരുന്നതെങ്കില്‍, ഇന്ന് ആ പരിമിതിയെ അത് മറി കടന്നു കഴിഞ്ഞു. പൊതുമണ്ഡലത്തെ ഗണ്യമായി സ്വാധീനിക്കുകയും അതിന്ന് അജണ്ടകള്‍ നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യാന്‍ പ്രാപ്തമാണ് ഇന്ന് മുസ്‌ലിം സംഘടനകള്‍. കേരളീയ ആക്ടിവിസത്തിന്റെ മണ്ഡലങ്ങളില്‍ സോളിഡാരിറ്റി അടയാളപ്പെടുത്തിയ സ്ഥാനം അതാണ് കാണിക്കുന്നത്. സ്ത്രീയിടപെടലുകളുടെ കാര്യത്തില്‍ സോളിഡാരിറ്റിയും വിവാഹ പ്രായ വിഷയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗും, ഒരു ഘട്ടത്തില്‍ പ്രകടിപ്പിച്ച നിലപാടുകള്‍ തങ്ങളുടെ മാതൃസംഘടനകളുടെ സമീപനങ്ങളോട് കലഹിക്കുന്നവയായിരുന്നു. ഇങ്ങനെ പൊതുമണ്ഡലത്തെ നിയന്ത്രിക്കുവാന്‍ മാത്രം വളര്‍ന്നുനില്‍ക്കുമ്പോള്‍ സ്വന്തം സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരായി ഫലപ്രദമായി പൊരുതാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് ഒരു കാതലായ പ്രശ്‌നം തന്നെയാണ്. പലപ്പോഴും ഇല്ല എന്നാണുത്തരം എന്ന് മാത്രം.
Comments