രക്തരൂഷിതമാകുന്ന ഗ്രൂപ്പ് വഴക്ക്
ഇക്കഴിഞ്ഞ നവംബര്‍ 20-ന് മണ്ണാര്‍ക്കാടിനടുത്ത് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ ഒരു കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ അറുകൊല ചെയ്യപ്പെടുകയും മൂന്നാമതൊരു സഹോദരന്‍ മാരകമായ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്ത സംഭവം കേരളത്തിലെ മുസ്‌ലിം നേതൃത്വത്തെ ഞെട്ടിക്കേണ്ടതാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മത സംഘടന പിളര്‍ന്നുണ്ടായ ഇ.കെ-എ.പി ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരമാണ് ഈ ദാരുണ സംഭവത്തിന് വഴിതെളിയിച്ചതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്നാണ് പ്രതികള്‍ ഉള്‍പ്പെട്ട ഇ.കെ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എ.പി ഗ്രൂപ്പിന് പിന്നില്‍ സി.പിഎമ്മും ഇ.കെ ഗ്രൂപ്പിന് പിന്നില്‍ മുസ്‌ലിം ലീഗും നിലയുറപ്പിച്ചിട്ടുണ്ട്. കല്ലാംകുഴിയില്‍ ചിന്തിയ മനുഷ്യരക്തം ഇപ്പറഞ്ഞ എല്ലാ വിഭാഗങ്ങളുടെയും കൈകളില്‍ പുരണ്ടിട്ടുണ്ടെന്നതാണ് വസ്തുത.
മണ്ണാര്‍ക്കാട്ടെ ചോരക്കളി ആകസ്മികമോ അപവാദമോ അല്ല; സമസ്ത പിളര്‍ന്നതു മുതല്‍ അങ്ങിങ്ങു നടന്നുവരുന്നതും ഏതാനും മാസങ്ങളായി ആക്കം കൂടിയതുമായ ഗ്രൂപ്പ് കലഹങ്ങളുടെ തുടര്‍ച്ചയാണ്. മഞ്ചേരിക്കടുത്ത് എളങ്കൂര്‍ മഞ്ഞപ്പറ്റ അത്താണിക്കല്‍ ഒരു മദ്‌റസയിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് 2013 സെപ്റ്റംബറിലാണ്. ഒക്‌ടോബറില്‍ കണ്ണൂര്‍ ജില്ലയില്‍ ചില പള്ളി-മദ്‌റസകള്‍ തകര്‍ക്കപ്പെടുകയും ചുട്ടെരിക്കപ്പെടുകയുമുണ്ടായി. കണ്ണൂരിലെ പാറാട് എന്ന സ്ഥലത്ത് ഒരു ഗ്രൂപ്പ് മറു ഗ്രൂപ്പിനെതിരെ പ്രയോഗിക്കാന്‍ ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്കേറ്റത് കഴിഞ്ഞ ഒക്‌ടോബറിലാണ്. ഇതിനകം തങ്ങളുടെ പത്തോളം പ്രവര്‍ത്തകരെ ഇ.കെ വിഭാഗം കൊല്ലുകയും നൂറോളം പേരെ പരിക്കേല്‍പിക്കുകയും നൂറിലേറെ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി എ.പി വിഭാഗം പരാതിപ്പെടുന്നു. ഇതിനു സമാനമായ മറ്റൊരു പട്ടിക ഇ.കെ വിഭാഗത്തിന്റെ കൈയിലുമുണ്ടായിരിക്കണം. സമുദായം വംശഹത്യയുടെയും നൂറു കണക്കില്‍ പള്ളികളുടെ നശീകരണത്തിന്റെയും ബീഭത്സമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ചരിത്ര ഘട്ടത്തില്‍ മുസ്‌ലിംകള്‍ തന്നെ പരസ്പരം കൊന്നൊടുക്കുകയും പള്ളി-മദ്‌റസകള്‍ തച്ചുതകര്‍ക്കുകയും ചെയ്യുന്നത് എന്തു മാത്രം ശോചനീയവും അതിലേറെ ലജ്ജാവഹവുമല്ല!
മനുഷ്യരെ ഒന്നാക്കാനും നന്നാക്കാനുമുള്ളതാണ് മതം. തമ്മിലടിപ്പിക്കാനും ശിഥിലീകരിക്കാനുമുള്ളതല്ല. സമാധാനവും സുരക്ഷയുമാണ് ഇസ്‌ലാം എന്ന നാമത്തിനര്‍ഥം തന്നെ. അസമാധാനം ജാഹിലിയ്യത്താണ്. ജാഹിലിയ്യത്ത് കൊടികുത്തിവാണ ഒരു സാമൂഹിക സാഹചര്യത്തില്‍ ഇസ്‌ലാം സമാഗതമായി അസമാധാനം വിപാടനം ചെയ്ത്, ഇഹ-പര സലാം-സമാധാനം- സാക്ഷാത്കരിക്കുകയായിരുന്നു. അല്ലാഹു മനുഷ്യര്‍ക്ക് ചെയ്ത മഹത്തായ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തു പറയുന്നു: ''അല്ലാഹു അരുളിയ അനുഗ്രഹങ്ങളോര്‍ക്കുവിന്‍. പരസ്പരം ബദ്ധവൈരികളായിരുന്ന നിങ്ങളുടെ മനസ്സുകള്‍ അവന്‍ കൂട്ടിയിണക്കിയല്ലോ'' (3:103). വിരോധവും വിദ്വേഷവും ദൈവഭക്തിയുടെയോ ധര്‍മബോധത്തിന്റെയോ പ്രചോദനമല്ല; ചെകുത്താന്റെ പ്രചോദനമാണ്. മദ്യാസക്തിയെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: ''മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും തടയാനും മാത്രമാകുന്നു ചെകുത്താന്‍ ശ്രമിക്കുന്നത്'' (5:91). ഇന്ന് മദ്യം വിലക്കിയ മതത്തെത്തന്നെ വൈരത്തിന്റെയും വിദ്വേഷത്തിന്റെയും മദമിളക്കുന്ന ഉപാധിയാക്കി മാറ്റിയിരിക്കുകയാണ് ചെകുത്താന്‍. ചെകുത്താന്റെ ഈ ചതി കണ്ണ് തുറന്നു കാണാന്‍ മത നേതൃത്വം തയാറാകുമോ? ചില ശിഷ്യന്മാരില്‍ ഗോത്രവൈരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ ഇസ്‌ലാമില്‍ നിന്ന് ജാഹിലിയ്യത്തിലേക്കും കുഫ്‌റിലേക്കുമുള്ള തിരിച്ചുപോക്കായി പ്രവാചകന്‍(സ) അതിനെ വിശേഷിപ്പിച്ചത് അനുസ്മരണീയമാകുന്നു.
ഇസ്‌ലാമിക സംഘടനകള്‍ ഇസ്‌ലാമിന്റെ പ്രബോധകരാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രചാരകരാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും മഹത്വം പ്രസംഗിക്കാനും ഗ്രന്ഥങ്ങളെഴുതാനും എളുപ്പമാണ്. അത് പ്രബോധനത്തിന്റെ ഒരു ശാഖ മാത്രം. ശാന്തിയിലും സമാധാനത്തിലും ജീവിക്കുകയാണ് യഥാര്‍ഥ ഇസ്‌ലാമിക പ്രബോധനം. ഇസ്‌ലാമിക സംഘടന സാധാരണക്കാരുടേതല്ലാത്ത, പണ്ഡിതന്മാരുടേത് -ഉലമാക്കളുടേത്- ആവുകയും അത് സമസ്ത പണ്ഡിതന്മാരെയും ഉള്‍ക്കൊള്ളുന്നുവെന്നവകാശപ്പെടുകയും ചെയ്യുമ്പോള്‍ അവരുടെ ഉത്തരവാദിത്വം വളരെ ഗുരുതരമാകുന്നു. ഈ സംഘടനയിലെ ഗ്രൂപ്പുകള്‍ പരസ്പരം കഴുത്തറുക്കുകയും പള്ളികളും പാഠശാലകളും തല്ലിത്തകര്‍ക്കുകയും വിശുദ്ധ ഖുര്‍ആന്റെ പവിത്രത പോലും ചവിട്ടി മെതിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ പ്രബോധനം ചെയ്യുന്നത് ദീനുല്‍ ഇസ്‌ലാം തന്നെയോ? പ്രതിനിധാനം ചെയ്യുന്നത് പ്രവാചകന്മാരെ തന്നെയോ?ഈ നടപടി വഴി ഉലമാക്കള്‍ ഉലമാക്കളല്ലാത്തവര്‍ക്കും അന്യ മതസ്ഥര്‍ക്കും നല്‍കുന്ന സന്ദേശമെന്തായിരിക്കും? വിവേകമുള്ളവര്‍ ഉറക്കെ ചിന്തിക്കേണ്ട പ്രശ്‌നങ്ങളാണിവ.
അഭിപ്രായാന്തരങ്ങള്‍ മനുഷ്യ സഹജമാണ്. അതൊരു ദോഷമല്ല. ഗുണമാണ്. ഭിന്നിച്ച വിഷയങ്ങളില്‍ സമവായം കാണാനും ഒന്നിച്ചു നീങ്ങാനും സാധിക്കാതാകുമ്പോള്‍ വഴിപിരിയുന്നതും സാധാരണമാണ്. വഴിപിരിഞ്ഞവരെ അവരവരുടെ വഴിക്ക് നടക്കാന്‍ വിടുകയാണ് മര്യാദയുടെയും സമാധാനത്തിന്റെയും രീതി. പരസ്പരം പിടിച്ചടക്കാന്‍ മോഹിച്ചാല്‍ ഇരു പക്ഷത്തും അവകാശത്തര്‍ക്കങ്ങളും പിടിവാശികളും ഉടലെടുക്കും. സ്‌നേഹവും സാഹോദര്യവും വെറുപ്പിനും വിദ്വേഷത്തിനും വഴിമാറും. ഇരു പക്ഷത്തിന്റെയും സൃഷ്ടിപരമായ കഴിവുകളും വിഭവങ്ങളും സംഹാരത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടപ്പെടും. തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നുവെന്ന് കാണുമ്പോള്‍ ഇരു ഗ്രൂപ്പിന്റെയും നേതാക്കള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രശ്‌നം പരിഹൃതമാകേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു മൂന്നാം കക്ഷിയെ ഇടപെടുവിക്കാം. ഇല്ലെങ്കില്‍ സംഘര്‍ഷം രക്തപങ്കിലമായ സംഘട്ടനത്തിലേക്ക് വളരുകയും മുന്‍കൂട്ടി കാണാനാവാത്ത പല തലങ്ങളിലേക്കും വികസിക്കുകയും ചെയ്യും. സമസ്ത ഗ്രൂപ്പുകളുടെ സംഘര്‍ഷം കൈയാങ്കളിയിലെത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിലും ഒരു ഗ്രൂപ്പിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. കല്ലാംകുഴി സംഘട്ടനത്തിന്റെ കാന്‍വാസ് സമസ്ത കേരളമായി മാറുന്നതിന്റെ സൂചനയാണത്. ഇതിങ്ങനെ പോയാല്‍ മുസ്‌ലിം കേരളം എവിടെയാണെത്തുക? ബന്ധപ്പെട്ട കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മധ്യസ്ഥര്‍ രംഗത്തുവരേണ്ടിയിരിക്കുന്നു. മുസ്‌ലിം ഐക്യവേദി നിലവിലുണ്ടെങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഇല്ലെങ്കില്‍ മറ്റു സംഘടനകള്‍ മുന്നോട്ടുവരണം. സംഘര്‍ഷത്തിലുള്ള രണ്ട് ഗ്രൂപ്പുകളും പ്രതിയോഗികളായി കാണുന്ന മത സംഘടനകളെക്കാള്‍ ഈ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുക എം.ഇ.എസ്, എം.എസ്.എസ് പോലുള്ള സമുദായ സംഘടനകള്‍ക്കും നിഷ്പക്ഷരായ സമുദായ സ്‌നേഹികള്‍ക്കുമായിരിക്കും. അവര്‍ അതിനു തയാറാകുമെന്ന് പ്രതീക്ഷിക്കട്ടെ.
Comments