Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

മുസ്‌ലിം അജണ്ടയുടെ പുനര്‍നിര്‍ണയം

എ.ആര്‍

തം സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന കാള്‍മാര്‍ക്‌സിന്റെ സിദ്ധാന്തം താത്ത്വികമായും ചരിത്രപരമായും തിരസ്‌കരിക്കപ്പെടേണ്ടതാണെങ്കില്‍ കൂടി, മറ്റേത് പ്രസ്ഥാനങ്ങളെയും പോലെ മതാധിഷ്ഠിത പ്രസ്ഥാനങ്ങളെയും സാഹചര്യങ്ങള്‍ അഗാധമായി സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുത അനിഷേധ്യമാണ്. കേരളത്തിലെ മത സംഘടനകളും ഇതിന്നപവാദമല്ല. 1920-കളുടെ തുടക്കത്തില്‍ കേരളത്തിലെ പ്രഥമ ഉല്‍പതിഷ്ണു മത പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമാ നിലവില്‍ വന്നത് വിശ്വാസപരമായും ആചാരപരമായും മുസ്‌ലിം സമുദായത്തില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ തിരുത്താനും ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും യഥാര്‍ഥ അധ്യാപനങ്ങളിലേക്ക് മുസ്‌ലിംകളെ തിരിച്ചുകൊണ്ടുപോവാനും വേണ്ടിയാണ്. തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപവത്കൃതമായത് ഈ പരിഷ്‌കരണ-സംസ്‌കരണത്തെ പ്രതിരോധിക്കാനും അശ്അരി-മാതുരീദി അഖീദയിലും ശാഫിഈ മദ്ഹബിലും സമുദായത്തെ ഉറപ്പിച്ചുനിര്‍ത്താനും വേണ്ടിയായിരുന്നു. ആ പശ്ചാത്തലത്തില്‍ ആദ്യത്തേതിനെ പുരോഗമനപരമെന്നും രണ്ടാമത്തേതിനെ യാഥാസ്ഥിതികമെന്നും വിശേഷിപ്പിക്കാമെങ്കിലും ഇരു സംഘടനകളിലും കാലം വരുത്തിയ പരിവര്‍ത്തനങ്ങളും തദ്വാരാ സമുദായത്തില്‍ മൊത്തം സംഭവിച്ച മാറ്റങ്ങളും കാണാതിരുന്നു കൂടാ. ഫറോക്ക് എട്ടാം പ്രമേയം എന്ന പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ എണ്ണിപ്പറഞ്ഞ വിശ്വാസാചാരങ്ങളില്‍ പലതും പിന്നീട് കാലത്തിന് വഴിമാറിയത് കേരളം കണ്ടു. ഉദാഹരണത്തിന് ഖുര്‍ആന്‍ പരിഭാഷ പാടില്ല, പെണ്‍കുട്ടികള്‍ക്ക് കൈയെഴുത്ത് ഹറാം, പ്രസവിക്കാന്‍ പിഞ്ഞാണമെഴുത്ത് തുടങ്ങിയ മതവിധികളും ആചാരങ്ങളും ഇന്നേതെങ്കിലും മത സംഘടന കൊണ്ടു നടക്കുന്നില്ല. പകരം, വിശുദ്ധ ഖുര്‍ആന്റെ ആശയ വിവര്‍ത്തനം സുന്നി സംഘടനകള്‍ പ്രസിദ്ധീകരിക്കുന്നു. പെണ്‍കുട്ടികള്‍ ആഗ്രഹിക്കുവോളം പഠിപ്പിക്കാന്‍ സുന്നി രക്ഷിതാക്കള്‍ തയാറാണ്. സുന്നി സംഘടനകള്‍ നടത്തുന്ന പെണ്‍പള്ളിക്കൂടങ്ങള്‍ തന്നെ നിരവധി. ഗര്‍ഭിണികള്‍ ആശുപത്രികളെ ശരണം പ്രാപിക്കുന്നു. എന്നല്ല, മെറ്റേര്‍ണിറ്റി ഹോസ്പിറ്റലുകള്‍ സമുദായം നടത്തുകയും ചെയ്യുന്നു. പിഞ്ഞാണമെഴുതി കുടിക്കുന്ന ആചാരമുണ്ടായിരുന്നു എന്ന് യുവതലമുറകള്‍ വിശ്വസിക്കുക പോലുമില്ല. പൊതുവെത്തന്നെ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ദിനപത്രവും ചാനലുകളും മറ്റു മാധ്യമങ്ങളും സ്ഥാപിച്ചു നടത്തുന്ന മത സംഘടനകളായി മാറിയിട്ടുണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് പിറവിയെടുത്ത പലതരം കുട്ടായ്മകള്‍. പണ്ഡിത സംഘടനയിലുണ്ടായ പിളര്‍പ്പ് ഈ പ്രക്രിയക്ക് ആക്കം കൂട്ടുകയേ ചെയ്തിട്ടുള്ളൂ. പുറമെ, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വെവ്വേറെ സംഘടനകളും നിലവില്‍ വന്നിരിക്കുന്നു.
ഖുര്‍ആനിനെയും സുന്നത്തിനെയും മാത്രം പ്രമാണങ്ങളായംഗീകരിച്ച് പൂര്‍വ സൂരികളുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്നവകാശപ്പെടുന്ന സലഫികള്‍ അഥവാ മുജാഹിദുകളും ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയരാണ്. ഇസ്‌ലാമിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളെ പാടെ അവഗണിച്ചു, ജമാഅത്തെ ഇസ്‌ലാമിയെ അതിന്റെ പേരില്‍ രൂക്ഷമായെതിര്‍ത്തു വന്നവരായിരുന്നു മുജാഹിദ് സംഘടനകള്‍. ദീനും ദുന്‍യാവും തീര്‍ത്തും ഭിന്നമായ രണ്ട് കാര്യങ്ങളാണെന്നും ദീന്‍ കാര്യങ്ങളില്‍ അല്ലാഹുവും പ്രവാചകരുമാണ് മാര്‍ഗദര്‍ശകരെങ്കില്‍ ദുന്‍യാ കാര്യങ്ങളില്‍ മനുഷ്യന് യഥോചിതം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വാദിച്ചുവന്നവരാണ് സലഫികള്‍. എന്നാല്‍ സലഫി യുവജന, വിദ്യാര്‍ഥി സംഘടനകളും കെ.എന്‍.എമ്മിന്റെ ഒരു വിഭാഗവും പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളില്‍ തുറന്ന അഭിപ്രായ പ്രകടനത്തിന് തയാറായതാണ് സമീപകാലാനുഭവം. ഇസ്‌ലാമിന്റെ ഭൂമികയില്‍ നിലയുറപ്പിച്ചുതന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ നന്മകളെ നന്മകളെന്നും തിന്മകളെ തിന്മകളെന്നും തുറന്നു പറയാന്‍ അവര്‍ക്ക് മടിയില്ല. പലിശമുക്തമായ ഇസ്‌ലാമിക് ബാങ്കിംഗ് ക്രമത്തിനു വേണ്ടി പൊതുജനാഭിപ്രായം അനുകൂലമാക്കാനും ബോധവത്കരണം നടത്താനും സലഫി സംഘടനകള്‍ സജീവമായി രംഗത്ത് വന്നത് മറ്റൊരു ഉദാഹരണം. ഇത്തരം വിഷയങ്ങളില്‍ ഇതര മുസ്‌ലിം സംഘടനകളുമായി സഹകരിക്കാനും അവര്‍ സന്നദ്ധത കാട്ടി. പൊതു താല്‍പര്യങ്ങളുള്ള കാര്യങ്ങളില്‍ സഹകരിക്കാനും ഐക്യപ്പെടാനും വേണ്ടി പതിറ്റാണ്ട് മുമ്പ് നിലവില്‍ വന്ന മുസ്‌ലിം സൗഹൃദവേദി പ്രത്യാശാജനകമായ ഇടപെടലുകള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമായെങ്കിലും മുസ്‌ലിം വ്യക്തിനിയമം, ന്യൂനപക്ഷാവകാശങ്ങള്‍, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ കൂട്ടായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് പരിഹാരം തേടാനുള്ള ശ്രമങ്ങളില്‍ മിക്ക മുസ്‌ലിം മതസംഘടനകളും സഹകരിക്കുന്നു. അതുപോലെ പാഠപുസ്തകങ്ങളിലൂടെയുള്ള നാസ്തികത്വ പ്രചാരണം, ലൗജിഹാദ്, തീവ്രവാദ-ഭീകര മുദ്രകുത്തി നിരപരാധികളെ അനിശ്ചിതകാലം ജയിലിലടക്കല്‍ തുടങ്ങിയ നടപടികള്‍ക്കെതിരെയും കൂട്ടായ മുസ്‌ലിം ശബ്ദമാണുയര്‍ന്നത്.
എന്നുവെച്ച് എല്ലാം ശുഭകരമാണെന്നോ സംഘടനകള്‍ക്കിനി വിശ്രമിക്കാന്‍ സമയമായെന്നോ പറഞ്ഞതിന് അര്‍ഥമില്ല. ഒരുകാലത്ത് ഏറെക്കുറെ ഉന്മൂലനത്തോളമെത്തിയ കൊടിയ അന്ധവിശ്വാസങ്ങള്‍ ബോധപൂര്‍വമായ കുത്സിത ശ്രമങ്ങളിലൂടെ പുനരവതരിപ്പിക്കാനും വ്യാപകമാക്കാനും ശ്രമം നടക്കുന്നുണ്ട്. ധന സമ്പാദനാര്‍ഥം പുതിയ പുതിയ അനാചാരങ്ങള്‍ കണ്ടെത്തുകയും വിശ്വാസികളെ അവയില്‍ തളച്ചിടുകയും ചെയ്യുന്നു. വ്യാജ സിദ്ധന്മാരും ഔലിയാക്കളും ത്വരീഖത്തുകളും കൂണ്‍ കണക്കെ മുളച്ചുപൊങ്ങുന്നു. സലഫികളില്‍ ഉടലെടുത്ത ജിന്ന് വിവാദം ഒട്ടേറെ വിദ്യാസമ്പന്നരില്‍ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചു മുന്നേറുന്നു. അതിന്റെ പേരില്‍ സംഘടന തന്നെ ആഭ്യന്തര ശൈഥില്യത്തെ നേരിടുന്നു. ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ പ്രമാണങ്ങളിലെ അക്ഷരങ്ങളെ പൂജിക്കുന്ന മുരടത്തമാണ് ഇത്തരം വിതണ്ഡ വാദങ്ങളിലേക്ക് നയിക്കുന്നതെന്ന് കാണാം. അതോടൊപ്പം ശുദ്ധ ദീനീ താല്‍പര്യങ്ങളോ സമുദായ താല്‍പര്യങ്ങളോ അല്ല സ്വാര്‍ഥതയും പണക്കൊതിയും സ്ഥാനമാനങ്ങളോടുള്ള പ്രേമവുമാണ് അനാരോഗ്യകരമായ ഇത്തരം പ്രവണതകള്‍ക്ക് വളം വെക്കുന്നതെന്ന് ബോധ്യപ്പെടും.
വിശ്വാസപരായ ചൂഷണമാണ് സമുദായം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമെങ്കില്‍ അത്രതന്നെ ഗൗരവതരമാണ്, അധാര്‍മികതയുടെ കടന്നുകയറ്റം. മദ്യപാനം, ചൂതാട്ടം, സാമ്പത്തിക തട്ടിപ്പുകള്‍, സ്ത്രീ പീഡനം തുടങ്ങിയ ഹീനകൃത്യങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പണ്ഡിതന്മാര്‍ക്കോ സംഘടനാ നേതൃത്വങ്ങള്‍ക്കോ പ്രമാണിമാര്‍ക്കോ ഇത്തരം തിന്മകള്‍ തടയാനാവുന്നില്ലെന്ന് മാത്രമല്ല, ചിലരെങ്കിലും അവയില്‍ പങ്കാളികളാണെന്ന ഞെട്ടിക്കുന്ന സത്യങ്ങളും അനാവരണം ചെയ്യപ്പെടുന്നു. മാതൃകയാവേണ്ടവര്‍ തെറ്റുകള്‍ക്കാണ് മാതൃകയാവുന്നതെങ്കില്‍ വഴിതെറ്റുന്ന യുവതലമുറയെ ആരാണ് നേര്‍വഴിക്ക് നയിക്കുക? സോഷ്യല്‍ മീഡിയയുടെയും മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെയും കടന്നുവരവോടെ അര്‍ധരാത്രി സൂര്യനുദിച്ചാലുള്ള അവസ്ഥയാണ്. സ്വകാര്യമെന്നും രഹസ്യമെന്നും സമാധാനിച്ചു നടക്കുന്ന ചെയ്തികള്‍ നിമിഷങ്ങള്‍ക്കകം അങ്ങാടിപ്പാട്ടാവുന്നു. തന്മൂലം പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ഗുരുത്വത്തിന്റെയും പവിത്രത പോലും അന്ധവിശ്വാസമായിത്തീരുന്നു. ഒരു വശത്ത് ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിം യുവാക്കള്‍ പഴികേള്‍ക്കേണ്ടിവരുമ്പോള്‍ തന്നെ മുസ്‌ലിംയുവതികളുടെ ഒളിച്ചോട്ടവും മതപരിധികള്‍ക്കപ്പുറത്തെ ബന്ധങ്ങളും അപൂര്‍വമല്ലാതായിട്ടുണ്ട്. ഈ അരാജകത്വത്തെ പുരോഗമനം, പരിഷ്‌കാരം, സ്ത്രീ-പുരുഷസമത്വ സാക്ഷാത്കാരം എന്നൊക്കെ മീഡിയ സംഘടിതമായി പ്രഘോഷണം ചെയ്യുമ്പോള്‍ പ്രതിരോധം പോലും ദുര്‍ബലമാവുകയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍ നിര്‍ണയിക്കണമെന്ന അഭിപ്രായമുയര്‍ന്നപ്പോള്‍, അവ്വിധം ഒരഭിപ്രായം ഉയര്‍ന്നത് തന്നെ പൊറുക്കാനാവാത്ത മഹാപാതകമാണെന്ന മട്ടിലാണ് മീഡിയ കൈകാര്യം ചെയ്തത്. സുസമ്മതങ്ങളായ ഇസ്‌ലാമിക സദാചാര-ധാര്‍മിക മൂല്യങ്ങള്‍ പോലും മതേതരത്വത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ സമുദായത്തിലെ യുവതലമുറ ഒന്നുകില്‍ വേട്ടക്കാരോടൊപ്പം ചേരുകയോ അല്ലെങ്കില്‍ നിസ്സംഗരായി ഇതൊന്നും നമ്മുടെ വിഷയമല്ല എന്ന മട്ടില്‍ കൈമലര്‍ത്തുയോ ചെയ്യുന്നു. മതനിരപേക്ഷതയും മതനിരാസവും ഒന്നല്ല, രണ്ടാണെന്ന കാഴ്ചപ്പാട് ആധുനിക കലാലയങ്ങളുടെ സന്തതികള്‍ക്ക് പൊതുവെ ഇല്ല. അതോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനവും മത സംഘടനകളും മൊത്തം യാഥാസ്ഥിതികരും പിന്തിരിപ്പന്മാരും പോയ നൂറ്റാണ്ടുകളുടെ ബാക്കി പത്രങ്ങളുമാണെന്ന പ്രചാരണം തല്‍പരകക്ഷികള്‍ മുറക്ക് തുടരുകയും ചെയ്യുന്നു.

വനിതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും വിഷയങ്ങളിലുമാണ് ഈ പ്രോപഗണ്ട ഏറ്റവും രൂക്ഷമായി തുടരുന്നത്. ഹിജാബ്, ബഹുഭാര്യാത്വം, ത്വലാഖ്, ജീവനാംശം, സ്വത്തവകാശം എന്നിവ എപ്പോഴും ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്. വിവാദങ്ങളില്‍ ഇടപെടുന്ന മുസ്‌ലിം യുവാക്കള്‍ പലപ്പോഴും മാപ്പുസാക്ഷിത്വപരമായ സമീപനം സ്വീകരിക്കേണ്ടിവരുന്നു. ഇസ്‌ലാമിന്റെ ഭദ്രമായ സദാചാര വ്യവസ്ഥയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമുള്ള അജ്ഞതയും ബോധമില്ലായ്മയുമാണ് കാരണം. സ്ത്രീകള്‍ തീര്‍ച്ചയായും അനീതിക്കും വിവേചനങ്ങള്‍ക്കും അവഗണനക്കും ഇരകളായിത്തീരുന്നുണ്ട്. സ്ത്രീപീഡനങ്ങളും ആശങ്കാജനകമായി വര്‍ധിക്കുകയാണ്. അതിന് പക്ഷേ ഫലപ്രദവും പ്രായോഗികവുമായ പ്രതിവിധി ഇസ്‌ലാം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന സത്യം വേണ്ട പോലെ ഗ്രഹിച്ച യുവതീയുവാക്കള്‍ സമുദായത്തില്‍ എത്രയുണ്ടാവും? എല്ലാ മത സാംസ്‌കാരിക സംഘടനകള്‍ക്കും വിദ്യാര്‍ഥി-യുവജന ഘടകങ്ങളുണ്ട്. സദാ ഒച്ചപ്പാടുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്. പക്ഷേ, സമുദായത്തിലെ വിദ്യാര്‍ഥി-യുവജനങ്ങളില്‍ എത്ര ശതമാനം ഈ സംഘടനകളുമായി ബന്ധപ്പെടുന്നു എന്നന്വേഷിച്ചാല്‍ ലഭിക്കുന്ന ഉത്തരം നമ്മെ അസ്വസ്ഥരാക്കും. അതേയവസരത്തില്‍ മാര്‍ക്‌സിസ്റ്റ് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിലും വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയിലും പ്രവര്‍ത്തിക്കുന്ന മുസ്‌ലിം യുവജനങ്ങളുടെ സംഖ്യ അമ്പരപ്പിക്കാന്‍ മാത്രം വലുതാണ്. മത സംഘടനകളുടെ വിദ്യാര്‍ഥി യുവജന സംഘടനകളില്‍ അംഗങ്ങളായവര്‍ തന്നെ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ പതാക വാഹകരാവുന്നത് അപൂര്‍വ കാഴ്ചയല്ല. ഇസ്‌ലാമിനെക്കുറിച്ച അങ്ങേയറ്റം വികലവും സങ്കുചിതവുമായ സങ്കല്‍പമാണതിന്റെ മൂലഹേതു. സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ബലഹീനത സാംസ്‌കാരികാപചയത്തിലേക്ക് സ്വാഭാവികമായും നയിക്കുന്നു. നമ്മുടെ മതപണ്ഡിതന്മാരുടെയും മത സംഘടനകളുടെയും സൈദ്ധാന്തികമായ അപൂര്‍ണതയും അപചയവും തന്നെയാണ് അവസാന വിശകലനത്തില്‍ ഈ സ്ഥിതി വിശേഷത്തിനുത്തരവാദി. ഇസ്‌ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും അവര്‍ യഥാവിധി ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുകയോ ഭാഗികമായെങ്കിലും നിരാകരിക്കുകയോ അമുസ്‌ലിം ഭൂരിപക്ഷ നാടുകളിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി അജണ്ടയില്‍ നിന്ന് മാറ്റുകയോ ചെയ്തതിന്റെ പ്രത്യാഘാതം കേവല ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഇടപെടലുകള്‍ക്ക് തലമുറകളെ വിട്ടുകൊടുക്കുക എന്നതാണ്. കേവലമായ മതമാകട്ടെ തിരുകേശ, ജിന്ന് വിവാദങ്ങളില്‍ കുരുങ്ങി വിനാശകരമായ പതനത്തിലെത്തുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനത്തെ ഗൗരവതരമായ വിഷമസന്ധിയിലേക്ക് തള്ളിയിടാന്‍ പോലും ജിന്ന് വിവാദത്തിന് കഴിഞ്ഞിരിക്കെ വീണ്ടെടുപ്പ് ദുഷ്‌കരമാവുകയാണ്.
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ മുസ്‌ലിം അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണ് കേരളീയ മുസ്‌ലിം സമൂഹം എന്നാശ്വസിക്കുമ്പോള്‍ തന്നെ മുസ്‌ലിം സംഘടനകളുടെ അജണ്ടയും മുന്‍ഗണനാ ക്രമവും പുനര്‍നിര്‍ണയിക്കേണ്ട ദശാസന്ധിയിലാണ് ചെന്നുനില്‍ക്കുന്നതെന്ന് പറയാതെ വയ്യ. അല്ലാത്തപക്ഷം ഭൗതിക-സാമ്പത്തിക രംഗങ്ങളില്‍ മുന്നോട്ട് ഗമിക്കുന്ന മുസ്‌ലിംകള്‍ ആത്മീയ-ധാര്‍മിക രംഗങ്ങളില്‍ പൂര്‍വാധികം മോശമായ സ്ഥിതി നേരിടുകയും ഒടുവില്‍ തനിമയും സാംസ്‌കാരിക വ്യക്തിത്വവുമുള്ള സമുദായം എന്ന സ്ഥാനം അവര്‍ക്ക് നഷ്ടമാവുകയും ചെയ്യും. വിശിഷ്യ ഭാരതീയ ഫാഷിസം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി രാജ്യഭരണം പിടിച്ചെടുക്കാന്‍ നടത്തുന്ന അതിശക്തവും ആസൂത്രിതവുമായ യത്‌നം ഭാഗികമായെങ്കിലും സഫലമായാല്‍ ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കുന്ന ബഹുദൈവത്വപരമായ സംസ്‌കാരം സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളില്‍ പൂര്‍വോപരി മേധാവിത്വം നേടുകയും അഭൂതപൂര്‍വമായ വെല്ലുവിളി സമുദായം നേരിടുകയും ചെയ്യും. 'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും' എന്ന അതീവ ലളിത സമവാക്യം കൊണ്ട് നേരിടാനാവുന്നതല്ല ഇത്തരമൊരു ഭീഷണി. അജണ്ട പുനര്‍നിര്‍ണയിക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ പ്രഥമവും പ്രധാനവുമായി പരിഗണിക്കേണ്ടത് സമുദായത്തിന്റെ ആദര്‍ശാടിത്തറ ഭദ്രമാക്കുന്നതും അനിസ്‌ലാമിക ചിന്താധാരകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള വെല്ലുവിളികളെ കരളുറപ്പോടെ അഭിമുഖീകരിക്കുന്നതുമായ കാര്യങ്ങള്‍ തന്നെയാവണം. രണ്ടാമതായി, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കുതിച്ചുചാട്ടം തുറന്നു തരുന്ന അനന്ത സാധ്യതകളെ സ്വാംശീകരിക്കുന്നതോടൊപ്പം യുവതലമുറകളുടെ ധാര്‍മികവും ആത്മീയവുമായ ജീവിതം അതില്‍ ഒലിച്ചുപോവാതിരിക്കാന്‍ പരമാവധി കരുതല്‍ കൈക്കൊണ്ടേ പറ്റൂ. മൂന്നാമതായി, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പെണ്‍കരുത്ത് വെല്ലുവിളി ഉയര്‍ത്തി വളരുക തന്നെയാണ്. അതിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് സന്തുലനത്തിന്റെയും മിതത്വത്തിന്റെയും പാതയിലേക്ക് ഗതി തിരിച്ചുവിടാനാണ് ശ്രമം നടക്കേണ്ടത്. ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതാവരുത് മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ സ്ത്രീ പ്രശ്‌നങ്ങളിലും നമ്മുടെ സമീപനം. ഖുര്‍ആനും സുന്നത്തും ഖിലാഫത്തുര്‍റാശിദയും സ്ത്രീകള്‍ക്കനുവദിച്ച പദവിയും അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കാന്‍ ആര്‍ക്കാണധികാരം? മറുവശത്ത് ഖണ്ഡിതമായ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ഫെമിനിസത്തിന്റെ വക്താക്കളായി മാറുന്ന പ്രവണതയും സ്ത്രീകളെ വഴിതെറ്റിക്കരുത്.
ഇത്തരം പ്രശ്‌നങ്ങളിലെല്ലാം ആരോഗ്യകരവും അര്‍ഥപൂര്‍ണവുമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കണമെന്നതാണ് പരമപ്രധാനം. വെള്ളം കടക്കാത്ത അറകളില്‍ സ്വയം തളച്ചിട്ട സംഘടനകള്‍ക്ക് വൈരവും വാശിയും മൂര്‍ഛിപ്പിക്കാനേ കഴിയൂ എന്ന് എല്ലാവരും തിരിച്ചറിയണം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍