Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

കണ്ണ് നിറഞ്ഞോട്ടെ, ഖല്‍ബ് പിടയല്ലേ!

പി.എം.എ ഗഫൂര്‍

കുറച്ച് മാത്രം സംസാരിക്കുന്ന, അധികം ഉയരമില്ലാത്ത ഒരാള്‍ ലണ്ടനിലെ ഏറ്റവും പ്രശസ്തനായ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി. തന്റെ തീരാത്ത വേദനകളെപ്പറ്റിയും സങ്കടങ്ങളെപ്പറ്റിയും മണിക്കൂറുകളോളം അയാള്‍ സംസാരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ ഡോക്ടര്‍ പറഞ്ഞു: 'നിങ്ങളൊരു കാര്യം ചെയ്യൂ. ഇവിടെ തൊട്ടടുത്ത തിയേറ്ററില്‍ ചാര്‍ളി ചാപ്ലിന്റെ നല്ലൊരു സിനിമ കളിക്കുന്നുണ്ട്. അതൊന്ന് പോയി കണ്ടു നോക്കൂ, ശരിക്കൊന്ന് ചിരിച്ചാല്‍ മനസ്സിന്റെ കുറേ പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും.'
നിര്‍വികാരനായി ആ മനുഷ്യന്‍ പറഞ്ഞു: 'അതുകൊണ്ട് കാര്യമില്ല ഡോക്ടര്‍, ഞാനാണ് ചാര്‍ളി ചാപ്ലിന്‍.' സങ്കടം തിങ്ങി നിറഞ്ഞ ജീവിതത്തിലൂടെയാണ് ചാപ്ലിന്‍ കഴിഞ്ഞുപോന്നത്. 'എന്റെ കുട്ടിക്കാലം' എന്ന പുസ്തകത്തില്‍ അക്കഥകളെല്ലാം മനോഹരമായി പറയുന്നുണ്ട്. പക്ഷേ അതേ അനുഭവങ്ങള്‍ തന്നെയാണ് ജീവിതത്തെ നേരിടാന്‍ തനിക്ക് കരുത്ത് നല്‍കിയതെന്ന് അദ്ദേഹം തുറന്നുപറയുന്നു. നമ്മള്‍ വേദനിക്കുന്നതൊന്നും വെറുതെയാകില്ലെന്ന് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ആ പ്രതിഭാശാലി ഉറപ്പിച്ചെഴുതുന്നുണ്ട്. ജീവിതത്തില്‍ വല്ലതുമൊക്കെ ആയിത്തീര്‍ന്നിട്ടുള്ളവര്‍ക്കെല്ലാം സങ്കടം നിറഞ്ഞ ഒരു പഴയ കാലമുണ്ടായിരിക്കും. സുഖങ്ങള്‍ മാത്രം അനുഭവിച്ച് വളര്‍ന്നവര്‍ക്ക് പലപ്പോഴും വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാന്‍ കഴിയാറില്ല. അങ്ങനെയെങ്കില്‍ നമ്മളിപ്പോള്‍ വല്ല പ്രതിസന്ധിയും നേരിടുന്നുണ്ടെങ്കില്‍ എന്തിനു പേടിക്കണം?
'എപ്പോഴാണീ അല്ലാഹുവിന്റ സഹായം?!' എന്ന് ചോദിക്കുന്ന ഘട്ടം വരെ പ്രവാചകന്മാര്‍ പോലും പരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍  പറയുന്നുണ്ട്. അത്രമേല്‍ ദുരിതക്കയത്തില്‍ അവര്‍ അകപ്പെട്ടിരുന്നുവെന്നര്‍ഥം. ഏതു പ്രവാചകന്റെയും ജീവിതം അങ്ങനെയാണ്. സുഖശീതളമായ ജീവിതാനുഭവങ്ങളോടെ ഒരൊറ്റ നബിയും കഴിഞ്ഞുപോയിട്ടില്ല. പ്രബോധനം വിജയം കാണാതെയും മകന്റെ ധിക്കാരത്തില്‍ വേദനിച്ചും കഴിഞ്ഞ നൂഹ് നബി, നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകനെ ബലി അറുക്കണമെന്ന കല്‍പ്പനയാല്‍ പരീക്ഷിക്കപ്പെട്ട ഇബ്‌റാഹീം നബി, രോഗത്തിന് കീഴടങ്ങി ഒടുവില്‍ സ്വന്തം കുടുംബങ്ങളാല്‍ വരെ തിരസ്‌ക്കരിക്കപ്പെട്ട അയ്യൂബ് നബി, കടുത്ത പ്രയാസം അനുഭവിക്കേണ്ടിവന്ന മൂസാ നബി, കടലിലേക്കെറിയപ്പെട്ട് മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട യൂനുസ് നബി, കുഞ്ഞുമകനെ നഷ്ടപ്പെട്ട യഅ്ഖൂബ് നബി, ജയിലിലടക്കപ്പെട്ട യൂസുഫ് നബി, ജന്മനാടിനോട് യാത്രചൊല്ലി ഹിജ്‌റ പോകേണ്ടിവന്ന, കടുത്ത യാതനകളും യുദ്ധങ്ങളും തോല്‍വികളുമെല്ലാം അനുഭവിക്കേണ്ടിവന്ന അന്ത്യപ്രവാചകന്‍.... പരീക്ഷണങ്ങളിലകപ്പെടാതെ ഒരു പ്രവാചകനുമില്ല.
അല്ലാഹുവിലുള്ള അഭയമായിരുന്നു അവര്‍ക്കെല്ലാം ആശ്വാസത്തിന്റെ കുളിര്‍മഴയായത്. 'ഞങ്ങള്‍ക്ക് അല്ലാഹു മതി' എന്ന പ്രഖ്യാപനം അവരുടെ ഉള്ളില്‍ ആവേശത്തിന്റെ അലകടലായി. ദൃഢവിശ്വാസം നല്‍കിയ നെഞ്ചൂക്ക് ആര്‍ക്കു മുന്നിലും കുനിയാത്ത ശിരസ്സ് അവര്‍ക്ക് നല്‍കി. വേദനകളെ ഉള്ളു നിറഞ്ഞ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ വിശ്വാസം അവരെ പഠിപ്പിച്ചു. പടച്ചതമ്പുരാനിലുള്ള ഇടര്‍ച്ചയില്ലാത്ത പിടുത്തം അവരുടെ ജീവിതത്തിനു ലക്ഷ്യബോധം പകര്‍ന്നു. അവര്‍ വിജയികളായി. ഈമാന്‍ മുറുകെ പിടിക്കാന്‍ പണിപ്പെട്ടവരെല്ലാം പരീക്ഷണങ്ങളാല്‍ പരിക്ഷീണരായി. രോഗം, പട്ടിണി, ശത്രുഭീഷണി... എല്ലാം അവര്‍ സഹിച്ചു. ക്ഷമ പോലും പരീക്ഷിക്കപ്പെട്ടു.
എപ്പോഴും സങ്കടപ്പെടുമ്പോള്‍ ജീവിതത്തിന്റെ ഭംഗിയാണ് നഷ്ടപ്പെടുത്തുന്നത്. ഈ ജീവിതത്തില്‍ ചിലതൊക്കെ സംഭവിക്കുകയും ചിലത് സംഭവിക്കാതിരിക്കുകയും ചെയ്യും. സൂറത്തുല്‍ ഹദീദിലെ 22, 23 വചനങ്ങള്‍ ഒരു കുളിര്‍മഴയാണ്. ജീവിതത്തിലെ സകല അനുഭവങ്ങളെയും നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള തയാറെടുപ്പിന് ഈ പരിശുദ്ധ വചനം ഊര്‍ജം പകരും. 'മണ്ണിലോ മനുഷ്യജീവിതത്തിലോ സംഭവിക്കുന്ന സര്‍വതും മുന്‍കൂട്ടി ഒരു രേഖയില്‍ ഉള്‍പ്പെടുത്തിയതാണ്. നിശ്ചയം, അത് അല്ലാഹുവിന് എളുപ്പമാണ്. നിങ്ങള്‍ക്ക് നഷ്ടമായതിനെച്ചൊല്ലി ദുഃഖിക്കാതിരിക്കാനും ലഭ്യമായതിന്റെ പേരില്‍ ആഹ്ലാദിക്കാതിരിക്കാനുമാണ് അങ്ങനെ ചെയ്തത്. ദുരഭിമാനികളോടും അഹങ്കാരികളോടുമെല്ലാം അല്ലാഹുവിന് അനിഷ്ടമാണ്.'
വേഗത്തില്‍ അര്‍ഥം മനസ്സിലാകാത്ത പ്രശ്‌നങ്ങള്‍ നമ്മുടെ മനസ്സിനെയും അലട്ടാറുണ്ട്. സന്തോഷങ്ങള്‍ പോലെ സങ്കടങ്ങളും ദൈവസമ്മാനം തന്നെയാണെന്ന് തിരിച്ചറിയാന്‍ സമയമെടുക്കും. എത്ര സമയമെടുത്താലും ഏതു കടുത്ത പ്രശ്‌നങ്ങളിലും ദയാലുവായ അല്ലാഹു കരുണയുടെയും അതിരില്ലാത്ത അലിവിന്റെയും വിത്തു പാകിയിട്ടുണ്ടാകുമെന്ന ദൃഢബോധ്യമാണ് നമ്മിലുറക്കേണ്ടത്.
നിര്‍വചിക്കാനാകാത്ത സ്‌നേഹം കൊണ്ട് നമ്മെ പൊതിയുന്ന ആ കാരുണ്യവാനോടുള്ള അടുപ്പവും അവനെ സംബന്ധിച്ച പ്രതീക്ഷയുമാണ് തകരാത്ത കരുത്തോടെ ജീവിക്കാനുള്ള ഏക പ്രേരണ. നമ്മുടെയൊക്കെ കൊച്ചുജീവിതത്തില്‍ അല്ലാഹു സമ്മാനിച്ച ഏത് ദുഃഖവും കൂടുതല്‍ കരുത്തുള്ള മനസ്സിനെയാണ് നമുക്ക് പകരമായി തന്നത്. സന്തോഷങ്ങള്‍ കാര്യമായ പാഠമൊന്നും പഠിപ്പിച്ചിട്ടില്ല. ദുഃഖമാണ് വലിയ അനുഭവമെന്ന് ദുഃഖിച്ചവര്‍ക്കെല്ലാം അറിയാം. സഹിക്കാന്‍ എത്ര കഴിയുമെന്നാണ് ഓരോ ദുഃഖവും നമ്മോടുയര്‍ത്തുന്ന ചോദ്യം. ചെറിയ ദുഃഖങ്ങളില്‍ പോലും വലിയ സങ്കടം അനുഭവിക്കുന്നവര്‍ക്ക് തിളക്കമുള്ളൊരു ജീവിതം ലഭിക്കില്ല. വലിയ സങ്കടങ്ങളെ പോലും യാഥാര്‍ഥ്യ ബോധത്തോടെ നേരിട്ടവര്‍ക്കുള്ളതാണ് ആനന്ദമുള്ള ജീവിതം. എന്തും സംഭവിക്കാവുന്ന നടുറോഡ് പോലെയാണ് നമ്മുടെ ഓരോ നിമിഷവും. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചിട്ടും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് മാത്രം ശാസ്ത്രത്തിനറിയില്ല. അദൃശ്യങ്ങളുടെയെല്ലാം രഹസ്യപ്പൂട്ട് അല്ലാഹുവിങ്കലാണ്. ഇത്രയും നിസ്സാരമാണ് നമ്മുടെയീ ജീവിതം. അഥവാ, അത്രയും അല്ലാഹുവിങ്കല്‍ ആശ്രിതരാണ് നമ്മള്‍.
'പിടിച്ചുനില്‍ക്കുക' എന്ന് അര്‍ഥമുള്ള 'സ്വബ്ര്‍' എന്ന പദമാണ് ഖുര്‍ആന്‍ 'ക്ഷമ'ക്ക് ഉപയോഗിച്ചത്. പിടിച്ചുനില്‍ക്കാന്‍ തന്നെയാണു നമുക്ക് കഴിയേണ്ടത്. സങ്കടപ്പെടുമ്പോഴും കരയുമ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകാതിരിക്കലാണ് സത്യത്തില്‍ ക്ഷമ. തിരുനബി പല സന്ദര്‍ഭങ്ങളിലും കരഞ്ഞിട്ടുണ്ട്. കണ്ണു നിറഞ്ഞാലും ഖല്‍ബ് പിടയാതിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
നമുക്കറിയാത്ത നന്മകള്‍ ഓരോ ദുഃഖത്തിലുമുണ്ട്. ഇന്നോ നാളെയോ മരണം വരെയോ ആ നന്മ എന്താണെന്ന് നമ്മള്‍ അറിയണമെന്നില്ല. പക്ഷേ, ആ നന്മയെ നമ്മള്‍ പ്രതീക്ഷിച്ചേ പറ്റൂ. അങ്ങനെ ജീവിക്കുമ്പോള്‍ ആഹ്ലാദമുള്ള മനസ്സും ശാന്തമായ ആയുഷ്‌കാലവും കൈവരുകതന്നെ ചെയ്യും. നമ്മള്‍ ആഗ്രഹിച്ചതുപോലെ സംഭവിക്കാത്തത് നന്നായി എന്ന് പലപ്പോഴും ഉള്ളില്‍ ആശ്വസിക്കാറുണ്ടല്ലോ നമ്മള്‍.
'എത്ര വിചിത്രമാം രൂപത്തില്‍ നിന്നിഛയെന്‍ ജീവിതത്തിലലയടിപ്പൂ' എന്ന് ഗീതാഞ്ജലിയില്‍ ടാഗോര്‍ പാടുന്നുണ്ട്. എത്ര ആലോചിച്ചാലും നമുക്ക് എത്താനാകാത്ത വിധം കൃപാലുവായ അല്ലാഹുവിന്റെ കരുണയുടെ കൈനീട്ടം ഒപ്പം തന്നെയുണ്ട്. എത്രയോ നിസ്സാരമായ നമ്മുടെ ചിന്തയോ ആഗ്രഹമോ പലപ്പോഴും ശരിയാകണമെന്നില്ല. ഖുര്‍ആന്‍ അതിങ്ങനെ പറഞ്ഞുതരുന്നു, രണ്ടാം അധ്യായത്തില്‍ വചനം 216ല്‍: 'നിങ്ങള്‍ക്ക് അനിഷ്ടകരമായത് ഒരുപക്ഷേ ഗുണകരമായേക്കാം. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ആപത്തായും തീര്‍ന്നേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല.' എന്തൊക്കെ ഈ ചെറുജീവിതത്തില്‍ സംഭവിക്കുമ്പോഴും, കഷ്ടനഷ്ടങ്ങള്‍ കൊണ്ട് കണ്ണു നിറയേണ്ടി വന്നാലും ഖല്‍ബ് പിടയാതെയും ഉള്ളു പൊള്ളാതെയും നിവര്‍ന്നുനിന്ന് മുന്നേറാന്‍ നമുക്ക് കഴിയട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍