കാലോചിതമായ നയസമീപനങ്ങള്‍ സ്വീകരിക്കണം
നമ്മള്‍ ജീവിക്കുന്ന കാലത്ത് ഇസ്‌ലാമിനെ വിവിധ തുറകളില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ജീവിതവുമായി ബന്ധപ്പെട്ട് സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിത കാഴ്ചപ്പാടും രീതിയുമായാണ് ഇസ്‌ലാമിനെ അത് മനസ്സിലാക്കുന്നത്. നമ്മുടെ ജീവിതം കാലാനുസൃതമായ മാറ്റങ്ങള്‍ക്കും വികാസങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നുണ്ട്. അത്തരം നിരവധി മാറ്റങ്ങളിലൂടെയാണ് നാം ഇന്നീ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതംം
രൂപപ്പെട്ടുവന്നത്.
മൗലികാടിത്തറയില്‍ ഊന്നിനിന്നുകൊണ്ട് കാലാനുസൃതവും സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്ക് അനുഗുണവുമായ നയനിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇസ്‌ലാം ചരിത്രത്തിലുടനീളം പ്രയാണം നടത്തി വന്നത്. അങ്ങനെയാണ് നമുക്ക് വിവിധ കര്‍മശാസ്ത്ര സരണികളും പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങളുമെല്ലാം ലഭിച്ചത്. ഇസ്‌ലാമിന്റെ ചരിത്രപരമായ ഒരു വളര്‍ച്ചയില്‍ ഇതെല്ലാം വലിയ മുതല്‍കൂട്ടാണ്.
ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ കാലോചിതമായ നയസമീപനങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ജമാഅത്തെ ഇസ്‌ലാമി. നമ്മുടെ സമൂഹത്തിനകത്തും സമുദായത്തിനകത്തും ദേശീയ-അന്തര്‍ ദേശീയ രംഗത്തും രൂപപ്പെട്ടുവരുന്ന പ്രവണതകളും സാഹചര്യങ്ങളുമാണ് വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത നയസമീപനങ്ങള്‍ സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രേരിപ്പിക്കുന്നത്. മനുഷ്യ ജീവിതവുമായി പൊക്കിള്‍കൊടി ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ലക്ഷണം കൂടിയാണ് നയസമീപനങ്ങളിലെ കാലോചിതമായ മാറ്റം. സംഘടനക്കകത്ത് വിവിധ തലങ്ങളില്‍ നടക്കുന്ന നിരന്തര കൂടിയാലോചനയിലൂടെയാണ് സംഘടന അതിന്റെ നയനിലപാടുകള്‍ പുതുക്കുന്നത്. സംഘടനക്ക് പുറത്തുള്ള പണ്ഡിതന്മാര്‍, ചിന്തകന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഇതിനായി സ്വീകരിക്കാറുണ്ട്. ഓരോ 4 വര്‍ഷത്തിലും ജമാഅത്തെ ഇസ്‌ലാമി ദേശീയ-സംസ്ഥാനതലങ്ങളില്‍ അതിന്റെ നയപരിപാടികള്‍ പുതുക്കാറുണ്ട്.
കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ പ്രവര്‍ത്തന പരിപാടികളില്‍ നിരവധി പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ജമാഅത്തെ ഇസ്‌ലാമി. നമ്മുടെത് ഒരു ബഹുസ്വര സമൂഹമാണ്. വിവിധ മതവിഭാഗങ്ങളും വീക്ഷണ വൈജാത്യങ്ങളും സമാധാനപരമായി പുലരുന്ന ഒരു രാജ്യം. ഈ രാജ്യത്തിന് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുക എന്നത് തന്നെയായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ എക്കാലത്തെയും മുഖ്യ ഊന്നല്‍. അതേസമയം ഒരു ബഹുസ്വര സമൂഹത്തിനകത്ത് ഇസ്‌ലാമിന്റെ സന്ദേശം പ്രബോധനം ചെയ്യാനും പ്രതിനിധീകരിക്കാനുമുള്ള സവിശേഷമായ ഭാഷാശൈലിയും അവതരണ രീതികളും വളര്‍ത്തിയെടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചിട്ടുണ്ട്.
ഇസ്‌ലാമിനെക്കുറിച്ച് ഏറെ പഴക്കം ചെന്ന ഒട്ടേറെ തെറ്റിദ്ധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മുസ്‌ലിം സമുദായത്തിലെപോലും നല്ലൊരു ശതമാനത്തിന് ഇസ്‌ലാമിന്റെ യഥാര്‍ഥ അന്തസ്സത്ത മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒന്നുകില്‍ അന്ധവിശ്വാസങ്ങളുടെയും ചൂഷണങ്ങളുടെയും കേദാരമായ പൗരോഹിത്യമതം; അല്ലെങ്കില്‍ ആരാധനാനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും പരിമിതമായ അനുഷ്ഠാനമതം. ഇതാണ് ഇസ്‌ലാമിനെക്കുറിച്ച് ഇവിടെ സമുദായത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന കാഴ്ചപാട്.
ഒപ്പം ഇസ്‌ലാം വര്‍ഗീയമാണെന്നും മുസ്‌ലിംകള്‍ സാമൂഹിക വിരുദ്ധപക്ഷത്താണെന്നും വിശ്വസിക്കുന്നവരുമുണ്ട്. വ്യക്തി എന്ന നിലയിലും, കുടുംബം-സമൂഹം-രാജ്യം എന്നീ നിലകളിലും മനുഷ്യന് സമാധാനവും സ്വസ്ഥതയും ക്ഷേമവും നല്‍കാന്‍ ഉതകുന്ന ദൈവിക മതത്തെ പരിചയപ്പെടുത്തലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടയുടെ മര്‍മം. ഇസ്‌ലാമിന്റെ യഥാര്‍ഥ സാക്ഷ്യമായി നിലകൊള്ളുന്ന സമൂഹമായി മുസ്‌ലിം സമൂഹത്തെ വളര്‍ത്തിയെടുക്കാനും അത് ശ്രമിക്കുന്നു.
സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ഒരു മതത്തെ അവതരിപ്പിക്കാനാണ് നമ്മുടെ മതവിശ്വാസികള്‍ക്കും മതവിരുദ്ധര്‍ക്കുമെല്ലാം കൂടുതല്‍ താല്‍പര്യം. മതവിശ്വാസികളില്‍ ഭൂരിപക്ഷം പേരും തെറ്റിദ്ധാരണയുടെ പുറത്താണത് ചെയ്യുന്നതെങ്കില്‍, മതവിരുദ്ധര്‍ ബോധപൂര്‍വം തന്നെ ശ്രമിക്കുകയാണതിന്. സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത മതം യഥാര്‍ഥ മതത്തിന്റെ അന്തസ്സത്തയോ സൗന്ദര്യമോ പ്രതിഫലിപ്പിക്കുന്നില്ല എന്നു ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നതും അതുകൊണ്ട് തന്നെ. ജീവിതത്തിന്റെ സര്‍വ രംഗങ്ങളിലും മനുഷ്യന് വെളിച്ചം നല്‍കാന്‍ കഴിയുന്ന ഇസ്‌ലാമിനെയാണ് ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്നത്. അത്തരമൊരു മതവീക്ഷണത്തിനുനേരെ ഉയരുന്ന ഏത് ആക്രമണത്തെയും വിമര്‍ശത്തെയും ആശയപരമായി ചെറുക്കുക എന്നതും അതിന്റെ മുഖ്യ അജണ്ടയാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെ സാധ്യതകള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പോസിറ്റീവായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം പുനഃസംഘടിപ്പിക്കപ്പെട്ട സമയത്ത് സമൂഹത്തില്‍ കത്തി നിന്നിരുന്ന വര്‍ഗീയ കലാപങ്ങളുടെയും സാമൂഹിക സംഘര്‍ഷങ്ങളുടെയും തീയണക്കാനാണ് ജമാഅത്ത് ഏറെ ഊര്‍ജം ചെലവഴിച്ചത്. കലാപങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസമായിരുന്നു സംഘടനയുടെ മുഖ്യ അജണ്ട. അതില്‍നിന്ന് അല്‍പം ആശ്വാസം ലഭിക്കുകയും സംഘടനയുടെ ജനകീയ അടിത്തറ വികസിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് രാഷ്ട്രീയത്തിലെ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാട് ജമാഅത്ത് എടുത്തത്. പിന്നീട് '90-കളോടു കൂടി വര്‍ഗീയതയും ഫാഷിസവും വളര്‍ന്നുവന്നപ്പോള്‍ വര്‍ഗീയ ഫാഷിസ്റ്റ് സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് സംഘടന പിന്തുണ പ്രഖ്യാപിച്ചു. ഇന്നിപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയത്തിനുമപ്പുറം രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന ബദല്‍ രാഷ്ട്രീയ സാധ്യതകളെ വളര്‍ത്താനും വികസിപ്പിക്കാനും തങ്ങളാലാവുംവിധം സംഭാവനകളര്‍പ്പിക്കാനുമുള്ള ശ്രമത്തിലാണ് ജമാഅത്തെ ഇസ്‌ലാമി. രാജ്യത്തിന്റെ സാമൂഹിക ആവശ്യവും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുമനുസരിച്ചാണ് രാഷ്ട്രീയ രംഗത്ത് ഈ വ്യത്യസ്ത നിലപാടുകള്‍ സംഘടന സ്വീകരിച്ചത്.
ഓരോ മനുഷ്യനും അനുഭവിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ പ്രാഥമിക ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കരുതുന്നു. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇസ്‌ലാം എന്നതാണ് കാരണം. അതിനാല്‍ സാമ്രാജ്യത്വ ഭരണകൂട ഭീകരത, ഫാഷിസം, ദാരിദ്ര്യം, അനീതി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പ്രസ്ഥാനം സജീവമാണ്. വിവിധ കാലങ്ങളിലായി പ്രസ്ഥാനം ആവിഷ്‌കരിച്ച പലതരം സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. മാധ്യമ രംഗത്ത് പ്രായോഗികമായി ചുവടുവെപ്പുകള്‍ നടത്താന്‍ ഇതിനകം അതിന് സാധിച്ചു. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി മാറിയ ശക്തമായൊരു മാധ്യമശൃംഖല കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു എന്നത് ഏറെ പ്രധാനമാണ്. കാലത്തിന്റെ തേട്ടം ഉള്‍ക്കൊണ്ട് ഇപ്പോള്‍ ദൃശ്യമാധ്യമരംഗത്തും ചുവടുറപ്പിച്ചുകഴിഞ്ഞു. കലാകാരന്മാരുടെ കൂട്ടായ്മയായ തനിമ കലാസാഹിത്യവേദി ഈ ഗണത്തിലെ മറ്റൊരു കാല്‍വെപ്പാണ്. ഇസ്‌ലാമിക മൂല്യങ്ങളെയും സൗന്ദര്യ സങ്കല്‍പ്പങ്ങളെയും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ ആവിഷ്‌ക്കരിക്കുകയാണ് തനിമ. ജനസേവനരംഗത്ത് ഒട്ടനേകം സംവിധാനങ്ങള്‍ ഇതിനകം കെട്ടിപ്പടുത്തിട്ടുണ്ട്. വിഷന്‍ 2016 എന്ന ബൃഹദ് പ്രോജക്ട് ജമാഅത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രികള്‍, പലിശരഹിത നിധികള്‍, ജനസേവന കേന്ദ്രങ്ങള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ ഇന്നേറെ സജീവമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കാനും വ്യാപിപ്പിക്കാനും വേണ്ടി രൂപംകൊണ്ടതാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. വരും കാലങ്ങളില്‍ ഇത് ജനസേവന രംഗത്ത് മഹത്തായ ചുവടുവെപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുമെന്നാണ് പ്രതീക്ഷ. മൈക്രോഫിനാന്‍സ്, ഇസ്‌ലാമിക ബാങ്കിംഗ് രംഗത്ത് സജീവമായ മാതൃക സമര്‍പ്പിക്കുന്ന എ.ഐ.സി.എല്‍, ഇന്‍ഫാഖ്, സംഗമം എന്നിവ പുതിയ കാലത്ത് ഈ രംഗത്തെ ദൗത്യം ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന വേദികളാണ്. സേവന രംഗത്ത് പ്രസ്താവ്യമായ സംരംഭമാണ് ഐ.ആര്‍.ഡബ്ല്യു. പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍ തുടങ്ങിയവ മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സേവന സന്നദ്ധരായി രംഗത്തിറങ്ങുന്ന വളണ്ടിയര്‍ കൂട്ടായ്മയാണിത്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ മാതൃകാപരമാണ്. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവരാനും ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ബൈത്തുസ്സകാത്ത്. സകാത്ത് സംഘടിതമായി ശേഖരിച്ച് ഏറ്റവും അര്‍ഹരായവര്‍ക്ക് ഫലപ്രദമായ രീതിയില്‍ ചെലവഴിക്കുന്ന സംവിധാനമാണിത്. ഭവനനിര്‍മാണം, റേഷന്‍, കടം വീട്ടല്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളാണ് ബൈത്തുസ്സകാത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ സമൂഹത്തില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മതപരമായും സാംസ്‌കാരികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട്. ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഇനിയും അവര്‍ എത്തിപ്പെട്ടിട്ടില്ല. നമ്മള്‍ അവരിലേക്കും. ഒട്ടേറെ ചൂഷണങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും നിരന്തരം വിധേയരാക്കപ്പെടുന്നവരാണിവര്‍. ഇത്തരമാളുകള്‍ ജീവിക്കുന്ന പ്രദേശങ്ങളെ തെരഞ്ഞെടുത്ത് അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സാമ്പത്തിക പിന്‍ബലവും നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. അതിനുള്ള പ്രായോഗിക ചുവടുവെപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മദ്‌റസകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ ധാരാളം സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ ദിശാബോധം നല്‍കാനും സാധിച്ചു. ഇസ്‌ലാമിന്റെ ആശയവും ആത്മാവും സാധാരണക്കാര്‍ക്ക് ലളിതമായി പഠിപ്പിക്കാനുതകുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും പ്രാദേശിക പഠന സംവിധാനങ്ങളും കേരളത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച തികഞ്ഞ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പുതിയ കാലത്തെ ചെറുപ്പക്കാര്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ധാര്‍മികമായി തകര്‍ന്ന് ഒന്നിനും കൊള്ളാത്തവര്‍ എന്നൊരു സ്ഥിരം പല്ലവി യുവാക്കളെ സംബന്ധിച്ച് ഇവിടെ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇതില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വിശ്വാസമില്ല. പുതിയ ചെറുപ്പത്തിന് മൂര്‍ച്ചയുള്ള സാമൂഹിക ബോധവും ഉയര്‍ന്ന പ്രതികരണ ശേഷിയുമുണ്ട് എന്നതിന്റെ മികച്ച സാക്ഷ്യമായിരുന്നു അറബ് വസന്ത രാജ്യങ്ങളില്‍ കണ്ടത്.
ചെറുപ്പക്കാര്‍ക്ക് സംഘടനാ ഘടനക്കകത്ത് തന്നെ മുന്തിയ പരിഗണനയാണ് പ്രസ്ഥാനം നല്‍കുന്നത്. പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളിലെ നേതൃസ്ഥാനത്തേക്ക് യുവാക്കളെയാണ് പരിഗണിക്കുന്നത്. അവരുടെ ആലോചനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മതിയായ ഇടം നല്‍കാന്‍ പ്രസ്ഥാനം ശ്രദ്ധിക്കുന്നു. മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മീഡിയാ രംഗങ്ങളില്‍ പ്രസ്ഥാനത്തിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഇന്ന് വളരെ കൂടുതലാണ്. അതിനുള്ള ആത്മവിശ്വാസം അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിരിക്കുന്നു. അഥവാ സമൂഹത്തില്‍ പ്രസ്ഥാനത്തിന്റെ ശക്തമായ ഇടപെടല്‍ ഇന്ന് നല്ലൊരു ശതമാനവും സംഭവിക്കുന്നത് യുവാക്കളിലൂടെയാണ്.
വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി പ്രത്യേകം പ്രത്യേകം സംഘടനാ രൂപങ്ങള്‍ തന്നെ സംഘടന ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥി യുവജനങ്ങളുടെ ആവശ്യങ്ങളും അഭിരുചികളും ആവലാതികളും ചര്‍ച്ച ചെയ്യാനും ആവിഷ്‌കരിക്കാനും ഈ സംഘടനകള്‍ ശ്രമിക്കാറുണ്ട്. എസ്.ഐ.ഒ സംഘടിപ്പിച്ച ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്, കേരള എജുക്കേഷന്‍ കോണ്‍ഗ്രസ്, ജി.ഐ.ഒ സംഘടിപ്പിച്ച 'തര്‍ത്തീല്‍' പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മത്സരം, നാടക മത്സരം, സോളിഡാരിറ്റി സംഘടിപ്പിച്ച യൂത്ത് സ്പ്രിംഗ് തുടങ്ങിയവ ഈ ഗണത്തില്‍ ഏറെ ശ്രദ്ധേയമായ ചുവടുവെപ്പുകളായിരുന്നു.
സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ സാധ്യതകള്‍ അതിന്റെ പൂര്‍ണതയില്‍ തന്നെ അവള്‍ക്ക് ലഭ്യമാക്കുക എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ പ്രവര്‍ത്തന അജണ്ടയാണ്. എന്നാല്‍ സമൂഹം സ്വയം പടച്ചുണ്ടാക്കിയ പല അബദ്ധധാരണകളും തെറ്റായ കാഴ്ചപ്പാടുകളും ഇതിന് വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീവിരുദ്ധ നിലപാടുകളുള്ള പുരോഹിതര്‍ മുസ്‌ലിം സ്ത്രീയുടെ അസ്തിത്വവും ശേഷിയും അംഗീകരിക്കാന്‍ തയാറല്ല. സ്ത്രീ വിരുദ്ധമായ പലതരം കാഴ്ചപ്പാടുകളും സംസ്‌കാരവും നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ അംശങ്ങളും സ്വാധീനവും മുസ്‌ലിം സമുദായത്തിലും പ്രകടമാണ്.
സ്ത്രീയുടെ യഥാര്‍ഥ സ്ഥാനവും മഹത്വവും സമുദായത്തെ ബോധ്യപ്പെടുത്താന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചുപോന്നിട്ടുണ്ട്. കുടുംബത്തിനകത്തും സമൂഹത്തിലും ആദരവും പരിഗണനയുമര്‍ഹിക്കുന്ന അസ്തിത്വമാക്കി സ്ത്രീകളെ ഉയര്‍ത്താനും വളര്‍ത്താനും അതുവഴി സാധിച്ചു. വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനം, മതപ്രവര്‍ത്തനം, ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനും അവരെ വളര്‍ത്തിയെടുക്കാനും ജമാഅത്ത് കഠിന യത്‌നം നടത്തുകയുണ്ടായി. രൂക്ഷമായ എതിര്‍പ്പുകളെയും ചെറുത്തുനില്‍പുകളെയും സാഹസികമായി തരണം ചെയ്തുകൊണ്ടു തന്നെയാണ് ഇത് സാധ്യമാക്കിയത്. കേരളീയ മുസ്‌ലിംസ്ത്രീ സമൂഹത്തിന്റെ വളര്‍ച്ച ഇന്നത്തെ അനിഷേധ്യമായ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. അതിനെ പൂര്‍ണമായും തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും സംഘടന ശ്രമിക്കുന്നുണ്ട്.
സംഘടനയുടെ ഉയര്‍ന്നതലങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് മതിയായ ഇടം നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഉന്നത നയ
രൂപീകരണ സമിതി (മജ്‌ലിസെ നുമാഇന്ദഗാന്‍) മുതല്‍ പ്രാദേശിക പ്രവര്‍ത്തന രംഗത്ത് വരെ ശക്തമായ സ്ത്രീ സാന്നിധ്യമുണ്ട്. വിദ്യാര്‍ഥിനികള്‍ക്ക് ജി.ഐ.ഒ(ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)യും സ്ത്രീകള്‍ക്ക് പൊതുവായി ജമാഅത്തെ വനിതാ വിഭാഗവും പ്രവര്‍ത്തനരംഗത്ത് ഇന്ന് സജീവമാണ്. സാമൂഹിക-മത-സാംസ്‌കാരിക വിഷയങ്ങളില്‍ അതുവഴി അവര്‍ക്ക് ഇടപെടാന്‍ കഴിയുന്നു. ഇസ്‌ലാമികമായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാന്‍ ഇതവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇന്നിപ്പോള്‍ കേരളത്തില്‍ വനിതകള്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും അവര്‍ തന്നെ പുറത്തിറക്കുകയും ചെയ്യുന്ന വനിതാ പ്രസിദ്ധീകരണമാണ് ആരാമം മാസിക. മുസ്‌ലിം സ്ത്രീ മുന്നേറ്റ വഴിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വലിയൊരു സവിശേഷതയാണിത്. അഥവാ പ്രായോഗികമായ ചുവടുവെപ്പുകളിലൂടെയാണ് മുസ്‌ലിം സ്ത്രീയെ ഉള്‍ക്കൊള്ളാനും മുന്നോട്ട് നയിക്കാനും ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്.
Comments