Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

രാഷ്ട്രീയ ഇസ്്‌ലാം ഖുര്‍ആനിലില്ലേ?

റബീഹ് ചീക്കിലോട്‌

 ബീഹ് ചീക്കിലോട്''ഖുര്‍ആനില്‍ എവിടെയും രാഷ്ട്രീയ ഇസ്‌ലാമിന്റെ സൂചന പോലും കാണാനാവില്ല. രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിക്കാനുള്ള ഒരു വിധിയും ഖുര്‍ആനില്‍ ഇല്ലതന്നെ. പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഖുര്‍ആന്‍ വചനങ്ങളുടെ പഠനം, മനുഷ്യന്റെ ആത്മ വിശുദ്ധീകരണം, വിജ്ഞാനമുണ്ടാക്കല്‍ എന്നിവയാണെന്ന് ഖുര്‍ആന്‍ ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ നമ്മെ ഉണര്‍ത്തുന്നു. ഈ വാക്യങ്ങളിലൊന്നും പ്രവാചകന്റെ ദൗത്യം ലോകത്ത് ഇസ്‌ലാമിന്റെ ഭരണം സ്ഥാപിക്കുകയാണെന്ന് പറയുന്നില്ല. തങ്ങളുടെ ലക്ഷ്യത്തിനു ഉപോല്‍ബലകമായി രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കള്‍ ഹാജരാക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങളുണ്ട്. അവരുടെ അനവധാനതയും വക്രീകരണവും തിരിച്ചറിയാന്‍ ഇവ സഹായിക്കും. ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം മതത്തിന്റെ ഉന്നത ലക്ഷ്യങ്ങളെ അധഃകരിക്കുന്ന ഒരു നികൃഷ്ട വൃത്തി മാത്രമാണ്.'''ജമാഅത്തെ ഇസ്‌ലാമി അകവും പുറവും' എന്ന പുസ്തകത്തില്‍ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് മുകളില്‍ കൊടുത്തത്. മുജീബിന്റെ പ്രതികരണം?
         രാഷ്ട്രീയ ഇസ്‌ലാം എന്ന പദപ്രയോഗം തന്നെ കുത്സിതവും തെറ്റിദ്ധാരണാ ജനകവുമാണ്. സ്വകാര്യ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ധാര്‍മിക വ്യവസ്ഥകളും അധ്യാപനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്നിരിക്കെ രാഷ്ട്രീയ ഇസ്‌ലാം എന്ന പ്രത്യേകമായ ഒന്നുണ്ടായതെങ്ങനെ? അങ്ങനെയെങ്കില്‍ സ്വകാര്യ ഇസ്‌ലാം, സാമൂഹിക ഇസ്‌ലാം, സാമ്പത്തിക ഇസ്‌ലാം, ആത്മീയ ഇസ്‌ലാം എന്നിങ്ങനെ വേറെയും ഇസ്‌ലാമുകള്‍ വേണ്ടതല്ലേ? ആനയെ തൊട്ട കുരുടന്മാരെപ്പോലെ ഓരോരുത്തര്‍ക്കും തൊടാന്‍ കഴിഞ്ഞ ഭാഗം മാത്രമാണോ ആന? രാഷ്ട്രീയവും ഭരണവും ഒഴിച്ചുനിര്‍ത്തിയ, ആത്മീയത മാത്രം കൈയാളുന്ന കേവല മതമാണിസ്‌ലാം എന്ന വാദത്തിന് വിശുദ്ധ ഖുര്‍ആനില്‍ തെളിവുകളുണ്ടോ?'അധികാരം അല്ലാഹുവിനു മാത്രം' (6:57), 'അല്ലാഹു അവതരിപ്പിച്ചതനുസരിച്ചല്ലാതെ ആരെങ്കിലും വിധി കല്‍പിച്ചാല്‍ അവരത്രെ അക്രമികള്‍' (5:45) 'തങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ നിന്നെ-പ്രവാചകനെ- വിധികര്‍ത്താവായി സ്വീകരിക്കുകയും പിന്നെ നിന്റെ വിധിയില്‍ മനസ്സില്‍ പോലും വിമ്മിട്ടം തോന്നാതിരിക്കുകയും ചെയ്യുവോളം അവര്‍ വിശ്വാസികളാവുകയില്ല' (4:65), 'വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകനും വിടുക' (4:59), 'നിങ്ങളില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവര്‍ക്ക് ഭൂമിയില്‍ ഖിലാഫത്ത് നല്‍കുക തന്നെ ചെയ്യുമെന്ന്, അവര്‍ക്ക് മുമ്പുള്ളവര്‍ക്ക് ഖിലാഫത്ത് നല്‍കിയ പോലെ' (24:55), 'ഭൂമിയില്‍ ബലഹീനരാക്കപ്പെട്ടവരുടെ മേല്‍ അനുഗ്രഹം ചൊരിയാനും അവരെ നേതാക്കളും അധികാരം അനന്തരമെടുക്കുന്നവരുമാക്കാനുമാണ് നാമുദ്ദേശിക്കുന്നത്' (28:5),  'ഓ ദാവൂദ്, നിന്നെ നാം നാട്ടില്‍ ഖലീഫയായി നിയമിച്ചിരിക്കുന്നു, അതിനാല്‍ നീ ജനങ്ങള്‍ക്കിടയില്‍ സത്യമനുസരിച്ച് വിധി കല്‍പിക്കുക, ദേഹേഛയെ പിന്തുടരരുത്' (38:26), 'നീ പ്രാര്‍ഥിക്കുക. നാഥാ, നിന്റെ പക്കല്‍ നിന്ന് സഹായകമായ ഒരധികാരശക്തി നീ എനിക്ക് ഏര്‍പ്പെടുത്തിത്തരേണമേ (17:80) തുടങ്ങി രാഷ്ട്രീയാധികാരത്തെക്കുറിച്ച പൊതുവായ സൂക്തങ്ങള്‍ നിരവധിയുണ്ട് ഖുര്‍ആനില്‍. അധികാരം കിട്ടിയാല്‍ മാത്രം നടപ്പാക്കാന്‍ കഴിയുന്ന വ്യഭിചാരം, മോഷണം, അരാജകത്വം പോലുള്ള കുറ്റകൃത്യങ്ങളുടെ ശിക്ഷാവിധികളുമുണ്ട്. സര്‍വോപരി ഭൂമിയില്‍ നീതി സംസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന അധ്യാപനങ്ങള്‍ വേറെയുമുണ്ട്. നന്മ സ്ഥാപിക്കുകയും തിന്മ തടയുകയും ചെയ്യുകയാണ് മുസ്‌ലിം സമൂഹത്തിന്റെ ദൗത്യം എന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു. ഇതൊക്കെ ആത്മവിശുദ്ധീകരണത്തിനും വിജ്ഞാനമുണ്ടാക്കലിനുമുള്ള അധ്യാപനങ്ങളെന്ന് വ്യാഖ്യാനിക്കണമെങ്കില്‍ അസാമാന്യമായ വക്രബുദ്ധി വേണം.ലോകത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം എന്ന് മൗദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ല. ദീനിന്റെ സംസ്ഥാപനമായിരുന്നു പ്രവാചക ദൗത്യമെന്ന് പറഞ്ഞിട്ടുണ്ട് (ശൂറാ 13). എല്ലാം ഓരോ സമൂഹത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; അല്ലാഹുവിന് മാത്രം വഴിപ്പെടുവിന്‍, ദൈവേതര ശക്തികളെ മുഴുവന്‍ വെടിയുവിന്‍ എന്ന സന്ദേശവുമായി(16:36) എന്ന ഖുര്‍ആന്‍ വചനം അല്ലാഹുവല്ലാത്ത മുഴുവന്‍ ശക്തികളെയും നിരാകരിച്ച് ദൈവാധിപത്യം മാത്രം അംഗീകരിക്കണമെന്നതിന്റെ പ്രത്യക്ഷാഹ്വാനമാണ്. അതാണ് താനും പ്രവാചക ദൗത്യം. ദീനും ശരീഅത്തും വേറെയല്ലെന്നും ശരീഅത്ത് യഥാവിധി നടപ്പാക്കാന്‍ ഭരണാധികാരം അനുപേക്ഷ്യമാണെന്നുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പറഞ്ഞത്. ശരീഅത്ത് ദീനിന്റെ ഭാഗമേയല്ലെന്ന വാദമായിരുന്നു വഹീദുദ്ദീന്‍ ഖാന്.

ഗുജറാത്തിന് വേണ്ടി ജമാഅത്തെ ഇസ്‌ലാമി എന്താണ് ചെയ്തത്

 മുഹമ്മദ് അനസ് അബൂദബി''മോഡി വംശഹത്യക്ക് നേതൃത്വം നല്‍കിയ ഗുജറാത്തില്‍ തന്നെയാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഞ്ച് സ്‌കൂളുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകള്‍. പേര് കേട്ടാല്‍ ഇപ്പോഴും പേടിയാകുന്ന ഗുജറാത്തില്‍ എന്ന ആമുഖത്തോടെയാണ് കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ ഉസ്താദ് തന്നെ ആ സ്‌കൂളുകളെ പരിചയപ്പെടുത്തിയത്. മലയാളത്തില്‍ ഒരു പത്രവും ചാനലും നടത്തുക എന്ന ഒരേയൊരു അജണ്ട മാത്രമുള്ള മുസ്‌ലിം സംഘടനക്ക്, നരേന്ദ്ര മോഡി എന്ന കുറ്റവാളിയായ മുഖ്യമന്ത്രിക്ക് പകരം മതേതരവാദിയായ മറ്റൊരാള്‍ മുഖ്യമന്ത്രിയാകുന്നത് വരെ ഗുജറാത്തിലെ മുസ്‌ലിം കുട്ടികള്‍ സ്‌കൂളില്‍ പോകണ്ട, അതുവരെയും ഫാഷിസത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പത്രമാധ്യമങ്ങള്‍ക്ക് വാര്‍ത്തയും ദൃശ്യവുമായി നിന്ന് കൊള്ളണം എന്നൊക്കെ പറയാം. സുന്നി സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന പരിധി ചേന്ദമംഗല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അല്ലാത്തതിനാല്‍ സുന്നികള്‍ക്ക് അങ്ങനെ പറയാന്‍ സൗകര്യമില്ല'' (ജൈവിക ബുദ്ധിജീവികളുടെ ജനിതക പ്രശ്‌നങ്ങള്‍, പി.എം ശംസുദ്ദീന്‍, സിറാജ് 31-10-2013). പ്രതികരണം?
 മുഹമ്മദ് അനസ് അബൂദബി

              സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച മുസ്‌ലിം സംഗമത്തില്‍ മുഖ്യാതിഥിയായി കൊണ്ടുവന്ന ഖുത്വ്ബുദ്ദീന്‍ അന്‍സാരി മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം- അദ്ദേഹത്തിനു വേണ്ടി ദ്വിഭാഷി- പറഞ്ഞ ചില കാര്യങ്ങള്‍ മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ മുസ്‌ലിംകള്‍ നരേന്ദ്ര മോഡിയെ ആണല്ലോ പിന്തുണക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി: സമ്പന്നരായ ശീഈകള്‍-സോറമാര്‍- ആണ് മോഡിയെ പിന്തുണക്കുന്നത്, അവരുടെ കുട്ടികള്‍ കാന്തപുരം നടത്തുന്ന സ്‌കൂളുകളിലാണ് പഠിക്കുന്നത് എന്നാണ്. ഇതിലപ്പുറമൊന്നും പ്രസ്തുത വാര്‍ത്തയിലില്ല. പക്ഷേ, കാന്തപുരം സുന്നികള്‍ പ്രകോപിതരാവാന്‍ അത് മതിയായി. അവര്‍ ഫാഷിസ്റ്റ് നരേന്ദ്ര മോഡിയെ എതിര്‍ക്കാതിരിക്കാന്‍ കാരണം സ്‌കൂളുകള്‍ നടത്താന്‍ അദ്ദേഹം അനുമതി നല്‍കിയതിനാലാണെന്ന് ജനങ്ങള്‍ ധരിച്ചുവശായാലോ! ഇതിലുള്ള രോഷവും പ്രതികരണവുമാണ് ചോദ്യത്തില്‍ ഉദ്ധരിച്ച വരികള്‍.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന തീവ്രശ്രമത്തോട് ഈ രാജ്യത്തെ ഏതാണ്ടെല്ലാ മതേതര പാര്‍ട്ടികള്‍ക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്.  അവരത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ മേധാവി കാന്തപുരം മാത്രം ഉരുണ്ട് കളിക്കുന്നു. കാരണം ദുരൂഹമാണ്. എന്തായാലും അദ്ദേഹം കേരളത്തിലെന്ന പോലെ ഗുജറാത്തിലും സ്‌കൂള്‍ നടത്തുന്നതിനോട് ജമാഅത്തെ ഇസ്‌ലാമിക്കെതിര്‍പ്പില്ല. അതേസമയം ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി വല്ലതും ചെയ്യുന്നത് അദ്ദേഹമാണ് എന്നു മാത്രം ദയവായി തട്ടിമൂളിക്കരുത്. 2002-ലെ ഭീകരവംശഹത്യ ആയിരക്കണക്കില്‍ നിരപരാധികളുടെ ജീവന്‍ അപഹരിച്ചതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ ഇരകളുടെ കണ്ണീരൊപ്പാനും അവരെ പുനരധിവസിപ്പിക്കാനും രംഗത്തുണ്ടായത് ജമാഅത്തെ ഇസ്‌ലാമിയാണ്. അന്നത്തെ ഗുജറാത്ത് അമീര്‍ മുഹമ്മദ് ശഫീ മദനി രൂപം നല്‍കിയ ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി 25 കോടിയോളം രൂപ സമാഹരിച്ച് നൂറുക്കണക്കില്‍ വീടുകളും കിണറുകളും മസ്ജിദുകളും സ്‌കൂളുകളും ക്ലിനിക്കുകളും നിര്‍മിച്ചുകൊടുത്തു. കേസുകള്‍ നടത്താന്‍ പ്രത്യേക സമിതിയുണ്ടാക്കി. ഇപ്പോഴത്തെ ഗുജറാത്ത് അമീര്‍ ഡോ. ശകീല്‍ അഹ്മദാണ് അതിന് നേതൃത്വം നല്‍കിയത്. തല്‍ഫലമായി ഇരകള്‍ക്ക് നഷ്ടപരിഹാരവും അക്രമികള്‍ക്ക് ശിക്ഷയും ലഭിക്കാന്‍ വഴിയൊരുക്കി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി എന്നു പറയാം, വര്‍ഗീയ കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളും സ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചു നല്‍കേണ്ടത് ബന്ധപ്പെട്ട സര്‍ക്കാറുകളുടെ ചുമതലയാണെന്ന സുപ്രീം കോടതി വിധി നേടിയെടുത്തത് ഈ നിയമസഹായ സമിതിയാണ്. മലയാളത്തിലെ പത്രവും ചാനലും മാത്രമേ എ.പി അബൂബക്കര്‍ മുസ്‌ലിയാരും തിരുകേശ സംഘവും കണ്ടുള്ളുവെങ്കില്‍ അതവരുടെ കണ്ണിന്റെ കുഴപ്പമാണ്, അടിയന്തരമായി ചികിത്സ തേടണം.

വര്‍ഗീയ കലാപം പുനരധിവാസമല്ലാതെ മറ്റൊരജണ്ടയുമില്ലേ

 ടി. റിയാസ് ഖത്തര്‍ഇന്ത്യയില്‍ എവിടെ കലാപം ഉണ്ടായാലും കേരളത്തില്‍ പിരിവ് നടത്തുകയും കലാപബാധിതരെ സഹായിക്കുകയും ചെയ്യാറുണ്ടല്ലോ ജമാഅത്തെ ഇസ്‌ലാമി. കലാപം നടന്ന സ്ഥലങ്ങളില്‍ ഇടപെട്ട് പ്രോ ആക്ടീവ് ആയി കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍  ഒന്നും ചെയ്യുന്നില്ല. മുസഫര്‍ നഗര്‍ കലാപം, ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. മറിച്ച് ഘട്ടം ഘട്ടമായി രൂപപ്പെടുത്തിയതാണ്. കലാപം രൂപപ്പെടുന്ന ഈ ഓരോ സന്ദര്‍ഭങ്ങളിലും യു.പി ഘടകവും കേന്ദ്ര ജമാഅത്തും എന്തുചെയ്യുകയായിരുന്നു?
ടി. റിയാസ് ഖത്തര്‍

  
               ലാപങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഒന്നാമതായി വേണ്ടത് സാമുദായിക സൗഹാര്‍ദവും മതമൈത്രിയും ശക്തിപ്പെടുത്താനുതകുന്ന പ്രബോധന, പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ എല്ലാ സമുദായക്കാരെയും സംബന്ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കുകയുമാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാവും. എന്നാല്‍, സൃഷ്ടിപരമായ ഇത്തരം സംരംഭങ്ങള്‍ക്ക് കത്തിവെക്കുകയാണ് രാജ്യത്തെ തീവ്ര മതേതരത്വ ലോബി ചെയ്യുന്നത്. ജമാഅത്തിനെ സംബന്ധിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമായ അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ഭൂരിപക്ഷ മനസ്സുകളില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കുകയാണ് അവര്‍ ചെയ്യുന്ന സേവനം. ഇതിനെ മറികടക്കാന്‍ ജമാഅത്തിന് സാരമായ പരിമിതികളുണ്ട്. ഒപ്പം, സാമൂഹികാന്തരീക്ഷം ശാന്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാറുകളോ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സമുദായങ്ങളെ അകറ്റാനും ശ്രമിക്കുന്നു. കലാപങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടവര്‍ അത് പടര്‍ന്നാളിക്കത്താന്‍ കരുക്കള്‍ നീക്കുന്നു. വര്‍ഗീയ കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച കമീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പോലും സര്‍ക്കാറുകള്‍ ഒരു വിലയും കല്‍പിക്കുന്നില്ല. കുറ്റവാളികളെ പിടികൂടി നീതിപീഠങ്ങള്‍ക്ക് മുമ്പാകെ കൊണ്ടുവരുന്നതില്‍ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. ഇതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള ഒരു സംഘടനക്ക് എന്തു ചെയ്യാനാവും?എന്നാലും കലാപാന്തരീക്ഷം തണുപ്പിക്കാനും ആവര്‍ത്തിക്കാതിരിക്കാനും സാധ്യമായത് ചെയ്യുന്നുണ്ട്. ഇരകളുടെ പുനരധിവാസം പ്രാഥമിക മാനവിക ചുമതലയായി മനസ്സിലാക്കി രംഗത്തിറങ്ങുന്നത് ഒരു കുറ്റമായി കാണാന്‍ മാത്രം നാം മരവിച്ചുപോവരുത്. ആയുധ പരിശീലനം നല്‍കി യുവാക്കളെ പ്രതിരോധ സന്നദ്ധരാക്കുന്ന ജോലിയാകട്ടെ ആപത്കരമായ വര്‍ഗീയ ധ്രുവീകരണത്തിനും ആഭ്യന്തര സംഘര്‍ഷത്തിനും വഴിവെക്കുമെന്നാണ് ജമാഅത്തിന്റെ ദൃഢമായ വിശ്വാസവും നിലപാടും.





Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍