ജസ്റ്റിസ് എം. ഫാത്വിമാ ബീവി നീതിവഴിയിലെ വിജയക്കുതിപ്പ്
മലമടക്കുകളുടെ പട്ടണം എന്നറിയപ്പെടുന്ന പത്തനംതിട്ടയില്‍നിന്ന്, ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ന്യായാധിപ സ്ഥാനത്തേക്കു നടന്നുകയറിയ വ്യക്തിത്വമാണ് ജസ്റ്റിസ് എം. ഫാത്വിമാബീവി. പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ മറികടന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഫാത്വിമ ബീവി പഠന രംഗങ്ങളിലെല്ലാം മികച്ച നിലവാരം പുലര്‍ത്തുകയുണ്ടായി. നിയമ ബിരുദം നേടിയ അവര്‍ അഭിഭാഷക ജീവിതം ആരംഭിച്ചത് മതയാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടാണ്. തിരുവിതാംകൂറില്‍നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്‌ലിം പെണ്‍കുട്ടി, ആദ്യ മുസ്‌ലിം വനിതാ ഹൈക്കോടതി ജഡ്ജ്, ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ മെമ്പറായ ആദ്യവനിത, രാജ്യത്തെ ഒന്നാമത്തെ മുസ്‌ലിം വനിതാ ജഡ്ജ്, സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ്, ലോകത്തിലെ ആദ്യത്തെ സുപ്രീംകോടതി മുസ്‌ലിം വനിതാ ന്യായാധിപ തുടങ്ങിയ സവിശേഷതകളുടെ ഉടമയാണ് ജസ്റ്റിസ് ഫാത്വിമാബീവി. 1997-ല്‍ തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ, തമിഴ്‌നാട്ടിലെ ആദ്യ വനിതാ ഗവര്‍ണറും ഈ സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യ മുസ്‌ലിം സ്ത്രീയുമായി ഫാത്വിമാബീവി. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന മുസ്‌ലിം പെണ്‍കുട്ടിയാണ് ഈ പദവികളിലേക്കെല്ലാം ഉയര്‍ന്നതെന്ന കാര്യം ചരിത്ര പ്രാധാന്യമുള്ളതാണ്.
കുടുംബം, പഠനം
ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍, വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിംകള്‍ ഏറെ പിന്നാക്കം നിന്നിരുന്ന കാലത്താണ് ഫാത്വിമാബീവി പിറന്നത്. പത്തനംതിട്ട പുതിയ ബസ്സ്റ്റാന്റിന് സമീപം അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജബീവിയുടെയും എട്ടുമക്കളില്‍ ഒന്നാമത്തവളായി 1927 ഏപ്രില്‍ 30 നാണ് ഫാത്വിമാബീവിയുടെ ജനനം. തമിഴ് വേരുള്ള ഈ റാവുത്തര്‍ കുടുംബം, പ്രദേശത്തെ പുരാതന മുസ്‌ലിം തറവാടാണ്. മുസ്‌ലിം സമുദായം പൊതുവെ സ്‌കൂള്‍ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞുനിന്ന കാലമായിരുന്നു അത്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ ക്ലര്‍ക്കായിരുന്ന പിതാവ് മീരാസാഹിബ് മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കണമെന്ന ദൃഢനിശ്ചയക്കാരനായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം, സമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ വകവെക്കാതെ ഫാത്വിമാബീവിയെ സ്‌കൂളില്‍ അയക്കാന്‍ തീരുമാനിച്ചു.
ചിത്തിരത്തിരുനാള്‍ ഭരിച്ചിരുന്ന കാലത്ത് ദിവാനായിരുന്ന മുഹമ്മദ് ഹബീബുല്ല മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാനായി സ്വീകരിച്ച നടപടികള്‍ അവര്‍ക്ക് വലിയ സഹായമായി. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ ഫീസിളവു നല്‍കിയ മുഹമ്മദ് ഹബീബുല്ല, മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേകം സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തുകയുണ്ടായി. തിരുവിതാംകൂറില്‍ ഒരു ഘട്ടത്തില്‍ ധാരാളം മുസ്‌ലിം സ്ത്രീകള്‍ വിദ്യാസമ്പന്നരായി വളര്‍ന്നുവരാന്‍ ഇതു കാരണമായിട്ടുണ്ട്. അവരിലൊരാളാണ് ഫാത്വിമാബീവി.
വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തില്‍നിന്ന് എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ഫാത്വിമാബീവി, പത്തനംതിട്ട കത്തോലിക്കറ്റ് ഹൈസ്‌കൂളില്‍നിന്ന് ഇ.എസ്.എല്‍.സി പാസായി. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ അവര്‍ കലാ-കായിക മത്സരങ്ങളിലും സമ്മാനങ്ങള്‍ നേടിയിരുന്നു.
തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോടെ കലാ-കായിക മേഖലകള്‍ വിട്ട ഫാത്വിമാബീവിയുടെ ശ്രദ്ധ പഠനത്തില്‍ മാത്രമായി. അവിടെ നിന്ന് ബി.എസ്.സി കെമിസ്ട്രി (1943-47) റാങ്കോടെ പാസായി. അവിടെത്തന്നെ എം.എസ്.സി കെമിസ്ട്രിക്ക് പഠിക്കണമെന്നായിരുന്നു ഫാത്വിമാബീവിയുടെ ആഗ്രഹം. പക്ഷേ പിതാവ് മീരാസാഹിബ് അവരെ നിയമപഠനത്തിന് പ്രേരിപ്പിച്ചു. ഇത് ഫാത്വിമാബീവിയുടെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. ഒരു അധ്യാപികയായി ഒതുങ്ങിപ്പോകുമായിരുന്ന അവരെ പ്രശസ്തയായ ന്യായാധിപയാക്കി മാറ്റിയത് മീരാസാഹിബിന്റെ തീരുമാനമാണ്. നിയമ ബിരുദമെടുത്ത മുസ്‌ലിം സ്ത്രീകളൊന്നും അന്ന് തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം ലോ കോളേജിലായിരുന്നു ഫാത്വിമാബീവിയുടെ നിയമപഠനം. കൊടുങ്ങല്ലൂരിലെ മണപ്പാട്ട് കുടുംബാംഗങ്ങളായ ഫാത്വിമാബീവി-ആമിന സഹോദരിമാരും തിരുവിതാംകൂറിലെ അസ്മാബീവിയും ലോ കോളേജില്‍ വിദ്യാര്‍ഥികളായി ഉണ്ടായിരുന്നു. അസ്മാബീവിയും ആമിനയും ഇടക്കുവെച്ച് പഠനം നിര്‍ത്തുകയാണുണ്ടായത്. 1949-ല്‍, തിരുവനന്തപുരം ലോകോളേജിലെ അവസാന ബാച്ചുകാരിയായി പഠനം പൂര്‍ത്തിയാക്കിയ ഫാത്വിമാബീവി, ബാര്‍ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ അപ്രന്റീസ് കോഴ്‌സ് ഒന്നാം റാങ്കോടെയാണ് പാസായത്. തിരുവിതാംകൂര്‍ ബാര്‍ കൗണ്‍സില്‍ അന്നവര്‍ക്ക് സ്വര്‍ണപ്പതക്കം സമ്മാനിക്കുകയുണ്ടായി.
ഔദ്യോഗിക ജീവിതം
1950 നവംബര്‍ 14 നാണ് ഫാത്വിമാബീവി അഭിഭാഷക ജീവിതമാരംഭിക്കുന്നത്. തിരു-കൊച്ചി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി. കുഞ്ഞുരാമന്‍ മുമ്പാകെയായിരുന്നു എന്റോള്‍മെന്റ്. തുടര്‍ന്ന് കൊല്ലം കോടതിയില്‍ അഡ്വ. ഭാസ്‌കരന്‍ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ഒരു മുസ്‌ലിം സ്ത്രീ ഗൗണ്‍ അണിഞ്ഞ് കോടതിയില്‍ പോകുന്നതും പുരുഷന്മാരോടൊപ്പം വാദിക്കുന്നതുമൊക്കെ അന്ന് വലിയ സംഭവമായിരുന്നു. ചില കോണുകളില്‍നിന്ന് തനിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നുവെന്ന് ഫാത്വിമാബീവി പിന്നീട് പി.ടി.ഐക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി (The Hindu daily 8-10-1989). ചേരൂര്‍ സി.പി പരമേശ്വരന്‍ പിള്ളയുടെ കീഴില്‍ ഹൈക്കോടതിയിലും കുറച്ച് കാലം പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
1955-ല്‍ മജിസ്‌ട്രേറ്റ് സെലക്ഷന്‍ വന്നപ്പോള്‍ അപേക്ഷ അയക്കാന്‍ പലരും ഫാത്വിമാബീവിയെ പ്രേരിപ്പിച്ചെങ്കിലും അവര്‍ തയാറായില്ല. ഐക്യകേരളം രൂപം കൊണ്ട ശേഷം, 1958-ല്‍ മുന്‍സിഫ് സെലക്ഷന്‍ ആദ്യമായി മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയപ്പോള്‍ ഫാത്വിമാബീവി പരീക്ഷ എഴുതി യോഗ്യത നേടി. 1958 മെയില്‍ തൃശൂര്‍ മുന്‍സിഫായി അവര്‍ നിയമിതയായി. അങ്ങനെ, മുസ്‌ലിം സമുദായത്തിലെ ആദ്യത്തെ ജുഡീഷ്യല്‍ ഓഫീസറായി ഫാത്വിമാബീവി. തുടര്‍ന്ന് തിരുവനന്തപുരം, കരുനാഗപ്പള്ളി, മാവേലിക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ മുന്‍സിഫും മുന്‍സിഫ് മജിസ്‌ട്രേറ്റുമായി അവര്‍ സേവനമനുഷ്ഠിച്ചു.
1968 ലാണ് ഫാത്വിമാബീവി കോട്ടയത്ത് സ്ബ്ജഡ്ജിയായി നിയമിതയായത്. പിന്നീട്, എറണാകുളത്തും സബ്ജഡ്ജിയായി. 1972-ല്‍ കോട്ടയത്തും പിന്നീട് പാലക്കാട്ടും ജില്ലാ മജിസ്‌ട്രേറ്റായി പ്രവര്‍ത്തിച്ചു. 1973-ല്‍ ഈ പദവി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. 1974-ല്‍ തിരുവനന്തപുരത്ത് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. കേന്ദ്ര ആദായ നികുതി അപ്പലെറ്റ് ട്രിബ്യൂണലില്‍, ജുഡീഷ്യല്‍ അംഗമായി ഫാത്വിമാബീവി നിയമിതയായത് 1980 ജനുവരിയിലാണ്. ദല്‍ഹിയിലായിരുന്നു നിയമനം. അതോടെ, ട്രിബ്യൂണലിലെ ആദ്യ വനിതാ അംഗം എന്ന സ്ഥാനം ഫാത്വിമാബീവിക്ക് സ്വന്തമായി. പിന്നീട് എറണാകുളത്തും ഇതേ ഉത്തരവാദിത്തം നിര്‍വഹിച്ചു.
ഹൈക്കോടതി ജഡ്ജ്
1983 മെയ് 14 നാണ് ജസ്റ്റിസ് ഫാത്വിമാബീവി കേരള ഹൈക്കോടതിയിലെ താല്‍ക്കാലിക ജഡ്ജായി നിയമിക്കപ്പെട്ടത്. അധികം വൈകാതെ, അതേവര്‍ഷം ആഗസ്റ്റ് 4 ന് തന്നെ അവര്‍ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി. പിതാവിന്റെ സ്വപ്നം ഇതോടെ പൂവണിയുകയായിരുന്നുവെന്ന് പറയാം. കാരണം, ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജ് ആയിരുന്ന അന്നാചാണ്ടിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു പിതാവ് മീരാ സാഹിബ് ഫാത്വിമാബീവിയെ നിയമപഠനത്തിന് പ്രേരിപ്പിച്ചത്. അതേ അന്നാചാണ്ടിയുടെ പിന്മുറക്കാരിയായി ഫാത്വിമാബീവി ഹൈക്കോടതിയിലെത്തുകയും ചെയ്തു. അന്നാചാണ്ടിക്കും പി. ജാനകിയമ്മക്കും ശേഷം ഹൈക്കോടതി ജഡ്ജിയായ മൂന്നാമത്തെ സ്ത്രീയാണ് ഫാത്വിമാബീവി. ഈ പദവിയിലെത്തുന്ന ആദ്യത്തെ മുസ്‌ലിം സ്ത്രീയും. ഫാത്വിമാബീവിക്കു ശേഷം ഇന്നോളം ഒരു മുസ്‌ലിം സ്ത്രീ ആ പദവിയില്‍ എത്തിയിട്ടില്ല.
ഹൈക്കോടതി ജഡ്ജായി സ്ഥാനമേറ്റെടുത്ത ഉടന്‍ കോടതിയില്‍ ഫാത്വിമാബീവി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. പുതിയ ജഡ്ജിമാര്‍ക്ക് നല്‍കുന്ന വരവേല്‍പ്പ് ചടങ്ങില്‍ ന്യായാധിപര്‍ പൊതുവെ എഴുതിത്തയാറാക്കിയ പ്രസംഗമാണ് നടത്താറുള്ളത്. 1983 ആഗസ്റ്റ് നാലിന് സത്യപ്രതിജ്ഞക്ക് ശേഷം ഫാത്വിമാബീവി ഹൈക്കോടതിയില്‍ നടത്തിയതാകട്ടെ എഴുതിത്തയാറാക്കാത്ത പ്രസംഗവും. അതിനുമുമ്പോ ശേഷമോ ആരും അത്തരമൊരു പ്രസംഗത്തിന് ധൈര്യം കാണിച്ചിട്ടില്ലത്രെ. ഹൈക്കോടതിയിലെ 20 ജഡ്ജിമാരില്‍ ഏകവനിതയായിരുന്നു ഫാത്വിമാബീവി. 1989 ഏപ്രില്‍ 29 നാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്.
സുപ്രീംകോടതിയില്‍
ജസ്റ്റിസ് ഫാത്വിമാബീവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു സുപ്രീംകോടതി ജഡ്ജ് പദവി. ഒരു സാധാരണ അഭിഭാഷകയില്‍ തുടങ്ങി, നീതിനിര്‍വഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുവന്ന്, പ്രതിഭ തെളിയിച്ചാണ് ഫാത്വിമാബീവി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതീപീഠത്തിലെ ആദ്യ വനിതാ ജഡ്ജ് എന്ന ബഹുമതി സ്വന്തമാക്കിയത്. സ്വാതന്ത്ര്യാനന്തരം നാല് പതിറ്റാണ്ടു കഴിഞ്ഞാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ജഡ്ജിന്റെ വാതിലുകള്‍ ഒരു സ്ത്രീക്കായി തുറക്കപ്പെട്ടത്.നീതി നിര്‍വഹണം ജീവിതവ്രതമായി സ്വീകരിച്ച ഫാത്വിമാബീവിയുടെ അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു ഇത്. ''ഞാന്‍ കഠിനാധ്വാനം ചെയ്തു. മുന്‍സിഫ് മുതല്‍ ജില്ലാ ജഡ്ജും ഹൈക്കോടതി ജഡ്ജുമായി. നീതിയും നിഷ്പക്ഷതയും സത്യസന്ധതയും മുറുകെപ്പിടിച്ചു. മതവും, ആദര്‍ശ വിശ്വാസവും സ്ത്രീ-പുരുഷ വ്യത്യാസവും പരിഗണിക്കാതെയാണ് നീതി നടപ്പിലാക്കിയത്. നീതി നിര്‍വഹണരംഗം പുരുഷന്മാര്‍ക്ക് മാത്രം നീക്കിവെക്കപ്പെട്ടപോലെയാണ്. വളരെ കുറച്ചു സ്ത്രീകള്‍ മാത്രമേ ഈ മേഖലയില്‍ ഉന്നത സ്ഥാനത്ത് എത്തിയിട്ടുള്ളൂ. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുടനീളം ഇതാണ് അവസ്ഥ. അമേരിക്കയും ഇപ്പോള്‍ ഇന്ത്യയുമാണ് ഉന്നത നീതിപീഠത്തില്‍ സ്ത്രീകളെ നിയമിച്ച രണ്ടു രാഷ്ട്രങ്ങള്‍. ന്യൂനപക്ഷ സമുദായ അംഗവും സ്ത്രീയുമായ എനിക്ക് ഇത്തരമൊരു അവസരം തന്നതിന്റെ ക്രെഡിറ്റ് ഇന്ത്യക്കുണ്ട്'' സുപ്രീംകോടതി ജഡ്ജായി നിയമിതയായപ്പോള്‍ പി.ടി.എക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഫാത്വിമാബീവി പറഞ്ഞു (The Hindu, 8-10-1989).
1989 ഒക്‌ടോബര്‍ 5-നാണ് ഫാത്വിമാബീവിയെ സുപ്രീംകോടതി ജഡ്ജായി നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വിജ്ഞാപനം വരുന്നത്. 1989 ഒക്‌ടോബര്‍ 6 നു വെള്ളിയാഴ്ച അവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സി.എ വൈദ്യലിംഗം, കെ.കെ മാത്യു, വി.ആര്‍ കൃഷ്ണയ്യര്‍, വി. ബാലകൃഷ്ണ ഏറാടി, വി. ഖാലിദ്, ഡോ. കൊച്ചുതൊമ്മന്‍ എന്നിവരായിരുന്നു ഫാത്വിമാബീവിക്കു മുമ്പെ സുപ്രീംകോടതി ജഡ്ജിമാരായ മലയാളികള്‍. ഏതാണ്ട് മൂന്ന് വര്‍ഷക്കാലം നീണ്ടുനിന്ന സേവനത്തിനുശേഷം 1992 ഏപ്രില്‍ 29-ന് അവര്‍ സുപ്രീംകോടതിയില്‍ നിന്നു വിരമിച്ചു.
സ്ത്രീ സമൂഹത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ജസ്റ്റിസ് ഫാത്വിമാബീവി തല്‍പരയായിരുന്നു. സുപ്രീംകോടതി ജഡ്ജായി ചുമതലയേറ്റ ഉടന്‍ കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ ഈ വിഷയത്തിലുള്ള തന്റെ കാഴ്ചപ്പാട് അവര്‍ വിശദീകരിക്കുകയുണ്ടായി.
''എനിക്ക് ലഭിച്ച അംഗീകാരം മറ്റു സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉണ്ടാവുകയെന്നത് കെട്ടുറപ്പുള്ള ഒരു കുടുംബ ജീവിതത്തിന് അത്യാവശ്യമാണ്. ഇത് എല്ലാ മാതാപിതാക്കളെയും ബോധ്യപ്പെടുത്താന്‍ എന്റെ സ്ഥാനലബ്ധി ഉപകരിക്കും. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ പരിഗണനയാണ് നല്‍കുന്നത്. സ്ത്രീ-പുരുഷ വിവേചനം പാടില്ലാതെ കാര്യങ്ങള്‍ നടത്തണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് പ്രയോഗവല്‍ക്കരിക്കാന്‍ നീതിപീഠത്തില്‍ കൂടി തന്നാലാവുന്നത് ചെയ്യുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീതി എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് എന്റെ ലക്ഷ്യം. സ്ത്രീകള്‍ക്ക് തുല്യാവകാശവും അവസരവും ലഭ്യമാക്കാന്‍ നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് കഴിയുന്നത് ചെയ്യാനാണ് എന്റെ ശ്രമം. അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഉതകുന്നതാണ് തന്റെ സ്ഥാനലബ്ധി. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഇനി ഒരു മുസ്‌ലിം സ്ത്രീക്ക് ഇതുപോലൊരു അവസരം ലഭിക്കണമെങ്കില്‍ ഒന്നോ രണ്ടോ ദശകങ്ങള്‍ തന്നെ കഴിയേണ്ടിവരും'' (മാധ്യമം, 11-10-1989).
എന്നാല്‍, മുസ്‌ലിം വനിതാ നിയമവുമായി (Muslim Women's Protection of Rights on Divorce-Act) ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ മറികടക്കാന്‍വേണ്ടി അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി എടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു ഫാത്വിമാബീവിയെ സുപ്രീംകോടതി ജഡ്ജായി നിയമിച്ച നടപടിയെന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചശേഷം, ഏതാനും വര്‍ഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും ഫാത്വിമാബീവി പ്രവര്‍ത്തിക്കുകയുണ്ടായി.
തമിഴ്‌നാട് ഗവര്‍ണര്‍പദവിയും രാഷ്ട്രീയ വിവാദവും
ഫാത്വിമാബീവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് തമിഴ്‌നാട് ഗവര്‍ണര്‍ പദവിയിലേക്കുള്ള നിയോഗവും പിന്നീടുണ്ടായ രാഷ്ട്രീയ വിവാദവും അതേ തുടര്‍ന്നുള്ള രാജിയും. 1997-ലാണ് രണ്ട് മുന്‍ ജഡ്ജ്മാരെ ഗവര്‍ണര്‍മാരായി നിയമിച്ചത്. ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സുഖ്‌ദേവ് സിംഗ് കാംഗ് കേരളത്തിലും ജസ്റ്റിസ് ഫാത്വിമാബീവി തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാരായി. 'ഇരുവരുടെയും നിയമപരിജ്ഞാനവും അനുഭവവും ഉള്‍ക്കാഴ്ചയും അമൂല്യമായ മുതല്‍ക്കൂട്ടായിരിക്കും' എന്നാണ് തദവസരത്തില്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ പറഞ്ഞത്. 1997 ജനുവരി 25 നാണ് ഫാത്വിമാബീവി തമിഴ്‌നാട് ഗവര്‍ണറായി നിയമിക്കപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യവും ഈ നിയമനത്തിനു പിന്നിലുണ്ടായിരുന്നുവത്രെ.
ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സംഭവങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവരുടെ ഗവര്‍ണര്‍ കാലം സാക്ഷ്യം വഹിച്ചു. തമിഴ്‌നാടിന്റെ ആദ്യ വനിതാ ഗവര്‍ണറെന്ന പദവി സ്വന്തമാക്കിയ ഫാത്വിമാബീവി, ആ പദവിയിലെത്തുന്ന ആദ്യ കേരള വനിതയും മുസ്‌ലിം സ്ത്രീയുമായി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ദയാഹര്‍ജി ഫാത്വിമാബീവി നിരസിച്ചതായിരുന്നു ഒരു സംഭവം. ഭരണഘടനയുടെ 161-ാം വകുപ്പനുസരിച്ച് ഗവര്‍ണറുടെ അധികാരപരിധി ഉപയോഗിച്ച് ശിക്ഷ ഇളവു ചെയ്യാനാവശ്യപ്പെടുന്നതായിരുന്നു പ്രസ്തുത ദയാഹര്‍ജി.
1996 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് എം. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് ജയലളിതക്കെതിരെ ഗുരുതരമായ അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചു. കേസിലകപ്പെട്ട ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ 1997 മെയില്‍ ഗവര്‍ണര്‍ ഫാത്വിമാബീവി അനുമതി നല്‍കി. കേസ് മുന്നോട്ടു പോയതോടെ ജയലളിത ശിക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തപ്പെടുകയും ചെയ്തു. വിലക്കു കാരണം 2001 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതക്ക് മത്സരിക്കാനായില്ല. പക്ഷേ, ജയയുടെ എ.ഐ.എ.ഡി.എം.കെക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. പാര്‍ട്ടി എം.എല്‍.എമാര്‍ ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. നിയമസഭാംഗമല്ലാത്ത ഒരാള്‍ക്ക്, 6 മാസത്തിനകം മത്സരിച്ച് ജയിച്ചാല്‍ മതിയെന്ന നിയമമുണ്ട്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച ജയലളിതയെ എം.എല്‍.എമാരുടെ തെരഞ്ഞെടുപ്പിന്റെ കൂടി അടിസ്ഥാനത്തില്‍, ഗവര്‍ണര്‍ ഫാത്വിമാബീവി മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചു. കരുണാനിധിയും ചില രാഷ്ട്രീയ നിരീക്ഷകരും ജയയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഫാത്വിമാബീവിയുടെ നടപടിയെ വിമര്‍ശിച്ചു രംഗത്തുവന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ജയലളിത രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പ്രതികാര നടപടി തുടങ്ങി. മുന്‍ മുഖ്യമന്ത്രി കരുണാനിധിയെയും കേന്ദ്രമന്ത്രിമാരും ഡി.എം.കെ നേതാക്കളുമായ മുരശൊലി മാരന്‍, ടി.ആര്‍ ബാലു എന്നിവരെയും അറസ്റ്റു ചെയ്തു. ഇതിന് ഗവര്‍ണര്‍ ഫാത്വിമാബീവി അനുവാദം നല്‍കി. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ഛിച്ചു. ക്രമസമാധാന നിലയെ അത് ബാധിച്ചത് സ്വാഭാവികം. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ സഖ്യകക്ഷിയായിരുന്നു കരുണാനിധിയുടെ പാര്‍ട്ടി ഡി.എം.കെ. ജയലളിത എന്‍.ഡി.എയുടെ എതിര്‍പക്ഷത്തും. ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചതും കരുണാനിധിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ പോലീസ് നടപടിക്ക് ഗവര്‍ണര്‍ അനുവാദം നല്‍കിയതും സ്വാഭാവികമായും എന്‍.ഡി.എയെ ചൊടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ്, ഗവര്‍ണര്‍ ഫാത്വിമാബീവിയോട് വിശദീകരണം ആവശ്യപ്പെട്ടു. തമിഴ്‌നാട് പോലീസ് മേധാവികളോടും മറ്റും ആലോചിച്ച് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കാതെ, ഫാത്വിമാബീവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭ ശിപാര്‍ശ ചെയ്തു. പ്രസ്തുത ശിപാര്‍ശയിന്‍മേല്‍ നടപടി സ്വീകരിക്കുംമുമ്പ് ഫാത്വിമാബീവി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചുകൊണ്ട് തമിഴ്‌നാട് രാജ്ഭവന്റെ പടിയിറങ്ങി. ജയലളിതക്കെതിരെ സുപ്രീംകോടതി വിധി വരികയും ചെയ്തു. എന്നാല്‍, ഭരണഘടന അനുശാസിക്കുംവിധമാണ് താന്‍ കൈക്കൊണ്ട മുഴുവന്‍ നടപടികളുമെന്ന് ഫാത്വിമാബീവി വിശദീകരിക്കുകയുണ്ടായി. നിയമ വിദഗ്ധയായ ഫാത്വിമാബീവിക്ക് ഈ വിഷയത്തില്‍ മറ്റാരുടെയും നിയമോപദേശം തേടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍, ഭരണഘടനയും നിയമങ്ങളും മാത്രം പരിഗണിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ട ഫാത്വിമാബീവി പ്രയോഗിക രാഷ്ട്രീയത്തിന്റെ സുപ്രധാന പാഠങ്ങള്‍ പരിഗണിക്കാതെ പോയതാകാം. അധികാര രാഷ്ട്രീയത്തിന്റെയും മുന്നണി സമവാക്യങ്ങളുടെയും ചതുരംഗക്കളിയില്‍ പ്രഗത്ഭയായ ആ നിയമജ്ഞ ബലിയാടാക്കപ്പെട്ടതുമാകാം.
കുടുംബം
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ കാരണമോ മറ്റോ, വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയ ജസ്റ്റിസ് ഫാത്വിമാ ബീവിയുടെ കുടുംബം മാതാപിതാക്കളും സഹോദരങ്ങളും അവരുടെ കുട്ടികളുമടങ്ങിയതാണ്.
ഫാത്വിമാ ബീവി മാവേലിക്കരയില്‍ മുന്‍സിഫായിരുന്ന സമയത്ത്, 1967 ലാണ് പിതാവ് റിട്ട. സബ് രജിസ്ട്രാര്‍ മീരാ സാഹിബ് മരണപ്പെട്ടത്. പിന്നീട് ഉമ്മ ഖദീജാ ബീവിയുടെ സഹായവും പിന്തുണയുമാണ് ഫാത്വിമാ ബീവിക്ക് പിന്തുണയായത്. ''ഉമ്മയാണ് എന്റെ ശക്തി. എന്റെ ഔദ്യോഗിക ജീവിതത്തില്‍ മുഴവന്‍ സമയവും ഉമ്മ കൂടെ ഉണ്ടായിരുന്നു. അവരുടെ ബലിഷ്ഠമായ കരങ്ങളില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയായിരുന്നു.'' ഫാത്വിമാബീവി പറഞ്ഞിട്ടുണ്ട്.
കൃഷി വകുപ്പില്‍ അസി. ഡയറക്ടറായിരുന്ന ഹബീബ് മുഹമ്മദ്, ഡി.വൈ.എസ്.പി മൊയ്തീന്‍ സാഹിബ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് റസിയ, ഹൈസ്‌കൂള്‍ അധ്യാപിക എച്ച്. ബീവി, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസി. പ്രഫസറായിരുന്ന ഡോ. സഫിയ, കുല്‍സൂം ബീവി, മുന്‍ കേന്ദ്ര നിയമ മന്ത്രിയും ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്ന വി.എ സെയ്തുമുഹമ്മദിന്റെ പത്‌നി സാറ എന്നിവരാണ് ഫാത്വിമാ ബീവിയുടെ സഹോദരങ്ങള്‍. വി.എ സെയ്തു മുഹമ്മദിന്റെ പിന്തുണയും പ്രോത്സാഹനവും ഫാത്വിമാബീവിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്. സഹോദരിമാരോടൊപ്പം ദല്‍ഹിയിലും ദുബൈയിലുമായി വിശ്രമ ജീവിതം നയിക്കുന്ന ഫാത്വിമാബീവി ഇടക്ക് പത്തനംതിട്ടയിലെ കുടുംബ വീട്ടിലും സന്ദര്‍ശനത്തിനെത്താറുണ്ട്.
(അവസാനിച്ചു)
[email protected]
Comments